Sunday, October 7, 2007

ഏദന്‍ തോട്ടം

ദൈവം ഏദന്‍തോട്ടത്തിലേക്ക് ചെന്നു.ആദാമിന്റെയും ഹവ്വയുടേയും പേരിലുള്ള പാട്ടക്കാലാവധി
തീരുകയാണ്.പാട്ടക്കാലാവധി പുതുക്കേണ്ടതില്ലന്ന് ദൈവം തീരുമാനിച്ചിരുന്നു.ഏദന്‍തോട്ടത്തിന്റെ വാതിക്കല്‍ ചെന്നുനിന്ന് ദൈവം ആദത്തെ വിളിച്ചു.അവന്‍ വിളി കേട്ടില്ല.ദൈവം അപകടം മണത്തു.പണ്ട് താനവനെയൊന്ന് വിളിച്ചപ്പോള്‍ തുണിയില്ലാത്തതുകൊണ്ട് നാണം വരുന്നെന്ന് പറഞ്ഞ് പാത്തിരുന്നവനാണ്.
ദൈവത്തിന് എന്തോ ഒരു പന്തിക്കേട് തോന്നി.ഏദന്‍തോട്ടത്തില്‍ നിന്ന് തടിലോറികളില്‍ മരം നിറച്ച് പുറത്തേക്ക് പോകുന്നു.ദൈവം കോപം കൊണ്ട് വിറച്ചു.തന്റെ തോട്ടത്തില്‍ നിന്ന് തന്റെ അനുവാദമില്ലാതെ മരം മുറച്ചിരിക്കുന്നു.
“ആദമേ....,,,ആദം..... ###@@@@@“ദൈവം ഉറക്കെ വിളിച്ചു.
തന്റെ അംഗരക്ഷകരോടൊപ്പം സാത്താന്‍ ദൈവത്തിന്റെ മുന്നില്‍ വന്നു.
“ആദാം എവിടെ?”ദൈവം ചോദിച്ചു.
“അവരു പോയി”സാത്താന്‍ പറഞ്ഞു.
“നിന്നോടാരു പറഞ്ഞു എന്റെ തോട്ടത്തില്‍ കയറാന്‍?” ദൈവം സാത്താനോട് ചോദിച്ചു.
സാത്താന്‍ ഒരുകെട്ട് കടലാസ്സ് ദൈവത്തിന് നല്‍കി.ദൈവമത് വാങ്ങി നോക്കി.ഏദന്‍തോട്ടം സാത്താന്റെ പേരിലായിരിക്കുന്നു.ആദാം വീണ്ടും തന്നെ ചതിച്ചിരിക്കുന്നു.
“നീ എങ്ങനെ ഈ തോട്ടം വാങ്ങി.”ദൈവം സാത്താനോട് ചോദിച്ചു.
സാത്താനൊന്നുചിരിച്ചിട്ട് പറഞ്ഞു.
“എന്റെ ദൈവമേ,രണ്ടു ദിവസം കേരളത്തില്‍ പോയിനിന്നാല്‍ ഏതു തോട്ടവും വാങ്ങാനുള്ള വിദ്യ പഠിക്കാം”
ദൈവം സാത്താനോടൊന്നും പറയാതെ ആദത്തെ അന്വേഷിച്ചു.ആദാ‌മപ്പോള്‍ ഏദന്‍‌തോട്ടത്തിന്റെ അവകാശം തനിക്കായിരുന്നെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തുകയായിരുന്നു.

3 comments:

അപ്പു ആദ്യാക്ഷരി said...

കൊള്ളാം, നല്ല വിമര്‍ശനാത്മക ഹാസ്യം.

ശ്രദ്ധേയന്‍ | shradheyan said...

മുനയുണ്ട്. നന്നായി.

Roshan PM said...

ഉഗ്രന്‍