Sunday, July 26, 2015

മൊബൈൽ കുരിശ്

:: പണ്ട് ::
പള്ളിയിൽ വരുമ്പോൾ വേദപുസ്തകവും പാട്ടുപുസ്തകവും കുർബാന പുസ്തകവും എല്ലാം കൊണ്ടുവരണമെന്ന് നിർബന്ധം. ദൈവമക്കൾ അങ്ങനെ വേദപുസ്തകവും പാട്ടുപുസ്തകവും കുർബാനപുസ്തകവുമായി പള്ളിയിൽ എത്തി. പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിൽ നിന്ന് എടുക്കാതെ ദൈവമക്കൾ പള്ളിയിൽ നിന്ന് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നെങ്കിലും ദിവരാജ്യ അവകാശികൾ എല്ലാ പുസ്ത്കവുമായിട്ടാണല്ലോ പള്ളിയിൽ വരുന്നത് എന്നതുകൊണ്ട് അച്ചൻ സന്തോഷിച്ചു...

മൊബൈൽ ഫോൺ വന്നപ്പോൾ അച്ചൻ പറഞ്ഞു, ദൈവമക്കളെ വഴി തെറ്റിക്കാൻ സാത്താൻ കൊണ്ടൂവന്നതാ മൊബൈൽ ഫോൺ, ആരും മൊബൈൽ ഫോണുമായി പള്ളിയിൽ വരരുത്.

:: ഇന്ന് ::
വേദപുസ്തകവും പാട്ടുപുസ്തകവും കുർബാനപുസ്തകവും 'ആപ്പായി' കിട്ടുന്നതുകൊണ്ട് ദൈവമക്കൾ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുമായി പള്ളിയിൽ എത്തി. മൊബൈലിലെ ആപ്പ് തുറന്ന് അവർ കുർബാനയിൽ പങ്കെടൂത്തു. അച്ചനും ഹാപ്പി ദൈവമക്കളും ഹാപ്പി.

കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവരെല്ലാം കുരിശൂമായി വരണമെന്ന് അച്ചൻ. വന്നവരിൽ ഭൂരിഭാഗവും കുരിശില്ലാതെ മൊബൈൽ ഫോണുമായി പള്ളിയിൽ വന്നു.

"കുരിശെവിടെ സാത്താന്റെ സന്തതികളേ?" അച്ചൻ കോപിച്ചു.

"അച്ചോ, ഈ മൊബൈലും മൊബൈലിലെ ആപ്പും പലപ്പോഴും ഞങ്ങൾക്ക് കുരിശാവാറുണ്ട്. അതുകൊണ്ട് കുരിശിന്റെ വഴിയിൽ ഞങ്ങൾ മൊബൈലുമായി വന്നോളാം...". 

സാത്താന്റെ മക്കൾ തിരിച്ചറവുകൊണ്ട് ദൈവമക്കളായി മാറുന്നത് അച്ചൻ കണ്ടൂ.

Tuesday, July 21, 2015

വാസ്തുക്കാരൻ

കൃഷിയും കച്ചവടവും നഷ്ടമായപ്പോഴാണ് അയാൾ വാസ്തു നോക്കാൻ തീരുമാനിച്ചത്. ടിവി ചാനലിലൂടെ അനേകായിരം പേർക്ക്  വാസ്തു നിർദ്ദേശങ്ങൾ നൽകിയ ചൈനീസ് വാസ്തുക്കാരനെ തന്നെ അയാൾ പോയിക്കണ്ടു. വാസ്തുക്കാരൻ പറഞ്ഞതുപോലെ എല്ലാം ചെയ്തിട്ടൂം ഒരു ഫലവും ഉണ്ടായില്ല.

വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരം വീട്ടിലേക്കുള്ള മെയിൻ റോഡിൽ നിന്നുള്ള വഴി കെട്ടിയടച്ച് വഴി കൈത്തോടിന്റെ വരമ്പ് വഴി ആക്കി..

തേക്കെ മുറ്റത്തിരുന്ന പട്ടിക്കൂട് പൊളിച്ച് വടക്കേ മുറ്റത്താക്കി.

വടക്കേ മുറ്റത്തിരുന്ന കോഴിക്കൂട് എടുത്ത് തെക്കേ മുറ്റത്തേക്കാക്കി.

വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരം ഒരു പശുവിനെ വാങ്ങി  ബെഡ് റൂമിന്റെ ജനലിലോട് ചേർത്ത് എരുത്തിലുൻടാക്കി അവിടെ കെട്ടി. രാവിലെ എഴുന്നേൽക്കുമ്പോൾ പശുവിനെ കണി കണ്ട് ഉണരാൻ കട്ടിലെടൂത്ത് ജനലിന്റെ അടുത്തേക്ക് എടുത്തിട്ടൂ. പശുവിന്റെ അമറൽ തനിക്ക് വരുന്ന നല്ല കാലത്തിന്റെ ശംഖൊലിയായി അയാൾക്ക് തോന്നി...

എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.

റബറു വെട്ടി കൊക്കോ വെച്ചതും അത് നഷ്ട്മായപ്പോൾ അത് വെട്ടി അവിടെ വാനില വെച്ചതും വാനില കൃഷി നഷ്ടമായപ്പോൾ അത് പിഴുത് കളഞ്ഞ് വീണ്ടും റബറു വെച്ചതും ഒക്കെ വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരമാണ്. കുരുമുളകിനു വിലകൂടിയപ്പോൾ  ചൈനീസ് വാസ്തുക്കാരൻ തന്നെ ചൈനയിൽ നിന്ന്   വള്ളിക്കൊന്നിന് നൂറുരൂപ നിരക്കിൽ ആയിരം കുരുമുളക് വള്ളി അയാൾക്ക് ഇറക്കി കൊടുത്തു. റബ്ബറു വെട്ടി അയൾ കുരുമുളക് വള്ളി നട്ടു. ഒരു വർഷം കഴിഞ്ഞപ്പോൾ അതൊന്നില്ലാതെ എല്ലാം ഉണങ്ങിപ്പോയി. വാസ്തുക്കാരനെ കൻട് പരാതി പറഞ്ഞപ്പോൾ കുരുമുളക് വള്ളിക്ക് ഗ്യാരന്റിയില്ലാന്ന് പോലും....

ഏതായാലും വാസ്തുക്കാരനെ അയാൾ അവിശ്വസിച്ചില്ല. ഇന്നല്ലങ്കിൽ നാളെ തനിക്ക് നല്ല കാലം വാസ്തുക്കാരൻ കൊൻടുവരുമെന്ന് അയാൾ വിശ്വസിച്ചു. അയാൾ വിശ്വസിച്ചു എന്നതിനെക്കാൾ വാസ്തുക്കാരൻ വിശ്വസിപ്പിച്ചു.

അടുക്കളിയിലെ പാതകത്തിലെ മൂന്ന് അടുപ്പ് പൊളിച്ചു കളഞ്ഞ് അടുപ്പ് രണ്ടാക്കിച്ചു. മൂന്നു അടുപ്പുള്ളതുകൊൻടാണത്രെ അയാളുടെ കൃഷിയെല്ലാം മൂ..മൂ... (നമുക്ക് നല്ല മലയാളം പറഞ്ഞാൽ മതിയല്ലോ) നഷ്ടത്തിലാവുന്നത്. അടുപ്പ് രണ്ടാക്കിയിട്ടൂം ഒരു കാര്യവുമൂണ്ടായില്ല. അരകല്ലിൽ ചമ്മന്തി അരയ്ക്കുമ്പോഴുള്ള ശബ്ദ്ദം  അടുക്കളയിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുകയും ആ നെഗറ്റീവ് എനർജി ഭക്ഷണത്തിലെ പോസിറ്റീവ് എനർജിയെ ഇല്ലാതാക്കുന്നതുകൊൻടാണ് അയാൾക്കും വീട്ടൂകാർക്കും രോഗങൾ ഉണ്ടാകുന്നതെന്ന് വാസ്തുക്കാരൻ കണ്ടെത്തി. ഈ കണ്ടെത്തലിന്റെ ഫലമായി അടുക്കളിലെ അരകല്ല് അടുക്കളയ്ക്ക് പുറത്തേക്ക് ഒരു ഷെഡ് ഉണ്ടാക്കി അത് സ്ഥാപിച്ചു. കിണറ്റിന്റെ തിട്ടയ്ക്കിരുന്ന മോട്ടോർ കിണറിന്റെ അരിഞ്ഞാണത്തിലേക്ക് ഇറക്കി വെച്ചു. കിഴക്കൂന്ന് വെള്ളം കോരിയിരുന്നത് പടിഞ്ഞാറു നിന്നാക്കി. കക്കൂസിലെ ക്ലോസറ്റ് എടുത്ത് കുളിമുറിയിൽ വെച്ച് കക്കൂസ് കുളിമുറിയും കുളിമുറി കക്കൂസും ആക്കി.

എന്നിട്ടൂം ഒരു മാറ്റവും ഉണ്ടായില്ല....  

വാഴക്കൊലയ്ക്ക് വില കുറഞ്ഞു വാഴകൃഷി നഷ്ടത്തിലായി. ചേമ്പും ചേനയും വാസ്തുക്കാരൻ പറഞ്ഞതുകേട്ട് മണ്ണ് മാറ്റി നടുകയും പറമ്പിലെ നെഗറ്റീവ് എനർജി പോകുന്നതുവരെ  കിളയ്ക്കാതെ ഇട്ടിരുന്ന് എല്ലാം കരിക്കൻ തിന്നു പോയി. ഇഞ്ചിയാണങ്കിൽ അഴുകിയും പോയി. റമ്പൂട്ടാൻ കായിച്ചതും ഇല്ല. കപ്പയുടെ വില പടവലം പോലെ കീഴോട്ടായി. എന്നാലോ നട്ട പടവലത്തിൽ ഉണ്ടായ പടവലങയെല്ലാം പാവയ്ക്കായുടെ അത്രയുമേ ഉണ്ടായിരുന്നുള്ളൂ താനും.  

വീട്ടിലാണങ്കിൽ എന്നും അടിയും ഇടിയും തല്ലും വഴക്കും. ബാങ്കിലെ പലിശ പലിശയും കൂട്ടൂപലിശയും മുതലോട് പലിശയും പലിശയോട് മുതലുമൊക്കെയായി. വാസ്തുക്കാരനാണങ്കിൽ ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. എല്ലാ ദിവസവും ചാനലിൽ വന്നിരുന്ന് നാട്ടുകാർക്കെല്ലാം ഉപദേശം കൊടുക്കുന്നുമുണ്ട്.  

ഒരു ദിവസം നേരം പരപരാ വെളുക്കുന്നതിനു മുമ്പ് അയാൾ വാസ്തുക്കാരന്റെ വീട് അന്വേഷിച്ചു പോയി കൻടു പിടിച്ചു. തൂക്കി ഇട്ടിരുന്ന മണിയിലെ ചരടിൽ പിടിച്ച് വലിക്കാൻ കൈ പൊക്കിയതും വീടിന്റെ അകത്തുനിന്ന് പാത്രങൾ ഒക്കെ താഴെ വീഴുന്നതിന്റെ ശബ്ദ്ദം കേൾക്കാം. ചെവി കൂർപ്പിച്ചപ്പോൾ അകത്തൂന്നുള്ള തെറി വിളിയും കേൾക്കാം.

"നിങ്ങളിങ്ങനെ മനുഷ്യരെ പറ്റിച്ച് കാശുണ്ടാക്കി അതെല്ലാം കുടിച്ച് തുലച്ചിട്ട് രാത്രിയിൽ നാലാം കാലേൽ വന്ന് കയറും. ബാക്കിയുള്ളവരെങ്ങനയാ ഇവിടെ ജീവിക്കുന്നതെന്ന് നിങൾ ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ? പെണ്ണിനാണങ്കിൽ ഈ മാസത്തെ ഫീസ് കൊടുത്തിട്ടില്ല. ചെറുക്കനാണങ്കിൽ സെമസ്റ്റർ ഫീസ് അടയ്ക്കാത്തതുകൊൻട് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് കിട്ടിയില്ല. നിങ്ങളീ മനുഷ്യരെ പറ്റിച്ചുണ്ടാക്കുന്നതുകൊണ്ടാ ഒന്നും കൈയ്യിൽ നിക്കാത്തത്. കഞ്ഞി കുടിച്ച് കിടന്ന കാലത്ത് സമാധാനം ഉൻടായിരുന്നു." വാസ്തുക്കാരന്റെ ഭാര്യയുടെ ശബ്ദ്ദം.

"എനിക്ക് ഇഷ്ടമുള്ളതുപോളെ ഞാൻ ജീവിക്കുമടീ. എന്നെ പറ്റിച്ചോ പറ്റിച്ചോ എന്ന് പറഞ്ഞ് എല്ലാവനും കൂടി മുന്നിൽ വന്ന് നിൽക്കൂമ്പോൾ അവന്മാരെ പറ്റിക്കാതിരിക്കാൻ ഞാൻ ദൈവമൊന്നും അല്ലല്ലോ... ഇവന്മാരൊക്കെ എന്തോ  മൻടന്മാരാടീ.. പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും തമ്മിൽ യുദ്ധമുൻടാകും എന്നൊക്കെ പറയുമ്പോൾ ഭിത്തി പൊളിച്ച് ജനലുവയ്ക്കാനും ടൈൽ കുത്തിക്കളഞ്ഞ് മാർബിളിടാനും ഒക്കെ ഇവന്മാരുടെ കൈയ്യിൽ കാശുണ്ട്. അതുകൊൻട് ഞാനവന്മാരെ പറ്റിക്കൂന്നു. പിന്നെ ജനലുകാരനും മാർബിളുകാരനും കമ്മീഷനും തരുമ്പോൾ ഞാനെന്തിനാടീ വേണ്ടാന്ന് പറയുന്നത്...ഇന്ന് ആരെയെങ്കിലും പറ്റിച്ചു കിട്ടൂന്ന കാശ് നിന്റെ കൈയ്യിൽ തന്നെ കൊൻടു തരും.. സത്യം..സത്യം" വാസ്തുക്കാരന്റെ ശബ്ദ്ദം അയാൾ തിരിച്ചറിഞ്ഞു.

അയാൾ വന്ന വഴിയേ തിരിച്ചു വിട്ടൂ. വീട്ടീൽ ചെന്ന് ടിവി വെച്ചപ്പോൾ വാസ്തുക്കാരൻ ടിവിയിൽ ഇരുന്ന് വാസ്തു ഉപദേശം നൽകുന്നു. കോളിംഗ് ബെല്ലിനു പകരം വീടിന്റെ മുമ്പിൽ മണി കെട്ടുന്നത് എവിടെയായിരിക്കണം എന്നും മണിശബ്ദ്ദം എങനെ പോസിറ്റീവ് എനർജി നൽകും എന്നതിനുക്കുറിച്ചും മണീശബ്ദ്ദം കടന്നുപോകുന്ന വഴിയിലുള്ള വായു തന്മാത്രകൾ എങനെ ശുദ്ധീകരിക്കപ്പെടൂമെന്നും മണി എങനെ കുടുംബകലഹത്തെ ഇല്ലാതാക്കും എന്നൊക്കെയായിരുന്നു വാസ്തുക്കാരന്റെ ഉപദേശങൾ.

ഫോൺ ബെല്ലടിക്കുന്നത് കേട്ട് അയാൾ ഫോൺ എടുത്തു. വാസ്തുക്കാരനാണ്.

"ചേട്ടാ, ചൈനീസ് മണിയെക്കുറിച്ച് ഞാൻ പറയുന്നത് ചാനലിൽ കണ്ടോ?? ചേട്ടന്റെ എല്ലാ പ്രശ്നങളും ഈ മണി തീർക്കും. അമ്പതിനായിരം രൂപയ്ക്കാ ഞാനിത് എല്ലാവർക്കും കൊടുക്കുന്നത്. ചേട്ടനായതുകൊണ്ട് മുപ്പതിനായിരം രൂപയ്ക്ക് തരാം. മണിയടിച്ച് ചേട്ടന്റെ പ്രശ്നങൾക്കെല്ലാം പരിഹാരം ഉണ്ടാക്കാം.." വാസ്തുക്കാരൻ

"തന്റെ മണിയൊന്നും എനിക്കിനി വേണ്ടാ.. ഉള്ള മണിയടിച്ച് ഞാനിനി എങനെയെങ്കിലും ജീവിച്ചോളാം" അയാൾ ഫോൺ കട്ടൂ ചെയ്തു..

വാസ്തുക്കാരൻ ഞെട്ടി. ഇതുവരെ പത്തു പതിനഞ്ച് ലക്ഷം രൂപ ഊറ്റിയെടുത്ത കസ്റ്റമർ ആണ് ഫോൺ വെച്ചിട്ട് പോയത്. മണിവാങിച്ചില്ലങ്കിൽ വേണ്ടാ. ശംഖ് ഊതിച്ച് വീഴ്ത്താം...

ശംഖുമായി വാസ്തുക്കാരൻ പുതിയ ഇരയെത്തേടി ഇറങ്ങി....  

Saturday, July 18, 2015

ബി.എസ്.എൻ.എൽ. നമ്മളെ ചതിച്ചാശാനെ.....

ചാരു കസേരയിൽ ഇരുന്ന് മഴനോക്കി ചൂടുചായ ഊതിക്കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാളുടെ മുന്നിലേക്ക് ഭാര്യ കൊടുങ്കാറ്റുപോലെ എത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ വൈകിട്ടത്തെ അയൽക്കൂട്ടത്തിനു ശേഷം ലോക(ലോക്കൽ)വാർത്തകളുമായി എത്തുന്ന ഭാര്യ ഇന്ന് ലോക്കൽ വാർത്തകൾ ഒന്നും പറയാതെ നേരെ അടൂക്കളയിലേക്ക് പോയി ചായ ഇട്ടു തന്നതിനു ശേഷം ഒന്നും പറയാതെ തിരിച്ചു കയറിപ്പോയപ്പോഴേ എന്തോ അപകടം വരാൻ പോകുന്നുണ്ടന്ന് അയാൾക്ക് തോന്നിയതാണ്. 

തിരിച്ചുവന്ന ഭാര്യയുടെ കൈയ്യിൽ തന്റെ ഫോണും ഇരിക്കുന്നതു കണ്ടതോടെ ഫോണുമായി ബന്ധപെട്ട എന്തോ അപകടമാണ് തന്നെ ഇപ്പോൾ കാത്തിരിക്കൂന്നതന്ന് അയാൾക്ക് മനസിലായി.

"നിങ്ങൾക്കെന്നെ മടുത്തു അല്ലേ?" ഭാര്യയുടേ ചോദ്യം അയാളെ ഞെട്ടിച്ചു. അയാൾക്കെന്തെങ്കിലും പറയാൻ പറ്റുന്നതിനുമുമ്പേ ഭാര്യയുടെ ആത്മഗതം ഉച്ചത്തിലായി.

"അല്ലങ്കിലും ഈ ആണുങ്ങൾ ഇങ്ങനയാ...."

"നീ എന്തൊക്കയാ ഈ പറയുന്നത്... എനിക്കൊന്നും മനസിലായില്ല". അയാൾ

"നിങൾക്കൊന്നും മനസിലാകത്തില്ല. എനിക്കൊന്നും മനസിലാകത്തില്ലന്ന് വെച്ചല്ലേ നിങ്ങൾ ഈ പണിക്ക് പോയത്?"

"സത്യമായിട്ടൂം എനിക്കൊന്നും മനസിലായില്ലടീ " വീണ്ടും അയാൾ.

"ഈ വേണിയും പ്രിയങ്കയും ഫാത്തിമയും സോണാലിയും പായലും അനാമികയും ഒക്കെ നിങ്ങടെ ആരാ? ഇവളുമാരുമായിട്ട് നിങൾക്കെന്താ ബന്ധം? ഒരുത്തി ജോലിക്കാരി ഒരുത്തി പഠിത്തക്കാരു ഒരുത്തി കമ്പ്യൂട്ടറുകാരി.... സത്യം പറ മനുഷ്യനേ നിങൾക്കെന്നെ മടുത്തല്ലേ? ഒന്നുമല്ലങ്കിലും നിങടെ മൂന്നു പിള്ളാരെ ഞാൻ പെറ്റതല്ലേ? നിങടെ മോടെ പ്രായമൂള്ള ഒരുത്തിയോടല്ലേ നിങൾ ശൃംഖരിക്കാൻ പോയത്?  ഞാനിതൊന്നും അറിയില്ലന്ന് കരുതിയോ? ഇന്ന് അയൽക്കൂട്ടത്തിൽ വെച്ച് മേരിക്കുട്ടിയാ പറഞ്ഞാ കെട്ടീയവന്മാരുടെ ഫോണിൽ നോക്കിയാൽ എല്ലാവന്മാരുടേയും തനി നിറം അറിയാമെന്ന്. ഞാനൊരു മണ്ടിയായതുകൊണ്ടും മൊബൈൽ ഉപയോഗിക്കാത്തതുകൊൻടും നിങൾക്കിതുവരെ എന്നെ പറ്റിക്കാൻ പറ്റി? ഇനിയും എന്നെ പൊട്ടീയാക്കാൻ പറ്റില്ല. നിങൾക്കെന്നെ വേണ്ടായെങ്കിൽ പറഞ്ഞോ? ഞാനങ്ങ് പോയേക്കാം...." ഭാര്യ കണ്ണീരിന്റെയും ഏങ്ങലടികളുടെയും അകമ്പടിയോടെ കത്തിക്കയറുകയാണ്.

"ശരിക്കും എന്താ പ്രശ്നം? നിനക്കിതെന്താ പറ്റിയത്? കുറേ പെണ്ണൂങടെ പേരു പറഞ്ഞിട്ട് ഇവരൊക്കെ നിങടെ ആരാന്ന് ചോദിച്ചാൽ ഞാനെന്ത് പറയാൻ.. ഈ പെണ്ണൂങ്ങളെയൊന്നും എനിക്കറിയില്ല" അയാൾ പറഞ്ഞു.

"ഇവളുമാരെയൊന്നും നിങ്ങൾക്കറിയില്ലങ്കിൽ പിന്നെന്തിനാ ഇവളുമാരൊക്കെ നിങൾക്ക്, മിണ്ടിക്കോ കണ്ടോ സുന്ദരനിമിഷങൾ തരാം എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചത്" ഭാര്യ.

അയാൾ ഫോണിനായി ഭാര്യയ്ക്ക് നേരെ കൈ നീട്ടി... അയാളുടെ കൈയ്യിലേക്ക് ഭാര്യ ഫോൺ കൊടുത്തു.

"ഇനി നിങ്ങൾ ഇതൊക്കെ ഡിലീറ്റ് ചെയ്യാൻ പോകുവായിരിക്കും.... പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകുമെന്ന് പറയുന്നത് എത്ര ശരിയാ..." ഭാര്യ കലിതുള്ളി അകത്തേക്ക് പോയി.

അയാൾ ഫോണിലെ ഇൻബോക്സ് മെസേജുകളിലേക്ക് നോക്കി.

മെസേജ് 1 :: Service message -
Title :
Anamika 21years
Hi
Check out my hott inimate couple videos
Address:
122.176.112.58/m4u/XXX.jsp?id=OTE5NDK1NzI1Mjk1

മെസേജ് 2 :: BT-656300
Veni-working , Fatima-Student, Priyanka- IT Professional have joined Chat & are live now. To chat with them Dial 12630066

മെസേജ് 3 :: BT-656300
Sonali , Samriti, Payal online Now and it eill not take much of your time but will create memories for a life times dial 12630066

മെസേജ് 4 :: 24*6#p653#wp0603
Bhumi - Working , Fatima - Student ,  Hema - It Professional have joined Chat and live now. To chat with them Dial 12630066 Rs 5/Min

മെസേജ് 5 :: 24*6#p613996603
Jayathi 25- House wife , Malathy 23 - working ,  Suji 20 - Student has joined Dial n Chat & are live now. To chat with them Dial *555*1*1# or 12630035 Rs3/ min.

മെസേജ് 6 :: 24*6#p653#wp0603
Zaiba - Working , Mridula - Student ,  Suma - It Professional have joined Chat & are  live .  Dial 12630066 Now Rs 5/Min

മെസേജ് 7 :: 24*6#p653#wp0603
Vibha 25- House wife , Malathy 23 - working ,  Suji 20 - Student has joined Dial n Chat and live now. To chat with them Dial *555*1*1# or 12630035 .

മെസേജ് 8 :: 24*6#p653#wp0603
Ashu - Accountant , Vrindha- Student ,  Sneha-  Professional have joined Chat and are Live . Dial 12630066 Now Rs 5/Min

മെസേജ് 9 :: BT-612630
Megha , Shikha and Yamini & more are here to create memories  for lifetimes just dial 12630035 &Get Connected!

പിന്നയും മെസേജുകൾ ബാക്കി കിടക്കുന്നു... ഇതൊക്കെ വായിച്ചാൽ ഏത് പെണ്ണും കെട്ടിയോനെ സംശയിച്ചു പോകും. വേറെ ഒരൊറ്റ മെസേജും ഇൻബോക്സിൽ ഇല്ല താനും...

ബി.എസ്.എൻ.എൽ. നമ്മളെ ചതിച്ചാശാനെ എന്ന് മനസിൽ പറയുമ്പോൾ ഭാര്യ ഒരു ബാഗുമായി അകത്തൂന്ന് വരുന്നു.

"നീ ഇതെവിടേക്കാ ബാഗുമായിട്ട്" അയാൾ ചോദിച്ചു.

"ഞാൻ പോകുവാ.. നിങ്ങൾക്കെന്നെ വേണ്ടായല്ലോ... നിങ്ങൾക്കാരയാ വേണ്ടിയതെന്ന് വെച്ചാൽ അവരെ വിളിച്ച് അവരുടെ കൂടെ പൊറുത്തോ?" ഭാര്യ.

"എടീ, സത്യത്തിൽ ജോഷി നമ്മളെ ചതിച്ചതാ... അല്ലാതെ ഞാൻ..." .

"ഹൊ! അപ്പോ ബ്രോക്കറെ വെച്ചായിരുന്നല്ലേ പരിപാടി... ബ്രോക്കർ ജോഷി നിങളെ ചതിച്ചതുകൊണ്ട് എനിക്ക് സത്യം മനസിലായി" ഭാര്യ കലിതുള്ളി വീണ്ടൂം അകത്തേക്ക് പോയി.

ബാഗുമായി പുറത്തേക്ക് പോകാൻ വന്നവൾ വീണ്ടും അകത്തേക്ക് പോകുന്നത് നോക്കി അയാൾ നിന്നു.

"കർത്താവേ ഒരു സിനിമാ ഡയലോഗ് അറിയാതെ പറഞ്ഞു പോയത് വലിയ പ്രശ്നമായോ? ചപ്പാത്തി തിന്നാത്തതുകൊണ്ട് ഹിന്ദി അറിയാൻ പാടില്ല എന്ന് സിനിമാഡയലോഗ് പറഞ്ഞതുപോലെ ആയോ കാര്യങൾ?"

കർത്താവേ കാത്തോളണേ......  ബി.എസ്.എൻ.എല്ലേ എന്നാലും ഈ ചതി വേണ്ടായിരുന്നു....... അയാൾ മനസിൽ പറഞ്ഞു.