Sunday, April 28, 2013

റേപ്പ്

ഡിസംബറിൽ 'ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനു'ഇരയായി മരിച്ചപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും പ്രതിഷേധം. പത്രങ്ങളിൽ എല്ലാം പ്രതിഷേധ പ്രകടനങ്ങളുടെയും മറ്റും പടങ്ങൾ.

നാട്ടിലെ ഒരു ഹൈസ്കൂളിലും കുട്ടികളുടെ പ്രതിഷേധ പ്രകടനത്തിനു തീരുമാനമായി. ഒരൊറ്റ ദിവസം കൊണ്ട് ഫ്ലക്സ് വെയ്ക്കപ്പെട്ടു. ചാനലുകാരയും പത്രക്കാരയും അറിയിച്ചു. അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾ 'ഡൽഹി റേപ്പ്'നെതിരെ രാവിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കുകൊണ്ട് പരിപാടി വൻ വിജയമാക്കി.പത്രത്തിൽ വരേണ്ട ഫോട്ടോയും സെലക്റ്റ് ചെയ്ത് പത്രക്കാരെ പറഞ്ഞു വിട്ടു.

എട്ടാം ക്ലാസിൽ ഉച്ചകഴിഞ്ഞ് ഒരു ടീച്ചർ പഠിപ്പിക്കാൻ ചെന്നു. അറ്റൻഡൻസ് എടൂത്തു കഴിഞ്ഞപ്പോൾ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരു കുശുകുശുപ്പ്.
"സൈലൻസ്.. എന്താ ബഹളം.." ടീച്ചർ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരു കുട്ടിയെ എഴുന്നേൽപ്പിച്ചു.

"ടീച്ചറേ... ഈ അനുമോളു ചോദിക്കുവാ റേപ്പന്നു പറഞ്ഞാൽ എന്തുവാന്ന്"
ടീച്ചർ ഞെട്ടി. ആകെ കുഴഞ്ഞു. ടീച്ചർ ഉടനെ പറഞ്ഞു.

"അതൊക്കെ രാവിലെ കഴിഞ്ഞു.. ഇനി പഠിക്കാനുള്ളത് ചോദിച്ചാൽ മതി"

അനുമോൾക്ക് ചോദ്യത്തിനു ഉത്തരം കിട്ടാത്തതുകൊണ്ട് ഭയങ്കര ടെൻഷനായി. അനുമോൾ കൂട്ടുകാരികളോട് ചോദിച്ചു. അവർക്കും വലിയ പിടിയില്ല.അനുമോളു വീട്ടിൽ ചെന്ന് അമ്മയോട് ചോദിച്ചു.

"അമ്മേ, ഈ റേപ്പന്ന് പറഞ്ഞാൽ എന്താ?"

"അതൊന്നും നീ അറിയേണ്ട കാര്യമല്ല" എന്ന് അമ്മ പറഞ്ഞു.

"ആർക്കും റേപ്പന്ന് പറഞ്ഞാൽ എന്താണന്ന് അറിയത്തുമില്ല... എന്നിട്ടാ എല്ലാവരും സമരം ചെയ്യാൻ പോകുന്നത്" അനുമോൾ മനസിൽ പറഞ്ഞു.

പിറ്റേന്ന് രാവിലെ അനുമോൾ സ്കൂളിൽ പോകുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി പൂച്ചയും കളിപ്പിച്ച് ഗെയ്റ്റിൽ നിൽക്കുന്നു. ചേച്ചി ഭയങ്കര ബുദ്ധിയുള്ളവളാണന്ന് അമ്മ പറഞ്ഞ് അനുമോൾ കേട്ടിട്ടൂണ്ട്. തന്റെ സംശയം ചേച്ചിയോട് തന്നെ ചോദിക്കാം.

" ചേച്ചീ, ഈ റേപ്പന്ന് പറഞ്ഞാൽ എന്തുവാ.. ഞങ്ങൾ ഇന്നലെ റെപ്പിനെതിരെ ജാഥനടത്തിയത് ഇന്നത്തെ പത്രത്തിൽ ഉണ്ട്" അനുമോൾ സംശയം ചോദിച്ചു. ചേച്ചി തന്റെ അറിവ് കുഞ്ഞിനു മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു.

"മോളേ, നമ്മളെ ആരെങ്കിലും ഒക്കെ ആക്രമിക്കത്തില്ലേ, അതിനെയാണ് റേപ്പന്ന് പറയുന്നത്"

"ഹൊ, ഇത്രയോ ഉള്ളൂ, ഇതുപോലും അറിയാത്തവരാണല്ലോ തന്റെ ടീച്ചറും അമ്മയും കൂട്ടുകാരികളും" അനുമോൾ മനസിൽ പറഞ്ഞു. അനുമോൾക്ക് വീണ്ടൂം സംശയം

"ചേച്ചി , ഞാനിപ്പം ചേച്ചിയുടെ മുഖത്തൊരു അടി തന്ന് ആക്രമിച്ചാൽ അത് റേപ്പാണോ?" . കൊച്ചു ടിവിയിലെ കാർട്ടൂണീൽ 'ആക്രമിക്കൂ' എന്ന് പറയുമ്പോൾ എല്ലാവരും മുഖത്ത് നോക്കി അടിക്കുന്നത് അനുമോൾ കണ്ടിട്ടൂണ്ട്.

ചേച്ചി കുഴഞ്ഞു. ഈ കൊച്ചിന്റെ ഒരു സംശയം...

"മോടെ പാവടയിലും ബ്ലൗസിലുമൊക്കെ ആരെങ്കിലും പിടിച്ച് വലിക്കുകയും എന്നിട്ട് അടിക്കുകയും ആക്രമിക്കുകയും ഒക്കെ ചെയ്യുന്നതാ റേപ്പ്" ചേച്ചി അനുമോൾക്ക് പറഞ്ഞു കൊടുത്തു.

അനുമോൾ  വീണ്ടൂം എന്തോ ആലോചിക്കുന്നതുകൊണ്ടപ്പോൾ ചേച്ചിക്ക് മനസിൽ അപായമണി മുഴങ്ങി. കൊച്ച് അടുത്ത സംശയം ചോദിക്കാൻ തുടങ്ങുവാണ്. അതിനു മുമ്പ് മുങ്ങണം...

"മോൾക്കിനി എന്തെങ്കിലും സംശയം ഉണ്ടങ്കിൽ ചേച്ചി വൈകിട്ട് പറഞ്ഞു തരാം" എന്ന് പറഞ്ഞിട്ട് ചേച്ചി മുങ്ങി

വൈകുന്നേരം...

ചേച്ചി പതിവുപോലെ പൂച്ചയും കളിപ്പിച്ചിരിക്കുവാണ്. അനുമോളു സ്കൂൾ വിട്ട് വരുന്നതു കണ്ടതും ചേച്ചി മുങ്ങാൻ നോക്കിയെങ്കിലും അതിനുമുമ്പ് അനുമോൾ കണ്ടു. ചേച്ചിയെ കണ്ടതും അനുമോൾ വലിയ വായിൽ കരയാൻ തുടങ്ങി.

"എന്തിനാ അനുമോളെ നീ കരയുന്നത്?"

"ചേച്ചീ, എന്നെ സുനിൽ സാറും സുലേഖ ടീച്ചറും റേപ്പ് ചെയ്തു?"

ചേച്ചി ഞെട്ടി.. ഈ കൊച്ച് എന്താ ഈ പറയുന്നത്?

"മോളേ റേപ്പ് ചെയ്തോ?"

"സുനിൽ സാറ് ബ്ലസിൽ പിടിച്ച് തേഡ് പിരീഡും സുലേഖടീച്ചർ പാവാട പൊക്കി ലാസ്റ്റ് പിരീഡുമാ റേപ്പ് ചെയ്തത്?"

"എവിടെ വെച്ച്"

"ക്ലാസിൽ"

"ക്ലാസിൽ വെച്ചോ?"

"തേഡ് പിരിയഡ് ഇംഗ്ലീഷായിരുന്നു. പോയം കാണാതെ പഠിച്ചില്ലന്ന് പറഞ്ഞ് സുനിൽ സാർ ബ്ലൗസിൽ കൂട്ടിപിടിച്ച് കൈ ഞെരുടിയിട്ട് തോളത്ത് അടിച്ചു. കണക്ക് തെറ്റിച്ചതിന് സുലേഖ ടീച്ചർ എന്റെ പാവാട മാറ്റിപ്പിടിച്ച് ചന്തിക്ക് ഒരടി തന്നു"

"ഇതാണോ നീ റേപ്പന്ന് പറഞ്ഞത് അനുമോളേ"

"ചേച്ചിയല്ലേ രാവിലെ പറഞ്ഞത് ബ്ലൗസും പാവാടയിലും ഒക്കെ പിടിച്ചിട്ട് അടിക്കൂന്നതിനെയാ റേപ്പ് എന്ന് പറയുന്നത്??"

അനുമോടെ ചോദ്യത്തിനു ഉത്തരം നൽകാതെ ചേച്ചി പൂച്ചയുമായി വീണ്ടൂം മുങ്ങി.