Tuesday, November 14, 2017

ഏദന്‍തോട്ടത്തിലെ ഒറ്റച്ചങ്കൻ

അയാൾ ഏദന്‍തോട്ടത്തിലേക്ക് ചെന്നു. ഏദന്‍തോട്ടത്തിന്റെ വാതിക്കല്‍ ചെന്നുനിന്ന് അയാൾ ആദത്തെ വിളിച്ചു. അവന്‍ വിളി കേട്ടില്ല. അയാൾ അപകടം മണത്തു. പണ്ട് വിളിച്ചപ്പോള്‍ തുണിയില്ലാത്തതുകൊണ്ട് നാണം വരുന്നെന്ന് പറഞ്ഞ് പാത്തിരുന്നവനാണ്.

അയാൾക്ക് എന്തോ ഒരു പന്തിക്കേട് തോന്നി. ഏദന്‍തോട്ടത്തിലേക്ക് ടിപ്പറുകളിൽ മണ്ണ് അടിക്കുന്നു. അയാൾ കോപം കൊണ്ട് വിറച്ചു. തന്റെ തോട്ടത്തിലേക്ക് എന്തിനാണ് ഇത്രയേറെ മണ്ണ് കൊണ്ടുപോകുന്നത്.

“ആദമേ....,,,ആദം..... ###@@@@@“ അയാൾ ഉറക്കെ വിളിച്ചു.

തന്റെ അംഗരക്ഷകരോടൊപ്പം ആദാം അയാളുടെ മുന്നില്‍ വന്നു.

“നിന്നോടാരു പറഞ്ഞു എന്റെ തോട്ടത്തിലേക്ക് മണ്ണടിക്കാൻ‍?” അയാൾ ആദാമിനോട് ചോദിച്ചു.

ആദാം ഒരുകെട്ട് കടലാസ്സ് അയാൾക്ക് നല്‍കി. അയാളത് വാങ്ങി നോക്കി. ഏദന്‍തോട്ടം സാത്താന്റെ പേരിലായിരിക്കുന്നു. ആദാം വീണ്ടും തന്നെ ചതിച്ചിരിക്കുന്നു. കള്ളപ്രമാണംകൊണ്ടും കള്ളപട്ടയം കൊണ്ടും ഏദൻതോട്ടം അടിച്ചുമാറ്റിയിരിക്കുന്നു...

"നീ എന്തിനാണ് ടിപ്പറിൽ ഏദൻതോട്ടത്തിലേക്ക് മണ്ണ് അടിക്കുന്നത്?" അയാൾ ചോദിച്ചു.

"അതോ, ഞാൻ ഏദൻതോട്ടത്തിലെ ഫ്രാത്ത്* നദി നികത്തുകയാണ്?." ആദാം പറഞ്ഞു..

"ഫ്രാത്ത് നികത്തുകയാണന്നോ? നിനക്കെന്താ ആദമേ വട്ടായോ?.... ഫ്രാത്ത് നികത്തിയാൽ ഏദന്തോട്ടത്തിന്റെ ജൈവസംതുലനാവസ്ഥ തന്നെ തകിടം മറിയില്ലേ?" അയാൾ ചോദിച്ചു.

"അതെന്നെ ബാധിക്കുന്ന കാര്യമല്ല. ഞാനാണിപ്പോൾ ഈ ഏദൻതോട്ടത്തിന്റെ അധികാരി. ഞാനും സാത്താനും രൂപീകരിച്ച കമ്പിനി ഏദൻതോട്ടത്തിൽ പണിയുന്ന ഫ്രാത്ത്‌പാലസ് ഹോട്ടലിൽ വരുന്നവരുടെ സൗകര്യത്തിന് എനിക്ക് നദി നികത്തിയാലേ പറ്റൂ...." ആദാം ചിരിച്ചു.

"നിനക്കെന്ത് അധികാരമാണ് ആദമേ , ഈ നദി നികത്താൻ?. അയാൾ ചോദിച്ചു. "എത്രയും വേഗം നീ ഈ നദിയും ഏദൻതോട്ടവും പഴയതുപോലെയാക്കണം." അയാൾ പറഞ്ഞു...

"ഞാനിനിയും ഈ നദി നികത്തും.. ഫ്രാത്ത് മാത്രമല്ല, ബാക്കി മൂന്നു നദികളും വെണമെങ്കിൽ  ഞാൻ നികത്തും. തടയാൻ ധൈര്യമുണ്ടങ്കിൽ തടഞ്ഞു നോക്ക്.... " ആദം പറഞ്ഞു.....

"ആദാം , നീ അതിരു കടക്കുന്നു. നിയമത്തെയാണ് നീ വെല്ലുവിളിക്കുന്നത്.... " അയാൾ പറഞ്ഞു.

"കടക്ക് പുറത്ത്..." ആദാം അയാൾക്ക് നേരെ വിരൽ ചൂണ്ടി. അയാൾ തുടർന്നു.... "ഞാനാണിവിടിത്തെ അധികാരി. ഞാൻ പറയുന്നതാണ് നിയമം...ഞാൻ എനിക്ക് തോന്നുന്നത് ചെയ്യും..."

അയാൾ കോപം കൊണ്ട് വിറച്ചു.... തന്നെ ആദാം വെല്ലു വിളിക്കുന്നു ....

"നീ , ആരോടാണ് സംസാരിക്കുന്നതെന്ന് മറക്കരുത് ആദാം...." അയാൾ പറഞ്ഞു.....

"നിങ്ങൾ ഇനി ഏദൻതോട്ടത്തിന്റെ കാര്യം മറന്നേക്ക്...." അയാളോട് ആദം പറഞ്ഞു....

അയാൾ കോപം കൊണ്ട് വിറച്ചു....  അത് കണ്ടിട്ട് ആദം പറഞ്ഞു..

"ഭൂമിയിൽ ഫാൻസുകാരുടെ ഒരു ഇരട്ടച്ചങ്കന് എന്നെപോലെയുള്ള ഒരുത്തനെ ഒന്നും ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.... പിന്നെയല്ലേ ഒറ്റച്ചങ്കനായ നിങ്ങൾ.....?"

അയാൾ തന്റെ കൈ നീട്ടി ആദാമിന്റെ ചെവിക്ക് പിടിച്ചു.....

"ആദാം, ചങ്കിന്റെ എണ്ണത്തിൽ കാര്യമില്ല.... ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാൻ ചങ്കിന്റെ എണ്ണം കൂടേണ്ട കാര്യമില്ല...കടക്ക് പുറത്ത്" അയാൾ പറഞ്ഞു. എന്നിട്ടയാൾ ആദാമിന്റെ ചെവിക്ക് പിടിച്ച് പൊക്കി കറക്കി ഒറ്റയേറ്.... ആദാം ഏദൻതോട്ടത്തിന്റെ മുകളിലൂടെ ഭൂമിയിലെ ഏതോ ഒരു കായിലിൽ വീണു.....

***********************
*ഫ്രാത്ത് ഏദൻ തോട്ടത്തിലെ മൂന്നു നദികളിൽ ഒന്ന്

Thursday, October 12, 2017

വധൂവരന്മാരുടെ സമാസം

മലയാളം ക്ലാസിൽ ടീച്ചർ സമാസത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു. ക്ലാസിനു ശേഷം ടീച്ചറിന്റെ ചോദ്യം

വധൂവരന്മാർ എന്നത് ഏത് സമാസമാണ്?
ബഹുവ്രീഹി
കർമധാരൻ
അവ്യയീഭാവൻ
ദ്വന്ദ സമാസം

പിള്ളാരൊക്കെ മുഖത്തോട് മുഖം നോക്കി. ആർക്കും അറിയില്ല. അവസാനം ടീച്ചറിന്റെ ചോദ്യം അവസാന ബഞ്ചിലേക്ക്. ചോദ്യം ചോദിച്ച് ഓരോരുത്തരായ്  എഴുന്നേറ്റ് തുടങ്ങിയപ്പോൾ അവസാനം ഇരുന്നവൻ മനസിൽ ഉത്തരം നോക്കി. 

ബഹു എന്നുവച്ചാൽ ഒന്നിൽകൂടുതൽ. കല്യാണം കഴിച്ച് ഒന്നായതിനു ശേഷം അവർ ഒരിക്കലും ബഹുവ്രീഹികൾ അല്ല. ഏകവ്രീഹികൾ ആണ്.

കല്യാണം എന്നുള്ളതാണ് കർമ്മം.കല്യാണം കഴിക്കുന്നവർ അപ്പോൾ കർത്താവ് ആണ് .സൂത്രധാരൻ എന്നൊക്കെ പറയുന്നതുപോലെ കർമധാരൻ എന്ന് പറഞ്ഞാൽ കല്യാണം കഴിപ്പിക്കുന്ന ആൾ. അപ്പോൾ വധൂവരന്മാർ എന്ന് പറയുന്നത് കർമധാരൻ അല്ല.

ഇനിയുള്ളത് അവ്യയീഭാവൻ. ഭാവൻ എന്ന് പറയുന്നത് കേൾക്കുമ്പോഴേ അറിയാം അത് ആണുങ്ങളെക്കുറിച്ച്മാത്രം പറയുന്നതാണന്ന്. വധു എന്നുപറയണമെങ്കിൽ സ്ത്രിലിംഗം കൂടി വേണം. ഇതിപ്പോ അവ്യയീഭാവൻ എന്ന് പറഞ്ഞാൽ വരനെക്കുറിച്ച്മാത്രം പറയുന്നതായിരിക്കും. കല്യാണം കഴിയുമ്പോൾ വരൻ അവ്യയമായ ഭാവത്തോടെ ആയിരിക്കുമല്ലോ നിൽക്കുന്നത്- എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ. അപ്പോ അവ്യയീഭാവനുമല്ല സമാസം. 

ഇനിയുള്ളത് ദ്വന്ദസമാസം ആണ്.
അതെ അതുതന്നെയാണ് വധൂവരന്മാർ എന്നതിന്റെ സമാസം. ദ്വന്ദം എന്ന് പറയുമ്പോൾ ദ്വന്ദയുദ്ധം എന്നൊക്കെ കേട്ടിട്ടൂണ്ട്. ദ്വന്ദയുദ്ധത്തിലെ ദ്വന്ദം വധൂവരന്മാർക്ക് ചേരുന്നുണ്ട്. കല്യാണം കഴിച്ചുകഴിച്ച് കഴിഞ്ഞാൽ പിന്നെ എല്ലാം ഒരു യുദ്ധം പോലെയാണല്ലോ. അപ്പോ സമാസം ദ്വന്ദം തന്നെ. 

ഉത്തരം തേടി ടീച്ചർ അവസാനത്തെ ആളിന്റെ അടുത്തെത്തി. അവസാന ഊഴക്കാരൻ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞു. വധൂവരന്മാർ എന്നതിന്റെ സമാസം ദ്വന്ദ സമാസം ആണ് ടീച്ചർ.
ശരിയായ ഉത്തരം തന്നെ പറഞ്ഞ അവനെ അഭിനന്ദിച്ച് ടീച്ചർ പിന്തിരിയുമ്പോൾ അവൻ വിശ്വസിക്കാനാവാതെ നിന്നു............
************   **************

---------------------------
 പദങ്ങൾക്ക് തുല്യപ്രാധാന്യമുള്ളതാണ് ദ്വന്ദ സമാസം.