Monday, April 28, 2008

ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ

കല്യാണം കഴിയുന്നതുവരെ ജ്യോതി ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു.പശുവിന് പോച്ചപറിക്കാന്‍ പറമ്പില്‍ പോവുകയും രാവിലെതോറും പാല് വീടുകളില്‍ കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു പെണ്‍കുട്ടി.പെട്ടന്ന് ഒരു ദിവസം അവളുടെ കല്യാണം കഴിഞ്ഞു.തെക്ക് എവിടയോ ഉള്ളഒരു നാടകക്കാരനാണ് അവളെ കെട്ടിയതെന്ന് പറയുന്നത് കേട്ടു.

രണ്ടു വര്‍ഷത്തിനു ശേഷം ആദ്യപ്രസവത്തിന് നാട്ടില്‍ എത്തിയപ്പോഴാണ് വീണ്ടും അവളെക്കുറിച്ച്
കേള്‍ക്കുന്നത് .നാടക കമ്പിനി പൂട്ടിയതുകൊണ്ട് അവളുടെ കെട്ടിയവന്‍ അണ്ടിഫാക്‍ടറിയില്‍ അണ്ടിതല്ലാന്‍ പോവുകയാണത്രെ.പെറ്റ് എഴുന്നേറ്റ് പോയിട്ട് അവളെക്കുറിച്ച് കുറേ നാളത്തേക്ക് ഒന്നും കേട്ടില്ല.പത്തുവര്‍ഷത്തിനു ശേഷമാണ് ജ്യോതിലക്ഷ്‌മി വീണ്ടും നാട്ടില്‍ എത്തിയത്.അവളുടെ കൂടെ അവളുടെ ഭര്‍ത്താവും രണ്ടുപെണ്‍കുട്ടികളും പുതിയ കാറില്‍ നിന്ന് ഇറങ്ങി.അവളിപ്പോള്‍ വെറും ജ്യോതി അല്ല.അനേകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ ആണ് !!!
ഏതോ അമ്പലത്തിലെ ആസ്ഥാന ജ്യോതിഷ ആണത്രെ!!!!

ജ്യോതിഷ വിധിപ്രകാരം ഏതോ മുതലാളിയുടെ ഭാര്യയുടെ മാറാരോഗം അവള്‍ അല്ല ജ്യോതിലക്ഷ്‌മി മാറ്റികൊടുത്തതുകൊണ്ട് ആ മുതലാളി അവള്‍ക്ക് പുതിയ കാറ് വങ്ങിച്ച് നല്‍കിയതാണത്രെ !കുറച്ച്
ദിവസങ്ങള്‍ക്ക് ശേഷം ആ മുതലാളി ജ്യോതിലക്ഷ്‌മിക്ക് പുതിയ വീട് വങ്ങിച്ച് കൊടുത്തു. ജ്യോതിലക്ഷ്‌ മിയുടെ വീടിനു മുന്നില്‍ ആളുകള്‍ ക്യു നില്‍ക്കാന്‍ തുടങ്ങി.വീട്ടിലെ പ്രശ്നങ്ങള്‍ക്കും, കച്ചവടപ്രശ്ന ങ്ങള്‍ക്കും , ദാമ്പത്യ പ്രശ്നങ്ങള്‍ക്കും എന്നു വേണ്ട എല്ലാത്തിനും ജ്യോതിലക്ഷ്‌മി പ്രശ്നപരിഹാരം നല്‍കാന്‍ തുടങ്ങി.ടിവി ചാനലില്‍ ജ്യോതിലക്ഷ്‌മി തന്നെക്കുറിച്ച് പരസ്യം നല്‍കി.ഒരു ടിവി ചാനലിന് അങ്ങോട്ട് പണം നല്‍കി ജ്യോതിഷ പരിപാടി നടത്താന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല.

പെട്ടന്ന് ഒരു ദിവസം നാട്ടിലെ പ്രശ്നപരിഹാരം നിര്‍ത്തി ജ്യോതിലക്ഷ്‌മി ദുബായില്‍ എത്തി.എങ്ങനെ
അവിടെ എത്തിയന്ന് ആര്‍ക്കും അറിയില്ല.പ്രശസ്‌ത ജ്യോതിഷ പണ്ഡിതയും ജെം സ്പെഷലിസ്റ്റും ആയജ്യോതിലക്ഷ്‌മി ദുബായില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് ടിവിയില്‍ പരസ്യം വന്നു. ദുബായില്‍ ചെന്നപ്പോള്‍ ജ്യോതിലക്ഷ്‌മി ജെം സ്പെഷലിസ്റ്റും ആയി.!!! പ്രശ്‌നപരിഹാരത്തിന് ആളുകള്‍ഇടിച്ചിടിച്ച് നില്‍ക്കുകയാണത്രെ !ജ്യോതിലക്ഷ്‌മിയുടെ പ്രശ്നപരിഹാരം നിര്‍ദ്ദേശ പ്രകാരം അനേകര്‍ക്ക്വീടൊക്കെ കിട്ടിയന്ന് പറയുന്നത് കേട്ടു.

കഴിഞ്ഞ ദിവസംഏതോ അറബിയുടെ പ്രശ്‌നപരിഹാരത്തിനു പോയിട്ട് വരുന്ന വഴി സ്വിച്ച് ഓഫ്ചെയ്തിരുന്ന മൊബൈല്‍ ജ്യോതിലക്ഷ്‌മി ഓണ്‍ ചെയ്തു.നാട്ടില്‍ നിന്ന് ഒരേ നമ്പരില്‍ നിന്ന് ഇരുപ തോളം മിസ്‌ഡ്‌കോള്‍ എത്തിയതായി മെസേജ് വന്നു.അതവളുടെ നാട്ടിലെ വീട്ടിലെ നമ്പരായിരുന്നു. അവളതില്‍തിരിച്ച് വിളിച്ചു എങ്കിലും ആരും എടുത്തില്ല.ജ്യോതിലക്ഷ്‌മി റൂമില്‍ എത്തിയപ്പോള്‍ നാലഞ്ചു ആളുകള്‍ഉണ്ടായിരുന്നു.അവരുടെ പ്രശ്നം നാട്ടില്‍ ഒരു വീട് ഇല്ലാത്തതായിരുന്നു.അവര്‍ക്ക് പ്രശ്‌ന പരിഹാരംനല്‍കുന്നതിനിടയില്‍ നാട്ടില്‍ നിന്ന് മകളുടെ ഫോണ്‍ കോള്‍...“അമ്മേ ഞങ്ങളെ മുതലാളി വീട്ടില്‍ നിന്ന്ഇറക്കി വിട്ടു...കാറും കൊണ്ടുപോയി...ഞങ്ങളിപ്പോള്‍ ഒരു കടത്തിണ്ണയില്‍ ആണമ്മേ... വീടുണ്ടാക്കാനുള്ളകാശ് ആയങ്കില്‍ തിരിച്ചു വാ അമ്മേ...” ജ്യോതിലക്ഷ്‌മി ഒന്നും പറയാതെ ഫോണ്‍ വെച്ചിട്ട് മുന്നിലിരിക്കുന്നവര്‍ക്ക് പ്രശ്നപരിഹാര ചാര്‍ത്ത് എഴുതി.

Sunday, April 27, 2008

ഭാഗവതര്‍ :

ഭാഗവതരുടെ അപ്പൂപ്പന്‍ഭാഗവതര്‍ രാജാവിന്റെ കൊട്ടാരത്തിലെ പാട്ടുകാരനായിരുന്നു. അപ്പൂപ്പന്‍ഭാഗ വതരുടെ പാട്ടില്‍ രാജാവ് അങ്ങ് ലയിച്ചിരിക്കും.രാജാവിന്റെ പള്ളിയുറക്കത്തിന് അപ്പൂപ്പന്‍ഭാഗവതരുടെ പാട്ട് രാജാവിന് നിര്‍ബന്ധമായിരുന്നു.അപ്പൂപ്പന്‍ഭാഗവതരുടെ പാട്ടിന് പ്രതിഫലമായി രാജാവ് 100
ഏക്കറും വലിയ ഒരു വീടും നല്‍കി.പക്ഷേ നമ്മുടെ ഭാഗവതര്‍ ജനിച്ചു കഴിഞ്ഞപ്പോഴേക്കും
ഭൂപരിഷ്കരണം നടപ്പിലായി,100 ഏക്കറും ഗവണ്മെന്റെ അങ്ങ് എടുത്തു.മിടുക്കുള്ള മന്ത്രിവരെ ഏക്കറു കണക്കിന് ഭൂമി ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പേരിലാക്കിയപ്പോള്‍ അപ്പന്‍ഭാഗവതര്‍ക്ക് കുരുട്ടുബുദ്ധി യില്ലാത്തതുകൊണ്ട് അത്തരം തരികിട ചെയ്തില്ല.

ഭാഗവതര്‍ എന്ന പേരുമാത്രം മിച്ചമാക്കി നമ്മുടെ ഭാഗവതര്‍ ജീവിച്ചു വന്നു.വല്ലപ്പോഴും സംഗീതം
പഠിക്കാന്‍ എത്തുന്നവരുടെ ദക്ഷിണ ആയിരുന്നു വരുമാനം.സംഗീതത്തിനു വേണ്ടി ജീവിതം മാറ്റിവച്ചതുകൊണ്ട് വിവാഹം കഴിക്കാനും പോയില്ല.ഇടിഞ്ഞു വീഴാറായ വീട്ടില്‍ ഭാഗവതര്‍ സംഗീതം പഠിക്കാന്‍വരുന്ന കുട്ടികളെ സ്വപ്നം കണ്ട് കാത്തിരുന്നു.പക്ഷേ ആരു എത്തിയില്ല.സ്കൂള്‍ യുവജനോത്സവത്തിനു പാടാന്‍ പോലും പാട്ടുപടിക്കാന്‍ ആരും എത്തിയില്ല.

ഒരു ദിവസം ഭാഗവതരുടെ വീട്ടിലേക്ക് ഒരാള്‍ കടന്നു വന്നു.ഭാഗവതര്‍ അയാളെ പ്രതീക്ഷയോടെ
നോക്കി.
”ആരാ ഇവിടെ പാട്ടു പഠിപ്പിക്കുന്നത് ?” അയാള്‍ ചോദിച്ചു.
“ഞാനാ..” ഭാഗവതര്‍ പറഞ്ഞു.
“ഡാന്‍സ് അറിയാമോ ?”അയാള്‍ ചോദിച്ചു.
”ഇല്ല”ഭാഗവതര്‍ പറഞ്ഞു.
“അഭിനയിക്കാന്‍ അറിയാമോ ?”അയാള്‍ ചോദിച്ചു.
”ഇല്ല”ഭാഗവതര്‍ പറഞ്ഞു.
അയാള്‍ പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി.ഇത്തരം അനുഭവം കുറേ ആയപ്പോള്‍ ഭാഗവതര്‍ കാര്യംഅന്വേഷിച്ചു.
“ഭാഗവതരേ,ഇപ്പോള്‍ സംഗീതം കൊണ്ട് മാത്രം കാര്യമില്ല ....പാട്ടുപാടികൊണ്ട് ഡാന്‍സ്
ചെയ്യാനും,അഭിനയിക്കാനും അറിയണം ....”ആരോ പറഞ്ഞു.
“പാട്ടുപാടികൊണ്ട് ഡാന്‍സ് ചെയ്യുകയോ ? അപ്പോള്‍ ആരോഹണ അവരോഹണം പിഴയ്ക്കുകയില്ലേ ?” ഭാഗവതര്‍ ചോദിച്ചു.
“എന്റെ ഭാഗവതരേ ഇപ്പോള്‍ പാട്ടിനു ആരോഹണ അവരോഹണം ഒന്നും ഇല്ല ...ടെമ്പോയും
,സംഗതിയുമേ ഉള്ളു..” ഭാഗവതര്‍ ഒന്നും പറയാതെ നടന്നകന്നു.

അന്നു രാത്രിയില്‍ പെയ്ത് കനത്ത മഴയില്‍ ഭാഗവതരുടെ വീട്ഇടിഞ്ഞു വീണു.ഭാഗവതര്‍ ഇടിഞ്ഞുവീണ വീട്ടില്‍ ജീവനു വേണ്ടി പിടയുമ്പോള്‍ ടിവി ചാനലിലെ റിയാലിറ്റി സംഗീതമത്സരത്തിലെ വിജയിക്ക് അമ്പത്‌ലക്ഷത്തിന്റെ ഫ്ലാറ്റ് നല്‍കുകയായിരുന്നു. സംഗീതസരസ്വതിക്ക് ഫ്ലാറ്റ്കാരുടെ ദക്ഷിണ!!!!!!!!! ഭാഗവതരുടെ ജീവനോടൊപ്പം സംഗീതസരസ്വതിയും ദേവലോകത്തേക്ക് പോയതാരും അറിഞ്ഞില്ല.

Friday, April 4, 2008

പ്രണയ മാര്‍ക്കറ്റിംങ്ങ് :

മൊബൈലിലേക്ക് അറിയാത്ത നമ്പരില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ വന്നപ്പോള്‍ അയാളത് കാര്യമാക്കിയില്ല .പിന്നീട് തുടര്‍ച്ചയായി ആ നമ്പരില്‍ നിന്നു തന്നെ മിസ്‌ഡ്കോള്‍ വന്നു തുടങ്ങിയപ്പോള്‍ അതാരാണന്ന് അറിയണമെന്ന് അയാ‍ള്‍ക്ക് തോന്നി.മൊബൈലില്‍ നിന്ന് വിളിക്കാതെ കോയിന്‍ ഫോണില്‍ നിന്ന് ആ നമ്പരിലേക്ക്വിളിച്ചു.രാഗാദ്രമായ പെണ്‍ശബ്ദ്ദം കേട്ട് അയാള്‍ക്ക് വാക്കുകള്‍ വഴിമുട്ടി.

രണ്ടു ദിവസം കഴിഞ്ഞിട്ട് അയാള്‍ മൊബൈലില്‍ നിന്ന് അവളെ വിളിച്ചു.അതൊരു തുടക്കമായിരുന്നു. അവളുടെ പ്രണയാദ്രമായ ശബ്ദ്ദം കേള്‍ക്കാന്‍ അയാള്‍ കാത്തിരുന്നു.അയാള്‍ക്ക് പ്രണയം അസ്ഥികളില്‍ പിടിച്ചു തുടങ്ങി.അവര്‍ ബീച്ചിലും, റസ്റ്റൊറന്റിലും , പാര്‍ക്കിലും സ്വപ്നങ്ങള്‍ പങ്കുവെച്ചു .

ഒരു ദിവസം അസ്തമനസൂര്യന്റെ നിഴലില്‍ കടല്‍ക്കരയില്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കു മ്പോള്‍ അയാള്‍ അവളോട് ചോദിച്ചു .”നീ എന്താ എന്നെ ഇഷ്ട്പ്പെട്ടത് ?” അവള്‍ സ്നേഹപൂര്‍വ്വം കഷണ്ടി ആക്രമിച്ചു തുടങ്ങിയ അയാളുടെതലയില്‍ പ്രണയപൂര്‍വ്വം വിരലുകള്‍ ഓടിച്ചു .അയാള്‍ക്ക് തന്റെ കഷണ്ടി തലയോട്ആദ്യമായി അമര്‍ഷം തോന്നി.അവള്‍ക്ക് നിതംബം മറഞ്ഞ് കിടക്കുന്ന തലമുടിയായിരുന്നു ഉള്ളത് .

“നമുക്ക് ഹെയര്‍ ഫിക്സിംങ്ങ് നടത്തിയാലോ ചേട്ടാ ?” അയാളുടെ തലയില്‍ തഴുകി കൊണ്ട് അവള്‍ പ്രണയ പൂര്‍വ്വം അയാളുടെ കാതില്‍ ചോദിച്ചു .അവളുടെ ചോദ്യംഅയാ‍ളുടെ ചങ്കില്‍ തറച്ചു. പലയി ടത്തുനിന്നും കടം വാങ്ങിച്ച് ‘കുട്ടപ്പാസ് ഹെയര്‍ ഫികിസിംങ്ങി‘ല്‍ പോയി തലയില്‍ ഹെയര്‍ വെച്ച് അയാള്‍ കുട്ടപ്പനായി.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ പട്ടണത്തില്‍ ചെന്നപ്പോള്‍ അവള്‍ മറ്റൊരാളുടെകൂടെ നില്‍ക്കുന്നു.അയാള്‍ കൂട്ടുകാരോട് അവളെക്കുറിച്ച് പറഞ്ഞു .അവളെ പലരോടൊപ്പം കണ്ടതായി കൂട്ടുകാര്‍ അയാളോട് പറഞ്ഞു . അവളോടൊപ്പം കണ്ടആണുങ്ങളെല്ലാം കഷണ്ടിക്കാരായിരുന്നു. തകര്‍ന്ന മനസ്സോടെ ഇരിക്കുന്ന അയാള്‍ക്ക് ഒരു കല്ല്യാണക്കുറി കിട്ടി.അതവളുടെ കല്ല്യാണക്കുറി ആയിരുന്നു.അതില്‍ അവളുടെ പേരിനു താഴെ അവളുടെ ജോലിയും എഴുതിയിട്ടുണ്ടായിരുന്നു. “സെയില്‍‌സ് മാനേജര്‍,കുട്ടപ്പാസ് ഹെയര്‍ ഫിക്‍സിംങ്ങ് “