Monday, May 12, 2008

ശോശക്കുട്ടിയുടെ പ്രാര്‍ത്ഥന :

പള്ളിയിലേക്ക് പുതിയതായി വന്ന അച്ചന്‍ എല്ലാ കുഞ്ഞാടുകളേയും അങ്ങ് നന്നാക്കി കളയാം എന്ന് വിചാരിച്ച് കപ്യാര് പയ്യനേയും കൂട്ടി ഭവനസന്ദര്‍ശനത്തിന് ഇറങ്ങി.ഒന്നാം ദിവസത്തെ ഭവന സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ അച്ചനാളുശരിയല്ലന്ന് കപ്യാര്‍ക്കും പത്താം ക്ലാസു തോറ്റ് പഠിപ്പുനിര്‍ത്തിയ കപ്യാരു ശരിയല്ലന്ന് അച്ചനും തോന്നി. പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിട്ടല്ല, അവര്‍ക്ക് അങ്ങനെയങ്ങ് തോന്നി.

രണ്ടാം ദിവസം അവര്‍ ഭവനസന്ദര്‍ശനത്തിനിടയില്‍ അവര്‍ ശോശക്കുട്ടിയുടെ വീട്ടില്‍ ചെന്നു.പേരിലൊരു കുട്ടിയുണ്ടങ്കിലും ശോശക്കുട്ടി വെറും ഒരു കുട്ടി അല്ലായിരുന്നു.പതിനഞ്ചും പത്തും വയസ്സുള്ള രണ്ടുകുട്ടികളുടെ അമ്മയും ഗള്‍ഫില്‍ ജോലിയുള്ള തോമസ്സ്കുട്ടിയുടെ ഭാര്യയും ആയിരുന്നു.പരിചയപ്പെട്ടുവന്നപ്പോള്‍ ശോശക്കുട്ടിയുടെ വകയിലുള്ള ഏതൊഒരമ്മായിയുടെ മോനായിട്ട് അച്ചന്‍ വരും.സംസാരത്തിനിടയില്‍ ശോശക്കുട്ടിയുടെ മകള്‍കുട്ടി ചായയുമായി വന്നു.ചായകൊടുക്കുമ്പോള്‍ കപ്യാ‍രു മകള്‍കുട്ടിയെ നോക്കി ചിരിക്കുന്നത് അച്ചന്‍ കണ്ടു.ചായ ഊതി
കുടിക്കുമ്പോള്‍ കപ്യാരു അച്ചനെ ഇറികണ്ണിട്ടു നോക്കി.അച്ചനത്രെ ആളു ശരിയല്ലല്ലോ !!!

കുശലങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അച്ചനും കപ്യാരും പ്രാര്‍ത്ഥിക്കാനായി എഴുന്നേറ്റു.എവിടെ നിന്നേ തപ്പിക്കൊണ്ടു വന്ന കീറത്തുണി തലയിലിട്ട് വാതില്‍പ്പടിയില്‍ ചാരി ശോശക്കുട്ടി പ്രാര്‍ത്ഥനയ്ക്ക് തയ്യാറെടുത്തു.മകള്‍കുട്ടിയും അമ്മയുടെ ചാരത്ത് തന്നെ നിലയുറപ്പിച്ചു.കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങിയ അച്ചന്‍ ഒരു നിമിഷം പ്രാര്‍ത്ഥന നിര്‍ത്തി.“ശ്ശ്...ശ്...ശ്...ശ്ശ്...”ആരോ വിളിക്കുന്നു.അച്ചന്‍ ചെവി വട്ടം പിടിച്ചു.വാതിക്കല്‍ നിന്നാണ് ശബ്ദം.ശോശക്കുട്ടിയുടെ മകള്‍ കുട്ടി കപ്യാരു പയ്യനെ വിളിക്കുകയാണന്ന് അച്ചന്‍ കരുതി.കപ്യാരെ രണ്ട് തെറി പറയണമെന്ന് അച്ചന്‍ മനസ്സില്‍ പറഞ്ഞു.

അച്ചന്റെ പ്രാര്‍ത്ഥനയുടെ ഒഴുക്ക് നിന്നപ്പോള്‍ കപ്യാരു പയ്യന്‍ അച്ചനെയൊന്ന് നോക്കി.അച്ചന്‍ വാതിക്കലോട്ട് പാളി നോക്കുന്നു.അച്ചന്‍ ശോശക്കുട്ടിയെ നോക്കുവാണന്ന് പയ്യന്‍ കരുതി.വീണ്ടും അച്ചന്‍ പ്രാര്‍ത്ഥന തുടര്‍ന്നു. “ശ്ശ്...ശ്...ശ്...ശ്ശ്...”ആരോ വിളിക്കുന്നു.പയ്യന്‍ അച്ചനെ നോക്കി.ശോശക്കുട്ടി അച്ചനെ വിളിക്കുവാണന്ന് പയ്യന്‍ കരുതി.

അച്ചന്‍ പ്രാര്‍ത്ഥന നിര്‍ത്തി. “ശ്ശ്...ശ്...ശ്...ശ്ശ്...” എന്ന ശബ്ദം ഇപ്പോഴും കേള്‍ക്കാം.അച്ചനും കപ്യാരും ഒരുമിച്ച് തിരിഞ്ഞ് നോക്കി.വാതില്‍പ്പടിയില്‍ ചാരി കണ്ണുകള്‍ അടച്ച് ശോശക്കുട്ടി അങ്ങ് പ്രാര്‍ത്ഥിക്കുകയാണ്.ഇപ്പോഴും പഴയ ശബ്ദം കേള്‍ക്കാം.“ശ്ശ്...ശ്...ശ്...ശ്ശ്...”.അച്ചന് പെട്ടന്ന് ലൈറ്റ് കത്തി.ശോശക്കുട്ടി സ്‌തോത്രം സ്‌തോത്രം എന്നാണ് പറയുന്നത്.ഭക്തികൊണ്ട് തോത്രം അങ്ങ് വിഴുങുന്നതുകൊണ്ട് ശ്..ശ്..ശ് എന്നെ കേള്‍ക്കുന്നുള്ളു. അച്ചനും കപ്യാരും വീട്ടില്‍ നിന്നിറങ്ങി.അപ്പോഴും ശോശക്കുട്ടി വിളിച്ചു കൊണ്ടിരുന്നു.“ശ്ശ്...ശ്...ശ്...ശ്ശ്...”.

Wednesday, May 7, 2008

സ്വപ്‌നം കാണുന്നവര്‍

സ്വപ്‌നം കാണുക,സ്വപ്‌നം കാണുക,കണ്ട സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുക.സ്വപ്‌നങ്ങള്‍ കണ്ടാലേഉയര്‍ന്നനിലയില്‍ എത്താന്‍ പറ്റുകയുള്ളൂ എന്ന് ആരോ പറഞ്ഞതിനു ശേഷമാണ് അയാള്‍ സ്വപ്‌നങ്ങള്‍കാണാന്‍ തുടങ്ങിയത്.

ഒന്നാമത്തെ സ്വപ്‌നം:
കൊടുകാട്ടിലെ ഇരുട്ടില്‍ അയാള്‍ ഒറ്റയ്ക്കായിരുന്നു.അയാള്‍ നിന്നതിന് അടുത്ത് ഒരു മരച്ചുവട്ടില്‍ രണ്ടു നിഴല്‍ രൂപങ്ങള്‍ എന്തോ കുഴിച്ചിടൂന്നത് അയാള്‍ കണ്ടു.നിഴല്‍ രൂപങ്ങള്‍ പോയതിനു ശേഷം അയാള്‍ മരച്ചുവട്ടില്‍എത്തി മണ്ണ് മാറ്റി നോക്കി.ഒരു കുടം!അയാള്‍ കുടം തുറന്നു നോക്കി.കുടം നിറയെ സ്വര്‍ണ്ണം.അയാള്‍ കുടംഎടുത്ത്കൊണ്ട് ഓടാന്‍ തുടങ്ങി.പെട്ടന്ന് അയാള്‍ക്ക് ചുറ്റും വെളിച്ചം നിറഞ്ഞു. അയാള്‍ കണ്ണു തുറന്നു നോക്കി.നേരം വെളുത്തിരിക്കുന്നു.

രണ്ടാമത്തെ സ്വപ്‌നം:
നാഗ്ന്മാരുടെ ലോകത്ത് അയാള്‍ എത്തപ്പെട്ടു.അയാളുടെ വേഷം നാഗത്തിന്റെ ആയിരുന്നു. നാഗന്മാരുടെഅതിഥിയായി അയാള്‍ അവിടെ താമസിക്കുകയായിരുന്നു.കൊട്ടാരത്തിന്റെ നിലവറയില്‍ ആരും കാണാതെഅയാള്‍ കയറി.സ്വര്‍ണ്ണങ്ങളും രത്നങ്ങളും ചാക്കില്‍ വാരിനിറച്ചു.നിലവറയില്‍ നിന്ന് പുറത്ത് കടന്ന അയാളുടെമുന്നില്‍ ഫണം ഉയര്‍ത്തി നൂറുകണക്കിന് നാഗങ്ങള്‍!അവ ഉഗ്രവിഷങ്ങള്‍ അയാളുടെ നേരെ തുപ്പി.കണ്ണില്‍വീണ വിഷം അയാള്‍ തുടച്ചു.തന്റെ കാഴ്ചയ്ക്ക് കുഴപ്പം ഒന്നും പറ്റിയിട്ടില്ല. കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി.മുന്നില്‍അമ്മ വെള്ളവുമായി നില്‍ക്കുന്നു.

മൂന്നാമത്തെ സ്വപ്‌നം:
ഭൂതത്തിന്റെ കൊട്ടാരത്തില്‍ എങ്ങനെ കയറിയന്ന് അയാള്‍ക്ക് അറിയില്ല.ഭൂതം എന്തിനോ കൊട്ടാരം വിട്ടറങ്ങിയതാണ്.കൊട്ടാരം നിറയെ സ്വര്‍ണ്ണമാണ്.ഭൂതം വരുന്നതിനു മുമ്പ് അതെല്ലാം എടുത്ത്കൊണ്ട് രക്ഷപെടണം.സ്വര്‍ണ്ണം എടുത്ത് ചാക്കില്‍ നിറച്ച് ഭൂതത്തിന്റെ മാന്ത്രിക കുതിരയില്‍ കയറിപ്പോയാല്‍ ഭൂതത്തിന് ഒരിക്കലുംതന്റെ പുറകെ വരാന്‍ പറ്റത്തില്ല.സ്വര്‍ണ്ണം ചാക്കില്‍ നിറച്ച് കുതിരപ്പുറത്ത് കയറിയ ഉടനെ ഭൂതം എത്തി.ഭൂതം മാന്ത്രിക വടി എടുത്ത് വീശിയ ഉടനെ അയാള്‍ കുതിരപ്പുറത്ത് നിന്ന് തെറിച്ച് താഴെവീണു.അയാള്‍ പതിയെ കട്ടിലിലേക്ക് കയറിക്കിടന്നു.

നാലാമത്തെ സ്വപ്‌നം?:
ഭിത്തി തുരന്ന് അയാള്‍ കെട്ടിടത്തിനകത്ത് കയറി.മുറിയില്‍ വലിയ അലമാരകള്‍ ആണ്.അയാള്‍ അലമാരയുടെപൂട്ടുകള്‍ ഓരോന്നായി തുറന്നു.അതിനകത്തുനിന്ന് സ്വര്‍ണ്ണ ഉരുപ്പടികള്‍ സഞ്ചിയിലേക്ക് ഇട്ടു.കെട്ടിടത്തിനുവെളിയിലേക്ക് ഇറങ്ങാന്‍ തിടങ്ങിയപ്പോഴാണ് അയാളുടെ കാല്‍ തട്ടി എന്തോ താഴെ വീണു.ശബ്ദ്ദം കേട്ട്കാവല്‍ക്കാര്‍ ഓടിയെത്തി.അവരുടെ നേരെ അയാള്‍ തന്റെ കൈയ്യിലെ ആയുധം പ്രയോഗിച്ചു.അവര്‍നിലത്ത് വീണയുടനെ അയാള്‍ ഓടി.എവിടക്കയോ മണി മുഴങ്ങുന്നു.തന്റെ പുറകെ വിസില്‍ ശബ്ദ്ദം മുഴങ്ങുന്നത് അയാള്‍ കേട്ടു.അയാള്‍ തിരിഞ്ഞുനോക്കി.ഒരു ലാത്തി തന്റെ തലയ്ക്ക് നേരെ വരുന്നു.ലാത്തി തലയില്‍തന്നെ കൊണ്ടു.അയാള്‍ നിലത്തേക്ക് വീണു.

കണ്ണുതുറക്കുമ്പോള്‍ അയാള്‍ അല്പവസ്ത്രധാരിയായി തറയില്‍ കിടക്കുകയായിരുന്നു.താന്‍ ഏതോ ജയിലിലാണന്ന്തിരിച്ചറിയാന്‍ അയാള്‍ക്ക് കുറേ സമയം എടുത്തു.കാവല്‍ക്കാരെ ആക്രമിച്ച് ബാങ്ക് കവര്‍ച്ച നടത്തിയ പ്രതിയെപോലീസ് ഓടിച്ചിട്ട് പിടിച്ച വാര്‍ത്ത ചാനലുകളില്‍ ഫ്ലാഷ് ന്യൂസായി കാണിച്ചു തുടങ്ങിയിരുന്നു.

Friday, May 2, 2008

വിവാഹംശേഷമുള്ള മാറ്റം

മകന്‍ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയപ്പോഴും അമ്മയ്ക്ക് അവന്‍ കൊച്ചുകുട്ടിയായിരുന്നു.കാരണം അമ്മയ്ക്ക് അവനും അവനു അമ്മയുമേ ഉള്ളായിരുന്നു.അമ്മയുടെ ഭര്‍ത്താവ് അതായത് അവന്റെ അച്ഛന്‍ അവന് നാലുവയസ്സുള്ളപ്പോള്‍ മരിച്ചതായിരുന്നു.തനിക്ക് വയ്യാതായി തുടങ്ങിയന്ന് കണ്ട് തുടങ്ങിയപ്പോള്‍ ‍അമ്മ അവനോട് ചില കാര്യങ്ങള്‍ ആവിശ്യപ്പെട്ടുതുടങ്ങി.അമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ പറഞ്ഞാലും തുണി അലക്കാന്‍ പറഞ്ഞാലും അവന്‍ ഓരൊന്നോരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും.ഒരു കാപ്പി ഇട്ടുകൊടുക്കാ‍ന്‍ പറഞ്ഞാലും അവന്‍ ചെയ്യാറില്ല. വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

തനിക്ക് കുനിഞ്ഞ് നിന്ന് തുണി അലക്കാന്‍ വയ്യാതായന്നും അതുകൊണ്ട് ഒരു വാഷിംങ്ങ് മെഷ്യിന്‍ വാങ്ങിച്ച് കൊടുക്കാ‍ന്‍ അമ്മ പറഞ്ഞിട്ട് ,കറണ്ട് ചാര്‍ജ് പിടിച്ചാല്‍ നില്‍ക്കില്ലന്ന് പറഞ്ഞ് അവന്‍ അത് ചെയ്തില്ല.അമ്മയുടെ ഓരോ ആവിശ്യങ്ങളും അവനങ്ങനെ തള്ളിക്കളഞ്ഞു.താന്‍ ഒരു ദിവസം മരിച്ചു പോയാല്‍ തന്റെ മകന്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് അമ്മ സങ്കടപ്പെട്ടു.അമ്മ അവന് വിവാഹംആലോചിക്കാന്‍ തുടങ്ങി.പെണ്ണിന് മുടിയില്ല,നടക്കുമ്പോള്‍ ഒരു ചരിവുണ്ട്,ഒരു കണ്ണിന്റെ കൃഷ്ണമണിചെറുതാണ്,വണ്ണമില്ല,മൂക്ക് പമ്മിയതാണ്,കൊമ്പല്ലുണ്ട്,ചിരിക്കുമ്പോള്‍ പല്ലുകാണുന്നില്ല, വലിയ നെറ്റിയാണ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് അമ്മ കൊണ്ടുവന്ന എല്ലാ കല്ല്യാണാലോചനകളും അവന്‍തള്ളിക്കളഞ്ഞു.അവസാനം അമ്മ മകനുവേണ്ടിയുള്ള കല്ല്യാണാലോചനപരിപാടി നിര്‍ത്തി. വിധിച്ചതല്ലേനടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ മകന്‍ തന്റെ സങ്കല്‍പ്പത്തിലുള്ള പെണ്ണിനെ കണ്ടെത്തി.അമ്മയ്ക്ക് പെണ്ണിനെ അത്രയ്ക്ക് അങ്ങ് ഇഷ്ട്‌പ്പെട്ടില്ലങ്കിലും വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു. വിവാഹം കഴിഞ്ഞു.അമ്മ കത്തിച്ചുകൊടുത്ത നിലവിളക്കൂം വാങ്ങി അവള്‍ അവന്റെ കൈ പിടിച്ച് വലതുകാല്‍ വച്ച് വീട്ടിലേക്ക് കയറി. വിവാഹത്തിരക്കിന്റെ ക്ഷീണം ഉള്ളതുകൊണ്ട് അമ്മ നേരത്തെ കിടന്നു.ക്ഷീണം ഉള്ളതു കൊണ്ട് പെട്ടന്ന് ഉറങ്ങുകയും ചെയ്തു.പിറ്റേന്ന് അടുക്കളയില്‍ പാത്രങ്ങള്‍ അനങ്ങുന്ന ശബ്ദ്ദം കേട്ടാ‍ണ് അമ്മ കണ്ണ് തുറന്നത്.കാപ്പിയുടെ മണം വരുന്നു.നേരം വെളുക്കുന്നതിനുമുമ്പു തന്നെ തന്റെ മരുമകള്‍ എഴുന്നേറ്റ് കാപ്പിയൊക്കെ ഇടുന്നല്ലോ എന്ന് അമ്മ ചിന്തിച്ചു.തന്റെ മകന്റെ ഭാഗ്യം.അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.അടുക്കളയില്‍ നില്‍ക്കുന്നാളെ കണ്ട് അമ്മ കണ്ണുതിരുമ്മി നോക്കി.തന്റെ മകന്‍ആദ്യമായി അടുക്കളയില്‍ കയറി കാപ്പിയിടുന്നു.!!!! കാപ്പി രണ്ട് ഗ്ലാസിലാക്കി മകന്‍ അവന്റെ മുറിയിലേക്ക്പോയി.വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

രാവിലെ തുണി അലക്കാന്‍ അവനും അവളും കൂടി അലക്കുകല്ലിന്റെ അടുത്തേക്ക് പോകുന്നത് അമ്മ കണ്ടു.അവള്‍ സോപ്പ് തേച്ച് കൊടുക്കുന്ന തുണി അവന്‍ അടിച്ചു പിഴിയുന്നത് കണ്ട് അമ്മയുടെ ചങ്ക്പിടിഞ്ഞു എങ്കിലും വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

Thursday, May 1, 2008

അച്ചനും വലിയമെത്രാനും പിന്നെ യൂദായും

അച്ചന്‍ മരിച്ചു സ്വര്‍ഗ്ഗവാതിക്കല്‍ ചെന്നു.പത്രോസ് സ്വര്‍ഗ്ഗവാതിക്കല്‍ ജീവന്റെ പുസ്തകവുമായി ഇരിപ്പിണ്ടു.അച്ചന്‍ നോക്കിയപ്പോള്‍ സ്വര്‍ഗ്ഗവാതിക്കല്‍ നല്ല ക്യുവാണ് .അച്ചന്‍ ക്യു ഒന്നുംനില്‍ക്കാതെ നേരെ പത്രോസിന്റെ മുന്നില്‍ ചെന്നു നിന്നു.അച്ചന്‍ ഇടിച്ചു കയറിവന്നത് പത്രോസിന് ഇഷ്ട്‌പ്പെട്ടില്ല. ക്യുവിന്റെ അവസാനം പോയി നില്‍ക്കാന്‍ പത്രോസ് പറഞ്ഞു.അത് കേള്‍ക്കാത്ത
ഭാവത്തില്‍ അച്ചന്‍ നിന്നു.പത്രോസ് ബെല്ലമര്‍ത്തി.പെട്ടന്ന് രണ്ട് മാലാഖമാര്‍ വന്ന് അച്ചന്റെ ചെവിക്ക്പിടിച്ച് പൊക്കി ഒരേറ് കൊടുത്തു.അച്ചന്‍ കുണ്ടി അടിച്ച് ക്യൂവിന്റെവസാനം ചെന്നു വീണു.

“കര്‍ത്താവിനെ ഒന്നു കാണട്ടടാ ...നിന്നെ ഒക്കെ കാണിച്ചു തരാം...”അച്ചന്‍ വേദന മറന്ന് അലറി.

ആദ്യമായിട്ടാണ് ക്യുവില്‍ നില്‍ക്കുന്നത് .നാലഞ്ച് മണിക്കൂര്‍ ക്യൂവില്‍ നിന്നിട്ടാണ് അച്ചന്‍ പത്രോസിന്റെമുന്നില്‍ എത്തിയത് .

അച്ചന്‍ പേരും വയസ്സും സ്ഥലവും പറഞ്ഞു കൊടുത്തു.പത്രോസ് ജീവന്റെ പുസ്തകം പരിതി.ജീവന്റെ പുസ്തകം അരമണിക്കൂര്‍ അരിച്ചുപറക്കിയിട്ടും അച്ചന്റെ പേര് കണ്ടില്ല.

പത്രോസ് അച്ചനെ നോക്കി. 

“അച്ചോ അച്ചന്റെ പേര് ജീവന്റെ പുസ്തകത്തില്‍ ഇല്ല.നരകത്തില്‍ പോകാന്‍ തയ്യാറെടുത്തോ ?” 

അതു  പറഞ്ഞതും പത്രോസ് ജീവന്റെ പുസ്തകം അടച്ചു.അച്ചന്‍ പത്രോസിന്റെ ചെവിയുടെ അടുത്ത് ചെന്ന് മന്ത്രിച്ചു.

”പത്രോസേ ഞങ്ങള്‍ രസീത് എഴുതുന്നതുപോലെ ഇവിടെ ഓഡിറ്റ് ചെയ്യാന്‍ കൊടുക്കാത്തജീവന്റെ പുസ്തകത്തില്‍ എന്റെ പേരുണ്ടോന്ന് ഒന്നു നോക്കിക്കേ ....”

അച്ചന്റെ ധാര്‍ഷ്‌ട്യം പത്രോസിന് പിടിച്ചില്ല .

”അച്ചോ ഇവിടെ ഒരൊറ്റ ജീവന്റെ പുസ്തകമേ ഉള്ളൂ...” ഇതു കേട്ടയുടനെ അച്ചന്‍ ചക്കവെട്ടിയിടുന്നതുപോലെ ബോധം മറഞ്ഞ് താഴെ വീണു.... ബോധം തെളിഞ്ഞപ്പോള്‍ അച്ചന്‍ പതം പറഞ്ഞ് കരയാന്‍ തുടങ്ങി.

അരമന പണിഞ്ഞതും പത്ത് പള്ളി പണിതതും അമ്പത് കുരിശുപള്ളിപണിതതും നാലഞ്ച് ആശുപത്രിയും കോളേജ് പണിതതും ഒക്കെ എണ്ണിപ്പറക്കി പറഞ്ഞ് അച്ചന്‍ വലിയവായില്‍ കരഞ്ഞു. എത്ര കരഞ്ഞിട്ടിട്ടും തന്നെ ആരും ഒന്നു നോക്കുന്നുപോലുമില്ലന്ന് അച്ചന് തോന്നി. കരഞ്ഞ്കരഞ്ഞ്
തൊണ്ടയിലെ വെള്ളം പറ്റി.

”പത്രോസേ...ഇച്ചിരി വെള്ളമെങ്കിലും എനിക്ക് തായോ...” അച്ചന്റെ
അപേക്ഷ കേട്ട് പത്രോസ് വെള്ളം കൊണ്ടു വരാന്‍ പറഞ്ഞു. വെള്ളം കൊണ്ട് വരുന്ന ആളെ അച്ചന്‍ സൂക്ഷിച്ചുനോക്കി.-- ശവക്കുഴിവെട്ടുകാരന്‍ പാപ്പി!!.

ഇരുപത്തിനാലുമണിക്കൂറും വെള്ളമടിച്ച് കറങ്ങി നടന്ന ഇവനെങ്ങനെ സ്വര്‍ഗ്ഗത്തില്‍ എത്തി..ഇരുപത്തിനാലും പള്ളിയില്‍ കുത്തിയിരുന്ന തന്നെ നരകത്തില്‍ പറഞ്ഞുവിടുകയാണ് . പിന്നെങ്ങനെയാണ് പാപ്പി സ്വര്‍ഗ്ഗത്തില്‍ കയറിപറ്റിയത്.അച്ചന് ദേഷ്യം വന്നു.

“പത്രോസേ... കോപ്പിലെ പരിപാടിയാ നിങ്ങളെന്നോട് കാണിക്കുന്നത്. പള്ളിമേട പണിയാനും പള്ളിപണിയാനും സംഭാവന തരാത്തവനാ ഈ പാപ്പി.... സാത്താന്റെ പുറകെ പോയതുകൊണ്ട് ഞാനിവനെ തെമ്മാടിക്കുഴിയിലാ അടക്കിയത്.. തെമ്മാടിക്കുഴിയില്‍ അടക്കിയവന്‍ എങ്ങനെയാണ് സ്വര്‍ഗ്ഗത്തില്‍ എത്തിയത് ????? ” 

“അച്ചനിവനെ തെമ്മാടിക്കുഴിയില്‍ അടക്കി എന്നതു കൊണ്ടുമാത്രമാണ് പാപ്പി സ്വര്‍ഗ്ഗത്തില്‍ കയറിവന്നത് “പത്രോസ് ഇതു പറഞ്ഞതും എഴുന്നേറ്റു.

“പത്രോസേ...എന്നെ എന്തിനാ നരകത്തില്‍ വിടുന്നത് എന്ന് പറഞ്ഞിട്ട് പോ..”അച്ചന്‍ പത്രോസിനെതടഞ്ഞു.ഈ കാര്യങ്ങളൊക്കെ അറിയാവുന്നത് യോഹന്നാനാണന്നും താന്‍ പോയി യോഹന്നാനെ പറഞ്ഞ് വിടാമെന്ന് പറഞ്ഞ് പത്രോസ് പോയി.അഞ്ചു മിനിറ്റിനകം യോഹന്നാന്‍ വന്നു. 

യോഹന്നാനോടും അച്ചന്‍ ചോദ്യം ആവര്‍ത്തിച്ചു.യോഹന്നാന്‍ അച്ചനെ സ്വര്‍ഗ്ഗവാതിലിനോട് ചെര്‍ന്നുള്ള കമ്പ്യൂട്ടര്‍ റൂമിലേക്ക് കൊണ്ടു പോയി.അച്ചന്റെ പേരും വയസ്സും സ്ഥലവും എന്റെര്‍ ചെയ്തുകഴിഞ്ഞപ്പോള്‍ മോണീട്ടറില്‍ അച്ചന്റെ ചെയ്തികള്‍ തെളിഞ്ഞു. ചാത്തകുര്‍ബ്ബാന ചെല്ലുന്നതിന് കാശ് വാങ്ങുന്നതും ,ശവമടക്കിന് കാശുവാങ്ങുന്നതും ഒക്കെ മോണിട്ടരില്‍ തെളിഞ്ഞു.സ്കൂളില്‍ അഡ്മിഷന്‍ കൊടുക്കുന്നതിനും മെഡിക്കല്‍ കോളേജ് അഡിമിഷനും ഒക്കെപിള്ളാരുടെ കൈയ്യില്‍ നിന്ന് കാശുവാങ്ങുന്നതും മോണിട്ടറില്‍ തെളിഞ്ഞു.

”എന്റെ എല്ലാ ചെയ്തികളും ഇതില്‍ ഉണ്ടോ ?”അച്ചന്‍
ചോദിച്ചു.

“ഉണ്ടല്ലോ..എല്ല്ലാം കാണണോ ?” യോഹന്നാന്‍ ചോദിച്ചു.

”വേണ്ടാ..”അച്ചന്‍ പറഞ്ഞു.

“മെത്രാന്റെ ചെയ്തികളും ഇതില്‍ കാണാന്‍ പറ്റുമോ?അച്ചന്‍ ചോദിച്ചു“ഉവ്വ്..”യോഹന്നാന്‍ പറഞ്ഞു.

“യോഹന്നാന്‍ എനിക്കൊരു സഹായം ചെയ്യണം ....വലിയ മെത്രാച്ചന്‍ ഇന്നോ നാളയോ എന്ന് പറഞ്ഞ് കൈയ്യാലെപ്പുറത്തെ തേങ്ങ പോലെ കിടപ്പിലാണ് .. മെത്രാച്ചന്‍ വരുന്നതു വരെ എന്നെനരകിത്തിലോട്ട് വിടരുത്..മെത്രാച്ചന്‍ എത്തിയാലുടനെ ഞങ്ങളൊരുമിച്ച് നരകത്തിലേക്ക് പൊയിക്കോളാം...”അച്ചന്‍ പറഞ്ഞു.

“വലിയ മെത്രാച്ചന്‍ നരകത്തില്‍ പോകുമെന്ന് അച്ചനെന്താ ഇത്രെ ഉറപ്പ് ?” യോഹന്നാന്‍ ചോദിച്ചു.

അച്ചനൊന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു.”ഞാന്‍ നരകത്തില്‍ പോകുമെങ്കില്‍ വലിയ മെത്രാച്ചനും നരകത്തിലോട്ട് തന്നെ ആയിരിക്കും... ഞാന്‍ വാങ്ങിയതിന്റെ ഇരട്ടിയുടെ ഇരട്ടിയാ വലിയ മെത്രാച്ചന്‍വാങ്ങിച്ചത് ....?

വലിയ മെത്രാച്ചന്‍ വരുന്നതും കാത്ത് അച്ചന്‍ രണ്ടു ദിവസം സ്വര്‍ഗ്ഗവാതിക്കല്‍ കാത്തിരുന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വലിയ മെത്രാച്ചന്‍ എത്തി.തന്നെ സ്വീകരിക്കാന്‍ മാലാഖമാരൊക്കെ
കാണുമെന്നാണ് മെത്രാന്‍ വിചാരിച്ചിരുന്നത്.പക്ഷേ ആരും സ്വീകരിക്കാന്‍ എത്തിയില്ല. അച്ചന്‍ വാതിക്കല്‍ കുത്തി ഇരിക്കുന്നത് മെത്രാന്‍ കണ്ടു.തന്നെ കണ്ടിട്ടും തന്റെ കൈ മുത്താന്‍ അച്ചന്‍
വരാത്തതില്‍ മെത്രാന് ശുണ്ഠി വന്നു.

മെത്രാന്‍ അച്ചന്റെ അടുത്തു വന്നിട്ട് ചോദിച്ചു.”താനെന്താ എന്നെ
കണ്ടിട്ട് എന്റെ കൈമുത്താന്‍ വരാതിരുന്നത് ?”

“കൈ മുത്തിയിട്ടൊന്നും ഒരു കാര്യവുമില്ല...സംസാരിച്ച് നില്‍ക്കാതെ പെട്ടന്ന് പോയി ക്യുവില്‍ നിന്നാല്‍നമുക്കൊരിമിച്ച് ഇന്നു തന്നെ നമ്മുടെ സ്ഥലത്ത് പോകാം ...”

മെത്രാന്‍ ഇടിച്ച് കയറി ക്യൂവിന്റെ മുന്നില്‍ ചെന്നു.മാലാഖമാര്‍ വലിയ മെത്രാച്ചന്റെയും ചെവിക്ക് പിടിച്ച്ക്യൂവിന്റെ പുറകില്‍ എത്തിച്ചു.ജീവന്റെ പുസ്തകത്തില്‍ വലിയ മെത്രാച്ചന്റെയും പേരില്ലായിരുന്നു. വലിയ മെത്രാച്ചനും പത്രോസിനോട് തര്‍ക്കിച്ചു.പത്രോസ് ഉടനെ തന്നെ യോഹന്നാനെ വിളിച്ചു വരുത്തി.

യോഹന്നാന്‍ വലിയ മെത്രാച്ചനെ കമ്പ്യൂട്ടര്‍ റൂമിലേക്ക് കൊണ്ടു പോയി.അരമണിക്കൂര്‍ കഴിഞ്ഞ് കമ്പ്യൂട്ടര്‍ റൂമില്‍ നിന്ന് വലിയമെത്രാച്ചന്‍ ഇറങ്ങിവരുന്നത് അച്ചന്‍ കണ്ടു.“എല്ലാം മുകളില്‍ ഇരുന്ന് ഒരുത്തന്‍ കാണുന്നുണ്ട് എന്നു പറയുന്നത് സത്യമാണന്ന് എനിക്കിപ്പോഴാ അച്ചോ മനസ്സിലായത് ...” വലിയമെത്രാച്ചന്‍ അച്ചനോട് പറഞ്ഞു.

“എനിക്കത് രണ്ടു ദിവസം മുമ്പാമനസ്സിലായത് ?” അച്ചന്‍ പറഞ്ഞു. അച്ചനും വലിയമെത്രാച്ചനും കൂടി പത്രോസിന്റെ മുന്നില്‍ ചെന്നു.തങ്ങള്‍ക്ക് കര്‍ത്താവിനെ ഒന്നു കാണണമെന്ന് പറഞ്ഞു.

കര്‍ത്താവിന്റെ അടുത്തേക്ക് യോഹന്നാന്‍ അവരെ കൊണ്ടുപോയി.കര്‍ത്താവിന്റെ കൂടെ നില്‍ക്കുന്ന ആളെ കണ്ട് അച്ചനും വലിയമെത്രാച്ചനും മുഖത്തോടുമുഖം നോക്കി.യൂദ!!! കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദ !!! 

“നിങ്ങളെന്താണ് യൂദായെ സൂക്ഷിച്ച് നോക്കുന്നത് ....” കര്‍ത്താവിന്റെ ശാന്തശബ്ദ്ദം കേട്ട് അവര്‍ കര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി.

“കര്‍ത്താവേ യൂദായെ ആരാ സ്വര്‍ഗ്ഗത്തില്‍ കയറ്റി ഇരുത്തിയത് ? ഇവനല്ലിയോ കര്‍ത്താവേ, കര്‍ത്താവിനെ ഒറ്റിക്കൊടുത്തത് ..യൂദാ നരകത്തില്‍ പോയന്നാ ഞങ്ങള്‍ ഭൂമിയില്‍ പ്രസംഗിച്ചത് ...”അച്ചനും
വലിയമെത്രാച്ചനും ഒരുമിച്ചാണ് പറഞ്ഞത് .... 

കര്‍ത്താവ് ഒന്നും പറയാതെ തന്റെ സിംഹാസത്തില്‍
നിന്ന് എഴുന്നേറ്റ് നിലത്തേക്ക് ഇരുന്ന് എന്തക്കയോ എഴുതാന്‍ തുടങ്ങി.അച്ചനും വലിയമെത്രാച്ചനും കര്‍ത്താവ് എഴുതുന്നത് നോക്കി.

“എന്നാലും കര്‍ത്താവേ നിന്റെ കൂടെ നടന്നിട്ടാ യൂദാ നിന്നെ ഒറ്റിക്കൊടുത്തത് “വലിയമെത്രാ ച്ചന്‍ പറഞ്ഞു.


കര്‍ത്താവിന്റെ മുഖഭാവം മാറി.കര്‍ത്താവിന്റെ കല്ല് പിളര്‍ക്കാന്‍ ശക്തിയുള്ള ശബ്ദ്ദം ഉയര്‍ന്നു.ഭൂമികുലുങ്ങി.എവിടക്കയോ വെള്ളിടി വെട്ടി.കര്‍ത്താവിന്റെ ശബ്ദ്ദത്തിന്റെ ശക്തിയില്‍ അവരിരുവരും നരകത്തിലേക്ക് തെറിച്ചു വീണു.നരകത്തിലേക്കുള്ള വീഴ്ച്‌യില്‍ കര്‍ത്താവിന്റെ ശബ്ദ്ദം അവര്‍ കേട്ടു. “യൂദാ.,.മുപ്പത് വെള്ളിക്കാശിന് എന്നെ വിറ്റു എങ്കിലും അവന്‍ പശ്ചാത്തപിച്ചു... നിങ്ങളോ ? എന്നെ വിറ്റ് കോടിക്കണക്കിന് രൂപ അല്ലേ ദിവസവും ഉണ്ടാക്കുന്നത് ?“

ഈ ചോദ്യം ഭൂമിയിലും ഉത്തരം കിട്ടാതെ മുഴങ്ങുകയാണ് ഇപ്പോഴും!!!!!!!!!!!!!........കഥയ്ക്ക് വേണ്ടിയുള്ള ഒരു കഥമാത്രമാണിത്.........