Tuesday, January 19, 2010

സെയില്‍‌സ് ഗേള്‍

അവള്‍ നഗരത്തിലെ തുണിക്കടയില്‍ സെയില്‍‌സ് ഗേളായിരുന്നു.

അയാളുടെ മകളും അവളും കൂട്ടുകാരികളായിരുന്നു.

അയാളുടെ മകന് അവളോട് പ്രണയമായിരുന്നു.

അവള്‍ക്കും അവനോട് പെരുത്ത ഇഷ്ടമായിരുന്നു.

അവളെ തനിക്ക് ഇഷ്ടമാണന്നും അവളെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നും അവന്‍ തന്റെ അപ്പനോട് പറഞ്ഞു.

വീടു കാണാന്‍ വന്ന അവളുടെ വീട്ടുകാരോട് അയാള്‍ പറഞ്ഞു.”കടയില്‍ സാധനം എടുത്തുകൊടുക്കാന്‍ നില്‍ക്കുന്ന ഒരു പെണ്ണിനെ കെട്ടേണ്ട ഗതികേട് എന്റെ മോനില്ല”

സ്ത്രിധനമായിട്ട് രണ്ടു ലക്ഷം രൂപാ തരുവാണങ്കില്‍ നീ അവളെ കെട്ടിക്കോളാന്‍ അയാള്‍ മകനോട് പറഞ്ഞു.

മാസം രണ്ടായിരം രൂപാ ശമ്പളം കിട്ടുന്ന അവള്‍ക്കെങ്ങനെ രണ്ടു ലക്ഷം രൂപാ ഉണ്ടാക്കാന്‍ പറ്റും.??

അവളുടെ കഷ്ടപ്പാടുകള്‍ കണ്ട് മനസലിഞ്ഞ ആരോ ഒരാള്‍ നല്‍കിയ വിസയില്‍ അവള്‍ ഗള്‍ഫില്‍ എത്തി.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ നാട്ടില്‍ എത്തിയപ്പോള്‍ അയാള്‍ തന്റെ മകനുവേണ്ടി പെണ്ണുകാണാന്‍ അവളുടെ വീട്ടിലെത്തി.

“സ്ത്രിധനമായിട്ട് എന്തുകിട്ടണാമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ?” അവളുടെ അപ്പന്‍ അയാളോട് ചോദിച്ചു.

“നിങ്ങളുടെ പെണ്ണിന് എന്താണന്ന് വച്ചാല്‍ നിങ്ങള്‍ങ്ങ് കൊടുത്താല്‍ മതി“ അയാള്‍ പറഞ്ഞു.

കല്യാണ കഴിഞ്ഞ ദിവസം അയാളോട് ആരോ ചോദിച്ചു.“കടയില്‍ സാധനം എടുത്തുകൊടുക്കാന്‍ നില്‍ക്കുന്ന പെണ്ണിനെ നിങ്ങളുടെ മോനെക്കൊണ്ട് കെട്ടിക്കുന്നില്ല എന്ന് പറഞ്ഞിട്ട് അവന്‍ അവളെതന്നെ കെട്ടിയല്ലോ ..?”

“അവളിന്ന് സാധനമെടുത്തുകൊടുക്കുന്ന പെണ്ണൊന്നും അല്ല. ഗള്‍ഫിലെ ഒരു കടയില്‍ കസ്റ്റമയര്‍ അഡ്‌വൈസറാ..” അയാള്‍ പറഞ്ഞു.

“രണ്ടു ഒന്നും തന്നെയല്ല്ലേ ?” ചോദ്യം ചോദിച്ച ആള്‍ക്ക് വീണ്ടും സംശയം.

“രണ്ടും ഒന്നു തന്നെയാണങ്കിലും അവളിപ്പോള്‍ ഗള്‍‌ഫിലല്ലേ?” അയാള്‍ പറഞ്ഞു.