Tuesday, August 26, 2008

പെര്‍ഫോര്‍മന്‍‌സ് ഇല്ലാത്ത പാട്ടുകാരന്‍ :

അവന്‍ പാടിതീര്‍ന്നപ്പോള്‍ നിലയ്ക്കാത്ത കൈയ്യടി ആയിരുന്നു.അവരാരും അവന്‌വേണ്ടി കൂലിക്ക് കൈയ്യടിച്ചവര്‍ അല്ലായിരുന്നു.അത്രയ്ക്ക് നല്ല പാട്ടായിരുന്നു അവന്റേത്.ഗന്ധര്‍വ്വന്റെ പാട്ടുപോലെ മനോഹരം.കടിച്ചുകീറാന്‍ നില്‍ക്കുന്ന കാട്ടുചെന്നായ്ക്കളെപ്പോലെ അവര്‍ അവനുചുറ്റും വട്ടം കൂട്ടിയപ്പോള്‍ അവന്‍ പേടിച്ചില്ല.അവര്‍ ആകെ അഞ്ചുപേര്‍ ,നാലു ജഡ്‌ജസും ഒരു അവതാരകയും!!!അല്പവസ്ത്രധാരിയായ അവതാരക അവനെജഡ്‌ജസിന്റെ മുന്നിലേക്ക് തൂക്കാന്‍ കൊണ്ടുപോകുന്ന കുറ്റവാളിയെപ്പോലെ നയിച്ചു.തന്റെ സമയം എണ്ണപ്പെട്ടുകഴിഞ്ഞു എന്നവന് തോന്നിയതുകൊണ്ടായിരിക്കണം അവന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.സംഗീതമത്സരത്തില്‍ പങ്കെടുത്തു എന്ന ഒരേഒരു കുറ്റം മാ‍ത്രമേ അവന്‍ ചെയ്തിട്ടുള്ളായിരുന്നു.അവതാരക കണകുണാഇംഗ്ലീഷില്‍ പറഞ്ഞത് അവന് മനസിലായില്ല.താന്‍ പറഞ്ഞത് ഒരു മഹത്തരമായ തമാശ ആണന്നുള്ളരീതിയില്‍ അവതാരക പൊട്ടിച്ചിരിച്ചപ്പോള്‍ അവനും ചിരിച്ചു.അവള്‍ ചിരിച്ചത് തന്റെ കൊലച്ചിരിയാണന്ന്അവന് മനസിലായിക്കാണണം.

അവള്‍,അവതാരക അവന്റെ കുറ്റത്തിനുള്ള ശിക്ഷ എന്താണന്ന് അറിയാന്‍ അവനെ വിധിക്കാനും വധിക്കാനുംഅധികാരം ചാര്‍ത്തിക്കിട്ടിയവരുടെ മുന്നിലേക്ക് അവനെ എറിഞ്ഞു കൊടുത്തു.അവരുടെ വിധി എന്താണങ്കിലുംതനിക്ക് കുഴപ്പമില്ലന്നുള്ള മട്ടില്‍ അവന്‍ കറുത്തകണ്ണടയുടെ മറയില്‍ പുഞ്ചിരിച്ചു കൊണ്ട് നിന്നു.തങ്ങളാണ്സംഗീതത്തിലെ സപ്തസ്വരങ്ങള്‍ ചിട്ടപ്പെടുത്തിയത് എന്ന ഗര്‍വ്വില്‍ അവന്റെ സ്വരത്തേയും പാട്ടിനേയുംഉച്ചാരണത്തേയും അവര്‍ കടിച്ചു കീറി.സംഗതി നന്നായില്ല,ചരണം നന്നായില്ല,അനുപല്ലവി താണുപോയി,നാലാമത്തെ വരിയുടെ അവസാനത്തെ നീട്ടം കുറച്ചുകൂടി കൂട്ടാമായിരുന്നു ഇങ്ങനെ അവരുടെ കുറ്റാരോപണങ്ങള്‍നീണ്ടുപോയി.ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ അവന്‍ നിന്നു.

അവസാനം അവനെ കുറ്റംവിധിക്കാന്‍ ഗസ്റ്റ് ആരാച്ചാര്‍ സിനിമാനടി മൈക്ക് എടുത്തു.അവളുടെ ആരോപണംഅവന്റെ ഉച്ചാരണം ശരിയായില്ല,അവന്റെ ഡ്രസ്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ ആയിരുന്നു.അവളുടെ ഉച്ചാരണ ശുദ്ധികൊണ്ട് നാളിതുവരെയുള്ള പടങ്ങളില്‍ അവളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാന്‍ ആരുംതയ്യാറായിട്ടില്ലായിരുന്നു.അവള്‍ എപ്പോഴും നന്നായി ഡ്രസ്സ് ധരിക്കുന്നതുകൊണ്ട് സിനിമായിലും ജീവിതത്തിലുംഅവള്‍ക്ക് ഒരു മുഴും തുണി തികച്ച് വേണ്ടായിരുന്നു.

അവന്റെ സമയം എണ്ണപ്പെട്ടു കഴിഞ്ഞു.ശവം എടുത്തോണ്ട് പോകുമ്പോഴുള്ള സംഗീതം ബാക്ക് ഗ്രൌണ്ട്മ്യൂസിക്കായി നിറഞ്ഞു.അവന്റെ ശിക്ഷ വിധിക്കുന്നു.അവനെതിരെയുള്ള ആരോപണങ്ങള്‍ വധകര്‍ത്താക്കള്‍അവനെ വായിച്ചുകേള്‍പ്പിച്ചു.പാട്ട് കൊള്ളാം പക്ഷേ സ്റ്റേജ് പെര്‍ഫോര്‍മന്‍സ് പോരാ...ഡാന്‍സ് ചെയ്യാന്‍അറിഞ്ഞു കൂടാ...പാട്ടിനനുസരിച്ചുള്ള ഡ്രസ്‌കോഡ് ഇല്ല ...കളര്‍‌കോമ്പിനേഷന്‍ ഇല്ല .... ശബ്ദ്ദത്തിന്ഭാവം ഉണ്ടങ്കിലും മുഖത്ത് ഭാവം വരുന്നില്ല .... അവന്റെ മരണമണി അവര്‍ മുഴക്കി.തങ്ങളുടെ വിധിയില്‍അവന്‍ പൊട്ടിക്കരയുമെന്ന് അവര്‍ കരുതി.അവന്റെ കണ്ണീര്‍ വിറ്റ് കാശാക്കാന്‍ വേണ്ട് ക്യാമറക്കണ്ണുകള്‍അവന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്തു.ഇല്ല അവന്റെ ചിരിക്ക് ഒരു മാറ്റവും ഇല്ല ...കറുത്തകണ്ണടയുടെമറമാറ്റി അവന്‍ കണ്ണ് തുടയ്ക്കുമെന്ന് അവര്‍ കരുതി.പക്ഷേ അതുണ്ടായില്ല ....

“ബിഥോവനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ‌?”അവന്‍ തന്നെ വിധിച്ചവരോട്(?) ചോദിച്ചു.ആരാണപ്പാ ഈബിഥോവന്‍ അവര്‍ പരസ്പരം നോക്കി.തങ്ങളെക്കാള്‍ വലിയ വിധികര്‍ത്താവായ അവന്‍ ആരാണ്? ബിഥോവന്‍ഓഡിയേഷന്‍ റൌണ്ടിലേ പുറത്തായി എന്ന് പറഞ്ഞ് അവതാരക പൊട്ടിച്ചിരിച്ചു.അവള്‍ പറഞ്ഞത് ശരിയായിരിക്കും എന്ന് വിചാരിച്ച് മറ്റുള്ളവരും ചിരിച്ചു.“പൊട്ടനായ ബിഥോവന്‍ ഓഡിയേഷന്‍ റൌണ്ടിലേ പുറത്തായി എങ്കില്‍ കണ്ണുപൊട്ടനായ ഞാന്‍ ഈ റൌണ്ടില്‍ വരെ എത്തപ്പെട്ടതു തന്നെ ഭാഗ്യം..”അവന്‍ തന്റെകണ്ണട എടുത്തു.കണ്ണുകളുടെ സ്ഥാനം ശൂന്യമായിരുന്നു.അവന്‍ സ്ലോമോഷനില്‍ വേദി വിട്ടപ്പോള്‍ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായി ഉയരുന്നത് ബിഥോവന്റെ സിം‌ഫണി ആണന്ന് വിധിക്കാനും വധിക്കാനുംഅധികാരമുള്ളവര്‍ അറിഞ്ഞില്ല.

Saturday, August 9, 2008

റാമ്പിലെ സുന്ദരി (ഭ്രാന്തി) :

അവള്‍ ഒരു സുന്ദരി ആയിരുന്നു.സുന്ദരി എന്നു പറഞ്ഞാല്‍ പോരാ,അതിസുന്ദരി ആയിരുന്നു. അവളുടെസൌന്ദര്യത്തെക്കുറിച്ച് പത്രങ്ങള്‍ വാഴ്ത്തിപ്പാടി.‘സെക്സിവുമണ്‍‘ ആയി അവള്‍ തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മാധ്യമങ്ങളുടെ കവര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷ പ്പെടാന്‍ അവള്‍ ലക്ഷങ്ങള്‍ വാങ്ങിച്ചു. യുവാക്കള്‍അവളുടെ ‘ഫാഷന്‍‘ കാണാന്‍ ഫാഷന്‍ ഷോകള്‍ തച്ചിനിരുന്ന് കാണാന്‍ തുടങ്ങി.അര്‍ദ്ധരാത്രിയിലെ‘മിഡ് നൈറ്റ് ഹോട്ടി’ല്‍ അവളുടെ അന്നനടയും പൂച്ചനടത്തവും കാണാനായി ആളുകള്‍ കാത്തിരിപ്പുണ്ടന്ന് ചാനലുകാര്‍ക്കും അറിയാമായിരുന്നു.

റാമ്പുകളില്‍ നിന്ന് റാമ്പുകളിലേക്ക് അവള്‍ ചുവടുകള്‍ വച്ചു.ഡിസൈനര്‍മാര്‍ തങ്ങളുടെ ഡിസൈന്‍അവളെ അണിയിച്ച് റാമ്പുകളിലൂടെ നടത്താന്‍ മത്സരിച്ചു .വടിവൊത്ത ശരീരത്തില്‍ വസ്ത്രങ്ങള്‍ പേരിനുവേണ്ടിമാത്രം അണിഞ്ഞ് അവള്‍ പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ റാമ്പുകളില്‍ അവതരിപ്പിച്ചു.(വെട്ടുതുണികൊണ്ടുംഫാഷന്‍ ഉണ്ടാക്കാം!!!!!!). ആളുകള്‍ അവള്‍ ധരിക്കുന്ന ഫാഷന്‍ വസ്ത്രങ്ങളെക്കുറിച്ച് വാചാലരായി. അവള്‍
പങ്കെടുക്കുന്നു എന്നതുകൊണ്ട് മാത്രം ഫാഷന്‍ ഷോകളുടെ ടിക്കറ്റിന് പതിനായരങ്ങളുടെ വിലവര്‍ദ്ധനയുണ്ടായി.അവള്‍ റാമ്പില്‍ എത്തുമ്പോള്‍ കാണികള്‍ അവള്‍ക്ക് നേരെ പൂക്കള്‍ എറിഞ്ഞു ആര്‍ത്തുവിളിച്ചു.

ഒരു ദിവസം അവള്‍ ചിന്തിച്ചു.താനെന്തിനു റാമ്പില്‍ മാത്രം ഇങ്ങനെ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ്നടക്കണം.ജനങ്ങള്‍ തന്നെ കൂടുതലായി അറിയണമെങ്കില്‍ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം.തനിക്ക് ഏറ്റവും കൂടുതല്‍ പ്രശംസകള്‍ വാങ്ങിത്തന്ന ഡിസൈന്‍ഡ് വസ്ത്രവും അണിഞ്ഞ് അവള്‍ റാമ്പില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങി. ആളുകള്‍ തന്നെ കാണുമ്പോള്‍ പൂക്കള്‍ തന്റെ നേരെ വാരി എറിയുമെന്ന് അവള്‍ കരുതിയിരുന്നു. പക്ഷേ അവളെ കണ്ട് ആളുകള്‍ മുഖം തിരിച്ചു. “ഭ്രാന്തി..ഭ്രാന്തി...തുണിയില്ലാത്ത ഭ്രാന്തി...” ആരോവിളിച്ചു പറഞ്ഞു. “എറിഞ്ഞോടിക്കടാ അവളെ “.കല്ലുകള്‍ തെരുതെരുതെ അവളില്‍ പതിച്ചു.

സൌന്ദര്യ നിരൂപകര്‍ വാഴ്ത്തിപ്പാടിയ അവളുടെ പൂമേനിയില്‍ ചോരപൊടിഞ്ഞു.അവള്‍ അലറിക്കരഞ്ഞുകൊണ്ട് തെരുവില്‍ നിന്ന് റാമ്പിലേക്ക് ഓടിക്കയറി.റാമ്പിലെ അവളുടെ സൌന്ദര്യം കണ്ട് ആളുകള്‍ആര്‍ത്തുവിളിച്ചു.“എന്താണവളുടെ ഒരു സൌന്ദര്യം “!!!!