Sunday, November 18, 2007

വഴിപിഴക്കുന്നവര്‍

സര്‍ക്കാര്‍ ആശുപത്രിയുടെ വാരാന്തയില്‍ അവള്‍ തളര്‍ന്നിരുന്നു.ഭര്‍‌ത്താവിന്റെ ഓപ്പറേഷന്‍ മറ്റെന്നാളാണ്.ഡോക്ടര്‍ക്ക് ആയിരം രൂപയാണ് പടിയെന്ന് അറ്റന്‍ഡര്‍ പറഞ്ഞത് അവളുടെ മനസ്സിലുണ്ടായിരുന്നു.അന്നത്തിനുപോലും വകയില്ലാതിരുന്ന അവള്‍ക്ക് ആയിരം രൂപ വലിയ തുക ആയിരുന്നു.പണയം വെക്കാന്‍ അവളുടെ കൈയ്യില്‍ മാനമല്ലാതെ ഒന്നുമില്ലായിരുന്നു.ഓപ്പറേഷന്‍ ഓരോദിവസവും നീട്ടിവെച്ചുകൊണ്ടിരുന്നു.അയാളുടെ വേദന അവള്‍ക്ക് കണ്ടു നില്‍ക്കാന്‍ വയ്യാതായി.തന്റെ മാനം പണയപ്പെടുത്താന്‍ അവള്‍ തിരുമാനിച്ചു.ഇരുട്ടിന്റെ മറപറ്റി അവള്‍ നടന്നു.അവളെപോലുള്ളവരെ കാത്ത് കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.അതിരാവിലെ തന്നെ അവള്‍ ഡോക്ടറുടെ വീട്ടിലെത്തി പണം നല്‍കി.ആര്‍ത്തിയോടെ പണം വാങ്ങി എണ്ണിയ ഡോക്ടര്‍ തന്റെ വേലക്കാരനെ വിളിച്ചു.ആ പണം പട്ടിക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ വേലക്കാരന്റെ കൈയ്യില്‍ ഡോക്ട്‌ര്‍ കൊടുത്തു. വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ അന്നുരാത്രിയിലും അവള്‍ ഇരുട്ടിലേക്ക് ഇറങ്ങി.

Saturday, November 17, 2007

ഗാന്ധിയന്‍

ഗാന്ധിജയന്തി ദിവസത്തില്‍ ഗാന്ധിസ്‌മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നതിന് ഒരു ഗാന്ധിയനെ തേടി പാര്‍ട്ടിക്കാര്‍ നടന്നു. അവസാനം അയാളെതേടി പാര്‍ട്ടിക്കാര്‍ എത്തി.പാര്‍ട്ടിക്കാര്‍ പോയതിനുശേഷം താന്‍ നിധി പോലെ സൂക്ഷിച്ചിരുന്ന ഗാന്ധിതൊപ്പി പെട്ടിയില്‍ നിന്ന്
എടുത്തു.ആ തൊപ്പിക്ക് പാറ്റാഗുളികയുടെ മണം ആയിരുന്നു.ഗാന്ധിജയന്തി ദിനത്തില്‍ അതിരാവിലെ അയാളെ വീട്ടുപടിക്കല്‍ എസി ക്വാളിസ് വന്നു നിന്നു.തന്റെ ഊന്നുവടിയുമായി അയാള്‍ യോഗസ്ഥലത്തേക്ക് പോന്നു.

നേതാക്കന്‍‌മാരെല്ലാം വാടകയ്ക്ക് എടുത്ത ഗാന്ധിതൊപ്പിയും തലയില്‍ വെച്ച് അതിരാവിലെ തന്നെ വേദിയില്‍ എത്തിയിരുന്നു.ടിവിയില്‍ പരിപാടിയുടെ ലൈവ് ടെലികാസ്റ്റിങ്ങ് ഉള്ളത് കൊണ്ട് അവരെല്ലാം സുന്ദരന്‍‌മാരായിട്ടായിരുന്നു എത്തിയത്. അയാള്‍ നിലവിളക്ക് കത്തിച്ചിട്ട് ഗാന്ധിഅനുസ്മരണ പ്രഭാഷണം നടത്തി.തന്റെ പ്രഭാഷണത്തിനവസാനം അയാള്‍ “ഭാരത്
മാതാ കി ജയ് “
എന്നു വിളിച്ചു കൊടുത്തു.സദസ്സില്‍ ഇരുന്നവര്‍ അതേറ്റ് വിളിച്ചു.
മഹാത്മ ഗാന്ധി കി ജയ് “അയാള്‍ വിളിച്ചു.അതാരും ഏറ്റുവിളിച്ചില്ല.ഗാന്ധിജിക്ക് ഇനി ജയ് വിളിച്ചിട്ട് ഇനി എന്താകിട്ടാനാണ്?മണ്ഡലം പ്രസിഡണ്ടിനേയും,ജില്ലാകമ്മറ്റിയംഗത്തിനേയും,ജില്ലാ പ്രസിഡണ്ടിനേയും........ ഒക്കെ നോമിനേറ്റ് ചെയ്യാന്‍ ഗാന്ധിജിക്ക് ഇനി പറ്റത്തില്ലല്ലോ?പിന്നെന്തിന് ഗാന്ധിജിക്ക് ജയ് വിളിച്ച് വായിലെ വെള്ളം പറ്റിക്കണം. അയാള്‍ വേദിയില്‍ നിന്ന് ഇറങ്ങി.ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയില്‍ പങ്കെടുത്ത അയാള്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു.

Tuesday, November 13, 2007

ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക്ചെയ്യുന്നവര്‍

അയാള്‍ വന്നുകയറുന്നുടന്‍ മുതല്‍ അമ്മയെക്കുറിച്ചുള്ള പരാതികള്‍ അവള്‍ പറഞ്ഞുതുടങ്ങും. വയസ്സായതള്ള അടങ്ങിയിരിക്കുന്നി ല്ലന്നാണ് അവളുടെ പരാതി.അയാളുടെ അമ്മയ്ക്ക് വയസ്സ് എണ്‍പതു കഴിഞ്ഞു. പ്രഷറും ഷുഗറും കൊളസ്ട്രോളും അവരെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. ബിസ്‌നസ്സ്കാരനായ ഒറ്റ മകന് അമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.പ്രത്യേകിച്ച് തൊഴിലൊന്നും ഇല്ലാത്ത മരുമകള്‍ക്കും അമ്മായിഅമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.കെന്നല്‍ ക്ലബില്‍ കൊണ്ടുപോകുന്ന പട്ടികുട്ടിക്ക് നല്‍കുന്ന പരിചരണം പോലും മരുമകള്‍ അമ്മായിയമ്മയ്ക്ക് നല്‍കിയില്ല.

വയസ്സായതള്ളയെ വീട്ടില്‍ താമസിപ്പിക്കുന്നത് കുറച്ചിലാണന്ന് അവള്‍ അവനോട് പറഞ്ഞു.അവളുടെ ക്ലബിലെ എല്ലാവരുടേയും അമ്മായിയമ്മമാര്‍ ഓള്‍ഡേജ് ഹോമിലാണത്രെ താമസിക്കുന്നത്. അതാണത്രെ സ്റ്റാറ്റസ്.അവളുടെ കലഹം അസഹനീയമായപ്പോള്‍ അയാള്‍ അമ്മയെ ഓള്‍ഡേജ് ഹോമിലാക്കാന്‍ തീരുമാനിച്ചു.മാസം പതിനായിരം രൂപ നല്‍കേണ്ട ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക് ചെയ്യാന്‍ അയാളും ഭാര്യയും ഇറങ്ങി.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവരുടെ മകനും അവരുടെയൊപ്പം ചെന്നു.ഓള്‍ഡേജ് ഹോമിലെ ഒരു കട്ടിലിന് രണ്ടുലക്ഷം രൂപയാണ് ഡിപ്പോസിറ്റ് എന്ന് ഡയറക്ടര്‍ പറഞ്ഞു.അയാള്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കി അമ്മയ്ക്ക് വേണ്ടി കട്ടില്‍ ബുക്ക് ചെയ്തു.
അയാളുടെ മകന്‍ അയാളോട് പറഞ്ഞു.
“ഡാഡീ,ഒരു രണ്ടുലക്ഷം രൂപയുടെ ചെക്ക് കൂടി എഴുതികൊടുത്ത് ഒരു കട്ടിലൂടെ ബുക്ക് ചെയ്യ്...”
“എന്തിനാ മോനേ..”അയാള്‍ ചോദിച്ചു.
“പത്ത് നാല്‍പ്പത് വര്‍ഷം കഴിയുമ്പോള്‍ ഡാഡിക്ക് വേണ്ടിയാ.... എനിക്കന്ന് കട്ടില്‍ ബുക്ക് ചെയ്യാന്‍ സമയം കിട്ടിയില്ലങ്കിലോ?” മകന്‍ പറഞ്ഞു.അയാളുടെ കണ്ണ് നിറഞ്ഞു.പക്ഷേ അയാള്‍ നിസഹായകനായിരുന്നു.
തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ അയാള്‍ സംസാരിച്ചില്ല.തിരിച്ചുള്ള യാത്രയില്‍ അവള്‍ മകനോട് ചോദിച്ചു.
“മോന്‍ പപ്പയോട് മുറിബുക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മമ്മിക്കുകൂടി മുറിബുക്ക് ചെയ്യാന്‍ പറയാഞ്ഞത് മോന് മമ്മിയോട് ഒത്തിരി ഇഷ്ടമുണ്ടായിട്ടാണോ ?”
“മമ്മിയോട് ഇഷ്ടമുണ്ടായിട്ടില്ല..... മമ്മി അമ്മച്ചിയോട് ചെയ്യുന്നതിന് എനിക്ക് എനിക്ക് എണ്ണിയെണ്ണി പകരം ചോദിക്കണം.മമ്മി ഓള്‍ഡേജ് ഹോമില്‍ പോയാല്‍ ഞാനെങ്ങനെ പകരം ചോദിക്കും??”
അവന്റെ ശബ്‌ദ്ദം ഉറച്ചതായിരുന്നു.

Wednesday, November 7, 2007

വിവാഹം കഴിക്കുന്നത്......?

വിവാഹ കമ്പോളത്തില്‍ കെട്ടുപ്രായം കഴിഞ്ഞതിനു ശേഷമാണ് അയാള്‍ ഇറങ്ങിയത്.അതും വീട്ടുകാരുടേയും നാട്ടുകാരുടേയും നിര്‍ബന്ധം അസഹനീയമായപ്പോള്‍.വീട്ടുകാരേക്കാള്‍ അയാളെ കെട്ടിക്കുന്നതില്‍ താല്‌പര്യം നാട്ടുകാര്‍ക്കായിരുന്നു.മനുഷ്യനെ കുഴിയില്‍ ചാടിക്കുന്നതില്‍ നാട്ടുകാര്‍ എന്നും അവരുടേതായ പങ്ക് വഹിച്ചിരുന്നല്ലോ?

ഒന്നാം കെട്ടിനുള്ള പെണ്‍പിള്ളാരെ സംബന്ധിച്ചടത്തോളം അയാള്‍ എക്സ്പേയറി ഡേറ്റ് കഴിഞ്ഞ ആളായിരുന്നു.അതുകൊണ്ട് രണ്ടാം കെട്ടുകാരേയും വേലിചാടിയവരേയും കടയില്‍ സാധനം വാങ്ങാന്‍ പോയിട്ട് ഒരുമാസം കഴിഞ്ഞിട്ട് തിരിച്ചെത്തിയവരേയും ആലോചിച്ചു.അതൊന്നും ശരിയായില്ല.ഈശ്വരന്‍ തലയില്‍ വരച്ച വര മാറ്റാന്‍ പറ്റത്തില്ലല്ലോ?വിവാഹമേ വേണ്ടാന്നുവെച്ച് ജീവിച്ച
ഒരു പെണ്‍കുട്ടുയുടെ ആലോചന അയാള്‍ക്ക് വന്നു.അയാള്‍ പെണ്‍കുട്ടിയെ കാണാന്‍ പോയി.
എന്നില്‍ നിന്ന് ഒരു ഭാര്യ എന്ന നിലയില്‍ നിങ്ങളെന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത്?”അവള്‍ ചോദിച്ചു.
“എന്റെ തുണി നനച്ചുതരണം..”
ഞാനൊരു വാഷിംങ്ങ് മെഷ്യിന്‍ ആവണം... ഇനി ?”
“എനിക്ക് ആഹാരം വെച്ച് തരണം..”
ഞാനൊരു മൈക്രോവേവ് ഓവന്‍ ആവണം ..ഇനി ?”
“വീടെല്ലാം വൃത്തിയാക്കണം..”
ഞാനൊരു വാക്വം ക്ലീനര്‍ ആവണം... ഇനി ?”
“ഇനി..അത്..അത്...ഇനി... “അയാള്‍ വിക്കി.
അയാളുടെ നാണം കണ്ട് അവള്‍ ചിരിച്ചു.അവള്‍ ചിരിച്ചപ്പോള്‍ അയാളും ചിരിച്ചു.അവരുടെ വിവാഹം കഴിഞ്ഞു.അയാളുടെ വീട്ടിലെ സല്‍ക്കാരങ്ങള്‍ കഴിഞ്ഞ് അവര്‍ അവളുടെ വീട്ടിലെത്തി.വീട്ടിലെത്തിയയുടനെ അവളുടെ പട്ടിക്കുട്ടി അവളുടെ മടിയില്‍ കയറി ഇരുന്നു.തിരക്കെല്ലാം ഒഴിഞ്ഞപ്പോള്‍ അയാള്‍ അവളോട് ചോദിച്ചു.
“എന്നില്‍ നിന്ന് ഭര്‍ത്താവ് എന്ന നിലയില്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് ? “
അവള്‍ ഉത്തരമൊന്നും പറഞ്ഞില്ല.അവന്‍ വീണ്ടും ചോദിച്ചു.അവള്‍ ഇരുന്നടത്തുനിന്ന് എഴുന്നേറ്റ് തങ്ങളുടെ മുറിയിലേക്ക് പോയി.അവളുടെ മടിയില്‍ നിന്ന് പട്ടിക്കുട്ടി ഇറങ്ങി .അവന്‍ അവളുടെ പിന്നാലെ മുറിയിലേക്ക് കയറി.അവന്റെ പോക്ക് കണ്ടപ്പോള്‍ താനവിടെ ഒരു അധികപറ്റായെന്ന് പട്ടിക്കുട്ടിക്ക് തോന്നി.പട്ടിക്കുട്ടി വെളിയിലേക്ക് ഓടിപ്പോയി.അല്ലങ്കിലും ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴത്തില്ലന്നാണല്ലോ പഴഞ്ചൊല്ല്. പഴഞ്ചൊല്ലില്‍ പതിരില്ല.!!!!!!!!

Thursday, November 1, 2007

മിസ്‌ഡ് കോള്‍

രാവിലെ എഴുന്നേറ്റപ്പോള്‍ അവള്‍ മൊബൈല്‍ എടുത്തുനോക്കി.പത്തു മിസ്‌ഡ് കോള്‍.എല്ലാം ഒരു നമ്പരില്‍ നിന്നുതന്നെയാണ്.അവള്‍ക്ക് ആ നമ്പര്‍ ആരുടെയാണന്ന് അറിയില്ലായിരുന്നു.പിറ്റേന്ന് രാവിലെയും ആ നമ്പരില്‍ നിന്നുതന്നെ മിസ്‌ഡ് കോള്‍ കണ്ടപ്പോള്‍അവള്‍ ആ നമ്പരിലേക്ക് തിരിച്ചൊരു മിസ്‌ഡ് കോള്‍ വിട്ടു.പിന്നെ മുതല്‍ രാത്രിയില്‍വന്നുകൊണ്ടിരുന്ന മിസ്‌ഡ് കോള്‍ പകല്‍ സമയത്തും വന്നുതുടങ്ങി.മിസ്‌ഡ് കോള്‍വന്നാ ലുടന്‍ തന്നെ തിരിച്ചും അവള്‍ മിസ്‌ഡ് കോള്‍ അയച്ചുതുടങ്ങി.അവള്‍ക്കുംഅതൊരു രസമായിരുന്നു.മിസ്‌ഡ് കോളിനുവേണ്ടി അവള്‍ കാത്തിരിക്കാന്‍ തുടങ്ങി.

മിസ്‌ഡ് കോള്‍ മെസ്സേജായി മാറി.അവള്‍ക്ക് മെസ്സേജ് ഫ്രി ആയിരുന്നു.മൊബൈല്‍നിര്‍ത്താതെ ബെല്ലടിച്ചപ്പോള്‍ അവള്‍ നോക്കി.അത് ആ മിസ്‌ഡ് കോള്‍ നമ്പരില്‍നിന്നായിരുന്നു.അവളത് അറ്റന്‍ഡ് ചെയ്തു.ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ചിരപരിചയക്കാരെപ്പോലെ ആയി.അവന്‍ ആവിശ്യപ്പെട്ടപ്പോള്‍ അവനെ കാണാനാ യിഅവള്‍ അവന്‍ പറഞ്ഞയിടത്ത് എത്തി.പിന്നീട് പലയിടത്തുവച്ചും അവര്‍ കണ്ടുമുട്ടി.

അവനവളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.ഒരു പരിഭ്രമവും ഇല്ലാതെ അവള്‍ കടന്നുചെന്നു.അവന്‍ അവള്‍ക്കാ യി ഒരുക്കിയ വലയില്‍ അവള്‍ കുരുങ്ങി.ക്യാമറകണ്ണുകള്‍ മിഴിതുറന്നത് അവളറിഞ്ഞില്ല.പിന്നീട് അവന്‍ ആവിശ്യപ്പെടുമ്പോഴെല്ലാം അവള്‍ക്ക് പോകേണ്ടിവന്നു.അങ്ങനെ മിസ്‌ഡ് കോള്‍ വഴി അവള്‍ ‘കോള്‍’ ഗേള്‍ ആയി. മിസ്‌ഡ് കോള്‍ വഴി തന്റെ ജീവിതം‘മിസ് ‘ ആയന്നവള്‍ക്ക് മനസ്സിലായി.