Wednesday, November 9, 2016

അഹങ്കാരിയായ 1000 ത്തിന് കിട്ടിയ ശിക്ഷ

പത്ത് നൂറ് വർഷങ്ങൾക്ക് ശേഷമുള്ള ഒരു കഥ......

പണ്ട് പണ്ട് ഒരിടത്ത് കുറേ നോട്ടുകൾ ഉണ്ടായിരുന്നു. അതിലെ വലിയ നോട്ടായ 1000 എപ്പോഴും കുഞ്ഞ് നോട്ടുകളെ കളിയാക്കി കൊണ്ടിരിക്കും. താനാണ് ശക്തൻ , തന്നെയാണ് വലിയ വലിയ 
കാര്യങ്ങൾ വാന്ന്ങാനായി ആളുകൾ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞ് അവൻ ചെറിയ നോട്ടുകളെ എപ്പോഴും കളിയാക്കും. പാവം ചെറിയ നോട്ടുകൾ . അവർ 1000 ത്തിന്റെ നോട്ടിനെ തിരിച്ചൊന്നും പറയില്ല.

1000 നോട്ട് അങ്ങോട്ടോ ഇങ്ങോട്ടോ പോകുമ്പോൾ ചെറിയ നോട്ടുകൾ മാറി നിൽക്കും. 1000 പോകുന്ന വഴിയിൽ കുഞ്ഞു നോട്ടുകൾ നിന്നാൽ അവൻ കുഞ്ഞു നോട്ടുകളെ ഉപദ്രവിക്കും. 1000 ത്തിന്റെ നോട്ട് ഭയങ്കര ശക്തിമാനാണന്ന് ചെറിയ നോട്ടുകൾക്ക് അറിയാം. പാവം പിടിച്ച 1,5,10,20,50,100 നോട്ടുകൾ 1000 നോട്ടിന്റെ കളിയാക്കൽ സഹിക്കാനാവാതെ ഒരു ദിവസം 500 നോട്ടിന്റെ അടൂത്ത് ചെന്നിട്ട് തങ്ങളുടെ സങ്കടം പറഞ്ഞു.

"500 നോട്ടേ, 1000 നോട്ട് എപ്പോഴും ഞങ്ങളെ കളിയാക്കുന്നത് നീ കേൾക്കുന്നില്ലേ? 1000 നോട്ടിനോട് അവന്റെ കളിയാക്കൽ നിർത്താൻ പറയാമോ?"

പക്ഷേ 500 നോട്ട് ചെറിയ നോട്ടൂകളോട് ദേഷ്യപ്പെട്ടു.

"1000 ത്തിന്റെ നോട്ട് പറയുന്നതിൽ എന്താണ് തെറ്റ്. അവൻ ശക്തിമാനാണ് , നിങ്ങളെപോലുള്ള കുഞ്ഞു നോട്ടുകൾ കുറച്ചൊക്കെ കണ്ടില്ല കേട്ടീല്ല എന്നൊക്കെ നടിച്ച് ജീവിക്കണം. കാണാൻ ഒരു ഭംഗിയുമില്ലാത്ത ഇത്തിരിക്കുഞ്ഞന്മാരായ നിങ്ങൾ ഇനിയും ഇത്തരം കാര്യങ്ങൾ പറഞ്ഞ് സുന്ദരിയായ എന്റെ അടുത്ത് വന്നേക്കരുത്". 500 നോട്ടും കുഞ്ഞു നോട്ടുകളെ കൈയ്യൊഴിഞ്ഞു.

ആയിരം , അഞ്ഞൂറു നോട്ടുകൾ എവിടേക്കോ പോയ സമയത്ത് കുഞ്ഞു നോട്ടുകൾ ഒരുമിച്ച് കൂടി തങ്ങളുടെ സങ്കടം പങ്കുവെച്ചു. 1000 ത്തിന്റെ കളിയാക്കൽ കൂടി കൂടി വരുന്നതോടൊപ്പം ഇപ്പോൾ 
ദേഹോപദ്രവവും തുടങ്ങിയിട്ടുണ്ട്.  ഇനി എന്ത് ചെയ്യും? 

"നമുക്ക് നോട്ടു ദേവതയോട് പ്രാർത്ഥിച്ചാലോ?" ഇത്തിരികുഞ്ഞൻ 1 പറഞ്ഞു. 1 ന്റെ അഭിപ്രായം എല്ലാവരും അംഗീകരിച്ചു. കുഞ്ഞൻ നോട്ടുകൾ എല്ലാം കൂടി നോട്ടുദേവതയെ പ്രത്യക്ഷപ്പെടുത്താൻ 
പ്രാർത്ഥന തുടങ്ങി. അവരുടെ മുമ്പിൽ ദേവത പ്രത്യക്ഷപ്പെട്ടു. കുഞ്ഞൻ നോട്ടുകൾ തങ്ങളുടെ സങ്കടം നോട്ടുദേവതയോട് പറഞ്ഞു. 1000 ത്തിന്റെ അഹങ്കാരം ഇല്ലാതാക്കുമെന്ന് ഉറപ്പ് നൽകി നോട്ടുദേവത അപ്രത്യക്ഷമായി. 

നോട്ടു ദേവത ആയിരത്തിന്റെ നോട്ടിനെ കണ്ട് ഇനി കുഞ്ഞു നോട്ടുകളെ ഉപദ്രവിക്കുകയോ കളിയാക്കുകയോ ചെയ്യരുതെന്ന് പറഞ്ഞു. പക്ഷേ അഹങ്കാരിയായ 1000 അതൊന്നും കേട്ടില്ല. അവൻ പിന്നയും ചെറിയ നോട്ടുകളെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തു. നോട്ടുകളിൽ ശക്തനായ തന്നെ ആർക്കും ഒന്നും ചെയ്യാനാവില്ലന്ന് അവൻ പറഞ്ഞുകൊണ്ട് കുഞ്ഞന്മാരായ നോട്ടുകളെ അവൻ ഉപദ്രവിക്കാൻ തുടങ്ങി.കുഞ്ഞൻ നോട്ടുകൾ വീണ്ടും നോട്ടുദേവതയെ കണ്ട് സങ്കടം പറഞ്ഞു .തന്നെ നോട്ടുദേവതയ്ക്കും ഒന്നും ചെയ്യാനാവില്ലന്നുള്ള അവന്റെ വെല്ലുവിളി നോട്ടു ദേവതയെ അരിശം പിടിപ്പിച്ചു. 

നോട്ടു ദേവത അന്നു തന്നെ രാജാവിനെ കണ്ട് കുഞ്ഞൻ  നോട്ടുകളുടെ സങ്കടം ഇല്ലാതാക്കാൻ ആവശ്യപ്പെട്ടു. നോട്ടു ദേവതയുടെ ആവശ്യപ്രകാരം രാജാവ് 1000 ത്തിനെയും 500 നെയും ഇല്ലാതാക്കാൻ തന്റെ ഭടന്മാർക്ക് കല്പന കൊടുത്തു. ഉടൻ തന്നെ ഭടന്മാർ 1000 ത്തിനെ പിടിച്ചു അവന്റെ കഥ കഴിച്ചു. ഭടന്മാർ 1000 ത്തിനെ പിടിക്കുന്നത് കണ്ട 500 ഓടി ഒളിച്ചു. ഭടന്മാരുടെ കണ്ണിൽ പെടാതെ 500 നോട്ടു ദേവതയുടെ മുമ്പിൽ ചെന്നു ക്ഷമ ചോദിച്ചു കരഞ്ഞു. ഇനി മുതൽ താൻ കുഞ്ഞൻ നോട്ടുകളെ സഹോദരരായി കണ്ടോളാം എന്നും പറഞ്ഞു. 500 ന്റെ സങ്കടത്തിൽ നോട്ടു ദേവതയുടെ മനസ് അലിഞ്ഞു. ദേവത ഉടൻ തന്നെ രാജാവിന് പ്രത്യക്ഷപ്പെട്ട് 500 നെ ഇനി ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞു. രാജാവ് അത് സമ്മതിച്ചു. ചെയ്ത തെറ്റുകളുടെ ഓർമ്മയ്ക്കായി ദേവത 500ന്റെ രൂപഭംഗിക്ക് അല്പം മാറ്റം വരുത്തി വിട്ടു.....

അന്നു മുതലാണത്രെ ആയിരം നോട്ടുകൾ ഇല്ലാതായത്.
****************
{ഓരോരോ മണ്ടത്തരങ്ങളേ......}