Sunday, December 23, 2007

സന്ധ്യാദീപം

രാവിലെ
6 മണിക്ക് : ധ്യാനം(മെഗാസീരിയല്‍ ഭാഗം 128)
6.30 : സൂര്യന്‍ കിഴക്ക് ഉദിച്ചു (മെഗാസീരിയല്‍)
7 : വാര്‍ത്തകള്‍
7.30-9.00 : നുണയും കൊതിയും (പ്രഭാത വിശേഷങ്ങള്‍)
9.00-11.30 : സിനിമ : രക്തപുഷ്‌പങ്ങള്‍
11.30-12.00 : പുതിയ പരസ്യങ്ങള്‍
ഉച്ചക്ക്
12.00-12.30 : ഇഷ്ട്ഗാനങ്ങള്‍
12.30-1.00 : സിനാമക്കാരുടെ രഹസ്യങ്ങള്‍
1.00-1.30 : വാര്‍ത്തകള്‍
1.30-4.00 : സിനിമ : അവനിനിയും വന്നില്ലവൈകിട്ട്
4.00-4.30 : മുധേവി (മെഗാസീരിയല്‍ ഭാഗം 902)
4.30-5.00 : നുണപറച്ചില്‍ (സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ)
5.00-5.30 : അമ്മായി അമ്മ (മെഗാസീരിയല്‍ ഭാഗം 999)
5.30-6.00 : നാത്തൂന്‍പോര് (മെഗാസീരിയല്‍ ഭാഗം 284)
രാത്രി
6.00-6.30 : വാര്‍ത്തകള്‍
6.30-7.00 : സന്ധ്യാദീപം
7.00-7.30 : ചക്കിക്കൊത്ത ചങ്കരന്‍ (സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ)
7.30-8.00 : രക്തപുഷ്പ്ങ്ങള്‍ (ഹൊറര്‍ മെഗാസീരിയല്‍)
8.00-9.00 : നോ ഐഡിയ അപശ്രുതി2007 (സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ)
9.00-9.30 : അവളുറങ്ങിയില്ല (മെഗാസീരിയല്‍ ഭാഗം 300)
9.30-10.00 : കിങ്കരന്‍ (ഭക്ത മെഗാസീരിയല്‍)
10.00-11.00 : ഒരു സിനിമാ നടിയുടെ വിവാഹം(സൂപ്പര്‍ഹിറ്റ് മെഗാസീരിയല്‍)
11.00-11.30 : നിദ്രാഭാരം (മെഗാസീരിയല്‍)
11.30-1.00 : സിനിമ : ഉറക്കം വരാത്ത രാത്രി
“ഇതെന്താണ് ?”
“ടിവിയിലെ പ്രോഗാമാണ് ”
“നിങ്ങള്‍ ഇതെല്ലാം കാണുമോ? ”
“ഉവ്വ് ”
“ അപ്പോള്‍ ഭക്ഷണം ”
“സമയം കണ്ടെത്തും”
“ഏതായാലും നിങ്ങള്‍ സന്ധ്യയ്ക്ക് അരമണിക്കൂര്‍ വിളക്കുകത്തിച്ച് പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ?നന്നായി...”“അതു ഞാന്‍ വിളക്കു കത്തിക്കുന്നതല്ല ”
“പിന്നെ??”
പുതിയ മെഗാസീരിയലിന്റെ പേരാ ,സന്ധ്യാദീപം

Wednesday, December 19, 2007

ചേളാവുകച്ചവടക്കാരന്‍

അയാള്‍ ചേളാവുകച്ചവടക്കാരനായിരുന്നു.ചന്തദിവസങ്ങളില്‍ അയാള്‍ വഴിവക്കിലിരുന്നു സാദങ്ങള്‍ വിലക്കെടുക്കും.അയാളുടെ കച്ചവടം ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിച്ചു.തലച്ചുമടായി സാദനങ്ങള്‍ ചന്തകളില്‍ എത്തിച്ചിരുന്നഅയാള്‍ ഒരു കാളവണ്ടി വാങ്ങി.കാളവണ്ടിയില്‍ നിന്ന് ചരക്കുലോറികളിലേക്കുള്ള മാറ്റം പെട്ടന്നായിരുന്നു.മലഞ്ചരക്കുകള്‍അയാള്‍ സ്വന്തം നിലയില്‍ കയറ്റിയയക്കാന്‍ തുടങ്ങി.സ്വന്തമായി ഫാക്ടറികളും തുടങ്ങി.അയാള്‍ മകനെ എംബി‌എപഠിക്കാന്‍ വിദേശത്ത് വിട്ടു.മകന്‍ വിദേശത്തെ പഠിപ്പെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അയാള്‍ ബിസിനസ്സ്എല്ലാം മകനെ ഏല്‍പ്പിച്ചു.

അവന്‍ താന്‍ പഠിച്ച മാനേജ്‌മെന്റ് തത്വങ്ങള്‍ ബിസിനസ്സില്‍ പ്രയോഗിക്കാന്‍ തുടങ്ങി.അവന്റെ പ്രയോഗത്തിന്അനുസരിച്ച് ബിസിനസ്സ് പടവലങ്ങപോലെ വളരാന്‍ തുടങ്ങി.ബാലസ്സ് ഷീറ്റിലെ നഷ്ടക്കണക്കുകള്‍ വര്‍ദ്ധിച്ചു.വീട്ജപ്തി ചെയ്യാനുള്ള നോട്ടീസ് എത്തിയപ്പോള്‍ അവന്‍ വിഷക്കുപ്പിയുമായി ഇറങ്ങി നടന്നു.അയാള്‍ തന്റെ പഴയചേളാവുമായി വഴിവക്കിലേക്ക് നടന്നു.അവന്‍ പഠിച്ച് മാനേജ്‌മെന്റ് തത്വങ്ങളില്‍ ജീവിതപാഠങ്ങള്‍ ഇല്ലായിരുന്നു.എന്നാല്‍അയാള്‍ക്ക് ജീവിതപാഠങ്ങള്‍ വളരെ ഏറെയായിരുന്നു

Wednesday, December 5, 2007

മണമില്ലാത്തവര്‍

ദൈവം മനുഷ്യനെ സൃഷ്ടിക്കാന്‍ തുടങ്ങി.മണ്ണില്‍ തുപ്പി മണ്ണ് കുഴച്ചു.തന്നെപോലെ തന്നെ മനുഷ്യനേയും ഉണ്ടാക്കാന്‍ ദൈവം തീരുമാനിച്ചു.ഇതറിഞ്ഞ് മാലാഖമാര്‍ എത്തി.ദൈവത്തിന്റെ രൂപത്തില്‍ മനുഷ്യനെ ഉണ്ടാക്കരുതെന്ന് മാലാഖമാര്‍ പറഞ്ഞു.ദൈവം അത് കേട്ടില്ല.തന്റെ സൃഷ്ടിയില്‍ ദൈവത്തിന് വിശ്വാസമായിരുന്നു.ദൈവം മനുഷ്യനെ ഉണ്ടാക്കിതുടങ്ങി.ദൈവത്തിന്റെ ശരീരത്തില്‍ വിയര്‍പ്പ് പൊടിഞ്ഞു.വിയര്‍പ്പ് കുഴഞ്ഞ മണ്ണിലേക്ക് വീണു.മനുഷ്യനെ ഉണ്ടാക്കി അവന്റെ മൂക്കിലേക്ക് ദൈവം ഊതി.അവന് ജീവന്‍ വെച്ചു.തന്റെ രൂപവും ശ്വാസവും മണവും മനുഷ്യന് ഉണ്ടന്ന് ദൈവത്തിന് മനസ്സിലായി.തന്റെ വിയര്‍പ്പിന്റെ ഫലത്തിന് തന്റെ വിയര്‍പ്പിന്റെ മണവും ലഭിച്ചത് ദൈവത്തെ സന്തോഷിപ്പിച്ചു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞു......

ഇന്നലെ..
ദൈവത്തിന് ജലദോഷം വന്നു.ഒരു ദിവസത്തെ വിശ്രമം കൊണ്ട് ജലദോഷം മാറി.

ഇന്ന്...
എത്ര ശ്വാസം പിടിച്ചിട്ടും ദൈവത്തിന് തന്റെ മണം കിട്ടിയില്ല.തനിക്ക് ശരീരത്തിലെ മണം ഷ്ടപ്പെട്ടിരിക്കുന്നു. ദൈവം അസ്വസ്ഥനായി.അപ്പോഴാണ് ദൈവം ഓര്‍ത്തത് മനുഷ്യനും തന്റെ വിയര്‍പ്പിന്റെ മണമാണല്ലോ!ദൈവം മനുഷ്യന്റെ കൈയ്യില്‍ നിന്ന് വിയര്‍പ്പിന്റെ മണം വാങ്ങാനായി നടന്നു.ദൈവം ഓരോ മനുഷ്യന്റെയും അടുത്തുചെന്നു.പക്ഷേ അവരിലാരിലും മനുഷ്യന്റെ മണം ഇല്ലായിരുന്നു.അവര്‍ക്കെല്ലാവര്‍ക്കും ജാസ്മിന്റെയും റോസിന്റെയും ബ്രൂട്ടിന്റെയും മണമായിരുന്നു.ദൈവം നിരാശയോടെ തിരികെ പോയി.ദൈവം ചിന്തിച്ചു.തനിക്ക് തന്റെ മുഖം നഷ്ടപ്പെട്ടില്ലല്ലോ.മുഖം നഷ്ടപ്പെട്ടിരുന്നെങ്കില്‍,പൊയ്‌മുഖങ്ങള്‍ അണിഞ്ഞ മനുഷ്യരില്‍ നിന്ന് തനിക്കെങ്ങനെ മുഖം ലഭിക്കുമായിരുന്നു??????

Saturday, December 1, 2007

വിവാഹശേഷമുള്ളയാത്രകള്‍ :

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്‍ച്ചയുള്ള ദമ്പതികള്‍ എന്ന് എല്ലാവരും പറഞ്ഞു.അത് കേട്ട് അവനും അവളും അവരുടെ വീട്ടുകാരം സന്തോഷിച്ചു.വിവാഹത്തിനു പിറ്റേന്നുമുതല്‍ അവരുടെ യാത്ര ആരംഭിച്ചു.

ആദ്യ ആഴ്ച്‌കള്‍ :
അവര്‍ ഒരുമിച്ച് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.അവളുടെ സാരിയുടെ ഞൊറു ശരിയാക്കാനും,മുന്താണി പിടിച്ചിടാനും അവന്‍ സഹായിച്ചു.അവന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അവള്‍ ഇട്ടുകൊടുത്തു.ബസില്‍ അവര്‍ ഒരേ വാതിലിലൂടെ ഒരുമിച്ച് കയറി ഒരു സീറ്റില്‍ ഇരുന്നു.അവളെ ജനല്‍ സൈഡില്‍ മാത്രമേ അവന്‍ ഇരുത്തിയിരുന്നുള്ളു.(എന്താണ് കാര്യമെന്ന് അറിയാമല്ലോ?)അവളെ ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ എന്നവണ്ണം അവന്‍ തന്റെ കൈ അവളുടെ തോളത്തുകൂടെ ഇട്ടു.അവരുടെ ഇരുപ്പ് പിള്ളാര്‍ക്ക് എന്റ്‌ര്‍‌ടെയന്റ്‌മെന്റ് ആയി.കോട്ടയത്തേക്ക് പോകുന്നത് പാസഞ്ചര്‍ ട്രയിനില്‍ ആയിരിക്കും.

ഒരുമാസത്തിന് ശേഷം:
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.പക്ഷേ ബസില്‍ കയറുന്നത് രണ്ടു വാതിലിലൂടെ ആണ്.കയറിക്കഴിഞ്ഞാല്‍ അവര്‍ പരസ്പരം നോക്കി സാനിധ്യം അറിയിക്കും.അവനാണ് ആദ്യം ബസില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍ അവളെ കാത്തു നില്‍ക്കും; അവളാണങ്കില്‍ അവനുവേണ്ടിയും.

ആറുമാസത്തിനു ശേഷം :
അവനാദ്യം വീട്ടില്‍ നിന്ന് ഇറങ്ങും.അവള്‍ക്ക് വേണ്ടി അവന്‍ ബസ്‌സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കും.അവര്‍ ഒരേ ബസ്സിലേ യാത്ര പോകുമായിരുന്നുള്ളു.ബസ് ഇറങ്ങികഴിഞ്ഞാല്‍ അവളാദ്യം വീട്ടില്‍ പോകും.അവന്‍ കറങ്ങിതിരിഞ്ഞേ വീട്ടില്‍ എത്തിയിരുന്നുള്ളു.

ഒരു വര്‍ഷത്തിനു ശേഷം:
കുഞ്ഞിനെ അവന്‍ എടുക്കും.അവള്‍ പ്ലാസിക് കവറും പിടിച്ച് ഒപ്പം നടക്കും.അവള്‍ കുഞ്ഞിനെ എടുത്താല്‍ അവന്‍ പ്ലാസിറ്റിക് കവര്‍ പിടിക്കും.കുഞ്ഞിനും തള്ളയ്ക്കും വെയില്‍ കൊള്ളാതിരിക്കാന്‍ കുടപിടിച്ച് കൊടുക്കും.ബസില്‍ കയറിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് കിട്ടിയിട്ടേ അവന്‍ ഇരിക്കൂ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കി തുടങ്ങി.അവന്‍ കയറുന്ന ബസില്‍ അവളും അവള്‍ കയറുന്ന ബസില്‍ അവനും കയറാതായി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം :
ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്.ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റെയാള്‍ പടിഞ്ഞാറോട്ട്.

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളു.നരച്ച കാലന്‍‌കുടകുത്തി അപ്പൂപ്പനും അല്പം കൂനി അമ്മൂമ്മയും നടക്കും.ബസ്സില്‍ കയറിയിട്ട് അമ്മൂമ്മയ്ക് സീറ്റ് കിട്ടിയാല്‍ അപ്പുപ്പനെ വിളിച്ച് അടുത്തിരുത്തും അപ്പൂപ്പന് സീറ്റ് കിട്ടിയാല്‍ അമ്മൂമ്മയെ വിളിച്ച് അടുത്തിരുത്തും.അപ്പൂപ്പന്‍ അമ്മൂമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും.പിടിവിട്ടാല്‍ താഴെപ്പോകുമെന്ന് അപ്പൂപ്പനറിയാം.പരസ്പരം താങ്ങായി അവര്‍ യാത്ര തുടര്‍ന്നു.............................

ഇപ്പോള്‍ മനസ്സിലായില്ലേ ഭൂമിമാത്രമല്ല ജീവിതയാത്രയും ഉരുണ്ടാതാണന്ന്