Thursday, October 12, 2017

വധൂവരന്മാരുടെ സമാസം

മലയാളം ക്ലാസിൽ ടീച്ചർ സമാസത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു. ക്ലാസിനു ശേഷം ടീച്ചറിന്റെ ചോദ്യം

വധൂവരന്മാർ എന്നത് ഏത് സമാസമാണ്?
ബഹുവ്രീഹി
കർമധാരൻ
അവ്യയീഭാവൻ
ദ്വന്ദ സമാസം

പിള്ളാരൊക്കെ മുഖത്തോട് മുഖം നോക്കി. ആർക്കും അറിയില്ല. അവസാനം ടീച്ചറിന്റെ ചോദ്യം അവസാന ബഞ്ചിലേക്ക്. ചോദ്യം ചോദിച്ച് ഓരോരുത്തരായ്  എഴുന്നേറ്റ് തുടങ്ങിയപ്പോൾ അവസാനം ഇരുന്നവൻ മനസിൽ ഉത്തരം നോക്കി. 

ബഹു എന്നുവച്ചാൽ ഒന്നിൽകൂടുതൽ. കല്യാണം കഴിച്ച് ഒന്നായതിനു ശേഷം അവർ ഒരിക്കലും ബഹുവ്രീഹികൾ അല്ല. ഏകവ്രീഹികൾ ആണ്.

കല്യാണം എന്നുള്ളതാണ് കർമ്മം.കല്യാണം കഴിക്കുന്നവർ അപ്പോൾ കർത്താവ് ആണ് .സൂത്രധാരൻ എന്നൊക്കെ പറയുന്നതുപോലെ കർമധാരൻ എന്ന് പറഞ്ഞാൽ കല്യാണം കഴിപ്പിക്കുന്ന ആൾ. അപ്പോൾ വധൂവരന്മാർ എന്ന് പറയുന്നത് കർമധാരൻ അല്ല.

ഇനിയുള്ളത് അവ്യയീഭാവൻ. ഭാവൻ എന്ന് പറയുന്നത് കേൾക്കുമ്പോഴേ അറിയാം അത് ആണുങ്ങളെക്കുറിച്ച്മാത്രം പറയുന്നതാണന്ന്. വധു എന്നുപറയണമെങ്കിൽ സ്ത്രിലിംഗം കൂടി വേണം. ഇതിപ്പോ അവ്യയീഭാവൻ എന്ന് പറഞ്ഞാൽ വരനെക്കുറിച്ച്മാത്രം പറയുന്നതായിരിക്കും. കല്യാണം കഴിയുമ്പോൾ വരൻ അവ്യയമായ ഭാവത്തോടെ ആയിരിക്കുമല്ലോ നിൽക്കുന്നത്- എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ. അപ്പോ അവ്യയീഭാവനുമല്ല സമാസം. 

ഇനിയുള്ളത് ദ്വന്ദസമാസം ആണ്.
അതെ അതുതന്നെയാണ് വധൂവരന്മാർ എന്നതിന്റെ സമാസം. ദ്വന്ദം എന്ന് പറയുമ്പോൾ ദ്വന്ദയുദ്ധം എന്നൊക്കെ കേട്ടിട്ടൂണ്ട്. ദ്വന്ദയുദ്ധത്തിലെ ദ്വന്ദം വധൂവരന്മാർക്ക് ചേരുന്നുണ്ട്. കല്യാണം കഴിച്ചുകഴിച്ച് കഴിഞ്ഞാൽ പിന്നെ എല്ലാം ഒരു യുദ്ധം പോലെയാണല്ലോ. അപ്പോ സമാസം ദ്വന്ദം തന്നെ. 

ഉത്തരം തേടി ടീച്ചർ അവസാനത്തെ ആളിന്റെ അടുത്തെത്തി. അവസാന ഊഴക്കാരൻ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞു. വധൂവരന്മാർ എന്നതിന്റെ സമാസം ദ്വന്ദ സമാസം ആണ് ടീച്ചർ.
ശരിയായ ഉത്തരം തന്നെ പറഞ്ഞ അവനെ അഭിനന്ദിച്ച് ടീച്ചർ പിന്തിരിയുമ്പോൾ അവൻ വിശ്വസിക്കാനാവാതെ നിന്നു............
************   **************

---------------------------
 പദങ്ങൾക്ക് തുല്യപ്രാധാന്യമുള്ളതാണ് ദ്വന്ദ സമാസം.