Sunday, October 19, 2008

മണമില്ലാത്ത മുല്ലപ്പു: കുഞ്ഞിക്കഥ

.
പൊതുമാപ്പ് കിട്ടി നാട്ടിലേക്ക് അയാള്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒന്നേ അയാളോട് ആവിശ്യപ്പെട്ടുള്ളു. “ഒരു കുപ്പി ജാസ്മിന്‍ സെന്റ് “.!!അവള്‍ക്ക് പണ്ടേ മുല്ലപ്പൂക്കളുടെ മണം ഇഷ്ടമായിരുന്നു. വിവാഹരാത്രിയില്‍ അവള്‍ അയാളോട് ഒന്നുമാത്രമാണ് സംസാരിച്ചത് . വീടിന്റെമുന്നില്‍ മുല്ലപ്പൂന്തോട്ടം ഉണ്ടാക്കണം. അയാള്‍ക്ക് അവളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആവുമായിരുന്നില്ല. അയാള്‍ എവിടെനിന്നക്കൊയോമുല്ലക്കമ്പുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.സ് അവളതിനെ വളര്‍ത്തിയതുകൊണ്ടായിരിക്കും മുല്ല പടര്‍ന്നുകയറി. കിടക്കറയില്‍ എത്തുമ്പോള്‍അവള്‍ക്കിമ്പോള്‍ മുല്ലപ്പൂക്കളുടെ മണമാണന്ന് അയാള്‍ അറിഞ്ഞു. ജീവിതത്തിലേക്ക് പടര്‍ന്ന് സുഗന്ധം പടര്‍ത്തുന്ന മുല്ലപ്പൂക്കളെ അവര്‍സ്വപ്നം കണ്ടു.

ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വിസയ്‌ക്കും മുല്ലപ്പൂക്കളുടെ മണമായിരുന്നോ എന്ന് അയാള്‍ക്കറിയില്ലായിരുന്നു. അവളുടെ നിറഞ്ഞുതുളുമ്പുന്നകണ്ണുകളിലും അയാള്‍ കണ്ടത് വിടരുന്ന മുല്ലമൊട്ടുകളെയാണ്. തനിക്ക് കിട്ടിയ വിസ കള്ളവിസയാണന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പതറി.പിടിക്കപെടാതിരുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് എവിടേക്ക് ഓടാനാണ്.???പത്തുവര്‍ഷത്തെ യാതനകള്‍ക്ക് ശേഷം പൊതുമാപ്പ് കിട്ടിയപ്പോള്‍ വീണ്ടും മുല്ലമൊട്ടുകളെ അയാള്‍ സ്വപ്‌നം കാണാന്‍ തുടങ്ങി.....മുല്ലപ്പൂക്കളുടെ മണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവള്‍ എഴുതിയപ്പോള്‍ മുല്ലപ്പൂക്കളെ അയാള്‍ വളരെയേറെ സ്നേഹിച്ചുതുടങ്ങി.

വളരെ അലഞ്ഞതിനുശേഷമാണ് അവള്‍ക്ക് വേണ്ടി ‘ജാസ്മിന്‍ സെന്റ് ‘ വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞത്. ഇനി എന്നെങ്കിലും കാണാം എന്ന് പറഞ്ഞ് തന്നെ സഹായിച്ച സുഹൃത്തൂക്കള്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു. വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ‘ജാസ്മിന്‍ സെന്റ് ‘ വച്ചു.എയിര്‍പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.അവള്‍ എന്തിനാണ് ‘ജാസ്മിന്‍ സെന്റ് ‘ മാത്രം മതിയന്ന് പറഞ്ഞത് ? തന്റെ വീടിന്റെ മുറ്റം മുഴുവന്‍ ഇപ്പോള്‍ അവള്‍ മുല്ല നട്ടിട്ടുണ്ടാവും.മുറ്റം നിറയെ മുല്ലപ്പൂക്കള്‍ ആയിരിക്കും.

ഒരു അപരിചിതനെപ്പോലെ നാട്ടില്‍ ബസ് ഇറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ മുല്ലപ്പൂക്കള്‍ ആയിരുന്നു. വീട് കടന്ന് എത്തുമ്പോള്‍ മുറ്റത്ത് മുല്ലകള്‍കരിഞ്ഞു നില്‍ക്കുന്നു. അയാളെകാത്ത് അവള്‍ വാതിക്കല്‍ തന്നെയുണ്ടായിരുന്നു. ഉണങ്ങിയ ശരീരവുമായി നില്‍ക്കുന്ന അവളെ മനസിലാക്കാന്‍അയാള്‍ നിമിഷങ്ങള്‍ എടുത്തു. “നമ്മുടെ മുല്ലകള്‍ക്ക് എന്തുപറ്റി ? “. അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന തന്റെ ഭാര്യയോട് ചോദിച്ചആദ്യ ചോദ്യമ്മായിരുന്നു ഇത് ... അവളൊന്ന് ചിരിച്ചു. കരിഞ്ഞുപോയ മുല്ലപ്പൂക്കളെപൊലെയായിരുന്നു അവളുടെ ചിരി. “വാടിത്തുടങ്ങിയമുല്ലപ്പൂവിനെ;മണമില്ലാത്ത മുല്ലപ്പുത്തേടി ആരു വരാന്‍ .....????”. അവള്‍ അയാളുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി തുറന്നു. അവള്‍ക്കറിയാമായിരുന്നു അയാള്‍എത്ര കഷ്ടപെട്ടിട്ടാണാങ്കിലും ‘ജാസ്മിന്‍ സെന്റ് ‘ കൊണ്ടുവരുമന്ന്. അവളത് എടുത്ത് ശരീരത്തിലേക്ക് സ്പ്രേ ചെയ്തു. മുല്ലപ്പൂവിന്റെ മണം അയാളുടെമൂക്കിലേക്ക് കയറി. ജീവിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ നല്‍കിയ തന്റെ മണം തന്നിലേക്ക് തിരിച്ചു വരുന്നത് അവളറിഞ്ഞു. മുല്ലക്കമ്പുകള്‍തളിര്‍ക്കാന്‍ തുടങ്ങി. വീണ്ടും മുല്ലപ്പൂക്കള്‍ വിരിയുകയാണ്. അയാള്‍ക്ക് വേണ്ടിമാത്രം സുഗന്ധം പരത്താന്‍ അവ വിടരുകയാണ്; അവളും....

.

Friday, October 3, 2008

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :

(ചില നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ചില മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കാറുണ്ട് .. സിഗരറ്റ്കൂടിന്റെ പുറത്ത്പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നും മദ്യക്കുപ്പിയുടെ പുറത്ത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പുംഉണ്ട് . എല്ലാ മുന്നറിയിപ്പുകളും ‘ഉല്പന്നങ്ങളുടെ‘ പുറത്ത് ലേബലാക്കുന്ന കാലത്ത് .......)

എത്രയോ പെണ്ണുങ്ങളെ അവറാന്‍ കണ്ടതാണ് . പക്ഷേ ഒറ്റയൊരുത്തിയേയും അവറാന് പിടിച്ചില്ല. ഒരുത്തിക്ക് മുടിയുണ്ടങ്കില്‍ നിറമില്ല,നിറമുണ്ടങ്കില്‍ ചിരിയില്ല ,ചിരിയുണ്ടങ്കില്‍ മാന്മിഴിക്കണ്ണുകള്‍ ഇല്ല ,മാന്മിഴിക്കണ്ണുകള്‍ ഉണ്ടങ്കില്‍ അന്ന നടയില്ല ..ഇതെല്ലാം ഒത്തുവന്നാല്‍സ്ത്രിധനം ഇല്ല. സ്ത്രി തന്നെ ധനം ആണന്നും അവളൊരു മൊതലാണന്നും മനസ്സിലാക്കിയ അവറാന്‍ മൊതല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള‘നാമമാത്രമായ ഫീസ് ‘ ചോദിച്ചിട്ടും പെണ്ണിന്റെ അപ്പന്മാര്‍ അനങ്ങിയില്ല. എല്ല്ലാക്കൂടി ഒത്തുച്ചേര്‍ന്നപെണ്ണിനെനോക്കിയിരുന്നാല്‍ മൂക്കില്‍ പല്ലുകിളിക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞങ്കിലും അവറാന്‍ പിന്മാറിയില്ല . തന്റെ സ്വപ്നസുന്ദരിക്ക്വേണ്ടി അവറാന്‍ കാത്തിരുന്നു. അവറാന് മൂന്നാന്‍ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ഒരു ഇരയെകിട്ടിയാല്‍ മൂന്നാനങ്ങ് വെറുതെ വിടുമോ?അവറാന്റെ കൂടെ പെണ്ണുകാണാന്‍ പോയിത്തുടങ്ങിയപ്പോള്‍ മൂന്നാന് എന്നും പഞ്ചറാകുന്ന തുരുമ്പുപിടിച്ച റാലി സൈക്കളായിരുന്നെങ്കില്‍ഇന്ന് മൂന്നാ‍ന്റെ സഞ്ചാരം 125 സിസി ബൈക്കിലാണ്. എല്ലാം അവറാന്റെ പെണ്ണുകാണല്‍ കാണിക്കകള്‍. എല്ലാംകൂടി ഒത്തൂച്ചേര്‍ന്നഒരു പെണ്ണുണ്ടന്ന് അറിഞ്ഞ മൂന്നാന്‍ അവറാന്റെ അടുത്ത് പെണ്ണിന്റെ ഡീറ്റയിത്സ് എത്തിച്ചു

അവറാന്‍ മൂന്നാനയും കൂട്ടി പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലെത്തി.ഗെയ്റ്റില്‍ ഒരു ബോര്‍ഡ്. ‘പട്ടിയുണ്ട്.. കുരച്ച് പേടിപ്പിക്കും ,കടിക്കത്തില്ല ‘ബോര്‍ഡ് കണ്ട് അവറാന്‍ നിന്നു.മൂന്നാന്‍ അവറാന്റെ ചെവിയില്‍ പറഞ്ഞു.”പെണ്‍നിന്റെ തള്ള അകത്തുണ്ടനാ”.അവറാനെയും മൂന്നാനെയുംപെണ്ണിന്റെ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി.അവറാന്റെ മുന്നില്‍ പലഹാരങ്ങള്‍ നിരന്നു.വായിക്കകത്തേക്ക് ഉപ്പേരിയും ലഡുവും തള്ളിയിറക്കുമ്പോഴും അവറാന്റെ കണ്ണ് അടുക്കള ഭാഗത്തേക്ക് ആയിരുന്നു.

തിന്ന് തിന്ന് അവറാന് ഇക്കിള്‍ എടുത്തു തുടങ്ങിയപ്പോള്‍ അവള്‍ കടന്നു വന്നു.”ചായ” അവള്‍ മന്ത്രിച്ചു. അവറാന്റെ കാലില്‍ കൂടി ഒരു വിറയല്‍ കയറി.ട്രേയില്‍ നിന്ന് അവള്‍ ചായ എടുത്ത് അവനു നേരെ നീട്ടി. ചായ വാങ്ങിയപ്പോള്‍ അവന്റെ കൈകള്‍ വിറച്ചു.ചായ വാങ്ങിയപ്പോള്‍ അവളുടെ കൈയ്യില്‍ തോണ്ടാന്‍ അവനൊരു ശ്രമം നടത്താതിരുന്നില്ല.(പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും വാല് നേരെ ആവത്തില്ലല്ലോ?)ചായ ഗ്ലാസ് തുളുമ്പി.അവള്‍ കാലിന്റെ തള്ള വിരല്‍ കൊണ്ട് താജ്‌മഹല്‍ വരച്ചു.അവളുടെ മുഖത്ത് വിരിഞ്ഞിറങ്ങുന്ന നാണത്തിന്റെ പുഞ്ചിരിയില്‍ അവന്റെ മനം നിറഞ്ഞു. അവളെ മനസ്സിലേക്ക് സ്കാന്‍ ചെയ്ത് കയറ്റുമ്പോള്‍ അവളുടെ കഴുത്തില്‍ ഇട്ടിരിക്കുന്ന ചരടിലെ ബോര്‍ഡ് അവന്റെ കണ്ണില്‍ പതിഞ്ഞു.
“നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രിധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് ”
അവന്റെ കൈയ്യില്‍ നിന്ന് ചായ ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.അതോടൊപ്പം സ്വപ്നങ്ങളും .........