Sunday, July 3, 2011

കര്‍ത്താവിന്റേയും പത്രോസിന്റേയും ലേലം വിളി

കര്‍ത്താവും പത്രോസും ഏദന്‍‌തോട്ടത്തിലൂടെയുള്ള പതിവു നടത്തത്തിന് ഇറങ്ങിയതായിരുന്നു. ഇങ്ങനെ നടക്കൂമ്പോഴാണ് അവര്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നത്.
“നമുക്കൊന്ന് ഭൂമിയില്‍ വരെ ഒന്നു പോയാലോ പത്രോസേ, അവിടെ നമ്മുടെ അച്ചന്മാരും കുഞ്ഞാടുകളും ഒക്കെ എന്തു ചെയ്യുകയാണന്ന് നോക്കാമല്ലോ?” കര്‍ത്താവ് പറഞ്ഞത് പത്രോസും സമ്മതിച്ചു. രണ്ട് പേരും കൂടി ഭുമിയിലേക്ക് വിട്ടു. രണ്ടു പേരും കൂടി ചെന്നത് ഒരു പള്ളി‌മേടയുടെ മുന്നില്‍. അവിടാണങ്കില്‍ ഭയങ്കര തിരക്ക്.
“പത്രോസേ, നമ്മള്‍ ഈ ഭൂമിയില്‍ ഉള്ളവരെക്കുറിച്ച് ശരിക്ക് മനസിലാക്കിയിട്ടല്ലന്ന് തോന്നുന്നു. ഇവിടെ എന്തൊരു തിരക്കാ.. ഇവര്‍ക്കൊക്കെ ഇത്രയ്ക്ക് ഭക്തി ഉണ്ടായിരുന്നോ?”
പത്രോസ് എല്ലാം ഒന്ന് നോക്കി കണ്ടു. എന്നിട്ട് കര്‍ത്താവിനോട് പറഞ്ഞു.
“കര്‍ത്താവേ. ഇത് വേറെ എന്തോ സെറ്റപ്പാ.. ഇത് കുര്‍ബാന കൂടാന്‍ വന്നവരൊന്നും അല്ല”
“പിന്നെ??” കര്‍ത്താവിന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതിനു മുമ്പ് പത്രോസ് വീണ്ടും ഒന്നു ചുറ്റിനും നോക്കി.
“കര്‍ത്താവേ ദേ ആ പള്ളിമേടയ്ക്കകത്ത് എന്തോ നടക്കുന്നുണ്ട് .. ആള്‍ക്കാരൊക്കെ അങ്ങോട്ടാ പോകുന്നത്....” പത്രോസ് പറഞ്ഞു.
“എന്നാ വാ” നമുക്ക് ഒന്നു പോയി നോക്കാം . കര്‍ത്താവ് പറഞ്ഞു.

കര്‍ത്താവും പത്രോസും കൂടി പള്ളിമേടയിലെ ഹാളിലേക്ക് ചെന്നു. അവിടെ നിറയെ ആള്‍ക്കാര്‍ ആയിരുന്നു. അവിടെ നിന്ന് കേള്‍ക്കുന്ന ശബ്‌ദ്ദം ശരിക്ക് കേള്‍ക്കാന്‍ അവര്‍ക്കായില്ലങ്കിലും അവ്യക്തമായി കേട്ടു.
“പതിനഞ്ച്”
“ഇരുപത്”
“ഇരുപ്പത്തി രണ്ടര”
“ഇരുപത്തഞ്ച്”
പത്രോസും കര്‍ത്താവും ആള്‍ക്കാരുടെ ഇടയിലൂടെ തെള്ളി അകത്ത് കയറി.
“പത്രോസേ, ഇവിടെ എന്തോ ലേലം വിളിക്കുവാണന്ന് തോന്നുന്നു.. നമുക്കൂടെ ഒന്നു കൂടിയാലോ? നിന്റെ കൈയ്യില്‍ എന്തെങ്കിലും ഉണ്ടോടേ...”
“കഴിഞ്ഞ ആഴ്ച ചൂണ്ടല്‍ ഇട്ട് കിട്ടിയ മീനിന്റെ വായില്‍ നിന്ന് കിട്ടിയ ഒരു പത്തുമുപ്പത് എന്റെ കൈയ്യിലുണ്ട്”
“എന്നാ അതുമതി“
“ഇരുപത്തെട്ട്” ആരോ വിളിക്കുന്നു.
“കര്‍ത്താവേ കയറ്റി വിളിച്ചോ?” പത്രോസ് പറഞ്ഞു.
“മുപ്പത്” കര്‍ത്താവ് വിളിച്ചു.
മേശയുടെ മുന്നില്‍ ഇരുന്ന അച്ചന്‍ വിളിച്ചു പറഞ്ഞു.
“മുപ്പത് ഒരു തരം....രണ്ടു തരം... മൂന്നു തരം.. ലേലം ഉറപ്പിച്ചിരിക്കുന്നു.”
കര്‍ത്താവും പത്രോസും മുഖത്തോടു മുഖം നോക്കി.
അച്ചന്‍ കര്‍ത്താവിനോട് ചോദിച്ചു.
“എന്താ പേര്?”
“കര്‍ത്താവ്”
“എന്തു കര്‍ത്താവ്?”
“ഞാന്‍ കര്‍ത്താവ്. എന്റെ കൂടെയുള്ളത് പത്രോസ്”
“നിങ്ങളുടെ മുഴുവന്‍ പേരെന്താണന്നാ ചോദിച്ചത്” അച്ചന് ദേഷ്യം വന്നു.
“കര്‍ത്താവ്” കര്‍ത്താവ് വീണ്ടും പറഞ്ഞു.
“രാമന്‍ കര്‍ത്താവോ, ഐശ്വരന്‍ കര്‍ത്താവോ” അച്ചന്‍ ചോദിച്ചു.
“ഞാന്‍ വെറും കര്‍ത്താവാ.. ക്രൂശില്‍ തറയ്ക്ക് പെട്ട കര്‍ത്താവ്” കര്‍ത്താവ് പറഞ്ഞു.
“എന്തെങ്കിലും ആകട്ട്.... ലേലം വിളിച്ച മുപ്പതിലെ എത്രയാ ചെക്ക്   എത്രയാ ക്യാഷ്.. ക്യാഷ് കറുപ്പോ വെളുപ്പോ....” അച്ചന്‍ ചോദിച്ചു.
“അതിപ്പോ.... മൊത്തം പത്രോസിന്റെ കൈയ്യില്‍ ഉണ്ട്..” കര്‍ത്താവ് പറഞ്ഞു.
“മുപ്പതു ലക്ഷവും ക്യാഷായിട്ടാണോ കൊണ്ടു വന്നിരിക്കുന്നത്?”
“മുപ്പതു ലക്ഷമോ?” കര്‍ത്താവും പത്രോസും മുഖത്തോട് മുഖം നോക്കി.
“കര്‍ത്താവേ ഇവന്മാര്‍ മെഡിക്കല്‍ പിജി സീറ്റിന്റെ ലേലം വിളി നടത്താവായിരുന്നെന്ന് തോന്നുന്നു. ഇനി നമ്മളിവിടെ നിന്നാല്‍ തടി കേടാവും. കര്‍ത്താവാ പത്രോസാ എന്നൊന്നും ഇവന്മാര്‍ നോക്കില്ല. ഇവരൊക്കെ നമ്മളെ വീണ്ടും തട്ടും. നമുക്ക് സ്വര്‍‌ഗ്ഗത്തേക്ക് തന്നെ പോകാം” പത്രോസ് പറഞ്ഞു.
“ശരിയാ പത്രോസേ, നമ്മളിനി ഇവിടെ നിന്നാല്‍ എന്നെ വീണ്ടും ക്രൂശില്‍ തറച്ച് അതിന്റെ പേരില്‍ പിള്ളരുടെ കൈയ്യില്‍ നിന്ന് മൂന്നാലു ലക്ഷം കൂടി വാങ്ങും..”