Wednesday, July 9, 2008

നായികയുടെ അവസാനം :

പത്താം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്തി വീട്ടില്‍ നില്‍ക്കുന്ന അവളെത്തേടി ഒരാള്‍ എത്തി.അയാള്‍ എടുക്കുന്ന സീരിയലിലേക്ക് നായികയെത്തേടി ഇറങ്ങിയതാണത്രെ അയാള്‍.അവളും അമ്മയും അയാളെസ്വീകരിച്ചിരുത്തി.പണ്ടെന്നോ അവള്‍ അവ്ലൊരു ടിവി ചാനലിലെ ഫാഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.അന്നേ അവളില്‍ അയാള്‍ തന്റെ നായികയെ കണ്ടിരുന്നു എന്ന് പറഞ്ഞപ്പോള്‍ മകളുടെ സൌന്ദര്യത്തില്‍അമ്മ അഭിമാനം കൊണ്ടു.തങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും തീരുന്നത് അമ്മ സ്വപ്നം കണ്ടു.തങ്ങള്‍ ഇത്രയുംനാളും അവസരം തേടി അലഞ്ഞത് വെറുതെ ആയില്ല.അവസരം ചോദിച്ച് ചെന്നപ്പോള്‍ മകള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞുവിട്ടവര്‍ തന്റെ മകളുടെ ഡേറ്റിനായി കാത്തുനില്‍ക്കും എന്നവര്‍ക്ക് ഉറപ്പാ‍യിരുന്നു.

മകള്‍ സീരിയലിലെ നായിക ആയത് അമ്മ നാട്ടുകാരോടെല്ലാം അറിയിച്ചു.പക്ഷേ മാസം കഴിഞ്ഞിട്ടും സംവിധായകന്റെ വിളി വന്നില്ല.അമ്മ അയാളെ വിളിച്ചു.ഫിനാസില്‍ കുറച്ചുപ്രശ്നമുള്ളതുകൊണ്ടാ‍ണ് സീരിയല്‍ തുടങ്ങാത്തതന്നും ഉടന്‍ തന്നെ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും അയാള്‍ അറിയിച്ചു.ഒരാഴ്ച കഴിഞ്ഞപ്പോള്‍ സംവിധായകന്റെ വിളി എത്തി.എത്രയും പെട്ടന്ന് സ്ക്രീന്‍ ടെസ്റ്റിനായി എത്തുക. നാട്ടുകാരോട് യാത്രയും ആശിര്‍വാദവുംവാങ്ങി അവളും അമ്മയും യാത്രതിരിച്ചു.സംവിധായകന്‍ അവരെ കാത്തുനില്‍പ്പുണ്ടായിരുന്നു.

സംവിധായകന്റെയും ഫിനാന്‍സറുടേയും ഒക്കെമുന്നില്‍ ‘സ്ക്രീന്‍ ടെസ്റ്റി‘നായി കയറുന്നതിനുമുന്നില്‍ അമ്മമകളുടെ ചെവിയില്‍ പറഞ്ഞു”കഥാപാത്രമായി അഭിനയിക്കരുത് ജീവിക്കണം”.അമ്മയുടെ വാക്കുകള്‍ അവള്‍ അനുസരിച്ചു.ജീവിക്കാന്‍വേണ്ടി വേശ്യ ആകേണ്ടിവന്ന തന്റെ നായികയുടെ അഭിനയം കണ്ട്സംവിധായകന്‍ ഞെട്ടി.താന്‍ കണ്ടെടുത്ത നായിക കഥാപാത്രത്തെ ഇവള്‍ എത്ര തന്മയതത്വത്തോടെയാണ്അഭിനയിക്കുന്നത് ?.അയാള്‍ കണക്കുകള്‍ കൂട്ടി.താന്‍ കണ്ടുടുത്ത പുതുമുഖ നായികയുടെ അഭിനയം പരമാവധിചൂഷ്ണം ചെയ്യുക.

അവള്‍ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് യാത്രയായി.ലൊക്കേഷനുകള്‍ മാറിമാറി വന്നിട്ടും തിരക്കഥയ്ക്ക്ഒരു മാറ്റവും ഇല്ലായിരുന്നു.നായക കഥാപാത്രങ്ങള്‍ മാത്രം മാറിമാറി വന്നു. അമ്മയുടെ ആഗ്രഹം പോലെമകള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞുവിട്ടവര്‍ മകളുടെ ഡേറ്റിനായി അമ്മയ്ക്കു മുന്നില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങി.കുടുംബനികളുടെ കണ്ണീരില്‍ സീരിയലിന്റെ റേറ്റിങ്ങിനോടൊപ്പം നായികയുടേയും റേറ്റിംങ്ങ്കൂടി.

തിരക്കഥയില്‍ ഇല്ലാത്ത പോലീസ് വില്ലന്മാരായി കടന്നുവന്നപ്പോള്‍ സീരിയില്‍ നിന്നു.അവള്‍ക്ക്(നായികയ്ക്ക്) വേണ്ടിഒഴുക്കിയ കണ്ണീര്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ദൈവത്തിനുമുന്നില്‍ ഒഴുക്കിയില്ലല്ലോ എന്ന് ഓര്‍ത്ത്വീട്ടമ്മമാര്‍ നെടുവീര്‍പ്പീട്ടു.റെയില്‍‌വേ പാളത്തില്‍ ചിന്നഭിന്നമായി കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട നായികയുടെഫോട്ടോ പത്രത്താളുകളില്‍ കണ്ടിട്ട് ഒരു വീട്ടമ്മയും കരഞ്ഞില്ല.അവര്‍ എപ്പോഴും കണ്ണീര്‍ ഒഴുക്കുന്നത് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണല്ലോ ?