Sunday, October 19, 2008

മണമില്ലാത്ത മുല്ലപ്പു: കുഞ്ഞിക്കഥ

.
പൊതുമാപ്പ് കിട്ടി നാട്ടിലേക്ക് അയാള്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒന്നേ അയാളോട് ആവിശ്യപ്പെട്ടുള്ളു. “ഒരു കുപ്പി ജാസ്മിന്‍ സെന്റ് “.!!അവള്‍ക്ക് പണ്ടേ മുല്ലപ്പൂക്കളുടെ മണം ഇഷ്ടമായിരുന്നു. വിവാഹരാത്രിയില്‍ അവള്‍ അയാളോട് ഒന്നുമാത്രമാണ് സംസാരിച്ചത് . വീടിന്റെമുന്നില്‍ മുല്ലപ്പൂന്തോട്ടം ഉണ്ടാക്കണം. അയാള്‍ക്ക് അവളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആവുമായിരുന്നില്ല. അയാള്‍ എവിടെനിന്നക്കൊയോമുല്ലക്കമ്പുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.സ് അവളതിനെ വളര്‍ത്തിയതുകൊണ്ടായിരിക്കും മുല്ല പടര്‍ന്നുകയറി. കിടക്കറയില്‍ എത്തുമ്പോള്‍അവള്‍ക്കിമ്പോള്‍ മുല്ലപ്പൂക്കളുടെ മണമാണന്ന് അയാള്‍ അറിഞ്ഞു. ജീവിതത്തിലേക്ക് പടര്‍ന്ന് സുഗന്ധം പടര്‍ത്തുന്ന മുല്ലപ്പൂക്കളെ അവര്‍സ്വപ്നം കണ്ടു.

ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വിസയ്‌ക്കും മുല്ലപ്പൂക്കളുടെ മണമായിരുന്നോ എന്ന് അയാള്‍ക്കറിയില്ലായിരുന്നു. അവളുടെ നിറഞ്ഞുതുളുമ്പുന്നകണ്ണുകളിലും അയാള്‍ കണ്ടത് വിടരുന്ന മുല്ലമൊട്ടുകളെയാണ്. തനിക്ക് കിട്ടിയ വിസ കള്ളവിസയാണന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പതറി.പിടിക്കപെടാതിരുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് എവിടേക്ക് ഓടാനാണ്.???പത്തുവര്‍ഷത്തെ യാതനകള്‍ക്ക് ശേഷം പൊതുമാപ്പ് കിട്ടിയപ്പോള്‍ വീണ്ടും മുല്ലമൊട്ടുകളെ അയാള്‍ സ്വപ്‌നം കാണാന്‍ തുടങ്ങി.....മുല്ലപ്പൂക്കളുടെ മണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവള്‍ എഴുതിയപ്പോള്‍ മുല്ലപ്പൂക്കളെ അയാള്‍ വളരെയേറെ സ്നേഹിച്ചുതുടങ്ങി.

വളരെ അലഞ്ഞതിനുശേഷമാണ് അവള്‍ക്ക് വേണ്ടി ‘ജാസ്മിന്‍ സെന്റ് ‘ വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞത്. ഇനി എന്നെങ്കിലും കാണാം എന്ന് പറഞ്ഞ് തന്നെ സഹായിച്ച സുഹൃത്തൂക്കള്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു. വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ‘ജാസ്മിന്‍ സെന്റ് ‘ വച്ചു.എയിര്‍പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.അവള്‍ എന്തിനാണ് ‘ജാസ്മിന്‍ സെന്റ് ‘ മാത്രം മതിയന്ന് പറഞ്ഞത് ? തന്റെ വീടിന്റെ മുറ്റം മുഴുവന്‍ ഇപ്പോള്‍ അവള്‍ മുല്ല നട്ടിട്ടുണ്ടാവും.മുറ്റം നിറയെ മുല്ലപ്പൂക്കള്‍ ആയിരിക്കും.

ഒരു അപരിചിതനെപ്പോലെ നാട്ടില്‍ ബസ് ഇറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ മുല്ലപ്പൂക്കള്‍ ആയിരുന്നു. വീട് കടന്ന് എത്തുമ്പോള്‍ മുറ്റത്ത് മുല്ലകള്‍കരിഞ്ഞു നില്‍ക്കുന്നു. അയാളെകാത്ത് അവള്‍ വാതിക്കല്‍ തന്നെയുണ്ടായിരുന്നു. ഉണങ്ങിയ ശരീരവുമായി നില്‍ക്കുന്ന അവളെ മനസിലാക്കാന്‍അയാള്‍ നിമിഷങ്ങള്‍ എടുത്തു. “നമ്മുടെ മുല്ലകള്‍ക്ക് എന്തുപറ്റി ? “. അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന തന്റെ ഭാര്യയോട് ചോദിച്ചആദ്യ ചോദ്യമ്മായിരുന്നു ഇത് ... അവളൊന്ന് ചിരിച്ചു. കരിഞ്ഞുപോയ മുല്ലപ്പൂക്കളെപൊലെയായിരുന്നു അവളുടെ ചിരി. “വാടിത്തുടങ്ങിയമുല്ലപ്പൂവിനെ;മണമില്ലാത്ത മുല്ലപ്പുത്തേടി ആരു വരാന്‍ .....????”. അവള്‍ അയാളുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി തുറന്നു. അവള്‍ക്കറിയാമായിരുന്നു അയാള്‍എത്ര കഷ്ടപെട്ടിട്ടാണാങ്കിലും ‘ജാസ്മിന്‍ സെന്റ് ‘ കൊണ്ടുവരുമന്ന്. അവളത് എടുത്ത് ശരീരത്തിലേക്ക് സ്പ്രേ ചെയ്തു. മുല്ലപ്പൂവിന്റെ മണം അയാളുടെമൂക്കിലേക്ക് കയറി. ജീവിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ നല്‍കിയ തന്റെ മണം തന്നിലേക്ക് തിരിച്ചു വരുന്നത് അവളറിഞ്ഞു. മുല്ലക്കമ്പുകള്‍തളിര്‍ക്കാന്‍ തുടങ്ങി. വീണ്ടും മുല്ലപ്പൂക്കള്‍ വിരിയുകയാണ്. അയാള്‍ക്ക് വേണ്ടിമാത്രം സുഗന്ധം പരത്താന്‍ അവ വിടരുകയാണ്; അവളും....

.

Friday, October 3, 2008

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :

(ചില നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ചില മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കാറുണ്ട് .. സിഗരറ്റ്കൂടിന്റെ പുറത്ത്പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നും മദ്യക്കുപ്പിയുടെ പുറത്ത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പുംഉണ്ട് . എല്ലാ മുന്നറിയിപ്പുകളും ‘ഉല്പന്നങ്ങളുടെ‘ പുറത്ത് ലേബലാക്കുന്ന കാലത്ത് .......)

എത്രയോ പെണ്ണുങ്ങളെ അവറാന്‍ കണ്ടതാണ് . പക്ഷേ ഒറ്റയൊരുത്തിയേയും അവറാന് പിടിച്ചില്ല. ഒരുത്തിക്ക് മുടിയുണ്ടങ്കില്‍ നിറമില്ല,നിറമുണ്ടങ്കില്‍ ചിരിയില്ല ,ചിരിയുണ്ടങ്കില്‍ മാന്മിഴിക്കണ്ണുകള്‍ ഇല്ല ,മാന്മിഴിക്കണ്ണുകള്‍ ഉണ്ടങ്കില്‍ അന്ന നടയില്ല ..ഇതെല്ലാം ഒത്തുവന്നാല്‍സ്ത്രിധനം ഇല്ല. സ്ത്രി തന്നെ ധനം ആണന്നും അവളൊരു മൊതലാണന്നും മനസ്സിലാക്കിയ അവറാന്‍ മൊതല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള‘നാമമാത്രമായ ഫീസ് ‘ ചോദിച്ചിട്ടും പെണ്ണിന്റെ അപ്പന്മാര്‍ അനങ്ങിയില്ല. എല്ല്ലാക്കൂടി ഒത്തുച്ചേര്‍ന്നപെണ്ണിനെനോക്കിയിരുന്നാല്‍ മൂക്കില്‍ പല്ലുകിളിക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞങ്കിലും അവറാന്‍ പിന്മാറിയില്ല . തന്റെ സ്വപ്നസുന്ദരിക്ക്വേണ്ടി അവറാന്‍ കാത്തിരുന്നു. അവറാന് മൂന്നാന്‍ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ഒരു ഇരയെകിട്ടിയാല്‍ മൂന്നാനങ്ങ് വെറുതെ വിടുമോ?അവറാന്റെ കൂടെ പെണ്ണുകാണാന്‍ പോയിത്തുടങ്ങിയപ്പോള്‍ മൂന്നാന് എന്നും പഞ്ചറാകുന്ന തുരുമ്പുപിടിച്ച റാലി സൈക്കളായിരുന്നെങ്കില്‍ഇന്ന് മൂന്നാ‍ന്റെ സഞ്ചാരം 125 സിസി ബൈക്കിലാണ്. എല്ലാം അവറാന്റെ പെണ്ണുകാണല്‍ കാണിക്കകള്‍. എല്ലാംകൂടി ഒത്തൂച്ചേര്‍ന്നഒരു പെണ്ണുണ്ടന്ന് അറിഞ്ഞ മൂന്നാന്‍ അവറാന്റെ അടുത്ത് പെണ്ണിന്റെ ഡീറ്റയിത്സ് എത്തിച്ചു

അവറാന്‍ മൂന്നാനയും കൂട്ടി പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലെത്തി.ഗെയ്റ്റില്‍ ഒരു ബോര്‍ഡ്. ‘പട്ടിയുണ്ട്.. കുരച്ച് പേടിപ്പിക്കും ,കടിക്കത്തില്ല ‘ബോര്‍ഡ് കണ്ട് അവറാന്‍ നിന്നു.മൂന്നാന്‍ അവറാന്റെ ചെവിയില്‍ പറഞ്ഞു.”പെണ്‍നിന്റെ തള്ള അകത്തുണ്ടനാ”.അവറാനെയും മൂന്നാനെയുംപെണ്ണിന്റെ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി.അവറാന്റെ മുന്നില്‍ പലഹാരങ്ങള്‍ നിരന്നു.വായിക്കകത്തേക്ക് ഉപ്പേരിയും ലഡുവും തള്ളിയിറക്കുമ്പോഴും അവറാന്റെ കണ്ണ് അടുക്കള ഭാഗത്തേക്ക് ആയിരുന്നു.

തിന്ന് തിന്ന് അവറാന് ഇക്കിള്‍ എടുത്തു തുടങ്ങിയപ്പോള്‍ അവള്‍ കടന്നു വന്നു.”ചായ” അവള്‍ മന്ത്രിച്ചു. അവറാന്റെ കാലില്‍ കൂടി ഒരു വിറയല്‍ കയറി.ട്രേയില്‍ നിന്ന് അവള്‍ ചായ എടുത്ത് അവനു നേരെ നീട്ടി. ചായ വാങ്ങിയപ്പോള്‍ അവന്റെ കൈകള്‍ വിറച്ചു.ചായ വാങ്ങിയപ്പോള്‍ അവളുടെ കൈയ്യില്‍ തോണ്ടാന്‍ അവനൊരു ശ്രമം നടത്താതിരുന്നില്ല.(പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും വാല് നേരെ ആവത്തില്ലല്ലോ?)ചായ ഗ്ലാസ് തുളുമ്പി.അവള്‍ കാലിന്റെ തള്ള വിരല്‍ കൊണ്ട് താജ്‌മഹല്‍ വരച്ചു.അവളുടെ മുഖത്ത് വിരിഞ്ഞിറങ്ങുന്ന നാണത്തിന്റെ പുഞ്ചിരിയില്‍ അവന്റെ മനം നിറഞ്ഞു. അവളെ മനസ്സിലേക്ക് സ്കാന്‍ ചെയ്ത് കയറ്റുമ്പോള്‍ അവളുടെ കഴുത്തില്‍ ഇട്ടിരിക്കുന്ന ചരടിലെ ബോര്‍ഡ് അവന്റെ കണ്ണില്‍ പതിഞ്ഞു.
“നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രിധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് ”
അവന്റെ കൈയ്യില്‍ നിന്ന് ചായ ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.അതോടൊപ്പം സ്വപ്നങ്ങളും .........

Saturday, September 20, 2008

പാറുക്കുട്ടി പെണ്ണായി .. മരിച്ചുകഴിഞ്ഞപ്പോള്‍ അന്നമ്മച്ചിയും : കുഞ്ഞിക്കഥ

റ്റിന്റുമോനും പാറുക്കുട്ടിയും ഭയങ്കരകൂട്ടുകാരായിരുന്നു. കൂട്ടുകാരെന്ന് പറഞ്ഞാല്‍ ഭയങ്കരകൂട്ടുകാര്‍ . ഒരേ പ്രായം, ഒരേസ്കൂള്‍, ഒരേ ക്ലാസ് ... അങ്ങനെയാണ്അവര്‍ ഇതുവരേയും വന്നത് . രണ്ടുപേരും ഏഴാം ക്ലാസില്‍. ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നതും വരുന്നതും ,ഹോംവര്‍ക്ക് ചെയ്യുന്നതും ഒരുമിച്ച് .റ്റിന്റുമോന്‍ ജനിച്ച് മൂന്നുമാസം കഴിഞ്ഞാണ് പാറുക്കുട്ടി ജനിക്കുന്നത്. അതുകൊണ്ട് മൂത്താളാ‍യ തന്നെ ചേട്ടന്‍ എന്ന് വിളിക്കണമെന്ന് റ്റിന്റുമോന്‍കല്പിക്കേണ്ട താമസം പാറുക്കുട്ടി റ്റിന്റുമോനെ റ്റിന്റുമോന്‍ ചേട്ടാ എന്നാണ് വിളിക്കൂന്നത്. അടുത്തടുത്ത വീടായതുകൊണ്ട് ഒന്നുകില്‍ റ്റിന്റുമോനെകാണണമെങ്കില്‍ പാറുക്കൂട്ടിയുടെ വീട്ടില്‍ ചെല്ലണം . പാറുക്കുട്ടിയെ കാണണമെങ്കില്‍ റ്റിന്റുമോന്‍ എവിടാണന്ന് നോക്കിയാല്‍ മതി. അങ്ങനെ രണ്ടുപേരും ഭയങ്കരകൂട്ടുകാരായി കളിച്ചു ചിരിച്ച് കഴിയുന്ന ഒരു ദിവസം പാറുക്കുട്ടി സ്കൂളില്‍ പോകാന്‍ ഒരുങ്ങിയില്ല . പാറുക്കുട്ടിക്ക് സുഖമില്ലന്ന അമ്മ പറയുകയും ചെയ്തു.


വൈകിട്ട് പാറുക്കുട്ടിയെ തിരക്കി റ്റിന്റുമോന്‍ പാറുക്കുട്ടിയുടെ വീട്ടിലെത്തി. പാറുക്കുട്ടി സന്തോഷത്തോടെ അവിടെയുണ്ട്. ഇവള്‍ക്കൊരസുഖവുമില്ലാതെമഠിച്ചിരിക്കുകയാണന്ന് റ്റിന്റുമോന് മനസ്സിലായി. റ്റിന്റുമോന്‍ പാറുക്കുട്ടിയെ കളിക്കാനായി വിളിച്ചു. പാറുക്കുട്ടി റ്റിന്റുമോന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങുകയുംപാറുക്കുട്ടിയുടെ അമ്മയുടെ വിളിയെത്തി.. “എടീടീടീ... നിന്നോട് ഞാന്‍ എന്തുവാടീ പറഞ്ഞത് ?”. അമ്മയുടെ വിളിവന്നതും ഞാനിനി കളിക്കാനില്ലഎന്ന് പറഞ്ഞ് പാറുക്കുട്ടി മുറ്റത്തുനിന്ന് കയറി. റ്റിന്റുമോന് സങ്കടമായി. ഇന്നലവരേയും പാറുക്കുട്ടിയെ തന്റെകൂടെ കളിക്കാന്‍ പറഞ്ഞുവിട്ടിരുന്നഅമ്മ ഇന്ന് അവളെ വഴക്കുപറഞ്ഞിരിക്കുന്നു. റ്റിന്റുമോന്‍ ഒന്നും പറയാതെ മരച്ചുവട്ടില്‍ പോയിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ അതാ പാറുക്കുട്ടിവരുന്നു. അവള്‍ റ്റിന്റുമോന് തന്റെ കൈയ്യിലിരുന്ന പാ‍ത്രം കൊടുത്തു. അവനത് ആദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ലങ്കിലും അതിനകത്ത് തനിക്ക് ഇഷ്ടപ്പെട്ട ഉണ്ണിയപ്പം ആണന്ന് കണ്ടപ്പോള്‍ വിഷമമൊക്കെ മറന്ന് പാത്രം വാങ്ങി. രണ്ട് ഉണ്ണിയപ്പം പാത്രത്തില്‍നിന്നെടുത്ത് അവള്‍ക്കും കൊടൂത്തു അവന്‍.

“എവിടന്നാ ഈ ഉണ്ണിയപ്പം..”

“അമ്മയുണ്ടാക്കിയതാ...” .
അവന്‍ ഉണ്ണിയപ്പം എല്ലാം തിന്നുതീര്‍ത്തു.

“നമുക്കിനി കളിക്കാന്‍ പോകാം ...”അവന്‍ പാറുക്കുട്ടിയുടെ കൈയ്യില്‍ പിടിച്ചു വലിച്ചു.

“ഞാനിനി റ്റിന്റുമോന്‍ ചേട്ടന്റെ കൂടെ കളിക്കാനില്ല...”

“അതെന്താ .. ഞാന്‍ നിന്നെ വഴക്കൊന്നും കെട്ടിയില്ലല്ലോ..?”

“വഴക്ക്കെട്ടിയതുകൊണ്ടന്നും അല്ല ... ഞാനൊരു പെണ്ണായി ... അതുകൊണ്ട് ഇനി അധികവും കളിയും നടത്തമൊന്നും വേണ്ടാന്ന് അമ്മ പറഞ്ഞു ... അതിനാ ഇന്ന്അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയത് ...”

റ്റിന്റുമോന്‍ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി. ഇനി തന്റെ കൂടെ കളിക്കാന്‍ പാറുക്കുട്ടി വരത്തില്ലന്ന് മാത്രം അവന് മനസ്സിലായി. അവന്‍ വീട്ടില്‍ചെന്ന് കയറിയപ്പോള്‍ ചായകുടിക്കാന്‍ അമ്മ വിളിച്ചു. അവന്‍ ചായകുടിക്കാന്‍ ചെന്നപ്പോള്‍ ചായയുടെ കൂടെ കുഴിയന്‍ പാത്രത്തില്‍ ഉണ്ണിയപ്പം.

“ പാറുക്കൂട്ടിയുടെ വീട്ടില്‍ നിന്നാണോ അമ്മേ ഉണ്ണീയപ്പം...”

“അല്ലടാ , ഇന്ന് കിഴക്കേലേ അന്നമ്മച്ചിയുടേ ആണ്ട് അടിയന്തരമായിരുന്നു... അവിടെ നിന്ന് കൊണ്ടുത്തന്നതാ ....”

അമ്മ പറഞ്ഞതുകേട്ട് അവന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ...

“അന്നമ്മച്ചി മരിച്ചു കഴിഞ്ഞിട്ടാ പെണ്ണായതല്ലേ ...? പിന്നെ ... നമ്മുടെ പാറുക്കുട്ടി എന്തിനാ ഇപ്പോഴേ പെണ്ണായത് ...?”പാത്രത്തിലെ ഉണ്ണിയപ്പം തീര്‍ന്നുകഴിഞ്ഞിട്ടും റ്റിന്റുമോന് ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ല.

Tuesday, August 26, 2008

പെര്‍ഫോര്‍മന്‍‌സ് ഇല്ലാത്ത പാട്ടുകാരന്‍ :

അവന്‍ പാടിതീര്‍ന്നപ്പോള്‍ നിലയ്ക്കാത്ത കൈയ്യടി ആയിരുന്നു.അവരാരും അവന്‌വേണ്ടി കൂലിക്ക് കൈയ്യടിച്ചവര്‍ അല്ലായിരുന്നു.അത്രയ്ക്ക് നല്ല പാട്ടായിരുന്നു അവന്റേത്.ഗന്ധര്‍വ്വന്റെ പാട്ടുപോലെ മനോഹരം.കടിച്ചുകീറാന്‍ നില്‍ക്കുന്ന കാട്ടുചെന്നായ്ക്കളെപ്പോലെ അവര്‍ അവനുചുറ്റും വട്ടം കൂട്ടിയപ്പോള്‍ അവന്‍ പേടിച്ചില്ല.അവര്‍ ആകെ അഞ്ചുപേര്‍ ,നാലു ജഡ്‌ജസും ഒരു അവതാരകയും!!!അല്പവസ്ത്രധാരിയായ അവതാരക അവനെജഡ്‌ജസിന്റെ മുന്നിലേക്ക് തൂക്കാന്‍ കൊണ്ടുപോകുന്ന കുറ്റവാളിയെപ്പോലെ നയിച്ചു.തന്റെ സമയം എണ്ണപ്പെട്ടുകഴിഞ്ഞു എന്നവന് തോന്നിയതുകൊണ്ടായിരിക്കണം അവന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.സംഗീതമത്സരത്തില്‍ പങ്കെടുത്തു എന്ന ഒരേഒരു കുറ്റം മാ‍ത്രമേ അവന്‍ ചെയ്തിട്ടുള്ളായിരുന്നു.അവതാരക കണകുണാഇംഗ്ലീഷില്‍ പറഞ്ഞത് അവന് മനസിലായില്ല.താന്‍ പറഞ്ഞത് ഒരു മഹത്തരമായ തമാശ ആണന്നുള്ളരീതിയില്‍ അവതാരക പൊട്ടിച്ചിരിച്ചപ്പോള്‍ അവനും ചിരിച്ചു.അവള്‍ ചിരിച്ചത് തന്റെ കൊലച്ചിരിയാണന്ന്അവന് മനസിലായിക്കാണണം.

അവള്‍,അവതാരക അവന്റെ കുറ്റത്തിനുള്ള ശിക്ഷ എന്താണന്ന് അറിയാന്‍ അവനെ വിധിക്കാനും വധിക്കാനുംഅധികാരം ചാര്‍ത്തിക്കിട്ടിയവരുടെ മുന്നിലേക്ക് അവനെ എറിഞ്ഞു കൊടുത്തു.അവരുടെ വിധി എന്താണങ്കിലുംതനിക്ക് കുഴപ്പമില്ലന്നുള്ള മട്ടില്‍ അവന്‍ കറുത്തകണ്ണടയുടെ മറയില്‍ പുഞ്ചിരിച്ചു കൊണ്ട് നിന്നു.തങ്ങളാണ്സംഗീതത്തിലെ സപ്തസ്വരങ്ങള്‍ ചിട്ടപ്പെടുത്തിയത് എന്ന ഗര്‍വ്വില്‍ അവന്റെ സ്വരത്തേയും പാട്ടിനേയുംഉച്ചാരണത്തേയും അവര്‍ കടിച്ചു കീറി.സംഗതി നന്നായില്ല,ചരണം നന്നായില്ല,അനുപല്ലവി താണുപോയി,നാലാമത്തെ വരിയുടെ അവസാനത്തെ നീട്ടം കുറച്ചുകൂടി കൂട്ടാമായിരുന്നു ഇങ്ങനെ അവരുടെ കുറ്റാരോപണങ്ങള്‍നീണ്ടുപോയി.ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ അവന്‍ നിന്നു.

അവസാനം അവനെ കുറ്റംവിധിക്കാന്‍ ഗസ്റ്റ് ആരാച്ചാര്‍ സിനിമാനടി മൈക്ക് എടുത്തു.അവളുടെ ആരോപണംഅവന്റെ ഉച്ചാരണം ശരിയായില്ല,അവന്റെ ഡ്രസ്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ ആയിരുന്നു.അവളുടെ ഉച്ചാരണ ശുദ്ധികൊണ്ട് നാളിതുവരെയുള്ള പടങ്ങളില്‍ അവളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാന്‍ ആരുംതയ്യാറായിട്ടില്ലായിരുന്നു.അവള്‍ എപ്പോഴും നന്നായി ഡ്രസ്സ് ധരിക്കുന്നതുകൊണ്ട് സിനിമായിലും ജീവിതത്തിലുംഅവള്‍ക്ക് ഒരു മുഴും തുണി തികച്ച് വേണ്ടായിരുന്നു.

അവന്റെ സമയം എണ്ണപ്പെട്ടു കഴിഞ്ഞു.ശവം എടുത്തോണ്ട് പോകുമ്പോഴുള്ള സംഗീതം ബാക്ക് ഗ്രൌണ്ട്മ്യൂസിക്കായി നിറഞ്ഞു.അവന്റെ ശിക്ഷ വിധിക്കുന്നു.അവനെതിരെയുള്ള ആരോപണങ്ങള്‍ വധകര്‍ത്താക്കള്‍അവനെ വായിച്ചുകേള്‍പ്പിച്ചു.പാട്ട് കൊള്ളാം പക്ഷേ സ്റ്റേജ് പെര്‍ഫോര്‍മന്‍സ് പോരാ...ഡാന്‍സ് ചെയ്യാന്‍അറിഞ്ഞു കൂടാ...പാട്ടിനനുസരിച്ചുള്ള ഡ്രസ്‌കോഡ് ഇല്ല ...കളര്‍‌കോമ്പിനേഷന്‍ ഇല്ല .... ശബ്ദ്ദത്തിന്ഭാവം ഉണ്ടങ്കിലും മുഖത്ത് ഭാവം വരുന്നില്ല .... അവന്റെ മരണമണി അവര്‍ മുഴക്കി.തങ്ങളുടെ വിധിയില്‍അവന്‍ പൊട്ടിക്കരയുമെന്ന് അവര്‍ കരുതി.അവന്റെ കണ്ണീര്‍ വിറ്റ് കാശാക്കാന്‍ വേണ്ട് ക്യാമറക്കണ്ണുകള്‍അവന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്തു.ഇല്ല അവന്റെ ചിരിക്ക് ഒരു മാറ്റവും ഇല്ല ...കറുത്തകണ്ണടയുടെമറമാറ്റി അവന്‍ കണ്ണ് തുടയ്ക്കുമെന്ന് അവര്‍ കരുതി.പക്ഷേ അതുണ്ടായില്ല ....

“ബിഥോവനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ‌?”അവന്‍ തന്നെ വിധിച്ചവരോട്(?) ചോദിച്ചു.ആരാണപ്പാ ഈബിഥോവന്‍ അവര്‍ പരസ്പരം നോക്കി.തങ്ങളെക്കാള്‍ വലിയ വിധികര്‍ത്താവായ അവന്‍ ആരാണ്? ബിഥോവന്‍ഓഡിയേഷന്‍ റൌണ്ടിലേ പുറത്തായി എന്ന് പറഞ്ഞ് അവതാരക പൊട്ടിച്ചിരിച്ചു.അവള്‍ പറഞ്ഞത് ശരിയായിരിക്കും എന്ന് വിചാരിച്ച് മറ്റുള്ളവരും ചിരിച്ചു.“പൊട്ടനായ ബിഥോവന്‍ ഓഡിയേഷന്‍ റൌണ്ടിലേ പുറത്തായി എങ്കില്‍ കണ്ണുപൊട്ടനായ ഞാന്‍ ഈ റൌണ്ടില്‍ വരെ എത്തപ്പെട്ടതു തന്നെ ഭാഗ്യം..”അവന്‍ തന്റെകണ്ണട എടുത്തു.കണ്ണുകളുടെ സ്ഥാനം ശൂന്യമായിരുന്നു.അവന്‍ സ്ലോമോഷനില്‍ വേദി വിട്ടപ്പോള്‍ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായി ഉയരുന്നത് ബിഥോവന്റെ സിം‌ഫണി ആണന്ന് വിധിക്കാനും വധിക്കാനുംഅധികാരമുള്ളവര്‍ അറിഞ്ഞില്ല.

Saturday, August 9, 2008

റാമ്പിലെ സുന്ദരി (ഭ്രാന്തി) :

അവള്‍ ഒരു സുന്ദരി ആയിരുന്നു.സുന്ദരി എന്നു പറഞ്ഞാല്‍ പോരാ,അതിസുന്ദരി ആയിരുന്നു. അവളുടെസൌന്ദര്യത്തെക്കുറിച്ച് പത്രങ്ങള്‍ വാഴ്ത്തിപ്പാടി.‘സെക്സിവുമണ്‍‘ ആയി അവള്‍ തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മാധ്യമങ്ങളുടെ കവര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷ പ്പെടാന്‍ അവള്‍ ലക്ഷങ്ങള്‍ വാങ്ങിച്ചു. യുവാക്കള്‍അവളുടെ ‘ഫാഷന്‍‘ കാണാന്‍ ഫാഷന്‍ ഷോകള്‍ തച്ചിനിരുന്ന് കാണാന്‍ തുടങ്ങി.അര്‍ദ്ധരാത്രിയിലെ‘മിഡ് നൈറ്റ് ഹോട്ടി’ല്‍ അവളുടെ അന്നനടയും പൂച്ചനടത്തവും കാണാനായി ആളുകള്‍ കാത്തിരിപ്പുണ്ടന്ന് ചാനലുകാര്‍ക്കും അറിയാമായിരുന്നു.

റാമ്പുകളില്‍ നിന്ന് റാമ്പുകളിലേക്ക് അവള്‍ ചുവടുകള്‍ വച്ചു.ഡിസൈനര്‍മാര്‍ തങ്ങളുടെ ഡിസൈന്‍അവളെ അണിയിച്ച് റാമ്പുകളിലൂടെ നടത്താന്‍ മത്സരിച്ചു .വടിവൊത്ത ശരീരത്തില്‍ വസ്ത്രങ്ങള്‍ പേരിനുവേണ്ടിമാത്രം അണിഞ്ഞ് അവള്‍ പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ റാമ്പുകളില്‍ അവതരിപ്പിച്ചു.(വെട്ടുതുണികൊണ്ടുംഫാഷന്‍ ഉണ്ടാക്കാം!!!!!!). ആളുകള്‍ അവള്‍ ധരിക്കുന്ന ഫാഷന്‍ വസ്ത്രങ്ങളെക്കുറിച്ച് വാചാലരായി. അവള്‍
പങ്കെടുക്കുന്നു എന്നതുകൊണ്ട് മാത്രം ഫാഷന്‍ ഷോകളുടെ ടിക്കറ്റിന് പതിനായരങ്ങളുടെ വിലവര്‍ദ്ധനയുണ്ടായി.അവള്‍ റാമ്പില്‍ എത്തുമ്പോള്‍ കാണികള്‍ അവള്‍ക്ക് നേരെ പൂക്കള്‍ എറിഞ്ഞു ആര്‍ത്തുവിളിച്ചു.

ഒരു ദിവസം അവള്‍ ചിന്തിച്ചു.താനെന്തിനു റാമ്പില്‍ മാത്രം ഇങ്ങനെ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ്നടക്കണം.ജനങ്ങള്‍ തന്നെ കൂടുതലായി അറിയണമെങ്കില്‍ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം.തനിക്ക് ഏറ്റവും കൂടുതല്‍ പ്രശംസകള്‍ വാങ്ങിത്തന്ന ഡിസൈന്‍ഡ് വസ്ത്രവും അണിഞ്ഞ് അവള്‍ റാമ്പില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങി. ആളുകള്‍ തന്നെ കാണുമ്പോള്‍ പൂക്കള്‍ തന്റെ നേരെ വാരി എറിയുമെന്ന് അവള്‍ കരുതിയിരുന്നു. പക്ഷേ അവളെ കണ്ട് ആളുകള്‍ മുഖം തിരിച്ചു. “ഭ്രാന്തി..ഭ്രാന്തി...തുണിയില്ലാത്ത ഭ്രാന്തി...” ആരോവിളിച്ചു പറഞ്ഞു. “എറിഞ്ഞോടിക്കടാ അവളെ “.കല്ലുകള്‍ തെരുതെരുതെ അവളില്‍ പതിച്ചു.

സൌന്ദര്യ നിരൂപകര്‍ വാഴ്ത്തിപ്പാടിയ അവളുടെ പൂമേനിയില്‍ ചോരപൊടിഞ്ഞു.അവള്‍ അലറിക്കരഞ്ഞുകൊണ്ട് തെരുവില്‍ നിന്ന് റാമ്പിലേക്ക് ഓടിക്കയറി.റാമ്പിലെ അവളുടെ സൌന്ദര്യം കണ്ട് ആളുകള്‍ആര്‍ത്തുവിളിച്ചു.“എന്താണവളുടെ ഒരു സൌന്ദര്യം “!!!!

Wednesday, July 9, 2008

നായികയുടെ അവസാനം :

പത്താം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്തി വീട്ടില്‍ നില്‍ക്കുന്ന അവളെത്തേടി ഒരാള്‍ എത്തി.അയാള്‍ എടുക്കുന്ന സീരിയലിലേക്ക് നായികയെത്തേടി ഇറങ്ങിയതാണത്രെ അയാള്‍.അവളും അമ്മയും അയാളെസ്വീകരിച്ചിരുത്തി.പണ്ടെന്നോ അവള്‍ അവ്ലൊരു ടിവി ചാനലിലെ ഫാഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.അന്നേ അവളില്‍ അയാള്‍ തന്റെ നായികയെ കണ്ടിരുന്നു എന്ന് പറഞ്ഞപ്പോള്‍ മകളുടെ സൌന്ദര്യത്തില്‍അമ്മ അഭിമാനം കൊണ്ടു.തങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും തീരുന്നത് അമ്മ സ്വപ്നം കണ്ടു.തങ്ങള്‍ ഇത്രയുംനാളും അവസരം തേടി അലഞ്ഞത് വെറുതെ ആയില്ല.അവസരം ചോദിച്ച് ചെന്നപ്പോള്‍ മകള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞുവിട്ടവര്‍ തന്റെ മകളുടെ ഡേറ്റിനായി കാത്തുനില്‍ക്കും എന്നവര്‍ക്ക് ഉറപ്പാ‍യിരുന്നു.

മകള്‍ സീരിയലിലെ നായിക ആയത് അമ്മ നാട്ടുകാരോടെല്ലാം അറിയിച്ചു.പക്ഷേ മാസം കഴിഞ്ഞിട്ടും സംവിധായകന്റെ വിളി വന്നില്ല.അമ്മ അയാളെ വിളിച്ചു.ഫിനാസില്‍ കുറച്ചുപ്രശ്നമുള്ളതുകൊണ്ടാ‍ണ് സീരിയല്‍ തുടങ്ങാത്തതന്നും ഉടന്‍ തന്നെ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും അയാള്‍ അറിയിച്ചു.ഒരാഴ്ച കഴിഞ്ഞപ്പോള്‍ സംവിധായകന്റെ വിളി എത്തി.എത്രയും പെട്ടന്ന് സ്ക്രീന്‍ ടെസ്റ്റിനായി എത്തുക. നാട്ടുകാരോട് യാത്രയും ആശിര്‍വാദവുംവാങ്ങി അവളും അമ്മയും യാത്രതിരിച്ചു.സംവിധായകന്‍ അവരെ കാത്തുനില്‍പ്പുണ്ടായിരുന്നു.

സംവിധായകന്റെയും ഫിനാന്‍സറുടേയും ഒക്കെമുന്നില്‍ ‘സ്ക്രീന്‍ ടെസ്റ്റി‘നായി കയറുന്നതിനുമുന്നില്‍ അമ്മമകളുടെ ചെവിയില്‍ പറഞ്ഞു”കഥാപാത്രമായി അഭിനയിക്കരുത് ജീവിക്കണം”.അമ്മയുടെ വാക്കുകള്‍ അവള്‍ അനുസരിച്ചു.ജീവിക്കാന്‍വേണ്ടി വേശ്യ ആകേണ്ടിവന്ന തന്റെ നായികയുടെ അഭിനയം കണ്ട്സംവിധായകന്‍ ഞെട്ടി.താന്‍ കണ്ടെടുത്ത നായിക കഥാപാത്രത്തെ ഇവള്‍ എത്ര തന്മയതത്വത്തോടെയാണ്അഭിനയിക്കുന്നത് ?.അയാള്‍ കണക്കുകള്‍ കൂട്ടി.താന്‍ കണ്ടുടുത്ത പുതുമുഖ നായികയുടെ അഭിനയം പരമാവധിചൂഷ്ണം ചെയ്യുക.

അവള്‍ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് യാത്രയായി.ലൊക്കേഷനുകള്‍ മാറിമാറി വന്നിട്ടും തിരക്കഥയ്ക്ക്ഒരു മാറ്റവും ഇല്ലായിരുന്നു.നായക കഥാപാത്രങ്ങള്‍ മാത്രം മാറിമാറി വന്നു. അമ്മയുടെ ആഗ്രഹം പോലെമകള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞുവിട്ടവര്‍ മകളുടെ ഡേറ്റിനായി അമ്മയ്ക്കു മുന്നില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങി.കുടുംബനികളുടെ കണ്ണീരില്‍ സീരിയലിന്റെ റേറ്റിങ്ങിനോടൊപ്പം നായികയുടേയും റേറ്റിംങ്ങ്കൂടി.

തിരക്കഥയില്‍ ഇല്ലാത്ത പോലീസ് വില്ലന്മാരായി കടന്നുവന്നപ്പോള്‍ സീരിയില്‍ നിന്നു.അവള്‍ക്ക്(നായികയ്ക്ക്) വേണ്ടിഒഴുക്കിയ കണ്ണീര്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ദൈവത്തിനുമുന്നില്‍ ഒഴുക്കിയില്ലല്ലോ എന്ന് ഓര്‍ത്ത്വീട്ടമ്മമാര്‍ നെടുവീര്‍പ്പീട്ടു.റെയില്‍‌വേ പാളത്തില്‍ ചിന്നഭിന്നമായി കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട നായികയുടെഫോട്ടോ പത്രത്താളുകളില്‍ കണ്ടിട്ട് ഒരു വീട്ടമ്മയും കരഞ്ഞില്ല.അവര്‍ എപ്പോഴും കണ്ണീര്‍ ഒഴുക്കുന്നത് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണല്ലോ ?

Saturday, June 21, 2008

കിഡ്‌നി :

ദുബായിലെ ഒരു ഷെയ്ക്കിന് മുടിഞ്ഞ പനിയും ,ദേഹത്ത് വേദനയുമായിട്ട് ആശുപത്രിയില്‍ കൊണ്ടു ചെന്നു.ഷെയ്ക്കിന് നില്‍ക്കാനും വയ്യ,ഇരിക്കാനുംവയ്യ,കിടക്കാനുംവയ്യ ..റ്റോട്ടലി ഒന്നിനും രണ്ടിനും വയ്യ.ഡോക്ടര്‍മാര്‍അവസാനം രോഗം കണ്ടുപിടിച്ചു.ഷെയ്ക്കിന്റെ കിഡ്നി അടിച്ചുപോകാറായിരിക്കുന്നു. എത്രയും പെട്ടന്ന് കിഡ്നിമാറ്റി വച്ചില്ലങ്കില്‍ ഷെയ്ക്കിന്റെ ജീവിതം കട്ടപ്പുക.ഷെയ്ക്കിന് പറ്റിയ കിഡ്നി തിരക്കി പത്രത്തില്‍ പരസ്യംകൊടുത്തിട്ടും ഒരു പ്രയോജനവുമില്ല.തനിക്ക് ഒരു കിഡ്നി തരുന്നവന് എത്ര ദിര്‍ഹം വേണമെങ്കിലും കൊടുക്കാമന്ന്പറഞ്ഞിട്ടും പറ്റിയ കിഡ്നി കിട്ടിയില്ല.ഷെയ്ക്കിന് പറ്റിയ കിഡ്നി തേടി ഷെയ്ക്കിന്റെ ഡ്രൈവര്‍ കുട്ടപ്പന്‍ കേരളത്തിലേക്ക്വിട്ടു.കേരളത്തില്‍ കിഡ്നിക്ക് ഒക്കെ ഭയങ്കര വിലയാണന്ന് കുട്ടപ്പന്റെ വാചകമടയില്‍ വീണ ഷെയ്ക്ക് കിഡ്നിഅന്വേഷിക്കാന്‍ വേണ്ടിമാത്രം കുട്ടപ്പന് അഞ്ചുലക്ഷം ദിര്‍ഹം കൊടുത്തു.

കുട്ടപ്പന്‍ കേരളത്തിലെത്തി അന്വേഷണം തുടങ്ങി.തന്റെ കൂട്ടുകാരനായ തങ്കപ്പന്റെ കിഡ്നി ഷെയ്യ്ക്കിന് ചേരുമെന്ന് കുട്ടപ്പന്‍ മനസ്സിലാക്കി.കുട്ടപ്പന്‍ ഡാവടിച്ച് തങ്കപ്പന്റെ കൂടെ കൂടി.കണ്ടത്തിന്‍ വരമ്പില്‍വെള്ളമടിച്ച് ഇരിക്കുമ്പോള്‍ കുട്ടപ്പന്‍ തങ്കപ്പന് ചൂണ്ടയിട്ടു.തങ്കപ്പന്റെ ഒരു കിഡ്നി തന്റെ ഷെയ്ക്കിന്കൊടുത്താല്‍ ഷെയ്യ്ക്ക് പത്തുലക്ഷം രൂപയും ഒരുവിസയും കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ജീവിതാവസാനം വരെ പന്നിമലര്‍ത്തിയാലും പത്തുലക്ഷത്തിന്റെ പത്തിലൊന്നുപോലും കിട്ടത്തില്ലന്ന് മനസ്സിലായതങ്കപ്പന്‍ വെയ്‌റ്റിട്ട് നിന്നു.അമേരിക്കയിലെ ഒരു സായ്പ്പ് തന്റെ കിഡ്നിക്ക് പതിനഞ്ചു ലക്ഷം രൂപ പറഞ്ഞന്ന്തങ്കപ്പനങ്ങ് അടിച്ചു.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ പതിനഞ്ച് ലക്ഷം.തങ്കപ്പന്‍ വിലകയറ്റുമ്പോള്‍കുട്ടപ്പനും സന്തോഷം കൂടുതല്‍ തുക ഷെയ്ക്കിന്റെ കൈയ്യില്‍ നിന്ന് അടിച്ചുമാറ്റാമല്ലോ?

കുട്ടപ്പന്‍ തങ്കപ്പനേയും കൂട്ടി വിമാനം കയറി.ഗള്‍ഫിലെ ചൂടടിച്ചപ്പോള്‍ തങ്കപ്പന് ഉടനെ വീട്ടില്‍പോകണം.തങ്കപ്പനും ഷെയ്ക്കും തമ്മില്‍ സംസാരിച്ചു.തങ്കപ്പന്‍ ഒരു ഫുള്‍ അടിച്ചുകൊണ്ടാണ്തങ്കപ്പന്റെ സംസാരം എന്നതുകൊണ്ട് തങ്കപ്പന്‍ പറയുന്നത് ഷെയ്ക്കിനും ഷെയ്ക്ക് പറയുന്നത്തങ്കപ്പനും മനസ്സിലായി.(ഏത് ?).തങ്കപ്പന്‍ ഒരു ഡിമാന്റും കൂടി വച്ചു.തനിക്ക് വിസയൊന്നും വേണ്ടമാസാമാസം ഒരു പതിനായിരം രൂപ നാട്ടിലോട്ട് അയച്ചു തന്നാല്‍ മതി.അതുകേട്ട് കുട്ടപ്പനുംഹാപ്പിയായി.മാസാമാസം പതിനായരത്തിനും കമ്മീഷന്‍ അടിക്കാമല്ലോ ?

തങ്കപ്പനെ ആശുപത്രിയിലാക്കി.കിഡ്‌നി എടുക്കാ‍ന്‍ വന്ന ഡോക്ടറുമായി തങ്കപ്പന്‍ കമ്പിനി അടിച്ചു.ഷെയ്ക്കിന്റെ എടുത്തുമാറ്റുന്ന കിഡ്നിക്ക് ഒരു പ്രയോജനവുമില്ലന്ന് ഡോക്ടറില്‍ നിന്ന് തങ്കപ്പന്‍ മനസ്സിലാക്കി.“ഏതായാലും കിഡ്നിയല്ലിയോ ഡോക്ടറേ..അത് വെറുതെ കളയേണ്ട..തന്നില്‍ നിന്ന് എടുക്കുന്നകിഡ്നിക്ക് പകരം അതവിടെ വെച്ചോ...”എന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ അതിനങ്ങ് സമ്മതിച്ചു.ചേതമില്ലാത്ത ഒരുപകാരം എന്നേ ഡോക്ടറതിനെ കണ്ടുള്ളു.തങ്കപ്പന്റെ ഒരുകിഡ്നി എടുത്ത് ഷെയ്ക്കിനുംഷെയ്ക്കിന്റെ ഫ്യൂസായിതുടങ്ങിയ കിഡ്നി എടുത്ത് തങ്കപ്പനും വെച്ചു.ഒരു പെട്ടി പണവുമായി തങ്കപ്പന്‍നാട്ടിലേക്ക് കയറി.കുട്ടപ്പന്‍ തങ്കപ്പന്റെ കയ്യില്‍നിന്നും ഷെയ്ക്കിന്റെ കയ്യില്‍ നിന്നും കമ്മീഷന്‍ കണക്ക്പറഞ്ഞ് വാങ്ങി.

നാട്ടിലെത്തി രണ്ടുമാസം കഴിഞ്ഞിട്ടും മാസംതോറും അയച്ചുതരാമെന്ന് പറഞ്ഞ് പതിനായിരും രൂപകാണാതായപ്പോക്ക് തങ്കപ്പന്‍ അറബിയെ വിളിച്ചു.അറബിയുടെ ഫോണ്‍നമ്പര്‍ നിലവിലില്ലന്ന്മറുപിടി കിട്ടി.കുട്ടപ്പനെ വിളിച്ചപ്പോള്‍ കുട്ടപ്പന്‍ ഓട്ട് ഓഫ് കവറേജ്.തന്നെ കുട്ടപ്പനും ഷെയ്ക്കുംപറ്റിക്കുകയാണന്ന് തങ്കപ്പന് തോന്നി.പാലും കടക്കുവോളം നാരായണാ നാരായണാ...പാലം കടന്നിട്ട് കൂരായണ കൂരായണ.തങ്കപ്പന്‍ അടുത്ത ഫ്ലൈറ്റില്‍ ടിക്കറ്റ് എടുത്ത് ഗള്‍ഫില്‍ എത്തി.കുട്ടപ്പനേയും ഷെയ്ക്കിനേയും അന്വേഷിച്ചു.ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ ഇട്ടിരിക്കുവാണത്രെ!!!കുട്ടപ്പനെ അറബിപിള്ളാര് ഇടിച്ച് ചമ്മന്തിപരുവമാക്കിആശുപത്രിയിലും ഇട്ടിരിക്കുവാണന്ന് കുട്ടപ്പന്റെ കൂട്ടുകാ‍ര്‍ പറഞ്ഞു.

ഷെയ്ക്കിനെ എന്തിനാണ് അറസ്റ്റ് ചെയ്തതന്ന്‍ തങ്കപ്പന്‍ അന്വേഷിച്ചു. ആശുപത്രിയില്‍നിന്ന് വീട്ടിലെ ത്തിയതിന്റെ പിറ്റേദിവസം നടക്കാനിറങ്ങിയ ഷെയ്ക്ക് തിരക്കേറിയ എയര്‍‌പോര്‍ട്ട് റോഡിലെ വെയ്റ്റിംങ്ങ് ഷെഡിന്റെ തൂണില്‍ ചാരി മൂത്രം ഒഴിച്ചത്രെ.ഷെയ്ക്കിനെ പോലീസ് കൈയ്യോടെ പിടിച്ച് അകത്തിട്ടു.

നാട്ടിലേക്കുള്ള യാത്രയില്‍ തങ്കപ്പന്‍ ചിന്തിച്ചു.ഏതായാലും ഷെയ്യ്ക്കിന് രാത്രിയില്‍ ഇറങ്ങി നടക്കാന്‍തോന്നാഞ്ഞത് എന്താണ് ?വീട്ടില്‍ തിരിച്ചെത്തിയ തങ്കപ്പന്‍ ഷേയ്ക്കിന് ഒരു എഴുത്ത് എഴുതി.പത്ത്ലക്ഷം രൂപതന്നാല്‍ കിഡ്നി തിരിച്ചു നല്‍കാം.ഒരാഴ്ച കഴിഞ്ഞപ്പോള്‍ അറബിയുടെമറുപിടി എത്തി.ഇരുപതുലക്ഷം തരാം..ഉടനെ വന്ന് തങ്കപ്പന്റെ കിഡ്നി തിരിച്ചെടുത്തിട്ട് തന്റെകിഡ്നി തിരികെതരിക.ആക്രി കച്ചവടം തനിക്ക് നല്‍കിയ ബുദ്ധിയെ തങ്കപ്പന്‍ മനസ്സാലെ അഭിനന്ദിച്ചു.ആക്രികച്ചവടം നടത്തുയതുകൊണ്ടാ‍ണല്ലോ ഷെയ്ക്കിന്റെ അടിച്ചുപോയിതുടങ്ങിയ കിഡ്നി എടുത്ത് വയ്ക്കാന്‍ തോന്നിയത് .!!!!!!!!!!!

Sunday, June 8, 2008

ഓര്‍‌ക്കൂട്ട് ആല്‍ബത്തിലെ ഫോട്ടോ :

തന്റെ ഓര്‍‌ക്കൂട്ടിലെ റീസന്റ്‌ലി വിസിറ്റേഴ്‌സില്‍ വളരെ നാളുകളായി അയാളുടെ പേര് കിടക്കുന്നതു കണ്ടുകൊണ്ടാണ് അവള്‍ അയാളുടെ പ്രൊഫൈലില്‍ കയറി നോക്കിയത്. പ്രൊഫൈല്‍ വായിച്ചിട്ടുംഅയാള്‍ ആരാണന്ന് അവള്‍ക്ക് മനസ്സിലായില്ല.അയാളുടെ ആല്‍‌ബത്തില്‍ ചെന്ന് നോക്കിയിട്ടുംപ്രയോജനമില്ലായിരുന്നു.തമിഴ്‌നടന്‍ വിജയിന്റെ ഫോട്ടോകള്‍ ആയിരുന്നു അതില്‍.അയാളുടെ സ്ക്രാപ്പ്ബുക്ക് നോക്കാന്‍ ശ്രമിച്ചെങ്കിലും അവിടേയും പരാജയമായിരുന്നു.അയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്ക്,അവരവര്‍ അയച്ചിട്ടുള്ള സ്ക്രാപ്പ് മാത്രമേ അവരവര്‍ക്ക് അതില്‍ വായിക്കാന്‍ പറ്റുമായിരുന്നുള്ളു.

കുറച്ചുനാളുകള്‍ക്ക് ശേഷം അയാളുടെ ഒരു "hai" സ്ക്രാപ്പ് വന്നു ,കൂടെ ഒരു ഫ്രണ്ട് റിക്വസ്റ്റും.അവള്‍ ആ ഫ്രണ്ട് റിക്വസ്റ്റ് accept ചെയ്ത് അയാളുടെ ഫ്രണ്ട് ആയി. അയാളുടെ ഫ്രണ്ട്ഷിപ്പ് സ്ക്രാപ്പുകള്‍ അവള്‍ക്ക് വന്നുകൊണ്ടിരുന്നു.അവളും അതിനെല്ലാം തിരിച്ചും സ്ക്രാപ്പ് ചെയ്തു.അവളോട് അയാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു.അവള്‍ ഫോണ്‍ നമ്പര്‍ സ്ക്രാപ്പ് ചെയ്തുടനെ അയാള്‍ വിളിച്ചു.സെല്‌ഫോണിലൂടെ അവരെന്നും സംസാരിച്ചു.അയാള്‍ തന്റെ ഒരു നല്ല ഫ്രണ്ടാണന്ന് അവള്‍ കരുതി.അവളുടെ ഒരു ഫോട്ടോ അയാള്‍ ചോദിച്ചപ്പോള്‍അവള്‍ ആദ്യം ഒഴിഞ്ഞുമാറി.അവള്‍ തന്റെ പ്രൊഫൈലില്‍ ചേര്‍ത്തിരുന്നത് ഒരുകുഞ്ഞിന്റെ പടം ആയിരുന്നു.ഫോട്ടോ അവളുടെ ആല്‍ബത്തില്‍ ഇട്ടാല്‍ മതിയന്ന്‍ അയാള്‍ പറഞ്ഞപ്പോള്‍ കൂടുതലൊന്നും അവള്‍ആലോചിച്ചില്ല.അവള്‍ തന്റെ കളര്‍ ഫോട്ടോ ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അപ്‌ലോഡ് ചെയ്തു.

ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അവള്‍ തന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു.അവളുടെഫോട്ടോകള്‍ വളരെ സുന്ദരമാണന്ന് പറഞ്ഞ് സ്‌ക്രാപ്പുകള്‍ വന്നകൊണ്ടിരുന്നു.അവളുടെ പത്തിരുപത്ഫോട്ടോകള്‍ ആല്‍ബത്തില്‍ ആയതിനു ശേഷം അയാളുടെ സ്ക്രാപ്പുകള്‍ നിലച്ചു.അവള്‍ അയാളുടെനമ്പരിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ നമ്പര്‍ നോട്ട് ഇന്‍ യൂസ് !.അയാളെവിടെ പോയി ?

ഇന്റ്‌ര്‍നെറ്റിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൌണ്‍‌ലോഡ് ചെയ്തെടുത്ത സെക്സി ചിത്രങ്ങളെക്കുറിച്ച് ഒരു വാരികയില്‍ വന്ന ലേഖനം വായിച്ച അവള്‍ ഞെട്ടിപ്പോയി.ആ ലേഖനത്തോട് അനുബന്ധിച്ച്കൊടുത്തിരുന്ന ചിത്രങ്ങളില്‍ ഒന്ന് അവളുടേത് ആയിരുന്നു.

Thursday, June 5, 2008

ക്രാക്കിംങ്ങ് :

മോന്‍ എം.എന്‍.സി കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായപ്പോള്‍ അവറാന്റെ സ്വപ്‌നകോട്ടകള്‍ഉയര്‍ന്നു.വിവാഹക്കമ്പോളത്തീല്‍ ധൈര്യമായി ഇരുപന്തഞ്ച് ചോദിക്കാം.വിലപേശിയാള്‍ മുപ്പതുവരെ കിട്ടിയെന്നിരിക്കും.അവറാന്റെ സ്വപ്‌നങ്ങളില്‍ ബുള്‍ഡോസര്‍ കയറ്റികൊണ്ട് മോനൊരു ദിവസം ദിവസം കൂടെജോലിചെയ്യുന്ന പെണ്ണിനേയും വിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് കയറി.പെണ്ണിന്റെ വരവും നില്‍പ്പും നടപ്പുംകണ്ട് അവറാന്‍ ഹാപ്പി ആയെങ്കിലും പെണ്ണ് കൈയ്യും വീശിയാണ് വന്നതന്ന് അറിഞ്ഞപ്പോള്‍ അവറാന്‍തറയായി.പൂരപ്പാട്ടുകൊണ്ട് മരുമകള്‍ക്കൊരു മംഗളഗാനം തീര്‍ത്തു.കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാര്‍പോലുംഅവറാന്റെ പാട്ട് കേട്ടിരുന്നെങ്കില്‍ കറസ്‌പോണ്ടന്‍സായെങ്കിലും പാട്ട് പഠിക്കാന്‍ അവറാന് ശിഷ്യപെട്ടേനെ.

മരുമകളുടെ വീട്ടില്‍ ആവിശ്യത്തിന് പണം ഉണ്ടന്ന് അറിഞ്ഞപ്പോള്‍ വയലന്റായി നിന്ന അവറാന്‍ സൈലന്റായികൂളായി.അവറാന്‍ മോനെ വിളിച്ച് ഉപദേശിച്ചു.സാമ്പത്തിക ശക്തികളുടെ കടന്നുകയറ്റനാളുകളില്‍ ആഗോളവത്ക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയില്‍ ഇരുപത്തഞ്ച് ലക്ഷത്തിന്റെ പങ്കിനെക്കുറിച്ച്മോനൊരു ക്ലാസ് കൊടുത്തു.അപ്പന്റെ ക്ലാസില്‍ വണ്ടറടിച്ചു നിന്ന മോനൊരു പാസ്‌വേര്‍ഡ് സെറ്റ്‌ചെയ്തിട്ട് അവറാന്‍കല്പിച്ചു.”എന്റെ മുന്നില്‍ ഇരുപത്തഞ്ച് ലക്ഷം വച്ചിട്ട് മതി ബാക്കിയൊക്കെ...”

ഒരാഴ്ചകഴിഞ്ഞിട്ടും പുതുപ്പെണ്ണിന്റെ മുഖത്ത് ഒരു സന്തോഷവുമില്ലാതെ, ബഗ് തിരുത്താനാവാതെ വട്ടുപിടിച്ചപ്രോഗ്രാമറെപോലെ ഇരിക്കുന്നതുകണ്ട് കൂട്ടുകാരികള്‍ കാര്യം തിരക്കി.പുതുപ്പെണ്ണ് കാര്യം പറഞ്ഞു.ബുദ്ധികൊണ്ട്സായിപ്പിനെവരെ ചുരുട്ടി സോഫ്റ്റാക്കുന്നവര്‍ക്ക് ബുദ്ധിക്ക് പഞ്ഞം ഉണ്ടോ?

കല്യാണം കഴിഞ്ഞ് മൂന്നാംമാസത്തിലെ ഒരു ദിവസം അതിരാവിലെ കൈയ്യാലപോട്ടിലേക്ക് മുള്ളികൊണ്ടിരുന്നഅവറാന്‍ ആരോ ഓക്കാനിക്കുന്ന ശബ്ദ്ദം കേട്ട് വാഴത്തോപ്പിലേക്ക് ചെന്നു.തെക്കോട്ട് ചാഞ്ഞ വാഴച്ചുവട്ടില്‍പടിഞ്ഞാറോട്ട് കൈയ്യും കൊടുത്ത് കിഴക്കോട്ടിരുന്ന് വടക്കോട്ട് ഓക്കാനിക്കുന്ന മരുമോളെ അവറാന്‍ കണ്ടു.ലക്ഷക്കണക്കിന് രൂപയുടെ പ്രോജക്ട് നഷ്ടപെട്ട കമ്പിനി സി‌ഇ‌ഒ യെപ്പോലെ അവറാന്‍ ഞെട്ടി.ശരവേഗത്തില്‍മകന്റെ അടുത്ത് എത്തി മോന്റെ ചെപ്പക്കുറ്റി നോക്കി ഒന്നു കൊടുത്തു.മോന്റെ കണ്ണുകളിലൂടെ പൊന്നീച്ചപറന്നു.മോന്‍ പൊട്ടിക്കരഞ്ഞു. “അവളെന്നെ ക്രാക്ക് ചെയ്തതാ അപ്പച്ചാ..........”

Sunday, June 1, 2008

നാക്കിന്റെ പരാതി :

നാക്കിനെന്നും അങ്ങ് പരാതി ആയിരുന്നു.തന്റെ പരാതിക്ക് പരിഹാരം കാണാന്‍ നാക്ക് ഈശ്വരന്റെ അടുക്കല്‍എത്തി.ഈശ്വരനെ കണ്ട് പരാതി ഉണര്‍ത്തിച്ചു.മനുഷ്യരുടെ ശരീരത്തില്‍ താന്‍ മാത്രം ഒറ്റയ്ക്കാണ്.എല്ലാവര്‍ക്കുംരണ്ട് കണ്ണുണ്ട്,രണ്ട് കാലുണ്ട്,രണ്ടു കൈ ഉണ്ട്,രണ്ട് ചെവിയുണ്ട്,രണ്ട് കിഡ്‌നി ഉണ്ട്..പക്ഷേ താന്‍ മാത്രംഒറ്റയാണ്.അതുകൊണ്ട് ഇനിമുതല്‍ എല്ലാവര്‍ക്കും രണ്ടു നാക്കും നല്‍കണം.ഈശ്വരന്‍ പരാതി കേട്ടിട്ട് നാക്കിനെഉപദേശിച്ചു നോക്കി.മനുഷ്യന് ഒരു നാക്കിന്റെ ആവിശ്യമേ ഉള്ളു എന്ന് പറഞ്ഞു നോക്കി.പക്ഷേ നാക്ക്തന്റെ ആവിശ്യത്തില്‍ തന്നെ ഉറച്ചു നിന്നു.മനുഷ്യന് ഒന്നുകില്‍ രണ്ടു നാക്ക് അല്ലങ്കില്‍ ഒരു നാക്കും വേണ്ട.നാക്കിന്റെ പിടിവാശിയില്‍ ഈശ്വരന്‍ ധര്‍മ്മ സങ്കടത്തിലായി.നാക്കാണങ്കില്‍ കടും‌പിടിത്തത്തില്‍ തന്നെയാണ്.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഉറപ്പ് പറഞ്ഞ് ഈശ്വരന്‍ നാക്കിനെ പറഞ്ഞുവിടാന്‍നോക്കി.ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് നാക്ക് പറഞ്ഞപ്പോള്‍ ‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഈശ്വരന്‍ എഴുതികൊടുത്തു.

എല്ലാദിവസവും നാക്ക് ഈശ്വരന്റെ അടുത്ത് ചെല്ലും.ഈശ്വരന്‍ ആ എഴുത്ത് വാങ്ങി വായിക്കും.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘.എന്നിട്ട് നാക്കിനെ പറഞ്ഞുവിടാം.ഈശ്വരന്‍ തന്നെ പറ്റിക്കുകയാണന്ന്നാക്കിന് മനസ്സിലായി.നാക്കിനെ ഇങ്ങനെ നടത്തുന്നതില്‍ ഈശ്വരനും വിഷമം ഉണ്ടായിരുന്നു.പക്ഷേഎന്തു ചെയ്യാം.ഇന്നലെ രാവിലെ നാക്ക് വീണ്ടും ഈശ്വരന്റെ അടുത്ത് ചെന്നു.തന്നെ ഇനി പറഞ്ഞ് പറ്റിക്കാന്‍നോക്കേണ്ടാ എന്ന് പറഞ്ഞു.

ഈശ്വരന്‍ ഒന്നും പറയാതെ അകത്തേക്ക് പോയി അന്നത്തെ പത്രം മുഴുവന്‍ എടുത്തോണ്ടു വന്നു.നാക്കിനോട്പത്രം മുഴുവന്‍ വായിക്കാന്‍ പറഞ്ഞു.നാക്ക് പത്രം മുഴുവന്‍ വായിച്ചു.പത്രം തിരിച്ച് വാങ്ങിച്ചിട്ട് ഈശ്വരന്‍ നാക്കിനോട് പറഞ്ഞു.“ഒരു നാക്കേ ഉള്ളുവെങ്കില്‍തന്നെ കേരളത്തിലെ ഒരു മന്ത്രിയെ കൊണ്ട് കിടക്കപൊറുതി ഇല്ല...അപ്പോള്‍ ഒരു നാക്കൂടെ കൊടുത്താല്‍ എന്താവും സ്ഥിതി?”..നാക്ക് ഒന്നും പറയാതെ തിരിച്ചുനടന്നു...പോരുന്ന വഴിയില്‍ ചില വാക്കുകള്‍ ഉരുവിട്ടു...കാലുനക്കി..ഗദ...കൊഞ്ഞാണന്‍...

Monday, May 12, 2008

ശോശക്കുട്ടിയുടെ പ്രാര്‍ത്ഥന :

പള്ളിയിലേക്ക് പുതിയതായി വന്ന അച്ചന്‍ എല്ലാ കുഞ്ഞാടുകളേയും അങ്ങ് നന്നാക്കി കളയാം എന്ന് വിചാരിച്ച് കപ്യാര് പയ്യനേയും കൂട്ടി ഭവനസന്ദര്‍ശനത്തിന് ഇറങ്ങി.ഒന്നാം ദിവസത്തെ ഭവന സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ അച്ചനാളുശരിയല്ലന്ന് കപ്യാര്‍ക്കും പത്താം ക്ലാസു തോറ്റ് പഠിപ്പുനിര്‍ത്തിയ കപ്യാരു ശരിയല്ലന്ന് അച്ചനും തോന്നി. പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിട്ടല്ല, അവര്‍ക്ക് അങ്ങനെയങ്ങ് തോന്നി.

രണ്ടാം ദിവസം അവര്‍ ഭവനസന്ദര്‍ശനത്തിനിടയില്‍ അവര്‍ ശോശക്കുട്ടിയുടെ വീട്ടില്‍ ചെന്നു.പേരിലൊരു കുട്ടിയുണ്ടങ്കിലും ശോശക്കുട്ടി വെറും ഒരു കുട്ടി അല്ലായിരുന്നു.പതിനഞ്ചും പത്തും വയസ്സുള്ള രണ്ടുകുട്ടികളുടെ അമ്മയും ഗള്‍ഫില്‍ ജോലിയുള്ള തോമസ്സ്കുട്ടിയുടെ ഭാര്യയും ആയിരുന്നു.പരിചയപ്പെട്ടുവന്നപ്പോള്‍ ശോശക്കുട്ടിയുടെ വകയിലുള്ള ഏതൊഒരമ്മായിയുടെ മോനായിട്ട് അച്ചന്‍ വരും.സംസാരത്തിനിടയില്‍ ശോശക്കുട്ടിയുടെ മകള്‍കുട്ടി ചായയുമായി വന്നു.ചായകൊടുക്കുമ്പോള്‍ കപ്യാ‍രു മകള്‍കുട്ടിയെ നോക്കി ചിരിക്കുന്നത് അച്ചന്‍ കണ്ടു.ചായ ഊതി
കുടിക്കുമ്പോള്‍ കപ്യാരു അച്ചനെ ഇറികണ്ണിട്ടു നോക്കി.അച്ചനത്രെ ആളു ശരിയല്ലല്ലോ !!!

കുശലങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അച്ചനും കപ്യാരും പ്രാര്‍ത്ഥിക്കാനായി എഴുന്നേറ്റു.എവിടെ നിന്നേ തപ്പിക്കൊണ്ടു വന്ന കീറത്തുണി തലയിലിട്ട് വാതില്‍പ്പടിയില്‍ ചാരി ശോശക്കുട്ടി പ്രാര്‍ത്ഥനയ്ക്ക് തയ്യാറെടുത്തു.മകള്‍കുട്ടിയും അമ്മയുടെ ചാരത്ത് തന്നെ നിലയുറപ്പിച്ചു.കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങിയ അച്ചന്‍ ഒരു നിമിഷം പ്രാര്‍ത്ഥന നിര്‍ത്തി.“ശ്ശ്...ശ്...ശ്...ശ്ശ്...”ആരോ വിളിക്കുന്നു.അച്ചന്‍ ചെവി വട്ടം പിടിച്ചു.വാതിക്കല്‍ നിന്നാണ് ശബ്ദം.ശോശക്കുട്ടിയുടെ മകള്‍ കുട്ടി കപ്യാരു പയ്യനെ വിളിക്കുകയാണന്ന് അച്ചന്‍ കരുതി.കപ്യാരെ രണ്ട് തെറി പറയണമെന്ന് അച്ചന്‍ മനസ്സില്‍ പറഞ്ഞു.

അച്ചന്റെ പ്രാര്‍ത്ഥനയുടെ ഒഴുക്ക് നിന്നപ്പോള്‍ കപ്യാരു പയ്യന്‍ അച്ചനെയൊന്ന് നോക്കി.അച്ചന്‍ വാതിക്കലോട്ട് പാളി നോക്കുന്നു.അച്ചന്‍ ശോശക്കുട്ടിയെ നോക്കുവാണന്ന് പയ്യന്‍ കരുതി.വീണ്ടും അച്ചന്‍ പ്രാര്‍ത്ഥന തുടര്‍ന്നു. “ശ്ശ്...ശ്...ശ്...ശ്ശ്...”ആരോ വിളിക്കുന്നു.പയ്യന്‍ അച്ചനെ നോക്കി.ശോശക്കുട്ടി അച്ചനെ വിളിക്കുവാണന്ന് പയ്യന്‍ കരുതി.

അച്ചന്‍ പ്രാര്‍ത്ഥന നിര്‍ത്തി. “ശ്ശ്...ശ്...ശ്...ശ്ശ്...” എന്ന ശബ്ദം ഇപ്പോഴും കേള്‍ക്കാം.അച്ചനും കപ്യാരും ഒരുമിച്ച് തിരിഞ്ഞ് നോക്കി.വാതില്‍പ്പടിയില്‍ ചാരി കണ്ണുകള്‍ അടച്ച് ശോശക്കുട്ടി അങ്ങ് പ്രാര്‍ത്ഥിക്കുകയാണ്.ഇപ്പോഴും പഴയ ശബ്ദം കേള്‍ക്കാം.“ശ്ശ്...ശ്...ശ്...ശ്ശ്...”.അച്ചന് പെട്ടന്ന് ലൈറ്റ് കത്തി.ശോശക്കുട്ടി സ്‌തോത്രം സ്‌തോത്രം എന്നാണ് പറയുന്നത്.ഭക്തികൊണ്ട് തോത്രം അങ്ങ് വിഴുങുന്നതുകൊണ്ട് ശ്..ശ്..ശ് എന്നെ കേള്‍ക്കുന്നുള്ളു. അച്ചനും കപ്യാരും വീട്ടില്‍ നിന്നിറങ്ങി.അപ്പോഴും ശോശക്കുട്ടി വിളിച്ചു കൊണ്ടിരുന്നു.“ശ്ശ്...ശ്...ശ്...ശ്ശ്...”.

Wednesday, May 7, 2008

സ്വപ്‌നം കാണുന്നവര്‍

സ്വപ്‌നം കാണുക,സ്വപ്‌നം കാണുക,കണ്ട സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുക.സ്വപ്‌നങ്ങള്‍ കണ്ടാലേഉയര്‍ന്നനിലയില്‍ എത്താന്‍ പറ്റുകയുള്ളൂ എന്ന് ആരോ പറഞ്ഞതിനു ശേഷമാണ് അയാള്‍ സ്വപ്‌നങ്ങള്‍കാണാന്‍ തുടങ്ങിയത്.

ഒന്നാമത്തെ സ്വപ്‌നം:
കൊടുകാട്ടിലെ ഇരുട്ടില്‍ അയാള്‍ ഒറ്റയ്ക്കായിരുന്നു.അയാള്‍ നിന്നതിന് അടുത്ത് ഒരു മരച്ചുവട്ടില്‍ രണ്ടു നിഴല്‍ രൂപങ്ങള്‍ എന്തോ കുഴിച്ചിടൂന്നത് അയാള്‍ കണ്ടു.നിഴല്‍ രൂപങ്ങള്‍ പോയതിനു ശേഷം അയാള്‍ മരച്ചുവട്ടില്‍എത്തി മണ്ണ് മാറ്റി നോക്കി.ഒരു കുടം!അയാള്‍ കുടം തുറന്നു നോക്കി.കുടം നിറയെ സ്വര്‍ണ്ണം.അയാള്‍ കുടംഎടുത്ത്കൊണ്ട് ഓടാന്‍ തുടങ്ങി.പെട്ടന്ന് അയാള്‍ക്ക് ചുറ്റും വെളിച്ചം നിറഞ്ഞു. അയാള്‍ കണ്ണു തുറന്നു നോക്കി.നേരം വെളുത്തിരിക്കുന്നു.

രണ്ടാമത്തെ സ്വപ്‌നം:
നാഗ്ന്മാരുടെ ലോകത്ത് അയാള്‍ എത്തപ്പെട്ടു.അയാളുടെ വേഷം നാഗത്തിന്റെ ആയിരുന്നു. നാഗന്മാരുടെഅതിഥിയായി അയാള്‍ അവിടെ താമസിക്കുകയായിരുന്നു.കൊട്ടാരത്തിന്റെ നിലവറയില്‍ ആരും കാണാതെഅയാള്‍ കയറി.സ്വര്‍ണ്ണങ്ങളും രത്നങ്ങളും ചാക്കില്‍ വാരിനിറച്ചു.നിലവറയില്‍ നിന്ന് പുറത്ത് കടന്ന അയാളുടെമുന്നില്‍ ഫണം ഉയര്‍ത്തി നൂറുകണക്കിന് നാഗങ്ങള്‍!അവ ഉഗ്രവിഷങ്ങള്‍ അയാളുടെ നേരെ തുപ്പി.കണ്ണില്‍വീണ വിഷം അയാള്‍ തുടച്ചു.തന്റെ കാഴ്ചയ്ക്ക് കുഴപ്പം ഒന്നും പറ്റിയിട്ടില്ല. കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി.മുന്നില്‍അമ്മ വെള്ളവുമായി നില്‍ക്കുന്നു.

മൂന്നാമത്തെ സ്വപ്‌നം:
ഭൂതത്തിന്റെ കൊട്ടാരത്തില്‍ എങ്ങനെ കയറിയന്ന് അയാള്‍ക്ക് അറിയില്ല.ഭൂതം എന്തിനോ കൊട്ടാരം വിട്ടറങ്ങിയതാണ്.കൊട്ടാരം നിറയെ സ്വര്‍ണ്ണമാണ്.ഭൂതം വരുന്നതിനു മുമ്പ് അതെല്ലാം എടുത്ത്കൊണ്ട് രക്ഷപെടണം.സ്വര്‍ണ്ണം എടുത്ത് ചാക്കില്‍ നിറച്ച് ഭൂതത്തിന്റെ മാന്ത്രിക കുതിരയില്‍ കയറിപ്പോയാല്‍ ഭൂതത്തിന് ഒരിക്കലുംതന്റെ പുറകെ വരാന്‍ പറ്റത്തില്ല.സ്വര്‍ണ്ണം ചാക്കില്‍ നിറച്ച് കുതിരപ്പുറത്ത് കയറിയ ഉടനെ ഭൂതം എത്തി.ഭൂതം മാന്ത്രിക വടി എടുത്ത് വീശിയ ഉടനെ അയാള്‍ കുതിരപ്പുറത്ത് നിന്ന് തെറിച്ച് താഴെവീണു.അയാള്‍ പതിയെ കട്ടിലിലേക്ക് കയറിക്കിടന്നു.

നാലാമത്തെ സ്വപ്‌നം?:
ഭിത്തി തുരന്ന് അയാള്‍ കെട്ടിടത്തിനകത്ത് കയറി.മുറിയില്‍ വലിയ അലമാരകള്‍ ആണ്.അയാള്‍ അലമാരയുടെപൂട്ടുകള്‍ ഓരോന്നായി തുറന്നു.അതിനകത്തുനിന്ന് സ്വര്‍ണ്ണ ഉരുപ്പടികള്‍ സഞ്ചിയിലേക്ക് ഇട്ടു.കെട്ടിടത്തിനുവെളിയിലേക്ക് ഇറങ്ങാന്‍ തിടങ്ങിയപ്പോഴാണ് അയാളുടെ കാല്‍ തട്ടി എന്തോ താഴെ വീണു.ശബ്ദ്ദം കേട്ട്കാവല്‍ക്കാര്‍ ഓടിയെത്തി.അവരുടെ നേരെ അയാള്‍ തന്റെ കൈയ്യിലെ ആയുധം പ്രയോഗിച്ചു.അവര്‍നിലത്ത് വീണയുടനെ അയാള്‍ ഓടി.എവിടക്കയോ മണി മുഴങ്ങുന്നു.തന്റെ പുറകെ വിസില്‍ ശബ്ദ്ദം മുഴങ്ങുന്നത് അയാള്‍ കേട്ടു.അയാള്‍ തിരിഞ്ഞുനോക്കി.ഒരു ലാത്തി തന്റെ തലയ്ക്ക് നേരെ വരുന്നു.ലാത്തി തലയില്‍തന്നെ കൊണ്ടു.അയാള്‍ നിലത്തേക്ക് വീണു.

കണ്ണുതുറക്കുമ്പോള്‍ അയാള്‍ അല്പവസ്ത്രധാരിയായി തറയില്‍ കിടക്കുകയായിരുന്നു.താന്‍ ഏതോ ജയിലിലാണന്ന്തിരിച്ചറിയാന്‍ അയാള്‍ക്ക് കുറേ സമയം എടുത്തു.കാവല്‍ക്കാരെ ആക്രമിച്ച് ബാങ്ക് കവര്‍ച്ച നടത്തിയ പ്രതിയെപോലീസ് ഓടിച്ചിട്ട് പിടിച്ച വാര്‍ത്ത ചാനലുകളില്‍ ഫ്ലാഷ് ന്യൂസായി കാണിച്ചു തുടങ്ങിയിരുന്നു.

Friday, May 2, 2008

വിവാഹംശേഷമുള്ള മാറ്റം

മകന്‍ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയപ്പോഴും അമ്മയ്ക്ക് അവന്‍ കൊച്ചുകുട്ടിയായിരുന്നു.കാരണം അമ്മയ്ക്ക് അവനും അവനു അമ്മയുമേ ഉള്ളായിരുന്നു.അമ്മയുടെ ഭര്‍ത്താവ് അതായത് അവന്റെ അച്ഛന്‍ അവന് നാലുവയസ്സുള്ളപ്പോള്‍ മരിച്ചതായിരുന്നു.തനിക്ക് വയ്യാതായി തുടങ്ങിയന്ന് കണ്ട് തുടങ്ങിയപ്പോള്‍ ‍അമ്മ അവനോട് ചില കാര്യങ്ങള്‍ ആവിശ്യപ്പെട്ടുതുടങ്ങി.അമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ പറഞ്ഞാലും തുണി അലക്കാന്‍ പറഞ്ഞാലും അവന്‍ ഓരൊന്നോരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും.ഒരു കാപ്പി ഇട്ടുകൊടുക്കാ‍ന്‍ പറഞ്ഞാലും അവന്‍ ചെയ്യാറില്ല. വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

തനിക്ക് കുനിഞ്ഞ് നിന്ന് തുണി അലക്കാന്‍ വയ്യാതായന്നും അതുകൊണ്ട് ഒരു വാഷിംങ്ങ് മെഷ്യിന്‍ വാങ്ങിച്ച് കൊടുക്കാ‍ന്‍ അമ്മ പറഞ്ഞിട്ട് ,കറണ്ട് ചാര്‍ജ് പിടിച്ചാല്‍ നില്‍ക്കില്ലന്ന് പറഞ്ഞ് അവന്‍ അത് ചെയ്തില്ല.അമ്മയുടെ ഓരോ ആവിശ്യങ്ങളും അവനങ്ങനെ തള്ളിക്കളഞ്ഞു.താന്‍ ഒരു ദിവസം മരിച്ചു പോയാല്‍ തന്റെ മകന്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് അമ്മ സങ്കടപ്പെട്ടു.അമ്മ അവന് വിവാഹംആലോചിക്കാന്‍ തുടങ്ങി.പെണ്ണിന് മുടിയില്ല,നടക്കുമ്പോള്‍ ഒരു ചരിവുണ്ട്,ഒരു കണ്ണിന്റെ കൃഷ്ണമണിചെറുതാണ്,വണ്ണമില്ല,മൂക്ക് പമ്മിയതാണ്,കൊമ്പല്ലുണ്ട്,ചിരിക്കുമ്പോള്‍ പല്ലുകാണുന്നില്ല, വലിയ നെറ്റിയാണ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് അമ്മ കൊണ്ടുവന്ന എല്ലാ കല്ല്യാണാലോചനകളും അവന്‍തള്ളിക്കളഞ്ഞു.അവസാനം അമ്മ മകനുവേണ്ടിയുള്ള കല്ല്യാണാലോചനപരിപാടി നിര്‍ത്തി. വിധിച്ചതല്ലേനടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ മകന്‍ തന്റെ സങ്കല്‍പ്പത്തിലുള്ള പെണ്ണിനെ കണ്ടെത്തി.അമ്മയ്ക്ക് പെണ്ണിനെ അത്രയ്ക്ക് അങ്ങ് ഇഷ്ട്‌പ്പെട്ടില്ലങ്കിലും വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു. വിവാഹം കഴിഞ്ഞു.അമ്മ കത്തിച്ചുകൊടുത്ത നിലവിളക്കൂം വാങ്ങി അവള്‍ അവന്റെ കൈ പിടിച്ച് വലതുകാല്‍ വച്ച് വീട്ടിലേക്ക് കയറി. വിവാഹത്തിരക്കിന്റെ ക്ഷീണം ഉള്ളതുകൊണ്ട് അമ്മ നേരത്തെ കിടന്നു.ക്ഷീണം ഉള്ളതു കൊണ്ട് പെട്ടന്ന് ഉറങ്ങുകയും ചെയ്തു.പിറ്റേന്ന് അടുക്കളയില്‍ പാത്രങ്ങള്‍ അനങ്ങുന്ന ശബ്ദ്ദം കേട്ടാ‍ണ് അമ്മ കണ്ണ് തുറന്നത്.കാപ്പിയുടെ മണം വരുന്നു.നേരം വെളുക്കുന്നതിനുമുമ്പു തന്നെ തന്റെ മരുമകള്‍ എഴുന്നേറ്റ് കാപ്പിയൊക്കെ ഇടുന്നല്ലോ എന്ന് അമ്മ ചിന്തിച്ചു.തന്റെ മകന്റെ ഭാഗ്യം.അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.അടുക്കളയില്‍ നില്‍ക്കുന്നാളെ കണ്ട് അമ്മ കണ്ണുതിരുമ്മി നോക്കി.തന്റെ മകന്‍ആദ്യമായി അടുക്കളയില്‍ കയറി കാപ്പിയിടുന്നു.!!!! കാപ്പി രണ്ട് ഗ്ലാസിലാക്കി മകന്‍ അവന്റെ മുറിയിലേക്ക്പോയി.വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

രാവിലെ തുണി അലക്കാന്‍ അവനും അവളും കൂടി അലക്കുകല്ലിന്റെ അടുത്തേക്ക് പോകുന്നത് അമ്മ കണ്ടു.അവള്‍ സോപ്പ് തേച്ച് കൊടുക്കുന്ന തുണി അവന്‍ അടിച്ചു പിഴിയുന്നത് കണ്ട് അമ്മയുടെ ചങ്ക്പിടിഞ്ഞു എങ്കിലും വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

Thursday, May 1, 2008

അച്ചനും വലിയമെത്രാനും പിന്നെ യൂദായും

അച്ചന്‍ മരിച്ചു സ്വര്‍ഗ്ഗവാതിക്കല്‍ ചെന്നു.പത്രോസ് സ്വര്‍ഗ്ഗവാതിക്കല്‍ ജീവന്റെ പുസ്തകവുമായി ഇരിപ്പിണ്ടു.അച്ചന്‍ നോക്കിയപ്പോള്‍ സ്വര്‍ഗ്ഗവാതിക്കല്‍ നല്ല ക്യുവാണ് .അച്ചന്‍ ക്യു ഒന്നുംനില്‍ക്കാതെ നേരെ പത്രോസിന്റെ മുന്നില്‍ ചെന്നു നിന്നു.അച്ചന്‍ ഇടിച്ചു കയറിവന്നത് പത്രോസിന് ഇഷ്ട്‌പ്പെട്ടില്ല. ക്യുവിന്റെ അവസാനം പോയി നില്‍ക്കാന്‍ പത്രോസ് പറഞ്ഞു.അത് കേള്‍ക്കാത്ത
ഭാവത്തില്‍ അച്ചന്‍ നിന്നു.പത്രോസ് ബെല്ലമര്‍ത്തി.പെട്ടന്ന് രണ്ട് മാലാഖമാര്‍ വന്ന് അച്ചന്റെ ചെവിക്ക്പിടിച്ച് പൊക്കി ഒരേറ് കൊടുത്തു.അച്ചന്‍ കുണ്ടി അടിച്ച് ക്യൂവിന്റെവസാനം ചെന്നു വീണു.

“കര്‍ത്താവിനെ ഒന്നു കാണട്ടടാ ...നിന്നെ ഒക്കെ കാണിച്ചു തരാം...”അച്ചന്‍ വേദന മറന്ന് അലറി.

ആദ്യമായിട്ടാണ് ക്യുവില്‍ നില്‍ക്കുന്നത് .നാലഞ്ച് മണിക്കൂര്‍ ക്യൂവില്‍ നിന്നിട്ടാണ് അച്ചന്‍ പത്രോസിന്റെമുന്നില്‍ എത്തിയത് .

അച്ചന്‍ പേരും വയസ്സും സ്ഥലവും പറഞ്ഞു കൊടുത്തു.പത്രോസ് ജീവന്റെ പുസ്തകം പരിതി.ജീവന്റെ പുസ്തകം അരമണിക്കൂര്‍ അരിച്ചുപറക്കിയിട്ടും അച്ചന്റെ പേര് കണ്ടില്ല.

പത്രോസ് അച്ചനെ നോക്കി. 

“അച്ചോ അച്ചന്റെ പേര് ജീവന്റെ പുസ്തകത്തില്‍ ഇല്ല.നരകത്തില്‍ പോകാന്‍ തയ്യാറെടുത്തോ ?” 

അതു  പറഞ്ഞതും പത്രോസ് ജീവന്റെ പുസ്തകം അടച്ചു.അച്ചന്‍ പത്രോസിന്റെ ചെവിയുടെ അടുത്ത് ചെന്ന് മന്ത്രിച്ചു.

”പത്രോസേ ഞങ്ങള്‍ രസീത് എഴുതുന്നതുപോലെ ഇവിടെ ഓഡിറ്റ് ചെയ്യാന്‍ കൊടുക്കാത്തജീവന്റെ പുസ്തകത്തില്‍ എന്റെ പേരുണ്ടോന്ന് ഒന്നു നോക്കിക്കേ ....”

അച്ചന്റെ ധാര്‍ഷ്‌ട്യം പത്രോസിന് പിടിച്ചില്ല .

”അച്ചോ ഇവിടെ ഒരൊറ്റ ജീവന്റെ പുസ്തകമേ ഉള്ളൂ...” ഇതു കേട്ടയുടനെ അച്ചന്‍ ചക്കവെട്ടിയിടുന്നതുപോലെ ബോധം മറഞ്ഞ് താഴെ വീണു.... ബോധം തെളിഞ്ഞപ്പോള്‍ അച്ചന്‍ പതം പറഞ്ഞ് കരയാന്‍ തുടങ്ങി.

അരമന പണിഞ്ഞതും പത്ത് പള്ളി പണിതതും അമ്പത് കുരിശുപള്ളിപണിതതും നാലഞ്ച് ആശുപത്രിയും കോളേജ് പണിതതും ഒക്കെ എണ്ണിപ്പറക്കി പറഞ്ഞ് അച്ചന്‍ വലിയവായില്‍ കരഞ്ഞു. എത്ര കരഞ്ഞിട്ടിട്ടും തന്നെ ആരും ഒന്നു നോക്കുന്നുപോലുമില്ലന്ന് അച്ചന് തോന്നി. കരഞ്ഞ്കരഞ്ഞ്
തൊണ്ടയിലെ വെള്ളം പറ്റി.

”പത്രോസേ...ഇച്ചിരി വെള്ളമെങ്കിലും എനിക്ക് തായോ...” അച്ചന്റെ
അപേക്ഷ കേട്ട് പത്രോസ് വെള്ളം കൊണ്ടു വരാന്‍ പറഞ്ഞു. വെള്ളം കൊണ്ട് വരുന്ന ആളെ അച്ചന്‍ സൂക്ഷിച്ചുനോക്കി.-- ശവക്കുഴിവെട്ടുകാരന്‍ പാപ്പി!!.

ഇരുപത്തിനാലുമണിക്കൂറും വെള്ളമടിച്ച് കറങ്ങി നടന്ന ഇവനെങ്ങനെ സ്വര്‍ഗ്ഗത്തില്‍ എത്തി..ഇരുപത്തിനാലും പള്ളിയില്‍ കുത്തിയിരുന്ന തന്നെ നരകത്തില്‍ പറഞ്ഞുവിടുകയാണ് . പിന്നെങ്ങനെയാണ് പാപ്പി സ്വര്‍ഗ്ഗത്തില്‍ കയറിപറ്റിയത്.അച്ചന് ദേഷ്യം വന്നു.

“പത്രോസേ... കോപ്പിലെ പരിപാടിയാ നിങ്ങളെന്നോട് കാണിക്കുന്നത്. പള്ളിമേട പണിയാനും പള്ളിപണിയാനും സംഭാവന തരാത്തവനാ ഈ പാപ്പി.... സാത്താന്റെ പുറകെ പോയതുകൊണ്ട് ഞാനിവനെ തെമ്മാടിക്കുഴിയിലാ അടക്കിയത്.. തെമ്മാടിക്കുഴിയില്‍ അടക്കിയവന്‍ എങ്ങനെയാണ് സ്വര്‍ഗ്ഗത്തില്‍ എത്തിയത് ????? ” 

“അച്ചനിവനെ തെമ്മാടിക്കുഴിയില്‍ അടക്കി എന്നതു കൊണ്ടുമാത്രമാണ് പാപ്പി സ്വര്‍ഗ്ഗത്തില്‍ കയറിവന്നത് “പത്രോസ് ഇതു പറഞ്ഞതും എഴുന്നേറ്റു.

“പത്രോസേ...എന്നെ എന്തിനാ നരകത്തില്‍ വിടുന്നത് എന്ന് പറഞ്ഞിട്ട് പോ..”അച്ചന്‍ പത്രോസിനെതടഞ്ഞു.ഈ കാര്യങ്ങളൊക്കെ അറിയാവുന്നത് യോഹന്നാനാണന്നും താന്‍ പോയി യോഹന്നാനെ പറഞ്ഞ് വിടാമെന്ന് പറഞ്ഞ് പത്രോസ് പോയി.അഞ്ചു മിനിറ്റിനകം യോഹന്നാന്‍ വന്നു. 

യോഹന്നാനോടും അച്ചന്‍ ചോദ്യം ആവര്‍ത്തിച്ചു.യോഹന്നാന്‍ അച്ചനെ സ്വര്‍ഗ്ഗവാതിലിനോട് ചെര്‍ന്നുള്ള കമ്പ്യൂട്ടര്‍ റൂമിലേക്ക് കൊണ്ടു പോയി.അച്ചന്റെ പേരും വയസ്സും സ്ഥലവും എന്റെര്‍ ചെയ്തുകഴിഞ്ഞപ്പോള്‍ മോണീട്ടറില്‍ അച്ചന്റെ ചെയ്തികള്‍ തെളിഞ്ഞു. ചാത്തകുര്‍ബ്ബാന ചെല്ലുന്നതിന് കാശ് വാങ്ങുന്നതും ,ശവമടക്കിന് കാശുവാങ്ങുന്നതും ഒക്കെ മോണിട്ടരില്‍ തെളിഞ്ഞു.സ്കൂളില്‍ അഡ്മിഷന്‍ കൊടുക്കുന്നതിനും മെഡിക്കല്‍ കോളേജ് അഡിമിഷനും ഒക്കെപിള്ളാരുടെ കൈയ്യില്‍ നിന്ന് കാശുവാങ്ങുന്നതും മോണിട്ടറില്‍ തെളിഞ്ഞു.

”എന്റെ എല്ലാ ചെയ്തികളും ഇതില്‍ ഉണ്ടോ ?”അച്ചന്‍
ചോദിച്ചു.

“ഉണ്ടല്ലോ..എല്ല്ലാം കാണണോ ?” യോഹന്നാന്‍ ചോദിച്ചു.

”വേണ്ടാ..”അച്ചന്‍ പറഞ്ഞു.

“മെത്രാന്റെ ചെയ്തികളും ഇതില്‍ കാണാന്‍ പറ്റുമോ?അച്ചന്‍ ചോദിച്ചു“ഉവ്വ്..”യോഹന്നാന്‍ പറഞ്ഞു.

“യോഹന്നാന്‍ എനിക്കൊരു സഹായം ചെയ്യണം ....വലിയ മെത്രാച്ചന്‍ ഇന്നോ നാളയോ എന്ന് പറഞ്ഞ് കൈയ്യാലെപ്പുറത്തെ തേങ്ങ പോലെ കിടപ്പിലാണ് .. മെത്രാച്ചന്‍ വരുന്നതു വരെ എന്നെനരകിത്തിലോട്ട് വിടരുത്..മെത്രാച്ചന്‍ എത്തിയാലുടനെ ഞങ്ങളൊരുമിച്ച് നരകത്തിലേക്ക് പൊയിക്കോളാം...”അച്ചന്‍ പറഞ്ഞു.

“വലിയ മെത്രാച്ചന്‍ നരകത്തില്‍ പോകുമെന്ന് അച്ചനെന്താ ഇത്രെ ഉറപ്പ് ?” യോഹന്നാന്‍ ചോദിച്ചു.

അച്ചനൊന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു.”ഞാന്‍ നരകത്തില്‍ പോകുമെങ്കില്‍ വലിയ മെത്രാച്ചനും നരകത്തിലോട്ട് തന്നെ ആയിരിക്കും... ഞാന്‍ വാങ്ങിയതിന്റെ ഇരട്ടിയുടെ ഇരട്ടിയാ വലിയ മെത്രാച്ചന്‍വാങ്ങിച്ചത് ....?

വലിയ മെത്രാച്ചന്‍ വരുന്നതും കാത്ത് അച്ചന്‍ രണ്ടു ദിവസം സ്വര്‍ഗ്ഗവാതിക്കല്‍ കാത്തിരുന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വലിയ മെത്രാച്ചന്‍ എത്തി.തന്നെ സ്വീകരിക്കാന്‍ മാലാഖമാരൊക്കെ
കാണുമെന്നാണ് മെത്രാന്‍ വിചാരിച്ചിരുന്നത്.പക്ഷേ ആരും സ്വീകരിക്കാന്‍ എത്തിയില്ല. അച്ചന്‍ വാതിക്കല്‍ കുത്തി ഇരിക്കുന്നത് മെത്രാന്‍ കണ്ടു.തന്നെ കണ്ടിട്ടും തന്റെ കൈ മുത്താന്‍ അച്ചന്‍
വരാത്തതില്‍ മെത്രാന് ശുണ്ഠി വന്നു.

മെത്രാന്‍ അച്ചന്റെ അടുത്തു വന്നിട്ട് ചോദിച്ചു.”താനെന്താ എന്നെ
കണ്ടിട്ട് എന്റെ കൈമുത്താന്‍ വരാതിരുന്നത് ?”

“കൈ മുത്തിയിട്ടൊന്നും ഒരു കാര്യവുമില്ല...സംസാരിച്ച് നില്‍ക്കാതെ പെട്ടന്ന് പോയി ക്യുവില്‍ നിന്നാല്‍നമുക്കൊരിമിച്ച് ഇന്നു തന്നെ നമ്മുടെ സ്ഥലത്ത് പോകാം ...”

മെത്രാന്‍ ഇടിച്ച് കയറി ക്യൂവിന്റെ മുന്നില്‍ ചെന്നു.മാലാഖമാര്‍ വലിയ മെത്രാച്ചന്റെയും ചെവിക്ക് പിടിച്ച്ക്യൂവിന്റെ പുറകില്‍ എത്തിച്ചു.ജീവന്റെ പുസ്തകത്തില്‍ വലിയ മെത്രാച്ചന്റെയും പേരില്ലായിരുന്നു. വലിയ മെത്രാച്ചനും പത്രോസിനോട് തര്‍ക്കിച്ചു.പത്രോസ് ഉടനെ തന്നെ യോഹന്നാനെ വിളിച്ചു വരുത്തി.

യോഹന്നാന്‍ വലിയ മെത്രാച്ചനെ കമ്പ്യൂട്ടര്‍ റൂമിലേക്ക് കൊണ്ടു പോയി.അരമണിക്കൂര്‍ കഴിഞ്ഞ് കമ്പ്യൂട്ടര്‍ റൂമില്‍ നിന്ന് വലിയമെത്രാച്ചന്‍ ഇറങ്ങിവരുന്നത് അച്ചന്‍ കണ്ടു.“എല്ലാം മുകളില്‍ ഇരുന്ന് ഒരുത്തന്‍ കാണുന്നുണ്ട് എന്നു പറയുന്നത് സത്യമാണന്ന് എനിക്കിപ്പോഴാ അച്ചോ മനസ്സിലായത് ...” വലിയമെത്രാച്ചന്‍ അച്ചനോട് പറഞ്ഞു.

“എനിക്കത് രണ്ടു ദിവസം മുമ്പാമനസ്സിലായത് ?” അച്ചന്‍ പറഞ്ഞു. അച്ചനും വലിയമെത്രാച്ചനും കൂടി പത്രോസിന്റെ മുന്നില്‍ ചെന്നു.തങ്ങള്‍ക്ക് കര്‍ത്താവിനെ ഒന്നു കാണണമെന്ന് പറഞ്ഞു.

കര്‍ത്താവിന്റെ അടുത്തേക്ക് യോഹന്നാന്‍ അവരെ കൊണ്ടുപോയി.കര്‍ത്താവിന്റെ കൂടെ നില്‍ക്കുന്ന ആളെ കണ്ട് അച്ചനും വലിയമെത്രാച്ചനും മുഖത്തോടുമുഖം നോക്കി.യൂദ!!! കര്‍ത്താവിനെ ഒറ്റിക്കൊടുത്ത യൂദ !!! 

“നിങ്ങളെന്താണ് യൂദായെ സൂക്ഷിച്ച് നോക്കുന്നത് ....” കര്‍ത്താവിന്റെ ശാന്തശബ്ദ്ദം കേട്ട് അവര്‍ കര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി.

“കര്‍ത്താവേ യൂദായെ ആരാ സ്വര്‍ഗ്ഗത്തില്‍ കയറ്റി ഇരുത്തിയത് ? ഇവനല്ലിയോ കര്‍ത്താവേ, കര്‍ത്താവിനെ ഒറ്റിക്കൊടുത്തത് ..യൂദാ നരകത്തില്‍ പോയന്നാ ഞങ്ങള്‍ ഭൂമിയില്‍ പ്രസംഗിച്ചത് ...”അച്ചനും
വലിയമെത്രാച്ചനും ഒരുമിച്ചാണ് പറഞ്ഞത് .... 

കര്‍ത്താവ് ഒന്നും പറയാതെ തന്റെ സിംഹാസത്തില്‍
നിന്ന് എഴുന്നേറ്റ് നിലത്തേക്ക് ഇരുന്ന് എന്തക്കയോ എഴുതാന്‍ തുടങ്ങി.അച്ചനും വലിയമെത്രാച്ചനും കര്‍ത്താവ് എഴുതുന്നത് നോക്കി.

“എന്നാലും കര്‍ത്താവേ നിന്റെ കൂടെ നടന്നിട്ടാ യൂദാ നിന്നെ ഒറ്റിക്കൊടുത്തത് “വലിയമെത്രാ ച്ചന്‍ പറഞ്ഞു.


കര്‍ത്താവിന്റെ മുഖഭാവം മാറി.കര്‍ത്താവിന്റെ കല്ല് പിളര്‍ക്കാന്‍ ശക്തിയുള്ള ശബ്ദ്ദം ഉയര്‍ന്നു.ഭൂമികുലുങ്ങി.എവിടക്കയോ വെള്ളിടി വെട്ടി.കര്‍ത്താവിന്റെ ശബ്ദ്ദത്തിന്റെ ശക്തിയില്‍ അവരിരുവരും നരകത്തിലേക്ക് തെറിച്ചു വീണു.നരകത്തിലേക്കുള്ള വീഴ്ച്‌യില്‍ കര്‍ത്താവിന്റെ ശബ്ദ്ദം അവര്‍ കേട്ടു. “യൂദാ.,.മുപ്പത് വെള്ളിക്കാശിന് എന്നെ വിറ്റു എങ്കിലും അവന്‍ പശ്ചാത്തപിച്ചു... നിങ്ങളോ ? എന്നെ വിറ്റ് കോടിക്കണക്കിന് രൂപ അല്ലേ ദിവസവും ഉണ്ടാക്കുന്നത് ?“

ഈ ചോദ്യം ഭൂമിയിലും ഉത്തരം കിട്ടാതെ മുഴങ്ങുകയാണ് ഇപ്പോഴും!!!!!!!!!!!!!



........കഥയ്ക്ക് വേണ്ടിയുള്ള ഒരു കഥമാത്രമാണിത്.........

Monday, April 28, 2008

ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ

കല്യാണം കഴിയുന്നതുവരെ ജ്യോതി ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു.പശുവിന് പോച്ചപറിക്കാന്‍ പറമ്പില്‍ പോവുകയും രാവിലെതോറും പാല് വീടുകളില്‍ കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു പെണ്‍കുട്ടി.പെട്ടന്ന് ഒരു ദിവസം അവളുടെ കല്യാണം കഴിഞ്ഞു.തെക്ക് എവിടയോ ഉള്ളഒരു നാടകക്കാരനാണ് അവളെ കെട്ടിയതെന്ന് പറയുന്നത് കേട്ടു.

രണ്ടു വര്‍ഷത്തിനു ശേഷം ആദ്യപ്രസവത്തിന് നാട്ടില്‍ എത്തിയപ്പോഴാണ് വീണ്ടും അവളെക്കുറിച്ച്
കേള്‍ക്കുന്നത് .നാടക കമ്പിനി പൂട്ടിയതുകൊണ്ട് അവളുടെ കെട്ടിയവന്‍ അണ്ടിഫാക്‍ടറിയില്‍ അണ്ടിതല്ലാന്‍ പോവുകയാണത്രെ.പെറ്റ് എഴുന്നേറ്റ് പോയിട്ട് അവളെക്കുറിച്ച് കുറേ നാളത്തേക്ക് ഒന്നും കേട്ടില്ല.പത്തുവര്‍ഷത്തിനു ശേഷമാണ് ജ്യോതിലക്ഷ്‌മി വീണ്ടും നാട്ടില്‍ എത്തിയത്.അവളുടെ കൂടെ അവളുടെ ഭര്‍ത്താവും രണ്ടുപെണ്‍കുട്ടികളും പുതിയ കാറില്‍ നിന്ന് ഇറങ്ങി.അവളിപ്പോള്‍ വെറും ജ്യോതി അല്ല.അനേകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ ആണ് !!!
ഏതോ അമ്പലത്തിലെ ആസ്ഥാന ജ്യോതിഷ ആണത്രെ!!!!

ജ്യോതിഷ വിധിപ്രകാരം ഏതോ മുതലാളിയുടെ ഭാര്യയുടെ മാറാരോഗം അവള്‍ അല്ല ജ്യോതിലക്ഷ്‌മി മാറ്റികൊടുത്തതുകൊണ്ട് ആ മുതലാളി അവള്‍ക്ക് പുതിയ കാറ് വങ്ങിച്ച് നല്‍കിയതാണത്രെ !കുറച്ച്
ദിവസങ്ങള്‍ക്ക് ശേഷം ആ മുതലാളി ജ്യോതിലക്ഷ്‌മിക്ക് പുതിയ വീട് വങ്ങിച്ച് കൊടുത്തു. ജ്യോതിലക്ഷ്‌ മിയുടെ വീടിനു മുന്നില്‍ ആളുകള്‍ ക്യു നില്‍ക്കാന്‍ തുടങ്ങി.വീട്ടിലെ പ്രശ്നങ്ങള്‍ക്കും, കച്ചവടപ്രശ്ന ങ്ങള്‍ക്കും , ദാമ്പത്യ പ്രശ്നങ്ങള്‍ക്കും എന്നു വേണ്ട എല്ലാത്തിനും ജ്യോതിലക്ഷ്‌മി പ്രശ്നപരിഹാരം നല്‍കാന്‍ തുടങ്ങി.ടിവി ചാനലില്‍ ജ്യോതിലക്ഷ്‌മി തന്നെക്കുറിച്ച് പരസ്യം നല്‍കി.ഒരു ടിവി ചാനലിന് അങ്ങോട്ട് പണം നല്‍കി ജ്യോതിഷ പരിപാടി നടത്താന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല.

പെട്ടന്ന് ഒരു ദിവസം നാട്ടിലെ പ്രശ്നപരിഹാരം നിര്‍ത്തി ജ്യോതിലക്ഷ്‌മി ദുബായില്‍ എത്തി.എങ്ങനെ
അവിടെ എത്തിയന്ന് ആര്‍ക്കും അറിയില്ല.പ്രശസ്‌ത ജ്യോതിഷ പണ്ഡിതയും ജെം സ്പെഷലിസ്റ്റും ആയജ്യോതിലക്ഷ്‌മി ദുബായില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് ടിവിയില്‍ പരസ്യം വന്നു. ദുബായില്‍ ചെന്നപ്പോള്‍ ജ്യോതിലക്ഷ്‌മി ജെം സ്പെഷലിസ്റ്റും ആയി.!!! പ്രശ്‌നപരിഹാരത്തിന് ആളുകള്‍ഇടിച്ചിടിച്ച് നില്‍ക്കുകയാണത്രെ !ജ്യോതിലക്ഷ്‌മിയുടെ പ്രശ്നപരിഹാരം നിര്‍ദ്ദേശ പ്രകാരം അനേകര്‍ക്ക്വീടൊക്കെ കിട്ടിയന്ന് പറയുന്നത് കേട്ടു.

കഴിഞ്ഞ ദിവസംഏതോ അറബിയുടെ പ്രശ്‌നപരിഹാരത്തിനു പോയിട്ട് വരുന്ന വഴി സ്വിച്ച് ഓഫ്ചെയ്തിരുന്ന മൊബൈല്‍ ജ്യോതിലക്ഷ്‌മി ഓണ്‍ ചെയ്തു.നാട്ടില്‍ നിന്ന് ഒരേ നമ്പരില്‍ നിന്ന് ഇരുപ തോളം മിസ്‌ഡ്‌കോള്‍ എത്തിയതായി മെസേജ് വന്നു.അതവളുടെ നാട്ടിലെ വീട്ടിലെ നമ്പരായിരുന്നു. അവളതില്‍തിരിച്ച് വിളിച്ചു എങ്കിലും ആരും എടുത്തില്ല.ജ്യോതിലക്ഷ്‌മി റൂമില്‍ എത്തിയപ്പോള്‍ നാലഞ്ചു ആളുകള്‍ഉണ്ടായിരുന്നു.അവരുടെ പ്രശ്നം നാട്ടില്‍ ഒരു വീട് ഇല്ലാത്തതായിരുന്നു.അവര്‍ക്ക് പ്രശ്‌ന പരിഹാരംനല്‍കുന്നതിനിടയില്‍ നാട്ടില്‍ നിന്ന് മകളുടെ ഫോണ്‍ കോള്‍...“അമ്മേ ഞങ്ങളെ മുതലാളി വീട്ടില്‍ നിന്ന്ഇറക്കി വിട്ടു...കാറും കൊണ്ടുപോയി...ഞങ്ങളിപ്പോള്‍ ഒരു കടത്തിണ്ണയില്‍ ആണമ്മേ... വീടുണ്ടാക്കാനുള്ളകാശ് ആയങ്കില്‍ തിരിച്ചു വാ അമ്മേ...” ജ്യോതിലക്ഷ്‌മി ഒന്നും പറയാതെ ഫോണ്‍ വെച്ചിട്ട് മുന്നിലിരിക്കുന്നവര്‍ക്ക് പ്രശ്നപരിഹാര ചാര്‍ത്ത് എഴുതി.

Sunday, April 27, 2008

ഭാഗവതര്‍ :

ഭാഗവതരുടെ അപ്പൂപ്പന്‍ഭാഗവതര്‍ രാജാവിന്റെ കൊട്ടാരത്തിലെ പാട്ടുകാരനായിരുന്നു. അപ്പൂപ്പന്‍ഭാഗ വതരുടെ പാട്ടില്‍ രാജാവ് അങ്ങ് ലയിച്ചിരിക്കും.രാജാവിന്റെ പള്ളിയുറക്കത്തിന് അപ്പൂപ്പന്‍ഭാഗവതരുടെ പാട്ട് രാജാവിന് നിര്‍ബന്ധമായിരുന്നു.അപ്പൂപ്പന്‍ഭാഗവതരുടെ പാട്ടിന് പ്രതിഫലമായി രാജാവ് 100
ഏക്കറും വലിയ ഒരു വീടും നല്‍കി.പക്ഷേ നമ്മുടെ ഭാഗവതര്‍ ജനിച്ചു കഴിഞ്ഞപ്പോഴേക്കും
ഭൂപരിഷ്കരണം നടപ്പിലായി,100 ഏക്കറും ഗവണ്മെന്റെ അങ്ങ് എടുത്തു.മിടുക്കുള്ള മന്ത്രിവരെ ഏക്കറു കണക്കിന് ഭൂമി ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പേരിലാക്കിയപ്പോള്‍ അപ്പന്‍ഭാഗവതര്‍ക്ക് കുരുട്ടുബുദ്ധി യില്ലാത്തതുകൊണ്ട് അത്തരം തരികിട ചെയ്തില്ല.

ഭാഗവതര്‍ എന്ന പേരുമാത്രം മിച്ചമാക്കി നമ്മുടെ ഭാഗവതര്‍ ജീവിച്ചു വന്നു.വല്ലപ്പോഴും സംഗീതം
പഠിക്കാന്‍ എത്തുന്നവരുടെ ദക്ഷിണ ആയിരുന്നു വരുമാനം.സംഗീതത്തിനു വേണ്ടി ജീവിതം മാറ്റിവച്ചതുകൊണ്ട് വിവാഹം കഴിക്കാനും പോയില്ല.ഇടിഞ്ഞു വീഴാറായ വീട്ടില്‍ ഭാഗവതര്‍ സംഗീതം പഠിക്കാന്‍വരുന്ന കുട്ടികളെ സ്വപ്നം കണ്ട് കാത്തിരുന്നു.പക്ഷേ ആരു എത്തിയില്ല.സ്കൂള്‍ യുവജനോത്സവത്തിനു പാടാന്‍ പോലും പാട്ടുപടിക്കാന്‍ ആരും എത്തിയില്ല.

ഒരു ദിവസം ഭാഗവതരുടെ വീട്ടിലേക്ക് ഒരാള്‍ കടന്നു വന്നു.ഭാഗവതര്‍ അയാളെ പ്രതീക്ഷയോടെ
നോക്കി.
”ആരാ ഇവിടെ പാട്ടു പഠിപ്പിക്കുന്നത് ?” അയാള്‍ ചോദിച്ചു.
“ഞാനാ..” ഭാഗവതര്‍ പറഞ്ഞു.
“ഡാന്‍സ് അറിയാമോ ?”അയാള്‍ ചോദിച്ചു.
”ഇല്ല”ഭാഗവതര്‍ പറഞ്ഞു.
“അഭിനയിക്കാന്‍ അറിയാമോ ?”അയാള്‍ ചോദിച്ചു.
”ഇല്ല”ഭാഗവതര്‍ പറഞ്ഞു.
അയാള്‍ പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി.ഇത്തരം അനുഭവം കുറേ ആയപ്പോള്‍ ഭാഗവതര്‍ കാര്യംഅന്വേഷിച്ചു.
“ഭാഗവതരേ,ഇപ്പോള്‍ സംഗീതം കൊണ്ട് മാത്രം കാര്യമില്ല ....പാട്ടുപാടികൊണ്ട് ഡാന്‍സ്
ചെയ്യാനും,അഭിനയിക്കാനും അറിയണം ....”ആരോ പറഞ്ഞു.
“പാട്ടുപാടികൊണ്ട് ഡാന്‍സ് ചെയ്യുകയോ ? അപ്പോള്‍ ആരോഹണ അവരോഹണം പിഴയ്ക്കുകയില്ലേ ?” ഭാഗവതര്‍ ചോദിച്ചു.
“എന്റെ ഭാഗവതരേ ഇപ്പോള്‍ പാട്ടിനു ആരോഹണ അവരോഹണം ഒന്നും ഇല്ല ...ടെമ്പോയും
,സംഗതിയുമേ ഉള്ളു..” ഭാഗവതര്‍ ഒന്നും പറയാതെ നടന്നകന്നു.

അന്നു രാത്രിയില്‍ പെയ്ത് കനത്ത മഴയില്‍ ഭാഗവതരുടെ വീട്ഇടിഞ്ഞു വീണു.ഭാഗവതര്‍ ഇടിഞ്ഞുവീണ വീട്ടില്‍ ജീവനു വേണ്ടി പിടയുമ്പോള്‍ ടിവി ചാനലിലെ റിയാലിറ്റി സംഗീതമത്സരത്തിലെ വിജയിക്ക് അമ്പത്‌ലക്ഷത്തിന്റെ ഫ്ലാറ്റ് നല്‍കുകയായിരുന്നു. സംഗീതസരസ്വതിക്ക് ഫ്ലാറ്റ്കാരുടെ ദക്ഷിണ!!!!!!!!! ഭാഗവതരുടെ ജീവനോടൊപ്പം സംഗീതസരസ്വതിയും ദേവലോകത്തേക്ക് പോയതാരും അറിഞ്ഞില്ല.

Friday, April 4, 2008

പ്രണയ മാര്‍ക്കറ്റിംങ്ങ് :

മൊബൈലിലേക്ക് അറിയാത്ത നമ്പരില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ വന്നപ്പോള്‍ അയാളത് കാര്യമാക്കിയില്ല .പിന്നീട് തുടര്‍ച്ചയായി ആ നമ്പരില്‍ നിന്നു തന്നെ മിസ്‌ഡ്കോള്‍ വന്നു തുടങ്ങിയപ്പോള്‍ അതാരാണന്ന് അറിയണമെന്ന് അയാ‍ള്‍ക്ക് തോന്നി.മൊബൈലില്‍ നിന്ന് വിളിക്കാതെ കോയിന്‍ ഫോണില്‍ നിന്ന് ആ നമ്പരിലേക്ക്വിളിച്ചു.രാഗാദ്രമായ പെണ്‍ശബ്ദ്ദം കേട്ട് അയാള്‍ക്ക് വാക്കുകള്‍ വഴിമുട്ടി.

രണ്ടു ദിവസം കഴിഞ്ഞിട്ട് അയാള്‍ മൊബൈലില്‍ നിന്ന് അവളെ വിളിച്ചു.അതൊരു തുടക്കമായിരുന്നു. അവളുടെ പ്രണയാദ്രമായ ശബ്ദ്ദം കേള്‍ക്കാന്‍ അയാള്‍ കാത്തിരുന്നു.അയാള്‍ക്ക് പ്രണയം അസ്ഥികളില്‍ പിടിച്ചു തുടങ്ങി.അവര്‍ ബീച്ചിലും, റസ്റ്റൊറന്റിലും , പാര്‍ക്കിലും സ്വപ്നങ്ങള്‍ പങ്കുവെച്ചു .

ഒരു ദിവസം അസ്തമനസൂര്യന്റെ നിഴലില്‍ കടല്‍ക്കരയില്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കു മ്പോള്‍ അയാള്‍ അവളോട് ചോദിച്ചു .”നീ എന്താ എന്നെ ഇഷ്ട്പ്പെട്ടത് ?” അവള്‍ സ്നേഹപൂര്‍വ്വം കഷണ്ടി ആക്രമിച്ചു തുടങ്ങിയ അയാളുടെതലയില്‍ പ്രണയപൂര്‍വ്വം വിരലുകള്‍ ഓടിച്ചു .അയാള്‍ക്ക് തന്റെ കഷണ്ടി തലയോട്ആദ്യമായി അമര്‍ഷം തോന്നി.അവള്‍ക്ക് നിതംബം മറഞ്ഞ് കിടക്കുന്ന തലമുടിയായിരുന്നു ഉള്ളത് .

“നമുക്ക് ഹെയര്‍ ഫിക്സിംങ്ങ് നടത്തിയാലോ ചേട്ടാ ?” അയാളുടെ തലയില്‍ തഴുകി കൊണ്ട് അവള്‍ പ്രണയ പൂര്‍വ്വം അയാളുടെ കാതില്‍ ചോദിച്ചു .അവളുടെ ചോദ്യംഅയാ‍ളുടെ ചങ്കില്‍ തറച്ചു. പലയി ടത്തുനിന്നും കടം വാങ്ങിച്ച് ‘കുട്ടപ്പാസ് ഹെയര്‍ ഫികിസിംങ്ങി‘ല്‍ പോയി തലയില്‍ ഹെയര്‍ വെച്ച് അയാള്‍ കുട്ടപ്പനായി.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ പട്ടണത്തില്‍ ചെന്നപ്പോള്‍ അവള്‍ മറ്റൊരാളുടെകൂടെ നില്‍ക്കുന്നു.അയാള്‍ കൂട്ടുകാരോട് അവളെക്കുറിച്ച് പറഞ്ഞു .അവളെ പലരോടൊപ്പം കണ്ടതായി കൂട്ടുകാര്‍ അയാളോട് പറഞ്ഞു . അവളോടൊപ്പം കണ്ടആണുങ്ങളെല്ലാം കഷണ്ടിക്കാരായിരുന്നു. തകര്‍ന്ന മനസ്സോടെ ഇരിക്കുന്ന അയാള്‍ക്ക് ഒരു കല്ല്യാണക്കുറി കിട്ടി.അതവളുടെ കല്ല്യാണക്കുറി ആയിരുന്നു.അതില്‍ അവളുടെ പേരിനു താഴെ അവളുടെ ജോലിയും എഴുതിയിട്ടുണ്ടായിരുന്നു. “സെയില്‍‌സ് മാനേജര്‍,കുട്ടപ്പാസ് ഹെയര്‍ ഫിക്‍സിംങ്ങ് “

Sunday, March 9, 2008

ന്യായവിധി :

പത്രോസച്ചായന്‍ മരിച്ചു.പരേതനു ജീവിച്ചിരുന്നപ്പോള്‍ പ്രത്യേകിച്ച് ഒരു പണിയുംഇല്ലായിരുന്നു. നാട്ടുകാര്‍ക്കിട്ട് പണിയുക എന്നതായിരുന്നു അദ്ദേഹം വല്ലപ്പോഴുംചെയ്തിരുന്ന ഏകപണി.ഇഷ്ടം പോലെ കൃഷിയുണ്ടായിരുന്നു വെങ്കിലും അതെല്ലാംനഷ്ട്മാണന്ന് പറഞ്ഞ് നിര്‍ത്തി.പക്ഷേ പത്രോസച്ചായന്‍ വലിയ ഭക്തനായിരുന്നു.പ്രാര്‍ത്ഥനകേള്‍ക്കണമെങ്കില്‍ പത്രോസച്ചായന്റെ പ്രാര്‍ത്ഥന കേള്‍ക്കണം.ആ പ്രാര്‍ത്ഥന ഒന്നന്നൊര പ്രാര്‍ത്ഥനയാണത് .

പത്രോസച്ചായന്റെ ആത്മാവ് സ്വര്‍‌ഗ്ഗലോകത്തേക്ക് വെച്ചു പിടിച്ചു.സ്വര്‍‌ഗ്ഗലോകത്തിന്റെവാതിക്കല്‍ പത്രോസ് ജീവന്റെ പുസ്തകവുമായി ഇരുപ്പുണ്ട്.പത്രോസിനെ കണ്ടതുംനമ്മുടെ പത്രോസ് ഡയലോഗ് വിട്ടു.

“പത്രോസേ, കര്‍ത്താവ് ഒരുമാതിരി കോപ്പിലെപരിപാടിയാ എന്നോട് കാണിച്ചത്..ഇന്നലെ പ്രാര്‍ത്ഥിച്ചപ്പോഴെങ്കിലും ഞാന്‍ ചാവുന്നകാര്യം എന്നോടൊന്ന് പറയാമായിരുന്നു.“

സ്വര്‍‌ഗ്ഗവാതിക്കല്‍ ഇരിക്കുന്ന പത്രോസ്അതിന് മറുപിടി നല്‍കി. “എടാ പത്രോസേ നിന്റെ വിധി പെട്ടന്ന് എടുത്തതാ...നീ പ്രാര്‍ത്ഥിച്ചതിനു ശേഷമാ നിന്നെ തിരികെ വിളിക്കാന്‍ കര്‍ത്താവ് ഉത്തരവിട്ടത് “

നമ്മുടെ പത്രോസ് തലേദിവസം കര്‍ത്താവുമായിട്ടുള്ള സംഭാഷണം ഓര്‍ത്തു.

“കര്‍ത്താവേ,നീ എന്റെ കഷ്ടപ്പാട് കാണുന്നില്ലേ... എല്ലാമങ്ങ് നഷ്ടമാണ് ..ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ..അരിക്കൊക്കെ തീ പിടിച്ച വിലയാണ് "

“നീ എന്താ പത്രോസേ നെല്ലുകൃഷി നിര്‍ത്തിയത് .... അതുണ്ടായിരുന്നെങ്കില്‍ വിലയ്ക്ക്അരി വാങ്ങേണ്ടായിരുന്നല്ലോ ?”

“നെല്ലുകൃഷി നഷ്ടമാ കര്‍ത്താവേ...ഒരു പ്രയോജനവും ഇല്ല.. കണ്ടപ്പണിക്ക് ആളേയും കിട്ടാനില്ല...”

“ശരി പത്രേസേ... അരിക്ക് വിലകൂടിയപ്പോള്‍ പരാതി പറഞ്ഞ നീ റബറിനു വിലകൂടിയപ്പോള്‍ എന്താ പരാതി പറയാതിരുന്നത് ?”

“അതു പിന്നെ കര്‍ത്താവേ ....റബര്‍ തിന്നാന്‍ കൊള്ളത്തില്ലല്ലോ...?”

“നിനക്കത് ഓര്‍മ്മവേണം.... നീ എന്താണ് പറമ്പൊന്നും കി ളയ്ക്കാഞ്ഞത് ....?”

“പറമ്പ് കിളയ്ക്കുന്നത് നഷ്ടമാ കര്‍ത്താവേ.. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല..”

“പറമ്പൊക്കെ കിളയ്ക്കാതിരുന്നാല്‍ എങ്ങനെ വെള്ളം ഭൂമിയില്‍ താഴും...?”

“അതൊന്നും എനിക്കറിയില്ല കര്‍ത്താവേ...?”

പിന്നെ അങ്ങൊട്ടും ഇങ്ങോട്ടും പറഞ്ഞതൊന്നും നമ്മുടെ പത്രോസിന് ഓര്‍മ്മ വന്നില്ല.
പത്രോസച്ചായന്‍ കര്‍ത്താവിന്റെ പത്രോസിന്റെ അടുത്ത്ചെന്നു.എന്താണ് ഇന്നലെരാത്രിയില്‍ നടന്നതെന്ന് അറിയണമല്ലോ?

“പത്രോസേ,കര്‍ത്താവും നഷ്ടകച്ചവടം നിര്‍ത്തി.ഓക്സിജനും വലിച്ചെടുത്ത് നീ ഭൂമിയില്‍ജീവിക്കുന്നതു കൊണ്ട് ഒരു പ്രയോജനവും ഇല്ലന്നാ കര്‍ത്താവ് പറയുന്നത്.നീ ഭൂമിയില്‍ജീവിക്കുന്നത് നഷ്ടമാണന്നാ കര്‍ത്താവ് പറഞ്ഞത് ... നിന്നെ കൊണ്ട് ഒരു പ്രയോജനവുംഇല്ലന്ന് ...” ജീവന്റെ പുസ്തകം അടച്ചു വെച്ചുകൊണ്ട് പത്രോസ് പറഞ്ഞു

Saturday, February 23, 2008

സ്വര്‍‌ണ്ണപ്പല്ല് :

വയസ്സായ അയാളുടെ ആഗ്രഹമായിരുന്നു സ്വര്‍‌ണ്ണപ്പല്ല് വെക്കണമെന്ന് .മക്കളറിയാതെഅയാള്‍ സ്വര്‍‌ണ്ണപ്പല്ല് വെച്ചു.അതു വെച്ച് കഴിഞ്ഞതുമുതല്‍ അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.അയാള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ സ്വര്‍‌ണ്ണപ്പല്ല് വെട്ടിത്തിളങ്ങും.താന്‍ മരിച്ചുകഴിയുമ്പോള്‍ തന്റെ തലയും താടിയും തമ്മില്‍ കെട്ടരുതെന്ന് അയാള്‍മരിക്കുന്നതിനു മുമ്പ് മക്കള്‍ക്ക് നിര്‍‌ദ്ദേശം നല്‍കി.മരിച്ചപ്പോള്‍ അയാളുടെ ആഗ്രഹംപോലെ മക്കള്‍ ചെയ്തു.

അയാള്‍ യമലോകത്ത് എന്നും എഴുന്നേറ്റാലുടന്‍ കണ്ണാടിയില്‍ നോക്കി തന്റെപല്ലിന്റെ ഭംഗി ആസ്വദിക്കും.ഒരു ദിവസം അയാള്‍ യമലോകത്തുനിന്ന് താഴേക്ക്നോക്കിയപ്പോള്‍ സെമിത്തേരിയില്‍ തന്റെ കല്ലറ പൊളിച്ചിട്ടിരിക്കുന്നത്കണ്ടു.തന്റെ ശരീരം ചാക്കില്‍ കെട്ടി തെങ്ങില്‍ ചുവട്ടില്‍ വെച്ചിരിക്കു ന്നത് അയാള്‍ കണ്ടു.ഏകമകന്‍ കല്ലറപൊളിച്ച് മാര്‍ബിള്‍ ഇടുകകയായിരുന്നു.അയാള്‍തന്റെ കൂട്ടു കാരെ വിളിച്ച് മാര്‍ബിള്‍ ഇടുന്ന തന്റെ കല്ലറ വിളിച്ച് കാണിച്ചു.അയാളുടെകൂട്ട് ആത്മാക്കള്‍ക്ക് അയാളുടെ പൊങ്ങച്ചം ഇഷ്ടമല്ലായിരുന്നു.”ചത്തിട്ടും പൊങ്ങച്ചംകളയാത്തവന്‍ “കൂട്ട് ആത്മാക്കള്‍ പരസ്പരം പറഞ്ഞ് ചിരിച്ചു.

പിറ്റേന്ന് എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയ അയാള്‍ ഞെട്ടിപ്പോയി.വായില്‍ സ്വര്‍‌ണ്ണപ്പല്ല് ഇല്ല. അയാള്‍ സെമിത്തേരിയിലെ തെങ്ങില്‍ ചുവട്ടിലേക്ക് നോക്കി.അയാളുടെ രണ്ടുമൂന്ന് പല്ല് അവിടെ കിടപ്പുണ്ടായിരുന്നു. ആര്‍ക്കും വേണ്ടാത്ത പല്ല് !!

Friday, February 8, 2008

വാര്‍ത്ത :

നഗരത്തില്‍ പാര്‍ട്ടിയുടെ മഹാസമ്മേളനം നടക്കുന്നു.നാട്ടിലെല്ലാം കമാനങ്ങള്‍ഉയര്‍ന്നു. ചാനലുകളില്‍ സമ്മേളനം ലൈവായി കാണിച്ചു.പത്രങ്ങളില്‍ സമ്മേളനത്തിന്റെ വാ‍ര്‍ത്തകളായിരുന്നു അധികവും.സമാപനദിവസം എത്തി.സമാപനത്തിന്മുന്നോടിയായി പടുകൂറ്റന്‍ പ്രകടനം നടക്കുന്നു. അയാള്‍ പ്രകടനം ലൈവായിപാര്‍ട്ടിചാനലില്‍ കാണുകയായിരുന്നു.പ്രകടനത്തിന്റെ മുന്‍‌നിര സമ്മേളന വേദിയില്‍പ്രവേശിച്ചയുടനെ നേതാവ് സമ്മേളനത്തിന്റെ ഉത്ഘാടന പ്രസംഗം ആരംഭിച്ചു.

നേതാവിന് മണിക്കൂറുകള്‍ക്കകം ഗുരുവായൂരില്‍ കൊച്ചുമകന്റെ ചോറൂണിന് എത്തണമായിരുന്നു. നേതാവിന്റെ തീപ്പൊരി പ്രസംഗംകേട്ട് അയാള്‍ കോള്‍മയര്‍ കൊണ്ടു.പെട്ടന്ന് അയാളുടെ നെഞ്ചൊന്നു പിടഞ്ഞു.ശ്വാസം എടുക്കാ‍നാവാതെ അയാള്‍പിടഞ്ഞു.നിമിഷങ്ങള്‍ക്കകം അയാളുടെ വീടിന്റെ പടിക്കല്‍ ആംബുലന്‍സ് എത്തി.സൈറണ്‍ ഇട്ടുകൊണ്ട് ആംബുലന്‍സ് പാഞ്ഞു.വാഹനങ്ങള്‍ വഴിമാറി. പക്ഷേപാര്‍ട്ടിപ്രകടനം കഴിഞ്ഞിരുന്നില്ല.ആംബുലസിന്റെ വഴിമുടങ്ങി.അയാള്‍ ശ്വാസത്തിനായിപിടഞ്ഞു.

നേതാവ് പ്രസംഗം നിര്‍ത്തി കാറില്‍ കയറി.അണികള്‍ നേതാവിനു വേണ്ടി വഴിമാറി.പ്രകടനം മുറിച്ച് നേതാവിന്റെ കാറിന് വഴിയൊരുക്കി.നേതാവിന്റെ കാറ് നൂറ്റമ്പതില്‍ഗുരുവായൂര്‍ക്ക് പാഞ്ഞു. നേതാവിന്റെ കാറിന്റെ പുറകേ ആംബുലന്‍സും പ്രകടനത്തിന്റെഇടയിലേക്ക് കയറി. നിമിഷങ്ങള്‍ക്ക കം എവിടെനിന്നെക്കയോ കല്ലുകള്‍ പാഞ്ഞുവന്നു.

പിറ്റേന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്ത പാര്‍ട്ടി സമ്മേളനത്തെക്കുറിച്ചായിരുന്നു.നേതാവ് കൊച്ചുമകന് ചോറൂണ് നടത്തുന്ന പടം എല്ലാപത്രങ്ങളുടെയുംആദ്യ പേജില്‍ തന്നെ ഉണ്ടായിരുന്നു. അയാളെക്കുറിച്ചുള്ള വാര്‍ത്തയും പത്രങ്ങളില്‍ഉണ്ടായിരുന്നു.ചരമപേജില്‍ ആയിരുന്നുവെന്നു മാത്രം.

Monday, January 28, 2008

മുലപ്പാല്‍കൊടുക്കാ‍ത്ത അമ്മ

കോട്ടയത്തുനിന്ന് വണ്ടി വിടുമ്പോള്‍ വലിയ തിരക്കില്ലായിരുന്നു.അയാള്‍ക്കും അവള്‍ക്കുംഒരേ സീറ്റില്‍ തന്നെ സ്ഥലം കിട്ടി.അയാളുടെ കയ്യില്‍ ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നു.കളിപ്പാട്ടങ്ങള്‍ നിറച്ച ബിഗ്‌ഷോപ്പര്‍ അവളുടെ കൈയ്യിലായിരുന്നു.ഒരോ സ്‌റ്റോപ്പ്കഴിയുമ്പോഴും തിരക്ക് ഏറി വന്നു. അയാളുടെ കൈയ്യിലിരുന്ന് കുഞ്ഞ് കരയാന്‍തുടങ്ങി.കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്ന മട്ടില്ല.അവന്റെ കരച്ചിലിന് ശക്തി ഏറിവന്നു.അവള്‍ കുഞ്ഞിനെ വിളിക്കാ‍ന്‍ ശ്രമിക്കുമ്പോഴെല്ലാം അവനത് കണ്ടില്ലന്ന് നടിച്ചു.അയാളുടെകൈയ്യില്‍ നിന്ന് മാറാന്‍ അവന്‍ സമ്മതിച്ചില്ല.

അവള്‍ ബാഗില്‍ നിന്ന് കുപ്പിപ്പാല്‍ എടുത്ത് അവന്റെ ചുണ്ടോട് അടിപ്പിച്ചു.അവനത് വായില്‍വെക്കാന്‍ സമ്മതിച്ചില്ല.ബസിന് വെളിയിലേക്ക് കൈചൂണ്ടി ഉച്ചത്തില്‍ കരഞ്ഞു.അവളുടെ മുഖം വിവര്‍‌ണ്ണമായി തുടങ്ങിയിരുന്നു.”കുഞ്ഞിന് വിശക്കുന്നുണ്ടാവും..അവന്മുലപ്പാല്‍ കൊടുക്ക് കൊച്ചേ ?” അവരുടെ സീറ്റിനു പുറകിലിരുന്ന അമ്മച്ചി പറഞ്ഞു.അവളത് കേട്ടതായി നടിച്ചില്ല.

വണ്ടി ചങ്ങനാശേരി വിട്ടു.കുഞ്ഞ് അപ്പോഴും അയാളുടെ കൈയ്യിലിരുന്ന് കരയുകയാണ്.അവളുടെ കൈയ്യിലേക്ക് പോകാന്‍ കുഞ്ഞ് കൂട്ടാക്കിയില്ല.”എടീ കൊച്ചേ കുഞ്ഞിനെയെടുത്ത് പാലുകൊടുക്ക്... നാണക്കേടൊന്നും വിചാരിക്കേണ്ട”അമ്മച്ചി അവളെവിടുന്ന മട്ടില്ല.എന്നിട്ടും അവള്‍ അതിന് തുനിയാതിരുന്നത് ആളുകളെ പലവഴിക്ക്ചിന്തിപ്പിച്ചു.
“ഇവരാ കുഞ്ഞിനെ തട്ടിക്കൊണ്ട് പോവാണന്നാ തോന്നുന്നത്..കുഞ്ഞ് അവളുടെഅടുത്തേക്ക് ചെല്ലുന്നുപോലുമില്ല...”ആരോ അഭിപ്രായപ്പെട്ടു.
“ബസ് നേരേ പോലീസ് സ്‌റ്റേഷനിലോട്ട് വിട്...”അടുത്ത ആള്‍ .

ആളുകള്‍ അവളോടും അയാളോടും ഒരോന്നോരോന്ന് ചോദിക്കാന്‍ തുടങ്ങി.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.ബസ് പോലീസ് സ്‌റ്റേഷനിലേക്ക് തിരിഞ്ഞു.അയാളുടെമൊബൈല്‍ ബെല്ലടിച്ചു.അവള്‍ കുഞ്ഞിനെ ബലമായി കൈയ്യിലേക്ക് വാങ്ങി.അയാള്‍ റിസീവര്‍ ചെവിയോട് അടുപ്പിച്ചു. “സര്‍ ,ഓര്‍ഫനേജില്‍ നിന്നാണ്. ദത്തെടുക്കല്‍ രേഖകളില്‍ മാഡം ഇടതുതള്ളവിരലിന്റെ തമ്പ്‌ ഇപ്രക്ഷനാണ് പതിപ്പിച്ചിരിക്കുന്നത്.വലതു തള്ളവിരലിന്റെ തമ്പ്ഇം‌പ്രക്ഷനായിരുന്നു വേണ്ടിയിരുന്നത്....”

അവളുടെ ഇടതു തള്ളവിരലിലെ മഷിശരിക്ക് ഉണങ്ങിയിരുന്നില്ല.ബസ് പോലീസ്സ്‌റ്റേഷന്റെ മുന്നില്‍ എത്തിയിരുന്നു.കുഞ്ഞ് കരച്ചില്‍ നിര്‍ത്തി അവളുടെ മാറിന്റെചൂടേറ്റ് ഉറങ്ങി തുടങ്ങിയിരുന്നു.

Sunday, January 27, 2008

കാലവും കാലനും :

അയാള്‍ ചാരുകസേരയില്‍ ചാരിക്കിടന്നു.അയാളുടെ തലമുടി നരച്ചിരുന്നു.അന്നത്തെപത്രത്തിലെ ചരമപേജ് എടുത്തയാള്‍ നോക്കി.മരണം എത്രപേരെയാണ് തട്ടിയെടുക്കുന്നത്.കാലം എത്രപെട്ടന്നാ ണ് പോകുന്നത്.ആരയേയും കാത്തുനില്‍ക്കാതെകാലും പോവുകയാണ്.കാലവും കാലനും ഒരു പോലെയാണ് .വന്നുപോകുന്നത്ആരും അറിയുന്നില്ല.നെഞ്ചിലെ വേദന അയാള്‍ തിരിച്ചറിഞ്ഞു. കൈകള്‍ തളരുന്നു.നാക്ക് താഴുന്നു.വിയര്‍പ്പ് ഒലിച്ചിറങ്ങി.മക്കള്‍ ഓടിയെത്തി.വിറങ്ങലിച്ച അയാളുടെ ശരീരം കണ്ടവര്‍ നിലവിളിച്ചു. ആരാണ് പറഞ്ഞത് കാലന്‍ വരുന്നത് അറിയാന്‍ പറ്റത്തില്ലന്ന്.കാലന്‍ വരുന്നത് അറിഞ്ഞില്ല്ലങ്കിലും കാലന്‍ പോകുന്നത് അറിയാന്‍ പറ്റുന്നുണ്ട്.അതാണല്ലോ അയാളുടെ മക്കളുടെ നിലവിളി.

Sunday, January 20, 2008

ഭ്രൂണം :

അവന്‍ അവളുടെ മടിയില്‍ തലവെച്ച് കിടന്നു.അവര്‍ മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തില്‍ നിന്ന് അസ്‌തമനം കണ്ടു.സുഭാഷ് പാര്‍ക്കിലെ പൊട്ടിയ സിമിന്റ് ബെഞ്ചുകളില്‍ ഇരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തു.മറൈന്‍ ഡ്രൈവിലെ മരച്ചുവടുകളില്‍ ഇരുന്ന് അവളും അവനും പ്രതീക്ഷകള്‍ പങ്കുവെച്ചു.ഇണക്കിളികളെപ്പോലെ അവര്‍ കൈകോര്‍ത്തു ചേര്‍ന്നു നടന്നു.ബോട്ടുജെട്ടിയില്‍ നിന്ന് ബോട്ട് കയറി മട്ടാഞ്ചേരിയിലെ വാസ്‌കോഡിഗാമായുടെ പള്ളിയില്‍ എത്തി.കല്‍‌പടവുകള്‍ ഇറങ്ങി കടല്‍ക്കരയില്‍ ചെന്നു.ചീനവലകളുടെ നിഴലില്‍ അവര്‍ മറഞ്ഞു.

അവനേയും പ്രതീക്ഷിച്ച് അവള്‍ എന്നും മറൈന്‍ ഡ്രൈവില്‍ എത്തി.അവനെ അവള്‍ കണ്ടില്ല.കുറേ ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു.അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അവന്റെ ബൈക്കിന്റെ പുറകില്‍ അവള്‍ കയറി. നഗരത്തിലൂടെ അവര്‍ അലഞ്ഞു.ഇരുട്ടുവീണപ്പോള്‍ അവന്റെ ബൈക്ക് ക്ലിനിക്കിന്റെ മുന്നില്‍ നിന്നു.ഇരുട്ടിന്റെ മറവില്‍ അവര്‍ ക്ലിനിക്കിലേക്ക് കയറി.

ക്ലിനിക്കിലെ ടേബിളില്‍ അവള്‍ കിടന്നു.കൊടിലുകളുടെ ശബ്ദ്ദം അവള്‍ കേട്ടു.കൊടില്‍ തന്നെ പിടിക്കാന്‍ വരുന്നതു കണ്ട് ഭ്രൂണം നിലവിളിച്ചു.ഭ്രൂണം ഓടിയൊളിക്കാ‍ന്‍ നോക്കി.രക്ഷപ്പെടാന്‍ ഭ്രൂണത്തിന് കഴിഞ്ഞില്ല.കൊടില്‍ ഭ്രൂണത്തിന്റെ കഴുത്തില്‍ പിടിമുറുക്കി.തന്റെ അടിവയറ്റില്‍ നിന്ന് എന്തോ പറിഞ്ഞുപോകുന്നതായി അവള്‍ക്ക് തോന്നി.അപവാദശരങ്ങളില്‍ നിന്നും തന്തയില്ലാത്തവന്‍ എന്ന വിളിയില്‍ നിന്നും രക്ഷപെട്ട ഭ്രൂണം കോര്‍പ്പറേഷന്‍ ചവറുവണ്ടിയും കാത്ത് ചവറ്റുകൊട്ടയില്‍ കിടന്നു.

Saturday, January 12, 2008

ഇയര്‍ ഫോണ്‍ :

വര്‍ഷങ്ങള്‍ക്ക് മുമ്പ് :
ഞാനവളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണുമ്പോള്‍ അവളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നു. അവള്‍ ഒരു പൊട്ടി ആ‍യിരിക്കുമെന്ന് ഞാന്‍ കരുതി.അവളോട് ഞാന്‍ കൈകള്‍ കൊണ്ട് സംസാരിക്കാന്‍ ശ്രമിച്ചു.അവള്‍ ചെവിയില്‍ നിന്ന് ഇയര്‍ ഫോണ്‍ ഊരിയിട്ട് എന്നോട് സംസാരിച്ചു.ഇയര്‍ ഫോണിന്റെ ഒരറ്റം വാക്മാനില്‍ ഘടിപ്പിച്ചിരിക്കു ന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്.

ഇന്ന് :
അവളെ ഞാനെപ്പോള്‍ കണ്ടാലും അവളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരിക്കും.ഒന്നുകില്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള ഇയര്‍ ഫോണ്‍ അല്ലങ്കില്‍ ഐപ്പോഡില്‍ നിന്നുള്ള ഇയര്‍ ഫോണ്‍.ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ ചെവിയില്‍ നിന്ന് ഇയര്‍ ഫോണ്‍ ഊരും.സംസാരിച്ചു കഴിഞ്ഞാലുടനെ വീണ്ടും ചെവിയിലേക്ക് ഇയര്‍ ഫോണ്‍ വെയ്ക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷം :
ഞാനവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി.അവളുടെ ചെവിയില്‍ അപ്പോള്‍ ഇയര്‍ ഫോണ്‍ ഇല്ലായിരുന്നു. ഞാനവളോട് സംസാരിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറയുന്നതൊന്നും അവള്‍ കേള്‍ക്കുന്നില്ലന്ന് എനിക്ക് തോന്നി.അവള്‍ പെട്ടന്ന് തന്റെ ഇയര്‍ ഫോണ്‍ ചെവിയിലേക്ക് എടുത്തു വെച്ചു.