Wednesday, July 11, 2012

ശശിക്കുട്ടന്റെ പേര് മാറ്റിയ പോലീസ് !!

ശശിക്കുട്ടൻ ഒരു പാവം ഐറ്റി തൊഴിലാളി.. രാവിലെ വീട്ടിൽ നിന്നിറന്ങി പാതിരായിൽ വീട്ടിൽ ചെന്ന് കയറുന്ന ഒരു പാവം തൊഴിലാളി. സ്വന്തമായിട്ട് 1000 സിസി ബൈക്കുള്ളതുകൊണ്ട് രാത്രിയിലെ യാത്ര സുഖം. 1000 സിസി എന്ന് ഞെട്ടേണ്ട മാസം 1000 രൂപ വെച്ച് സിസിക്കാരനു കൊടുക്കുന്നതുകൊണ്ടാണ് ശശിക്കുട്ടൻ തന്റെ ബൈക്കീനു 1000 സിസി എന്ന് പറയുന്നത്..
ഒരു ദിവസം സന്ധ്യയ്ക്ക് ശശിക്കുട്ടൻ ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ഹൈവേയിൽ വെച്ച് പോലിസ് കൈകാണിച്ചു. ശശിക്കുട്ടൻ ബൈക്ക് നിർത്തി ഇറങ്ങി.
"താങ്കളുടെ പേരെന്താണ്" പോലീസുകാരൻ ചോദിച്ചു.
വളരെ സൗമ്യനായി പേര് ചോദിക്കൂന്ന പോലീസുകാരനെ ശശിക്കുട്ടൻ ഭയന്നെങ്കിലും പേര് പറഞ്ഞു.
"ശശിക്കുട്ടൻ"
"താങ്കൾക്ക് ഹെല്മറ്റ് ഉണ്ടോ?" പോലീസുകാരൻ ചോദിച്ചു.
"ഉവ്വ്"
"ബുക്കും പേപ്പറും ഉണ്ടോ?"
"ഉണ്ട്"
"പുകയുണ്ടോ?"
"ആ സർട്ടിഫിക്കറ്റും ഉണ്ട് സർ" ശശിക്കുട്ടനും വിനയത്തോടെ പറഞ്ഞു.
"മിസറ്റർ.ശശിക്കുട്ടൻ, താങ്കൾ മദ്യപ്പിച്ചിട്ടൂണ്ടോ?"
"ഇല്ല സർ.."
"താങ്കൾ ഇതിലേക്കൊന്നു ഊതുമോ?"
"ഊതാം സർ"
ശശിക്കുട്ടൻ ഊതി..
"ഹൊ!! അതിശയം നിങ്ങൾ മദ്യപിച്ചിട്ടീല്ല.. പക്ഷേ താങ്കളെ കണ്ടാൽ ഒരു കള്ള ലക്ഷണം ഉണ്ട്"
"സർ,ഇത് ലക്ഷണം എനിക്ക് ജന്മനാൽ ഉള്ളതാ.."
"ഹഹഹ!! തമാശക്കാരനാണല്ലേ..താങ്കളുടെ ബൈക്ക് എവിടെ?"
"ദേ അവിടെ സർ,"
"വരൂ..എനിക്ക് താങ്കളുടെ വണ്ടിയൊന്ന് നോക്കണം"

ശശിക്കുട്ടനും പോലീസുകാരനും കൂടി ബൈക്കിന്റെ അടുത്ത് ചെന്നു. പോലീസുകാരൻ ബൈക്കിലേക്കോന്നു നോക്കിയതേ ഉള്ളൂ..
"ഇടതുവശത്ത് കണ്ണാടിയില്ലല്ലോ ശശിക്കുട്ടാ"
"അത് ..സർ..."
"കണ്ണാടിയില്ലാതെ വണ്ടി ഓടിക്കുന്നത് കുറ്റമാണന്ന് അറിയില്ലേ?
"അത്..സർ.. ഇന്നലെ ആരോ ഊരിക്കൊണ്ട് പോയതാ.. ഞാനിന്ന് തന്നെ വാങ്ങി വെച്ചോളാം..."
"പക്ഷേ ഞാനിത് കണ്ടൂ പിടിച്ചല്ലോ.. ഒരു നൂറു രൂപ പെറ്റി അടച്ചിട്ട് പൊയ്ക്കോ..."
"സർ... ഞാൻ വാന്ങി.."
"താങ്കൾ ഒന്നും പറയേണ്ട പെറ്റി അടച്ചോളൂ..."
ശശിക്കുട്ടൻ തലയാട്ടി.

പോലീസുകാരൻ പോക്കറ്റിൽ നിന്ന് രസീതുകുറ്റി പോലുള്ള സാദനം എടൂത്തു.
"താങ്കളൂടെ മുഴുവൻ പേര് പറയൂ..."
"ശശിക്കുട്ടൻ..."
പോലീസുകാരൻ ശശിക്കുട്ടന്റെ മുഖത്തേക്കും കഴുത്തിൽ കിടക്കുന്ന ടാഗിലേക്കും മാറി മാറി നോക്കി.. എന്നിട്ടൊരു അലർച്ച..
"ഫ!!! കള്ള ക##@@%$$&&###@@ **%$## .... പേര് മാറ്റിപ്പറഞ്ഞ് പോലീസുകാരനെ പറ്റിക്കൂന്നോടാ"
"എന്താടാ നിന്റെ ശരിക്കുമുള്ള പേര്?"
"ശശിക്കൂട്ടൻ എന്റെ ശരിക്കൂമുള്ള പേരാണ് സർ"
"എടാ നിന്റെ ശരിക്കുമുള്ള പേര് വിശാൽ ബേസിക്കന്നല്ലേടാ..."
"അല്ല സർ..."
"പിന്നെയും കള്ളത്തരം പറയുന്നോടാ.... നിന്റെ കഴുത്തിൽ കിടക്കൂന്ന ഐഡന്റിറ്റി കാർഡിൽ നിന്റെ പേര് വിശാൽ ബേസിക്കന്നാണല്ലോടാ"

ശശിക്കുട്ടൻ തന്റെ കഴുത്തിലെ ടാഗിലേക്ക് നോക്കി.
ടിം.. ശശിക്കുട്ടൻ ഞെട്ടി
തന്റെ പേരിനു താഴെ വലിയ അക്ഷരത്തിൽ എഴുതിയിരിക്കൂന്നത് വായിച്ചാണ് പോലീസുകാരൻ തെറിവിളിക്കൂന്നത്..
"സർ..അത് വിശാൽ ബേസിക്കന്നല്ല..വിഷ്വൽ ബേസിക്കന്നാ..അത് ഓഫീസില് ഞന്ങടെ ഡൊമൈനാ..അതിന്റെ മുകളിൽ കുഞ്ഞക്ഷരത്തിൽ എന്റെ പേരുണ്ട്"

Saturday, June 30, 2012

ബ്രൗസർ

സോഫ്റ്റ്‌വെയർ സപ്പോർട്ട് ചെയ്യുന്ന കോൾ സെന്ററിലേക്കു വന്ന ഫോൺ.വിളിക്കുന്നത് ഒരു ചേച്ചി.ഫോൺ എടുക്കുന്നതും ഒരു ചേച്ചി

"ഹലോ സോഫ്റ്റ്‌വെയർ സപ്പോർട്ട് സെക്ഷൻ അല്ലേ?"

"അതെ"

"ഞന്ങൾക്ക് നിന്ങടെ സോഫ്റ്റ്‌വെയർ കിട്ടുന്നില്ല"

"ഒരു സെക്കൻഡ്... സൈറ്റിന്റെ അഡ്രസ് ഒന്നു പറഞ്ഞേ..."

"www. ................."

"അവിടേ റേഞ്ച് ഇല്ലന്ന് തോന്നുന്നു.. നിന്ങൾ പറയുന്നത് ശരിക്ക് ക്ലിയർ ആകുന്നില്ല... ആ സൈറ്റ് അഡ്രസ് ഒന്നുകൂടി ഒന്ന് പറഞ്ഞേ..."

"www. ................."

"സൈറ്റ് ഇവിടെ കിട്ടുന്നുണ്ടല്ലോ.."

"ഇവിടെ കിട്ടുന്നില്ല... നിന്ങൾ ആരെയെങ്കിലും ഇന്ങോട്ടൊന്ന് വിടണം..."

"നിന്ങൾ ഏത് ബ്രൗസർ ആണ് ഉപയോഗിക്കുന്നത്.."

"എന്തോന്നാ ചോദിക്കുന്നത്..."

"ചേച്ചി ഏത് ബ്രൗസറാ ഉപയോഗിക്കുന്നത്...മോസില്ല അല്ലിയോ"

"ഞാനിപ്പം ഏത് ഉപയോഗിച്ചാൽ നിനക്ക് എന്താ... നിന്ങടെ സൈറ്റ് കിട്ടുന്നില്ല എന്നതാ എന്റെ പ്രശ്നം... അതിനു വേണ്ടാത്തതൊക്കെ എന്തിനാ ചോദിക്കുന്നത്?"

"എന്റെ ചേച്ചീ..ഞാൻ വേണ്ടാത്തത് എന്താ ചോദിച്ചത്??ഫയർഫോക്സ് ആണോ ക്രോം ആണോ ചേച്ചി ഉപയോഗിക്കൂന്നത്"

"ഞാൻ പേരൊന്നും നോക്കാറില്ല..അതൊക്കെ അറിഞ്ഞിട്ട് എന്തിനാ?ഞാനിപ്പം ഏത് ഉപയോഗിച്ചാലും കൊച്ചിനെന്താ കൊഴപ്പം?"

"സൈറ്റ് ഏത് ബ്രൗസറിലാ ഓപ്പണാക്കിയത് എന്നാ ചോദിക്കുന്നത്..."

"അതൊന്നും എനിക്കറിയില്ല.... അതെന്ങനാ അറിയുന്നത്.."

"ചേച്ചി സൈറ്റിന്റെ അഡ്രസ് ഒരിടത്ത് ടൈപ്പ് ചെയ്തില്ലേ.... സൈറ്റ് ഓപ്പൺ ആയി വരുന്ന ആ വിൻഡോ ഇല്ലിയോ... അതിന്റെ പേരാ ബ്രൗസർ.."

"ഹൊ!!! അതായിരുന്നോ ബ്രൗസർ...എനിക്കിതിന്റെ പേരൊന്നും അറിയില്ല"

"ചേച്ചി ആ ഡെസ്ക്ടോപ്പിലൊന്ന് നോക്കിക്കേ.. ചേച്ചി അവിടേ നിന്ന് ക്ലിക്ക് ചെയ്ത് സൈറ്റ് ടൈപ്പ് ചെയ്യാനായി ഒരു വിൻഡോ എടുത്തില്ലിയോ..അവിടെ അതിന്റെ പേര് കാണും.."

"ഞാനൊന്നു നോക്കട്ട്.."

"ചേച്ചി ക്ലിക്ക് ചെയത് നീല വട്ടത്തിൽ തീ കത്തി നിൽക്കുന്നതുപോലെയുള്ളതിലാണോ അതോ നീല വട്ടത്തിനു ചുറ്റും പച്ച മഞ്ഞ ചുവപ്പ് കളർ പറ്റിപ്പിടിച്ചിരിക്കുന്നതാണോ അതോ നീല കളറിൽ e എന്ന് എഴുതിയതിന്റെ ചുറ്റും മഞ്ഞ കളറിൽ ഒറ്റു വലയം ഉള്ളതാണോ?"

"തീ കത്തി നിൽക്കുന്നതുപോലെയുള്ളതാണ്.."

"ആ ബ്രൗസറിന്റെ പേര് മോസില്ല ഫയർഫോക്സ് ..."

"ഇപ്പം സൈറ്റ് വന്നു.. ഇനി പ്രശ്നം  വരുവാണങ്കിൽ വിളിക്കാം..."

"ശരി ചേച്ചീ..."

Monday, June 25, 2012

മാനേജ്‌മെന്റ് ക്വോട്ടാ ബിഷപ്പ്

മത്തായി ചേട്ടനു തന്റെ ഇളയ മകളുടെ കല്യാണം ബിഷപ്പിനെ കൊണ്ട് നടത്തിപ്പിക്കണം(ആശീർവദിപ്പിക്കണം) എന്ന് വലിയ ആഗ്രഹം. ചേട്ടൻ ചെന്ന് ഇടവക വികാരിയെ കണ്ട് കാര്യം പറഞ്ഞു.

കല്യാണം ചിന്ങമാസത്തിൽ ആയതുകൊണ്ട് ബിഷപ്പുമാരൊക്കെ നേരത്തെ ബുക്കായി കഴിഞ്ഞിരിക്കൂം എന്നൊക്കെ അച്ചൻ പറഞ്ഞു.

തനിക്ക് കിട്ടാനുള്ളത് കുറയുമെന്നോ മറ്റോ കരുതിയാണ് അച്ചൻ തന്നെ നിരുത്സാഹപ്പെടൂത്തുന്നതന്ന് മത്തായി ചേട്ടൻ കരുതി. അവസാനം ചേട്ടന്റെ നിർബന്ധത്തിനു അച്ചൻ വഴന്ങി.

ഒന്നന്നൊര മണിക്കൂർ ഫോൺ വിളിച്ച് വിളിച്ച് അവസാനം അച്ചൻ കല്യാണ ദിവസം രാവിലെ 10.30 മുതൽ ഉച്ച്യക്ക് 12.00 മണി ഫ്രി ആയ ഒരു ബിഷപ്പിനെ കണ്ടത്തി. അച്ചൻ ഉടനെ മത്തായി ചേട്ടനെ വിളിച്ചു.

"മത്തായിച്ചോ ഒരു ബിഷപ്പിനെ ആ സമയത്ത് ഫ്രിയായി കിട്ടിയിട്ടുണ്ട്. പക്ഷേ കൈമുത്തല്പം* കൂടും"

"എത്രാണങ്കിലും കൊടുക്കാം അച്ചോ.എന്റെ വലിയ ആഗ്രഹമാ അച്ചോ. അച്ചനറിയാമല്ലോ ആ കറിയാച്ചൻ അവന്റെ മോടെ കല്യാണം നടത്തിയത് ബിഷപ്പിനെ കൊണ്ടാ. അപ്പോ എന്റെ മോടെ കല്യാണം അച്ചന്മാരെകൊണ്ട് നടത്തിപ്പിച്ചാൽ ആൾക്കാരെന്ത് പറയും... എന്നാലും എത്ര ആവും അച്ചോ കൈമുത്ത്??"

"ഒരു പതിനഞ്ച് ഇരുപതെങ്കിലും ആവും മത്തായിച്ചോ?"

"അതെന്താ അച്ചാ ഇത്രയും കാശ്?"

"അതേ, ഈ ബിഷപ്പ് 'എൻആർഐ കം മാനേജ്‌മെന്റ് ക്വോട്ടായിൽ മൂന്നരക്കോടീ കൊടുത്ത് ബിഷപ്പ് സ്ഥാനം വാന്ങിയ ആളാ. കൊടുത്ത കാശ് എത്രയും പെട്ടന്ന് തിരിച്ചു പിടിക്കാൻ ആരാണങ്കിലും നോക്കീല്ലേ മത്തായിച്ചാ???"
***********************

*കൈമുത്ത് - ബിഷപ്പിനു നൽകുന്ന പ്രതിഫലം

Wednesday, May 30, 2012

ഹൈടെക്ക് കര്‍ഷക ശ്രി

അയാള്‍ക്ക് ഹൈടെക്ക് കര്‍ഷക ശ്രി അവാ‍ര്‍ഡ് കിട്ടിയത്രെ!!!
കേരള സര്‍ക്കാ‍ര്‍ ഹൈടെക്ക് കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ബഡ്ജറ്റില്‍ തുക വക വരുത്തുന്നതിനു മുമ്പേ അയാള്‍ ഹൈടെക് കൃഷി തുടങ്ങിയിരുന്നത്രെ!!!
പത്രങ്ങളായ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു..
ചാനലുകളായ ചാനലുകളിലെല്ലാം അയാളുടെ ഇന്റ്ര്‌വ്യു വന്നു...
സംഘടനകള്‍ അയാള്‍ക്ക് സ്വീകരണവും അനുമോദനവും നല്‍കാന്‍ യോഗങ്ങള്‍ വിളിച്ചു കൂടി...
എല്ലാവരും അയാളുടെ കൃഷി രീതിയെക്കുറിച്ച് പ്രശംസിച്ചു.
കൃഷിയിടങ്ങള്‍ ചുരുങ്ങി ചുരുങ്ങി വരുന്ന ഈ കാലഘട്ടത്തില്‍ ഇനി ഹൈടെക്ക് കൃഷി മാത്രമേ രക്ഷ ഉള്ളു എന്ന് കൃഷി മന്ത്രിപോലും പറഞ്ഞപ്പോള്‍
നാട്ടിലെ നെല്‍കൃഷിക്കാരനായ കറിയാച്ചനും ഹൈടെക്ക് കൃഷിയിലേക്ക് മാറണമെന്ന് തോന്നി...
അയാള്‍ കൃഷിവകുപ്പാഫീസില്‍ പോയി ഹൈടെക്ക് കൃഷിയെക്കുറിച്ച് ചോദിച്ചു..
ഹൈടെക്ക് കൃഷി എന്ന് കേട്ടിട്ടുണ്ടന്നല്ലാതെ അവര്‍ക്ക് അതങ്ങനെയാണ് നടത്തുന്നതന്ന് അറിയില്ല...
അയാള്‍ നേരിട്ട് കൃഷിവകുപ്പ് മന്ത്രിയെ പോയി കണ്ടൂ...
ഹൈടെക്ക് കൃഷി..ഹൈടെക്ക് കൃഷി എന്ന് പറയാനല്ലാതെ തനിക്കൊന്നും അറിയില്ലന്ന് മന്ത്രിയും പറഞ്ഞു...
അവസാനം കറിയാച്ചന്‍ ഹൈടെക്ക് കര്‍ഷകശ്രിക്കാരന്റെ അഡ്രസ് തേടിയിറങ്ങി...
ആകാശംചുംബിച്ച് നില്‍ക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ ഹൈടെക്ക് കര്‍ഷകശ്രിക്കാരന്റെ ഫ്ലാറ്റിനു മുന്നില്‍ കറിയാച്ചന്‍ നിന്നു...
“എന്തല്ലാമാണ് ഒരു ഹൈടെക് കൃഷിക്ക് വേണ്ടത് ?” കറിയാച്ചന്‍ ചോദിച്ചു.
“ഒരു കം‌മ്പ്യൂട്ടറും ബ്രോഡ്‌ബാന്‍ഡ് കണക്ഷനും നമുക്ക് വേണം” അയാള്‍ പറഞ്ഞു.
“കുറഞ്ഞത് എത്ര സ്ഥലമാണ് ഈ കൃഷിക്ക് വേണ്ടത്?” കറിയാച്ചന്‍ ചോദിച്ചു..
“അത് നമ്മുടെ കഴിവു പോലെയാണ്... നമ്മള്‍ അധ്വാനിക്കുന്നതിനു അനുസരിച്ച് നമുക്ക് ഭൂമി കിട്ടും..“ അയാള്‍ പറഞ്ഞു
“നിങ്ങള്‍ എത്ര ഏക്കര്‍ ഭൂമിയില്‍ ഹൈടെക്ക് കൃഷി ഉണ്ട്..” കറിയാച്ചന്‍ ചോദിച്ചു.
“അതൊന്നും ഞാന്‍ ഓര്‍ത്തു വെക്കാറില്ല... നമ്മുടെ ജോലി നമ്മള്‍ ചെയ്യുക” അയാള്‍ പറഞ്ഞു.
“അരാ നിങ്ങള്‍ക്ക് ഈ അവാര്‍ഡ് തന്നത്?” കറിയാച്ചന്‍ ചോദിച്ചു.
അയാള്‍ വലിയ ഒരു രഹസ്യം പറയുന്നതുപോലെ പറഞ്ഞു.
“ഞാന്‍ എനിക്കു തന്നെ പ്രഖ്യാപിച്ച അവാര്‍ഡാ ഹൈടെക്ക് കര്‍ഷക ശ്രി അവാര്‍ഡ്”
“എനിക്ക് നിങ്ങളുടെ ഹൈടെക്ക് കൃഷി സ്ഥലം ഒന്നു കാണിച്ചു തരാമോ?”
“പിന്നെന്താ.. വരൂ..”
അയാളുടെ പിന്നാ‍ലെ കറിയാച്ചന്‍ നടന്നു. അയാള്‍ തന്റെ ഹൈടെക്ക് കൃഷി ഇടത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കൃഷിഫലങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞു.
അയാള്‍ കമ്പ്യൂട്ടര്‍ വെച്ചിരിക്കുന്ന മുറിയില്‍ എത്തി.
കമ്പ്യൂട്ടര്‍ ഓണാക്കി ഫേസ് ബുക്കില്‍ ലോഗില്‍ ചെയ്തപ്പോള്‍ കറിയാച്ചന്‍ പുതിയ കൃഷി രീതിയെക്കുറിച്ച് പഠിക്കാന്‍ തയ്യാറായി...
ഫേസ് ബുക്കിലെ ‘ഫാം വില്ലയില്‍’ താന്‍ നേടിയെടുത്ത കൃഷി ഇടങ്ങള്‍ കാ‍ണിച്ചു കൊണ്ട് താന്‍ അത്രയും കൃഷി ഇടങ്ങള്‍ നേടിയെടുക്കാനും കൃഷി ഇറക്കാനും പെട്ട ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്റെ പാടത്തെ നെല്ലില്‍ മുഞ്ഞയേയും ഇലചുരുട്ടിപ്പുഴുവിനേയും നശിപ്പിക്കാന്‍ ഇനി ഏത് മരുന്ന് വാങ്ങിയാല്‍ പറ്റും എന്ന് കറിയാച്ചന്‍ ചിന്തിക്കുവായിരുന്നു............