Tuesday, May 19, 2009

കുടുംബത്തിലെ അടി :

അവര്‍ക്ക് മൂന്ന് ആണ്‍‌മക്കളായിരുന്നു. ഏക്കറുകണക്കിനു റബ്ബറായിരുന്നു അവരുടെ സ്വത്ത്. സത്യക്രിസ്ത്യാനികളായ അവര്‍വേദവചനങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന വരാണന്ന് അച്ചനും പള്ളിക്കാരും വിശ്വസിച്ചിരുന്നു. അപ്പന്റേയും മക്കളുടേയുംഒരുമയില്‍ അമ്മ അഭിമാനം കൊണ്ടു. അവര്‍ അപ്പനും മക്കളും എന്നതിനെക്കാള്‍ കൂട്ടുകാരേപ്പോലെ ആണന്ന് അമ്മ എല്ലാവരോടും പറഞ്ഞു. ചില സമയങ്ങളില്‍ വീട്ടില്‍ നിന്ന് അട്ടഹാസങ്ങളും പൊട്ടിച്ചിരികളും ശബ്ദ്ദകോലാഹലങ്ങളുംഉയരുമ്പോള്‍ എന്തായിരുന്നു ഇന്നലെ അവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ “ ഓ ,അത് ബഹളമൊന്നും അല്ലന്നേ അപ്പനും മക്കളും വെള്ളമടിച്ചിട്ടാ” അമ്മ പറയും. “അപ്പനും മക്കളും ഒരുമിച്ചിരുന്നാ അടിക്കുന്നത് “ എന്ന് അമ്മ അഭിമാനത്തോടെ നാട്ടുകാരോട് പറഞ്ഞു. എല്ലാ ആഘോഷങ്ങള്‍ക്കും അടിക്കാന്‍ അപ്പന്റെയും മക്കളുടേയും കൂടെ അമ്മയും ചേരും. കാലക്രമത്തില്‍മക്കള്‍ക്ക് വിവാഹപ്രായമെത്തിയന്ന് അപ്പനുമമ്മയ്ക്കും തോന്നുകയും അവര്‍ മൂന്നുപേരേയും കെട്ടിച്ചു. വിവാഹ സല്‍ക്കാരവേളയില്‍ കര്‍ത്താവ് പച്ചവെള്ളം വീഞ്ഞാക്കി കൊടുത്തുവെങ്കില്‍ അപ്പനുമക്കളും അല്പം‌പോലും വെള്ളമൊഴിക്കാതെ വിവാഹ ‘സല്‍ക്കാരം’നടത്തിയത്. ‍ കല്യാണം കഴിഞ്ഞ് നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വീട്ടില്‍ നിന്ന് അസാധാരണമായ രീതിയില്‍ ബഹളങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
“അപ്പനും മക്കളും ഇപ്പോഴും ഒരുമിച്ചിരുന്നാണോ അടിക്കുന്നത് ?” ആരോ അമ്മയോട് ചോദിച്ചു .അവര്‍ അല്പം നേരം മിണ്ടാതെ നിന്നിട്ട് ശബ്ദ്ദം താഴ്ത്തിപ്പറഞ്ഞു. “ അപ്പനും മക്കളും കൂടെ ഒരുമിച്ചിരുന്ന് അടിക്കുന്ന ബഹളമല്ല ഇപ്പോള്‍കേള്‍ക്കുന്നത് . മക്കളും മരുമക്കളും ഒരുമിച്ച് നിന്ന് തന്തേയും തള്ളേയും അടിക്കുന്നതിന്റെ ബഹളമാ ഇപ്പോള്‍ കേള്‍ക്കുന്നത് ...” .