Monday, January 28, 2008

മുലപ്പാല്‍കൊടുക്കാ‍ത്ത അമ്മ

കോട്ടയത്തുനിന്ന് വണ്ടി വിടുമ്പോള്‍ വലിയ തിരക്കില്ലായിരുന്നു.അയാള്‍ക്കും അവള്‍ക്കുംഒരേ സീറ്റില്‍ തന്നെ സ്ഥലം കിട്ടി.അയാളുടെ കയ്യില്‍ ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നു.കളിപ്പാട്ടങ്ങള്‍ നിറച്ച ബിഗ്‌ഷോപ്പര്‍ അവളുടെ കൈയ്യിലായിരുന്നു.ഒരോ സ്‌റ്റോപ്പ്കഴിയുമ്പോഴും തിരക്ക് ഏറി വന്നു. അയാളുടെ കൈയ്യിലിരുന്ന് കുഞ്ഞ് കരയാന്‍തുടങ്ങി.കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്ന മട്ടില്ല.അവന്റെ കരച്ചിലിന് ശക്തി ഏറിവന്നു.അവള്‍ കുഞ്ഞിനെ വിളിക്കാ‍ന്‍ ശ്രമിക്കുമ്പോഴെല്ലാം അവനത് കണ്ടില്ലന്ന് നടിച്ചു.അയാളുടെകൈയ്യില്‍ നിന്ന് മാറാന്‍ അവന്‍ സമ്മതിച്ചില്ല.

അവള്‍ ബാഗില്‍ നിന്ന് കുപ്പിപ്പാല്‍ എടുത്ത് അവന്റെ ചുണ്ടോട് അടിപ്പിച്ചു.അവനത് വായില്‍വെക്കാന്‍ സമ്മതിച്ചില്ല.ബസിന് വെളിയിലേക്ക് കൈചൂണ്ടി ഉച്ചത്തില്‍ കരഞ്ഞു.അവളുടെ മുഖം വിവര്‍‌ണ്ണമായി തുടങ്ങിയിരുന്നു.”കുഞ്ഞിന് വിശക്കുന്നുണ്ടാവും..അവന്മുലപ്പാല്‍ കൊടുക്ക് കൊച്ചേ ?” അവരുടെ സീറ്റിനു പുറകിലിരുന്ന അമ്മച്ചി പറഞ്ഞു.അവളത് കേട്ടതായി നടിച്ചില്ല.

വണ്ടി ചങ്ങനാശേരി വിട്ടു.കുഞ്ഞ് അപ്പോഴും അയാളുടെ കൈയ്യിലിരുന്ന് കരയുകയാണ്.അവളുടെ കൈയ്യിലേക്ക് പോകാന്‍ കുഞ്ഞ് കൂട്ടാക്കിയില്ല.”എടീ കൊച്ചേ കുഞ്ഞിനെയെടുത്ത് പാലുകൊടുക്ക്... നാണക്കേടൊന്നും വിചാരിക്കേണ്ട”അമ്മച്ചി അവളെവിടുന്ന മട്ടില്ല.എന്നിട്ടും അവള്‍ അതിന് തുനിയാതിരുന്നത് ആളുകളെ പലവഴിക്ക്ചിന്തിപ്പിച്ചു.
“ഇവരാ കുഞ്ഞിനെ തട്ടിക്കൊണ്ട് പോവാണന്നാ തോന്നുന്നത്..കുഞ്ഞ് അവളുടെഅടുത്തേക്ക് ചെല്ലുന്നുപോലുമില്ല...”ആരോ അഭിപ്രായപ്പെട്ടു.
“ബസ് നേരേ പോലീസ് സ്‌റ്റേഷനിലോട്ട് വിട്...”അടുത്ത ആള്‍ .

ആളുകള്‍ അവളോടും അയാളോടും ഒരോന്നോരോന്ന് ചോദിക്കാന്‍ തുടങ്ങി.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.ബസ് പോലീസ് സ്‌റ്റേഷനിലേക്ക് തിരിഞ്ഞു.അയാളുടെമൊബൈല്‍ ബെല്ലടിച്ചു.അവള്‍ കുഞ്ഞിനെ ബലമായി കൈയ്യിലേക്ക് വാങ്ങി.അയാള്‍ റിസീവര്‍ ചെവിയോട് അടുപ്പിച്ചു. “സര്‍ ,ഓര്‍ഫനേജില്‍ നിന്നാണ്. ദത്തെടുക്കല്‍ രേഖകളില്‍ മാഡം ഇടതുതള്ളവിരലിന്റെ തമ്പ്‌ ഇപ്രക്ഷനാണ് പതിപ്പിച്ചിരിക്കുന്നത്.വലതു തള്ളവിരലിന്റെ തമ്പ്ഇം‌പ്രക്ഷനായിരുന്നു വേണ്ടിയിരുന്നത്....”

അവളുടെ ഇടതു തള്ളവിരലിലെ മഷിശരിക്ക് ഉണങ്ങിയിരുന്നില്ല.ബസ് പോലീസ്സ്‌റ്റേഷന്റെ മുന്നില്‍ എത്തിയിരുന്നു.കുഞ്ഞ് കരച്ചില്‍ നിര്‍ത്തി അവളുടെ മാറിന്റെചൂടേറ്റ് ഉറങ്ങി തുടങ്ങിയിരുന്നു.

Sunday, January 27, 2008

കാലവും കാലനും :

അയാള്‍ ചാരുകസേരയില്‍ ചാരിക്കിടന്നു.അയാളുടെ തലമുടി നരച്ചിരുന്നു.അന്നത്തെപത്രത്തിലെ ചരമപേജ് എടുത്തയാള്‍ നോക്കി.മരണം എത്രപേരെയാണ് തട്ടിയെടുക്കുന്നത്.കാലം എത്രപെട്ടന്നാ ണ് പോകുന്നത്.ആരയേയും കാത്തുനില്‍ക്കാതെകാലും പോവുകയാണ്.കാലവും കാലനും ഒരു പോലെയാണ് .വന്നുപോകുന്നത്ആരും അറിയുന്നില്ല.നെഞ്ചിലെ വേദന അയാള്‍ തിരിച്ചറിഞ്ഞു. കൈകള്‍ തളരുന്നു.നാക്ക് താഴുന്നു.വിയര്‍പ്പ് ഒലിച്ചിറങ്ങി.മക്കള്‍ ഓടിയെത്തി.വിറങ്ങലിച്ച അയാളുടെ ശരീരം കണ്ടവര്‍ നിലവിളിച്ചു. ആരാണ് പറഞ്ഞത് കാലന്‍ വരുന്നത് അറിയാന്‍ പറ്റത്തില്ലന്ന്.കാലന്‍ വരുന്നത് അറിഞ്ഞില്ല്ലങ്കിലും കാലന്‍ പോകുന്നത് അറിയാന്‍ പറ്റുന്നുണ്ട്.അതാണല്ലോ അയാളുടെ മക്കളുടെ നിലവിളി.

Sunday, January 20, 2008

ഭ്രൂണം :

അവന്‍ അവളുടെ മടിയില്‍ തലവെച്ച് കിടന്നു.അവര്‍ മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തില്‍ നിന്ന് അസ്‌തമനം കണ്ടു.സുഭാഷ് പാര്‍ക്കിലെ പൊട്ടിയ സിമിന്റ് ബെഞ്ചുകളില്‍ ഇരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തു.മറൈന്‍ ഡ്രൈവിലെ മരച്ചുവടുകളില്‍ ഇരുന്ന് അവളും അവനും പ്രതീക്ഷകള്‍ പങ്കുവെച്ചു.ഇണക്കിളികളെപ്പോലെ അവര്‍ കൈകോര്‍ത്തു ചേര്‍ന്നു നടന്നു.ബോട്ടുജെട്ടിയില്‍ നിന്ന് ബോട്ട് കയറി മട്ടാഞ്ചേരിയിലെ വാസ്‌കോഡിഗാമായുടെ പള്ളിയില്‍ എത്തി.കല്‍‌പടവുകള്‍ ഇറങ്ങി കടല്‍ക്കരയില്‍ ചെന്നു.ചീനവലകളുടെ നിഴലില്‍ അവര്‍ മറഞ്ഞു.

അവനേയും പ്രതീക്ഷിച്ച് അവള്‍ എന്നും മറൈന്‍ ഡ്രൈവില്‍ എത്തി.അവനെ അവള്‍ കണ്ടില്ല.കുറേ ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു.അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അവന്റെ ബൈക്കിന്റെ പുറകില്‍ അവള്‍ കയറി. നഗരത്തിലൂടെ അവര്‍ അലഞ്ഞു.ഇരുട്ടുവീണപ്പോള്‍ അവന്റെ ബൈക്ക് ക്ലിനിക്കിന്റെ മുന്നില്‍ നിന്നു.ഇരുട്ടിന്റെ മറവില്‍ അവര്‍ ക്ലിനിക്കിലേക്ക് കയറി.

ക്ലിനിക്കിലെ ടേബിളില്‍ അവള്‍ കിടന്നു.കൊടിലുകളുടെ ശബ്ദ്ദം അവള്‍ കേട്ടു.കൊടില്‍ തന്നെ പിടിക്കാന്‍ വരുന്നതു കണ്ട് ഭ്രൂണം നിലവിളിച്ചു.ഭ്രൂണം ഓടിയൊളിക്കാ‍ന്‍ നോക്കി.രക്ഷപ്പെടാന്‍ ഭ്രൂണത്തിന് കഴിഞ്ഞില്ല.കൊടില്‍ ഭ്രൂണത്തിന്റെ കഴുത്തില്‍ പിടിമുറുക്കി.തന്റെ അടിവയറ്റില്‍ നിന്ന് എന്തോ പറിഞ്ഞുപോകുന്നതായി അവള്‍ക്ക് തോന്നി.അപവാദശരങ്ങളില്‍ നിന്നും തന്തയില്ലാത്തവന്‍ എന്ന വിളിയില്‍ നിന്നും രക്ഷപെട്ട ഭ്രൂണം കോര്‍പ്പറേഷന്‍ ചവറുവണ്ടിയും കാത്ത് ചവറ്റുകൊട്ടയില്‍ കിടന്നു.

Saturday, January 12, 2008

ഇയര്‍ ഫോണ്‍ :

വര്‍ഷങ്ങള്‍ക്ക് മുമ്പ് :
ഞാനവളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണുമ്പോള്‍ അവളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നു. അവള്‍ ഒരു പൊട്ടി ആ‍യിരിക്കുമെന്ന് ഞാന്‍ കരുതി.അവളോട് ഞാന്‍ കൈകള്‍ കൊണ്ട് സംസാരിക്കാന്‍ ശ്രമിച്ചു.അവള്‍ ചെവിയില്‍ നിന്ന് ഇയര്‍ ഫോണ്‍ ഊരിയിട്ട് എന്നോട് സംസാരിച്ചു.ഇയര്‍ ഫോണിന്റെ ഒരറ്റം വാക്മാനില്‍ ഘടിപ്പിച്ചിരിക്കു ന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്.

ഇന്ന് :
അവളെ ഞാനെപ്പോള്‍ കണ്ടാലും അവളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരിക്കും.ഒന്നുകില്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള ഇയര്‍ ഫോണ്‍ അല്ലങ്കില്‍ ഐപ്പോഡില്‍ നിന്നുള്ള ഇയര്‍ ഫോണ്‍.ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ ചെവിയില്‍ നിന്ന് ഇയര്‍ ഫോണ്‍ ഊരും.സംസാരിച്ചു കഴിഞ്ഞാലുടനെ വീണ്ടും ചെവിയിലേക്ക് ഇയര്‍ ഫോണ്‍ വെയ്ക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷം :
ഞാനവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി.അവളുടെ ചെവിയില്‍ അപ്പോള്‍ ഇയര്‍ ഫോണ്‍ ഇല്ലായിരുന്നു. ഞാനവളോട് സംസാരിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറയുന്നതൊന്നും അവള്‍ കേള്‍ക്കുന്നില്ലന്ന് എനിക്ക് തോന്നി.അവള്‍ പെട്ടന്ന് തന്റെ ഇയര്‍ ഫോണ്‍ ചെവിയിലേക്ക് എടുത്തു വെച്ചു.