Friday, October 5, 2007

അഴി‌മതി

നൂറു രൂപ കൈക്കൂലി വാങ്ങിയതിന് അയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്‌തു.അയാളുടെഅറസ്റ്റ് ചാനലുകാര്‍ ലൈവായി കാണിച്ചു.പത്രത്തില്‍ അയാളുടെ പടം അടിച്ചുവന്നു.അഴി‌മതിക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തെ കുറിച്ച് മന്ത്രിമാര്‍ വാചാലരായി.അഴിമതിവീരനെ അറസ്റ്റ്ചെയ്തതിന് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പാര്‍ട്ടിക്കാര്‍ പ്രകടനം നടത്തി. വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന അയാളുടെ ഭാര്യ ഒന്നും അറിഞ്ഞില്ല.അയാളുടെ മകള്‍സിഗരറ്റുപുക നിറഞ്ഞ മുറിയില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന നോട്ടുകള്‍ എണ്ണി;ഒരു നേരത്തെ ആഹാരംവാ‌ങ്ങുന്നതിനുവേണ്ടി.അയാളുടെ മന്തബുദ്ധിയായ മകന്‍ അയാളുടെ പടം അടിച്ചുവന്ന പത്രം നോക്കിചിരിച്ചു.അയാളെകുറിച്ചുള്ള വാര്‍ത്തയ്ക്കുതാഴെ മറ്റൊരു വാര്‍ത്ത ഉണ്ടായിരുന്നു.‘ലോട്ടറി രാജാവിന്റെകൈയ്യില്‍ നിന്ന് വാങ്ങിയ 2കോടി രൂപ തിരിച്ചു നല്‍കും:പാര്‍ട്ടി”.അയാളുടെ മകന്‍ ആ വാര്‍ത്തവായിച്ചില്ല.കാരണം അവന് പടങ്ങള്‍ മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂ.

No comments: