Wednesday, February 20, 2013

ഫേസ്ബുക്ക് ഗീതം : അദ്ധ്യായം 7

ഫേസ്ബുക്ക് ഗീതം : അദ്ധ്യായം 7

1. മടങ്ങിവരിക, പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് പോയവളേ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങൾ സിൽക്ക് സ്മിതയുടെ നൃത്തത്തെപ്പോലെ പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് പോയവളെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്നു?

2. ഓൺലൈൽകുമാരീ, പ്രൊഫൈലിൽ ഇട്ടിരിക്കൂന്ന ഫോട്ടോയിലെ നിന്റെ കാൽ എത്ര മനോഹരം! നിന്റെ മുന്നിലിരിക്കുന്ന ലാപ്ടോപ്പ് ചപ്പാത്തി പലകപോലെ ഇരിക്കുന്നു.

3. നിന്റെ ചൈനീസ് ഫോൺ, സാംസങ്ങ് എസ്-5 പോലെയാകുന്നു; അതിൽ, എസ്.റ്റിഡി കോളിനുള്ള കാശ് ഇല്ലാതിരിക്കുന്നില്ല; നിന്റെ ഫോണിലെ മെമ്മറി പെർമിഷനാൽ പൂട്ടിയിരിക്കുന്ന ഫോട്ടോ ആൽബം ആകുന്നു.

4. നിന്റെ പ്രൊഫൈലുകൾ രണ്ടും ഇരട്ടപിറന്ന രണ്ടു ആങ്ങ്രി ബേഡുകൾക്കു സമം.

5. നിന്റെ കഴുത്തു ജിറാഫിനെപോലെയും നിന്റെ കണ്ണു ഇടവപ്പാതിയിൽ കേരളത്തിലെ റോഡുകളിലെ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ലേഡീസ് ഹോസ്റ്റലിനു നേരെയുള്ള മൊബൈൽ ടവർ പോലെയും ഇരിക്കുന്നു.

6. നിന്റെ ശിരസ്സു ഫാം വില്ലയിലെ മലകൾപോലെയും നിന്റെ തലമുടി ഫേസ്ബുക്കിലെ നോട്ടുകൾ പോലയും ഇരിക്കുന്നു; രാജാവു നിന്റെ പോക്കുകളാൽ ബദ്ധനായിരിക്കുന്നു.

7. പ്രിയേ, പ്രൊഫൈൽ പിക്ചറിൽ നീ എത്ര സുന്ദരി, എത്ര മനോഹര

8. നിന്റെ ഗെയിം റിക്വസ്റ്റുകൾ പനയോടും നിന്റെ ഷെയറുകൾ മുന്തിരിക്കുലയോടും ഒക്കുന്നു!

9. ഞാൻ പനമേൽ (ഗെയിം റിക്വസ്റ്റുകളിൽ) കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ ഷെയറുകൾ മുന്തിരിക്കുലപോലെയും നിന്റെ വാളിലെ  സ്റ്റാറ്റസുകൾ ഓൺലൈൻ ബുദ്ധിജീവികളുടെ താത്വിക അവലോകനം പോലെ ആകട്ടെ. നിന്റെ കമന്റുകളോ മേത്തരമായ മണ്ടത്തരങ്ങൾ.

10. അതു എന്റെ പ്രിയന്നു മൃദുപാനമായി ലൈക്കിലും ഷെയറുകളിലും കൂടി കടക്കുന്നതും ആകുന്നു.

11. ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ലൈക്കുകൾ എന്നോടാകുന്നു.

12. പ്രിയാ, വരിക; നാം (ഫ്രണ്ട്) റിക്വസ്റ്റ് അയക്കുക; നമുക്കു ഗ്രൂപ്പുകളിൽ ചെന്നു രാപാർക്കാം.

13. അതികാലത്തു എഴുന്നേറ്റു ഫേസ്ബുക്ക് അക്കൗണ്ടിൽ പോയി സ്റ്റാറ്റസ് ലൈക്കു ചെയ്യപ്പെടുകയും പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ ലൈക്ക് തരും.

14. ഫോട്ടോകളിൽ കമന്റുകൾ വീഴുന്നു; നമ്മുടെ വാളിൽ സകലവിധ തെറികളുടെ ഫലവും ഉണ്ടു; എന്റെ പ്രിയാ, പോസ്റ്റാനായി ഞാൻ നിനക്കായി പഴയതും പുതിയതും ഫോട്ടോകൾ ശേഖരിച്ചിരിക്കുന്നു.