Thursday, February 5, 2009

കെട്ടുതാലി :

ഒറ്റമകനായ അയാളെ അപ്പനും അമ്മയും പഠിപ്പിച്ചു. പഠിച്ചു കഴിഞ്ഞ ഉടനെ ആറക്കശമ്പളത്തില്‍ ജോലിക്ക് കയറിയ അയാള്‍ തന്നെ തനിക്ക് ചേര്‍ന്ന ഒരുവളെ കണ്ടെത്തി. തന്റെ അപ്പന്റേയും അമ്മയുടേയും ‘കോലം’ തനിക്ക് നാണക്കേട് ഉണ്ടാക്കുന്നതായി അയാള്‍ക്ക് തോന്നി. പല്ലുകള്‍ ഉന്തിയ അമ്മയും എല്ലുകള്‍ തെളിഞ്ഞ അപ്പനും തന്റെ വിലക്കും നിലയ്ക്കും ചേര്‍ന്നതല്ലന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. തന്റെ മക്കള്‍ അവരുടെ കൂടെ കഴിഞ്ഞാല്‍ ‘കള്‍ച്ചര്‍‌ലസ്സ് ഇന്‍ഡീസന്റ് ‘ ആയിപ്പോകുമെന്നുള്ള ഭാര്യയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ആയപ്പോള്‍ അവരെ ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ആക്കാന്‍ അയാള്‍ തീരുമാനിച്ചു.

തന്റെ അപ്പനും അമ്മയും നിമിഷങ്ങളുടെ വെത്യാസത്തില്‍ മരിച്ചതറിഞ്ഞ് അയാള്‍ വൃദ്ധസദനത്തില്‍ എത്തി ചുളുവുകള്‍ വീണഅവരുടെ ‘ബോഡി’ ഏറ്റുവാങ്ങി. ശവമടക്ക് ചടങ്ങുകള്‍ നടത്താന്‍ കൊട്ട്വേഷന്‍ എടുത്ത ‘ഇവന്റ് മാനേജ്‌മെന്റു‘കാര്‍ അയാളുടെഅമ്മയുടെ ശരീരം കുളിപ്പിച്ചപ്പോള്‍ , അമ്മയുടെ കഴുത്തില്‍ മിന്നുമാല കണ്ടില്ല. അവരുടനെ അയാളെ അതറിയിച്ചു. ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ചെല്ലുമ്പോഴും അമ്മയുടെ കഴുത്തില്‍ മിന്നുമാല ഇല്ലായിരുന്നുവെന്ന് ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനക്കാര്‍ പറഞ്ഞു. അയാള്‍ അമ്മയുടെ മിന്നുമാല തപ്പിത്തുടങ്ങി. അതൊരിക്കലും തനിക്ക് കണ്ടെത്താനാവത്തില്ലന്ന് അയാള്‍ക്കറിയില്ലായിരുന്നു. കാരണം തന്റെ ഭാര്യയുടെ കെട്ടുതാലി വിറ്റാണ് അയാളുടെ അപ്പന്‍ ഫൈനല്‍ എക്സാമിനുള്ള ഫീസ് അയാള്‍ക്ക് അയച്ചുകൊടുത്തത് .