Sunday, December 23, 2007

സന്ധ്യാദീപം

രാവിലെ
6 മണിക്ക് : ധ്യാനം(മെഗാസീരിയല്‍ ഭാഗം 128)
6.30 : സൂര്യന്‍ കിഴക്ക് ഉദിച്ചു (മെഗാസീരിയല്‍)
7 : വാര്‍ത്തകള്‍
7.30-9.00 : നുണയും കൊതിയും (പ്രഭാത വിശേഷങ്ങള്‍)
9.00-11.30 : സിനിമ : രക്തപുഷ്‌പങ്ങള്‍
11.30-12.00 : പുതിയ പരസ്യങ്ങള്‍
ഉച്ചക്ക്
12.00-12.30 : ഇഷ്ട്ഗാനങ്ങള്‍
12.30-1.00 : സിനാമക്കാരുടെ രഹസ്യങ്ങള്‍
1.00-1.30 : വാര്‍ത്തകള്‍
1.30-4.00 : സിനിമ : അവനിനിയും വന്നില്ലവൈകിട്ട്
4.00-4.30 : മുധേവി (മെഗാസീരിയല്‍ ഭാഗം 902)
4.30-5.00 : നുണപറച്ചില്‍ (സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ)
5.00-5.30 : അമ്മായി അമ്മ (മെഗാസീരിയല്‍ ഭാഗം 999)
5.30-6.00 : നാത്തൂന്‍പോര് (മെഗാസീരിയല്‍ ഭാഗം 284)
രാത്രി
6.00-6.30 : വാര്‍ത്തകള്‍
6.30-7.00 : സന്ധ്യാദീപം
7.00-7.30 : ചക്കിക്കൊത്ത ചങ്കരന്‍ (സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ)
7.30-8.00 : രക്തപുഷ്പ്ങ്ങള്‍ (ഹൊറര്‍ മെഗാസീരിയല്‍)
8.00-9.00 : നോ ഐഡിയ അപശ്രുതി2007 (സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ)
9.00-9.30 : അവളുറങ്ങിയില്ല (മെഗാസീരിയല്‍ ഭാഗം 300)
9.30-10.00 : കിങ്കരന്‍ (ഭക്ത മെഗാസീരിയല്‍)
10.00-11.00 : ഒരു സിനിമാ നടിയുടെ വിവാഹം(സൂപ്പര്‍ഹിറ്റ് മെഗാസീരിയല്‍)
11.00-11.30 : നിദ്രാഭാരം (മെഗാസീരിയല്‍)
11.30-1.00 : സിനിമ : ഉറക്കം വരാത്ത രാത്രി
“ഇതെന്താണ് ?”
“ടിവിയിലെ പ്രോഗാമാണ് ”
“നിങ്ങള്‍ ഇതെല്ലാം കാണുമോ? ”
“ഉവ്വ് ”
“ അപ്പോള്‍ ഭക്ഷണം ”
“സമയം കണ്ടെത്തും”
“ഏതായാലും നിങ്ങള്‍ സന്ധ്യയ്ക്ക് അരമണിക്കൂര്‍ വിളക്കുകത്തിച്ച് പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ?നന്നായി...”“അതു ഞാന്‍ വിളക്കു കത്തിക്കുന്നതല്ല ”
“പിന്നെ??”
പുതിയ മെഗാസീരിയലിന്റെ പേരാ ,സന്ധ്യാദീപം

Wednesday, December 19, 2007

ചേളാവുകച്ചവടക്കാരന്‍

അയാള്‍ ചേളാവുകച്ചവടക്കാരനായിരുന്നു.ചന്തദിവസങ്ങളില്‍ അയാള്‍ വഴിവക്കിലിരുന്നു സാദങ്ങള്‍ വിലക്കെടുക്കും.അയാളുടെ കച്ചവടം ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിച്ചു.തലച്ചുമടായി സാദനങ്ങള്‍ ചന്തകളില്‍ എത്തിച്ചിരുന്നഅയാള്‍ ഒരു കാളവണ്ടി വാങ്ങി.കാളവണ്ടിയില്‍ നിന്ന് ചരക്കുലോറികളിലേക്കുള്ള മാറ്റം പെട്ടന്നായിരുന്നു.മലഞ്ചരക്കുകള്‍അയാള്‍ സ്വന്തം നിലയില്‍ കയറ്റിയയക്കാന്‍ തുടങ്ങി.സ്വന്തമായി ഫാക്ടറികളും തുടങ്ങി.അയാള്‍ മകനെ എംബി‌എപഠിക്കാന്‍ വിദേശത്ത് വിട്ടു.മകന്‍ വിദേശത്തെ പഠിപ്പെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അയാള്‍ ബിസിനസ്സ്എല്ലാം മകനെ ഏല്‍പ്പിച്ചു.

അവന്‍ താന്‍ പഠിച്ച മാനേജ്‌മെന്റ് തത്വങ്ങള്‍ ബിസിനസ്സില്‍ പ്രയോഗിക്കാന്‍ തുടങ്ങി.അവന്റെ പ്രയോഗത്തിന്അനുസരിച്ച് ബിസിനസ്സ് പടവലങ്ങപോലെ വളരാന്‍ തുടങ്ങി.ബാലസ്സ് ഷീറ്റിലെ നഷ്ടക്കണക്കുകള്‍ വര്‍ദ്ധിച്ചു.വീട്ജപ്തി ചെയ്യാനുള്ള നോട്ടീസ് എത്തിയപ്പോള്‍ അവന്‍ വിഷക്കുപ്പിയുമായി ഇറങ്ങി നടന്നു.അയാള്‍ തന്റെ പഴയചേളാവുമായി വഴിവക്കിലേക്ക് നടന്നു.അവന്‍ പഠിച്ച് മാനേജ്‌മെന്റ് തത്വങ്ങളില്‍ ജീവിതപാഠങ്ങള്‍ ഇല്ലായിരുന്നു.എന്നാല്‍അയാള്‍ക്ക് ജീവിതപാഠങ്ങള്‍ വളരെ ഏറെയായിരുന്നു

Wednesday, December 5, 2007

മണമില്ലാത്തവര്‍

ദൈവം മനുഷ്യനെ സൃഷ്ടിക്കാന്‍ തുടങ്ങി.മണ്ണില്‍ തുപ്പി മണ്ണ് കുഴച്ചു.തന്നെപോലെ തന്നെ മനുഷ്യനേയും ഉണ്ടാക്കാന്‍ ദൈവം തീരുമാനിച്ചു.ഇതറിഞ്ഞ് മാലാഖമാര്‍ എത്തി.ദൈവത്തിന്റെ രൂപത്തില്‍ മനുഷ്യനെ ഉണ്ടാക്കരുതെന്ന് മാലാഖമാര്‍ പറഞ്ഞു.ദൈവം അത് കേട്ടില്ല.തന്റെ സൃഷ്ടിയില്‍ ദൈവത്തിന് വിശ്വാസമായിരുന്നു.ദൈവം മനുഷ്യനെ ഉണ്ടാക്കിതുടങ്ങി.ദൈവത്തിന്റെ ശരീരത്തില്‍ വിയര്‍പ്പ് പൊടിഞ്ഞു.വിയര്‍പ്പ് കുഴഞ്ഞ മണ്ണിലേക്ക് വീണു.മനുഷ്യനെ ഉണ്ടാക്കി അവന്റെ മൂക്കിലേക്ക് ദൈവം ഊതി.അവന് ജീവന്‍ വെച്ചു.തന്റെ രൂപവും ശ്വാസവും മണവും മനുഷ്യന് ഉണ്ടന്ന് ദൈവത്തിന് മനസ്സിലായി.തന്റെ വിയര്‍പ്പിന്റെ ഫലത്തിന് തന്റെ വിയര്‍പ്പിന്റെ മണവും ലഭിച്ചത് ദൈവത്തെ സന്തോഷിപ്പിച്ചു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞു......

ഇന്നലെ..
ദൈവത്തിന് ജലദോഷം വന്നു.ഒരു ദിവസത്തെ വിശ്രമം കൊണ്ട് ജലദോഷം മാറി.

ഇന്ന്...
എത്ര ശ്വാസം പിടിച്ചിട്ടും ദൈവത്തിന് തന്റെ മണം കിട്ടിയില്ല.തനിക്ക് ശരീരത്തിലെ മണം ഷ്ടപ്പെട്ടിരിക്കുന്നു. ദൈവം അസ്വസ്ഥനായി.അപ്പോഴാണ് ദൈവം ഓര്‍ത്തത് മനുഷ്യനും തന്റെ വിയര്‍പ്പിന്റെ മണമാണല്ലോ!ദൈവം മനുഷ്യന്റെ കൈയ്യില്‍ നിന്ന് വിയര്‍പ്പിന്റെ മണം വാങ്ങാനായി നടന്നു.ദൈവം ഓരോ മനുഷ്യന്റെയും അടുത്തുചെന്നു.പക്ഷേ അവരിലാരിലും മനുഷ്യന്റെ മണം ഇല്ലായിരുന്നു.അവര്‍ക്കെല്ലാവര്‍ക്കും ജാസ്മിന്റെയും റോസിന്റെയും ബ്രൂട്ടിന്റെയും മണമായിരുന്നു.ദൈവം നിരാശയോടെ തിരികെ പോയി.ദൈവം ചിന്തിച്ചു.തനിക്ക് തന്റെ മുഖം നഷ്ടപ്പെട്ടില്ലല്ലോ.മുഖം നഷ്ടപ്പെട്ടിരുന്നെങ്കില്‍,പൊയ്‌മുഖങ്ങള്‍ അണിഞ്ഞ മനുഷ്യരില്‍ നിന്ന് തനിക്കെങ്ങനെ മുഖം ലഭിക്കുമായിരുന്നു??????

Saturday, December 1, 2007

വിവാഹശേഷമുള്ളയാത്രകള്‍ :

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്‍ച്ചയുള്ള ദമ്പതികള്‍ എന്ന് എല്ലാവരും പറഞ്ഞു.അത് കേട്ട് അവനും അവളും അവരുടെ വീട്ടുകാരം സന്തോഷിച്ചു.വിവാഹത്തിനു പിറ്റേന്നുമുതല്‍ അവരുടെ യാത്ര ആരംഭിച്ചു.

ആദ്യ ആഴ്ച്‌കള്‍ :
അവര്‍ ഒരുമിച്ച് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.അവളുടെ സാരിയുടെ ഞൊറു ശരിയാക്കാനും,മുന്താണി പിടിച്ചിടാനും അവന്‍ സഹായിച്ചു.അവന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അവള്‍ ഇട്ടുകൊടുത്തു.ബസില്‍ അവര്‍ ഒരേ വാതിലിലൂടെ ഒരുമിച്ച് കയറി ഒരു സീറ്റില്‍ ഇരുന്നു.അവളെ ജനല്‍ സൈഡില്‍ മാത്രമേ അവന്‍ ഇരുത്തിയിരുന്നുള്ളു.(എന്താണ് കാര്യമെന്ന് അറിയാമല്ലോ?)അവളെ ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ എന്നവണ്ണം അവന്‍ തന്റെ കൈ അവളുടെ തോളത്തുകൂടെ ഇട്ടു.അവരുടെ ഇരുപ്പ് പിള്ളാര്‍ക്ക് എന്റ്‌ര്‍‌ടെയന്റ്‌മെന്റ് ആയി.കോട്ടയത്തേക്ക് പോകുന്നത് പാസഞ്ചര്‍ ട്രയിനില്‍ ആയിരിക്കും.

ഒരുമാസത്തിന് ശേഷം:
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.പക്ഷേ ബസില്‍ കയറുന്നത് രണ്ടു വാതിലിലൂടെ ആണ്.കയറിക്കഴിഞ്ഞാല്‍ അവര്‍ പരസ്പരം നോക്കി സാനിധ്യം അറിയിക്കും.അവനാണ് ആദ്യം ബസില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍ അവളെ കാത്തു നില്‍ക്കും; അവളാണങ്കില്‍ അവനുവേണ്ടിയും.

ആറുമാസത്തിനു ശേഷം :
അവനാദ്യം വീട്ടില്‍ നിന്ന് ഇറങ്ങും.അവള്‍ക്ക് വേണ്ടി അവന്‍ ബസ്‌സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കും.അവര്‍ ഒരേ ബസ്സിലേ യാത്ര പോകുമായിരുന്നുള്ളു.ബസ് ഇറങ്ങികഴിഞ്ഞാല്‍ അവളാദ്യം വീട്ടില്‍ പോകും.അവന്‍ കറങ്ങിതിരിഞ്ഞേ വീട്ടില്‍ എത്തിയിരുന്നുള്ളു.

ഒരു വര്‍ഷത്തിനു ശേഷം:
കുഞ്ഞിനെ അവന്‍ എടുക്കും.അവള്‍ പ്ലാസിക് കവറും പിടിച്ച് ഒപ്പം നടക്കും.അവള്‍ കുഞ്ഞിനെ എടുത്താല്‍ അവന്‍ പ്ലാസിറ്റിക് കവര്‍ പിടിക്കും.കുഞ്ഞിനും തള്ളയ്ക്കും വെയില്‍ കൊള്ളാതിരിക്കാന്‍ കുടപിടിച്ച് കൊടുക്കും.ബസില്‍ കയറിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് കിട്ടിയിട്ടേ അവന്‍ ഇരിക്കൂ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കി തുടങ്ങി.അവന്‍ കയറുന്ന ബസില്‍ അവളും അവള്‍ കയറുന്ന ബസില്‍ അവനും കയറാതായി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം :
ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്.ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റെയാള്‍ പടിഞ്ഞാറോട്ട്.

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളു.നരച്ച കാലന്‍‌കുടകുത്തി അപ്പൂപ്പനും അല്പം കൂനി അമ്മൂമ്മയും നടക്കും.ബസ്സില്‍ കയറിയിട്ട് അമ്മൂമ്മയ്ക് സീറ്റ് കിട്ടിയാല്‍ അപ്പുപ്പനെ വിളിച്ച് അടുത്തിരുത്തും അപ്പൂപ്പന് സീറ്റ് കിട്ടിയാല്‍ അമ്മൂമ്മയെ വിളിച്ച് അടുത്തിരുത്തും.അപ്പൂപ്പന്‍ അമ്മൂമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും.പിടിവിട്ടാല്‍ താഴെപ്പോകുമെന്ന് അപ്പൂപ്പനറിയാം.പരസ്പരം താങ്ങായി അവര്‍ യാത്ര തുടര്‍ന്നു.............................

ഇപ്പോള്‍ മനസ്സിലായില്ലേ ഭൂമിമാത്രമല്ല ജീവിതയാത്രയും ഉരുണ്ടാതാണന്ന്

Sunday, November 18, 2007

വഴിപിഴക്കുന്നവര്‍

സര്‍ക്കാര്‍ ആശുപത്രിയുടെ വാരാന്തയില്‍ അവള്‍ തളര്‍ന്നിരുന്നു.ഭര്‍‌ത്താവിന്റെ ഓപ്പറേഷന്‍ മറ്റെന്നാളാണ്.ഡോക്ടര്‍ക്ക് ആയിരം രൂപയാണ് പടിയെന്ന് അറ്റന്‍ഡര്‍ പറഞ്ഞത് അവളുടെ മനസ്സിലുണ്ടായിരുന്നു.അന്നത്തിനുപോലും വകയില്ലാതിരുന്ന അവള്‍ക്ക് ആയിരം രൂപ വലിയ തുക ആയിരുന്നു.പണയം വെക്കാന്‍ അവളുടെ കൈയ്യില്‍ മാനമല്ലാതെ ഒന്നുമില്ലായിരുന്നു.ഓപ്പറേഷന്‍ ഓരോദിവസവും നീട്ടിവെച്ചുകൊണ്ടിരുന്നു.അയാളുടെ വേദന അവള്‍ക്ക് കണ്ടു നില്‍ക്കാന്‍ വയ്യാതായി.തന്റെ മാനം പണയപ്പെടുത്താന്‍ അവള്‍ തിരുമാനിച്ചു.ഇരുട്ടിന്റെ മറപറ്റി അവള്‍ നടന്നു.അവളെപോലുള്ളവരെ കാത്ത് കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.അതിരാവിലെ തന്നെ അവള്‍ ഡോക്ടറുടെ വീട്ടിലെത്തി പണം നല്‍കി.ആര്‍ത്തിയോടെ പണം വാങ്ങി എണ്ണിയ ഡോക്ടര്‍ തന്റെ വേലക്കാരനെ വിളിച്ചു.ആ പണം പട്ടിക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ വേലക്കാരന്റെ കൈയ്യില്‍ ഡോക്ട്‌ര്‍ കൊടുത്തു. വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ അന്നുരാത്രിയിലും അവള്‍ ഇരുട്ടിലേക്ക് ഇറങ്ങി.

Saturday, November 17, 2007

ഗാന്ധിയന്‍

ഗാന്ധിജയന്തി ദിവസത്തില്‍ ഗാന്ധിസ്‌മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നതിന് ഒരു ഗാന്ധിയനെ തേടി പാര്‍ട്ടിക്കാര്‍ നടന്നു. അവസാനം അയാളെതേടി പാര്‍ട്ടിക്കാര്‍ എത്തി.പാര്‍ട്ടിക്കാര്‍ പോയതിനുശേഷം താന്‍ നിധി പോലെ സൂക്ഷിച്ചിരുന്ന ഗാന്ധിതൊപ്പി പെട്ടിയില്‍ നിന്ന്
എടുത്തു.ആ തൊപ്പിക്ക് പാറ്റാഗുളികയുടെ മണം ആയിരുന്നു.ഗാന്ധിജയന്തി ദിനത്തില്‍ അതിരാവിലെ അയാളെ വീട്ടുപടിക്കല്‍ എസി ക്വാളിസ് വന്നു നിന്നു.തന്റെ ഊന്നുവടിയുമായി അയാള്‍ യോഗസ്ഥലത്തേക്ക് പോന്നു.

നേതാക്കന്‍‌മാരെല്ലാം വാടകയ്ക്ക് എടുത്ത ഗാന്ധിതൊപ്പിയും തലയില്‍ വെച്ച് അതിരാവിലെ തന്നെ വേദിയില്‍ എത്തിയിരുന്നു.ടിവിയില്‍ പരിപാടിയുടെ ലൈവ് ടെലികാസ്റ്റിങ്ങ് ഉള്ളത് കൊണ്ട് അവരെല്ലാം സുന്ദരന്‍‌മാരായിട്ടായിരുന്നു എത്തിയത്. അയാള്‍ നിലവിളക്ക് കത്തിച്ചിട്ട് ഗാന്ധിഅനുസ്മരണ പ്രഭാഷണം നടത്തി.തന്റെ പ്രഭാഷണത്തിനവസാനം അയാള്‍ “ഭാരത്
മാതാ കി ജയ് “
എന്നു വിളിച്ചു കൊടുത്തു.സദസ്സില്‍ ഇരുന്നവര്‍ അതേറ്റ് വിളിച്ചു.
മഹാത്മ ഗാന്ധി കി ജയ് “അയാള്‍ വിളിച്ചു.അതാരും ഏറ്റുവിളിച്ചില്ല.ഗാന്ധിജിക്ക് ഇനി ജയ് വിളിച്ചിട്ട് ഇനി എന്താകിട്ടാനാണ്?മണ്ഡലം പ്രസിഡണ്ടിനേയും,ജില്ലാകമ്മറ്റിയംഗത്തിനേയും,ജില്ലാ പ്രസിഡണ്ടിനേയും........ ഒക്കെ നോമിനേറ്റ് ചെയ്യാന്‍ ഗാന്ധിജിക്ക് ഇനി പറ്റത്തില്ലല്ലോ?പിന്നെന്തിന് ഗാന്ധിജിക്ക് ജയ് വിളിച്ച് വായിലെ വെള്ളം പറ്റിക്കണം. അയാള്‍ വേദിയില്‍ നിന്ന് ഇറങ്ങി.ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയില്‍ പങ്കെടുത്ത അയാള്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു.

Tuesday, November 13, 2007

ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക്ചെയ്യുന്നവര്‍

അയാള്‍ വന്നുകയറുന്നുടന്‍ മുതല്‍ അമ്മയെക്കുറിച്ചുള്ള പരാതികള്‍ അവള്‍ പറഞ്ഞുതുടങ്ങും. വയസ്സായതള്ള അടങ്ങിയിരിക്കുന്നി ല്ലന്നാണ് അവളുടെ പരാതി.അയാളുടെ അമ്മയ്ക്ക് വയസ്സ് എണ്‍പതു കഴിഞ്ഞു. പ്രഷറും ഷുഗറും കൊളസ്ട്രോളും അവരെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. ബിസ്‌നസ്സ്കാരനായ ഒറ്റ മകന് അമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.പ്രത്യേകിച്ച് തൊഴിലൊന്നും ഇല്ലാത്ത മരുമകള്‍ക്കും അമ്മായിഅമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.കെന്നല്‍ ക്ലബില്‍ കൊണ്ടുപോകുന്ന പട്ടികുട്ടിക്ക് നല്‍കുന്ന പരിചരണം പോലും മരുമകള്‍ അമ്മായിയമ്മയ്ക്ക് നല്‍കിയില്ല.

വയസ്സായതള്ളയെ വീട്ടില്‍ താമസിപ്പിക്കുന്നത് കുറച്ചിലാണന്ന് അവള്‍ അവനോട് പറഞ്ഞു.അവളുടെ ക്ലബിലെ എല്ലാവരുടേയും അമ്മായിയമ്മമാര്‍ ഓള്‍ഡേജ് ഹോമിലാണത്രെ താമസിക്കുന്നത്. അതാണത്രെ സ്റ്റാറ്റസ്.അവളുടെ കലഹം അസഹനീയമായപ്പോള്‍ അയാള്‍ അമ്മയെ ഓള്‍ഡേജ് ഹോമിലാക്കാന്‍ തീരുമാനിച്ചു.മാസം പതിനായിരം രൂപ നല്‍കേണ്ട ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക് ചെയ്യാന്‍ അയാളും ഭാര്യയും ഇറങ്ങി.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവരുടെ മകനും അവരുടെയൊപ്പം ചെന്നു.ഓള്‍ഡേജ് ഹോമിലെ ഒരു കട്ടിലിന് രണ്ടുലക്ഷം രൂപയാണ് ഡിപ്പോസിറ്റ് എന്ന് ഡയറക്ടര്‍ പറഞ്ഞു.അയാള്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കി അമ്മയ്ക്ക് വേണ്ടി കട്ടില്‍ ബുക്ക് ചെയ്തു.
അയാളുടെ മകന്‍ അയാളോട് പറഞ്ഞു.
“ഡാഡീ,ഒരു രണ്ടുലക്ഷം രൂപയുടെ ചെക്ക് കൂടി എഴുതികൊടുത്ത് ഒരു കട്ടിലൂടെ ബുക്ക് ചെയ്യ്...”
“എന്തിനാ മോനേ..”അയാള്‍ ചോദിച്ചു.
“പത്ത് നാല്‍പ്പത് വര്‍ഷം കഴിയുമ്പോള്‍ ഡാഡിക്ക് വേണ്ടിയാ.... എനിക്കന്ന് കട്ടില്‍ ബുക്ക് ചെയ്യാന്‍ സമയം കിട്ടിയില്ലങ്കിലോ?” മകന്‍ പറഞ്ഞു.അയാളുടെ കണ്ണ് നിറഞ്ഞു.പക്ഷേ അയാള്‍ നിസഹായകനായിരുന്നു.
തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ അയാള്‍ സംസാരിച്ചില്ല.തിരിച്ചുള്ള യാത്രയില്‍ അവള്‍ മകനോട് ചോദിച്ചു.
“മോന്‍ പപ്പയോട് മുറിബുക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മമ്മിക്കുകൂടി മുറിബുക്ക് ചെയ്യാന്‍ പറയാഞ്ഞത് മോന് മമ്മിയോട് ഒത്തിരി ഇഷ്ടമുണ്ടായിട്ടാണോ ?”
“മമ്മിയോട് ഇഷ്ടമുണ്ടായിട്ടില്ല..... മമ്മി അമ്മച്ചിയോട് ചെയ്യുന്നതിന് എനിക്ക് എനിക്ക് എണ്ണിയെണ്ണി പകരം ചോദിക്കണം.മമ്മി ഓള്‍ഡേജ് ഹോമില്‍ പോയാല്‍ ഞാനെങ്ങനെ പകരം ചോദിക്കും??”
അവന്റെ ശബ്‌ദ്ദം ഉറച്ചതായിരുന്നു.

Wednesday, November 7, 2007

വിവാഹം കഴിക്കുന്നത്......?

വിവാഹ കമ്പോളത്തില്‍ കെട്ടുപ്രായം കഴിഞ്ഞതിനു ശേഷമാണ് അയാള്‍ ഇറങ്ങിയത്.അതും വീട്ടുകാരുടേയും നാട്ടുകാരുടേയും നിര്‍ബന്ധം അസഹനീയമായപ്പോള്‍.വീട്ടുകാരേക്കാള്‍ അയാളെ കെട്ടിക്കുന്നതില്‍ താല്‌പര്യം നാട്ടുകാര്‍ക്കായിരുന്നു.മനുഷ്യനെ കുഴിയില്‍ ചാടിക്കുന്നതില്‍ നാട്ടുകാര്‍ എന്നും അവരുടേതായ പങ്ക് വഹിച്ചിരുന്നല്ലോ?

ഒന്നാം കെട്ടിനുള്ള പെണ്‍പിള്ളാരെ സംബന്ധിച്ചടത്തോളം അയാള്‍ എക്സ്പേയറി ഡേറ്റ് കഴിഞ്ഞ ആളായിരുന്നു.അതുകൊണ്ട് രണ്ടാം കെട്ടുകാരേയും വേലിചാടിയവരേയും കടയില്‍ സാധനം വാങ്ങാന്‍ പോയിട്ട് ഒരുമാസം കഴിഞ്ഞിട്ട് തിരിച്ചെത്തിയവരേയും ആലോചിച്ചു.അതൊന്നും ശരിയായില്ല.ഈശ്വരന്‍ തലയില്‍ വരച്ച വര മാറ്റാന്‍ പറ്റത്തില്ലല്ലോ?വിവാഹമേ വേണ്ടാന്നുവെച്ച് ജീവിച്ച
ഒരു പെണ്‍കുട്ടുയുടെ ആലോചന അയാള്‍ക്ക് വന്നു.അയാള്‍ പെണ്‍കുട്ടിയെ കാണാന്‍ പോയി.
എന്നില്‍ നിന്ന് ഒരു ഭാര്യ എന്ന നിലയില്‍ നിങ്ങളെന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത്?”അവള്‍ ചോദിച്ചു.
“എന്റെ തുണി നനച്ചുതരണം..”
ഞാനൊരു വാഷിംങ്ങ് മെഷ്യിന്‍ ആവണം... ഇനി ?”
“എനിക്ക് ആഹാരം വെച്ച് തരണം..”
ഞാനൊരു മൈക്രോവേവ് ഓവന്‍ ആവണം ..ഇനി ?”
“വീടെല്ലാം വൃത്തിയാക്കണം..”
ഞാനൊരു വാക്വം ക്ലീനര്‍ ആവണം... ഇനി ?”
“ഇനി..അത്..അത്...ഇനി... “അയാള്‍ വിക്കി.
അയാളുടെ നാണം കണ്ട് അവള്‍ ചിരിച്ചു.അവള്‍ ചിരിച്ചപ്പോള്‍ അയാളും ചിരിച്ചു.അവരുടെ വിവാഹം കഴിഞ്ഞു.അയാളുടെ വീട്ടിലെ സല്‍ക്കാരങ്ങള്‍ കഴിഞ്ഞ് അവര്‍ അവളുടെ വീട്ടിലെത്തി.വീട്ടിലെത്തിയയുടനെ അവളുടെ പട്ടിക്കുട്ടി അവളുടെ മടിയില്‍ കയറി ഇരുന്നു.തിരക്കെല്ലാം ഒഴിഞ്ഞപ്പോള്‍ അയാള്‍ അവളോട് ചോദിച്ചു.
“എന്നില്‍ നിന്ന് ഭര്‍ത്താവ് എന്ന നിലയില്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് ? “
അവള്‍ ഉത്തരമൊന്നും പറഞ്ഞില്ല.അവന്‍ വീണ്ടും ചോദിച്ചു.അവള്‍ ഇരുന്നടത്തുനിന്ന് എഴുന്നേറ്റ് തങ്ങളുടെ മുറിയിലേക്ക് പോയി.അവളുടെ മടിയില്‍ നിന്ന് പട്ടിക്കുട്ടി ഇറങ്ങി .അവന്‍ അവളുടെ പിന്നാലെ മുറിയിലേക്ക് കയറി.അവന്റെ പോക്ക് കണ്ടപ്പോള്‍ താനവിടെ ഒരു അധികപറ്റായെന്ന് പട്ടിക്കുട്ടിക്ക് തോന്നി.പട്ടിക്കുട്ടി വെളിയിലേക്ക് ഓടിപ്പോയി.അല്ലങ്കിലും ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴത്തില്ലന്നാണല്ലോ പഴഞ്ചൊല്ല്. പഴഞ്ചൊല്ലില്‍ പതിരില്ല.!!!!!!!!

Thursday, November 1, 2007

മിസ്‌ഡ് കോള്‍

രാവിലെ എഴുന്നേറ്റപ്പോള്‍ അവള്‍ മൊബൈല്‍ എടുത്തുനോക്കി.പത്തു മിസ്‌ഡ് കോള്‍.എല്ലാം ഒരു നമ്പരില്‍ നിന്നുതന്നെയാണ്.അവള്‍ക്ക് ആ നമ്പര്‍ ആരുടെയാണന്ന് അറിയില്ലായിരുന്നു.പിറ്റേന്ന് രാവിലെയും ആ നമ്പരില്‍ നിന്നുതന്നെ മിസ്‌ഡ് കോള്‍ കണ്ടപ്പോള്‍അവള്‍ ആ നമ്പരിലേക്ക് തിരിച്ചൊരു മിസ്‌ഡ് കോള്‍ വിട്ടു.പിന്നെ മുതല്‍ രാത്രിയില്‍വന്നുകൊണ്ടിരുന്ന മിസ്‌ഡ് കോള്‍ പകല്‍ സമയത്തും വന്നുതുടങ്ങി.മിസ്‌ഡ് കോള്‍വന്നാ ലുടന്‍ തന്നെ തിരിച്ചും അവള്‍ മിസ്‌ഡ് കോള്‍ അയച്ചുതുടങ്ങി.അവള്‍ക്കുംഅതൊരു രസമായിരുന്നു.മിസ്‌ഡ് കോളിനുവേണ്ടി അവള്‍ കാത്തിരിക്കാന്‍ തുടങ്ങി.

മിസ്‌ഡ് കോള്‍ മെസ്സേജായി മാറി.അവള്‍ക്ക് മെസ്സേജ് ഫ്രി ആയിരുന്നു.മൊബൈല്‍നിര്‍ത്താതെ ബെല്ലടിച്ചപ്പോള്‍ അവള്‍ നോക്കി.അത് ആ മിസ്‌ഡ് കോള്‍ നമ്പരില്‍നിന്നായിരുന്നു.അവളത് അറ്റന്‍ഡ് ചെയ്തു.ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ചിരപരിചയക്കാരെപ്പോലെ ആയി.അവന്‍ ആവിശ്യപ്പെട്ടപ്പോള്‍ അവനെ കാണാനാ യിഅവള്‍ അവന്‍ പറഞ്ഞയിടത്ത് എത്തി.പിന്നീട് പലയിടത്തുവച്ചും അവര്‍ കണ്ടുമുട്ടി.

അവനവളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.ഒരു പരിഭ്രമവും ഇല്ലാതെ അവള്‍ കടന്നുചെന്നു.അവന്‍ അവള്‍ക്കാ യി ഒരുക്കിയ വലയില്‍ അവള്‍ കുരുങ്ങി.ക്യാമറകണ്ണുകള്‍ മിഴിതുറന്നത് അവളറിഞ്ഞില്ല.പിന്നീട് അവന്‍ ആവിശ്യപ്പെടുമ്പോഴെല്ലാം അവള്‍ക്ക് പോകേണ്ടിവന്നു.അങ്ങനെ മിസ്‌ഡ് കോള്‍ വഴി അവള്‍ ‘കോള്‍’ ഗേള്‍ ആയി. മിസ്‌ഡ് കോള്‍ വഴി തന്റെ ജീവിതം‘മിസ് ‘ ആയന്നവള്‍ക്ക് മനസ്സിലായി.

Wednesday, October 31, 2007

സീ‍രിയലില്‍ ഡോക്‌ടറേറ്റ് എടുത്തവന്‍

പുതുമയുള്ള എന്തങ്കിലും വിഷയത്തില്‍ ഡോക്‌ടറേറ്റ് എടുത്താല്‍ മതിയന്ന് അവന്‍ തീരുമാനിച്ചു. ‘സീരിയലുകള്‍ ജനങ്ങളില്‍ ചെലുത്തുന്ന മാറ്റങ്ങള്‍ ‘ എന്ന പുതുമയേറിയ വിഷയത്തില്‍ അവനങ്ങനെയാണ് എത്തിയത്.തീസീസുംസമര്‍പ്പിച്ച് നില്‍ക്കുമ്പോഴാണ് അവനു വീട്ടുകാര്‍ വിവാഹം ആലോചിച്ച് തുടങ്ങിയത്. പലയിടത്തുംപോയിപെണ്ണുകണ്ടിട്ടും അവനാരെയും പിടിച്ചില്ല. അവന്റെ സങ്കല്‍പ്പത്തിലുള്ള ഒരാളെതേടി അവന്‍ അലഞ്ഞു.ഇടനിലക്കാരൊക്കെ പിന്മാറി.അവസാനം അവന്‍ തന്റെ സങ്കല്‍പ്പത്തിലുള്ള പെണ്ണിനെ ക്കുറിച്ച് ഒരു ഇടനിലക്കാരനോട്പറഞ്ഞു.പെണ്ണ് കാണാന്‍ സുന്ദരിയായിരുക്കണം. അവള്‍ക്കൊരു കുട്ടിയുണ്ടായിരിക്കണം.പക്ഷേ അവള്‍ നേരത്തെകല്ല്യാണം കഴിച്ചിട്ടുണ്ടാവാന്‍ പാടില്ല.(ഇതുതന്നെയാണല്ലോ എല്ലാ സീരിയലിന്റെയും മൂലകഥ.)ഇങ്ങനെയുള്ളഒരു പെണ്ണിനെ കെട്ടിയാല്‍ ജീവിതം മെഗാസീരിയല്‍ പോലെ ഒരിക്കലും അവസാനിക്കത്തില്ലന്നായിരുന്നു അയാളുടെവിശ്വാസം.

Tuesday, October 30, 2007

കാല്‍പ്പാടുകള്‍ പിന്‍‌തുടരുന്നവര്‍

അയാളെന്നും അടിച്ച് പൂക്കുറ്റിയായിട്ടാണ് വീട്ടില്‍ ചെന്നിരുന്നത്.എത്ര പിപ്പിരിയായാലുംഅയാള്‍ മക്കള്‍ക്കുള്ള പലഹാരപ്പൊതി മറക്കില്ലായിരുന്നു.പത്തു വയസുള്ള മകനെയുംഅഞ്ചുവയസുകാരി മകളേയും അയാള്‍ക്ക് ജീവനായിരുന്നു.എല്ലാ ദിവസവും വൈകിട്ട്മക്കളുടെ തലയില്‍ തൊട്ട് നാളെ മുതല്‍ കുടിക്കത്തില്ലന്ന് ഭാര്യയോട് അയാള്‍ സത്യംചെയ്യുമായിരുന്നു.ഒരിക്കല്‍ പോലും അയാള്‍ അത് പാലിച്ചില്ല.കുടിക്കാതിരിക്കുന്ന സമയത്ത് അയാള്‍ മക്കള്‍ക്ക് മഹാന്മാരുടെ കഥകള്‍ പറഞ്ഞു കൊടുക്കും.ആ മഹാന്മാരുടെ കാല്‍പ്പാടു കള്‍പിന്‍‌തുടര്‍ന്ന് ജീവിച്ചാല്‍ വലിയ നിലയിലെത്താമെന്ന് അയാള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു.ഒരു ദിവസം അയാള്‍ വീട്ടില്‍ നിന്നിറങ്ങി ഷാപ്പിലേക്ക് നടന്നു.ഷാപ്പില്‍ചെന്നിരുന്ന് അയാള്‍ മദ്യം ഗ്ലാസിലേക്ക് ഒഴിച്ചു.ഗ്ലാസ് ചുണ്ടിനോടയാള്‍ അടുപ്പിച്ചു.തന്റെ മുന്നില്‍ വന്നുനിന്ന രൂപത്തെയയാള്‍നോക്കി.തന്റെ മകന്‍.ഞാന്‍ ഇന്നുമുതല്‍ അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്‍‌തുടരാന്‍ തീരുമാനിച്ചു.അവന്‍അയാളോട് പറഞ്ഞു.അയാളുടെ കൈയ്യില്‍ നിന്ന് ഗ്ലാസ് വഴുതി.അയാള്‍ ഷാപ്പില്‍ നിന്ന് ഇറങ്ങി.പിന്നീടൊരിക്കലും അയാള്‍ അവിടേക്ക് വന്നില്ല.

ആമയുടെ ഓട്ടം

കാട്ടില്‍ നടന്ന ഓട്ടമത്സരത്തില്‍ ആമ ഒന്നാമതെത്തി.എല്ലാവരും ആമയെ പ്രശംസിച്ചു.ഒന്നാം സ്ഥാനം നേടിയതിന് ആമയ്ക്ക് ആമനാട്ടിലെ ആമരാജാവ് രണ്ടുലക്ഷം രൂപപ്രഖ്യാപിച്ചു.തന്റെ തോല്‍‌വി മുയലിന് വിശ്വസിക്കാന്‍ സാധിച്ചില്ല.ഓട്ടത്തിനിടയ്ക്ക് കിടന്നുറങ്ങിയതുകൊണ്ടാണ് മുയല്‍ തോറ്റതെന്ന് ചാനലുകാര്‍ വാര്‍ത്ത കൊടുത്തു.മുയലിന്റെ തോല്‍‌വിയെക്കുറിച്ച് വാര്‍ത്തയില്‍ ചര്‍ച്ച് ചെയ്ത് ചാനലുകാര്‍ വാര്‍ത്തയുടെ സമയം തികച്ചു.കോഴ വാങ്ങിച്ച്മുയല്‍ തോറ്റുകൊടുക്കുകയായിരുന്നു വെന്ന് ചിലര്‍ ആരോപിച്ചു. ദിവസവും അഞ്ചു ഗ്ലാസ് ദീപംചായ കുടിക്കുന്നതാണ് തന്റെ വിജയ രഹസ്യം എന്ന് ആമ പറഞ്ഞു. ഉത്തേജക മരുന്ന് പരിശോധനഫലം വന്നപ്പോള്‍ ആ‌മ പിടിയിലായത് ചാനലില്‍ വാര്‍ത്തയായില്ല. കാരണം ചാനലുകാര്‍ക്ക് മുയലിന്റെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യണമായിരുന്നു.

Wednesday, October 17, 2007

പൂക്കാതെ കൊഴിയുന്ന മൊട്ടുകള്‍

അവള്‍ക്ക് അയാളോട് ഉള്ളില്‍ പ്രണയമുണ്ടായിരുന്നു.അവളത് അവനോട് പറഞ്ഞില്ല. തന്നെക്കുറിച്ച വനെന്തു വിചാരിക്കും എന്നവള്‍ പേടിച്ചു.അവനും അവളോടുള്ള തന്റെ പ്രണയം പറഞ്ഞില്ല. അവള്‍ക്ക് തന്നോട് പ്രണയമില്ലങ്കിലോ? കാണുമ്പോഴെല്ലാം അവര്‍ പരസ്പരം ചിരിച്ചു.അവളുടെ വിവാഹം നിശ്ചയിച്ചു.വിവാഹം കഴിഞ്ഞ് അവള്‍ ഭര്‍ത്താവിനോടൊത്ത് യാത്രയായി.അപ്പോഴും അവര്‍ പരസ്പരം ചിരിച്ചു.അവന്റെകണ്ണുകള്‍ നിറയുന്നതവള്‍ കണ്ടു.അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത വനും കണ്ടു.

സ്ത്രിധനം

അവളെ വിവാഹം കഴിക്കാന്‍‌വേണ്ടി പത്തുലക്ഷം‌രൂപയും അമ്പതുപവനുമാണ് അയാളുടെ അമ്മ അവളുടെ അച്ഛനോട് ചോദിച്ചത്.അവന്‍ അവളെവിവാഹം കഴിച്ചു.അവളും അമ്മായമ്മയും ശത്രുരാജ്യ ങ്ങളെപോലെ പടവെട്ടി.അയാള്‍ ഇടപെട്ട് പലപ്പോഴും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും അതെല്ലാം ലംഘിക്കപ്പെട്ടു.തനിക്കൊരിക്കലും അമ്മായമ്മയോട് യോജിക്കാന്‍ പറ്റത്തില്ലന്ന് അവള്‍ക്ക് ബോധ്യമായി.അവനുമവളും വീട് വിട്ടറങ്ങി.പെറ്റവയറിന്റെ വിലപറഞ്ഞ് അവനെ മാത്രം തിരിച്ചുകൊ ണ്ടുവരുവാന്‍ അയാളുടെ അമ്മ ശ്രമിച്ചു.‘പത്തുലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയ‘ അയാളെ ഒരിക്കലും തിരിച്ചു കൊടുക്കത്തില്ലന്ന് അവള്‍ പറഞ്ഞു.

കൊതുക്

പണ്ട് കൊതുകുകളും പച്ചവെള്ളമായിരുന്നു കുടിച്ചിരുന്നത്.ഇത്തിരിപ്പോന്ന തന്നെ ആര്‍ക്കും ഒരു ബഹുമാനവും ഇല്ലന്ന് കൊതുകിന് തോന്നി.മനുഷ്യന്മാര്‍ക്ക്തന്നെ ഒരു പേടിയും ഇല്ല.പേടിയുണ്ടങ്കില്‍ താനേ ബഹുമാനം വരും.കൊതുക് ദൈവത്തിന്റെ അടുത്ത് പരാതിയുമായി ചെന്നു.പച്ചവെള്ളം കുടി ച്ച്മടുത്തുവെന്നും മനുഷ്യന്റെ ചോര കുടിക്കാന്‍ അനുവദിക്കണമെന്നും കൊതുക് ദൈവത്തോട് അപേക്ഷിച്ചു. കൊതുക് ഒരു മണ്ടനും,ദുര്‍വാസിക്കാരനും,അഹങ്കാരിയുമാണന്ന് ദൈവത്തിനറി യാമായിരുന്നു.കൊതുക് ദൈവത്തെ അലട്ടികൊണ്ടിരുന്നു.
“ചോരകുടിച്ചാല്‍ ചിലപ്പോള്‍ മരിച്ചുവീഴും”ദൈവം പറഞ്ഞു..താന്‍ ചോരകുടിച്ചാല്‍ മനുഷ്യര്‍ മരിച്ചു വീഴുമെന്നാണ് കൊതുക് കരുതിയത്.കാര്യങ്ങള്‍ ശരിക്ക്ദൈവത്തോട് ചോദിച്ചതും ഇല്ല.
”മരിച്ചു വീഴുന്നതുകൊണ്ട് എനിക്കുകുഴപ്പ്മൊന്നുമില്ല”കൊതുക് പറഞ്ഞു.
“എങ്കില്‍ ശരി... നിന്നെ മനുഷ്യന്റെ ചോര കുടിക്കാന്‍ അനുവദിച്ചിരിക്കുന്നു ”ദൈവം പറഞ്ഞു. അനുമതികിട്ടിയിട്ടും കൊതുക് അവിടെതന്നെ താളം തുള്ളിനിന്നു.
“എന്താ പോകുന്നില്ലേ?” ദൈവം ചോദിച്ചു.
“ദൈവമേ ഒരു കാര്യം കൂടി അങ്ങ് എനിക്ക് ചെയ്തു തരണം... എന്നെ മനുഷ്യര്‍ക്ക് പേടിയുണ്ടാ വണമെങ്കില്‍ പറക്കുമ്പോള്‍ എനിക്കൊരു ശബ്ദ്ദവും കൂടി തരണം“
“ചിലപ്പോള്‍ മരിച്ചുവീഴും“ദൈവം പറഞ്ഞു.
താന്‍ പറക്കുന്ന ശബ്ദ്ദം കേട്ട് മനുഷ്യര്‍ മരിച്ചുവീഴുമെന്നാണ് കൊതുക് കരുതിയത്.
”മരിച്ചു വീഴുന്നതുകൊണ്ട് എനിക്കുകുഴപ്പ്മൊന്നുമില്ല”കൊതുക് പറഞ്ഞു.
“എങ്കില്‍ ശരി... പറക്കുമ്പോള്‍ നിനക്ക് ശബ്ദ്ദം ഉണ്ടാകും ”ദൈവം പറഞ്ഞു.
കൊതുക് മനുഷ്യന്റെ ചോരകുടിക്കാനായി പറന്നു.പറക്കുന്ന ശബ്ദ്ദം കേട്ട് മനുഷ്യര്‍ കൊതുകിനെ കൊല്ലാനും തുടങ്ങി.

എസ്സ്.എം.എസ്സി.ല്‍ വിജയിക്കുന്നവര്‍

കഴിഞ്ഞകാലമത്രയുമയാളുടെ മകനായിരുന്നു ക്ലാസിലെ ഒന്നാം സ്ഥാനം.അതിന് അയാളുടെ മകന് സ്കൂള്‍ വാര്‍ഷികത്തിന് സമ്മാനവും ലഭിക്കുമായിരുന്നു.എന്നാല്‍ഈ വര്‍ഷം അയാളുടെ മകന് എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്ക് ലഭിച്ചിട്ടും സമ്മാനം ലഭിച്ചില്ല.അയാള്‍ സ്കൂളില്‍ അന്വേഷി ച്ചെത്തി. പരീക്ഷയില്‍എല്ലാവിഷയത്തിനും മുഴുവന്‍ മാര്‍ക്കും ലഭിച്ചതുകൊണ്ട് ഒന്നാം സ്ഥാനം ലഭിക്കത്തില്ലന്ന് ടീച്ചര്‍മാര്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ sms വോട്ട് ലഭിക്കുന്നവര്‍ക്കാണത്രെ ഒന്നാം സ്ഥാനം ലഭിക്കുന്നത്. അതയാള്‍ക്ക് പുതിയ അറിവായിരുന്നു. കൂലിപ്പണിക്കാരനായ അയാള്‍ക്ക് മൊബൈല്‍ ഇല്ലായിരുന്നു.

കുടുംബബിസ്‌നസ്സ്

അയാളുടെ കുടുംബം പണ്ടുമുതലേ ‘ബ്ലേഡ് കമ്പിനി’ നടത്തിപ്പുകാരായിരുന്നു.എന്നാല്‍ അയാളുടെ മകന് അതില്‍ താല്പര്യം ഇല്ലായിരുന്നു.മകനൊരുആശുപത്രി പണിയാന്‍ തുടങ്ങിയപ്പോള്‍,മകന്‍ കുടുംബത്തിന്റെ ബിസ്‌നസ്സ് പാരമ്പര്യം നഷ്ടപ്പെടുത്തുന്നതില്‍ അയാള്‍ ദു:ഖിച്ചു.“ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും”എന്ന് മകന്‍ പറഞ്ഞതയാള്‍ക്ക് മനസ്സിലായില്ല.ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അയാളുടെ ദു:ഖം മാറി.മകന്റെ ബിസ്‌നസ്സുംതങ്ങളുടെ കുടുംബബിസ്‌നസ്സും ഒന്നുതന്നെയാണല്ലോ?“ആളുകളെ അറക്കല്‍”!!!!!!!!!

ചെരുപ്പും പ്രാര്‍ത്ഥനയും

അയാളെന്നും പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ പോകും.മിനിട്ടുകളോളം അയാള്‍ പ്രാര്‍ത്ഥിക്കും.വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചിട്ടും അയാളുടെ പ്രാര്‍ത്ഥന്അ ഫലവത്തായില്ല.അയാള്‍ ദൈവത്തെ തേടിയെത്തി.ദൈവത്തോട് അയാള്‍ ചൂടായി.ദൈവം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,“ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടിട്ടുണ്ടല്ലോ?”അയാളത് സമ്മതിച്ചില്ല.അയാളെന്തായിരുന്നു പ്രാര്‍ത്ഥിക്കുന്നതെന്ന് ദൈവം ചോദിച്ചു.താനെന്നും പ്രാര്‍ത്ഥിക്കുന്നതെന്താണന്ന് അയാള്‍ പറഞ്ഞു.ദൈവം അവനോട് പറഞ്ഞു.”നീയെന്നുംചെരുപ്പ് അഴിച്ച് വെച്ചിട്ട് പള്ളിയില്‍ കയറുന്നുടനെ പ്രാര്‍ത്ഥിക്കും”ദൈവമേ എന്റെ ചെരുപ്പ് ആരും എടുത്തോണ്ട് പോകാതെ കാത്തുകൊള്ളേണമേ എന്ന്.അതുകേള്‍ക്കുന്നുടനെ ഞാന്‍ നിന്റെ ചെരുപ്പിന് കാവല്‍ നില്‍ക്കാന്‍ പോകും... പിന്നെ നീ എന്തൊക്കെയാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് ഞാനെങ്ങനെ കേള്‍ക്കാനാണ് ”

പരസ്യം

റപ്പായിച്ചേട്ടന്‍ മരിച്ചു.ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പോയി.സ്വര്‍ഗ്ഗത്തിന്റെ വാതിക്കല്‍ പത്രോസ് കണക്കുപുസ്ത്കവും തുറന്നിരുപ്പുണ്ട്.പത്രോസ്‌ശ്ലീഹറപ്പായിച്ചേട്ടന്റെ പേജ് എടുത്തുനോക്കി.നന്മയും തിന്മയും ഒരേപോലെയാണ്.വേണമെങ്കില്‍ റപ്പായിച്ചേട്ടനെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റാം അല്ലങ്കില്‍ന രഗത്തിലേക്ക് ഇടാം.അവസാനം പത്രോസ്‌ശ്ലീഹ ഒരു തീരുമാനം എടുത്തു.റപ്പായിച്ചേട്ടന് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തുകൊള്ളാന്‍ പത്രോസ്‌ശ്ലീഹപറഞ്ഞു.
റപ്പായിച്ചേട്ടന്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കി .അവിടെ ആകെ നിശ്ശബ്ദ്ദതയാണ്.നരകത്തിലേക്ക് നോക്കിയപ്പോള്‍ റപ്പായിച്ചേട്ടന്‍ ഹാപ്പിയായി.നരകത്തില്‍ കുറച്ചുപേരിരുന്ന് ചീട്ട് കളിക്കുന്നു. കുറച്ചുപേരിരുന്ന് ചീടുകളിക്കുന്നു.
”എനിക്ക് നരകം മതി” റപ്പായിച്ചേട്ടന്‍ പറഞ്ഞു.
”പിന്നീട് ദു:ഖിക്കാന്‍ഇടവരരുത്...ശരിക്ക് ആലോചിച്ചിട്ടാണോ നരകം മതിയെന്ന് പറഞ്ഞത് ” പത്രോസ്‌ശ്ലീഹ ചോദിച്ചു.
”അതെ”റപ്പായിച്ചേട്ടന്‍ പറഞ്ഞു.
നരകത്തില്‍ ചെന്ന റപ്പായിച്ചേട്ടനെ അവരെടുത്ത് തിളച്ചയെണ്ണയില്‍ എടുത്തിട്ടു.എണ്ണയില്‍ കിടന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ പത്രോസ്‌ശ്ലീഹായെകണ്ടു.റപ്പായിച്ചേട്ടന്‍ വിളിച്ചു പറഞ്ഞു.
”എടാ പത്രോസേ എന്നോടീ കോപ്പിലെ പണികാണിക്കല്ലായിരുന്നു” നരകത്തില്‍ ചെന്ന റപ്പായിച്ചേട്ടനെ എണ്ണയ്ക്കകത്തിട്ട് ഇളക്കുന്ന ഒരു കുട്ടിപിശാച് റപ്പായിചേട്ടനോട് പറഞ്ഞു.
”എന്റെ റപ്പായിച്ചേട്ടാ പത്രോസിനെ കുറ്റം പറഞ്ഞിട്ട്ഒരു കാര്യവും ഇല്ല.നിങ്ങള്‍ മുകളില്‍നിന്ന് നോക്കിയപ്പോള്‍ കണ്ടത് നരകത്തിന്റെ പരസ്യമാ... പരസ്യത്തിനു താഴെ ‘conditions apply ‘ എന്നു എഴുതി വച്ചിരുന്നത് നിങ്ങളെന്താ വായിക്കാതിരുന്നത്”

ജനസേവകന്‍

ഏറ്റവും മികച്ച ജനസേവകനുള്ള അവാര്‍ഡ് അയാള്‍ക്കായിരുന്നു.ആ അവാര്‍ഡ് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭിക്കുകയില്ലായിരുന്നു.കാരണം ആഅവാര്‍ഡ് ഏര്‍പ്പെടുത്തിയത് തന്നെ അയാളായിരുന്നു. അയാളുടെ അമ്മായിയപ്പ്നും,അളിയന്റെ ചേട്ടനും ,അയാളുടെ ഡ്രൈവറും ആയിരുന്നുഅവാര്‍ഡ് കമ്മറ്റിയംഗങ്ങള്‍.

അവാര്‍ഡുദാന സമ്മേളനത്തില്‍‌വെച്ച് അയാള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.അതിനുശേഷം അയാള്‍ തന്റെ ജനസേവനം അക്കമിട്ട് നിരത്തി.അയാള്‍വളരെ ചെറുപ്പം മുതലേ ജനങ്ങളെ സേവിക്കാന്‍ തുടങ്ങി യതാണത്രെ!!!അയാള്‍ തന്റെ ആദ്യ സേവനത്തെക്കുറിച്ച് വിവരിച്ചു.അഞ്ചാം വയസ്സില്‍ ഇഡലി തിന്നുകൊണ്ടിരുന്ന അയാളുടെ മുന്നിലേക്ക് അന്ധനായ ഭിക്ഷക്കാരന്‍ പിച്ചച്ചട്ടിയുമായി വന്നപ്പോള്‍ പിച്ചക്കാരന് രണ്ട്ഇഡലി കൊടുത്തുകൊണ്ടാണത്രെ അയാള്‍ തന്റെ ജനസേവനം തുടങ്ങിയത്. ഇഡലി കൊടുത്തിട്ട് പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ നിന്ന് പണംകൈയ്യിട്ട് വാരിയത് അയാള്‍ പറഞ്ഞില്ല.

Sunday, October 14, 2007

സംശയം

നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന് അയാളായിരുന്നു പാഠങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നത്.അന്നും അയാള്‍ പതിവുപോലെ മകന് പാഠങ്ങള്‍ പറഞ്ഞു കൊടുത്തു.മഴയെക്കുറിച്ചായിരുന്നുഅയാള്‍ പറഞ്ഞു കൊടുത്തത്.സമുദ്രത്തിലെ വെള്ളം സൂര്യപ്രകാശമേറ്റ് നീരാവിയായി പൊങ്ങിഅകാശത്തുവെച്ച് തണുത്താണ് മഴയുണ്ടാകുന്നത്.അയാള്‍ പഠിപ്പിച്ചത് അവന്‍ ശ്രദ്ധയോടെകേട്ടു.കുറച്ചു കഴിഞ്ഞിട്ടവന്‍ ചോദിച്ചു.
“അച്ഛാ,ഡിസം‌ബര്‍ തൊട്ട് മേയ് വരെ എന്താ മഴ പെയ്യാത്തത് ?”
“അത് മഴക്കാലമല്ലാത്തതുകൊണ്ട് “ അയാള്‍ പറഞ്ഞു.
“ഡിസം‌ബര്‍ തൊട്ട് മേയ് വരെ കടലിന്റെ മണ്ടയ്ക്ക് സൂര്യനില്ലേ?”അവന്‍ ചോദിച്ചു. “ഉണ്ടല്ലോ”
“പിന്നെന്താ അന്നൊന്നും കടലിലെ വെള്ളം നീരാവിയായി പൊങ്ങി മഴ പെയ്യാത്തത് ?” അയാള്‍ക്കതിന്റെ ഉത്തരം അറിയത്തില്ലായിരുന്നു.അപ്പോഴാണ് അയാളും അതിനെക്കുറിച്ച്ചിന്തിച്ചത്. “എന്തുകൊണ്ടായിരിക്കും ഡിസം‌ബര്‍ തൊട്ട് മേയ് വരെ മഴ പെയ്യാത്തത് ?????”

മരം വെട്ടുകാരന്‍

വനദേവത സമ്മാനിച്ച സ്വര്‍ണ്ണ,വെള്ളി, കോടാലികളുമായി അയാള്‍ വീട്ടിലെത്തി.നടന്നതെല്ലാം ഭാര്യയോട് പറഞ്ഞു.മരം വെട്ടിക്കൊണ്ടിരുന്നപ്പോള്‍ മഴു വെള്ളത്തില്‍വീണതും വനദേവത പ്രത്യക്ഷ പ്പെട്ടതും കോടാലിയെടുത്തു തന്നതും എല്ലാം ഒരണുവിടതെറ്റാതെ പറഞ്ഞു കേള്‍പ്പിച്ചു.എല്ലാം കേട്ടിട്ട് അവള്‍ പറഞ്ഞു.”നിങ്ങളൊരുമണ്ടനാ.. വനദേവതയുടെ കയ്യില്‍ വജ്രത്തിന്റെ കോടാലിയൊക്കെ കാണുമായിരുന്നു.അതൂടെ എങ്ങനെയെങ്കിലും വാങ്ങേണ്ടതായിരുന്നു.”

രണ്ടുദിവസം കഴിഞ്ഞിട്ടും അവളുടെ കുറ്റപ്പെടുത്തല്‍ കഴിഞ്ഞില്ല.തങ്ങളുടെ വീട്ടിലെഏറ്റവും ഭാരമുള്ള വസ്തു പുഴയില്‍ കൊണ്ടിട്ട് അത് എടുത്തു തരാന്‍ വനദേവതയോട്പറയാന്‍ അവള്‍ അവനെ നിര്‍ബന്ധിച്ചു.അവരുടെ വീട്ടിലെ ഏറ്റവും ഭാരമുള്ളത്അവളായിരുന്നു.അവളും അയാളും പുഴക്കരയില്‍ എത്തി.അവള്‍ പുഴയിലേക്ക് ഒരൊറ്റചാട്ടം.അയാളുടെ കരച്ചില്‍ കേട്ട് വനദേവത പ്രത്യക്ഷപ്പെട്ടു.തന്റെ ഭാര്യ വെള്ളത്തില്‍വീണെന്ന് അയാള്‍ പറഞ്ഞു.

വനദേവത വെള്ളത്തില്‍ നിന്ന് ഒരു സ്വര്‍ണ്ണ സ്ത്രിയെ കൊണ്ടുവന്നു.അത് തന്റെ ഭാര്യഅല്ലന്ന് അയാള്‍ പറഞ്ഞു.വനദേവത പിന്നീട് ഒരു വെള്ളി സ്ത്രിയെ കൊണ്ടുവന്നുകൊടുത്തു.ഇതല്ല തന്റെ ഭാര്യയെന്ന് അയാള്‍ പറഞ്ഞു, ഇതെല്ലാം അയാളുടെ ഭാര്യ കാണുന്നുണ്ടായിരുന്നു.അവള്‍ വെള്ളത്തില്‍താഴാതെ കിടക്കുകയായിരുന്നു.അവസാനം വനദേവത അവളെ അയാളുടെ മുന്നില്‍കൊണ്ടുവന്നു.
“ഇതാണോ നിങ്ങളുടെ ഭാര്യ ?”
“അല്ല...” അയാള്‍ പറഞ്ഞു.അത് കേട്ടവള്‍ ഞെട്ടി.
“ഞാനാണ് നിങ്ങളുടെ ഭാര്യ”അവള്‍ പറഞ്ഞത് അയാള്‍ കേട്ടതായി ഭാവിച്ചില്ല.അയാള്‍ സ്വര്‍ണ്ണ സ്ത്രിയെയും,വെള്ളി സ്ത്രിയെയും വനദേവതയ്ക്ക് തിരിച്ചു നല്‍കിട്ട് പറഞ്ഞു
“വനദേവതയുടെ കയ്യിലിരിക്കുന്നതു തന്നെയാണ് എന്റെ ഭാര്യ.പക്ഷേ എനിക്കവളെവേണ്ട... എനിക്ക് സമാധാനത്തൊടെ ജീവിക്കണം”
അയാള്‍ സ്വര്‍ണ്ണ,വെള്ളി കോടാലികള്‍ തിരിച്ചു നല്‍കി ഇരുമ്പു കോടാലിയുമായി തിരിച്ചു നടന്നു.

ഉപദേശി

പല ജോലികള്‍ ചെയ്തിട്ടും രക്ഷപെടാഞ്ഞിട്ടാണ് അയാള്‍ വാറ്റ് തുടങ്ങിയത്.വീട്ടിലിരുന്നു വാറ്റ് നടത്താനാവാത്തതുകൊണ്ട് അയാള്‍ ആറ്റരികിലേക്ക് തന്റെ വാറ്റ് പ്ലാന്റ് മാറ്റിസ്ഥാപിച്ചു. വാറ്റികുപ്പിയിലാക്കി ആറ്റില്‍ മുക്കിയിട്ടു.ആവിശ്യക്കാര്‍ വരുമ്പോള്‍ മുങ്ങിയെടുത്തുകൊടുത്തു.ആറ്റില്‍ മുങ്ങിയപ്പോള്‍ അടിത്തട്ടിലെ മണലയാള്‍ കണ്ടു.അന്നുമുതല്‍അയാള്‍ മണല്‍ വാരലും തുടങ്ങി.
ഒരു ദിവസം വാറ്റികൊണ്ടിരുന്ന അയാളെ പോലീസ് പിടിച്ചു.ജയിലില്‍ നിന്ന് തിരിച്ചുവന്ന അയാള്‍ ഉപദേശിയായി.വാറ്റിനേക്കാള്‍ ലാഭമുള്ള പണിയാണ് ഇതെന്ന് അയാള്‍ക്ക്മനസ്സിലായി.തനിക്ക് എന്തേ നേരത്തെ ഈ ബുദ്ധി തോന്നിയില്ലന്ന് അയാള്‍ ചിന്തിച്ചു.

സ്തനസൌന്ദര്യം

ഇന്നവരുടെ കല്യാണരാത്രിയാണ്. “നമുക്ക് കുട്ടികള്‍ വേണ്ട”അവള്‍ അയാളോട് പറഞ്ഞു. വിലയ്‌ ക്കെടുക്കപ്പെട്ട അയാള്‍ തിരിച്ചൊന്നും പറഞ്ഞില്ല.എപ്പോഴും ‘രോഗിഇച്ഛിക്കുന്നതും വൈദ്യന്‍ കല്പിക്കു ന്നതും പാല് ‘ ആകത്തില്ലല്ലോ?താന്‍ ഗര്‍ഭിണിയാണന്നറിഞ്ഞ അവള്‍ അയാളോട് പൊട്ടിത്തെറിച്ചു. ഭ്രൂണഹത്യ പാപമാണന്ന് അവരുടെ മതംഅനുശാസിച്ചെങ്കിലും അവളതിന് ശ്രമിച്ചു.പക്ഷേ ദൈവം കനിഞ്ഞില്ല.

കുഞ്ഞ് ജനിച്ചു.അവള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ല.കുഞ്ഞിനെ മുലയൂട്ടിയാല്‍സ്തനസൌന്ദര്യം നശിക്കുമത്രേ!!കുഞ്ഞ് വിശന്ന് കരയുമ്പോഴെല്ലാം തന്റെ മാറിടംതുടിച്ചുവെങ്കിലും അവള്‍ കുഞ്ഞിന്റെ ഇളം ചുണ്ടിലേക്ക് കുപ്പിപ്പാല്‍ കമഴ്‌ത്തി.അമ്മയുടെമാറിടത്തിന്റെ ചൂട് ഏല്‍ക്കാതെ ആ കുഞ്ഞ് വളര്‍ന്നു.

ഒരു ദിവസം അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.ഇടത്തെ മാറിടത്തിന് വല്ലാത്തഒരു വേദന. വേദനയുടെ ദിനങ്ങള്‍..ആര്‍.സി.സി.യുടെ കീമോതെറാപ്പി റൂമിനു മുന്നില്‍അവള്‍ തന്റെ ഊഴത്തിനായി കാത്തിരുന്നു.അവളുടെ ഇടത്തെ മാറിടം നീക്കം ചെയ്യാന്‍ഡോക്ടര്‍മാര്‍ തീരുമാനിച്ചു.ചികിത്സകള്‍ കഴിഞ്ഞവള്‍ വീട്ടിലെത്തി.

അവളുടെ കുഞ്ഞിന്ന് വിശന്ന് കരയാറില്ല.വിശക്കുമ്പോള്‍ അവന്‍ തനിയെ തന്റെപാല്‍ക്കുപ്പി ചുണ്ടോട് ചേര്‍ക്കും.

മഴ

വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം അയാളില്‍ മടുപ്പ് സൃഷ്ടിച്ചു.ഉയര്‍ന്ന കോണ്‍ക്രീറ്റ്കാടുകളിലെ എസിയുടെ കൃത്രിമമായ തണുപ്പ് അയാളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍തുടങ്ങി.നാട്ടിലേക്ക് മടങ്ങാന്‍ അയാള്‍ തീരുമാനിച്ചു.ഇലച്ചാര്‍ത്തുകളിലൂടെ പെയ്തിറങ്ങുന്നമഴ അയാള്‍ സ്വപ്‌നം കണ്ടു.മഴ നനഞ്ഞ് സ്കൂളില്‍ പോയതും,നിറഞ്ഞൊഴുകുന്നപുഴയില്‍ ഇഴത്തോര്‍ത്തുകൊണ്ട് ഊത്തപിടച്ചതും എല്ലാം അയാളുടെ മനസ്സില്‍തെളിഞ്ഞു.എത്രയും പെട്ടന്ന് നാട്ടിലെത്താന്‍ അയാള്‍ കൊതിച്ചു.

കോരിച്ചൊഴിയുന്ന മഴയത്തയാള്‍ നാട്ടിലെത്തി.അയാള്‍ മഴയിലേക്കിറങ്ങി.മഴ നൂലുകള്‍അയാളെ പൊതിഞ്ഞു.”ഈ നശിച്ച മഴ ഇനി എന്നാ തീരുന്നത്”ആരോ പറയുന്നതയാള്‍കേട്ടു.

Friday, October 12, 2007

കലപ്പ

അയാളൊരു കൃഷിക്കാരനായിരുന്നു.പാടത്ത് പകലന്തിയോളം പണിയെടുത്തയാള്‍ മക്കളെ പഠിപ്പിച്ചു. മക്കളെല്ലാം ഉയര്‍ന്ന നിലയിലെത്തി.തങ്ങളുടെ അച്ഛന്‍ പാടത്ത് പണിയെടുക്കുന്നത് അവര്‍ക്ക് നാണക്കേടായിരുന്നു.മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ നെല്‍പ്പാടങ്ങളും, പൂട്ടുകാളകളേയും വിറ്റു.കലപ്പ വില്‍ക്കാന്‍ അയാള്‍ സമ്മതിച്ചില്ല.അതയാളുടെ മുതുമുത്തച്ഛന്മാര്‍ ഉപയോഗിച്ച കലപ്പയായിരുന്നു. അയാളുടെ സമ്മതമില്ലാതെ അയാളുടെ മക്കള്‍ ആയിരം രൂപയ്ക്ക് കലപ്പ വിറ്റു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് അയാളുടെ കൊച്ചുമകന്‍ വലിയ ഒരു വീടു പണിതു.വീട് അലങ്കരിക്കാന്‍ അവന്‍ പുരാണ വസ്തുക്കള്‍ തേടിയിറങ്ങി.വീടിന്റെ പടിക്കല്‍ സ്ഥാപിക്കാന്‍ പത്തുലക്ഷം രൂപ കൊടുത്തവന്‍ ഒരു കലപ്പ വാങ്ങി.കൊച്ചുമകന്‍ കൊണ്ടുവന്ന കലപ്പയിലേക്കയാള്‍ നോക്കി.കലപ്പയുടെ പിടിയില്‍ അയാളുടെ കൈപ്പാടുകള്‍ മായാതെ കിടപ്പുണ്ടായിരുന്നു.

സിനിമാ നടി

മലയാളത്തിന്റെ ഇട്ടാവട്ടത്തില്‍ നിന്ന് അവള്‍ പുറത്ത് കടന്നു.അവള്‍ക്ക് ഒരു വലിയ നടിയാവണമാ യിരുന്നു. തമിഴിലും തെലുങ്കിലും ആളുകള്‍ അവളുടെ പടം കാണാന്‍ ആളുകള്‍ ഇടിച്ചു കയറി. നായകന്‍ തന്റെ ചുണ്ട്കടിക്കുന്ന ഫ്ലക്സുകള്‍ ഗ്രാമങ്ങളില്‍ പോലും നിറയുന്നത് കണ്ട് അവള്‍ പുളകം കൊണ്ടു.

പുതിയ നായികമാരുടെ തള്ളിക്കയറ്റത്തില്‍ താന്‍ പിന്തള്ളപ്പെടുന്നതായി അവള്‍ക്കു തോന്നി. ക്യാമറയ്ക്ക്പിന്നിലും മുന്നിലും അവള്‍ അഭിനയിച്ചു.ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാനായി അവള്‍ തന്റെ ശരീരത്തിലെവസ്ത്രങ്ങളുടെ അളവ് കുറയ്ക്കാന്‍ തുടങ്ങി.എന്നിട്ടും ആളുകള്‍ക്ക് അവളെ മടുത്തു. അവസാനം ജീവിതത്തില്‍പിടിച്ചുനില്‍ക്കാനാവാതെ അവള്‍ ഒരു മുഴം കയറില്‍ ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് പിടിച്ചു കയറി.

ഒന്നാം റാങ്കുകാരന്‍

അയാളുടെ അച്ഛന്‍ ഒരു ഗാന്ധിയനായിരുന്നു.അച്ഛന്‍ അയാളെ ഗാന്ധിയന്‍ തത്വങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് അയാള്‍ഗാന്ധിജിയുടെ പേരിലുള്ള സര്‍വകലാശാലയിലെ ഗാന്ധിയന്‍ തോട്സ് ഓഫ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്.

ഒന്നാം റാങ്കോടെ അയാള്‍ പഠനം പൂര്‍ത്തിയാക്കി.ഒരു ജോലിക്കായി അന്വേഷ്ണം ആരംഭിച്ചു.അങ്ങനെ അയാള്‍ ഗാന്ധിയന്‍ദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നടത്ത് അഭിമുഖത്തിന് എത്തി.അഭിമുഖത്തില്‍ വിജയി ച്ചെങ്കിലും അഭിമുഖം നടത്തിയവര്‍തൃപ്‌തരായില്ല.അവര്‍ക്ക് ഗാന്ധിയന്‍ തത്വങ്ങള്‍ മാത്രം പോരായി രുന്നു.;ഗാന്ധിതലയും വേണമായിരുന്നു.

അയാള്‍ അന്വേഷ്ണം തുടര്‍ന്നു. ഗാന്ധിയന്‍ തത്വങ്ങള്‍ പഠിച്ച അയാളെ ആരും ജോലിക്കെടുത്തില്ല. ഗാന്ധിയന്‍ തത്വങ്ങള്‍ക്ക്വിലയില്ലന്നയാള്‍ക്ക് മനസ്സിലായി.അവസാനം അയാള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു.അയാള്‍ രാഷ്ട്രീയ പടവുകള്‍ഓരോന്നായി ചവിട്ടിക്കയറി.അതിനയാള്‍ക്ക് ഗാന്ധിതലയുടെ പിന്‍ബലം ഉണ്ടായിരുന്നു.

Monday, October 8, 2007

ഒളിച്ചോട്ടം

ഇരുട്ടിന്റെ മറപറ്റി അവര്‍ ഒളിച്ചോടി.അവളുടെ കല്യാണം ഉറച്ച മട്ടായിരുന്നു.അതുകൊണ്ടാണല്ലോ അവര്‍ ഒളിച്ചോടിയത്.ഏതായാലും പിറ്റേന്ന് രാവിലെതന്നെ അവള്‍വീട്ടിലേക്ക് ഫോണ്‍ ചെയ്തു.താന്‍ അയാളുടെകൂടെയുണ്ടന്നും വിവാഹം കഴിഞ്ഞന്നുംഅറിയിച്ചു.“ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയതില്‍ എന്താണ് തെറ്റ്”അവള്‍ എല്ലാവരോടും ചോദിച്ചു.

അവളുടെ അച്ഛന്റെയും അമ്മയുടേയും കണ്ണീര്‍ തോര്‍ന്നില്ല.അവള്‍ക്കൊരു പെണ്‍കുഞ്ഞ്ജനിച്ചന്ന റിഞ്ഞപ്പോള്‍ അവര്‍ എല്ലാം മറന്ന് ഓടിയെത്തി.കുഞ്ഞ് വളര്‍ന്നു.തന്റെമകളുടെ വിവാഹം അവള്‍ സ്വപ്നം കണ്ടു.ഒരു ദിവസം കോളേജില്‍ പോയ മകള്‍തിരിച്ചു വന്നില്ല.കണ്ണീരുമായി കാത്തിരുന്ന അവള്‍ക്ക് ഫോണ്‍ വന്നു.അതവളുടെമകള്‍ ആയിരുന്നു.”എന്റെ കല്യാണം കഴിഞ്ഞു” മകള്‍ ഫോണ്‍ വെച്ചു.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.അപ്പോളവള്‍ക്ക് ഒരമ്മയുടെ ദു:ഖം മനസ്സിലായി.

കുഴിവെട്ടുകാരന്‍

അയാള്‍ പള്ളിയിലെ കുഴിവെട്ടുകാരനായിരിന്നു.ആയിരിത്തിലധികം പേര്‍ക്ക് കുഴിവെട്ടി ഗിന്നസ്ബു ക്കിലയാള്‍ കയറിക്കൂടി.മാസത്തില്‍ അഞ്ചാറു കുഴിവെട്ട് കിട്ടുന്നതുകൊണ്ട് അല്ലലില്ലാതെ ജീവിക്കാം. എല്ലാവീട്ടുകാര്‍ക്കും അയാളോട് സ്‌നേഹമായിരുന്നു.അയാളാണല്ലോ കുഴിവെട്ടേണ്ടത്.

കുടുംബക്കല്ലറ പണിയാന്‍ പള്ളിക്കാര്‍ തീരുമാനിച്ചു.രണ്ടുമാസം കൊണ്ട് അയാള്‍എല്ലാവീട്ടുകാര്‍ക്കും കുടുംബക്കല്ലറ പണിതു നല്‍കി.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍അയാളുടെ കൈയ്യിലെ പണമെല്ലാം തീര്‍ന്നു. അയാള്‍ക്കു വിശന്നു.അയാള്‍പല വീടുകളുടേയും വാതിക്കല്‍ മുട്ടി.അവരാരും വാതില്‍ തുറന്നില്ല. കാരണം അവര്‍ക്കുള്ളശവക്കുഴികള്‍ പണിതു കഴിഞ്ഞിരുന്നു.

പട്ടിണികൊണ്ടയാള്‍ മരിച്ചു.തനിക്കുള്ള ശവക്കുഴി അയാള്‍ വെട്ടിയിട്ടുണ്ടായിരുന്നില്ല.ശവക്കോട്ടയില്‍ കിടന്ന് അയാളുടെ ‘ശവം’ നാറാന്‍ തുടങ്ങിയപ്പോള്‍ മുന്‍സിപ്പാലിറ്റിക്കാരെത്തി.അവ‌ര്‍ തങ്ങളുടെ ചവറുവണ്ടിയില്‍ അയാളുടെ ശവം കോരിയിട്ടു.പള്ളിമുറ്റത്തെ മണിമാളികയിലെ മണി തനിയെ ‘ചാവുമണി’ അടിക്കാന്‍ തുടങ്ങി.പള്ളിമണിയും അയാളും ദീര്‍ഘകാലത്തെ പരിചയക്കാരായിരുന്നല്ലോ!!!!

വിവാഹ മോചനം:

കുടുംബക്കോടതിയില്‍ നിന്നറിങ്ങിയപ്പോള്‍ അവരുടെ മനസ്സ് ശാന്തമായിരുന്നു.അയാള്‍ അയാളുടെ വീട്ടിലേക്കും അവള്‍ അവളുടെ വീട്ടിലേക്കും പൊയി.ഉറങ്ങാന്‍കിടന്നിട്ടും അയാള്‍ക്കുറക്കം വന്നില്ല. അവള്‍ക്കും അങ്ങനെതന്നെ ആയിരുന്നു.അയാള്‍ഒന്നു ഫോണ്‍ ചെയ്തിരുന്നെങ്കില്‍ എന്നവളാഗ്രഹിച്ചു. അയാളുടെ ആഗ്രഹവും അതുതന്നെആയിരുന്നു.

തോറ്റുകൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു.അയാള്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.എന്‍‌ഗേജഡ് ട്യൂണ്‍.കാരണം അവളും അയാളെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു.

“അവളാരോടോ സല്ലപിക്കുകയാണ്” അയാള്‍ ചിന്തിച്ചു.
“അയാളാരോടൊ കിന്നരിക്കുകയായിരിക്കും” അവള്‍ ചിന്തിച്ചു.

അയാളെ വിളിക്കാനുള്ള ശ്രമം അവള്‍ ഉപേക്ഷിച്ചു.അവള്‍ ഫോണ്‍ നോക്കിയപ്പോള്‍ പത്തു മിസ്ഡ് കോള്‍.അതയാളുടെ നമ്പരായിരുന്നു.അയാളും ഫോണില്‍ നോക്കി.പത്തു മിസ്ഡ് കോള്‍.അതവളുടെ നമ്പരായിരുന്നു.തങ്ങള്‍ക്ക് പിരിയാന്‍ കഴിയത്തില്ലന്നവര്‍ക്ക് മനസ്സിലായി.

കണക്കുകൂട്ടല്‍:

അയാള്‍ക്ക് ജീവിതത്തെക്കുറിച്ചൊരു കണക്കുകൂട്ടലുണ്ടായിരുന്നു.അതനുസരിച്ചയാള്‍ജീവിച്ചു.വിവാഹം കഴിഞ്ഞു.ഉടനെ ഒരു കുഞ്ഞ് ജനിച്ചാല്‍ തന്റെ കണക്കുകൂട്ടല്‍തെറ്റും.രണ്ടുവര്‍ഷം കഴിഞ്ഞിട്ടു മതി കുഞ്ഞ് എന്നയാള്‍ തീരുമാനിച്ചു.അവള്‍ക്കും അത്സമ്മതിക്കേണ്ടി വന്നു.

ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണന്ന് അറിഞ്ഞപ്പോള്‍ മുതല്‍തന്നെ അയാള്‍കണക്കുകൂട്ടല്‍ തുടങ്ങി.കുഞ്ഞ് വളരുന്നതും വിദ്യാഭ്യാസവും വിവാഹവും വരെ അയാള്‍കണക്കുകൂട്ടി.ലേബര്‍ റൂമില്‍നിന്ന് നേഴ്സ് വിളിച്ചപ്പോള്‍ അയാള്‍ കയറിച്ചെന്നു.

തന്റെ ഭാര്യയ്ക്കുചുറ്റും അഞ്ചു കുഞ്ഞുങ്ങള്‍!!!! തന്റെ കണക്കുകൂട്ടല്‍ തെറ്റിയന്നയാള്‍ക്ക്മനസ്സിലായി.

കുടിയന്‍:

അയാളൊരു അംഗീകൃത കുടിയനായിരുന്നു.24 മണിക്കൂറും അയാള്‍ വെള്ളമായിരുന്നു എന്നുപറഞ്ഞാല്‍ ശരിയാവത്തതുകൊണ്ട് ;അയാള്‍ 24 മണിക്കൂറും വെള്ളത്തിലായിരുന്നു. എല്ലാദിവസവും നാലാംകാലില്‍ വീട്ടിലെത്തുന്ന അയാളുടെ പൂരപ്പാട്ട് ലോകപ്രശ്സതമാണ്. അയാളുടെ കുടി നിര്‍ത്താന്‍ ഭാര്യ പല അടവുകളും പയറ്റി.കരഞ്ഞുനോക്കി,ആത്മഹത്യ ഭീക്ഷണി മുഴക്കി, അയാളറിയാതെ ചോറില്‍ മരുന്ന് കൊടുത്തു. നോ രക്ഷ!അവസാനം അയാളെ ധ്യാനകേന്ദ്രത്തില്‍ എത്തിച്ചു.ധ്യാനകേന്ദ്രത്തിലെ ഒരച്ചനുംഅയാളും കൂടെ ധ്യാനകേന്ദ്രത്തില്‍വെച്ച് നാലാംകാലില്‍ പെര്‍ഫോര്‍മന്‍സ്നടത്തിയപ്പോള്‍ രണ്ടുപേരയും അവിടെനിന്ന് പറഞ്ഞുവിട്ടു.

ഒരു ദിവസം അയാള്‍ അന്തിക്കള്ളടിക്കാനായി വെളിയിലേക്കിറങ്ങാന്‍തുടങ്ങുമ്പോള്‍ ഭാര്യ ആടിയാടി വീട്ടിലെക്ക് കയറി വരുന്നു.വന്നപാടെ അവര്‍അയാള്‍ക്കിട്ടൊരു ചവിട്ടു കൊടുത്തു.ഫുട്ബോള്‍ തെറിക്കുന്നതുപോലെ അയാള്‍തെറിച്ചു.അയാള്‍ പേടിച്ചു പോയി.പിന്നീടവിടെ നടന്നത് സാമ്രാജത്യ അധിനിവേശംആയിരുന്നു.ഇത്രയും നാള്‍ അയാള്‍ അവള്‍ക്ക് നല്‍കിയതിന് പലിശയും കൂടുപലിശയും സഹിതം അവള്‍ അയാള്‍ക്ക് തിരിച്ചു നല്‍കി.അവളുടെ പൂരപ്പാട്ട് കെട്ടപ്പോള്‍അവളുടെ പൂരപ്പാട്ടിനു മുന്നില്‍ താനൊരുശിശുവാണന്ന് അയാള്‍ക്ക് മനസ്സിലായി.(കിട്ടേണ്ടത് കിട്ടിയാലേ ചിലര്‍ക്കൊക്കെ മനസ്സിലാവൂ എന്നത് സത്യം തന്നെയല്ലേ??)

കെട്ടിറങ്ങിയപ്പോള്‍ അവള്‍ തന്നെ അയാളുടെ ദേഹത്ത് ആവി പിടിച്ചുകൊടുത്തു.തന്റെ ഭാര്യയ്ക്ക് തന്നോട് എത്രമാത്രം സ്‌നേഹമുണ്ടന്നയാള്‍ക്ക് മനസ്സിലായി.അയാളുടെ ദേഹത്ത് കരിനീലിച്ച് കിടക്കുന്ന പാടുകളിലൂടെ അവള്‍ തലോടി. പിറ്റേന്ന് അയാള്‍ അന്തിക്കള്ളടിക്കാനായി വെളിയിലേക്കിറ ങ്ങിയപ്പോള്‍ഭാര്യ ഒരു കുപ്പി കൊണ്ടുകൊടുത്തിട്ട് പറഞ്ഞു,”ദേ മനുഷ്യാ,എനിക്കും കൂടി ഒരുകുപ്പിവാങ്ങിച്ചോ”

അയാളന്ന് വീട്ടില്‍ തിരിച്ചെത്തിയത് രണ്ടുകാലില്‍ തന്നെ ആയിരുന്നു.

എക്സപ്രസ്സ് ഹൈവേ:

കേരളത്തിന്റെ വടക്കേയറ്റത്തുള്ള അയാള്‍ എക്സപ്രസ്സ് ഹൈവേയ്‌ക്കെതിരായി ജനങ്ങളെ സംഘടിപ്പിച്ചു. അയാളുടെ തീപ്പൊരി പ്രസംഗം കേട്ട് ജനങ്ങള്‍ കൈയ്യടിച്ചു.നാടിനെവെട്ടിമുറിക്കാന്‍ സമ്മതിക്കത്തില്ലന്ന് ജനങ്ങളെ കൊണ്ടയാള്‍ പ്രതിജ്ജ ചെയ്യിച്ചു.

സര്‍ക്കാര്‍ അയാളെ ചര്‍ച്ചയ്ക്ക് വിളിച്ചു.ഒരു മണിക്കൂറിനുള്ളില്‍ അയാള്‍ ‘വടക്കു’നിന്ന്തലസ്ഥാനത്ത് എത്തി.ഒരു കാരണവശാലും തങ്ങള്‍ കേരളത്തെ വെട്ടിമുറിക്കാന്‍സമ്മതിക്കിത്തില്ലന്ന് കട്ടായം പറഞ്ഞു.”ജനങ്ങള്‍ക്ക് വേണ്ടായെങ്കില്‍ ഞങ്ങള്‍ക്കുംവേണ്ട” സര്‍ക്കാരും പറഞ്ഞു.

അയാള്‍ വീണ്ടും വടക്കോട്ട് യാത്രയായി.തിരിച്ചുവന്ന അയാള്‍ക്ക് ജനങ്ങള്‍ വമ്പിച്ചസ്വീകരണം നല്‍കി.സ്വീകരണത്തിന്റെ ആരവം ഒഴിഞ്ഞപ്പോള്‍ സമരഫണ്ടില്‍നിന്ന് രണ്ടുലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റി.സ്വന്തം വിമാനമാണങ്കിലുംസമരാവേശം കൊണ്ട് അത് തനിയേ പറക്കത്തില്ലല്ലോ?

Sunday, October 7, 2007

മരണം

അയാള്‍ തൊടുന്നതെല്ലാം പിഴയ്ക്കുകയായിരുന്നു.ബിസ്നസ്സുകളെല്ലാം പൊട്ടി.ബസ് സര്‍വീസ് തുടങ്ങി, കുഴികളില്‍ വീണ് ബസ്സുകളെല്ലാം കട്ടപ്പുറത്തായപ്പോള്‍ അത് പൊട്ടി.ബസ്സുകളെല്ലാം തൂക്കികൊടുത്ത് ഒരു ജെ.സി.ബി. വാങ്ങി.ഇടിക്കലും പൊളിക്കലും നിര്‍ത്തിയപ്പോള്‍ ജെ.സി.ബി. ഷെഡില്‍ കയറി.ജെ.സി.ബി. കൊടുത്ത് ഒരാനയെ വാങ്ങി.ആനയ്ക്ക് കടം വാങ്ങി പട്ട കൊടുത്തപ്പോള്‍ തനിക്ക് ഒരുതുള്ളി പട്ട പോലും അടിക്കാനുള്ള കാശില്ലന്നയാള്‍ അറിഞ്ഞു.അയാള്‍ എല്ലാ ബിസ്നസ്സുകളും നിര്‍ത്തി സ്വസ്ഥമായിട്ടിരുന്നു.പലിശ കൂടി കടം കുമിഞ്ഞപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

വിഷം കഴിച്ചിട്ട് ഛര്‍ദ്ദിച്ചതല്ലാതെ അയാള്‍ക്കൊരു കുഴപ്പവും പറ്റിയില്ല.തൂങ്ങിച്ചാകാന്‍ നോക്കി, കയറുപൊട്ടി താഴെ വീണു.ട്രയിനിനു മുമ്പില്‍ ചാടി.ട്രയിനിടിച്ച് തെറിച്ചതല്ലാതെ അയാള്‍ ചത്തില്ല.ആറ്റില്‍ ചാടി,വെള്ളം കുടിച്ചത് മിച്ചം.കാലനും വേണ്ടാതായപ്പോള്‍ അയാള്‍ ജീവിക്കാന്‍ തീരുമാനിച്ചു.

നൂറുരൂപ കൊടുത്ത് അയാളൊരു പൂജാബംബര്‍ വാങ്ങി.ഫലം വന്നയന്ന് അയാള്‍ പത്രത്തില്‍ പരതി. തന്റെ ടിക്കറ്റ് നമ്പരും ഒന്നാംസമ്മാനത്തിന്റെ നമ്പരും ഒന്നു തന്നെ.തനിക്ക് ലോട്ടറി അടിച്ചിരിക്കുന്നു. പെട്ടന്നയാളുടെ ഹൃദയം നിലച്ചു.അയാളുടെ വിറങ്ങിലിച്ച കൈയ്യില്‍ നിന്ന് ടിക്കറ്റ് പറന്നുപോയി.

ഏദന്‍ തോട്ടം

ദൈവം ഏദന്‍തോട്ടത്തിലേക്ക് ചെന്നു.ആദാമിന്റെയും ഹവ്വയുടേയും പേരിലുള്ള പാട്ടക്കാലാവധി
തീരുകയാണ്.പാട്ടക്കാലാവധി പുതുക്കേണ്ടതില്ലന്ന് ദൈവം തീരുമാനിച്ചിരുന്നു.ഏദന്‍തോട്ടത്തിന്റെ വാതിക്കല്‍ ചെന്നുനിന്ന് ദൈവം ആദത്തെ വിളിച്ചു.അവന്‍ വിളി കേട്ടില്ല.ദൈവം അപകടം മണത്തു.പണ്ട് താനവനെയൊന്ന് വിളിച്ചപ്പോള്‍ തുണിയില്ലാത്തതുകൊണ്ട് നാണം വരുന്നെന്ന് പറഞ്ഞ് പാത്തിരുന്നവനാണ്.
ദൈവത്തിന് എന്തോ ഒരു പന്തിക്കേട് തോന്നി.ഏദന്‍തോട്ടത്തില്‍ നിന്ന് തടിലോറികളില്‍ മരം നിറച്ച് പുറത്തേക്ക് പോകുന്നു.ദൈവം കോപം കൊണ്ട് വിറച്ചു.തന്റെ തോട്ടത്തില്‍ നിന്ന് തന്റെ അനുവാദമില്ലാതെ മരം മുറച്ചിരിക്കുന്നു.
“ആദമേ....,,,ആദം..... ###@@@@@“ദൈവം ഉറക്കെ വിളിച്ചു.
തന്റെ അംഗരക്ഷകരോടൊപ്പം സാത്താന്‍ ദൈവത്തിന്റെ മുന്നില്‍ വന്നു.
“ആദാം എവിടെ?”ദൈവം ചോദിച്ചു.
“അവരു പോയി”സാത്താന്‍ പറഞ്ഞു.
“നിന്നോടാരു പറഞ്ഞു എന്റെ തോട്ടത്തില്‍ കയറാന്‍?” ദൈവം സാത്താനോട് ചോദിച്ചു.
സാത്താന്‍ ഒരുകെട്ട് കടലാസ്സ് ദൈവത്തിന് നല്‍കി.ദൈവമത് വാങ്ങി നോക്കി.ഏദന്‍തോട്ടം സാത്താന്റെ പേരിലായിരിക്കുന്നു.ആദാം വീണ്ടും തന്നെ ചതിച്ചിരിക്കുന്നു.
“നീ എങ്ങനെ ഈ തോട്ടം വാങ്ങി.”ദൈവം സാത്താനോട് ചോദിച്ചു.
സാത്താനൊന്നുചിരിച്ചിട്ട് പറഞ്ഞു.
“എന്റെ ദൈവമേ,രണ്ടു ദിവസം കേരളത്തില്‍ പോയിനിന്നാല്‍ ഏതു തോട്ടവും വാങ്ങാനുള്ള വിദ്യ പഠിക്കാം”
ദൈവം സാത്താനോടൊന്നും പറയാതെ ആദത്തെ അന്വേഷിച്ചു.ആദാ‌മപ്പോള്‍ ഏദന്‍‌തോട്ടത്തിന്റെ അവകാശം തനിക്കായിരുന്നെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തുകയായിരുന്നു.

ദയാവധം

അമ്മച്ചി കുളിമുറിയില്‍ തെന്നിവീണ് നടുവൊടിഞ്ഞു.മക്കളെല്ലാം ലോകത്തിന്റെ പല ഭാഗത്തുനിന്ന് ഓടിയെത്തി. അമ്മച്ചിയെ ശുശ്രൂഷിക്കാന്‍ അവര്‍ ഇടിച്ചിടിച്ച് നിന്നു.പത്തു ദിവസം കഴിഞ്ഞിട്ടും അമ്മച്ചി മരിക്കുന്ന ലക്ഷണമൊന്നുമില്ല.മക്കളെല്ലാം ഒന്നിച്ചു കൂടി.അവര്‍ ഇന്റെര്‍നെറ്റില്‍ പരതി.’സഗാണ്ട’ എന്ന രാജ്യത്തെ കുറിച്ച് അവരറിഞ്ഞു.അവര്‍ അമ്മച്ചിയെകൊണ്ട് അവിടേക്ക് പോയി.

അമ്മച്ചിക്ക് വിദഗ്ദ ചികിത്സ നല്‍കാനായിരിക്കും ’സഗാണ്ട’യില്‍ കൊണ്ടുപോയതെന്ന് നാട്ടുകാര്‍ വിചാരിച്ചു.പാവം നാട്ടുകാര്‍ക്ക‌റിയില്ലല്ലോ ’സഗാണ്ട’യില്‍ ദയാവധം നിയമവിധേയമാണന്ന്.

Friday, October 5, 2007

ഫ്രണ്ട്സ് ലിസ്റ്റ്

അയാളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ടന്ന് ഭാര്യയ്ക്ക് തോന്നി.അയാളെപ്പോഴും നെറ്റിലുണ്ടന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ അവളത് കാര്യമായിട്ടെടുത്തിരുന്നില്ല.പക്ഷേ രാത്രിയില്‍ ഉറങ്ങാതെ അയാള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നുതുടങ്ങിയപ്പോള്‍അവള്‍ ഭയപ്പെട്ടു. അയാള്‍ ഓര്‍ക്കൂട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.പുതിയപുതിയ ഫ്രണ്ടിസിനെഅയാള്‍ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു.കമ്യൂണിറ്റികളിലൂടെ അയാള്‍ പുതിയകൂട്ടുകാരെ നേടി.ഫ്രണ്ട്സ് ലിസ്റ്റിലെ കൂട്ടുകാരുടെ എണ്ണം കൂടുന്നത് കണ്ടയാള്‍ മതിമറന്നു.അയാള്‍ക്ക് ഫ്രണ്ട്സ് ലിസ്റ്റില്‍ ആയിരത്തിലധികം ഫ്രണ്ട്സ് ആയി.അവരുമായി അയാള്‍എന്നും സല്ലപിച്ചുകൊണ്ടിരുന്നു. അയാളിപ്പോള്‍ വീടിനുപുറത്തേക്കൊന്നും ഇറങ്ങാറേ ഇല്ല.അയാള്‍ക്കിപ്പോള്‍എല്ലാം ഫ്രണ്ട്സ് ലിസ്റ്റിലെ കൂട്ടുകാരാണ്.ഒരു ദിവസം അയാള്‍ ആശുപത്രിയിലായി.ദിവസങ്ങളോളം അബോധാവസ്ഥയില്‍ അയാള്‍ കിടന്നു.ബോധം തെളിഞ്ഞപ്പോള്‍ അയാള്‍ചുറ്റും നില്‍ക്കുന്നവരെ നോക്കി.അവരാരെയും അയാള്‍ക്ക് മനസിലായില്ല.അവരാരുംഅയാളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. “ആരാ??”അയാള്‍ ചോദിച്ചു.പ്രായമായ മനുഷ്യന്‍ പറഞ്ഞു,”ഞാന്‍ നിന്റെഅച്‌ഛന്‍”.പ്രായമായ സ്ത്രി പറഞ്ഞു,”ഞാന്‍ നിന്റെ അമ്മ”.ചെറുപ്പക്കാരത്തി പറഞ്ഞു,”ഞാന്‍ നിങ്ങളുടെ ഭാര്യ”.

അധിനിവേശം

അമേരിക്കന്‍ അധിനിവേശത്തെക്കുറിച്ചും ക്യൂബന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുംഅയാള്‍ ജനങ്ങളെ ബോധവാന്മാരാക്കി.നമ്മുടെ വിദ്യാഭാസ രീതിയെ അമേരിക്കഹൈജാക്ക് ചെയ്തെന്ന് അയാള്‍ പറഞ്ഞത് അവര്‍ക്ക് മനസ്സിലായില്ല.അതൊന്നും അയാള്‍ക്ക്പ്രശ്‌നമല്ലായിരുന്നു.സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ അയാള്‍ പരിതപിച്ചു.ആന്ധ്രയിലെമുടിഗൊണ്ടയില്‍ നടന്ന പോലീസ് വെടിവയ്പ്പില്‍ മരിച്ചവരെ അയാള്‍ അനുസ്മരിച്ചു.പക്ഷേബംഗാളിലെ നന്ദിഗ്രാ‌മത്തില്‍ പോലീസ് വെടിവയ്പ്പില്‍ മരിച്ചവരെ അയാള്‍ ഓര്‍ത്തില്ല. അയാളുടെ പ്രസംഗം കേട്ട് ജനങ്ങള്‍ കൈയ്യടിച്ചു.നാട്ടിലെ എല്ലാ സ്വാശ്രയകോളേജുകളും പൂട്ടിക്കണമെന്നയാള്‍ പറഞ്ഞു.അയാളുടെ മകളപ്പോള്‍ ദൂരയുള്ള ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ പരീക്ഷ എഴുതുകയായിരുന്നു.നാട്ടില്‍ കച്ചവടംചെയ്യാന്‍ വന്ന കുത്തക കമ്പിനികളെ നാട്ടില്‍ നിന്ന് തുരത്താന്‍ സമരത്തിന് തയ്യാറാകാന്‍ അയാള്‍ആഹ്വാനം ചെയ്തു.കുത്തക കമ്പിനി അയാള്‍ക്ക് നല്‍കിയ ബ്ലാങ്ക് ചെക്ക് അയാളുടെപോക്കറ്റില്‍ സുരക്ഷിതമായിരുന്നു. അയാളുടെ മൊബൈല്‍ അടിച്ചു.അമേരിക്കയില്‍ പഠിക്കുന്ന മകനാണ്.അയാള്‍വേഗം പ്രസംഗം നിര്‍ത്തി.അയാളുടെ കാര്‍ ബാങ്കിലേക്ക് പാഞ്ഞു.കുത്തക കമ്പിനി നല്‍കിയ ബ്ലാങ്ക് ചെക്കില്‍ പത്തുലക്ഷമെന്നയാള്‍ എഴുതി.മകന്റെ പേരില്‍ അയാള്‍ ഡിഡി എടുത്തു.ഫീസു കൊടുക്കാതെ മകനെ ആരും വെറുതെ പഠിപ്പിക്കത്തില്ലല്ലോ? അയാള്‍ വേഗം ബാങ്കില്‍ നിന്ന് ഇറങ്ങി.അമേരിക്കന്‍ അധിനിവേശത്തിനുംസ്വാശ്രയ വിദ്യഭ്യാസത്തിനും എതിരെ സ‌മരം നയിക്കേണ്ടത് അയാളായിരുന്നു.

ലോട്ടറി

ത‌നിക്ക് ലോട്ടറി അടിക്കുന്നതിന് വേണ്ടി അയാള്‍ ഈശ്വരനെ പ്രീതിപ്പെടുത്താന്‍തീരുമാനിച്ചു.ഘോരമായ തപസ്സിന് അയാള്‍ പുറപ്പെട്ടു.ആയിരങ്ങള്‍ മുടക്കി അയാള്‍ പൂജതുടങ്ങി.പുക കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു.അയാള്‍തന്റെ ആവിശ്യം ഉണര്‍ത്തിച്ചു.”അടുത്ത നറുക്കെടുപ്പില്‍ നീയായിരിക്കും വിജയി”.ഈശ്വരന്‍മറഞ്ഞു.നറുക്കെടുപ്പ് കഴിഞ്ഞിട്ടും തന്നെ ആരും തിരക്കി വരാതായപ്പോള്‍ അയാള്‍ ഈശ്വരനെതേടി യാത്രയായി.ഈശ്വരന്‍ അയാളോട് ചോദിച്ചു,”എവിടെ നിന്റെ ടിക്ക്റ്റ് “.അപ്പോഴാണ്അയാള്‍ ഓര്‍ത്തത് താന്‍ ടിക്കറ്റ് വാങ്ങിയിട്ടില്ലന്ന് !!!!

ചിലന്തി

അവള്‍ക്ക് പണ്ടുമുതലേ ചിലന്തികളെയും ചിലന്തി വലകളേയും ഭയങ്കര ഇഷ്‌ടമായിരുന്നു.ചിലന്തികള്‍ വലകെട്ടുന്നതും നോക്കി അവള്‍ എത്ര സ‌മയം വേണമെങ്കിലും നില്‍ക്കുമായിരുന്നു.വേള്‍ഡ് വൈഡ് വെബ്ബിനെകുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ അവളതിന്റെ ആരാധികയായി മാറി. എല്ലാ ദിവസവും മണിക്കൂറുകളോളം അവളാവലകളില്‍ കൂടി സഞ്ചരിക്കാന്‍ തുടങ്ങി.അവസാനം സൂത്രശാലിയായ ഒരു ചിലന്തി കെട്ടിയ വലയില്‍ അവള്‍ കുടുങ്ങി. രക്ഷപെടാനാവാത്തവണ്ണം ആ ചിലന്തി തന്നെ വലയില്‍ കുടുക്കിയന്നവള്‍ അറിഞ്ഞത്താമസിച്ചാണ്. വല കൊണ്ട് ചിലന്തി തന്നെ ചുറ്റിവരിയുന്നത് നിസഹായതോടെ അവള്‍ കണ്ടു.രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും വലപൊട്ടിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.അവള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതുകണ്ട് ചിലന്തിയുടെ കണ്ണുകള്‍ ക്രൂരമായി തിളങ്ങി.ചിലന്തിക്കറിയാമായിരുന്നു തന്റെവലയില്‍ കുടുങ്ങിയ ഇരയ്ക്ക് ഒരിക്കലും രക്ഷപെടാന്‍ കഴിയത്തില്ലന്ന്. ചിലന്തി അവളെ തിന്നിട്ട്പുതിയ വലകെട്ടി അടുത്ത ഇരയേയും കാത്തിരുന്നു.

ആത്മഹത്യ

അയാള്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു.കൃഷിനഷ്‌ടത്തിലാണ്.ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് എത്തിയിരിക്കുന്നു.കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞതല്ലാതെ അതൊന്നുംനടന്നിട്ടില്ല. അയാള്‍ തന്റെ ആത്മഹത്യകുറിപ്പ് എഴുതി.

ആത്മഹത്യകുറിപ്പ് എഴുതിയതിന് ശേഷമാണ്അയാള്‍ വലിയ കാര്യം ചിന്തിച്ചത്.എങ്ങനെയാണ് മരിക്കേണ്ടത്?വിഷം കഴിക്കണോ അതോട്രയിനിന് മുന്നില്‍ ചാടണോ? ചിന്തകള്‍ക്കവസാനം അയാള്‍ തൂങ്ങിമരിക്കാന്‍ തീരുമാനിച്ചു.  

അയാള്‍ കയര്‍ വാങ്ങാനായി ഇറങ്ങി.മരിക്കുന്നതിനുമു‌മ്പും അയാളില്‍ പ്രകൃതി സ്നേഹംനിറഞ്ഞു. പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റിക് കയറിനുപകരം ഐ.സ്.ഐ മാര്‍ക്കുള്ള ചകരിക്കയര്‍വാങ്ങി. കയറും കൊണ്ടയാള്‍ മരത്തിന്റെ ചുവട്ടില്‍ ചെന്നു നിന്നു.അയാളുടെ അപ്പന്‍ അയാള്‍ക്കുംഅയാള്‍ തന്റെ മക്കള്‍ക്കും ഊഞ്ഞാല്‍ കെട്ടികൊടുത്തിരുന്നത് ആ മരത്തില്‍ ആയിരുന്നു.തികട്ടി വന്ന തേങ്ങല്‍ ഉള്ളിലൊതുക്കി അയാള്‍ മരത്തില്‍ കുരുക്കൊരുക്കി രാഹുകാലം കഴിയാനായി കാത്തിരുന്നു. രാഹുകാലം കഴിഞ്ഞുടന്‍ അയാള്‍ കുരുക്കില്‍ തല‌ഇട്ടു. 

നിര്‍ഭാഗ്യത്തിന് അയാള്‍ രഷപെട്ടു.രണ്ടു ദിവസം കഴിഞ്ഞയാള്‍ക്ക് ഒരു ബഹുരാഷ്‌ട്രകമ്പിനിയുടെ വക്കീല്‍ നോട്ടീസ് കിട്ടി.അയാളത് പൊട്ടിച്ചു വായിച്ചു. തൂങ്ങിമരണത്തിനുള്ള പേറ്റന്റ് ആ കമ്പിനിക്കാണന്നും കമ്പിനിക്ക് പണം നല്‍കാതെ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന് കമ്പിനിക്ക്നഷ്‌ടപരിഹാരം നല്‍കണമെന്നും ആയിരുന്നു കത്തില്‍.

അഴി‌മതി

നൂറു രൂപ കൈക്കൂലി വാങ്ങിയതിന് അയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്‌തു.അയാളുടെഅറസ്റ്റ് ചാനലുകാര്‍ ലൈവായി കാണിച്ചു.പത്രത്തില്‍ അയാളുടെ പടം അടിച്ചുവന്നു.അഴി‌മതിക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തെ കുറിച്ച് മന്ത്രിമാര്‍ വാചാലരായി.അഴിമതിവീരനെ അറസ്റ്റ്ചെയ്തതിന് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പാര്‍ട്ടിക്കാര്‍ പ്രകടനം നടത്തി. വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്ന അയാളുടെ ഭാര്യ ഒന്നും അറിഞ്ഞില്ല.അയാളുടെ മകള്‍സിഗരറ്റുപുക നിറഞ്ഞ മുറിയില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന നോട്ടുകള്‍ എണ്ണി;ഒരു നേരത്തെ ആഹാരംവാ‌ങ്ങുന്നതിനുവേണ്ടി.അയാളുടെ മന്തബുദ്ധിയായ മകന്‍ അയാളുടെ പടം അടിച്ചുവന്ന പത്രം നോക്കിചിരിച്ചു.അയാളെകുറിച്ചുള്ള വാര്‍ത്തയ്ക്കുതാഴെ മറ്റൊരു വാര്‍ത്ത ഉണ്ടായിരുന്നു.‘ലോട്ടറി രാജാവിന്റെകൈയ്യില്‍ നിന്ന് വാങ്ങിയ 2കോടി രൂപ തിരിച്ചു നല്‍കും:പാര്‍ട്ടി”.അയാളുടെ മകന്‍ ആ വാര്‍ത്തവായിച്ചില്ല.കാരണം അവന് പടങ്ങള്‍ മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂ.

കുഞ്ഞിക്കോഴി

അമ്മക്കോഴി കുഞ്ഞിനെ തന്റെ ചിറകിനടിയില്‍ നിന്ന് കൊത്തിമാറ്റി.കുഞ്ഞ് വളര്‍ന്നിരിക്കുന്നു.പത്തുകുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.അമ്മക്കോഴി കുഞ്ഞിന് അതിജീവനത്തിനുള്ള പാഠങ്ങള്‍ നല്‍കി.കുഞ്ഞ് വളര്‍ന്നു.നിലാവുള്ള രാത്രിയില്‍ എവിടെനിന്നോ കേട്ട പൂവന്‍‌കോഴിയുടെ കൂവല്‍ തന്റെ കുഞ്ഞില്‍ മാറ്റങ്ങള്‍ വരുത്തിയത് അമ്മക്കോഴി അറിഞ്ഞു.നീണ്ട അങ്കവാലും ചേലൊത്ത പൂവും ഉള്ള പൂവന്‍‌കോഴിയുടെ തലയെടുപ്പില്‍ അവള്‍ വീണു.തൊടിയിലും പറ‌മ്പിലും വെച്ച് അവര്‍ രഹസ്യങ്ങള്‍ കൈമാറി.അമ്മക്കോഴി അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി.”കാലം നല്ലതല്ല”.പ്രണയം തലക്കുപിടിച്ച കുഞ്ഞിക്കോഴിക്ക് അമ്മയുടെ വാക്കുകള്‍ മനസ്സിലായില്ല.അവസാനം അമ്മക്കോഴിപേടിച്ചത് സംഭവിച്ചു.പൂവന്റെ കാലുകള്‍ക്കുള്ളില്‍ അ‌മരു‌മ്പോള്‍എന്താണ് സംഭവിക്കുന്നത് എന്ന് കുഞ്ഞിക്കോഴിക്ക് മനസ്സിലായില്ല.നിഷ്കളങ്കമായ കണ്ണുകള്‍ കൊണ്ട് കുഞ്ഞിക്കോഴി പൂവനെ നോക്കി.അവന്‍ തന്റെ ചിറകിനടിയില്‍ നിന്ന് ഒരു ipill എടുത്ത് കുഞ്ഞിക്ക് നല്‍കി,”72 മണിക്കൂറിനുള്ളില്‍ കഴിക്കണം.”പൂവന്‍ നീട്ടികൂവി അടുത്ത കുഞ്ഞിയെ തേടി പാഞ്ഞു.അമ്മക്കോഴിയുടെ വാക്കുകള്‍ അവളോര്‍ത്തു,”കാലം നല്ലതല്ല”.

പ്രേമലേഖനം

ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററായ കാമുകിക്ക് കാമുകന്‍ പത്തുപേജുള്ള ഒരു പ്രേമലേഖനം എഴുതികൊടുത്തു.അതൊന്ന് എഴുതിപിടിപ്പിക്കുവാന്‍ രണ്ടാഴ്ചത്തെ സമയം ആണ് എടുത്തത്. ‘ഇന്ദുലേഖ‘യില്‍ തുടങ്ങിയ പ്രയാണം വട്ടുപിടിപ്പിക്കും എന്ന് തോന്നിയപ്പോയാണ് കാമുകന്‍ എഴുത്ത് നിര്‍ത്തിയത്. ഒരാഴ്ച്‌കഴിഞ്ഞപ്പോള്‍ കാമുകിയുടെ മറുപിടികിട്ടി.”System error.string or binary data would be truncated.The statement has been terminated........" (പ്രേമലേഖനത്തിന് നീളം കൂടിപ്പോയതുകൊണ്ട് വായിക്കാന്‍ സാധ്യമല്ലന്ന് അര്‍ത്ഥം...........)

വളര്‍ച്ച

വളരാതെ നില്‍ക്കുന്ന മുളയെ കണ്ട് മാവ് കളിയാക്കി,”വളര്‍ച്ച മുരടിച്ചവന്‍”.മുള ഒന്നുംമിണ്ടിയില്ല.മുള കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടടിയാണ് വളര്‍ന്നത്.മുളക്കിപ്പോള്‍ ഒരാള്‍
പൊക്കം പോലുമില്ല.മാവെന്നും കുനിഞ്ഞു നിന്ന് മുളയെ കളിയാക്കും.മഴപെയ്തൊഴിഞ്ഞ ഒരുപുലര്‍കാലത്തില്‍ മാവ് കളിയാക്കാനായി മുളയെ നോക്കി.പക്ഷേ മാവിന് മുളയുടെ തല കാണാന്‍കഴിഞ്ഞില്ല.കാരണം ഒരൊറ്റ രാത്രികൊണ്ട് മുള മാവിനേക്കാള്‍ വളര്‍ന്നിരുന്നു.

പുഷ്പുള്‍

“ഞാനാണ് വലിയവന്‍”എഞ്ചിന്‍ ബോഗികളോട് പറഞ്ഞു.അവര്‍ക്കത് നിഷേധിക്കാന്‍കഴിഞ്ഞില്ല.തങ്ങളെ വലിക്കുന്നത് എഞ്ചിനാണല്ലോ?“ഞാനാണ് ഒന്നാ‌മന്‍” എഞ്ചിന്റെ അഹങ്കാരം വര്‍ദ്ധിച്ചു വന്നു.ബോഗികളെല്ലാം കൂടി റയില്‍‌വേ ദൈവത്തെ കണ്ടു നിവേദനം നല്‍കി.നിവേദനത്തില്‍ കാര്യം ഉണ്ടന്ന് ദൈവത്തിനും തോന്നി.എഞ്ചിന്റെ അഹങ്കാരം നിര്‍ത്തുന്നതിന് ദൈവംഒരു വഴി കണ്ടെത്തി,ദൈവം എഞ്ചിനെ എടുത്ത് ബോഗികളുടെ നടുക്ക് എടുത്തു വെച്ചു.അങ്ങനെപുഷ്പുള്‍ ട്രെയിന്‍ ഉണ്ടായി.

സമാന്തരം

നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം അവന്‍ അവളെ വീണ്ടും കണ്ടു.അവളുടെ കൂടെഭര്‍ത്താവ് ഉണ്ടായിരുന്നു.അവന്റെ കൂടെ ഭാര്യയും.അവള്‍ തന്റെ കാമുകിയായിരുന്നുവെന്ന് ഭാര്യ അറിയാതിരിക്കാന്‍ അവനും അവന്‍ തന്റെ കാമുകനായിരുന്നുവെന്ന് ഭര്‍ത്താവ് അറിയാതിരിക്കാന്‍ അവളും ശ്രമിച്ചു. പരിചയക്കാരെപ്പോലെ അവര്‍ നാലുപേരും ചിരിച്ചു.തന്റെ കാമുകിയുടെ ഭര്‍ത്താവ് തന്റെ ഭാര്യയുടെ കാമുകനായിരുന്നുവെന്ന് അവനറിയില്ലായിരുന്നു.

Thursday, October 4, 2007

ഭാഗ്യവാന്‍

അവളയും കാത്ത് അവന്‍ മണിയറയില്‍ ഇരുന്നു.അവസാനം അവള്‍ നമ്രമുഖിയായി കടന്നുവന്നു.തന്റെ‌മുന്നില്‍ നഖചിത്രങ്ങള്‍ വരച്ച അവളെ അവന്‍ തന്റെ അടുത്തേക്ക് പിടിച്ചിരുത്തി.നാണത്താല്‍ പൂത്തുലഞ്ഞ അവളുടെ മുഖം അവന്‍ പിടിച്ചുയര്‍ത്തി.“ഞാന്‍ ഭാഗ്യവാനാണ് “ അവന്‍ അവളുടെ കാതില്‍ മന്ത്രിച്ചു.അവള്‍ പുഞ്ചിരിച്ചു.”നീ ചിരിക്കു‌മ്പോള്‍ നിന്റെ മുല്ലപ്പൂ‌മൊട്ടുപോലുള്ള ഈ പല്ലുകള്‍ കാണാന്‍ എന്തുഭംഗിയാണ് ...ഞാന്‍ ഭാഗ്യവാനാണ്“. അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി.“ നിന്റെ ഈ നീല കണ്ണുകളുടെ തിളക്കം എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നു..... ഞാന്‍ ഭാഗ്യവാനാണ്”.അപ്പോഴും അവള്‍ ചിരിച്ചു....അവളെ അവന്‍ തന്നിലേക്ക് ചേര്‍ത്തു.അവന്‍ അവളുടെ മൂര്‍ദ്ദാവില്‍ ചുംബിച്ചു.“ഞാന്‍ ഭാഗ്യവാനാണ്... നിന്റെ തലമുടിയുടെ ഗന്ധം എന്നെ മത്തുപിടിപ്പിക്കുന്നു “അവളുടെ കാതില്‍ അവന്‍ മൊഴിഞ്ഞു....രാവിലെ അവന്‍ ഉണരു‌മ്പോള്‍ അവള്‍ കട്ടിലില്‍ ഇല്ലായി രുന്നു.അവന്റെ നോട്ടം മേശപ്പുറത്ത് പതിഞ്ഞു. അവിടെ ............ജാറിനുള്ളില്‍ ഒരു സെറ്റ് പല്ല്.... നീല കോണ്‍‌ടാക്ട്‌ലെന്‍സ്... പിന്നെ വലിയ ഒരു വിഗ്ഗും!!!