Saturday, June 18, 2011

കാലന്റെ നോക്കു കൂലി

കാലന്‍ എ‌റ്റി‌എം കൌണ്ടറിനു മുന്നില്‍ കുത്തിയിരുന്നു. കഴിഞ്ഞമാസം ചിത്രഗുപ്‌തന്‍ പറഞ്ഞ ടാര്‍ജറ്റ് ഒപ്പിച്ചു കൊടുക്കാഞ്ഞിട്ട് ഒരൊറ്റ പൈസ അങ്ങേര് അക്കൌണ്ടിലേക്ക് ഇട്ടിട്ടില്ല. നവ‌ഇന്‍‌ഷുറന്‍സുകാര്‍ ഏജന്റുമാര്‍ക്കിട്ട് പണിയുന്നതുപ്പൊലെയുള്ള പണിയായിപ്പോയി ചിത്രഗുപ്‌തന്‍ തന്നോട് കാണിച്ചതെന്ന് കാലനു തോന്നി. വര്‍ഷങ്ങളായി അങ്ങേര്‍ക്ക് വേണ്ടി ഒരു മാസം ടാര്‍ജറ്റ് അച്ചീവ് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ അങ്ങേര് കാണിച്ചത് ശരിക്കും മറ്റേ പണിയായി പോയി. അല്ലങ്കിലും മുതലാളിമാര്‍ ഇങ്ങനയാ. വരവ് കുറഞ്ഞാല്‍ തൊഴിലാളികളുടെ നെഞ്ചത്തോട്ട് കയറും. ഏതായാലും പട്ടിണി കിടക്കാന്‍ വയ്യ.. കേരളത്തില്‍ പോയി എന്തെങ്കിലും വഴി നോക്കാം. ലോകത്തിലുള്ള സകല തട്ടിപ്പും വെട്ടിപ്പും നടക്കൂന്നത് കേരളത്തിലാണല്ലോ...

കാലന്‍ കേരളത്തില്‍ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു.
കാലന്‍ ബസില്‍ പോകുമ്പോഴാണ് അത് കണ്ടത്. പിച്ചാത്തി വാസു ഒരുത്തനെ റോഡിലിട്ട് കുത്തുന്നു. കുത്ത് കൊണ്ടവന്‍ വീണതും വാസു അടുത്ത് സ്റ്റാര്‍ട്ടായി നിര്‍ത്തിയിരുന്ന ഒരു കാറില്‍ കയറി പോയി. അന്ന് വൈകിട്ട് കിട്ടിയ കൊട്ടേഷന്‍ കാശുമായി വാസു ബാറില്‍ കയറി. അരണ്ട വെളിച്ചത്തില്‍ തന്റെ അടുത്തിരിക്കുന്ന ആളെ നോക്കി.
“ആരാ..” വാസു ചോദിച്ചു.
“വേഷം കണ്ടിട്ട് മനസിലായില്ലേ?”
“ഹൊ! നാടകം കളിക്കാന്‍ പോകുന്ന വഴിയില്‍ രണ്ടടിക്കാന്‍ കയറിയ നടനാണല്ലേ?ഏതാ നാടകം”
“ഞാന്‍ നാടക നടനല്ല... എപ്പോഴും ഞാന്‍ ഈ വേഷത്തില്‍ തന്നെയാണ്”
“നിങ്ങള്‍ ശരിക്കും ആരാ?” വാസു ചോദിച്ചു.
“ഞാന്‍ കാലനാണ്..” കാലന്‍ പറഞ്ഞു.
“വളരെ സന്തോഷം.. എന്തിനാ എന്റെ അടുക്കല്‍ വന്നത്?”
“എനിക്കൊരു ഇരുപതിനായിരം രൂപാ തന്നേ...”
“ഞാന്‍ എന്തിനാ കാലാ നിനക്ക് പണം തരുന്നത്?”
“നീ ഇന്ന് ഒരുത്തനെ കൊന്നില്ലേ... അതിന് നിനക്ക് കിട്ടിയ പണത്തിന്റെ ഒരു വിവിതം എനിക്ക് അവകാശപ്പെട്ടതാ...”
“ഞാന്‍ ഒരുത്തനെ കൊന്നതിന് നിനക്കെന്തിനാ കാശ് തരുന്നത്?” വാസു ചോദിച്ചു,
“ജീവന്‍ എടുക്കാനുള്ള അവകാശം എനിക്കാണ് ചിത്ര ഗുപ്‌തന്‍ തന്നിരിക്കുന്നത്. എന്റെ അനുവാദം ഇല്ലാതെ നിങ്ങള്‍ ഇന്ന് ആ ജോലി ചെയ്തു....”
“കാലന്‍ എവിടിത്തെ ന്യായമാ ഈ പറയുന്നത്.. ഞാന്‍ ചെയ്ത ജോലിക്ക് കാലനെന്തിനാ കൂലി?”
“എനിക്ക് നഷ്ടപ്പെട്ടത് എന്റെ തൊഴിലാണ്” കാലന്‍ പറഞ്ഞ്.
“അതിന് ?” വാസു ചോദിച്ചു
“നിങ്ങളുടെ നാട്ടില്‍ നാട്ടുനടപ്പ് അനുസരിച്ചു ചോദിക്കുന്ന നോക്കുകൂലി മാത്രമേ ഞാനും ചോദിച്ചിട്ടുള്ളൂ.”
“കാലനും നോക്കു കൂലിയോ??“
“ഞാന്‍ കുറേക്കാലം മുമ്പേ കേരളത്തില്‍ വന്ന് നോക്കുകൂലി പരിപാടിയെക്കുറിച്ച് പഠിച്ചായിരുന്നെങ്കില്‍ എനിക്കിന്ന് ചിത്രഗുപതന്റെ മാളികയെക്കാള്‍ വലിയ മാളിക പണിത് രാജാവായിട്ട് ഇരിക്കാമായിരുന്നു.. ഞാന്‍ കുറെ താമസിച്ചു പോയി വാസൂ...”

Friday, June 17, 2011

വെറൈറ്റി സിനിമ

ഒന്നാമന്‍ : അണ്ണന്റെ പുതിയ പടം വെള്ളിയാഴ്ച റിലീസാണന്ന് കേട്ടല്ലോ
സംവിധായകന്‍ : അതെ
ഒന്നാമന്‍ : വിശ്വസിച്ച് കാശ് കൊടുത്ത് കാണാമോ?
സംവിധായകന്‍ : വെറൈറ്റി പടം ആണ്.
ഒന്നാമന്‍ : ഹോ! വെറൈറ്റി ആണോ? എന്താ വെറൈറ്റി
സംവിധായകന്‍: ഇപ്പോള്‍ ഇറങ്ങുന്ന പടങ്ങളില്‍ സ്ത്രികള്‍ അരി അരയ്ക്കുന്നുണ്ടോ? എന്റെ പടത്തില്‍ അതുണ്ട്. അതൊരു വെറൈറ്റി.
ഒന്നാമന്‍: മിക്സിയിലൊക്കെ അരി അരയ്ക്കുന്നത് ഇപ്പോഴത്തെ സിനിമയിലും ഉണ്ട്.
സംവിധായകന്‍ : അതിലെന്ത് വെറൈറ്റി. എന്റെ സിനിമയില്‍ നായിക ആട്ടുകല്ലില്‍ ആണ് അരി അരയ്ക്കുന്നത്. സമകാലിക സിനിമയിലെ ധീരമായ പരീക്ഷണമാണ് ഇത്.
ഒന്നാമന്‍: ഹൊ! അരി അരയ്ക്കുന്നതാണൊ വെറൈറ്റി. വേറെ എന്തങ്കിലും
സംവിധായകന്‍ : പേര് എഴുതികാണിക്കുന്നതില്‍ ഒരു വെറൈറ്റി ഉണ്ട്.

ഒന്നാമന്‍ : എന്താ അതില്‍ വെറൈറ്റി.
സംവിധായകന്‍: എന്റെ ഈ സിനിമയില്‍ പേര് എഴുതി കാണിക്കുന്നത് ഇടവേളയില്‍ ആണ്.
ഒന്നാമന്‍: ഹോഹോ! എന്നാ പിന്നെ ഇടവേളയ്ക്ക് മുമ്പ് ദി എന്‍ഡ് എന്നൂടെ എഴുതി കാണിച്ചാല്‍ ആള്‍ക്കാര്‍ക്ക് അത്രയും സമയം ലാഭം ആകുമല്ലോ.
സംവിധായകന്‍ : അതുമാത്രമല്ല. എന്റെ സിനിമയില്‍ നായക-നായികാ സങ്കല്പങ്ങള്‍ പൊളിച്ചടക്കും.
ഒന്നാമന്‍ : നിര്‍മ്മാതാവിനേയും പൊളിച്ചടക്കുമായിരിക്കും. എന്താ സിനിമയിലെ നായിക-നായക സങ്കല്പം?
സംവിധായകന്‍ : നമ്മുടെ സൂപ്പര്‍ താര ചിത്രങ്ങളില്‍ അമ്പതുവയസുള്ള നായകനെ പതിനെട്ട് വയസുകാരി നായിക പ്രേമിക്കുന്നതാണങ്കില്‍ എന്റെ സിനിമയില്‍ പതിനെട്ട് വയസുള്ള നായകന്‍ മുപ്പതുവയസുള്ള നായികയെ പ്രണയിക്കുന്നു. പ്രണയ സങ്കലപങ്ങളില്‍ ഒരു പൊളിച്ചെഴുത്തായിരിക്കും എന്റെ സിനിമ.
ഒന്നാമന്‍: എങ്കില്‍ പടം വിജയിക്കും.
സംവിധായകന്‍ : ഇനിയും പല പല വെറൈടികളും സിനിമയില്‍ ഉണ്ട്. ഇനി എന്റെ അടുത്ത സിനിമ ഒരു പരീക്ഷണ സിനിമയായിരിക്കും
ഒന്നാമന്‍ : അണ്ണാ നമിച്ചണ്ണാ.. അണ്ണനെ പോലുള്ളവര്‍ ഉള്ളടത്തോളം കാലം ഞങ്ങള്‍ക്ക് സിനിമകാണല്‍ ഒരു പരീക്ഷണം ആണ്.

Tuesday, June 14, 2011

സായിപ്പും നാട്ടിലെ അപ്രന്റിസും

അപ്രന്റിസിന് കടപ്പാട് : ഫ്രണ്ട്സ്
സായിപ്പും നാട്ടിലെ അപ്രന്റിസും തമ്മിലുള്ള സംഭാഷ്ണം
സായിപ്പ് : എന്തായി നമ്മുടെ പ്രൊജക്റ്റ്
അപ്രന്റി: കുറച്ചു ദിവസം കൂടി എടുക്കും
സായിപ്പ് : എത്രദിവസം?
അപ്രന്റി: ഒരു പത്തു ദിവസം
സായിപ്പ് : എന്ന ഒരു കാര്യം ചെയ്യ്.. ഒരു പത്തുപേരെ ആ പ്രൊജക്റ്റിലേക്ക് ഇട്ട് ഇന്നു തന്നെ അതങ്ങ് തീര്‍ത്തെക്ക്
അപ്രന്റി : ങ്ങേ!!! (ഞെട്ടുന്നു.)
സായിപ്പ് : എന്നാ എല്ലാം പറഞ്ഞതുപോലെ
അപ്രന്റി : ഒരു കാര്യം പറഞ്ഞോട്ടെ
സായിപ്പ് : പിന്നെന്താ പറഞ്ഞാട്ടെ
അപ്രന്റി : സായിപ്പേ, ഒരു പെണ്‍കൊച്ച് പത്തുമാസം കൊണ്ട് ജനിപ്പിക്കുന്ന കുഞ്ഞിനെ പത്തു പെണ്‍കൊച്ചുങ്ങള്‍ ചേര്‍ന്ന് വിചാരിച്ചാല്‍ ഒരു മാസം കൊണ്ട് ജനിപ്പിക്കാന്‍ കഴിയുമോ??
സായിപ്പ് : ങ്ങേ!!! (ഞെട്ടുന്നു.)
അപ്രന്റി : എന്നാ ആ പ്രൊജക്റ്റ് തീര്‍ക്കേണ്ടിയതന്നാ പറഞ്ഞത്
സായിപ്പ് : തീരുമ്പോള്‍ പറഞ്ഞാല്‍ മതി

Sunday, June 12, 2011

ഹുസൈനും പരലോക രാജാവും മലയാളിയും

ഹുസൈന്‍ മരിച്ച് പരലോകത്ത് ചെന്നിട്ട് രണ്ട് ദിവസം. രണ്ടാം ദിവസം വൈകിട്ട് ഹുസൈന്‍ പരലോകത്തിന്റെ രാജാവിനെ മുഖം കാണിക്കാനായി എത്തി
രാജാവ് : എന്താ?
ഹുസൈന്‍: എന്നെ ഒന്ന് ഇന്ത്യയിലേക്ക് വിടണം.
രാജാവ് :നിങ്ങളവിടെ നിന്ന് പോയി ഖത്തര്‍ പൌരത്വം നേടിയതല്ലേ?
ഹുസൈന്‍: അതു ശരി തന്നെ.. എന്നെ ഒന്നു ഇന്ത്യയിലേക്ക് വിടണം
രാജാവ് : അത് നടക്കുന്ന കാര്യമല്ല. എന്നാലും ഒന്ന് ആലോചിക്കാം. അല്ല നിങ്ങളെന്തിനാ ഇനി അങ്ങോട്ട് പോകുന്നത്.
ഹുസൈന്‍ : എനിക്കൊരു കാര്യം പറയാനുണ്ട്.
രാജാവ് : എന്താ ജീവിച്ചിരുന്നപ്പോള്‍ പറയാതിരുന്ന കാര്യം.
ഹുസൈന്‍: ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ചിന്തിച്ചിട്ടില്ല.
രാജാവ് : ശരി..ശരി.. എന്താ കാര്യം
ഹുസൈന്‍: കുറെ മലയാളികള്‍ ഗൂഗിള്‍ ബസെന്ന് പറയുന്ന ഒരു സാധനത്തിനും ബ്ലോഗിലും ഫേസ് ബുക്കിലും ഞാന്‍ വരച്ചതും വരയ്ക്കാത്തതുമായ ചിത്രങ്ങളെക്കുറിച്ച് ഭയങ്കര ചര്‍ച്ചയും വിശകലനവും.. ഞാന്‍ വരച്ച പടങ്ങളേക്കുറിച്ച് എനിക്കവരോട് സംസാരിക്കണം
രാജാവ് : ഹഹഹഹഹഹ്ഹിഹിഹിഹിഹ്ഹ്ഹ്ഹ്ഹ്ഹാഹ്ഹാ
ഹുസൈന്‍: എന്താ ചിരിക്കുന്നത്.
രാജാവ് : എടോ മണ്ടോ താന്‍ അതിനായി ആ ലോകത്തേക്ക് പോയിട്ട് കാര്യമില്ല... പ്രത്യേകിച്ച് മലയാളികളുടെ അടുത്തേക്ക്
ഹുസൈന്‍ : അതെന്താ?
രാജാവ് : അവിടെയുള്ള എല്ലാവരും ഇപ്പോള്‍ വാര്‍ത്ത അവതാരകര്‍ ആകാന്‍ പഠിക്കുവല്ലേ? ജനിച്ചാലും മരിച്ചാലും ചത്താലും കൊന്നാലും എല്ലാവന്മാരും കൂടി അത് കീറി മുറിച്ച് ചര്‍ച്ച ചെയ്ത് വിശകലനം ചെയ്ത് അങ്ങ് അറുമാദിക്കും.ലവന്മാരുടെ സ്വന്തം സമയവും കളയും.. ആ സമയത്ത് ലവന്മാര്‍ എല്ലാം കൂടി ഇറങ്ങി പറമ്പില്‍ നാലു കിള കിളച്ചാല്‍ നാട് എന്നേ നന്നായേനേ !!!!!!!!!!!!!!!!!!