Saturday, February 23, 2008

സ്വര്‍‌ണ്ണപ്പല്ല് :

വയസ്സായ അയാളുടെ ആഗ്രഹമായിരുന്നു സ്വര്‍‌ണ്ണപ്പല്ല് വെക്കണമെന്ന് .മക്കളറിയാതെഅയാള്‍ സ്വര്‍‌ണ്ണപ്പല്ല് വെച്ചു.അതു വെച്ച് കഴിഞ്ഞതുമുതല്‍ അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.അയാള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ സ്വര്‍‌ണ്ണപ്പല്ല് വെട്ടിത്തിളങ്ങും.താന്‍ മരിച്ചുകഴിയുമ്പോള്‍ തന്റെ തലയും താടിയും തമ്മില്‍ കെട്ടരുതെന്ന് അയാള്‍മരിക്കുന്നതിനു മുമ്പ് മക്കള്‍ക്ക് നിര്‍‌ദ്ദേശം നല്‍കി.മരിച്ചപ്പോള്‍ അയാളുടെ ആഗ്രഹംപോലെ മക്കള്‍ ചെയ്തു.

അയാള്‍ യമലോകത്ത് എന്നും എഴുന്നേറ്റാലുടന്‍ കണ്ണാടിയില്‍ നോക്കി തന്റെപല്ലിന്റെ ഭംഗി ആസ്വദിക്കും.ഒരു ദിവസം അയാള്‍ യമലോകത്തുനിന്ന് താഴേക്ക്നോക്കിയപ്പോള്‍ സെമിത്തേരിയില്‍ തന്റെ കല്ലറ പൊളിച്ചിട്ടിരിക്കുന്നത്കണ്ടു.തന്റെ ശരീരം ചാക്കില്‍ കെട്ടി തെങ്ങില്‍ ചുവട്ടില്‍ വെച്ചിരിക്കു ന്നത് അയാള്‍ കണ്ടു.ഏകമകന്‍ കല്ലറപൊളിച്ച് മാര്‍ബിള്‍ ഇടുകകയായിരുന്നു.അയാള്‍തന്റെ കൂട്ടു കാരെ വിളിച്ച് മാര്‍ബിള്‍ ഇടുന്ന തന്റെ കല്ലറ വിളിച്ച് കാണിച്ചു.അയാളുടെകൂട്ട് ആത്മാക്കള്‍ക്ക് അയാളുടെ പൊങ്ങച്ചം ഇഷ്ടമല്ലായിരുന്നു.”ചത്തിട്ടും പൊങ്ങച്ചംകളയാത്തവന്‍ “കൂട്ട് ആത്മാക്കള്‍ പരസ്പരം പറഞ്ഞ് ചിരിച്ചു.

പിറ്റേന്ന് എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയ അയാള്‍ ഞെട്ടിപ്പോയി.വായില്‍ സ്വര്‍‌ണ്ണപ്പല്ല് ഇല്ല. അയാള്‍ സെമിത്തേരിയിലെ തെങ്ങില്‍ ചുവട്ടിലേക്ക് നോക്കി.അയാളുടെ രണ്ടുമൂന്ന് പല്ല് അവിടെ കിടപ്പുണ്ടായിരുന്നു. ആര്‍ക്കും വേണ്ടാത്ത പല്ല് !!

Friday, February 8, 2008

വാര്‍ത്ത :

നഗരത്തില്‍ പാര്‍ട്ടിയുടെ മഹാസമ്മേളനം നടക്കുന്നു.നാട്ടിലെല്ലാം കമാനങ്ങള്‍ഉയര്‍ന്നു. ചാനലുകളില്‍ സമ്മേളനം ലൈവായി കാണിച്ചു.പത്രങ്ങളില്‍ സമ്മേളനത്തിന്റെ വാ‍ര്‍ത്തകളായിരുന്നു അധികവും.സമാപനദിവസം എത്തി.സമാപനത്തിന്മുന്നോടിയായി പടുകൂറ്റന്‍ പ്രകടനം നടക്കുന്നു. അയാള്‍ പ്രകടനം ലൈവായിപാര്‍ട്ടിചാനലില്‍ കാണുകയായിരുന്നു.പ്രകടനത്തിന്റെ മുന്‍‌നിര സമ്മേളന വേദിയില്‍പ്രവേശിച്ചയുടനെ നേതാവ് സമ്മേളനത്തിന്റെ ഉത്ഘാടന പ്രസംഗം ആരംഭിച്ചു.

നേതാവിന് മണിക്കൂറുകള്‍ക്കകം ഗുരുവായൂരില്‍ കൊച്ചുമകന്റെ ചോറൂണിന് എത്തണമായിരുന്നു. നേതാവിന്റെ തീപ്പൊരി പ്രസംഗംകേട്ട് അയാള്‍ കോള്‍മയര്‍ കൊണ്ടു.പെട്ടന്ന് അയാളുടെ നെഞ്ചൊന്നു പിടഞ്ഞു.ശ്വാസം എടുക്കാ‍നാവാതെ അയാള്‍പിടഞ്ഞു.നിമിഷങ്ങള്‍ക്കകം അയാളുടെ വീടിന്റെ പടിക്കല്‍ ആംബുലന്‍സ് എത്തി.സൈറണ്‍ ഇട്ടുകൊണ്ട് ആംബുലന്‍സ് പാഞ്ഞു.വാഹനങ്ങള്‍ വഴിമാറി. പക്ഷേപാര്‍ട്ടിപ്രകടനം കഴിഞ്ഞിരുന്നില്ല.ആംബുലസിന്റെ വഴിമുടങ്ങി.അയാള്‍ ശ്വാസത്തിനായിപിടഞ്ഞു.

നേതാവ് പ്രസംഗം നിര്‍ത്തി കാറില്‍ കയറി.അണികള്‍ നേതാവിനു വേണ്ടി വഴിമാറി.പ്രകടനം മുറിച്ച് നേതാവിന്റെ കാറിന് വഴിയൊരുക്കി.നേതാവിന്റെ കാറ് നൂറ്റമ്പതില്‍ഗുരുവായൂര്‍ക്ക് പാഞ്ഞു. നേതാവിന്റെ കാറിന്റെ പുറകേ ആംബുലന്‍സും പ്രകടനത്തിന്റെഇടയിലേക്ക് കയറി. നിമിഷങ്ങള്‍ക്ക കം എവിടെനിന്നെക്കയോ കല്ലുകള്‍ പാഞ്ഞുവന്നു.

പിറ്റേന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്ത പാര്‍ട്ടി സമ്മേളനത്തെക്കുറിച്ചായിരുന്നു.നേതാവ് കൊച്ചുമകന് ചോറൂണ് നടത്തുന്ന പടം എല്ലാപത്രങ്ങളുടെയുംആദ്യ പേജില്‍ തന്നെ ഉണ്ടായിരുന്നു. അയാളെക്കുറിച്ചുള്ള വാര്‍ത്തയും പത്രങ്ങളില്‍ഉണ്ടായിരുന്നു.ചരമപേജില്‍ ആയിരുന്നുവെന്നു മാത്രം.