Saturday, November 17, 2007

ഗാന്ധിയന്‍

ഗാന്ധിജയന്തി ദിവസത്തില്‍ ഗാന്ധിസ്‌മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നതിന് ഒരു ഗാന്ധിയനെ തേടി പാര്‍ട്ടിക്കാര്‍ നടന്നു. അവസാനം അയാളെതേടി പാര്‍ട്ടിക്കാര്‍ എത്തി.പാര്‍ട്ടിക്കാര്‍ പോയതിനുശേഷം താന്‍ നിധി പോലെ സൂക്ഷിച്ചിരുന്ന ഗാന്ധിതൊപ്പി പെട്ടിയില്‍ നിന്ന്
എടുത്തു.ആ തൊപ്പിക്ക് പാറ്റാഗുളികയുടെ മണം ആയിരുന്നു.ഗാന്ധിജയന്തി ദിനത്തില്‍ അതിരാവിലെ അയാളെ വീട്ടുപടിക്കല്‍ എസി ക്വാളിസ് വന്നു നിന്നു.തന്റെ ഊന്നുവടിയുമായി അയാള്‍ യോഗസ്ഥലത്തേക്ക് പോന്നു.

നേതാക്കന്‍‌മാരെല്ലാം വാടകയ്ക്ക് എടുത്ത ഗാന്ധിതൊപ്പിയും തലയില്‍ വെച്ച് അതിരാവിലെ തന്നെ വേദിയില്‍ എത്തിയിരുന്നു.ടിവിയില്‍ പരിപാടിയുടെ ലൈവ് ടെലികാസ്റ്റിങ്ങ് ഉള്ളത് കൊണ്ട് അവരെല്ലാം സുന്ദരന്‍‌മാരായിട്ടായിരുന്നു എത്തിയത്. അയാള്‍ നിലവിളക്ക് കത്തിച്ചിട്ട് ഗാന്ധിഅനുസ്മരണ പ്രഭാഷണം നടത്തി.തന്റെ പ്രഭാഷണത്തിനവസാനം അയാള്‍ “ഭാരത്
മാതാ കി ജയ് “
എന്നു വിളിച്ചു കൊടുത്തു.സദസ്സില്‍ ഇരുന്നവര്‍ അതേറ്റ് വിളിച്ചു.
മഹാത്മ ഗാന്ധി കി ജയ് “അയാള്‍ വിളിച്ചു.അതാരും ഏറ്റുവിളിച്ചില്ല.ഗാന്ധിജിക്ക് ഇനി ജയ് വിളിച്ചിട്ട് ഇനി എന്താകിട്ടാനാണ്?മണ്ഡലം പ്രസിഡണ്ടിനേയും,ജില്ലാകമ്മറ്റിയംഗത്തിനേയും,ജില്ലാ പ്രസിഡണ്ടിനേയും........ ഒക്കെ നോമിനേറ്റ് ചെയ്യാന്‍ ഗാന്ധിജിക്ക് ഇനി പറ്റത്തില്ലല്ലോ?പിന്നെന്തിന് ഗാന്ധിജിക്ക് ജയ് വിളിച്ച് വായിലെ വെള്ളം പറ്റിക്കണം. അയാള്‍ വേദിയില്‍ നിന്ന് ഇറങ്ങി.ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയില്‍ പങ്കെടുത്ത അയാള്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു.

1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയില്‍ പങ്കെടുത്ത അയാള്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു.

:)