Wednesday, May 7, 2014

സ്വപ്നങ്ങൾ കരിഞ്ഞുപോയവർ

വിവാഹരാത്രി...
ഒന്നിച്ചുചേരാൻ തുടങ്ങുന്നതിനു മുമ്പ് അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു...

"നമുക്കൊരു മോളുക്കുട്ടി.... നിന്നെപ്പോലെ...നമുക്കവളെ രാജകുമാരിയെപ്പോലെ വളര്‍ത്തണം"

"നമുക്കൊരു മോനുക്കുട്ടൻ മതി..അച്ഛനെപ്പോലെ" അവളും അയാളോട് മന്ത്രിച്ചു.

വിവാഹം കഴിഞ്ഞതിനു മൂന്നാലു മാസങ്ങൾക്ക് ശേഷം ഒരു ദിവസം അവൾ ക്ഷീണത്തോടെ തലകറങ്ങി താഴെവീണു. അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു. അവളും മന്ദഹസിച്ചു.

"ഇത് മോൾ തന്നയാ...എനിക്കുറപ്പാ..."അ അയാൾ പറഞ്ഞു.

"ആണായാലും പെണ്ണായാലും കുഴപ്പമൊന്നും ഇല്ലാതെ ഈശ്വരൻ തരുന്നതിനെ നമുക്ക് സന്തോഷത്തോടെ സ്വീകരിക്കാം" അവൾ പറഞ്ഞു.

ഗൈനിക് ഡിപ്പാർട്ടുമെന്റിനു മുന്നിൽ റിസൽട്ടിനായി അവർ കാത്തിരിക്കുകയായിരുന്നു. റിസൽട്ട് വാങ്ങി ഡോകടറെ കണ്ടു.

"ഇല്ല... റിസൽട്ട് നെഗറ്റീവ് ആണ്." 

രണ്ട് മാസങ്ങൾക്കു ശേഷം വീണ്ടും തലകറക്കം. 
ആശുപത്രി.. യൂറിൻ ടെസ്റ്റ്..
റിസൽട്ട് നെഗറ്റീവ്.
അവളുടെയും അവന്റെയും മുഖം വാടി...
അവൾ ക്ഷീണം കൊണ്ട് അവന്റെ മടിയിൽ തലവെച്ച് കിടന്നു...

ഡോക്ടർ പറഞ്ഞതുപ്രകാരം വീണ്ടും ടെസ്റ്റുകൾ...
ആശുപത്രികൾ..
 കൂടുതൽ ടെസ്റ്റുകൾ..

അവസാനം ആ റിസൽട്ട് !!!!

ബ്ലഡ് ക്യാൻസർ!!!!

ദിവസങ്ങൾ കൊഴിയുന്നു.....

"ഞാനൊരു കാര്യം പറഞ്ഞോട്ടെ..." അവൾ.

"ഹും..."അവൻ മൂളി.

"ചേട്ടന്‍ മറ്റൊരു വിവാഹം കഴിക്കണം...ആ പെൺകുട്ടി ചേട്ടനൊരു രാജകുമാരനയോ രാജകുമാരിയേയോ തരും... "

"ദുഃഖമോ സങ്കടമോ രോഗമോ വരുമ്പോൾ ഉപേക്ഷിക്കാനല്ലല്ലോ നമ്മൾ വിവാഹം കഴിച്ചത്... സന്തോഷവും സങ്കടവും ഒരുമിച്ച് പങ്കിടൂന്നതല്ലേ ജീവിതം?"

"എനിക്കിനി ഒരു സന്തോഷവും തരാൻ പറ്റില്ലല്ലോ... മരണത്തിലേക്ക് നടക്കുന്ന എനിക്കിനി ചേട്ടന്റെ സ്വപ്നങ്ങളിൽ കടന്നു വരാൻ പോലും പറ്റില്ലല്ലോ..." അവൾ.

"എല്ലാം വിധിയാണന്ന് കരുതി ആശ്വസിക്കാനല്ലേ നമുക്ക് പറ്റൂ.... ഒരു പക്ഷേ നീ മരിക്കുന്നതിനു മുമ്പേ ഞാൻ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയേക്കാം.. അങ്ങനെയൊരിക്കലും ഉണ്ടാകരുതേ എന്നാ ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത്.. റബറുകൊണ്ട് ബുക്കിലെ പെൻസിൽ വര മായ്ക്കുന്നതുപോലെ നിനക്കുമുമ്പേ ഞാനെന്റെ ജീവിതം മായിക്കാൻ ആഗ്രഹിച്ചതാ.. പക്ഷേ ഞാൻ പോയാൽ നീ ഒറ്റയ്ക്ക് വേദന സഹിക്കണമെല്ലോ എന്നു കരുതിയാ...." അവന്റെ കണ്ണിൽ നിന്ന് അടർന്നു വീണ കണ്ണുനീർ സ്ഫടിക ചില്ല് പൊട്ടിച്ചിതറും പോലെ അവളുടെ മുഖത്ത് വീണ് ചിതറി.

അവളുടെ രോഗത്തെ മരുന്നുകൾ കൊണ്ട്  കീഴടക്കാൻ കഴിയുകയില്ലന്ന് അവനറിയാമായിരുന്നു. ജീവിതത്തിലേക്ക് അവൾ തിരിച്ചുവരുമെന്നും തങ്ങൾ കണ്ട സ്വപ്നങ്ങൾ വിണ്ടും തളിർക്കുമെന്നും അവൻ അവളോട് പറഞ്ഞു കൊണ്ടിരുന്നു. അവനെ സങ്കടപ്പെടുത്തേണ്ട എന്ന കരുതി വേദനകൾക്കിടയിലും അവൾ അത് പുഞ്ചിരിയോട് തലയാട്ടി കേട്ടു.

"ഞാനൊരു കാര്യം പറഞ്ഞാൽ ചേട്ടൻ കേൾക്കുമോ?"

"നീ ആദ്യം പറയൂ...എന്നിട്ട് കേൾക്കാൻ പറ്റുന്നതാണങ്കിൽ കേൾക്കാം"

"പറ്റില്ലന്ന് മാത്രം പറയരുത്..."

അവൻ മൗനം പാലിച്ചു. അവൾ തുടർന്നു..

"എനിക്കിനി ആയുസ് ദിവസങ്ങൾ മാത്രമാണന്ന് എനിക്കറിയാം... ഞാൻ മരിച്ചാൽ ചേട്ടൻ മറ്റൊരു വിവാഹം കഴിക്കണം...നിങ്ങൾക്കുണ്ടാകുന്നത് ഒരു പെൺകുട്ടിയാണങ്കിൽ എന്റെ പേരതിന് ഇടണം... ആകാശത്തിലെ വെള്ളിമേഘമായി ഞാൻ പറന്നു പോകുമ്പോൾ നിങ്ങളെ കാണും...മഴമേഘമായി ഞാൻ മാറുമ്പോൾ നിങ്ങളിലേക്ക് ഞാൻ പെയ്തിറങ്ങും...നിങ്ങളുടെ സന്തോഷത്തിൽ ഞാനും അങ്ങനെ ചേരും..." അവൾ പൊട്ടിക്കരഞ്ഞു. അവൾ അവന്റെ മാറിലേക്ക് ചാരി. അവളുടെ ജീവൻ അവളിൽ നിന്ന് പറന്നു പോവുകയായിരുന്നു അപ്പോൾ.

അഗ്നി അവളുടെ ദേഹത്തെ ഏറ്റുവാങ്ങുമ്പോൾ ആകാശത്ത് ഇരുണ്ടുകൂടിയ മഴമേഘങ്ങൾ പെയ്യാതെ കാത്തു നിന്നു. കനലുകൾ ചാരത്തിനുള്ളിലേക്ക് ചുരുങ്ങിത്തുടങ്ങിയപ്പോൾ ആകാശത്ത് നിന്ന് മഴത്തുള്ളികൾ വീഴാൻ തുടങ്ങി.....

കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾക്ക് പ്രതീക്ഷയേക്കി മഴ പെയ്തിറങ്ങുമ്പോൾ കെട്ടടങ്ങുന്ന അവളുടെ ചിതയ്ക്ക് മുന്നിൽ അവൻ നിന്നു.... തന്റെ സ്വപ്നങ്ങളാണ് ആ ചിതയിൽ എരിഞ്ഞടങ്ങിയത്... സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതത്തിലേക്ക് അവൻ തിരിച്ചു നടന്നു...

3 comments:

സുധി അറയ്ക്കൽ said...

നല്ല സങ്കടം തോന്നി.

സുധി അറയ്ക്കൽ said...

താങ്കളുടെ കഥകൾ എന്നെ സെക്ഷനിലെ എല്ലാ പോസ്റ്റുകളും വായിച്ചു.
ഇനിയും തുടരേ എഴുതൂ.

മുബാറക്ക് വാഴക്കാട് said...

മുമ്പെവിടെയോ ഇത് വായിച്ചിട്ടുണ്ട്..
എങ്കിലും
ആസ്വദിച്ചു വായിച്ചു..