Friday, October 3, 2008

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :

(ചില നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ചില മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കാറുണ്ട് .. സിഗരറ്റ്കൂടിന്റെ പുറത്ത്പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നും മദ്യക്കുപ്പിയുടെ പുറത്ത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പുംഉണ്ട് . എല്ലാ മുന്നറിയിപ്പുകളും ‘ഉല്പന്നങ്ങളുടെ‘ പുറത്ത് ലേബലാക്കുന്ന കാലത്ത് .......)

എത്രയോ പെണ്ണുങ്ങളെ അവറാന്‍ കണ്ടതാണ് . പക്ഷേ ഒറ്റയൊരുത്തിയേയും അവറാന് പിടിച്ചില്ല. ഒരുത്തിക്ക് മുടിയുണ്ടങ്കില്‍ നിറമില്ല,നിറമുണ്ടങ്കില്‍ ചിരിയില്ല ,ചിരിയുണ്ടങ്കില്‍ മാന്മിഴിക്കണ്ണുകള്‍ ഇല്ല ,മാന്മിഴിക്കണ്ണുകള്‍ ഉണ്ടങ്കില്‍ അന്ന നടയില്ല ..ഇതെല്ലാം ഒത്തുവന്നാല്‍സ്ത്രിധനം ഇല്ല. സ്ത്രി തന്നെ ധനം ആണന്നും അവളൊരു മൊതലാണന്നും മനസ്സിലാക്കിയ അവറാന്‍ മൊതല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള‘നാമമാത്രമായ ഫീസ് ‘ ചോദിച്ചിട്ടും പെണ്ണിന്റെ അപ്പന്മാര്‍ അനങ്ങിയില്ല. എല്ല്ലാക്കൂടി ഒത്തുച്ചേര്‍ന്നപെണ്ണിനെനോക്കിയിരുന്നാല്‍ മൂക്കില്‍ പല്ലുകിളിക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞങ്കിലും അവറാന്‍ പിന്മാറിയില്ല . തന്റെ സ്വപ്നസുന്ദരിക്ക്വേണ്ടി അവറാന്‍ കാത്തിരുന്നു. അവറാന് മൂന്നാന്‍ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ഒരു ഇരയെകിട്ടിയാല്‍ മൂന്നാനങ്ങ് വെറുതെ വിടുമോ?അവറാന്റെ കൂടെ പെണ്ണുകാണാന്‍ പോയിത്തുടങ്ങിയപ്പോള്‍ മൂന്നാന് എന്നും പഞ്ചറാകുന്ന തുരുമ്പുപിടിച്ച റാലി സൈക്കളായിരുന്നെങ്കില്‍ഇന്ന് മൂന്നാ‍ന്റെ സഞ്ചാരം 125 സിസി ബൈക്കിലാണ്. എല്ലാം അവറാന്റെ പെണ്ണുകാണല്‍ കാണിക്കകള്‍. എല്ലാംകൂടി ഒത്തൂച്ചേര്‍ന്നഒരു പെണ്ണുണ്ടന്ന് അറിഞ്ഞ മൂന്നാന്‍ അവറാന്റെ അടുത്ത് പെണ്ണിന്റെ ഡീറ്റയിത്സ് എത്തിച്ചു

അവറാന്‍ മൂന്നാനയും കൂട്ടി പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലെത്തി.ഗെയ്റ്റില്‍ ഒരു ബോര്‍ഡ്. ‘പട്ടിയുണ്ട്.. കുരച്ച് പേടിപ്പിക്കും ,കടിക്കത്തില്ല ‘ബോര്‍ഡ് കണ്ട് അവറാന്‍ നിന്നു.മൂന്നാന്‍ അവറാന്റെ ചെവിയില്‍ പറഞ്ഞു.”പെണ്‍നിന്റെ തള്ള അകത്തുണ്ടനാ”.അവറാനെയും മൂന്നാനെയുംപെണ്ണിന്റെ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി.അവറാന്റെ മുന്നില്‍ പലഹാരങ്ങള്‍ നിരന്നു.വായിക്കകത്തേക്ക് ഉപ്പേരിയും ലഡുവും തള്ളിയിറക്കുമ്പോഴും അവറാന്റെ കണ്ണ് അടുക്കള ഭാഗത്തേക്ക് ആയിരുന്നു.

തിന്ന് തിന്ന് അവറാന് ഇക്കിള്‍ എടുത്തു തുടങ്ങിയപ്പോള്‍ അവള്‍ കടന്നു വന്നു.”ചായ” അവള്‍ മന്ത്രിച്ചു. അവറാന്റെ കാലില്‍ കൂടി ഒരു വിറയല്‍ കയറി.ട്രേയില്‍ നിന്ന് അവള്‍ ചായ എടുത്ത് അവനു നേരെ നീട്ടി. ചായ വാങ്ങിയപ്പോള്‍ അവന്റെ കൈകള്‍ വിറച്ചു.ചായ വാങ്ങിയപ്പോള്‍ അവളുടെ കൈയ്യില്‍ തോണ്ടാന്‍ അവനൊരു ശ്രമം നടത്താതിരുന്നില്ല.(പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും വാല് നേരെ ആവത്തില്ലല്ലോ?)ചായ ഗ്ലാസ് തുളുമ്പി.അവള്‍ കാലിന്റെ തള്ള വിരല്‍ കൊണ്ട് താജ്‌മഹല്‍ വരച്ചു.അവളുടെ മുഖത്ത് വിരിഞ്ഞിറങ്ങുന്ന നാണത്തിന്റെ പുഞ്ചിരിയില്‍ അവന്റെ മനം നിറഞ്ഞു. അവളെ മനസ്സിലേക്ക് സ്കാന്‍ ചെയ്ത് കയറ്റുമ്പോള്‍ അവളുടെ കഴുത്തില്‍ ഇട്ടിരിക്കുന്ന ചരടിലെ ബോര്‍ഡ് അവന്റെ കണ്ണില്‍ പതിഞ്ഞു.
“നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രിധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് ”
അവന്റെ കൈയ്യില്‍ നിന്ന് ചായ ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.അതോടൊപ്പം സ്വപ്നങ്ങളും .........

3 comments:

smitha adharsh said...

ഹൊ! അത് വല്ലാത്തൊരു മുന്നറിയിപ്പായിപ്പോയി

നരിക്കുന്നൻ said...

ഹഹ
ഇമ്മാതിരി മുന്നറിയിപ്പുകളുള്ള ലോക്കറിട്ട് പെണ്ണുങ്ങൾ ചന്തയിലിറങ്ങുന്ന കാലം വിധൂരമല്ല.മുന്നറിയിപ്പ് കലക്കി. സിഗരറ്റിനും, കള്ളിനും ഒക്കെ ആകാമെങ്കിൽ കല്യാണത്തിനെന്താ പറ്റാത്തെ?

കുത്തിക്കുറികള്‍ said...

adipoli......