Saturday, September 20, 2008

പാറുക്കുട്ടി പെണ്ണായി .. മരിച്ചുകഴിഞ്ഞപ്പോള്‍ അന്നമ്മച്ചിയും : കുഞ്ഞിക്കഥ

റ്റിന്റുമോനും പാറുക്കുട്ടിയും ഭയങ്കരകൂട്ടുകാരായിരുന്നു. കൂട്ടുകാരെന്ന് പറഞ്ഞാല്‍ ഭയങ്കരകൂട്ടുകാര്‍ . ഒരേ പ്രായം, ഒരേസ്കൂള്‍, ഒരേ ക്ലാസ് ... അങ്ങനെയാണ്അവര്‍ ഇതുവരേയും വന്നത് . രണ്ടുപേരും ഏഴാം ക്ലാസില്‍. ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നതും വരുന്നതും ,ഹോംവര്‍ക്ക് ചെയ്യുന്നതും ഒരുമിച്ച് .റ്റിന്റുമോന്‍ ജനിച്ച് മൂന്നുമാസം കഴിഞ്ഞാണ് പാറുക്കുട്ടി ജനിക്കുന്നത്. അതുകൊണ്ട് മൂത്താളാ‍യ തന്നെ ചേട്ടന്‍ എന്ന് വിളിക്കണമെന്ന് റ്റിന്റുമോന്‍കല്പിക്കേണ്ട താമസം പാറുക്കുട്ടി റ്റിന്റുമോനെ റ്റിന്റുമോന്‍ ചേട്ടാ എന്നാണ് വിളിക്കൂന്നത്. അടുത്തടുത്ത വീടായതുകൊണ്ട് ഒന്നുകില്‍ റ്റിന്റുമോനെകാണണമെങ്കില്‍ പാറുക്കൂട്ടിയുടെ വീട്ടില്‍ ചെല്ലണം . പാറുക്കുട്ടിയെ കാണണമെങ്കില്‍ റ്റിന്റുമോന്‍ എവിടാണന്ന് നോക്കിയാല്‍ മതി. അങ്ങനെ രണ്ടുപേരും ഭയങ്കരകൂട്ടുകാരായി കളിച്ചു ചിരിച്ച് കഴിയുന്ന ഒരു ദിവസം പാറുക്കുട്ടി സ്കൂളില്‍ പോകാന്‍ ഒരുങ്ങിയില്ല . പാറുക്കുട്ടിക്ക് സുഖമില്ലന്ന അമ്മ പറയുകയും ചെയ്തു.


വൈകിട്ട് പാറുക്കുട്ടിയെ തിരക്കി റ്റിന്റുമോന്‍ പാറുക്കുട്ടിയുടെ വീട്ടിലെത്തി. പാറുക്കുട്ടി സന്തോഷത്തോടെ അവിടെയുണ്ട്. ഇവള്‍ക്കൊരസുഖവുമില്ലാതെമഠിച്ചിരിക്കുകയാണന്ന് റ്റിന്റുമോന് മനസ്സിലായി. റ്റിന്റുമോന്‍ പാറുക്കുട്ടിയെ കളിക്കാനായി വിളിച്ചു. പാറുക്കുട്ടി റ്റിന്റുമോന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങുകയുംപാറുക്കുട്ടിയുടെ അമ്മയുടെ വിളിയെത്തി.. “എടീടീടീ... നിന്നോട് ഞാന്‍ എന്തുവാടീ പറഞ്ഞത് ?”. അമ്മയുടെ വിളിവന്നതും ഞാനിനി കളിക്കാനില്ലഎന്ന് പറഞ്ഞ് പാറുക്കുട്ടി മുറ്റത്തുനിന്ന് കയറി. റ്റിന്റുമോന് സങ്കടമായി. ഇന്നലവരേയും പാറുക്കുട്ടിയെ തന്റെകൂടെ കളിക്കാന്‍ പറഞ്ഞുവിട്ടിരുന്നഅമ്മ ഇന്ന് അവളെ വഴക്കുപറഞ്ഞിരിക്കുന്നു. റ്റിന്റുമോന്‍ ഒന്നും പറയാതെ മരച്ചുവട്ടില്‍ പോയിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ അതാ പാറുക്കുട്ടിവരുന്നു. അവള്‍ റ്റിന്റുമോന് തന്റെ കൈയ്യിലിരുന്ന പാ‍ത്രം കൊടുത്തു. അവനത് ആദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ലങ്കിലും അതിനകത്ത് തനിക്ക് ഇഷ്ടപ്പെട്ട ഉണ്ണിയപ്പം ആണന്ന് കണ്ടപ്പോള്‍ വിഷമമൊക്കെ മറന്ന് പാത്രം വാങ്ങി. രണ്ട് ഉണ്ണിയപ്പം പാത്രത്തില്‍നിന്നെടുത്ത് അവള്‍ക്കും കൊടൂത്തു അവന്‍.

“എവിടന്നാ ഈ ഉണ്ണിയപ്പം..”

“അമ്മയുണ്ടാക്കിയതാ...” .
അവന്‍ ഉണ്ണിയപ്പം എല്ലാം തിന്നുതീര്‍ത്തു.

“നമുക്കിനി കളിക്കാന്‍ പോകാം ...”അവന്‍ പാറുക്കുട്ടിയുടെ കൈയ്യില്‍ പിടിച്ചു വലിച്ചു.

“ഞാനിനി റ്റിന്റുമോന്‍ ചേട്ടന്റെ കൂടെ കളിക്കാനില്ല...”

“അതെന്താ .. ഞാന്‍ നിന്നെ വഴക്കൊന്നും കെട്ടിയില്ലല്ലോ..?”

“വഴക്ക്കെട്ടിയതുകൊണ്ടന്നും അല്ല ... ഞാനൊരു പെണ്ണായി ... അതുകൊണ്ട് ഇനി അധികവും കളിയും നടത്തമൊന്നും വേണ്ടാന്ന് അമ്മ പറഞ്ഞു ... അതിനാ ഇന്ന്അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയത് ...”

റ്റിന്റുമോന്‍ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി. ഇനി തന്റെ കൂടെ കളിക്കാന്‍ പാറുക്കുട്ടി വരത്തില്ലന്ന് മാത്രം അവന് മനസ്സിലായി. അവന്‍ വീട്ടില്‍ചെന്ന് കയറിയപ്പോള്‍ ചായകുടിക്കാന്‍ അമ്മ വിളിച്ചു. അവന്‍ ചായകുടിക്കാന്‍ ചെന്നപ്പോള്‍ ചായയുടെ കൂടെ കുഴിയന്‍ പാത്രത്തില്‍ ഉണ്ണിയപ്പം.

“ പാറുക്കൂട്ടിയുടെ വീട്ടില്‍ നിന്നാണോ അമ്മേ ഉണ്ണീയപ്പം...”

“അല്ലടാ , ഇന്ന് കിഴക്കേലേ അന്നമ്മച്ചിയുടേ ആണ്ട് അടിയന്തരമായിരുന്നു... അവിടെ നിന്ന് കൊണ്ടുത്തന്നതാ ....”

അമ്മ പറഞ്ഞതുകേട്ട് അവന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ...

“അന്നമ്മച്ചി മരിച്ചു കഴിഞ്ഞിട്ടാ പെണ്ണായതല്ലേ ...? പിന്നെ ... നമ്മുടെ പാറുക്കുട്ടി എന്തിനാ ഇപ്പോഴേ പെണ്ണായത് ...?”പാത്രത്തിലെ ഉണ്ണിയപ്പം തീര്‍ന്നുകഴിഞ്ഞിട്ടും റ്റിന്റുമോന് ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ല.

4 comments:

smitha adharsh said...

എന്റമ്മേ...!!!
സമ്മതിച്ചു..
ഇതു ഭാവനയാണോ? അതോ,ഉണ്ടായതോ?
ഏതായാലും കൊള്ളാം.

siva // ശിവ said...

സുന്ദരം ഈ കുഞ്ഞിക്കഥ...

siva // ശിവ said...

സുന്ദരം ഈ കുഞ്ഞിക്കഥ...

പിരിക്കുട്ടി said...

kollallo