Monday, May 12, 2008

ശോശക്കുട്ടിയുടെ പ്രാര്‍ത്ഥന :

പള്ളിയിലേക്ക് പുതിയതായി വന്ന അച്ചന്‍ എല്ലാ കുഞ്ഞാടുകളേയും അങ്ങ് നന്നാക്കി കളയാം എന്ന് വിചാരിച്ച് കപ്യാര് പയ്യനേയും കൂട്ടി ഭവനസന്ദര്‍ശനത്തിന് ഇറങ്ങി.ഒന്നാം ദിവസത്തെ ഭവന സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ അച്ചനാളുശരിയല്ലന്ന് കപ്യാര്‍ക്കും പത്താം ക്ലാസു തോറ്റ് പഠിപ്പുനിര്‍ത്തിയ കപ്യാരു ശരിയല്ലന്ന് അച്ചനും തോന്നി. പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിട്ടല്ല, അവര്‍ക്ക് അങ്ങനെയങ്ങ് തോന്നി.

രണ്ടാം ദിവസം അവര്‍ ഭവനസന്ദര്‍ശനത്തിനിടയില്‍ അവര്‍ ശോശക്കുട്ടിയുടെ വീട്ടില്‍ ചെന്നു.പേരിലൊരു കുട്ടിയുണ്ടങ്കിലും ശോശക്കുട്ടി വെറും ഒരു കുട്ടി അല്ലായിരുന്നു.പതിനഞ്ചും പത്തും വയസ്സുള്ള രണ്ടുകുട്ടികളുടെ അമ്മയും ഗള്‍ഫില്‍ ജോലിയുള്ള തോമസ്സ്കുട്ടിയുടെ ഭാര്യയും ആയിരുന്നു.പരിചയപ്പെട്ടുവന്നപ്പോള്‍ ശോശക്കുട്ടിയുടെ വകയിലുള്ള ഏതൊഒരമ്മായിയുടെ മോനായിട്ട് അച്ചന്‍ വരും.സംസാരത്തിനിടയില്‍ ശോശക്കുട്ടിയുടെ മകള്‍കുട്ടി ചായയുമായി വന്നു.ചായകൊടുക്കുമ്പോള്‍ കപ്യാ‍രു മകള്‍കുട്ടിയെ നോക്കി ചിരിക്കുന്നത് അച്ചന്‍ കണ്ടു.ചായ ഊതി
കുടിക്കുമ്പോള്‍ കപ്യാരു അച്ചനെ ഇറികണ്ണിട്ടു നോക്കി.അച്ചനത്രെ ആളു ശരിയല്ലല്ലോ !!!

കുശലങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അച്ചനും കപ്യാരും പ്രാര്‍ത്ഥിക്കാനായി എഴുന്നേറ്റു.എവിടെ നിന്നേ തപ്പിക്കൊണ്ടു വന്ന കീറത്തുണി തലയിലിട്ട് വാതില്‍പ്പടിയില്‍ ചാരി ശോശക്കുട്ടി പ്രാര്‍ത്ഥനയ്ക്ക് തയ്യാറെടുത്തു.മകള്‍കുട്ടിയും അമ്മയുടെ ചാരത്ത് തന്നെ നിലയുറപ്പിച്ചു.കണ്ണുകള്‍ അടച്ച് പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങിയ അച്ചന്‍ ഒരു നിമിഷം പ്രാര്‍ത്ഥന നിര്‍ത്തി.“ശ്ശ്...ശ്...ശ്...ശ്ശ്...”ആരോ വിളിക്കുന്നു.അച്ചന്‍ ചെവി വട്ടം പിടിച്ചു.വാതിക്കല്‍ നിന്നാണ് ശബ്ദം.ശോശക്കുട്ടിയുടെ മകള്‍ കുട്ടി കപ്യാരു പയ്യനെ വിളിക്കുകയാണന്ന് അച്ചന്‍ കരുതി.കപ്യാരെ രണ്ട് തെറി പറയണമെന്ന് അച്ചന്‍ മനസ്സില്‍ പറഞ്ഞു.

അച്ചന്റെ പ്രാര്‍ത്ഥനയുടെ ഒഴുക്ക് നിന്നപ്പോള്‍ കപ്യാരു പയ്യന്‍ അച്ചനെയൊന്ന് നോക്കി.അച്ചന്‍ വാതിക്കലോട്ട് പാളി നോക്കുന്നു.അച്ചന്‍ ശോശക്കുട്ടിയെ നോക്കുവാണന്ന് പയ്യന്‍ കരുതി.വീണ്ടും അച്ചന്‍ പ്രാര്‍ത്ഥന തുടര്‍ന്നു. “ശ്ശ്...ശ്...ശ്...ശ്ശ്...”ആരോ വിളിക്കുന്നു.പയ്യന്‍ അച്ചനെ നോക്കി.ശോശക്കുട്ടി അച്ചനെ വിളിക്കുവാണന്ന് പയ്യന്‍ കരുതി.

അച്ചന്‍ പ്രാര്‍ത്ഥന നിര്‍ത്തി. “ശ്ശ്...ശ്...ശ്...ശ്ശ്...” എന്ന ശബ്ദം ഇപ്പോഴും കേള്‍ക്കാം.അച്ചനും കപ്യാരും ഒരുമിച്ച് തിരിഞ്ഞ് നോക്കി.വാതില്‍പ്പടിയില്‍ ചാരി കണ്ണുകള്‍ അടച്ച് ശോശക്കുട്ടി അങ്ങ് പ്രാര്‍ത്ഥിക്കുകയാണ്.ഇപ്പോഴും പഴയ ശബ്ദം കേള്‍ക്കാം.“ശ്ശ്...ശ്...ശ്...ശ്ശ്...”.അച്ചന് പെട്ടന്ന് ലൈറ്റ് കത്തി.ശോശക്കുട്ടി സ്‌തോത്രം സ്‌തോത്രം എന്നാണ് പറയുന്നത്.ഭക്തികൊണ്ട് തോത്രം അങ്ങ് വിഴുങുന്നതുകൊണ്ട് ശ്..ശ്..ശ് എന്നെ കേള്‍ക്കുന്നുള്ളു. അച്ചനും കപ്യാരും വീട്ടില്‍ നിന്നിറങ്ങി.അപ്പോഴും ശോശക്കുട്ടി വിളിച്ചു കൊണ്ടിരുന്നു.“ശ്ശ്...ശ്...ശ്...ശ്ശ്...”.

1 comment:

ബാജി ഓടംവേലി said...

നല്ല കഥ...
തുടരുക...
സസ്‌നേഹം
ബാജി ഓടംവേലി( കോഴഞ്ചേരി )