Sunday, April 27, 2008

ഭാഗവതര്‍ :

ഭാഗവതരുടെ അപ്പൂപ്പന്‍ഭാഗവതര്‍ രാജാവിന്റെ കൊട്ടാരത്തിലെ പാട്ടുകാരനായിരുന്നു. അപ്പൂപ്പന്‍ഭാഗ വതരുടെ പാട്ടില്‍ രാജാവ് അങ്ങ് ലയിച്ചിരിക്കും.രാജാവിന്റെ പള്ളിയുറക്കത്തിന് അപ്പൂപ്പന്‍ഭാഗവതരുടെ പാട്ട് രാജാവിന് നിര്‍ബന്ധമായിരുന്നു.അപ്പൂപ്പന്‍ഭാഗവതരുടെ പാട്ടിന് പ്രതിഫലമായി രാജാവ് 100
ഏക്കറും വലിയ ഒരു വീടും നല്‍കി.പക്ഷേ നമ്മുടെ ഭാഗവതര്‍ ജനിച്ചു കഴിഞ്ഞപ്പോഴേക്കും
ഭൂപരിഷ്കരണം നടപ്പിലായി,100 ഏക്കറും ഗവണ്മെന്റെ അങ്ങ് എടുത്തു.മിടുക്കുള്ള മന്ത്രിവരെ ഏക്കറു കണക്കിന് ഭൂമി ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പേരിലാക്കിയപ്പോള്‍ അപ്പന്‍ഭാഗവതര്‍ക്ക് കുരുട്ടുബുദ്ധി യില്ലാത്തതുകൊണ്ട് അത്തരം തരികിട ചെയ്തില്ല.

ഭാഗവതര്‍ എന്ന പേരുമാത്രം മിച്ചമാക്കി നമ്മുടെ ഭാഗവതര്‍ ജീവിച്ചു വന്നു.വല്ലപ്പോഴും സംഗീതം
പഠിക്കാന്‍ എത്തുന്നവരുടെ ദക്ഷിണ ആയിരുന്നു വരുമാനം.സംഗീതത്തിനു വേണ്ടി ജീവിതം മാറ്റിവച്ചതുകൊണ്ട് വിവാഹം കഴിക്കാനും പോയില്ല.ഇടിഞ്ഞു വീഴാറായ വീട്ടില്‍ ഭാഗവതര്‍ സംഗീതം പഠിക്കാന്‍വരുന്ന കുട്ടികളെ സ്വപ്നം കണ്ട് കാത്തിരുന്നു.പക്ഷേ ആരു എത്തിയില്ല.സ്കൂള്‍ യുവജനോത്സവത്തിനു പാടാന്‍ പോലും പാട്ടുപടിക്കാന്‍ ആരും എത്തിയില്ല.

ഒരു ദിവസം ഭാഗവതരുടെ വീട്ടിലേക്ക് ഒരാള്‍ കടന്നു വന്നു.ഭാഗവതര്‍ അയാളെ പ്രതീക്ഷയോടെ
നോക്കി.
”ആരാ ഇവിടെ പാട്ടു പഠിപ്പിക്കുന്നത് ?” അയാള്‍ ചോദിച്ചു.
“ഞാനാ..” ഭാഗവതര്‍ പറഞ്ഞു.
“ഡാന്‍സ് അറിയാമോ ?”അയാള്‍ ചോദിച്ചു.
”ഇല്ല”ഭാഗവതര്‍ പറഞ്ഞു.
“അഭിനയിക്കാന്‍ അറിയാമോ ?”അയാള്‍ ചോദിച്ചു.
”ഇല്ല”ഭാഗവതര്‍ പറഞ്ഞു.
അയാള്‍ പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി.ഇത്തരം അനുഭവം കുറേ ആയപ്പോള്‍ ഭാഗവതര്‍ കാര്യംഅന്വേഷിച്ചു.
“ഭാഗവതരേ,ഇപ്പോള്‍ സംഗീതം കൊണ്ട് മാത്രം കാര്യമില്ല ....പാട്ടുപാടികൊണ്ട് ഡാന്‍സ്
ചെയ്യാനും,അഭിനയിക്കാനും അറിയണം ....”ആരോ പറഞ്ഞു.
“പാട്ടുപാടികൊണ്ട് ഡാന്‍സ് ചെയ്യുകയോ ? അപ്പോള്‍ ആരോഹണ അവരോഹണം പിഴയ്ക്കുകയില്ലേ ?” ഭാഗവതര്‍ ചോദിച്ചു.
“എന്റെ ഭാഗവതരേ ഇപ്പോള്‍ പാട്ടിനു ആരോഹണ അവരോഹണം ഒന്നും ഇല്ല ...ടെമ്പോയും
,സംഗതിയുമേ ഉള്ളു..” ഭാഗവതര്‍ ഒന്നും പറയാതെ നടന്നകന്നു.

അന്നു രാത്രിയില്‍ പെയ്ത് കനത്ത മഴയില്‍ ഭാഗവതരുടെ വീട്ഇടിഞ്ഞു വീണു.ഭാഗവതര്‍ ഇടിഞ്ഞുവീണ വീട്ടില്‍ ജീവനു വേണ്ടി പിടയുമ്പോള്‍ ടിവി ചാനലിലെ റിയാലിറ്റി സംഗീതമത്സരത്തിലെ വിജയിക്ക് അമ്പത്‌ലക്ഷത്തിന്റെ ഫ്ലാറ്റ് നല്‍കുകയായിരുന്നു. സംഗീതസരസ്വതിക്ക് ഫ്ലാറ്റ്കാരുടെ ദക്ഷിണ!!!!!!!!! ഭാഗവതരുടെ ജീവനോടൊപ്പം സംഗീതസരസ്വതിയും ദേവലോകത്തേക്ക് പോയതാരും അറിഞ്ഞില്ല.

3 comments:

Anonymous said...

Nice story...this is a great arrrow against current reality shows...

സുധി said...

ithonnu ishtayi mashe.. vallandu

Muralee Mukundan , ബിലാത്തിപട്ടണം said...

ഭാഗവതരുടെ ജീവനോടൊപ്പം സംഗീതസരസ്വതിയും ദേവലോകത്തേക്ക് പോയതാരും അറിഞ്ഞില്ല.