Thursday, November 25, 2010

പ്ലാനിംങ്ങ്

മുന്നിലെ ടീപ്പോയിലിരിക്കുന്ന ഓരോ പാത്രങ്ങളിലും നോക്കി കണ്‍ഫ്യൂഷനായിരിക്കുമ്പോഴാണ് ചായയും കൊണ്ടും ആളെത്തിയത്.എന്നാപിന്നെ ചായ കുടിച്ച് കണ്‍ഫ്യൂഷന്‍ തീര്‍ക്കാമെന്ന് വെച്ച് ചായ കുടിച്ചു കൊണ്ട് മുന്നിലെ പാത്രങ്ങളിലേക്ക് നോക്കി. മിക്‍സ്ചര്‍,പക്കാവട,ലഡു, ബിസ്ക്കറ്റ് ഇത്യാധികള്‍ എന്നെ നോക്കി ഞാനാദ്യം ഞാനാദ്യം എന്ന് പറഞ്ഞ് നിലവിളിക്കുന്നു. ശെടാ ഇതൊരുമാതിരി കുരുക്കായല്ലോ? ഒരു ലഡു എടുത്ത് മുറിച്ച് വായിലോട്ട് ഇടുകയും പെണ്ണിന്റെ അപ്പന്‍ പറയുന്നു. ചെറുക്കന് പെണ്ണിനോട് എന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടങ്കില്‍ ആവാം. മുന്നിലിരിക്കുന്ന സാധനങ്ങള്‍ പെണ്ണിനോട് സംസാരിച്ചിട്ട് വരുമ്പോള്‍ ടീപ്പോയില്‍ തന്നെ കാണുമെന്ന് ഉറപ്പില്ല. ഒരു ലഡു മാത്രമേ ഇതുവരെ എടുത്തിട്ടും ഉള്ളൂ. പത്തമ്പത് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് വന്നത് ഒരു ലഡു തിന്നാനായിരുന്നോ എന്ന് മനസാക്ഷി ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍കും.

“ഈ ചായ കുടിച്ചിട്ട് സംസാരിച്ചാല്‍ പോരെ” വായിക്കകത്ത് കിടക്കുന്ന ലഡുവിനെ നാക്കുകൊണ്ട് ഒരു വശത്തേക്ക് അഡ്ജസ്റ്റ് ചെയ്തിട്ട് ചോദിച്ചു.

“മതി മതി പതിയെ ചായ കുടിച്ചിട്ട് സംസാരിച്ചാല്‍ മതി”

പതിയെ ചായ കുടിച്ച് അഞ്ചാറു ബിസ്ക്കറ്റും നാലഞ്ചു ലഡുവും കാല്‍ക്കിലോ മിക്സ്ചറും അകത്താക്കി. നമുക്ക് വേണ്ടി വാങ്ങി വെച്ച സാധനം നമ്മള്‍ തിന്നില്ലങ്കില്‍ അവര്‍ക്കേന്തു തോന്നും??? ഇവനൊരു മര്യാദക്കാരനല്ലന്ന് പെണ്ണൂകാണല്‍ ദിവസം തന്നെ അവരെക്കൊണ്ട് പറയിപ്പിക്കണ്ടായല്ലോ!!!

പെണ്‍കൊച്ച് മുറിയുടെ വാതിക്കല്‍ നിന്ന് വാ ചേട്ടാ വാ ചെട്ടാ എന്ന് കണ്ണുകൊണ്ട് വിളിക്കുന്നതായി തോന്നി. പെണ്ണിന്റെ അപ്പന്‍ മോനെ സംസാരിക്കടാ എന്ന് പറയാതെ പോയി സംസാരിക്കുന്നത് ശരിയല്ലല്ലോ? ചായ കുടിച്ച് മിനിട്ട് പത്ത് കഴിഞ്ഞിട്ടും പെണ്ണിന്റെ അപ്പന്‍ മിണ്ടുന്നില്ല. ഇനി കാത്തിരുന്നിട്ടൊന്നും കാര്യമില്ല. അങ്ങോട്ട് തന്നെ പറയാം....

“സംസാരിക്കാന്‍ ...എനിക്ക് ” എന്റെ വിക്കല്‍ കണ്ടിട്ടായിരിക്കണം പെണ്ണിന്റെ അപ്പന്‍ ഭാര്യയൊട് പറഞ്ഞു

“ഒരു ഗ്ലാസ് വെള്ളം ഇങ്ങെടുത്തേ?”

“എനിക്ക് വെള്ളം ഒന്നും വേണ്ട....” ഞാന്‍ പറഞ്ഞു.

“മോനല്ല.. എനിക്കാ വെള്ളം” ഭാര്യകൊണ്ടുവന്ന വെള്ളം വാങ്ങിക്കുടിച്ചിട്ടാ മോളോട് സംസാരിക്കാനുള്ള അനുവാദം അങ്ങേര് തന്നത്.

പെണ്‍കൊച്ച് മുറിക്കകത്തേക് വിളിച്ചു. ദേ ഇപ്പം എല്ലാം പറഞ്ഞ് സെറ്റപ്പാക്കി നാലാം‌ പക്കം കല്യാണം എന്നു നിനച്ച് അകത്തേക്ക് കയറി.
“ഇരിക്ക്” പെണ്‍കൊച്ച് പറഞ്ഞു
മുറിയില്‍ കസേര നോക്കിയിട്ട് ഒരൊറ്റ കസേര ഇല്ല. ഒരു മേശമാത്രം ഉണ്ട്. സ്വന്തം വീട്ടില്‍ ഇരിക്കുന്നതുപോലെ മേശയില്‍ കയറി ഇരുന്നാലോ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ പെണ്‍കൊച്ച് ആശ്വാസമായി എത്തി.
“കട്ടിലില്‍ ഇരുന്നോ?”
അങ്ങനെ കട്ടിലില്‍ ഇരുന്നു.പെണ്‍കൊച്ച് മേശയില്‍ ചാരി നിന്നു. എന്ത് സംസാരിക്കും എന്ന് ആലോചിച്ച് പെണ്‍കൊച്ചിന്റെ മുഖത്തേക്ക് നോക്കി. തിയേറ്ററില്‍ പടം കാണാന്‍ മുന്നിലെ സീറ്റിലിരുന്ന് സ്ക്രീനിലെക്ക് നോക്കുന്നതുപോലെയായിരുന്നു നോട്ടം.
എന്താ പേര് ?
കൊച്ച് പേര് പറഞ്ഞു. സംസാരിക്കുമ്പോള്‍  നോട്ടത്തിന്റെ ഡയറക്ഷനു ഒരു മാറ്റവും വരുത്തിയിട്ടില്ലായിരുന്നു ഞാന്‍ .

“എന്താ പ്ലാന്‍ ?” കൊച്ചിന്റെ ചോദ്യം.
ചോദ്യം കേട്ട് ഞാന്‍ ഞെട്ടി.
എന്റെ നോട്ടം കണ്ട് കൊച്ച് തെറ്റിദ്ധരിച്ചു കലിപ്പിച്ച് ചോദിച്ചതായിരിക്കുമോ? നിന്റെ നോട്ടം ശരിയല്ലടാ എന്ന് പലരും പറഞ്ഞിട്ടൂണ്ടങ്കിലും ആ മാതിരി നോട്ടമൊന്നും ഞാന്‍ ഈ കൊച്ചിനെ നോക്കിയിട്ടില്ല. പെട്ടന്ന് കൊച്ച് ജനാലയ്ക്കലേക്ക് പോയി ജനല്‍പ്പാളികള്‍ തുറന്നിട്ടു,ഞാനിനി അതിനെ എന്തെങ്കിലും ചെയ്താല്‍ ജനലിനകത്തൂടെ മുറ്റത്ത് നില്‍ക്കുന്നവര്‍ക്ക് കാണുകയും അവര്‍ക്ക് കൊച്ചിനെ രക്ഷിക്കുകയും ചെയ്യാം എന്ന കണക്കുകൂട്ടല്‍ ആയിരിക്കുമോ കൊച്ചിന്റെ മനസില്‍ ‍.

“എന്തു പ്ലാന്‍ ...എനിക്കൊരു പ്ലാനും ഇല്ല ?“ ഞാന്‍ പറഞ്ഞു,
എനിക്ക് നിന്നെ എന്തെങ്കിലും ചെയ്യണമെന്നുള്ള യാതൊരു ദുരുദ്ദേശവും ഇല്ല കൊച്ചേ എന്ന് മനസില്‍ പറഞ്ഞു.

ഞാനൊന്നും മിണ്ടതെ ഇരിക്കുന്നതു കണ്ടിട്ട് അത് ചോദ്യം വിശദീകരിച്ചു.
“പ്ലാനിംങ്ങ് എന്താ?”

വീണ്ടും ഞാന്‍ ഞെട്ടി. പെണ്ണുകാണാന്‍ വന്ന ചെറുക്കനോട് പെണ്ണു ചോദിക്കുന്നു പ്ലാനിംങ്ങ് എന്താണന്ന്. ശ്ശെടാ ഇതിനോടെന്താ പറയുന്നത്. ഇപ്പോഴത്തെ പെണ്‍‌കൊച്ചുങ്ങളൊക്കെ സ്‌ട്രെറ്റ്‌ഫോര്‍‌വേര്‍ഡാണന്ന് പറയുന്നത് ശരിയാ. പെണ്ണുകാണാന്‍ വന്ന ചെറുക്കനോടു തന്നെ  പ്ലാനിങ്ങിനെക്കുറിച്ച് ചോദിക്കുന്നു. ഇപ്പോഴത്തെ പെണ്‍‌പിള്ളാര്‍ക്ക് പ്രസവിക്കാന്‍ മടിയാണന്ന് എവിടയോ വായിച്ചത് ഓര്‍ത്തു. എത്ര പ്രസവിക്കേണ്ടി വരുമെന്നങ്ങാണം അറിയാനിരിക്കുമോ ചോദ്യം

“അതൊക്കെ കല്യാണം കഴിച്ചിട്ട് ഒരുമിച്ച് തീരുമാനിക്കേണ്ട കാര്യമല്ലേ” ഞാന്‍ ചോദിച്ചു.

“അതൊക്കെ ചേട്ടനല്ലിയോ തീരുമാനിക്കുന്നത്” പെണ്‍കൊച്ച് വീണ്ടും പന്ത് തട്ടി നമ്മുടെ കാല്‍ക്കലെക്ക് ഇട്ടു.

ഒരു മൂന്നാലു പിള്ളാരു വേണമെന്ന് പറയാന്‍ തുടങ്ങിയെങ്കിലും ഒരു.. എന്ന് പറഞ്ഞ് നിര്‍ത്തി.

“കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഇപ്പോഴത്തെ കമ്പിനി മാറുന്നുള്ളോ? പപ്പ പറഞ്ഞായിരുന്നു കല്യാണം കഴിഞ്ഞിട്ട് പുതിയ കമ്പിനിയിലേക്ക് മാറുമെന്ന്...” അതാ ചോദിച്ചത്. പെണ്‍കൊച്ച് പറഞ്ഞു.

ശ്ശൊ !!!! ആമാശത്തില്‍ കിടന്ന് കഴിച്ച നാ‍ലു ലഡുവും ഒരുമിച്ച് പൊട്ടി.... പ്ലാനിങ്ങ്  എന്താണന്ന് ചോദിച്ചപ്പോള്‍ മൂന്നാലു പിള്ളാരു  വേണമെന്ന് പറയാതിരുന്നത് നന്നായി.

Tuesday, January 19, 2010

സെയില്‍‌സ് ഗേള്‍

അവള്‍ നഗരത്തിലെ തുണിക്കടയില്‍ സെയില്‍‌സ് ഗേളായിരുന്നു.

അയാളുടെ മകളും അവളും കൂട്ടുകാരികളായിരുന്നു.

അയാളുടെ മകന് അവളോട് പ്രണയമായിരുന്നു.

അവള്‍ക്കും അവനോട് പെരുത്ത ഇഷ്ടമായിരുന്നു.

അവളെ തനിക്ക് ഇഷ്ടമാണന്നും അവളെ വിവാഹം കഴിക്കാന്‍ സമ്മതിക്കണമെന്നും അവന്‍ തന്റെ അപ്പനോട് പറഞ്ഞു.

വീടു കാണാന്‍ വന്ന അവളുടെ വീട്ടുകാരോട് അയാള്‍ പറഞ്ഞു.”കടയില്‍ സാധനം എടുത്തുകൊടുക്കാന്‍ നില്‍ക്കുന്ന ഒരു പെണ്ണിനെ കെട്ടേണ്ട ഗതികേട് എന്റെ മോനില്ല”

സ്ത്രിധനമായിട്ട് രണ്ടു ലക്ഷം രൂപാ തരുവാണങ്കില്‍ നീ അവളെ കെട്ടിക്കോളാന്‍ അയാള്‍ മകനോട് പറഞ്ഞു.

മാസം രണ്ടായിരം രൂപാ ശമ്പളം കിട്ടുന്ന അവള്‍ക്കെങ്ങനെ രണ്ടു ലക്ഷം രൂപാ ഉണ്ടാക്കാന്‍ പറ്റും.??

അവളുടെ കഷ്ടപ്പാടുകള്‍ കണ്ട് മനസലിഞ്ഞ ആരോ ഒരാള്‍ നല്‍കിയ വിസയില്‍ അവള്‍ ഗള്‍ഫില്‍ എത്തി.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ നാട്ടില്‍ എത്തിയപ്പോള്‍ അയാള്‍ തന്റെ മകനുവേണ്ടി പെണ്ണുകാണാന്‍ അവളുടെ വീട്ടിലെത്തി.

“സ്ത്രിധനമായിട്ട് എന്തുകിട്ടണാമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ?” അവളുടെ അപ്പന്‍ അയാളോട് ചോദിച്ചു.

“നിങ്ങളുടെ പെണ്ണിന് എന്താണന്ന് വച്ചാല്‍ നിങ്ങള്‍ങ്ങ് കൊടുത്താല്‍ മതി“ അയാള്‍ പറഞ്ഞു.

കല്യാണ കഴിഞ്ഞ ദിവസം അയാളോട് ആരോ ചോദിച്ചു.“കടയില്‍ സാധനം എടുത്തുകൊടുക്കാന്‍ നില്‍ക്കുന്ന പെണ്ണിനെ നിങ്ങളുടെ മോനെക്കൊണ്ട് കെട്ടിക്കുന്നില്ല എന്ന് പറഞ്ഞിട്ട് അവന്‍ അവളെതന്നെ കെട്ടിയല്ലോ ..?”

“അവളിന്ന് സാധനമെടുത്തുകൊടുക്കുന്ന പെണ്ണൊന്നും അല്ല. ഗള്‍ഫിലെ ഒരു കടയില്‍ കസ്റ്റമയര്‍ അഡ്‌വൈസറാ..” അയാള്‍ പറഞ്ഞു.

“രണ്ടു ഒന്നും തന്നെയല്ല്ലേ ?” ചോദ്യം ചോദിച്ച ആള്‍ക്ക് വീണ്ടും സംശയം.

“രണ്ടും ഒന്നു തന്നെയാണങ്കിലും അവളിപ്പോള്‍ ഗള്‍‌ഫിലല്ലേ?” അയാള്‍ പറഞ്ഞു.

Friday, November 6, 2009

നേതാവും സമരമുഖങ്ങളും

ഒന്നാം സമരമുഖം ::
തൊഴിലില്ലായ്‌മ‌യ്ക്കും നിയമന നിരോധനത്തിനും പെന്‍‌ഷന്‍പ്രായം കൂട്ടുന്നതിനെതിരേയും നേതാവ് സമരം നയിച്ചു. യുവജനങ്ങള്‍ തങ്ങളുടെ രക്ഷകനായി നേതാവിനെ കണ്ടു. നേതാവ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആരംഭിച്ചു . നേതാവ് സമരമുഖങ്ങളില്‍ അണയാത്ത അഗ്നിയായി ആളിക്കത്തി. കാരണം നേതാവിന് മറ്റ് ജോലികള്‍ ഇല്ലായിരുന്നു.

രണ്ടാം സമരമുഖം ::
പെ‌ന്‍ഷന്‍ ഏകീകരണത്തിനും പെന്‍‌ഷന്‍‌പ്രായം കൂട്ടുന്നതിനും നേതാവ് സമരം നയിച്ചു. ഗവ‌ണ്‍‌മെന്റ് തൊഴിലാളികള്‍ തങ്ങളുടെ രക്ഷകനായി നേതാവിനെ കണ്ടു. ജ്വലിക്കുന്ന സമരാവേശവുമായി നേതാവ് തൊഴിലാളികള്‍ക്ക് ഊര്‍ജ്ജം നല്‍കി. കാരണം നേതാവിന്റെ ഭാര്യയ്ക്ക് ഗവണ്‍‌മെന്റ് ജോലിയായിരുന്നു.

മൂന്നാം സമരമുഖം ::
തൊഴിലില്ലായ്‌മ‌യ്ക്കും നിയമന നിരോധനത്തിനും പെന്‍‌ഷന്‍പ്രായം കൂട്ടുന്നതിനെതിരേയും നേതാവ് സമരം നയിച്ചു. യുവജനങ്ങള്‍ പഴയതെല്ലാം മറന്ന് നേതാവിന്റെ പിന്നില്‍ അണിനിരന്നു. പോലീസിന്റെ ജലപീരങ്കികളിലും ഷെല്ലുകളിലും പതറാതെ എങ്ങനെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് എങ്ങനെയെന്ന് നേതാവ് സ്റ്റഡിക്ലാസുകള്‍ എടുത്തു. കാരണം നേതാവിന്റെ മക്കള്‍ പി.എസി.എസി. പരീക്ഷ എഴുതി തുടങ്ങിയിരുന്നു....

.

Tuesday, May 19, 2009

കുടുംബത്തിലെ അടി :

അവര്‍ക്ക് മൂന്ന് ആണ്‍‌മക്കളായിരുന്നു. ഏക്കറുകണക്കിനു റബ്ബറായിരുന്നു അവരുടെ സ്വത്ത്. സത്യക്രിസ്ത്യാനികളായ അവര്‍വേദവചനങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന വരാണന്ന് അച്ചനും പള്ളിക്കാരും വിശ്വസിച്ചിരുന്നു. അപ്പന്റേയും മക്കളുടേയുംഒരുമയില്‍ അമ്മ അഭിമാനം കൊണ്ടു. അവര്‍ അപ്പനും മക്കളും എന്നതിനെക്കാള്‍ കൂട്ടുകാരേപ്പോലെ ആണന്ന് അമ്മ എല്ലാവരോടും പറഞ്ഞു. ചില സമയങ്ങളില്‍ വീട്ടില്‍ നിന്ന് അട്ടഹാസങ്ങളും പൊട്ടിച്ചിരികളും ശബ്ദ്ദകോലാഹലങ്ങളുംഉയരുമ്പോള്‍ എന്തായിരുന്നു ഇന്നലെ അവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ “ ഓ ,അത് ബഹളമൊന്നും അല്ലന്നേ അപ്പനും മക്കളും വെള്ളമടിച്ചിട്ടാ” അമ്മ പറയും. “അപ്പനും മക്കളും ഒരുമിച്ചിരുന്നാ അടിക്കുന്നത് “ എന്ന് അമ്മ അഭിമാനത്തോടെ നാട്ടുകാരോട് പറഞ്ഞു. എല്ലാ ആഘോഷങ്ങള്‍ക്കും അടിക്കാന്‍ അപ്പന്റെയും മക്കളുടേയും കൂടെ അമ്മയും ചേരും. കാലക്രമത്തില്‍മക്കള്‍ക്ക് വിവാഹപ്രായമെത്തിയന്ന് അപ്പനുമമ്മയ്ക്കും തോന്നുകയും അവര്‍ മൂന്നുപേരേയും കെട്ടിച്ചു. വിവാഹ സല്‍ക്കാരവേളയില്‍ കര്‍ത്താവ് പച്ചവെള്ളം വീഞ്ഞാക്കി കൊടുത്തുവെങ്കില്‍ അപ്പനുമക്കളും അല്പം‌പോലും വെള്ളമൊഴിക്കാതെ വിവാഹ ‘സല്‍ക്കാരം’നടത്തിയത്. ‍ കല്യാണം കഴിഞ്ഞ് നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വീട്ടില്‍ നിന്ന് അസാധാരണമായ രീതിയില്‍ ബഹളങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
“അപ്പനും മക്കളും ഇപ്പോഴും ഒരുമിച്ചിരുന്നാണോ അടിക്കുന്നത് ?” ആരോ അമ്മയോട് ചോദിച്ചു .അവര്‍ അല്പം നേരം മിണ്ടാതെ നിന്നിട്ട് ശബ്ദ്ദം താഴ്ത്തിപ്പറഞ്ഞു. “ അപ്പനും മക്കളും കൂടെ ഒരുമിച്ചിരുന്ന് അടിക്കുന്ന ബഹളമല്ല ഇപ്പോള്‍കേള്‍ക്കുന്നത് . മക്കളും മരുമക്കളും ഒരുമിച്ച് നിന്ന് തന്തേയും തള്ളേയും അടിക്കുന്നതിന്റെ ബഹളമാ ഇപ്പോള്‍ കേള്‍ക്കുന്നത് ...” .

Thursday, February 5, 2009

കെട്ടുതാലി :

ഒറ്റമകനായ അയാളെ അപ്പനും അമ്മയും പഠിപ്പിച്ചു. പഠിച്ചു കഴിഞ്ഞ ഉടനെ ആറക്കശമ്പളത്തില്‍ ജോലിക്ക് കയറിയ അയാള്‍ തന്നെ തനിക്ക് ചേര്‍ന്ന ഒരുവളെ കണ്ടെത്തി. തന്റെ അപ്പന്റേയും അമ്മയുടേയും ‘കോലം’ തനിക്ക് നാണക്കേട് ഉണ്ടാക്കുന്നതായി അയാള്‍ക്ക് തോന്നി. പല്ലുകള്‍ ഉന്തിയ അമ്മയും എല്ലുകള്‍ തെളിഞ്ഞ അപ്പനും തന്റെ വിലക്കും നിലയ്ക്കും ചേര്‍ന്നതല്ലന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. തന്റെ മക്കള്‍ അവരുടെ കൂടെ കഴിഞ്ഞാല്‍ ‘കള്‍ച്ചര്‍‌ലസ്സ് ഇന്‍ഡീസന്റ് ‘ ആയിപ്പോകുമെന്നുള്ള ഭാര്യയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ആയപ്പോള്‍ അവരെ ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ആക്കാന്‍ അയാള്‍ തീരുമാനിച്ചു.

തന്റെ അപ്പനും അമ്മയും നിമിഷങ്ങളുടെ വെത്യാസത്തില്‍ മരിച്ചതറിഞ്ഞ് അയാള്‍ വൃദ്ധസദനത്തില്‍ എത്തി ചുളുവുകള്‍ വീണഅവരുടെ ‘ബോഡി’ ഏറ്റുവാങ്ങി. ശവമടക്ക് ചടങ്ങുകള്‍ നടത്താന്‍ കൊട്ട്വേഷന്‍ എടുത്ത ‘ഇവന്റ് മാനേജ്‌മെന്റു‘കാര്‍ അയാളുടെഅമ്മയുടെ ശരീരം കുളിപ്പിച്ചപ്പോള്‍ , അമ്മയുടെ കഴുത്തില്‍ മിന്നുമാല കണ്ടില്ല. അവരുടനെ അയാളെ അതറിയിച്ചു. ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ചെല്ലുമ്പോഴും അമ്മയുടെ കഴുത്തില്‍ മിന്നുമാല ഇല്ലായിരുന്നുവെന്ന് ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനക്കാര്‍ പറഞ്ഞു. അയാള്‍ അമ്മയുടെ മിന്നുമാല തപ്പിത്തുടങ്ങി. അതൊരിക്കലും തനിക്ക് കണ്ടെത്താനാവത്തില്ലന്ന് അയാള്‍ക്കറിയില്ലായിരുന്നു. കാരണം തന്റെ ഭാര്യയുടെ കെട്ടുതാലി വിറ്റാണ് അയാളുടെ അപ്പന്‍ ഫൈനല്‍ എക്സാമിനുള്ള ഫീസ് അയാള്‍ക്ക് അയച്ചുകൊടുത്തത് .