Monday, February 3, 2014

അന്ധന്റെ അവസാന ആഗ്രഹം

അയാൾ ജന്മനാ അന്ധനായിരുന്നു.

നിറങ്ങളും കാഴ്ചകളും ഇല്ലാത്ത ലോകത്ത് ശബ്ദം ആയിരുന്നു അയാളുടെ കാഴ്ചകൾ.
കാതായിരുന്നു അയാളുടെ കണ്ണുകൾ...

പകൽരാത്രി വെത്യാസം ഇല്ലാത്ത അയാളുടെ ലോകത്തേക്ക് എപ്പോഴോ എവിടെവെച്ചോ അവൾ കടന്നുവന്നു.

അവരുടെ വിവാഹം കഴിഞ്ഞു... അവൾ അവനു കാഴ്ചയായി.

അയാൾ അവളോട് പറഞ്ഞു...
"നമുക്കൊരു മോൻ ജനിച്ചാൽ,വയസാകുമ്പോൾ അവൻ നമ്മളെ പൊന്നു പോലെ നോക്കും"

കാഴ്ച ശക്തിയുള്ള മകനായി അയാൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു...

അയാൾക്കൊരു മകൻ ജനിച്ചു...

ഭാര്യയുടെ വർണ്ണനകളിലൂടെ അയാൾ മകനെ കണ്ടു... മകന്‍ വളരുന്നത് അവന്റെ ശബ്ദ്ദത്തിലൂടെ അയാൾ അറിഞ്ഞു...

മകന്റെ വിവാഹം....
ഒരിക്കലും കണ്ണുകൊണ്ട് കാണാത്ത മകനെ അയാൾ മാറോട് ചേർത്തു അനുഗ്രഹിച്ചു.
പിന്നീട് വല്ലപ്പോഴും മാത്രം അവന്റെ ശബ്ദ്ദം കേള്‍ക്കുമ്പോൾ മകൻ തങ്ങളിൽ നിന്ന് അകലുകയാണന്ന് അയാൾക്ക് തോന്നി.

വർഷങ്ങൾ കഴിഞ്ഞു...
മരണം കാത്ത് അയാൾ കിടന്നു...
മകന്റെ ശബ്ദ്ദം കേട്ടിട്ട് വർഷങ്ങളാകുന്നു....

അയാൾ ഭാര്യയോട് പറഞ്ഞു..
"നമ്മുടെ മോൻ അന്ധനായിട്ട് ജനിച്ചാൽ മതിയായിരുന്നല്ലേ?"

"എന്താ അങ്ങനെ പറയുന്നത്?" ഭാര്യ ചോദിച്ചു.

"അവൻ എപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ടാവുമായിരുന്നില്ലേ? ഞാൻ പോയാലും അവൻ നിന്നെ നോക്കിയേനെ."

"അങ്ങനെയൊന്നും പറയാതെ..." ഭാര്യ അയാളെ തടസപ്പെടുത്തി..

തന്റെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് അകക്കണ്ണുകൊണ്ട് അയാൾക്ക് കാണാമായിരുന്നു.