Showing posts with label രാഷ്‌ട്രീയ കഥ. Show all posts
Showing posts with label രാഷ്‌ട്രീയ കഥ. Show all posts

Friday, February 8, 2008

വാര്‍ത്ത :

നഗരത്തില്‍ പാര്‍ട്ടിയുടെ മഹാസമ്മേളനം നടക്കുന്നു.നാട്ടിലെല്ലാം കമാനങ്ങള്‍ഉയര്‍ന്നു. ചാനലുകളില്‍ സമ്മേളനം ലൈവായി കാണിച്ചു.പത്രങ്ങളില്‍ സമ്മേളനത്തിന്റെ വാ‍ര്‍ത്തകളായിരുന്നു അധികവും.സമാപനദിവസം എത്തി.സമാപനത്തിന്മുന്നോടിയായി പടുകൂറ്റന്‍ പ്രകടനം നടക്കുന്നു. അയാള്‍ പ്രകടനം ലൈവായിപാര്‍ട്ടിചാനലില്‍ കാണുകയായിരുന്നു.പ്രകടനത്തിന്റെ മുന്‍‌നിര സമ്മേളന വേദിയില്‍പ്രവേശിച്ചയുടനെ നേതാവ് സമ്മേളനത്തിന്റെ ഉത്ഘാടന പ്രസംഗം ആരംഭിച്ചു.

നേതാവിന് മണിക്കൂറുകള്‍ക്കകം ഗുരുവായൂരില്‍ കൊച്ചുമകന്റെ ചോറൂണിന് എത്തണമായിരുന്നു. നേതാവിന്റെ തീപ്പൊരി പ്രസംഗംകേട്ട് അയാള്‍ കോള്‍മയര്‍ കൊണ്ടു.പെട്ടന്ന് അയാളുടെ നെഞ്ചൊന്നു പിടഞ്ഞു.ശ്വാസം എടുക്കാ‍നാവാതെ അയാള്‍പിടഞ്ഞു.നിമിഷങ്ങള്‍ക്കകം അയാളുടെ വീടിന്റെ പടിക്കല്‍ ആംബുലന്‍സ് എത്തി.സൈറണ്‍ ഇട്ടുകൊണ്ട് ആംബുലന്‍സ് പാഞ്ഞു.വാഹനങ്ങള്‍ വഴിമാറി. പക്ഷേപാര്‍ട്ടിപ്രകടനം കഴിഞ്ഞിരുന്നില്ല.ആംബുലസിന്റെ വഴിമുടങ്ങി.അയാള്‍ ശ്വാസത്തിനായിപിടഞ്ഞു.

നേതാവ് പ്രസംഗം നിര്‍ത്തി കാറില്‍ കയറി.അണികള്‍ നേതാവിനു വേണ്ടി വഴിമാറി.പ്രകടനം മുറിച്ച് നേതാവിന്റെ കാറിന് വഴിയൊരുക്കി.നേതാവിന്റെ കാറ് നൂറ്റമ്പതില്‍ഗുരുവായൂര്‍ക്ക് പാഞ്ഞു. നേതാവിന്റെ കാറിന്റെ പുറകേ ആംബുലന്‍സും പ്രകടനത്തിന്റെഇടയിലേക്ക് കയറി. നിമിഷങ്ങള്‍ക്ക കം എവിടെനിന്നെക്കയോ കല്ലുകള്‍ പാഞ്ഞുവന്നു.

പിറ്റേന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്ത പാര്‍ട്ടി സമ്മേളനത്തെക്കുറിച്ചായിരുന്നു.നേതാവ് കൊച്ചുമകന് ചോറൂണ് നടത്തുന്ന പടം എല്ലാപത്രങ്ങളുടെയുംആദ്യ പേജില്‍ തന്നെ ഉണ്ടായിരുന്നു. അയാളെക്കുറിച്ചുള്ള വാര്‍ത്തയും പത്രങ്ങളില്‍ഉണ്ടായിരുന്നു.ചരമപേജില്‍ ആയിരുന്നുവെന്നു മാത്രം.

Saturday, November 17, 2007

ഗാന്ധിയന്‍

ഗാന്ധിജയന്തി ദിവസത്തില്‍ ഗാന്ധിസ്‌മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നതിന് ഒരു ഗാന്ധിയനെ തേടി പാര്‍ട്ടിക്കാര്‍ നടന്നു. അവസാനം അയാളെതേടി പാര്‍ട്ടിക്കാര്‍ എത്തി.പാര്‍ട്ടിക്കാര്‍ പോയതിനുശേഷം താന്‍ നിധി പോലെ സൂക്ഷിച്ചിരുന്ന ഗാന്ധിതൊപ്പി പെട്ടിയില്‍ നിന്ന്
എടുത്തു.ആ തൊപ്പിക്ക് പാറ്റാഗുളികയുടെ മണം ആയിരുന്നു.ഗാന്ധിജയന്തി ദിനത്തില്‍ അതിരാവിലെ അയാളെ വീട്ടുപടിക്കല്‍ എസി ക്വാളിസ് വന്നു നിന്നു.തന്റെ ഊന്നുവടിയുമായി അയാള്‍ യോഗസ്ഥലത്തേക്ക് പോന്നു.

നേതാക്കന്‍‌മാരെല്ലാം വാടകയ്ക്ക് എടുത്ത ഗാന്ധിതൊപ്പിയും തലയില്‍ വെച്ച് അതിരാവിലെ തന്നെ വേദിയില്‍ എത്തിയിരുന്നു.ടിവിയില്‍ പരിപാടിയുടെ ലൈവ് ടെലികാസ്റ്റിങ്ങ് ഉള്ളത് കൊണ്ട് അവരെല്ലാം സുന്ദരന്‍‌മാരായിട്ടായിരുന്നു എത്തിയത്. അയാള്‍ നിലവിളക്ക് കത്തിച്ചിട്ട് ഗാന്ധിഅനുസ്മരണ പ്രഭാഷണം നടത്തി.തന്റെ പ്രഭാഷണത്തിനവസാനം അയാള്‍ “ഭാരത്
മാതാ കി ജയ് “
എന്നു വിളിച്ചു കൊടുത്തു.സദസ്സില്‍ ഇരുന്നവര്‍ അതേറ്റ് വിളിച്ചു.
“മഹാത്മ ഗാന്ധി കി ജയ് “അയാള്‍ വിളിച്ചു.അതാരും ഏറ്റുവിളിച്ചില്ല.ഗാന്ധിജിക്ക് ഇനി ജയ് വിളിച്ചിട്ട് ഇനി എന്താകിട്ടാനാണ്?മണ്ഡലം പ്രസിഡണ്ടിനേയും,ജില്ലാകമ്മറ്റിയംഗത്തിനേയും,ജില്ലാ പ്രസിഡണ്ടിനേയും........ ഒക്കെ നോമിനേറ്റ് ചെയ്യാന്‍ ഗാന്ധിജിക്ക് ഇനി പറ്റത്തില്ലല്ലോ?പിന്നെന്തിന് ഗാന്ധിജിക്ക് ജയ് വിളിച്ച് വായിലെ വെള്ളം പറ്റിക്കണം. അയാള്‍ വേദിയില്‍ നിന്ന് ഇറങ്ങി.ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയില്‍ പങ്കെടുത്ത അയാള്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു.

Wednesday, October 17, 2007

ജനസേവകന്‍

ഏറ്റവും മികച്ച ജനസേവകനുള്ള അവാര്‍ഡ് അയാള്‍ക്കായിരുന്നു.ആ അവാര്‍ഡ് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭിക്കുകയില്ലായിരുന്നു.കാരണം ആഅവാര്‍ഡ് ഏര്‍പ്പെടുത്തിയത് തന്നെ അയാളായിരുന്നു. അയാളുടെ അമ്മായിയപ്പ്നും,അളിയന്റെ ചേട്ടനും ,അയാളുടെ ഡ്രൈവറും ആയിരുന്നുഅവാര്‍ഡ് കമ്മറ്റിയംഗങ്ങള്‍.

അവാര്‍ഡുദാന സമ്മേളനത്തില്‍‌വെച്ച് അയാള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.അതിനുശേഷം അയാള്‍ തന്റെ ജനസേവനം അക്കമിട്ട് നിരത്തി.അയാള്‍വളരെ ചെറുപ്പം മുതലേ ജനങ്ങളെ സേവിക്കാന്‍ തുടങ്ങി യതാണത്രെ!!!അയാള്‍ തന്റെ ആദ്യ സേവനത്തെക്കുറിച്ച് വിവരിച്ചു.അഞ്ചാം വയസ്സില്‍ ഇഡലി തിന്നുകൊണ്ടിരുന്ന അയാളുടെ മുന്നിലേക്ക് അന്ധനായ ഭിക്ഷക്കാരന്‍ പിച്ചച്ചട്ടിയുമായി വന്നപ്പോള്‍ പിച്ചക്കാരന് രണ്ട്ഇഡലി കൊടുത്തുകൊണ്ടാണത്രെ അയാള്‍ തന്റെ ജനസേവനം തുടങ്ങിയത്. ഇഡലി കൊടുത്തിട്ട് പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ നിന്ന് പണംകൈയ്യിട്ട് വാരിയത് അയാള്‍ പറഞ്ഞില്ല.

Friday, October 12, 2007

ഒന്നാം റാങ്കുകാരന്‍

അയാളുടെ അച്ഛന്‍ ഒരു ഗാന്ധിയനായിരുന്നു.അച്ഛന്‍ അയാളെ ഗാന്ധിയന്‍ തത്വങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് അയാള്‍ഗാന്ധിജിയുടെ പേരിലുള്ള സര്‍വകലാശാലയിലെ ഗാന്ധിയന്‍ തോട്സ് ഓഫ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്.

ഒന്നാം റാങ്കോടെ അയാള്‍ പഠനം പൂര്‍ത്തിയാക്കി.ഒരു ജോലിക്കായി അന്വേഷ്ണം ആരംഭിച്ചു.അങ്ങനെ അയാള്‍ ഗാന്ധിയന്‍ദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നടത്ത് അഭിമുഖത്തിന് എത്തി.അഭിമുഖത്തില്‍ വിജയി ച്ചെങ്കിലും അഭിമുഖം നടത്തിയവര്‍തൃപ്‌തരായില്ല.അവര്‍ക്ക് ഗാന്ധിയന്‍ തത്വങ്ങള്‍ മാത്രം പോരായി രുന്നു.;ഗാന്ധിതലയും വേണമായിരുന്നു.

അയാള്‍ അന്വേഷ്ണം തുടര്‍ന്നു. ഗാന്ധിയന്‍ തത്വങ്ങള്‍ പഠിച്ച അയാളെ ആരും ജോലിക്കെടുത്തില്ല. ഗാന്ധിയന്‍ തത്വങ്ങള്‍ക്ക്വിലയില്ലന്നയാള്‍ക്ക് മനസ്സിലായി.അവസാനം അയാള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു.അയാള്‍ രാഷ്ട്രീയ പടവുകള്‍ഓരോന്നായി ചവിട്ടിക്കയറി.അതിനയാള്‍ക്ക് ഗാന്ധിതലയുടെ പിന്‍ബലം ഉണ്ടായിരുന്നു.

Monday, October 8, 2007

എക്സപ്രസ്സ് ഹൈവേ:

കേരളത്തിന്റെ വടക്കേയറ്റത്തുള്ള അയാള്‍ എക്സപ്രസ്സ് ഹൈവേയ്‌ക്കെതിരായി ജനങ്ങളെ സംഘടിപ്പിച്ചു. അയാളുടെ തീപ്പൊരി പ്രസംഗം കേട്ട് ജനങ്ങള്‍ കൈയ്യടിച്ചു.നാടിനെവെട്ടിമുറിക്കാന്‍ സമ്മതിക്കത്തില്ലന്ന് ജനങ്ങളെ കൊണ്ടയാള്‍ പ്രതിജ്ജ ചെയ്യിച്ചു.

സര്‍ക്കാര്‍ അയാളെ ചര്‍ച്ചയ്ക്ക് വിളിച്ചു.ഒരു മണിക്കൂറിനുള്ളില്‍ അയാള്‍ ‘വടക്കു’നിന്ന്തലസ്ഥാനത്ത് എത്തി.ഒരു കാരണവശാലും തങ്ങള്‍ കേരളത്തെ വെട്ടിമുറിക്കാന്‍സമ്മതിക്കിത്തില്ലന്ന് കട്ടായം പറഞ്ഞു.”ജനങ്ങള്‍ക്ക് വേണ്ടായെങ്കില്‍ ഞങ്ങള്‍ക്കുംവേണ്ട” സര്‍ക്കാരും പറഞ്ഞു.

അയാള്‍ വീണ്ടും വടക്കോട്ട് യാത്രയായി.തിരിച്ചുവന്ന അയാള്‍ക്ക് ജനങ്ങള്‍ വമ്പിച്ചസ്വീകരണം നല്‍കി.സ്വീകരണത്തിന്റെ ആരവം ഒഴിഞ്ഞപ്പോള്‍ സമരഫണ്ടില്‍നിന്ന് രണ്ടുലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റി.സ്വന്തം വിമാനമാണങ്കിലുംസമരാവേശം കൊണ്ട് അത് തനിയേ പറക്കത്തില്ലല്ലോ?

Friday, October 5, 2007

അധിനിവേശം

അമേരിക്കന്‍ അധിനിവേശത്തെക്കുറിച്ചും ക്യൂബന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുംഅയാള്‍ ജനങ്ങളെ ബോധവാന്മാരാക്കി.നമ്മുടെ വിദ്യാഭാസ രീതിയെ അമേരിക്കഹൈജാക്ക് ചെയ്തെന്ന് അയാള്‍ പറഞ്ഞത് അവര്‍ക്ക് മനസ്സിലായില്ല.അതൊന്നും അയാള്‍ക്ക്പ്രശ്‌നമല്ലായിരുന്നു.സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ അയാള്‍ പരിതപിച്ചു.ആന്ധ്രയിലെമുടിഗൊണ്ടയില്‍ നടന്ന പോലീസ് വെടിവയ്പ്പില്‍ മരിച്ചവരെ അയാള്‍ അനുസ്മരിച്ചു.പക്ഷേബംഗാളിലെ നന്ദിഗ്രാ‌മത്തില്‍ പോലീസ് വെടിവയ്പ്പില്‍ മരിച്ചവരെ അയാള്‍ ഓര്‍ത്തില്ല. അയാളുടെ പ്രസംഗം കേട്ട് ജനങ്ങള്‍ കൈയ്യടിച്ചു.നാട്ടിലെ എല്ലാ സ്വാശ്രയകോളേജുകളും പൂട്ടിക്കണമെന്നയാള്‍ പറഞ്ഞു.അയാളുടെ മകളപ്പോള്‍ ദൂരയുള്ള ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ പരീക്ഷ എഴുതുകയായിരുന്നു.നാട്ടില്‍ കച്ചവടംചെയ്യാന്‍ വന്ന കുത്തക കമ്പിനികളെ നാട്ടില്‍ നിന്ന് തുരത്താന്‍ സമരത്തിന് തയ്യാറാകാന്‍ അയാള്‍ആഹ്വാനം ചെയ്തു.കുത്തക കമ്പിനി അയാള്‍ക്ക് നല്‍കിയ ബ്ലാങ്ക് ചെക്ക് അയാളുടെപോക്കറ്റില്‍ സുരക്ഷിതമായിരുന്നു. അയാളുടെ മൊബൈല്‍ അടിച്ചു.അമേരിക്കയില്‍ പഠിക്കുന്ന മകനാണ്.അയാള്‍വേഗം പ്രസംഗം നിര്‍ത്തി.അയാളുടെ കാര്‍ ബാങ്കിലേക്ക് പാഞ്ഞു.കുത്തക കമ്പിനി നല്‍കിയ ബ്ലാങ്ക് ചെക്കില്‍ പത്തുലക്ഷമെന്നയാള്‍ എഴുതി.മകന്റെ പേരില്‍ അയാള്‍ ഡിഡി എടുത്തു.ഫീസു കൊടുക്കാതെ മകനെ ആരും വെറുതെ പഠിപ്പിക്കത്തില്ലല്ലോ? അയാള്‍ വേഗം ബാങ്കില്‍ നിന്ന് ഇറങ്ങി.അമേരിക്കന്‍ അധിനിവേശത്തിനുംസ്വാശ്രയ വിദ്യഭ്യാസത്തിനും എതിരെ സ‌മരം നയിക്കേണ്ടത് അയാളായിരുന്നു.