Showing posts with label വിവാഹ കഥ. Show all posts
Showing posts with label വിവാഹ കഥ. Show all posts

Friday, October 27, 2023

താലി

 ഭർത്താവ് ജോലി കഴിഞ്ഞ് വന്ന് കുളിക്കാൻ കയറിയപ്പോൾ മേശപ്പുറത്ത് വെച്ച ഫോൺ ചായയുമായി വന്ന ഭാര്യ എടുത്തു നോക്കി. നിമിഷങ്ങൾക്കകം ഭാര്യ ചായയുമായി തിരികെപ്പോയി.... കുളികഴിഞ്ഞിറക്കിയ ഭർത്താവ് പതിവ് ചായ കാണാഞ്ഞിട്ട് ഭാര്യയെ വിളിച്ചു.. 


ഭാര്യയുടെ സൈഡിൽ നിന്ന് റസ്പോൺസൊന്നും ഉണ്ടാകാഞ്ഞിട്ട് ഭർത്താവ് ഹാളിലേക്ക് ചെന്നു. ഭാര്യ ഹാളിലുണ്ട്. ഭർത്താവിന് എന്തങ്കിലും പറയാൻ അവസരം കിട്ടുന്നതിനു മുമ്പേ ഭാര്യയുടെ ചോദ്യം


"നിങ്ങളെന്താ ഇന്ന് വന്ന ഉടനെ നേരെ കുളിക്കാൻ കയറിയത്..."


"ഭയങ്കര ക്ഷീണമായിരുന്നു... ട്രയിനിലൊക്കെ ഭയങ്കര തിരക്കാ ഇപ്പോ "


"അതു ശരിയാ, നിങ്ങൾക്കിന്ന് നല്ല ക്ഷീണം കാണുമെന്ന് എനിക്കറിയാം"


"നീ എന്താ അങ്ങനെ പറഞ്ഞത്... എന്തോ ഉള്ളിൽ വെച്ച് സംസാരിക്കുന്നതു പോലെ "


"എൻ്റെ ഉള്ളിൽ എന്തായാലെന്താ ?"


"അല്ല, നീ ചായ ഇട്ടില്ലേ?"


" ഞാൻ ചായ ഇട്ട് തന്നില്ലങ്കിൽ നിങ്ങടെ മറ്റവളെ വിളിച്ചോണ്ട് വന്ന് ചായ ഇടീക്ക് "


"ശെടാ.... നീ എന്താ ഈ പറയുന്നത് ? ഏതാ ഈ മറ്റവൾ "


"ഒന്നും അറിയാത്തതുപോലെ.. നിങ്ങളെ ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുവായിരുന്നു... കുറച്ച് നാളായി നിങ്ങടെ ഒരുക്കം കണ്ടപ്പോഴേ എനിക്ക് തോന്നിയതാ നിങ്ങൾക്കെന്നെ വേണ്ടാതായീന്ന് "


"നീ എന്തുവാ ഈ പറഞ്ഞ് വരുന്നത് "


"ഞാനിനി എന്തു പറഞ്ഞിട്ടെന്താ.. നിങ്ങളിനി അവടെ കൂടെ പോയി നിന്നോ?"


"ആരുടെ കൂടയാ"


"നിങ്ങളിന്ന് ഒരുത്തിക്ക് താലി വാങ്ങിച്ച് കൊടുത്തില്ലേ... അവടെ കൂട്"


"ഞാനാർക്ക് താലി വാങ്ങിച്ച് കൊടുത്തന്നാ നീ പറയുന്നത്?"


"നിങ്ങളു കുളിക്കാൻ കയറിയപ്പോൾ നിങ്ങടെ വാട്സാപ്പ് ഞാനൊന്ന് നോക്കി... അതു കൊണ്ട് സത്യം മനസിലാക്കാൻ പറ്റി"


"നീ വാട്സാപ്പിൽ എന്താ കണ്ടത് "


''ഒരുത്തി നിങ്ങളോട് ഉച്ചയ്ക്ക് താലി വാങ്ങാൻ മറക്കരുതന്ന് "


അയാൾ ഫോൺ എടുത്ത് ഭാര്യയുടെ കൈയ്യിൽ കൊടുത്തു..


"നീ ആ മെസേജൊന്ന് കാണിച്ചേ?"


ഭാര്യ ഫോൺ വാങ്ങി മെസേജ് കാണിച്ചു..


ഓഫീസിലെ കനകയുടെ മെസേജ്


Thaali ട് vaanggan Marakkaruthu


അതിന് അയാളുടെ മറുപടി


എൻ്റെയും കൂടി ആവിശ്യമായതുകൊണ്ട് മറക്കില്ല 


അതിന് അവളുടെ ലവ് റിയാക്ഷൻ🩷


" ഇനി നിങ്ങൾക്ക് എന്താ പറയാനുള്ളത്...?' ഭാര്യ ചോദ്യചിഹ്നത്തോടെ മറുപടിക്കായി കാത്തു....


"എൻ്റെ പൊന്നു ഭാര്യേ ഞാൻ പറയുന്നത് കേൾക്കാൻ നീ തയ്യാറാകണം"


"നിങ്ങള് പറ... "


"ഓഫീസിൽ എൻ്റെ തൊട്ടപ്പുറത്തെ സീറ്റിലാ കനക. അതിനാണങ്കിൽ തുമ്മലോട് തുമ്മലും ചുമയും തൊണ്ടവേദനയും. ഞാൻ ഉച്ചയ്ക്ക് കഴിക്കാൻ ഇറങ്ങിയപ്പോൾ മൂന്നാല് താലീസ് വാങ്ങാൻ പറഞ്ഞിരുന്നു. അത് ഓർമ്മിപ്പിക്കാൻ അയച്ച മെസേജാ അത്. നീ പറയുന്നതുപോലെ താലി എന്നല്ല താലീസ് എന്ന് പറഞ്ഞതിലെ s മലയാളത്തിലെ ട ആയി പോയതാ.... സത്യം"


"അപ്പോ നിങ്ങടയുംകൂടി ആവിശ്യമാണന്ന് പറഞ്ഞതോ?"


"അതിൻ്റെ തുമ്മലും ചുമയും അടുത്തിരിക്കുന്ന എന്നയും ബാധിക്കുമെന്ന് കണ്ട് പറഞ്ഞതാ.... "


"സത്യം ?" ഭാര്യ


"നീയാണേ സത്യം... അഞ്ചെണ്ണം വാങ്ങിയതിൽ രണ്ട് താലീസ് ബാഗിലും കിടപ്പുണ്ട്.... "


" എന്നാ ഞാനിപ്പം ചായ ചൂടാക്കി കൊണ്ടു വരാമേ... "


സമയം രാത്രി പത്തു മണി..

ഭാര്യയും ഭർത്താവും ഉറങ്ങാനായി കിടന്നു...


"ങ്ചീ..... ങ് ചീ ചീചീ... ങും. ങും... "

ഭാര്യ മൂന്നാല് ചുമ..

ഭർത്താവ് തലപൊക്കി നോക്കിയിട്ട് വീണ്ടും കിടന്നു....

" ഞാനിനി വാട്സാപ്പിൽ മെസേജ് അയച്ചാലേ നിങ്ങടെ ബാഗിൽ നിന്ന് താലീസ് എടുത്ത് തരത്തുള്ളിയിരിക്കും " ഭാര്യയുടെ ഡയലോഗ്...


അയാൾ തപ്പിപ്പിടിച്ച് എഴുന്നേറ്റ് ബാഗിൽ നിന്ന് രണ്ട് താലീസും എടുത്തു. ഒന്ന് ഭാര്യയ്ക്ക് കൊടുത്തു. മറ്റേത് അയാളും എടുത്തു....


അപ്പോ ശാന്തരാത്രി

സുഖസ്വപ്നനിദ്ര

😴😴😴❤️❤️😴😴😴

Thursday, November 25, 2010

പ്ലാനിംങ്ങ്

മുന്നിലെ ടീപ്പോയിലിരിക്കുന്ന ഓരോ പാത്രങ്ങളിലും നോക്കി കണ്‍ഫ്യൂഷനായിരിക്കുമ്പോഴാണ് ചായയും കൊണ്ടും ആളെത്തിയത്.എന്നാപിന്നെ ചായ കുടിച്ച് കണ്‍ഫ്യൂഷന്‍ തീര്‍ക്കാമെന്ന് വെച്ച് ചായ കുടിച്ചു കൊണ്ട് മുന്നിലെ പാത്രങ്ങളിലേക്ക് നോക്കി. മിക്‍സ്ചര്‍,പക്കാവട,ലഡു, ബിസ്ക്കറ്റ് ഇത്യാധികള്‍ എന്നെ നോക്കി ഞാനാദ്യം ഞാനാദ്യം എന്ന് പറഞ്ഞ് നിലവിളിക്കുന്നു. ശെടാ ഇതൊരുമാതിരി കുരുക്കായല്ലോ? ഒരു ലഡു എടുത്ത് മുറിച്ച് വായിലോട്ട് ഇടുകയും പെണ്ണിന്റെ അപ്പന്‍ പറയുന്നു. ചെറുക്കന് പെണ്ണിനോട് എന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടങ്കില്‍ ആവാം. മുന്നിലിരിക്കുന്ന സാധനങ്ങള്‍ പെണ്ണിനോട് സംസാരിച്ചിട്ട് വരുമ്പോള്‍ ടീപ്പോയില്‍ തന്നെ കാണുമെന്ന് ഉറപ്പില്ല. ഒരു ലഡു മാത്രമേ ഇതുവരെ എടുത്തിട്ടും ഉള്ളൂ. പത്തമ്പത് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് വന്നത് ഒരു ലഡു തിന്നാനായിരുന്നോ എന്ന് മനസാക്ഷി ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍കും.

“ഈ ചായ കുടിച്ചിട്ട് സംസാരിച്ചാല്‍ പോരെ” വായിക്കകത്ത് കിടക്കുന്ന ലഡുവിനെ നാക്കുകൊണ്ട് ഒരു വശത്തേക്ക് അഡ്ജസ്റ്റ് ചെയ്തിട്ട് ചോദിച്ചു.

“മതി മതി പതിയെ ചായ കുടിച്ചിട്ട് സംസാരിച്ചാല്‍ മതി”

പതിയെ ചായ കുടിച്ച് അഞ്ചാറു ബിസ്ക്കറ്റും നാലഞ്ചു ലഡുവും കാല്‍ക്കിലോ മിക്സ്ചറും അകത്താക്കി. നമുക്ക് വേണ്ടി വാങ്ങി വെച്ച സാധനം നമ്മള്‍ തിന്നില്ലങ്കില്‍ അവര്‍ക്കേന്തു തോന്നും??? ഇവനൊരു മര്യാദക്കാരനല്ലന്ന് പെണ്ണൂകാണല്‍ ദിവസം തന്നെ അവരെക്കൊണ്ട് പറയിപ്പിക്കണ്ടായല്ലോ!!!

പെണ്‍കൊച്ച് മുറിയുടെ വാതിക്കല്‍ നിന്ന് വാ ചേട്ടാ വാ ചെട്ടാ എന്ന് കണ്ണുകൊണ്ട് വിളിക്കുന്നതായി തോന്നി. പെണ്ണിന്റെ അപ്പന്‍ മോനെ സംസാരിക്കടാ എന്ന് പറയാതെ പോയി സംസാരിക്കുന്നത് ശരിയല്ലല്ലോ? ചായ കുടിച്ച് മിനിട്ട് പത്ത് കഴിഞ്ഞിട്ടും പെണ്ണിന്റെ അപ്പന്‍ മിണ്ടുന്നില്ല. ഇനി കാത്തിരുന്നിട്ടൊന്നും കാര്യമില്ല. അങ്ങോട്ട് തന്നെ പറയാം....

“സംസാരിക്കാന്‍ ...എനിക്ക് ” എന്റെ വിക്കല്‍ കണ്ടിട്ടായിരിക്കണം പെണ്ണിന്റെ അപ്പന്‍ ഭാര്യയൊട് പറഞ്ഞു

“ഒരു ഗ്ലാസ് വെള്ളം ഇങ്ങെടുത്തേ?”

“എനിക്ക് വെള്ളം ഒന്നും വേണ്ട....” ഞാന്‍ പറഞ്ഞു.

“മോനല്ല.. എനിക്കാ വെള്ളം” ഭാര്യകൊണ്ടുവന്ന വെള്ളം വാങ്ങിക്കുടിച്ചിട്ടാ മോളോട് സംസാരിക്കാനുള്ള അനുവാദം അങ്ങേര് തന്നത്.

പെണ്‍കൊച്ച് മുറിക്കകത്തേക് വിളിച്ചു. ദേ ഇപ്പം എല്ലാം പറഞ്ഞ് സെറ്റപ്പാക്കി നാലാം‌ പക്കം കല്യാണം എന്നു നിനച്ച് അകത്തേക്ക് കയറി.
“ഇരിക്ക്” പെണ്‍കൊച്ച് പറഞ്ഞു
മുറിയില്‍ കസേര നോക്കിയിട്ട് ഒരൊറ്റ കസേര ഇല്ല. ഒരു മേശമാത്രം ഉണ്ട്. സ്വന്തം വീട്ടില്‍ ഇരിക്കുന്നതുപോലെ മേശയില്‍ കയറി ഇരുന്നാലോ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ പെണ്‍കൊച്ച് ആശ്വാസമായി എത്തി.
“കട്ടിലില്‍ ഇരുന്നോ?”
അങ്ങനെ കട്ടിലില്‍ ഇരുന്നു.പെണ്‍കൊച്ച് മേശയില്‍ ചാരി നിന്നു. എന്ത് സംസാരിക്കും എന്ന് ആലോചിച്ച് പെണ്‍കൊച്ചിന്റെ മുഖത്തേക്ക് നോക്കി. തിയേറ്ററില്‍ പടം കാണാന്‍ മുന്നിലെ സീറ്റിലിരുന്ന് സ്ക്രീനിലെക്ക് നോക്കുന്നതുപോലെയായിരുന്നു നോട്ടം.
എന്താ പേര് ?
കൊച്ച് പേര് പറഞ്ഞു. സംസാരിക്കുമ്പോള്‍  നോട്ടത്തിന്റെ ഡയറക്ഷനു ഒരു മാറ്റവും വരുത്തിയിട്ടില്ലായിരുന്നു ഞാന്‍ .

“എന്താ പ്ലാന്‍ ?” കൊച്ചിന്റെ ചോദ്യം.
ചോദ്യം കേട്ട് ഞാന്‍ ഞെട്ടി.
എന്റെ നോട്ടം കണ്ട് കൊച്ച് തെറ്റിദ്ധരിച്ചു കലിപ്പിച്ച് ചോദിച്ചതായിരിക്കുമോ? നിന്റെ നോട്ടം ശരിയല്ലടാ എന്ന് പലരും പറഞ്ഞിട്ടൂണ്ടങ്കിലും ആ മാതിരി നോട്ടമൊന്നും ഞാന്‍ ഈ കൊച്ചിനെ നോക്കിയിട്ടില്ല. പെട്ടന്ന് കൊച്ച് ജനാലയ്ക്കലേക്ക് പോയി ജനല്‍പ്പാളികള്‍ തുറന്നിട്ടു,ഞാനിനി അതിനെ എന്തെങ്കിലും ചെയ്താല്‍ ജനലിനകത്തൂടെ മുറ്റത്ത് നില്‍ക്കുന്നവര്‍ക്ക് കാണുകയും അവര്‍ക്ക് കൊച്ചിനെ രക്ഷിക്കുകയും ചെയ്യാം എന്ന കണക്കുകൂട്ടല്‍ ആയിരിക്കുമോ കൊച്ചിന്റെ മനസില്‍ ‍.

“എന്തു പ്ലാന്‍ ...എനിക്കൊരു പ്ലാനും ഇല്ല ?“ ഞാന്‍ പറഞ്ഞു,
എനിക്ക് നിന്നെ എന്തെങ്കിലും ചെയ്യണമെന്നുള്ള യാതൊരു ദുരുദ്ദേശവും ഇല്ല കൊച്ചേ എന്ന് മനസില്‍ പറഞ്ഞു.

ഞാനൊന്നും മിണ്ടതെ ഇരിക്കുന്നതു കണ്ടിട്ട് അത് ചോദ്യം വിശദീകരിച്ചു.
“പ്ലാനിംങ്ങ് എന്താ?”

വീണ്ടും ഞാന്‍ ഞെട്ടി. പെണ്ണുകാണാന്‍ വന്ന ചെറുക്കനോട് പെണ്ണു ചോദിക്കുന്നു പ്ലാനിംങ്ങ് എന്താണന്ന്. ശ്ശെടാ ഇതിനോടെന്താ പറയുന്നത്. ഇപ്പോഴത്തെ പെണ്‍‌കൊച്ചുങ്ങളൊക്കെ സ്‌ട്രെറ്റ്‌ഫോര്‍‌വേര്‍ഡാണന്ന് പറയുന്നത് ശരിയാ. പെണ്ണുകാണാന്‍ വന്ന ചെറുക്കനോടു തന്നെ  പ്ലാനിങ്ങിനെക്കുറിച്ച് ചോദിക്കുന്നു. ഇപ്പോഴത്തെ പെണ്‍‌പിള്ളാര്‍ക്ക് പ്രസവിക്കാന്‍ മടിയാണന്ന് എവിടയോ വായിച്ചത് ഓര്‍ത്തു. എത്ര പ്രസവിക്കേണ്ടി വരുമെന്നങ്ങാണം അറിയാനിരിക്കുമോ ചോദ്യം

“അതൊക്കെ കല്യാണം കഴിച്ചിട്ട് ഒരുമിച്ച് തീരുമാനിക്കേണ്ട കാര്യമല്ലേ” ഞാന്‍ ചോദിച്ചു.

“അതൊക്കെ ചേട്ടനല്ലിയോ തീരുമാനിക്കുന്നത്” പെണ്‍കൊച്ച് വീണ്ടും പന്ത് തട്ടി നമ്മുടെ കാല്‍ക്കലെക്ക് ഇട്ടു.

ഒരു മൂന്നാലു പിള്ളാരു വേണമെന്ന് പറയാന്‍ തുടങ്ങിയെങ്കിലും ഒരു.. എന്ന് പറഞ്ഞ് നിര്‍ത്തി.

“കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഇപ്പോഴത്തെ കമ്പിനി മാറുന്നുള്ളോ? പപ്പ പറഞ്ഞായിരുന്നു കല്യാണം കഴിഞ്ഞിട്ട് പുതിയ കമ്പിനിയിലേക്ക് മാറുമെന്ന്...” അതാ ചോദിച്ചത്. പെണ്‍കൊച്ച് പറഞ്ഞു.

ശ്ശൊ !!!! ആമാശത്തില്‍ കിടന്ന് കഴിച്ച നാ‍ലു ലഡുവും ഒരുമിച്ച് പൊട്ടി.... പ്ലാനിങ്ങ്  എന്താണന്ന് ചോദിച്ചപ്പോള്‍ മൂന്നാലു പിള്ളാരു  വേണമെന്ന് പറയാതിരുന്നത് നന്നായി.

Thursday, February 5, 2009

കെട്ടുതാലി :

ഒറ്റമകനായ അയാളെ അപ്പനും അമ്മയും പഠിപ്പിച്ചു. പഠിച്ചു കഴിഞ്ഞ ഉടനെ ആറക്കശമ്പളത്തില്‍ ജോലിക്ക് കയറിയ അയാള്‍ തന്നെ തനിക്ക് ചേര്‍ന്ന ഒരുവളെ കണ്ടെത്തി. തന്റെ അപ്പന്റേയും അമ്മയുടേയും ‘കോലം’ തനിക്ക് നാണക്കേട് ഉണ്ടാക്കുന്നതായി അയാള്‍ക്ക് തോന്നി. പല്ലുകള്‍ ഉന്തിയ അമ്മയും എല്ലുകള്‍ തെളിഞ്ഞ അപ്പനും തന്റെ വിലക്കും നിലയ്ക്കും ചേര്‍ന്നതല്ലന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. തന്റെ മക്കള്‍ അവരുടെ കൂടെ കഴിഞ്ഞാല്‍ ‘കള്‍ച്ചര്‍‌ലസ്സ് ഇന്‍ഡീസന്റ് ‘ ആയിപ്പോകുമെന്നുള്ള ഭാര്യയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ആയപ്പോള്‍ അവരെ ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ആക്കാന്‍ അയാള്‍ തീരുമാനിച്ചു.

തന്റെ അപ്പനും അമ്മയും നിമിഷങ്ങളുടെ വെത്യാസത്തില്‍ മരിച്ചതറിഞ്ഞ് അയാള്‍ വൃദ്ധസദനത്തില്‍ എത്തി ചുളുവുകള്‍ വീണഅവരുടെ ‘ബോഡി’ ഏറ്റുവാങ്ങി. ശവമടക്ക് ചടങ്ങുകള്‍ നടത്താന്‍ കൊട്ട്വേഷന്‍ എടുത്ത ‘ഇവന്റ് മാനേജ്‌മെന്റു‘കാര്‍ അയാളുടെഅമ്മയുടെ ശരീരം കുളിപ്പിച്ചപ്പോള്‍ , അമ്മയുടെ കഴുത്തില്‍ മിന്നുമാല കണ്ടില്ല. അവരുടനെ അയാളെ അതറിയിച്ചു. ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ചെല്ലുമ്പോഴും അമ്മയുടെ കഴുത്തില്‍ മിന്നുമാല ഇല്ലായിരുന്നുവെന്ന് ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനക്കാര്‍ പറഞ്ഞു. അയാള്‍ അമ്മയുടെ മിന്നുമാല തപ്പിത്തുടങ്ങി. അതൊരിക്കലും തനിക്ക് കണ്ടെത്താനാവത്തില്ലന്ന് അയാള്‍ക്കറിയില്ലായിരുന്നു. കാരണം തന്റെ ഭാര്യയുടെ കെട്ടുതാലി വിറ്റാണ് അയാളുടെ അപ്പന്‍ ഫൈനല്‍ എക്സാമിനുള്ള ഫീസ് അയാള്‍ക്ക് അയച്ചുകൊടുത്തത് .

Friday, October 3, 2008

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :

(ചില നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ചില മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കാറുണ്ട് .. സിഗരറ്റ്കൂടിന്റെ പുറത്ത്പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നും മദ്യക്കുപ്പിയുടെ പുറത്ത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പുംഉണ്ട് . എല്ലാ മുന്നറിയിപ്പുകളും ‘ഉല്പന്നങ്ങളുടെ‘ പുറത്ത് ലേബലാക്കുന്ന കാലത്ത് .......)

എത്രയോ പെണ്ണുങ്ങളെ അവറാന്‍ കണ്ടതാണ് . പക്ഷേ ഒറ്റയൊരുത്തിയേയും അവറാന് പിടിച്ചില്ല. ഒരുത്തിക്ക് മുടിയുണ്ടങ്കില്‍ നിറമില്ല,നിറമുണ്ടങ്കില്‍ ചിരിയില്ല ,ചിരിയുണ്ടങ്കില്‍ മാന്മിഴിക്കണ്ണുകള്‍ ഇല്ല ,മാന്മിഴിക്കണ്ണുകള്‍ ഉണ്ടങ്കില്‍ അന്ന നടയില്ല ..ഇതെല്ലാം ഒത്തുവന്നാല്‍സ്ത്രിധനം ഇല്ല. സ്ത്രി തന്നെ ധനം ആണന്നും അവളൊരു മൊതലാണന്നും മനസ്സിലാക്കിയ അവറാന്‍ മൊതല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള‘നാമമാത്രമായ ഫീസ് ‘ ചോദിച്ചിട്ടും പെണ്ണിന്റെ അപ്പന്മാര്‍ അനങ്ങിയില്ല. എല്ല്ലാക്കൂടി ഒത്തുച്ചേര്‍ന്നപെണ്ണിനെനോക്കിയിരുന്നാല്‍ മൂക്കില്‍ പല്ലുകിളിക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞങ്കിലും അവറാന്‍ പിന്മാറിയില്ല . തന്റെ സ്വപ്നസുന്ദരിക്ക്വേണ്ടി അവറാന്‍ കാത്തിരുന്നു. അവറാന് മൂന്നാന്‍ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ഒരു ഇരയെകിട്ടിയാല്‍ മൂന്നാനങ്ങ് വെറുതെ വിടുമോ?അവറാന്റെ കൂടെ പെണ്ണുകാണാന്‍ പോയിത്തുടങ്ങിയപ്പോള്‍ മൂന്നാന് എന്നും പഞ്ചറാകുന്ന തുരുമ്പുപിടിച്ച റാലി സൈക്കളായിരുന്നെങ്കില്‍ഇന്ന് മൂന്നാ‍ന്റെ സഞ്ചാരം 125 സിസി ബൈക്കിലാണ്. എല്ലാം അവറാന്റെ പെണ്ണുകാണല്‍ കാണിക്കകള്‍. എല്ലാംകൂടി ഒത്തൂച്ചേര്‍ന്നഒരു പെണ്ണുണ്ടന്ന് അറിഞ്ഞ മൂന്നാന്‍ അവറാന്റെ അടുത്ത് പെണ്ണിന്റെ ഡീറ്റയിത്സ് എത്തിച്ചു

അവറാന്‍ മൂന്നാനയും കൂട്ടി പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലെത്തി.ഗെയ്റ്റില്‍ ഒരു ബോര്‍ഡ്. ‘പട്ടിയുണ്ട്.. കുരച്ച് പേടിപ്പിക്കും ,കടിക്കത്തില്ല ‘ബോര്‍ഡ് കണ്ട് അവറാന്‍ നിന്നു.മൂന്നാന്‍ അവറാന്റെ ചെവിയില്‍ പറഞ്ഞു.”പെണ്‍നിന്റെ തള്ള അകത്തുണ്ടനാ”.അവറാനെയും മൂന്നാനെയുംപെണ്ണിന്റെ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി.അവറാന്റെ മുന്നില്‍ പലഹാരങ്ങള്‍ നിരന്നു.വായിക്കകത്തേക്ക് ഉപ്പേരിയും ലഡുവും തള്ളിയിറക്കുമ്പോഴും അവറാന്റെ കണ്ണ് അടുക്കള ഭാഗത്തേക്ക് ആയിരുന്നു.

തിന്ന് തിന്ന് അവറാന് ഇക്കിള്‍ എടുത്തു തുടങ്ങിയപ്പോള്‍ അവള്‍ കടന്നു വന്നു.”ചായ” അവള്‍ മന്ത്രിച്ചു. അവറാന്റെ കാലില്‍ കൂടി ഒരു വിറയല്‍ കയറി.ട്രേയില്‍ നിന്ന് അവള്‍ ചായ എടുത്ത് അവനു നേരെ നീട്ടി. ചായ വാങ്ങിയപ്പോള്‍ അവന്റെ കൈകള്‍ വിറച്ചു.ചായ വാങ്ങിയപ്പോള്‍ അവളുടെ കൈയ്യില്‍ തോണ്ടാന്‍ അവനൊരു ശ്രമം നടത്താതിരുന്നില്ല.(പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും വാല് നേരെ ആവത്തില്ലല്ലോ?)ചായ ഗ്ലാസ് തുളുമ്പി.അവള്‍ കാലിന്റെ തള്ള വിരല്‍ കൊണ്ട് താജ്‌മഹല്‍ വരച്ചു.അവളുടെ മുഖത്ത് വിരിഞ്ഞിറങ്ങുന്ന നാണത്തിന്റെ പുഞ്ചിരിയില്‍ അവന്റെ മനം നിറഞ്ഞു. അവളെ മനസ്സിലേക്ക് സ്കാന്‍ ചെയ്ത് കയറ്റുമ്പോള്‍ അവളുടെ കഴുത്തില്‍ ഇട്ടിരിക്കുന്ന ചരടിലെ ബോര്‍ഡ് അവന്റെ കണ്ണില്‍ പതിഞ്ഞു.
“നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രിധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് ”
അവന്റെ കൈയ്യില്‍ നിന്ന് ചായ ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.അതോടൊപ്പം സ്വപ്നങ്ങളും .........

Thursday, June 5, 2008

ക്രാക്കിംങ്ങ് :

മോന്‍ എം.എന്‍.സി കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായപ്പോള്‍ അവറാന്റെ സ്വപ്‌നകോട്ടകള്‍ഉയര്‍ന്നു.വിവാഹക്കമ്പോളത്തീല്‍ ധൈര്യമായി ഇരുപന്തഞ്ച് ചോദിക്കാം.വിലപേശിയാള്‍ മുപ്പതുവരെ കിട്ടിയെന്നിരിക്കും.അവറാന്റെ സ്വപ്‌നങ്ങളില്‍ ബുള്‍ഡോസര്‍ കയറ്റികൊണ്ട് മോനൊരു ദിവസം ദിവസം കൂടെജോലിചെയ്യുന്ന പെണ്ണിനേയും വിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് കയറി.പെണ്ണിന്റെ വരവും നില്‍പ്പും നടപ്പുംകണ്ട് അവറാന്‍ ഹാപ്പി ആയെങ്കിലും പെണ്ണ് കൈയ്യും വീശിയാണ് വന്നതന്ന് അറിഞ്ഞപ്പോള്‍ അവറാന്‍തറയായി.പൂരപ്പാട്ടുകൊണ്ട് മരുമകള്‍ക്കൊരു മംഗളഗാനം തീര്‍ത്തു.കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാര്‍പോലുംഅവറാന്റെ പാട്ട് കേട്ടിരുന്നെങ്കില്‍ കറസ്‌പോണ്ടന്‍സായെങ്കിലും പാട്ട് പഠിക്കാന്‍ അവറാന് ശിഷ്യപെട്ടേനെ.

മരുമകളുടെ വീട്ടില്‍ ആവിശ്യത്തിന് പണം ഉണ്ടന്ന് അറിഞ്ഞപ്പോള്‍ വയലന്റായി നിന്ന അവറാന്‍ സൈലന്റായികൂളായി.അവറാന്‍ മോനെ വിളിച്ച് ഉപദേശിച്ചു.സാമ്പത്തിക ശക്തികളുടെ കടന്നുകയറ്റനാളുകളില്‍ ആഗോളവത്ക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയില്‍ ഇരുപത്തഞ്ച് ലക്ഷത്തിന്റെ പങ്കിനെക്കുറിച്ച്മോനൊരു ക്ലാസ് കൊടുത്തു.അപ്പന്റെ ക്ലാസില്‍ വണ്ടറടിച്ചു നിന്ന മോനൊരു പാസ്‌വേര്‍ഡ് സെറ്റ്‌ചെയ്തിട്ട് അവറാന്‍കല്പിച്ചു.”എന്റെ മുന്നില്‍ ഇരുപത്തഞ്ച് ലക്ഷം വച്ചിട്ട് മതി ബാക്കിയൊക്കെ...”

ഒരാഴ്ചകഴിഞ്ഞിട്ടും പുതുപ്പെണ്ണിന്റെ മുഖത്ത് ഒരു സന്തോഷവുമില്ലാതെ, ബഗ് തിരുത്താനാവാതെ വട്ടുപിടിച്ചപ്രോഗ്രാമറെപോലെ ഇരിക്കുന്നതുകണ്ട് കൂട്ടുകാരികള്‍ കാര്യം തിരക്കി.പുതുപ്പെണ്ണ് കാര്യം പറഞ്ഞു.ബുദ്ധികൊണ്ട്സായിപ്പിനെവരെ ചുരുട്ടി സോഫ്റ്റാക്കുന്നവര്‍ക്ക് ബുദ്ധിക്ക് പഞ്ഞം ഉണ്ടോ?

കല്യാണം കഴിഞ്ഞ് മൂന്നാംമാസത്തിലെ ഒരു ദിവസം അതിരാവിലെ കൈയ്യാലപോട്ടിലേക്ക് മുള്ളികൊണ്ടിരുന്നഅവറാന്‍ ആരോ ഓക്കാനിക്കുന്ന ശബ്ദ്ദം കേട്ട് വാഴത്തോപ്പിലേക്ക് ചെന്നു.തെക്കോട്ട് ചാഞ്ഞ വാഴച്ചുവട്ടില്‍പടിഞ്ഞാറോട്ട് കൈയ്യും കൊടുത്ത് കിഴക്കോട്ടിരുന്ന് വടക്കോട്ട് ഓക്കാനിക്കുന്ന മരുമോളെ അവറാന്‍ കണ്ടു.ലക്ഷക്കണക്കിന് രൂപയുടെ പ്രോജക്ട് നഷ്ടപെട്ട കമ്പിനി സി‌ഇ‌ഒ യെപ്പോലെ അവറാന്‍ ഞെട്ടി.ശരവേഗത്തില്‍മകന്റെ അടുത്ത് എത്തി മോന്റെ ചെപ്പക്കുറ്റി നോക്കി ഒന്നു കൊടുത്തു.മോന്റെ കണ്ണുകളിലൂടെ പൊന്നീച്ചപറന്നു.മോന്‍ പൊട്ടിക്കരഞ്ഞു. “അവളെന്നെ ക്രാക്ക് ചെയ്തതാ അപ്പച്ചാ..........”

Friday, May 2, 2008

വിവാഹംശേഷമുള്ള മാറ്റം

മകന്‍ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയപ്പോഴും അമ്മയ്ക്ക് അവന്‍ കൊച്ചുകുട്ടിയായിരുന്നു.കാരണം അമ്മയ്ക്ക് അവനും അവനു അമ്മയുമേ ഉള്ളായിരുന്നു.അമ്മയുടെ ഭര്‍ത്താവ് അതായത് അവന്റെ അച്ഛന്‍ അവന് നാലുവയസ്സുള്ളപ്പോള്‍ മരിച്ചതായിരുന്നു.തനിക്ക് വയ്യാതായി തുടങ്ങിയന്ന് കണ്ട് തുടങ്ങിയപ്പോള്‍ ‍അമ്മ അവനോട് ചില കാര്യങ്ങള്‍ ആവിശ്യപ്പെട്ടുതുടങ്ങി.അമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ പറഞ്ഞാലും തുണി അലക്കാന്‍ പറഞ്ഞാലും അവന്‍ ഓരൊന്നോരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും.ഒരു കാപ്പി ഇട്ടുകൊടുക്കാ‍ന്‍ പറഞ്ഞാലും അവന്‍ ചെയ്യാറില്ല. വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

തനിക്ക് കുനിഞ്ഞ് നിന്ന് തുണി അലക്കാന്‍ വയ്യാതായന്നും അതുകൊണ്ട് ഒരു വാഷിംങ്ങ് മെഷ്യിന്‍ വാങ്ങിച്ച് കൊടുക്കാ‍ന്‍ അമ്മ പറഞ്ഞിട്ട് ,കറണ്ട് ചാര്‍ജ് പിടിച്ചാല്‍ നില്‍ക്കില്ലന്ന് പറഞ്ഞ് അവന്‍ അത് ചെയ്തില്ല.അമ്മയുടെ ഓരോ ആവിശ്യങ്ങളും അവനങ്ങനെ തള്ളിക്കളഞ്ഞു.താന്‍ ഒരു ദിവസം മരിച്ചു പോയാല്‍ തന്റെ മകന്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് അമ്മ സങ്കടപ്പെട്ടു.അമ്മ അവന് വിവാഹംആലോചിക്കാന്‍ തുടങ്ങി.പെണ്ണിന് മുടിയില്ല,നടക്കുമ്പോള്‍ ഒരു ചരിവുണ്ട്,ഒരു കണ്ണിന്റെ കൃഷ്ണമണിചെറുതാണ്,വണ്ണമില്ല,മൂക്ക് പമ്മിയതാണ്,കൊമ്പല്ലുണ്ട്,ചിരിക്കുമ്പോള്‍ പല്ലുകാണുന്നില്ല, വലിയ നെറ്റിയാണ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് അമ്മ കൊണ്ടുവന്ന എല്ലാ കല്ല്യാണാലോചനകളും അവന്‍തള്ളിക്കളഞ്ഞു.അവസാനം അമ്മ മകനുവേണ്ടിയുള്ള കല്ല്യാണാലോചനപരിപാടി നിര്‍ത്തി. വിധിച്ചതല്ലേനടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ മകന്‍ തന്റെ സങ്കല്‍പ്പത്തിലുള്ള പെണ്ണിനെ കണ്ടെത്തി.അമ്മയ്ക്ക് പെണ്ണിനെ അത്രയ്ക്ക് അങ്ങ് ഇഷ്ട്‌പ്പെട്ടില്ലങ്കിലും വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു. വിവാഹം കഴിഞ്ഞു.അമ്മ കത്തിച്ചുകൊടുത്ത നിലവിളക്കൂം വാങ്ങി അവള്‍ അവന്റെ കൈ പിടിച്ച് വലതുകാല്‍ വച്ച് വീട്ടിലേക്ക് കയറി. വിവാഹത്തിരക്കിന്റെ ക്ഷീണം ഉള്ളതുകൊണ്ട് അമ്മ നേരത്തെ കിടന്നു.ക്ഷീണം ഉള്ളതു കൊണ്ട് പെട്ടന്ന് ഉറങ്ങുകയും ചെയ്തു.പിറ്റേന്ന് അടുക്കളയില്‍ പാത്രങ്ങള്‍ അനങ്ങുന്ന ശബ്ദ്ദം കേട്ടാ‍ണ് അമ്മ കണ്ണ് തുറന്നത്.കാപ്പിയുടെ മണം വരുന്നു.നേരം വെളുക്കുന്നതിനുമുമ്പു തന്നെ തന്റെ മരുമകള്‍ എഴുന്നേറ്റ് കാപ്പിയൊക്കെ ഇടുന്നല്ലോ എന്ന് അമ്മ ചിന്തിച്ചു.തന്റെ മകന്റെ ഭാഗ്യം.അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.അടുക്കളയില്‍ നില്‍ക്കുന്നാളെ കണ്ട് അമ്മ കണ്ണുതിരുമ്മി നോക്കി.തന്റെ മകന്‍ആദ്യമായി അടുക്കളയില്‍ കയറി കാപ്പിയിടുന്നു.!!!! കാപ്പി രണ്ട് ഗ്ലാസിലാക്കി മകന്‍ അവന്റെ മുറിയിലേക്ക്പോയി.വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

രാവിലെ തുണി അലക്കാന്‍ അവനും അവളും കൂടി അലക്കുകല്ലിന്റെ അടുത്തേക്ക് പോകുന്നത് അമ്മ കണ്ടു.അവള്‍ സോപ്പ് തേച്ച് കൊടുക്കുന്ന തുണി അവന്‍ അടിച്ചു പിഴിയുന്നത് കണ്ട് അമ്മയുടെ ചങ്ക്പിടിഞ്ഞു എങ്കിലും വിധിച്ചതല്ലേ നടക്കൂ എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

Saturday, December 1, 2007

വിവാഹശേഷമുള്ളയാത്രകള്‍ :

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്‍ച്ചയുള്ള ദമ്പതികള്‍ എന്ന് എല്ലാവരും പറഞ്ഞു.അത് കേട്ട് അവനും അവളും അവരുടെ വീട്ടുകാരം സന്തോഷിച്ചു.വിവാഹത്തിനു പിറ്റേന്നുമുതല്‍ അവരുടെ യാത്ര ആരംഭിച്ചു.

ആദ്യ ആഴ്ച്‌കള്‍ :
അവര്‍ ഒരുമിച്ച് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.അവളുടെ സാരിയുടെ ഞൊറു ശരിയാക്കാനും,മുന്താണി പിടിച്ചിടാനും അവന്‍ സഹായിച്ചു.അവന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അവള്‍ ഇട്ടുകൊടുത്തു.ബസില്‍ അവര്‍ ഒരേ വാതിലിലൂടെ ഒരുമിച്ച് കയറി ഒരു സീറ്റില്‍ ഇരുന്നു.അവളെ ജനല്‍ സൈഡില്‍ മാത്രമേ അവന്‍ ഇരുത്തിയിരുന്നുള്ളു.(എന്താണ് കാര്യമെന്ന് അറിയാമല്ലോ?)അവളെ ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ എന്നവണ്ണം അവന്‍ തന്റെ കൈ അവളുടെ തോളത്തുകൂടെ ഇട്ടു.അവരുടെ ഇരുപ്പ് പിള്ളാര്‍ക്ക് എന്റ്‌ര്‍‌ടെയന്റ്‌മെന്റ് ആയി.കോട്ടയത്തേക്ക് പോകുന്നത് പാസഞ്ചര്‍ ട്രയിനില്‍ ആയിരിക്കും.

ഒരുമാസത്തിന് ശേഷം:
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.പക്ഷേ ബസില്‍ കയറുന്നത് രണ്ടു വാതിലിലൂടെ ആണ്.കയറിക്കഴിഞ്ഞാല്‍ അവര്‍ പരസ്പരം നോക്കി സാനിധ്യം അറിയിക്കും.അവനാണ് ആദ്യം ബസില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍ അവളെ കാത്തു നില്‍ക്കും; അവളാണങ്കില്‍ അവനുവേണ്ടിയും.

ആറുമാസത്തിനു ശേഷം :
അവനാദ്യം വീട്ടില്‍ നിന്ന് ഇറങ്ങും.അവള്‍ക്ക് വേണ്ടി അവന്‍ ബസ്‌സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കും.അവര്‍ ഒരേ ബസ്സിലേ യാത്ര പോകുമായിരുന്നുള്ളു.ബസ് ഇറങ്ങികഴിഞ്ഞാല്‍ അവളാദ്യം വീട്ടില്‍ പോകും.അവന്‍ കറങ്ങിതിരിഞ്ഞേ വീട്ടില്‍ എത്തിയിരുന്നുള്ളു.

ഒരു വര്‍ഷത്തിനു ശേഷം:
കുഞ്ഞിനെ അവന്‍ എടുക്കും.അവള്‍ പ്ലാസിക് കവറും പിടിച്ച് ഒപ്പം നടക്കും.അവള്‍ കുഞ്ഞിനെ എടുത്താല്‍ അവന്‍ പ്ലാസിറ്റിക് കവര്‍ പിടിക്കും.കുഞ്ഞിനും തള്ളയ്ക്കും വെയില്‍ കൊള്ളാതിരിക്കാന്‍ കുടപിടിച്ച് കൊടുക്കും.ബസില്‍ കയറിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് കിട്ടിയിട്ടേ അവന്‍ ഇരിക്കൂ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കി തുടങ്ങി.അവന്‍ കയറുന്ന ബസില്‍ അവളും അവള്‍ കയറുന്ന ബസില്‍ അവനും കയറാതായി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം :
ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്.ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റെയാള്‍ പടിഞ്ഞാറോട്ട്.

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളു.നരച്ച കാലന്‍‌കുടകുത്തി അപ്പൂപ്പനും അല്പം കൂനി അമ്മൂമ്മയും നടക്കും.ബസ്സില്‍ കയറിയിട്ട് അമ്മൂമ്മയ്ക് സീറ്റ് കിട്ടിയാല്‍ അപ്പുപ്പനെ വിളിച്ച് അടുത്തിരുത്തും അപ്പൂപ്പന് സീറ്റ് കിട്ടിയാല്‍ അമ്മൂമ്മയെ വിളിച്ച് അടുത്തിരുത്തും.അപ്പൂപ്പന്‍ അമ്മൂമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും.പിടിവിട്ടാല്‍ താഴെപ്പോകുമെന്ന് അപ്പൂപ്പനറിയാം.പരസ്പരം താങ്ങായി അവര്‍ യാത്ര തുടര്‍ന്നു.............................

ഇപ്പോള്‍ മനസ്സിലായില്ലേ ഭൂമിമാത്രമല്ല ജീവിതയാത്രയും ഉരുണ്ടാതാണന്ന്

Wednesday, November 7, 2007

വിവാഹം കഴിക്കുന്നത്......?

വിവാഹ കമ്പോളത്തില്‍ കെട്ടുപ്രായം കഴിഞ്ഞതിനു ശേഷമാണ് അയാള്‍ ഇറങ്ങിയത്.അതും വീട്ടുകാരുടേയും നാട്ടുകാരുടേയും നിര്‍ബന്ധം അസഹനീയമായപ്പോള്‍.വീട്ടുകാരേക്കാള്‍ അയാളെ കെട്ടിക്കുന്നതില്‍ താല്‌പര്യം നാട്ടുകാര്‍ക്കായിരുന്നു.മനുഷ്യനെ കുഴിയില്‍ ചാടിക്കുന്നതില്‍ നാട്ടുകാര്‍ എന്നും അവരുടേതായ പങ്ക് വഹിച്ചിരുന്നല്ലോ?

ഒന്നാം കെട്ടിനുള്ള പെണ്‍പിള്ളാരെ സംബന്ധിച്ചടത്തോളം അയാള്‍ എക്സ്പേയറി ഡേറ്റ് കഴിഞ്ഞ ആളായിരുന്നു.അതുകൊണ്ട് രണ്ടാം കെട്ടുകാരേയും വേലിചാടിയവരേയും കടയില്‍ സാധനം വാങ്ങാന്‍ പോയിട്ട് ഒരുമാസം കഴിഞ്ഞിട്ട് തിരിച്ചെത്തിയവരേയും ആലോചിച്ചു.അതൊന്നും ശരിയായില്ല.ഈശ്വരന്‍ തലയില്‍ വരച്ച വര മാറ്റാന്‍ പറ്റത്തില്ലല്ലോ?വിവാഹമേ വേണ്ടാന്നുവെച്ച് ജീവിച്ച
ഒരു പെണ്‍കുട്ടുയുടെ ആലോചന അയാള്‍ക്ക് വന്നു.അയാള്‍ പെണ്‍കുട്ടിയെ കാണാന്‍ പോയി.
“എന്നില്‍ നിന്ന് ഒരു ഭാര്യ എന്ന നിലയില്‍ നിങ്ങളെന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത്?”അവള്‍ ചോദിച്ചു.
“എന്റെ തുണി നനച്ചുതരണം..”
“ഞാനൊരു വാഷിംങ്ങ് മെഷ്യിന്‍ ആവണം... ഇനി ?”
“എനിക്ക് ആഹാരം വെച്ച് തരണം..”
“ഞാനൊരു മൈക്രോവേവ് ഓവന്‍ ആവണം ..ഇനി ?”
“വീടെല്ലാം വൃത്തിയാക്കണം..”
“ഞാനൊരു വാക്വം ക്ലീനര്‍ ആവണം... ഇനി ?”
“ഇനി..അത്..അത്...ഇനി... “അയാള്‍ വിക്കി.
അയാളുടെ നാണം കണ്ട് അവള്‍ ചിരിച്ചു.അവള്‍ ചിരിച്ചപ്പോള്‍ അയാളും ചിരിച്ചു.അവരുടെ വിവാഹം കഴിഞ്ഞു.അയാളുടെ വീട്ടിലെ സല്‍ക്കാരങ്ങള്‍ കഴിഞ്ഞ് അവര്‍ അവളുടെ വീട്ടിലെത്തി.വീട്ടിലെത്തിയയുടനെ അവളുടെ പട്ടിക്കുട്ടി അവളുടെ മടിയില്‍ കയറി ഇരുന്നു.തിരക്കെല്ലാം ഒഴിഞ്ഞപ്പോള്‍ അയാള്‍ അവളോട് ചോദിച്ചു.
“എന്നില്‍ നിന്ന് ഭര്‍ത്താവ് എന്ന നിലയില്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് ? “
അവള്‍ ഉത്തരമൊന്നും പറഞ്ഞില്ല.അവന്‍ വീണ്ടും ചോദിച്ചു.അവള്‍ ഇരുന്നടത്തുനിന്ന് എഴുന്നേറ്റ് തങ്ങളുടെ മുറിയിലേക്ക് പോയി.അവളുടെ മടിയില്‍ നിന്ന് പട്ടിക്കുട്ടി ഇറങ്ങി .അവന്‍ അവളുടെ പിന്നാലെ മുറിയിലേക്ക് കയറി.അവന്റെ പോക്ക് കണ്ടപ്പോള്‍ താനവിടെ ഒരു അധികപറ്റായെന്ന് പട്ടിക്കുട്ടിക്ക് തോന്നി.പട്ടിക്കുട്ടി വെളിയിലേക്ക് ഓടിപ്പോയി.അല്ലങ്കിലും ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴത്തില്ലന്നാണല്ലോ പഴഞ്ചൊല്ല്. പഴഞ്ചൊല്ലില്‍ പതിരില്ല.!!!!!!!!

Wednesday, October 31, 2007

സീ‍രിയലില്‍ ഡോക്‌ടറേറ്റ് എടുത്തവന്‍

പുതുമയുള്ള എന്തങ്കിലും വിഷയത്തില്‍ ഡോക്‌ടറേറ്റ് എടുത്താല്‍ മതിയന്ന് അവന്‍ തീരുമാനിച്ചു. ‘സീരിയലുകള്‍ ജനങ്ങളില്‍ ചെലുത്തുന്ന മാറ്റങ്ങള്‍ ‘ എന്ന പുതുമയേറിയ വിഷയത്തില്‍ അവനങ്ങനെയാണ് എത്തിയത്.തീസീസുംസമര്‍പ്പിച്ച് നില്‍ക്കുമ്പോഴാണ് അവനു വീട്ടുകാര്‍ വിവാഹം ആലോചിച്ച് തുടങ്ങിയത്. പലയിടത്തുംപോയിപെണ്ണുകണ്ടിട്ടും അവനാരെയും പിടിച്ചില്ല. അവന്റെ സങ്കല്‍പ്പത്തിലുള്ള ഒരാളെതേടി അവന്‍ അലഞ്ഞു.ഇടനിലക്കാരൊക്കെ പിന്മാറി.അവസാനം അവന്‍ തന്റെ സങ്കല്‍പ്പത്തിലുള്ള പെണ്ണിനെ ക്കുറിച്ച് ഒരു ഇടനിലക്കാരനോട്പറഞ്ഞു.പെണ്ണ് കാണാന്‍ സുന്ദരിയായിരുക്കണം. അവള്‍ക്കൊരു കുട്ടിയുണ്ടായിരിക്കണം.പക്ഷേ അവള്‍ നേരത്തെകല്ല്യാണം കഴിച്ചിട്ടുണ്ടാവാന്‍ പാടില്ല.(ഇതുതന്നെയാണല്ലോ എല്ലാ സീരിയലിന്റെയും മൂലകഥ.)ഇങ്ങനെയുള്ളഒരു പെണ്ണിനെ കെട്ടിയാല്‍ ജീവിതം മെഗാസീരിയല്‍ പോലെ ഒരിക്കലും അവസാനിക്കത്തില്ലന്നായിരുന്നു അയാളുടെവിശ്വാസം.

Wednesday, October 17, 2007

സ്ത്രിധനം

അവളെ വിവാഹം കഴിക്കാന്‍‌വേണ്ടി പത്തുലക്ഷം‌രൂപയും അമ്പതുപവനുമാണ് അയാളുടെ അമ്മ അവളുടെ അച്ഛനോട് ചോദിച്ചത്.അവന്‍ അവളെവിവാഹം കഴിച്ചു.അവളും അമ്മായമ്മയും ശത്രുരാജ്യ ങ്ങളെപോലെ പടവെട്ടി.അയാള്‍ ഇടപെട്ട് പലപ്പോഴും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും അതെല്ലാം ലംഘിക്കപ്പെട്ടു.തനിക്കൊരിക്കലും അമ്മായമ്മയോട് യോജിക്കാന്‍ പറ്റത്തില്ലന്ന് അവള്‍ക്ക് ബോധ്യമായി.അവനുമവളും വീട് വിട്ടറങ്ങി.പെറ്റവയറിന്റെ വിലപറഞ്ഞ് അവനെ മാത്രം തിരിച്ചുകൊ ണ്ടുവരുവാന്‍ അയാളുടെ അമ്മ ശ്രമിച്ചു.‘പത്തുലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയ‘ അയാളെ ഒരിക്കലും തിരിച്ചു കൊടുക്കത്തില്ലന്ന് അവള്‍ പറഞ്ഞു.

Sunday, October 14, 2007

മരം വെട്ടുകാരന്‍

വനദേവത സമ്മാനിച്ച സ്വര്‍ണ്ണ,വെള്ളി, കോടാലികളുമായി അയാള്‍ വീട്ടിലെത്തി.നടന്നതെല്ലാം ഭാര്യയോട് പറഞ്ഞു.മരം വെട്ടിക്കൊണ്ടിരുന്നപ്പോള്‍ മഴു വെള്ളത്തില്‍വീണതും വനദേവത പ്രത്യക്ഷ പ്പെട്ടതും കോടാലിയെടുത്തു തന്നതും എല്ലാം ഒരണുവിടതെറ്റാതെ പറഞ്ഞു കേള്‍പ്പിച്ചു.എല്ലാം കേട്ടിട്ട് അവള്‍ പറഞ്ഞു.”നിങ്ങളൊരുമണ്ടനാ.. വനദേവതയുടെ കയ്യില്‍ വജ്രത്തിന്റെ കോടാലിയൊക്കെ കാണുമായിരുന്നു.അതൂടെ എങ്ങനെയെങ്കിലും വാങ്ങേണ്ടതായിരുന്നു.”

രണ്ടുദിവസം കഴിഞ്ഞിട്ടും അവളുടെ കുറ്റപ്പെടുത്തല്‍ കഴിഞ്ഞില്ല.തങ്ങളുടെ വീട്ടിലെഏറ്റവും ഭാരമുള്ള വസ്തു പുഴയില്‍ കൊണ്ടിട്ട് അത് എടുത്തു തരാന്‍ വനദേവതയോട്പറയാന്‍ അവള്‍ അവനെ നിര്‍ബന്ധിച്ചു.അവരുടെ വീട്ടിലെ ഏറ്റവും ഭാരമുള്ളത്അവളായിരുന്നു.അവളും അയാളും പുഴക്കരയില്‍ എത്തി.അവള്‍ പുഴയിലേക്ക് ഒരൊറ്റചാട്ടം.അയാളുടെ കരച്ചില്‍ കേട്ട് വനദേവത പ്രത്യക്ഷപ്പെട്ടു.തന്റെ ഭാര്യ വെള്ളത്തില്‍വീണെന്ന് അയാള്‍ പറഞ്ഞു.

വനദേവത വെള്ളത്തില്‍ നിന്ന് ഒരു സ്വര്‍ണ്ണ സ്ത്രിയെ കൊണ്ടുവന്നു.അത് തന്റെ ഭാര്യഅല്ലന്ന് അയാള്‍ പറഞ്ഞു.വനദേവത പിന്നീട് ഒരു വെള്ളി സ്ത്രിയെ കൊണ്ടുവന്നുകൊടുത്തു.ഇതല്ല തന്റെ ഭാര്യയെന്ന് അയാള്‍ പറഞ്ഞു, ഇതെല്ലാം അയാളുടെ ഭാര്യ കാണുന്നുണ്ടായിരുന്നു.അവള്‍ വെള്ളത്തില്‍താഴാതെ കിടക്കുകയായിരുന്നു.അവസാനം വനദേവത അവളെ അയാളുടെ മുന്നില്‍കൊണ്ടുവന്നു.
“ഇതാണോ നിങ്ങളുടെ ഭാര്യ ?”
“അല്ല...” അയാള്‍ പറഞ്ഞു.അത് കേട്ടവള്‍ ഞെട്ടി.
“ഞാനാണ് നിങ്ങളുടെ ഭാര്യ”അവള്‍ പറഞ്ഞത് അയാള്‍ കേട്ടതായി ഭാവിച്ചില്ല.അയാള്‍ സ്വര്‍ണ്ണ സ്ത്രിയെയും,വെള്ളി സ്ത്രിയെയും വനദേവതയ്ക്ക് തിരിച്ചു നല്‍കിട്ട് പറഞ്ഞു
“വനദേവതയുടെ കയ്യിലിരിക്കുന്നതു തന്നെയാണ് എന്റെ ഭാര്യ.പക്ഷേ എനിക്കവളെവേണ്ട... എനിക്ക് സമാധാനത്തൊടെ ജീവിക്കണം”
അയാള്‍ സ്വര്‍ണ്ണ,വെള്ളി കോടാലികള്‍ തിരിച്ചു നല്‍കി ഇരുമ്പു കോടാലിയുമായി തിരിച്ചു നടന്നു.

Monday, October 8, 2007

ഒളിച്ചോട്ടം

ഇരുട്ടിന്റെ മറപറ്റി അവര്‍ ഒളിച്ചോടി.അവളുടെ കല്യാണം ഉറച്ച മട്ടായിരുന്നു.അതുകൊണ്ടാണല്ലോ അവര്‍ ഒളിച്ചോടിയത്.ഏതായാലും പിറ്റേന്ന് രാവിലെതന്നെ അവള്‍വീട്ടിലേക്ക് ഫോണ്‍ ചെയ്തു.താന്‍ അയാളുടെകൂടെയുണ്ടന്നും വിവാഹം കഴിഞ്ഞന്നുംഅറിയിച്ചു.“ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയതില്‍ എന്താണ് തെറ്റ്”അവള്‍ എല്ലാവരോടും ചോദിച്ചു.

അവളുടെ അച്ഛന്റെയും അമ്മയുടേയും കണ്ണീര്‍ തോര്‍ന്നില്ല.അവള്‍ക്കൊരു പെണ്‍കുഞ്ഞ്ജനിച്ചന്ന റിഞ്ഞപ്പോള്‍ അവര്‍ എല്ലാം മറന്ന് ഓടിയെത്തി.കുഞ്ഞ് വളര്‍ന്നു.തന്റെമകളുടെ വിവാഹം അവള്‍ സ്വപ്നം കണ്ടു.ഒരു ദിവസം കോളേജില്‍ പോയ മകള്‍തിരിച്ചു വന്നില്ല.കണ്ണീരുമായി കാത്തിരുന്ന അവള്‍ക്ക് ഫോണ്‍ വന്നു.അതവളുടെമകള്‍ ആയിരുന്നു.”എന്റെ കല്യാണം കഴിഞ്ഞു” മകള്‍ ഫോണ്‍ വെച്ചു.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.അപ്പോളവള്‍ക്ക് ഒരമ്മയുടെ ദു:ഖം മനസ്സിലായി.

വിവാഹ മോചനം:

കുടുംബക്കോടതിയില്‍ നിന്നറിങ്ങിയപ്പോള്‍ അവരുടെ മനസ്സ് ശാന്തമായിരുന്നു.അയാള്‍ അയാളുടെ വീട്ടിലേക്കും അവള്‍ അവളുടെ വീട്ടിലേക്കും പൊയി.ഉറങ്ങാന്‍കിടന്നിട്ടും അയാള്‍ക്കുറക്കം വന്നില്ല. അവള്‍ക്കും അങ്ങനെതന്നെ ആയിരുന്നു.അയാള്‍ഒന്നു ഫോണ്‍ ചെയ്തിരുന്നെങ്കില്‍ എന്നവളാഗ്രഹിച്ചു. അയാളുടെ ആഗ്രഹവും അതുതന്നെആയിരുന്നു.

തോറ്റുകൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു.അയാള്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.എന്‍‌ഗേജഡ് ട്യൂണ്‍.കാരണം അവളും അയാളെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു.

“അവളാരോടോ സല്ലപിക്കുകയാണ്” അയാള്‍ ചിന്തിച്ചു.
“അയാളാരോടൊ കിന്നരിക്കുകയായിരിക്കും” അവള്‍ ചിന്തിച്ചു.

അയാളെ വിളിക്കാനുള്ള ശ്രമം അവള്‍ ഉപേക്ഷിച്ചു.അവള്‍ ഫോണ്‍ നോക്കിയപ്പോള്‍ പത്തു മിസ്ഡ് കോള്‍.അതയാളുടെ നമ്പരായിരുന്നു.അയാളും ഫോണില്‍ നോക്കി.പത്തു മിസ്ഡ് കോള്‍.അതവളുടെ നമ്പരായിരുന്നു.തങ്ങള്‍ക്ക് പിരിയാന്‍ കഴിയത്തില്ലന്നവര്‍ക്ക് മനസ്സിലായി.

കണക്കുകൂട്ടല്‍:

അയാള്‍ക്ക് ജീവിതത്തെക്കുറിച്ചൊരു കണക്കുകൂട്ടലുണ്ടായിരുന്നു.അതനുസരിച്ചയാള്‍ജീവിച്ചു.വിവാഹം കഴിഞ്ഞു.ഉടനെ ഒരു കുഞ്ഞ് ജനിച്ചാല്‍ തന്റെ കണക്കുകൂട്ടല്‍തെറ്റും.രണ്ടുവര്‍ഷം കഴിഞ്ഞിട്ടു മതി കുഞ്ഞ് എന്നയാള്‍ തീരുമാനിച്ചു.അവള്‍ക്കും അത്സമ്മതിക്കേണ്ടി വന്നു.

ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണന്ന് അറിഞ്ഞപ്പോള്‍ മുതല്‍തന്നെ അയാള്‍കണക്കുകൂട്ടല്‍ തുടങ്ങി.കുഞ്ഞ് വളരുന്നതും വിദ്യാഭ്യാസവും വിവാഹവും വരെ അയാള്‍കണക്കുകൂട്ടി.ലേബര്‍ റൂമില്‍നിന്ന് നേഴ്സ് വിളിച്ചപ്പോള്‍ അയാള്‍ കയറിച്ചെന്നു.

തന്റെ ഭാര്യയ്ക്കുചുറ്റും അഞ്ചു കുഞ്ഞുങ്ങള്‍!!!! തന്റെ കണക്കുകൂട്ടല്‍ തെറ്റിയന്നയാള്‍ക്ക്മനസ്സിലായി.

Friday, October 5, 2007

സമാന്തരം

നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം അവന്‍ അവളെ വീണ്ടും കണ്ടു.അവളുടെ കൂടെഭര്‍ത്താവ് ഉണ്ടായിരുന്നു.അവന്റെ കൂടെ ഭാര്യയും.അവള്‍ തന്റെ കാമുകിയായിരുന്നുവെന്ന് ഭാര്യ അറിയാതിരിക്കാന്‍ അവനും അവന്‍ തന്റെ കാമുകനായിരുന്നുവെന്ന് ഭര്‍ത്താവ് അറിയാതിരിക്കാന്‍ അവളും ശ്രമിച്ചു. പരിചയക്കാരെപ്പോലെ അവര്‍ നാലുപേരും ചിരിച്ചു.തന്റെ കാമുകിയുടെ ഭര്‍ത്താവ് തന്റെ ഭാര്യയുടെ കാമുകനായിരുന്നുവെന്ന് അവനറിയില്ലായിരുന്നു.

Thursday, October 4, 2007

ഭാഗ്യവാന്‍

അവളയും കാത്ത് അവന്‍ മണിയറയില്‍ ഇരുന്നു.അവസാനം അവള്‍ നമ്രമുഖിയായി കടന്നുവന്നു.തന്റെ‌മുന്നില്‍ നഖചിത്രങ്ങള്‍ വരച്ച അവളെ അവന്‍ തന്റെ അടുത്തേക്ക് പിടിച്ചിരുത്തി.നാണത്താല്‍ പൂത്തുലഞ്ഞ അവളുടെ മുഖം അവന്‍ പിടിച്ചുയര്‍ത്തി.“ഞാന്‍ ഭാഗ്യവാനാണ് “ അവന്‍ അവളുടെ കാതില്‍ മന്ത്രിച്ചു.അവള്‍ പുഞ്ചിരിച്ചു.”നീ ചിരിക്കു‌മ്പോള്‍ നിന്റെ മുല്ലപ്പൂ‌മൊട്ടുപോലുള്ള ഈ പല്ലുകള്‍ കാണാന്‍ എന്തുഭംഗിയാണ് ...ഞാന്‍ ഭാഗ്യവാനാണ്“. അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി.“ നിന്റെ ഈ നീല കണ്ണുകളുടെ തിളക്കം എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നു..... ഞാന്‍ ഭാഗ്യവാനാണ്”.അപ്പോഴും അവള്‍ ചിരിച്ചു....അവളെ അവന്‍ തന്നിലേക്ക് ചേര്‍ത്തു.അവന്‍ അവളുടെ മൂര്‍ദ്ദാവില്‍ ചുംബിച്ചു.“ഞാന്‍ ഭാഗ്യവാനാണ്... നിന്റെ തലമുടിയുടെ ഗന്ധം എന്നെ മത്തുപിടിപ്പിക്കുന്നു “അവളുടെ കാതില്‍ അവന്‍ മൊഴിഞ്ഞു....രാവിലെ അവന്‍ ഉണരു‌മ്പോള്‍ അവള്‍ കട്ടിലില്‍ ഇല്ലായി രുന്നു.അവന്റെ നോട്ടം മേശപ്പുറത്ത് പതിഞ്ഞു. അവിടെ ............ജാറിനുള്ളില്‍ ഒരു സെറ്റ് പല്ല്.... നീല കോണ്‍‌ടാക്ട്‌ലെന്‍സ്... പിന്നെ വലിയ ഒരു വിഗ്ഗും!!!