Showing posts with label പെണ്‍ദുരന്ത കഥ. Show all posts
Showing posts with label പെണ്‍ദുരന്ത കഥ. Show all posts

Wednesday, May 7, 2014

സ്വപ്നങ്ങൾ കരിഞ്ഞുപോയവർ

വിവാഹരാത്രി...
ഒന്നിച്ചുചേരാൻ തുടങ്ങുന്നതിനു മുമ്പ് അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു...

"നമുക്കൊരു മോളുക്കുട്ടി.... നിന്നെപ്പോലെ...നമുക്കവളെ രാജകുമാരിയെപ്പോലെ വളര്‍ത്തണം"

"നമുക്കൊരു മോനുക്കുട്ടൻ മതി..അച്ഛനെപ്പോലെ" അവളും അയാളോട് മന്ത്രിച്ചു.

വിവാഹം കഴിഞ്ഞതിനു മൂന്നാലു മാസങ്ങൾക്ക് ശേഷം ഒരു ദിവസം അവൾ ക്ഷീണത്തോടെ തലകറങ്ങി താഴെവീണു. അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു. അവളും മന്ദഹസിച്ചു.

"ഇത് മോൾ തന്നയാ...എനിക്കുറപ്പാ..."അ അയാൾ പറഞ്ഞു.

"ആണായാലും പെണ്ണായാലും കുഴപ്പമൊന്നും ഇല്ലാതെ ഈശ്വരൻ തരുന്നതിനെ നമുക്ക് സന്തോഷത്തോടെ സ്വീകരിക്കാം" അവൾ പറഞ്ഞു.

ഗൈനിക് ഡിപ്പാർട്ടുമെന്റിനു മുന്നിൽ റിസൽട്ടിനായി അവർ കാത്തിരിക്കുകയായിരുന്നു. റിസൽട്ട് വാങ്ങി ഡോകടറെ കണ്ടു.

"ഇല്ല... റിസൽട്ട് നെഗറ്റീവ് ആണ്." 

രണ്ട് മാസങ്ങൾക്കു ശേഷം വീണ്ടും തലകറക്കം. 
ആശുപത്രി.. യൂറിൻ ടെസ്റ്റ്..
റിസൽട്ട് നെഗറ്റീവ്.
അവളുടെയും അവന്റെയും മുഖം വാടി...
അവൾ ക്ഷീണം കൊണ്ട് അവന്റെ മടിയിൽ തലവെച്ച് കിടന്നു...

ഡോക്ടർ പറഞ്ഞതുപ്രകാരം വീണ്ടും ടെസ്റ്റുകൾ...
ആശുപത്രികൾ..
 കൂടുതൽ ടെസ്റ്റുകൾ..

അവസാനം ആ റിസൽട്ട് !!!!

ബ്ലഡ് ക്യാൻസർ!!!!

ദിവസങ്ങൾ കൊഴിയുന്നു.....

"ഞാനൊരു കാര്യം പറഞ്ഞോട്ടെ..." അവൾ.

"ഹും..."അവൻ മൂളി.

"ചേട്ടന്‍ മറ്റൊരു വിവാഹം കഴിക്കണം...ആ പെൺകുട്ടി ചേട്ടനൊരു രാജകുമാരനയോ രാജകുമാരിയേയോ തരും... "

"ദുഃഖമോ സങ്കടമോ രോഗമോ വരുമ്പോൾ ഉപേക്ഷിക്കാനല്ലല്ലോ നമ്മൾ വിവാഹം കഴിച്ചത്... സന്തോഷവും സങ്കടവും ഒരുമിച്ച് പങ്കിടൂന്നതല്ലേ ജീവിതം?"

"എനിക്കിനി ഒരു സന്തോഷവും തരാൻ പറ്റില്ലല്ലോ... മരണത്തിലേക്ക് നടക്കുന്ന എനിക്കിനി ചേട്ടന്റെ സ്വപ്നങ്ങളിൽ കടന്നു വരാൻ പോലും പറ്റില്ലല്ലോ..." അവൾ.

"എല്ലാം വിധിയാണന്ന് കരുതി ആശ്വസിക്കാനല്ലേ നമുക്ക് പറ്റൂ.... ഒരു പക്ഷേ നീ മരിക്കുന്നതിനു മുമ്പേ ഞാൻ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയേക്കാം.. അങ്ങനെയൊരിക്കലും ഉണ്ടാകരുതേ എന്നാ ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത്.. റബറുകൊണ്ട് ബുക്കിലെ പെൻസിൽ വര മായ്ക്കുന്നതുപോലെ നിനക്കുമുമ്പേ ഞാനെന്റെ ജീവിതം മായിക്കാൻ ആഗ്രഹിച്ചതാ.. പക്ഷേ ഞാൻ പോയാൽ നീ ഒറ്റയ്ക്ക് വേദന സഹിക്കണമെല്ലോ എന്നു കരുതിയാ...." അവന്റെ കണ്ണിൽ നിന്ന് അടർന്നു വീണ കണ്ണുനീർ സ്ഫടിക ചില്ല് പൊട്ടിച്ചിതറും പോലെ അവളുടെ മുഖത്ത് വീണ് ചിതറി.

അവളുടെ രോഗത്തെ മരുന്നുകൾ കൊണ്ട്  കീഴടക്കാൻ കഴിയുകയില്ലന്ന് അവനറിയാമായിരുന്നു. ജീവിതത്തിലേക്ക് അവൾ തിരിച്ചുവരുമെന്നും തങ്ങൾ കണ്ട സ്വപ്നങ്ങൾ വിണ്ടും തളിർക്കുമെന്നും അവൻ അവളോട് പറഞ്ഞു കൊണ്ടിരുന്നു. അവനെ സങ്കടപ്പെടുത്തേണ്ട എന്ന കരുതി വേദനകൾക്കിടയിലും അവൾ അത് പുഞ്ചിരിയോട് തലയാട്ടി കേട്ടു.

"ഞാനൊരു കാര്യം പറഞ്ഞാൽ ചേട്ടൻ കേൾക്കുമോ?"

"നീ ആദ്യം പറയൂ...എന്നിട്ട് കേൾക്കാൻ പറ്റുന്നതാണങ്കിൽ കേൾക്കാം"

"പറ്റില്ലന്ന് മാത്രം പറയരുത്..."

അവൻ മൗനം പാലിച്ചു. അവൾ തുടർന്നു..

"എനിക്കിനി ആയുസ് ദിവസങ്ങൾ മാത്രമാണന്ന് എനിക്കറിയാം... ഞാൻ മരിച്ചാൽ ചേട്ടൻ മറ്റൊരു വിവാഹം കഴിക്കണം...നിങ്ങൾക്കുണ്ടാകുന്നത് ഒരു പെൺകുട്ടിയാണങ്കിൽ എന്റെ പേരതിന് ഇടണം... ആകാശത്തിലെ വെള്ളിമേഘമായി ഞാൻ പറന്നു പോകുമ്പോൾ നിങ്ങളെ കാണും...മഴമേഘമായി ഞാൻ മാറുമ്പോൾ നിങ്ങളിലേക്ക് ഞാൻ പെയ്തിറങ്ങും...നിങ്ങളുടെ സന്തോഷത്തിൽ ഞാനും അങ്ങനെ ചേരും..." അവൾ പൊട്ടിക്കരഞ്ഞു. അവൾ അവന്റെ മാറിലേക്ക് ചാരി. അവളുടെ ജീവൻ അവളിൽ നിന്ന് പറന്നു പോവുകയായിരുന്നു അപ്പോൾ.

അഗ്നി അവളുടെ ദേഹത്തെ ഏറ്റുവാങ്ങുമ്പോൾ ആകാശത്ത് ഇരുണ്ടുകൂടിയ മഴമേഘങ്ങൾ പെയ്യാതെ കാത്തു നിന്നു. കനലുകൾ ചാരത്തിനുള്ളിലേക്ക് ചുരുങ്ങിത്തുടങ്ങിയപ്പോൾ ആകാശത്ത് നിന്ന് മഴത്തുള്ളികൾ വീഴാൻ തുടങ്ങി.....

കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾക്ക് പ്രതീക്ഷയേക്കി മഴ പെയ്തിറങ്ങുമ്പോൾ കെട്ടടങ്ങുന്ന അവളുടെ ചിതയ്ക്ക് മുന്നിൽ അവൻ നിന്നു.... തന്റെ സ്വപ്നങ്ങളാണ് ആ ചിതയിൽ എരിഞ്ഞടങ്ങിയത്... സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതത്തിലേക്ക് അവൻ തിരിച്ചു നടന്നു...

Saturday, August 9, 2008

റാമ്പിലെ സുന്ദരി (ഭ്രാന്തി) :

അവള്‍ ഒരു സുന്ദരി ആയിരുന്നു.സുന്ദരി എന്നു പറഞ്ഞാല്‍ പോരാ,അതിസുന്ദരി ആയിരുന്നു. അവളുടെസൌന്ദര്യത്തെക്കുറിച്ച് പത്രങ്ങള്‍ വാഴ്ത്തിപ്പാടി.‘സെക്സിവുമണ്‍‘ ആയി അവള്‍ തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മാധ്യമങ്ങളുടെ കവര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷ പ്പെടാന്‍ അവള്‍ ലക്ഷങ്ങള്‍ വാങ്ങിച്ചു. യുവാക്കള്‍അവളുടെ ‘ഫാഷന്‍‘ കാണാന്‍ ഫാഷന്‍ ഷോകള്‍ തച്ചിനിരുന്ന് കാണാന്‍ തുടങ്ങി.അര്‍ദ്ധരാത്രിയിലെ‘മിഡ് നൈറ്റ് ഹോട്ടി’ല്‍ അവളുടെ അന്നനടയും പൂച്ചനടത്തവും കാണാനായി ആളുകള്‍ കാത്തിരിപ്പുണ്ടന്ന് ചാനലുകാര്‍ക്കും അറിയാമായിരുന്നു.

റാമ്പുകളില്‍ നിന്ന് റാമ്പുകളിലേക്ക് അവള്‍ ചുവടുകള്‍ വച്ചു.ഡിസൈനര്‍മാര്‍ തങ്ങളുടെ ഡിസൈന്‍അവളെ അണിയിച്ച് റാമ്പുകളിലൂടെ നടത്താന്‍ മത്സരിച്ചു .വടിവൊത്ത ശരീരത്തില്‍ വസ്ത്രങ്ങള്‍ പേരിനുവേണ്ടിമാത്രം അണിഞ്ഞ് അവള്‍ പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ റാമ്പുകളില്‍ അവതരിപ്പിച്ചു.(വെട്ടുതുണികൊണ്ടുംഫാഷന്‍ ഉണ്ടാക്കാം!!!!!!). ആളുകള്‍ അവള്‍ ധരിക്കുന്ന ഫാഷന്‍ വസ്ത്രങ്ങളെക്കുറിച്ച് വാചാലരായി. അവള്‍
പങ്കെടുക്കുന്നു എന്നതുകൊണ്ട് മാത്രം ഫാഷന്‍ ഷോകളുടെ ടിക്കറ്റിന് പതിനായരങ്ങളുടെ വിലവര്‍ദ്ധനയുണ്ടായി.അവള്‍ റാമ്പില്‍ എത്തുമ്പോള്‍ കാണികള്‍ അവള്‍ക്ക് നേരെ പൂക്കള്‍ എറിഞ്ഞു ആര്‍ത്തുവിളിച്ചു.

ഒരു ദിവസം അവള്‍ ചിന്തിച്ചു.താനെന്തിനു റാമ്പില്‍ മാത്രം ഇങ്ങനെ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ്നടക്കണം.ജനങ്ങള്‍ തന്നെ കൂടുതലായി അറിയണമെങ്കില്‍ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം.തനിക്ക് ഏറ്റവും കൂടുതല്‍ പ്രശംസകള്‍ വാങ്ങിത്തന്ന ഡിസൈന്‍ഡ് വസ്ത്രവും അണിഞ്ഞ് അവള്‍ റാമ്പില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങി. ആളുകള്‍ തന്നെ കാണുമ്പോള്‍ പൂക്കള്‍ തന്റെ നേരെ വാരി എറിയുമെന്ന് അവള്‍ കരുതിയിരുന്നു. പക്ഷേ അവളെ കണ്ട് ആളുകള്‍ മുഖം തിരിച്ചു. “ഭ്രാന്തി..ഭ്രാന്തി...തുണിയില്ലാത്ത ഭ്രാന്തി...” ആരോവിളിച്ചു പറഞ്ഞു. “എറിഞ്ഞോടിക്കടാ അവളെ “.കല്ലുകള്‍ തെരുതെരുതെ അവളില്‍ പതിച്ചു.

സൌന്ദര്യ നിരൂപകര്‍ വാഴ്ത്തിപ്പാടിയ അവളുടെ പൂമേനിയില്‍ ചോരപൊടിഞ്ഞു.അവള്‍ അലറിക്കരഞ്ഞുകൊണ്ട് തെരുവില്‍ നിന്ന് റാമ്പിലേക്ക് ഓടിക്കയറി.റാമ്പിലെ അവളുടെ സൌന്ദര്യം കണ്ട് ആളുകള്‍ആര്‍ത്തുവിളിച്ചു.“എന്താണവളുടെ ഒരു സൌന്ദര്യം “!!!!

Wednesday, July 9, 2008

നായികയുടെ അവസാനം :

പത്താം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്തി വീട്ടില്‍ നില്‍ക്കുന്ന അവളെത്തേടി ഒരാള്‍ എത്തി.അയാള്‍ എടുക്കുന്ന സീരിയലിലേക്ക് നായികയെത്തേടി ഇറങ്ങിയതാണത്രെ അയാള്‍.അവളും അമ്മയും അയാളെസ്വീകരിച്ചിരുത്തി.പണ്ടെന്നോ അവള്‍ അവ്ലൊരു ടിവി ചാനലിലെ ഫാഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.അന്നേ അവളില്‍ അയാള്‍ തന്റെ നായികയെ കണ്ടിരുന്നു എന്ന് പറഞ്ഞപ്പോള്‍ മകളുടെ സൌന്ദര്യത്തില്‍അമ്മ അഭിമാനം കൊണ്ടു.തങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും തീരുന്നത് അമ്മ സ്വപ്നം കണ്ടു.തങ്ങള്‍ ഇത്രയുംനാളും അവസരം തേടി അലഞ്ഞത് വെറുതെ ആയില്ല.അവസരം ചോദിച്ച് ചെന്നപ്പോള്‍ മകള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞുവിട്ടവര്‍ തന്റെ മകളുടെ ഡേറ്റിനായി കാത്തുനില്‍ക്കും എന്നവര്‍ക്ക് ഉറപ്പാ‍യിരുന്നു.

മകള്‍ സീരിയലിലെ നായിക ആയത് അമ്മ നാട്ടുകാരോടെല്ലാം അറിയിച്ചു.പക്ഷേ മാസം കഴിഞ്ഞിട്ടും സംവിധായകന്റെ വിളി വന്നില്ല.അമ്മ അയാളെ വിളിച്ചു.ഫിനാസില്‍ കുറച്ചുപ്രശ്നമുള്ളതുകൊണ്ടാ‍ണ് സീരിയല്‍ തുടങ്ങാത്തതന്നും ഉടന്‍ തന്നെ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നും അയാള്‍ അറിയിച്ചു.ഒരാഴ്ച കഴിഞ്ഞപ്പോള്‍ സംവിധായകന്റെ വിളി എത്തി.എത്രയും പെട്ടന്ന് സ്ക്രീന്‍ ടെസ്റ്റിനായി എത്തുക. നാട്ടുകാരോട് യാത്രയും ആശിര്‍വാദവുംവാങ്ങി അവളും അമ്മയും യാത്രതിരിച്ചു.സംവിധായകന്‍ അവരെ കാത്തുനില്‍പ്പുണ്ടായിരുന്നു.

സംവിധായകന്റെയും ഫിനാന്‍സറുടേയും ഒക്കെമുന്നില്‍ ‘സ്ക്രീന്‍ ടെസ്റ്റി‘നായി കയറുന്നതിനുമുന്നില്‍ അമ്മമകളുടെ ചെവിയില്‍ പറഞ്ഞു”കഥാപാത്രമായി അഭിനയിക്കരുത് ജീവിക്കണം”.അമ്മയുടെ വാക്കുകള്‍ അവള്‍ അനുസരിച്ചു.ജീവിക്കാന്‍വേണ്ടി വേശ്യ ആകേണ്ടിവന്ന തന്റെ നായികയുടെ അഭിനയം കണ്ട്സംവിധായകന്‍ ഞെട്ടി.താന്‍ കണ്ടെടുത്ത നായിക കഥാപാത്രത്തെ ഇവള്‍ എത്ര തന്മയതത്വത്തോടെയാണ്അഭിനയിക്കുന്നത് ?.അയാള്‍ കണക്കുകള്‍ കൂട്ടി.താന്‍ കണ്ടുടുത്ത പുതുമുഖ നായികയുടെ അഭിനയം പരമാവധിചൂഷ്ണം ചെയ്യുക.

അവള്‍ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് യാത്രയായി.ലൊക്കേഷനുകള്‍ മാറിമാറി വന്നിട്ടും തിരക്കഥയ്ക്ക്ഒരു മാറ്റവും ഇല്ലായിരുന്നു.നായക കഥാപാത്രങ്ങള്‍ മാത്രം മാറിമാറി വന്നു. അമ്മയുടെ ആഗ്രഹം പോലെമകള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞുവിട്ടവര്‍ മകളുടെ ഡേറ്റിനായി അമ്മയ്ക്കു മുന്നില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങി.കുടുംബനികളുടെ കണ്ണീരില്‍ സീരിയലിന്റെ റേറ്റിങ്ങിനോടൊപ്പം നായികയുടേയും റേറ്റിംങ്ങ്കൂടി.

തിരക്കഥയില്‍ ഇല്ലാത്ത പോലീസ് വില്ലന്മാരായി കടന്നുവന്നപ്പോള്‍ സീരിയില്‍ നിന്നു.അവള്‍ക്ക്(നായികയ്ക്ക്) വേണ്ടിഒഴുക്കിയ കണ്ണീര്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ദൈവത്തിനുമുന്നില്‍ ഒഴുക്കിയില്ലല്ലോ എന്ന് ഓര്‍ത്ത്വീട്ടമ്മമാര്‍ നെടുവീര്‍പ്പീട്ടു.റെയില്‍‌വേ പാളത്തില്‍ ചിന്നഭിന്നമായി കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട നായികയുടെഫോട്ടോ പത്രത്താളുകളില്‍ കണ്ടിട്ട് ഒരു വീട്ടമ്മയും കരഞ്ഞില്ല.അവര്‍ എപ്പോഴും കണ്ണീര്‍ ഒഴുക്കുന്നത് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണല്ലോ ?

Sunday, June 8, 2008

ഓര്‍‌ക്കൂട്ട് ആല്‍ബത്തിലെ ഫോട്ടോ :

തന്റെ ഓര്‍‌ക്കൂട്ടിലെ റീസന്റ്‌ലി വിസിറ്റേഴ്‌സില്‍ വളരെ നാളുകളായി അയാളുടെ പേര് കിടക്കുന്നതു കണ്ടുകൊണ്ടാണ് അവള്‍ അയാളുടെ പ്രൊഫൈലില്‍ കയറി നോക്കിയത്. പ്രൊഫൈല്‍ വായിച്ചിട്ടുംഅയാള്‍ ആരാണന്ന് അവള്‍ക്ക് മനസ്സിലായില്ല.അയാളുടെ ആല്‍‌ബത്തില്‍ ചെന്ന് നോക്കിയിട്ടുംപ്രയോജനമില്ലായിരുന്നു.തമിഴ്‌നടന്‍ വിജയിന്റെ ഫോട്ടോകള്‍ ആയിരുന്നു അതില്‍.അയാളുടെ സ്ക്രാപ്പ്ബുക്ക് നോക്കാന്‍ ശ്രമിച്ചെങ്കിലും അവിടേയും പരാജയമായിരുന്നു.അയാളുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്ക്,അവരവര്‍ അയച്ചിട്ടുള്ള സ്ക്രാപ്പ് മാത്രമേ അവരവര്‍ക്ക് അതില്‍ വായിക്കാന്‍ പറ്റുമായിരുന്നുള്ളു.

കുറച്ചുനാളുകള്‍ക്ക് ശേഷം അയാളുടെ ഒരു "hai" സ്ക്രാപ്പ് വന്നു ,കൂടെ ഒരു ഫ്രണ്ട് റിക്വസ്റ്റും.അവള്‍ ആ ഫ്രണ്ട് റിക്വസ്റ്റ് accept ചെയ്ത് അയാളുടെ ഫ്രണ്ട് ആയി. അയാളുടെ ഫ്രണ്ട്ഷിപ്പ് സ്ക്രാപ്പുകള്‍ അവള്‍ക്ക് വന്നുകൊണ്ടിരുന്നു.അവളും അതിനെല്ലാം തിരിച്ചും സ്ക്രാപ്പ് ചെയ്തു.അവളോട് അയാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു.അവള്‍ ഫോണ്‍ നമ്പര്‍ സ്ക്രാപ്പ് ചെയ്തുടനെ അയാള്‍ വിളിച്ചു.സെല്‌ഫോണിലൂടെ അവരെന്നും സംസാരിച്ചു.അയാള്‍ തന്റെ ഒരു നല്ല ഫ്രണ്ടാണന്ന് അവള്‍ കരുതി.അവളുടെ ഒരു ഫോട്ടോ അയാള്‍ ചോദിച്ചപ്പോള്‍അവള്‍ ആദ്യം ഒഴിഞ്ഞുമാറി.അവള്‍ തന്റെ പ്രൊഫൈലില്‍ ചേര്‍ത്തിരുന്നത് ഒരുകുഞ്ഞിന്റെ പടം ആയിരുന്നു.ഫോട്ടോ അവളുടെ ആല്‍ബത്തില്‍ ഇട്ടാല്‍ മതിയന്ന്‍ അയാള്‍ പറഞ്ഞപ്പോള്‍ കൂടുതലൊന്നും അവള്‍ആലോചിച്ചില്ല.അവള്‍ തന്റെ കളര്‍ ഫോട്ടോ ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അപ്‌ലോഡ് ചെയ്തു.

ഓര്‍ക്കൂട്ട് ആല്‍ബത്തിലേക്ക് അവള്‍ തന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു.അവളുടെഫോട്ടോകള്‍ വളരെ സുന്ദരമാണന്ന് പറഞ്ഞ് സ്‌ക്രാപ്പുകള്‍ വന്നകൊണ്ടിരുന്നു.അവളുടെ പത്തിരുപത്ഫോട്ടോകള്‍ ആല്‍ബത്തില്‍ ആയതിനു ശേഷം അയാളുടെ സ്ക്രാപ്പുകള്‍ നിലച്ചു.അവള്‍ അയാളുടെനമ്പരിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ നമ്പര്‍ നോട്ട് ഇന്‍ യൂസ് !.അയാളെവിടെ പോയി ?

ഇന്റ്‌ര്‍നെറ്റിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൌണ്‍‌ലോഡ് ചെയ്തെടുത്ത സെക്സി ചിത്രങ്ങളെക്കുറിച്ച് ഒരു വാരികയില്‍ വന്ന ലേഖനം വായിച്ച അവള്‍ ഞെട്ടിപ്പോയി.ആ ലേഖനത്തോട് അനുബന്ധിച്ച്കൊടുത്തിരുന്ന ചിത്രങ്ങളില്‍ ഒന്ന് അവളുടേത് ആയിരുന്നു.

Sunday, January 20, 2008

ഭ്രൂണം :

അവന്‍ അവളുടെ മടിയില്‍ തലവെച്ച് കിടന്നു.അവര്‍ മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തില്‍ നിന്ന് അസ്‌തമനം കണ്ടു.സുഭാഷ് പാര്‍ക്കിലെ പൊട്ടിയ സിമിന്റ് ബെഞ്ചുകളില്‍ ഇരുന്ന് അവര്‍ സ്വപ്നങ്ങള്‍ നെയ്തു.മറൈന്‍ ഡ്രൈവിലെ മരച്ചുവടുകളില്‍ ഇരുന്ന് അവളും അവനും പ്രതീക്ഷകള്‍ പങ്കുവെച്ചു.ഇണക്കിളികളെപ്പോലെ അവര്‍ കൈകോര്‍ത്തു ചേര്‍ന്നു നടന്നു.ബോട്ടുജെട്ടിയില്‍ നിന്ന് ബോട്ട് കയറി മട്ടാഞ്ചേരിയിലെ വാസ്‌കോഡിഗാമായുടെ പള്ളിയില്‍ എത്തി.കല്‍‌പടവുകള്‍ ഇറങ്ങി കടല്‍ക്കരയില്‍ ചെന്നു.ചീനവലകളുടെ നിഴലില്‍ അവര്‍ മറഞ്ഞു.

അവനേയും പ്രതീക്ഷിച്ച് അവള്‍ എന്നും മറൈന്‍ ഡ്രൈവില്‍ എത്തി.അവനെ അവള്‍ കണ്ടില്ല.കുറേ ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു.അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അവന്റെ ബൈക്കിന്റെ പുറകില്‍ അവള്‍ കയറി. നഗരത്തിലൂടെ അവര്‍ അലഞ്ഞു.ഇരുട്ടുവീണപ്പോള്‍ അവന്റെ ബൈക്ക് ക്ലിനിക്കിന്റെ മുന്നില്‍ നിന്നു.ഇരുട്ടിന്റെ മറവില്‍ അവര്‍ ക്ലിനിക്കിലേക്ക് കയറി.

ക്ലിനിക്കിലെ ടേബിളില്‍ അവള്‍ കിടന്നു.കൊടിലുകളുടെ ശബ്ദ്ദം അവള്‍ കേട്ടു.കൊടില്‍ തന്നെ പിടിക്കാന്‍ വരുന്നതു കണ്ട് ഭ്രൂണം നിലവിളിച്ചു.ഭ്രൂണം ഓടിയൊളിക്കാ‍ന്‍ നോക്കി.രക്ഷപ്പെടാന്‍ ഭ്രൂണത്തിന് കഴിഞ്ഞില്ല.കൊടില്‍ ഭ്രൂണത്തിന്റെ കഴുത്തില്‍ പിടിമുറുക്കി.തന്റെ അടിവയറ്റില്‍ നിന്ന് എന്തോ പറിഞ്ഞുപോകുന്നതായി അവള്‍ക്ക് തോന്നി.അപവാദശരങ്ങളില്‍ നിന്നും തന്തയില്ലാത്തവന്‍ എന്ന വിളിയില്‍ നിന്നും രക്ഷപെട്ട ഭ്രൂണം കോര്‍പ്പറേഷന്‍ ചവറുവണ്ടിയും കാത്ത് ചവറ്റുകൊട്ടയില്‍ കിടന്നു.

Saturday, January 12, 2008

ഇയര്‍ ഫോണ്‍ :

വര്‍ഷങ്ങള്‍ക്ക് മുമ്പ് :
ഞാനവളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണുമ്പോള്‍ അവളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നു. അവള്‍ ഒരു പൊട്ടി ആ‍യിരിക്കുമെന്ന് ഞാന്‍ കരുതി.അവളോട് ഞാന്‍ കൈകള്‍ കൊണ്ട് സംസാരിക്കാന്‍ ശ്രമിച്ചു.അവള്‍ ചെവിയില്‍ നിന്ന് ഇയര്‍ ഫോണ്‍ ഊരിയിട്ട് എന്നോട് സംസാരിച്ചു.ഇയര്‍ ഫോണിന്റെ ഒരറ്റം വാക്മാനില്‍ ഘടിപ്പിച്ചിരിക്കു ന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്.

ഇന്ന് :
അവളെ ഞാനെപ്പോള്‍ കണ്ടാലും അവളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരിക്കും.ഒന്നുകില്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള ഇയര്‍ ഫോണ്‍ അല്ലങ്കില്‍ ഐപ്പോഡില്‍ നിന്നുള്ള ഇയര്‍ ഫോണ്‍.ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ ചെവിയില്‍ നിന്ന് ഇയര്‍ ഫോണ്‍ ഊരും.സംസാരിച്ചു കഴിഞ്ഞാലുടനെ വീണ്ടും ചെവിയിലേക്ക് ഇയര്‍ ഫോണ്‍ വെയ്ക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷം :
ഞാനവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി.അവളുടെ ചെവിയില്‍ അപ്പോള്‍ ഇയര്‍ ഫോണ്‍ ഇല്ലായിരുന്നു. ഞാനവളോട് സംസാരിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറയുന്നതൊന്നും അവള്‍ കേള്‍ക്കുന്നില്ലന്ന് എനിക്ക് തോന്നി.അവള്‍ പെട്ടന്ന് തന്റെ ഇയര്‍ ഫോണ്‍ ചെവിയിലേക്ക് എടുത്തു വെച്ചു.

Sunday, November 18, 2007

വഴിപിഴക്കുന്നവര്‍

സര്‍ക്കാര്‍ ആശുപത്രിയുടെ വാരാന്തയില്‍ അവള്‍ തളര്‍ന്നിരുന്നു.ഭര്‍‌ത്താവിന്റെ ഓപ്പറേഷന്‍ മറ്റെന്നാളാണ്.ഡോക്ടര്‍ക്ക് ആയിരം രൂപയാണ് പടിയെന്ന് അറ്റന്‍ഡര്‍ പറഞ്ഞത് അവളുടെ മനസ്സിലുണ്ടായിരുന്നു.അന്നത്തിനുപോലും വകയില്ലാതിരുന്ന അവള്‍ക്ക് ആയിരം രൂപ വലിയ തുക ആയിരുന്നു.പണയം വെക്കാന്‍ അവളുടെ കൈയ്യില്‍ മാനമല്ലാതെ ഒന്നുമില്ലായിരുന്നു.ഓപ്പറേഷന്‍ ഓരോദിവസവും നീട്ടിവെച്ചുകൊണ്ടിരുന്നു.അയാളുടെ വേദന അവള്‍ക്ക് കണ്ടു നില്‍ക്കാന്‍ വയ്യാതായി.തന്റെ മാനം പണയപ്പെടുത്താന്‍ അവള്‍ തിരുമാനിച്ചു.ഇരുട്ടിന്റെ മറപറ്റി അവള്‍ നടന്നു.അവളെപോലുള്ളവരെ കാത്ത് കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.അതിരാവിലെ തന്നെ അവള്‍ ഡോക്ടറുടെ വീട്ടിലെത്തി പണം നല്‍കി.ആര്‍ത്തിയോടെ പണം വാങ്ങി എണ്ണിയ ഡോക്ടര്‍ തന്റെ വേലക്കാരനെ വിളിച്ചു.ആ പണം പട്ടിക്ക് ബിസ്ക്കറ്റ് വാങ്ങാന്‍ വേലക്കാരന്റെ കൈയ്യില്‍ ഡോക്ട്‌ര്‍ കൊടുത്തു. വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ അന്നുരാത്രിയിലും അവള്‍ ഇരുട്ടിലേക്ക് ഇറങ്ങി.

Thursday, November 1, 2007

മിസ്‌ഡ് കോള്‍

രാവിലെ എഴുന്നേറ്റപ്പോള്‍ അവള്‍ മൊബൈല്‍ എടുത്തുനോക്കി.പത്തു മിസ്‌ഡ് കോള്‍.എല്ലാം ഒരു നമ്പരില്‍ നിന്നുതന്നെയാണ്.അവള്‍ക്ക് ആ നമ്പര്‍ ആരുടെയാണന്ന് അറിയില്ലായിരുന്നു.പിറ്റേന്ന് രാവിലെയും ആ നമ്പരില്‍ നിന്നുതന്നെ മിസ്‌ഡ് കോള്‍ കണ്ടപ്പോള്‍അവള്‍ ആ നമ്പരിലേക്ക് തിരിച്ചൊരു മിസ്‌ഡ് കോള്‍ വിട്ടു.പിന്നെ മുതല്‍ രാത്രിയില്‍വന്നുകൊണ്ടിരുന്ന മിസ്‌ഡ് കോള്‍ പകല്‍ സമയത്തും വന്നുതുടങ്ങി.മിസ്‌ഡ് കോള്‍വന്നാ ലുടന്‍ തന്നെ തിരിച്ചും അവള്‍ മിസ്‌ഡ് കോള്‍ അയച്ചുതുടങ്ങി.അവള്‍ക്കുംഅതൊരു രസമായിരുന്നു.മിസ്‌ഡ് കോളിനുവേണ്ടി അവള്‍ കാത്തിരിക്കാന്‍ തുടങ്ങി.

മിസ്‌ഡ് കോള്‍ മെസ്സേജായി മാറി.അവള്‍ക്ക് മെസ്സേജ് ഫ്രി ആയിരുന്നു.മൊബൈല്‍നിര്‍ത്താതെ ബെല്ലടിച്ചപ്പോള്‍ അവള്‍ നോക്കി.അത് ആ മിസ്‌ഡ് കോള്‍ നമ്പരില്‍നിന്നായിരുന്നു.അവളത് അറ്റന്‍ഡ് ചെയ്തു.ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ചിരപരിചയക്കാരെപ്പോലെ ആയി.അവന്‍ ആവിശ്യപ്പെട്ടപ്പോള്‍ അവനെ കാണാനാ യിഅവള്‍ അവന്‍ പറഞ്ഞയിടത്ത് എത്തി.പിന്നീട് പലയിടത്തുവച്ചും അവര്‍ കണ്ടുമുട്ടി.

അവനവളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.ഒരു പരിഭ്രമവും ഇല്ലാതെ അവള്‍ കടന്നുചെന്നു.അവന്‍ അവള്‍ക്കാ യി ഒരുക്കിയ വലയില്‍ അവള്‍ കുരുങ്ങി.ക്യാമറകണ്ണുകള്‍ മിഴിതുറന്നത് അവളറിഞ്ഞില്ല.പിന്നീട് അവന്‍ ആവിശ്യപ്പെടുമ്പോഴെല്ലാം അവള്‍ക്ക് പോകേണ്ടിവന്നു.അങ്ങനെ മിസ്‌ഡ് കോള്‍ വഴി അവള്‍ ‘കോള്‍’ ഗേള്‍ ആയി. മിസ്‌ഡ് കോള്‍ വഴി തന്റെ ജീവിതം‘മിസ് ‘ ആയന്നവള്‍ക്ക് മനസ്സിലായി.

Sunday, October 14, 2007

സ്തനസൌന്ദര്യം

ഇന്നവരുടെ കല്യാണരാത്രിയാണ്. “നമുക്ക് കുട്ടികള്‍ വേണ്ട”അവള്‍ അയാളോട് പറഞ്ഞു. വിലയ്‌ ക്കെടുക്കപ്പെട്ട അയാള്‍ തിരിച്ചൊന്നും പറഞ്ഞില്ല.എപ്പോഴും ‘രോഗിഇച്ഛിക്കുന്നതും വൈദ്യന്‍ കല്പിക്കു ന്നതും പാല് ‘ ആകത്തില്ലല്ലോ?താന്‍ ഗര്‍ഭിണിയാണന്നറിഞ്ഞ അവള്‍ അയാളോട് പൊട്ടിത്തെറിച്ചു. ഭ്രൂണഹത്യ പാപമാണന്ന് അവരുടെ മതംഅനുശാസിച്ചെങ്കിലും അവളതിന് ശ്രമിച്ചു.പക്ഷേ ദൈവം കനിഞ്ഞില്ല.

കുഞ്ഞ് ജനിച്ചു.അവള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ല.കുഞ്ഞിനെ മുലയൂട്ടിയാല്‍സ്തനസൌന്ദര്യം നശിക്കുമത്രേ!!കുഞ്ഞ് വിശന്ന് കരയുമ്പോഴെല്ലാം തന്റെ മാറിടംതുടിച്ചുവെങ്കിലും അവള്‍ കുഞ്ഞിന്റെ ഇളം ചുണ്ടിലേക്ക് കുപ്പിപ്പാല്‍ കമഴ്‌ത്തി.അമ്മയുടെമാറിടത്തിന്റെ ചൂട് ഏല്‍ക്കാതെ ആ കുഞ്ഞ് വളര്‍ന്നു.

ഒരു ദിവസം അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.ഇടത്തെ മാറിടത്തിന് വല്ലാത്തഒരു വേദന. വേദനയുടെ ദിനങ്ങള്‍..ആര്‍.സി.സി.യുടെ കീമോതെറാപ്പി റൂമിനു മുന്നില്‍അവള്‍ തന്റെ ഊഴത്തിനായി കാത്തിരുന്നു.അവളുടെ ഇടത്തെ മാറിടം നീക്കം ചെയ്യാന്‍ഡോക്ടര്‍മാര്‍ തീരുമാനിച്ചു.ചികിത്സകള്‍ കഴിഞ്ഞവള്‍ വീട്ടിലെത്തി.

അവളുടെ കുഞ്ഞിന്ന് വിശന്ന് കരയാറില്ല.വിശക്കുമ്പോള്‍ അവന്‍ തനിയെ തന്റെപാല്‍ക്കുപ്പി ചുണ്ടോട് ചേര്‍ക്കും.

Friday, October 12, 2007

സിനിമാ നടി

മലയാളത്തിന്റെ ഇട്ടാവട്ടത്തില്‍ നിന്ന് അവള്‍ പുറത്ത് കടന്നു.അവള്‍ക്ക് ഒരു വലിയ നടിയാവണമാ യിരുന്നു. തമിഴിലും തെലുങ്കിലും ആളുകള്‍ അവളുടെ പടം കാണാന്‍ ആളുകള്‍ ഇടിച്ചു കയറി. നായകന്‍ തന്റെ ചുണ്ട്കടിക്കുന്ന ഫ്ലക്സുകള്‍ ഗ്രാമങ്ങളില്‍ പോലും നിറയുന്നത് കണ്ട് അവള്‍ പുളകം കൊണ്ടു.

പുതിയ നായികമാരുടെ തള്ളിക്കയറ്റത്തില്‍ താന്‍ പിന്തള്ളപ്പെടുന്നതായി അവള്‍ക്കു തോന്നി. ക്യാമറയ്ക്ക്പിന്നിലും മുന്നിലും അവള്‍ അഭിനയിച്ചു.ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാനായി അവള്‍ തന്റെ ശരീരത്തിലെവസ്ത്രങ്ങളുടെ അളവ് കുറയ്ക്കാന്‍ തുടങ്ങി.എന്നിട്ടും ആളുകള്‍ക്ക് അവളെ മടുത്തു. അവസാനം ജീവിതത്തില്‍പിടിച്ചുനില്‍ക്കാനാവാതെ അവള്‍ ഒരു മുഴം കയറില്‍ ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് പിടിച്ചു കയറി.

Friday, October 5, 2007

ചിലന്തി

അവള്‍ക്ക് പണ്ടുമുതലേ ചിലന്തികളെയും ചിലന്തി വലകളേയും ഭയങ്കര ഇഷ്‌ടമായിരുന്നു.ചിലന്തികള്‍ വലകെട്ടുന്നതും നോക്കി അവള്‍ എത്ര സ‌മയം വേണമെങ്കിലും നില്‍ക്കുമായിരുന്നു.വേള്‍ഡ് വൈഡ് വെബ്ബിനെകുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ അവളതിന്റെ ആരാധികയായി മാറി. എല്ലാ ദിവസവും മണിക്കൂറുകളോളം അവളാവലകളില്‍ കൂടി സഞ്ചരിക്കാന്‍ തുടങ്ങി.അവസാനം സൂത്രശാലിയായ ഒരു ചിലന്തി കെട്ടിയ വലയില്‍ അവള്‍ കുടുങ്ങി. രക്ഷപെടാനാവാത്തവണ്ണം ആ ചിലന്തി തന്നെ വലയില്‍ കുടുക്കിയന്നവള്‍ അറിഞ്ഞത്താമസിച്ചാണ്. വല കൊണ്ട് ചിലന്തി തന്നെ ചുറ്റിവരിയുന്നത് നിസഹായതോടെ അവള്‍ കണ്ടു.രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും വലപൊട്ടിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.അവള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതുകണ്ട് ചിലന്തിയുടെ കണ്ണുകള്‍ ക്രൂരമായി തിളങ്ങി.ചിലന്തിക്കറിയാമായിരുന്നു തന്റെവലയില്‍ കുടുങ്ങിയ ഇരയ്ക്ക് ഒരിക്കലും രക്ഷപെടാന്‍ കഴിയത്തില്ലന്ന്. ചിലന്തി അവളെ തിന്നിട്ട്പുതിയ വലകെട്ടി അടുത്ത ഇരയേയും കാത്തിരുന്നു.

കുഞ്ഞിക്കോഴി

അമ്മക്കോഴി കുഞ്ഞിനെ തന്റെ ചിറകിനടിയില്‍ നിന്ന് കൊത്തിമാറ്റി.കുഞ്ഞ് വളര്‍ന്നിരിക്കുന്നു.പത്തുകുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.അമ്മക്കോഴി കുഞ്ഞിന് അതിജീവനത്തിനുള്ള പാഠങ്ങള്‍ നല്‍കി.കുഞ്ഞ് വളര്‍ന്നു.നിലാവുള്ള രാത്രിയില്‍ എവിടെനിന്നോ കേട്ട പൂവന്‍‌കോഴിയുടെ കൂവല്‍ തന്റെ കുഞ്ഞില്‍ മാറ്റങ്ങള്‍ വരുത്തിയത് അമ്മക്കോഴി അറിഞ്ഞു.നീണ്ട അങ്കവാലും ചേലൊത്ത പൂവും ഉള്ള പൂവന്‍‌കോഴിയുടെ തലയെടുപ്പില്‍ അവള്‍ വീണു.തൊടിയിലും പറ‌മ്പിലും വെച്ച് അവര്‍ രഹസ്യങ്ങള്‍ കൈമാറി.അമ്മക്കോഴി അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി.”കാലം നല്ലതല്ല”.പ്രണയം തലക്കുപിടിച്ച കുഞ്ഞിക്കോഴിക്ക് അമ്മയുടെ വാക്കുകള്‍ മനസ്സിലായില്ല.അവസാനം അമ്മക്കോഴിപേടിച്ചത് സംഭവിച്ചു.പൂവന്റെ കാലുകള്‍ക്കുള്ളില്‍ അ‌മരു‌മ്പോള്‍എന്താണ് സംഭവിക്കുന്നത് എന്ന് കുഞ്ഞിക്കോഴിക്ക് മനസ്സിലായില്ല.നിഷ്കളങ്കമായ കണ്ണുകള്‍ കൊണ്ട് കുഞ്ഞിക്കോഴി പൂവനെ നോക്കി.അവന്‍ തന്റെ ചിറകിനടിയില്‍ നിന്ന് ഒരു ipill എടുത്ത് കുഞ്ഞിക്ക് നല്‍കി,”72 മണിക്കൂറിനുള്ളില്‍ കഴിക്കണം.”പൂവന്‍ നീട്ടികൂവി അടുത്ത കുഞ്ഞിയെ തേടി പാഞ്ഞു.അമ്മക്കോഴിയുടെ വാക്കുകള്‍ അവളോര്‍ത്തു,”കാലം നല്ലതല്ല”.