Showing posts with label ജീവിത കഥ. Show all posts
Showing posts with label ജീവിത കഥ. Show all posts

Wednesday, December 19, 2007

ചേളാവുകച്ചവടക്കാരന്‍

അയാള്‍ ചേളാവുകച്ചവടക്കാരനായിരുന്നു.ചന്തദിവസങ്ങളില്‍ അയാള്‍ വഴിവക്കിലിരുന്നു സാദങ്ങള്‍ വിലക്കെടുക്കും.അയാളുടെ കച്ചവടം ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിച്ചു.തലച്ചുമടായി സാദനങ്ങള്‍ ചന്തകളില്‍ എത്തിച്ചിരുന്നഅയാള്‍ ഒരു കാളവണ്ടി വാങ്ങി.കാളവണ്ടിയില്‍ നിന്ന് ചരക്കുലോറികളിലേക്കുള്ള മാറ്റം പെട്ടന്നായിരുന്നു.മലഞ്ചരക്കുകള്‍അയാള്‍ സ്വന്തം നിലയില്‍ കയറ്റിയയക്കാന്‍ തുടങ്ങി.സ്വന്തമായി ഫാക്ടറികളും തുടങ്ങി.അയാള്‍ മകനെ എംബി‌എപഠിക്കാന്‍ വിദേശത്ത് വിട്ടു.മകന്‍ വിദേശത്തെ പഠിപ്പെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അയാള്‍ ബിസിനസ്സ്എല്ലാം മകനെ ഏല്‍പ്പിച്ചു.

അവന്‍ താന്‍ പഠിച്ച മാനേജ്‌മെന്റ് തത്വങ്ങള്‍ ബിസിനസ്സില്‍ പ്രയോഗിക്കാന്‍ തുടങ്ങി.അവന്റെ പ്രയോഗത്തിന്അനുസരിച്ച് ബിസിനസ്സ് പടവലങ്ങപോലെ വളരാന്‍ തുടങ്ങി.ബാലസ്സ് ഷീറ്റിലെ നഷ്ടക്കണക്കുകള്‍ വര്‍ദ്ധിച്ചു.വീട്ജപ്തി ചെയ്യാനുള്ള നോട്ടീസ് എത്തിയപ്പോള്‍ അവന്‍ വിഷക്കുപ്പിയുമായി ഇറങ്ങി നടന്നു.അയാള്‍ തന്റെ പഴയചേളാവുമായി വഴിവക്കിലേക്ക് നടന്നു.അവന്‍ പഠിച്ച് മാനേജ്‌മെന്റ് തത്വങ്ങളില്‍ ജീവിതപാഠങ്ങള്‍ ഇല്ലായിരുന്നു.എന്നാല്‍അയാള്‍ക്ക് ജീവിതപാഠങ്ങള്‍ വളരെ ഏറെയായിരുന്നു

Saturday, December 1, 2007

വിവാഹശേഷമുള്ളയാത്രകള്‍ :

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്‍ച്ചയുള്ള ദമ്പതികള്‍ എന്ന് എല്ലാവരും പറഞ്ഞു.അത് കേട്ട് അവനും അവളും അവരുടെ വീട്ടുകാരം സന്തോഷിച്ചു.വിവാഹത്തിനു പിറ്റേന്നുമുതല്‍ അവരുടെ യാത്ര ആരംഭിച്ചു.

ആദ്യ ആഴ്ച്‌കള്‍ :
അവര്‍ ഒരുമിച്ച് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.അവളുടെ സാരിയുടെ ഞൊറു ശരിയാക്കാനും,മുന്താണി പിടിച്ചിടാനും അവന്‍ സഹായിച്ചു.അവന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അവള്‍ ഇട്ടുകൊടുത്തു.ബസില്‍ അവര്‍ ഒരേ വാതിലിലൂടെ ഒരുമിച്ച് കയറി ഒരു സീറ്റില്‍ ഇരുന്നു.അവളെ ജനല്‍ സൈഡില്‍ മാത്രമേ അവന്‍ ഇരുത്തിയിരുന്നുള്ളു.(എന്താണ് കാര്യമെന്ന് അറിയാമല്ലോ?)അവളെ ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ എന്നവണ്ണം അവന്‍ തന്റെ കൈ അവളുടെ തോളത്തുകൂടെ ഇട്ടു.അവരുടെ ഇരുപ്പ് പിള്ളാര്‍ക്ക് എന്റ്‌ര്‍‌ടെയന്റ്‌മെന്റ് ആയി.കോട്ടയത്തേക്ക് പോകുന്നത് പാസഞ്ചര്‍ ട്രയിനില്‍ ആയിരിക്കും.

ഒരുമാസത്തിന് ശേഷം:
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.പക്ഷേ ബസില്‍ കയറുന്നത് രണ്ടു വാതിലിലൂടെ ആണ്.കയറിക്കഴിഞ്ഞാല്‍ അവര്‍ പരസ്പരം നോക്കി സാനിധ്യം അറിയിക്കും.അവനാണ് ആദ്യം ബസില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍ അവളെ കാത്തു നില്‍ക്കും; അവളാണങ്കില്‍ അവനുവേണ്ടിയും.

ആറുമാസത്തിനു ശേഷം :
അവനാദ്യം വീട്ടില്‍ നിന്ന് ഇറങ്ങും.അവള്‍ക്ക് വേണ്ടി അവന്‍ ബസ്‌സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കും.അവര്‍ ഒരേ ബസ്സിലേ യാത്ര പോകുമായിരുന്നുള്ളു.ബസ് ഇറങ്ങികഴിഞ്ഞാല്‍ അവളാദ്യം വീട്ടില്‍ പോകും.അവന്‍ കറങ്ങിതിരിഞ്ഞേ വീട്ടില്‍ എത്തിയിരുന്നുള്ളു.

ഒരു വര്‍ഷത്തിനു ശേഷം:
കുഞ്ഞിനെ അവന്‍ എടുക്കും.അവള്‍ പ്ലാസിക് കവറും പിടിച്ച് ഒപ്പം നടക്കും.അവള്‍ കുഞ്ഞിനെ എടുത്താല്‍ അവന്‍ പ്ലാസിറ്റിക് കവര്‍ പിടിക്കും.കുഞ്ഞിനും തള്ളയ്ക്കും വെയില്‍ കൊള്ളാതിരിക്കാന്‍ കുടപിടിച്ച് കൊടുക്കും.ബസില്‍ കയറിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് കിട്ടിയിട്ടേ അവന്‍ ഇരിക്കൂ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കി തുടങ്ങി.അവന്‍ കയറുന്ന ബസില്‍ അവളും അവള്‍ കയറുന്ന ബസില്‍ അവനും കയറാതായി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം :
ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്.ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റെയാള്‍ പടിഞ്ഞാറോട്ട്.

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളു.നരച്ച കാലന്‍‌കുടകുത്തി അപ്പൂപ്പനും അല്പം കൂനി അമ്മൂമ്മയും നടക്കും.ബസ്സില്‍ കയറിയിട്ട് അമ്മൂമ്മയ്ക് സീറ്റ് കിട്ടിയാല്‍ അപ്പുപ്പനെ വിളിച്ച് അടുത്തിരുത്തും അപ്പൂപ്പന് സീറ്റ് കിട്ടിയാല്‍ അമ്മൂമ്മയെ വിളിച്ച് അടുത്തിരുത്തും.അപ്പൂപ്പന്‍ അമ്മൂമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും.പിടിവിട്ടാല്‍ താഴെപ്പോകുമെന്ന് അപ്പൂപ്പനറിയാം.പരസ്പരം താങ്ങായി അവര്‍ യാത്ര തുടര്‍ന്നു.............................

ഇപ്പോള്‍ മനസ്സിലായില്ലേ ഭൂമിമാത്രമല്ല ജീവിതയാത്രയും ഉരുണ്ടാതാണന്ന്

Tuesday, November 13, 2007

ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക്ചെയ്യുന്നവര്‍

അയാള്‍ വന്നുകയറുന്നുടന്‍ മുതല്‍ അമ്മയെക്കുറിച്ചുള്ള പരാതികള്‍ അവള്‍ പറഞ്ഞുതുടങ്ങും. വയസ്സായതള്ള അടങ്ങിയിരിക്കുന്നി ല്ലന്നാണ് അവളുടെ പരാതി.അയാളുടെ അമ്മയ്ക്ക് വയസ്സ് എണ്‍പതു കഴിഞ്ഞു. പ്രഷറും ഷുഗറും കൊളസ്ട്രോളും അവരെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. ബിസ്‌നസ്സ്കാരനായ ഒറ്റ മകന് അമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.പ്രത്യേകിച്ച് തൊഴിലൊന്നും ഇല്ലാത്ത മരുമകള്‍ക്കും അമ്മായിഅമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.കെന്നല്‍ ക്ലബില്‍ കൊണ്ടുപോകുന്ന പട്ടികുട്ടിക്ക് നല്‍കുന്ന പരിചരണം പോലും മരുമകള്‍ അമ്മായിയമ്മയ്ക്ക് നല്‍കിയില്ല.

വയസ്സായതള്ളയെ വീട്ടില്‍ താമസിപ്പിക്കുന്നത് കുറച്ചിലാണന്ന് അവള്‍ അവനോട് പറഞ്ഞു.അവളുടെ ക്ലബിലെ എല്ലാവരുടേയും അമ്മായിയമ്മമാര്‍ ഓള്‍ഡേജ് ഹോമിലാണത്രെ താമസിക്കുന്നത്. അതാണത്രെ സ്റ്റാറ്റസ്.അവളുടെ കലഹം അസഹനീയമായപ്പോള്‍ അയാള്‍ അമ്മയെ ഓള്‍ഡേജ് ഹോമിലാക്കാന്‍ തീരുമാനിച്ചു.മാസം പതിനായിരം രൂപ നല്‍കേണ്ട ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക് ചെയ്യാന്‍ അയാളും ഭാര്യയും ഇറങ്ങി.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവരുടെ മകനും അവരുടെയൊപ്പം ചെന്നു.ഓള്‍ഡേജ് ഹോമിലെ ഒരു കട്ടിലിന് രണ്ടുലക്ഷം രൂപയാണ് ഡിപ്പോസിറ്റ് എന്ന് ഡയറക്ടര്‍ പറഞ്ഞു.അയാള്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കി അമ്മയ്ക്ക് വേണ്ടി കട്ടില്‍ ബുക്ക് ചെയ്തു.
അയാളുടെ മകന്‍ അയാളോട് പറഞ്ഞു.
“ഡാഡീ,ഒരു രണ്ടുലക്ഷം രൂപയുടെ ചെക്ക് കൂടി എഴുതികൊടുത്ത് ഒരു കട്ടിലൂടെ ബുക്ക് ചെയ്യ്...”
“എന്തിനാ മോനേ..”അയാള്‍ ചോദിച്ചു.
“പത്ത് നാല്‍പ്പത് വര്‍ഷം കഴിയുമ്പോള്‍ ഡാഡിക്ക് വേണ്ടിയാ.... എനിക്കന്ന് കട്ടില്‍ ബുക്ക് ചെയ്യാന്‍ സമയം കിട്ടിയില്ലങ്കിലോ?” മകന്‍ പറഞ്ഞു.അയാളുടെ കണ്ണ് നിറഞ്ഞു.പക്ഷേ അയാള്‍ നിസഹായകനായിരുന്നു.
തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ അയാള്‍ സംസാരിച്ചില്ല.തിരിച്ചുള്ള യാത്രയില്‍ അവള്‍ മകനോട് ചോദിച്ചു.
“മോന്‍ പപ്പയോട് മുറിബുക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മമ്മിക്കുകൂടി മുറിബുക്ക് ചെയ്യാന്‍ പറയാഞ്ഞത് മോന് മമ്മിയോട് ഒത്തിരി ഇഷ്ടമുണ്ടായിട്ടാണോ ?”
“മമ്മിയോട് ഇഷ്ടമുണ്ടായിട്ടില്ല..... മമ്മി അമ്മച്ചിയോട് ചെയ്യുന്നതിന് എനിക്ക് എനിക്ക് എണ്ണിയെണ്ണി പകരം ചോദിക്കണം.മമ്മി ഓള്‍ഡേജ് ഹോമില്‍ പോയാല്‍ ഞാനെങ്ങനെ പകരം ചോദിക്കും??”
അവന്റെ ശബ്‌ദ്ദം ഉറച്ചതായിരുന്നു.

Friday, October 12, 2007

കലപ്പ

അയാളൊരു കൃഷിക്കാരനായിരുന്നു.പാടത്ത് പകലന്തിയോളം പണിയെടുത്തയാള്‍ മക്കളെ പഠിപ്പിച്ചു. മക്കളെല്ലാം ഉയര്‍ന്ന നിലയിലെത്തി.തങ്ങളുടെ അച്ഛന്‍ പാടത്ത് പണിയെടുക്കുന്നത് അവര്‍ക്ക് നാണക്കേടായിരുന്നു.മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ നെല്‍പ്പാടങ്ങളും, പൂട്ടുകാളകളേയും വിറ്റു.കലപ്പ വില്‍ക്കാന്‍ അയാള്‍ സമ്മതിച്ചില്ല.അതയാളുടെ മുതുമുത്തച്ഛന്മാര്‍ ഉപയോഗിച്ച കലപ്പയായിരുന്നു. അയാളുടെ സമ്മതമില്ലാതെ അയാളുടെ മക്കള്‍ ആയിരം രൂപയ്ക്ക് കലപ്പ വിറ്റു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് അയാളുടെ കൊച്ചുമകന്‍ വലിയ ഒരു വീടു പണിതു.വീട് അലങ്കരിക്കാന്‍ അവന്‍ പുരാണ വസ്തുക്കള്‍ തേടിയിറങ്ങി.വീടിന്റെ പടിക്കല്‍ സ്ഥാപിക്കാന്‍ പത്തുലക്ഷം രൂപ കൊടുത്തവന്‍ ഒരു കലപ്പ വാങ്ങി.കൊച്ചുമകന്‍ കൊണ്ടുവന്ന കലപ്പയിലേക്കയാള്‍ നോക്കി.കലപ്പയുടെ പിടിയില്‍ അയാളുടെ കൈപ്പാടുകള്‍ മായാതെ കിടപ്പുണ്ടായിരുന്നു.

സിനിമാ നടി

മലയാളത്തിന്റെ ഇട്ടാവട്ടത്തില്‍ നിന്ന് അവള്‍ പുറത്ത് കടന്നു.അവള്‍ക്ക് ഒരു വലിയ നടിയാവണമാ യിരുന്നു. തമിഴിലും തെലുങ്കിലും ആളുകള്‍ അവളുടെ പടം കാണാന്‍ ആളുകള്‍ ഇടിച്ചു കയറി. നായകന്‍ തന്റെ ചുണ്ട്കടിക്കുന്ന ഫ്ലക്സുകള്‍ ഗ്രാമങ്ങളില്‍ പോലും നിറയുന്നത് കണ്ട് അവള്‍ പുളകം കൊണ്ടു.

പുതിയ നായികമാരുടെ തള്ളിക്കയറ്റത്തില്‍ താന്‍ പിന്തള്ളപ്പെടുന്നതായി അവള്‍ക്കു തോന്നി. ക്യാമറയ്ക്ക്പിന്നിലും മുന്നിലും അവള്‍ അഭിനയിച്ചു.ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാനായി അവള്‍ തന്റെ ശരീരത്തിലെവസ്ത്രങ്ങളുടെ അളവ് കുറയ്ക്കാന്‍ തുടങ്ങി.എന്നിട്ടും ആളുകള്‍ക്ക് അവളെ മടുത്തു. അവസാനം ജീവിതത്തില്‍പിടിച്ചുനില്‍ക്കാനാവാതെ അവള്‍ ഒരു മുഴം കയറില്‍ ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് പിടിച്ചു കയറി.

Sunday, October 7, 2007

മരണം

അയാള്‍ തൊടുന്നതെല്ലാം പിഴയ്ക്കുകയായിരുന്നു.ബിസ്നസ്സുകളെല്ലാം പൊട്ടി.ബസ് സര്‍വീസ് തുടങ്ങി, കുഴികളില്‍ വീണ് ബസ്സുകളെല്ലാം കട്ടപ്പുറത്തായപ്പോള്‍ അത് പൊട്ടി.ബസ്സുകളെല്ലാം തൂക്കികൊടുത്ത് ഒരു ജെ.സി.ബി. വാങ്ങി.ഇടിക്കലും പൊളിക്കലും നിര്‍ത്തിയപ്പോള്‍ ജെ.സി.ബി. ഷെഡില്‍ കയറി.ജെ.സി.ബി. കൊടുത്ത് ഒരാനയെ വാങ്ങി.ആനയ്ക്ക് കടം വാങ്ങി പട്ട കൊടുത്തപ്പോള്‍ തനിക്ക് ഒരുതുള്ളി പട്ട പോലും അടിക്കാനുള്ള കാശില്ലന്നയാള്‍ അറിഞ്ഞു.അയാള്‍ എല്ലാ ബിസ്നസ്സുകളും നിര്‍ത്തി സ്വസ്ഥമായിട്ടിരുന്നു.പലിശ കൂടി കടം കുമിഞ്ഞപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

വിഷം കഴിച്ചിട്ട് ഛര്‍ദ്ദിച്ചതല്ലാതെ അയാള്‍ക്കൊരു കുഴപ്പവും പറ്റിയില്ല.തൂങ്ങിച്ചാകാന്‍ നോക്കി, കയറുപൊട്ടി താഴെ വീണു.ട്രയിനിനു മുമ്പില്‍ ചാടി.ട്രയിനിടിച്ച് തെറിച്ചതല്ലാതെ അയാള്‍ ചത്തില്ല.ആറ്റില്‍ ചാടി,വെള്ളം കുടിച്ചത് മിച്ചം.കാലനും വേണ്ടാതായപ്പോള്‍ അയാള്‍ ജീവിക്കാന്‍ തീരുമാനിച്ചു.

നൂറുരൂപ കൊടുത്ത് അയാളൊരു പൂജാബംബര്‍ വാങ്ങി.ഫലം വന്നയന്ന് അയാള്‍ പത്രത്തില്‍ പരതി. തന്റെ ടിക്കറ്റ് നമ്പരും ഒന്നാംസമ്മാനത്തിന്റെ നമ്പരും ഒന്നു തന്നെ.തനിക്ക് ലോട്ടറി അടിച്ചിരിക്കുന്നു. പെട്ടന്നയാളുടെ ഹൃദയം നിലച്ചു.അയാളുടെ വിറങ്ങിലിച്ച കൈയ്യില്‍ നിന്ന് ടിക്കറ്റ് പറന്നുപോയി.

ദയാവധം

അമ്മച്ചി കുളിമുറിയില്‍ തെന്നിവീണ് നടുവൊടിഞ്ഞു.മക്കളെല്ലാം ലോകത്തിന്റെ പല ഭാഗത്തുനിന്ന് ഓടിയെത്തി. അമ്മച്ചിയെ ശുശ്രൂഷിക്കാന്‍ അവര്‍ ഇടിച്ചിടിച്ച് നിന്നു.പത്തു ദിവസം കഴിഞ്ഞിട്ടും അമ്മച്ചി മരിക്കുന്ന ലക്ഷണമൊന്നുമില്ല.മക്കളെല്ലാം ഒന്നിച്ചു കൂടി.അവര്‍ ഇന്റെര്‍നെറ്റില്‍ പരതി.’സഗാണ്ട’ എന്ന രാജ്യത്തെ കുറിച്ച് അവരറിഞ്ഞു.അവര്‍ അമ്മച്ചിയെകൊണ്ട് അവിടേക്ക് പോയി.

അമ്മച്ചിക്ക് വിദഗ്ദ ചികിത്സ നല്‍കാനായിരിക്കും ’സഗാണ്ട’യില്‍ കൊണ്ടുപോയതെന്ന് നാട്ടുകാര്‍ വിചാരിച്ചു.പാവം നാട്ടുകാര്‍ക്ക‌റിയില്ലല്ലോ ’സഗാണ്ട’യില്‍ ദയാവധം നിയമവിധേയമാണന്ന്.

Friday, October 5, 2007

ഫ്രണ്ട്സ് ലിസ്റ്റ്

അയാളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ടന്ന് ഭാര്യയ്ക്ക് തോന്നി.അയാളെപ്പോഴും നെറ്റിലുണ്ടന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ അവളത് കാര്യമായിട്ടെടുത്തിരുന്നില്ല.പക്ഷേ രാത്രിയില്‍ ഉറങ്ങാതെ അയാള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നുതുടങ്ങിയപ്പോള്‍അവള്‍ ഭയപ്പെട്ടു. അയാള്‍ ഓര്‍ക്കൂട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.പുതിയപുതിയ ഫ്രണ്ടിസിനെഅയാള്‍ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു.കമ്യൂണിറ്റികളിലൂടെ അയാള്‍ പുതിയകൂട്ടുകാരെ നേടി.ഫ്രണ്ട്സ് ലിസ്റ്റിലെ കൂട്ടുകാരുടെ എണ്ണം കൂടുന്നത് കണ്ടയാള്‍ മതിമറന്നു.അയാള്‍ക്ക് ഫ്രണ്ട്സ് ലിസ്റ്റില്‍ ആയിരത്തിലധികം ഫ്രണ്ട്സ് ആയി.അവരുമായി അയാള്‍എന്നും സല്ലപിച്ചുകൊണ്ടിരുന്നു. അയാളിപ്പോള്‍ വീടിനുപുറത്തേക്കൊന്നും ഇറങ്ങാറേ ഇല്ല.അയാള്‍ക്കിപ്പോള്‍എല്ലാം ഫ്രണ്ട്സ് ലിസ്റ്റിലെ കൂട്ടുകാരാണ്.ഒരു ദിവസം അയാള്‍ ആശുപത്രിയിലായി.ദിവസങ്ങളോളം അബോധാവസ്ഥയില്‍ അയാള്‍ കിടന്നു.ബോധം തെളിഞ്ഞപ്പോള്‍ അയാള്‍ചുറ്റും നില്‍ക്കുന്നവരെ നോക്കി.അവരാരെയും അയാള്‍ക്ക് മനസിലായില്ല.അവരാരുംഅയാളുടെ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. “ആരാ??”അയാള്‍ ചോദിച്ചു.പ്രായമായ മനുഷ്യന്‍ പറഞ്ഞു,”ഞാന്‍ നിന്റെഅച്‌ഛന്‍”.പ്രായമായ സ്ത്രി പറഞ്ഞു,”ഞാന്‍ നിന്റെ അമ്മ”.ചെറുപ്പക്കാരത്തി പറഞ്ഞു,”ഞാന്‍ നിങ്ങളുടെ ഭാര്യ”.

ആത്മഹത്യ

അയാള്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു.കൃഷിനഷ്‌ടത്തിലാണ്.ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് എത്തിയിരിക്കുന്നു.കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞതല്ലാതെ അതൊന്നുംനടന്നിട്ടില്ല. അയാള്‍ തന്റെ ആത്മഹത്യകുറിപ്പ് എഴുതി.

ആത്മഹത്യകുറിപ്പ് എഴുതിയതിന് ശേഷമാണ്അയാള്‍ വലിയ കാര്യം ചിന്തിച്ചത്.എങ്ങനെയാണ് മരിക്കേണ്ടത്?വിഷം കഴിക്കണോ അതോട്രയിനിന് മുന്നില്‍ ചാടണോ? ചിന്തകള്‍ക്കവസാനം അയാള്‍ തൂങ്ങിമരിക്കാന്‍ തീരുമാനിച്ചു.  

അയാള്‍ കയര്‍ വാങ്ങാനായി ഇറങ്ങി.മരിക്കുന്നതിനുമു‌മ്പും അയാളില്‍ പ്രകൃതി സ്നേഹംനിറഞ്ഞു. പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റിക് കയറിനുപകരം ഐ.സ്.ഐ മാര്‍ക്കുള്ള ചകരിക്കയര്‍വാങ്ങി. കയറും കൊണ്ടയാള്‍ മരത്തിന്റെ ചുവട്ടില്‍ ചെന്നു നിന്നു.അയാളുടെ അപ്പന്‍ അയാള്‍ക്കുംഅയാള്‍ തന്റെ മക്കള്‍ക്കും ഊഞ്ഞാല്‍ കെട്ടികൊടുത്തിരുന്നത് ആ മരത്തില്‍ ആയിരുന്നു.തികട്ടി വന്ന തേങ്ങല്‍ ഉള്ളിലൊതുക്കി അയാള്‍ മരത്തില്‍ കുരുക്കൊരുക്കി രാഹുകാലം കഴിയാനായി കാത്തിരുന്നു. രാഹുകാലം കഴിഞ്ഞുടന്‍ അയാള്‍ കുരുക്കില്‍ തല‌ഇട്ടു. 

നിര്‍ഭാഗ്യത്തിന് അയാള്‍ രഷപെട്ടു.രണ്ടു ദിവസം കഴിഞ്ഞയാള്‍ക്ക് ഒരു ബഹുരാഷ്‌ട്രകമ്പിനിയുടെ വക്കീല്‍ നോട്ടീസ് കിട്ടി.അയാളത് പൊട്ടിച്ചു വായിച്ചു. തൂങ്ങിമരണത്തിനുള്ള പേറ്റന്റ് ആ കമ്പിനിക്കാണന്നും കമ്പിനിക്ക് പണം നല്‍കാതെ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന് കമ്പിനിക്ക്നഷ്‌ടപരിഹാരം നല്‍കണമെന്നും ആയിരുന്നു കത്തില്‍.

വളര്‍ച്ച

വളരാതെ നില്‍ക്കുന്ന മുളയെ കണ്ട് മാവ് കളിയാക്കി,”വളര്‍ച്ച മുരടിച്ചവന്‍”.മുള ഒന്നുംമിണ്ടിയില്ല.മുള കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടടിയാണ് വളര്‍ന്നത്.മുളക്കിപ്പോള്‍ ഒരാള്‍
പൊക്കം പോലുമില്ല.മാവെന്നും കുനിഞ്ഞു നിന്ന് മുളയെ കളിയാക്കും.മഴപെയ്തൊഴിഞ്ഞ ഒരുപുലര്‍കാലത്തില്‍ മാവ് കളിയാക്കാനായി മുളയെ നോക്കി.പക്ഷേ മാവിന് മുളയുടെ തല കാണാന്‍കഴിഞ്ഞില്ല.കാരണം ഒരൊറ്റ രാത്രികൊണ്ട് മുള മാവിനേക്കാള്‍ വളര്‍ന്നിരുന്നു.