Monday, June 11, 2018

അച്ചനും സൈബർകേസായി അകത്തായി !!!

പള്ളിക്കാരുടെ പോക്കങ്ങോട്ട് ശരിയല്ലന്ന് തോന്നിത്തുടങ്ങിയപ്പോൾ വികാരിയച്ചൻ ഇടവകക്കാരെ ധ്യാനിപ്പിക്കാൻ തീരുമാനിച്ചു. കുറേനാൾ കാത്തിരുന്ന് ലക്ഷം രൂപക്കൊടൂത്ത് ഒരു ധ്യാനഗുരുവിനെ തന്നെ വികാരിയച്ചൻ ഇടവകക്കാരെ ധ്യാനിപ്പിക്കാൻ കണ്ടെത്തി. വാട്സാപ്പും ടെലിവിഷൻ വഴി ലക്ഷങ്ങളെ ധ്യാനിപ്പിച്ച് ലോകറിക്കാർഡിന് ഉടമയായ ധ്യാനഗുരു !!!...

പത്രത്തിലും ടിവിയിലും ധ്യാനത്തിന് പരസ്യം കൊടുത്തു. ഇടവകക്കാരും നാട്ടുകാരിൽ ചിലരും ധ്യാനത്തിനായി എത്തി.  പതിവുപോലെ സ്ത്രികളുടെ എണ്ണത്തിന്റെ നാലിൽ ഒന്നു പോലും പുരുഷന്മാർ ഇല്ലായിരുന്നു. എന്നാലും പള്ളിഹാൾ നിറഞ്ഞിരുന്നു. ധ്യാനത്തിനു മുമ്പുതന്നെ വികാരിയച്ചൻ പള്ളിക്കാരെക്കുറിച്ച് കുറേക്കാര്യങ്ങൾ പറഞ്ഞുകൊടുത്തതുകൊണ്ട് ധ്യാനഗുരുവച്ചന് വിഷയത്തിനൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.... വികാരിയച്ചന്റെ നിർബന്ധത്തിൽ പിള്ളാര് , ധ്യാനം ഫേസ്ബുക്ക് ലൈവിലും ആക്കി

ധ്യാനം കത്തിക്കയറിയപ്പോൾ ഗുരുവച്ചൻ ഫോമിലായി. പതിവുപോലെ 10000 വാട്സ് സൗണ്ട് സിസ്റ്റത്തിൽ ചില ചോദ്യങ്ങൾ....

"അന്നമ്മേ , ചിന്നമ്മേ, പൊടിയമ്മേ , മറിയാമ്മേ നിങ്ങൾ ബ്യൂട്ടിപർലറിലും പള്ളിയിലും ധ്യാനപ്രസംഗത്തിനും സുവിശേഷപ്രസംഗത്തിനും പോയതിനുശേഷം നിങ്ങടെ (അമ്മായി)അപ്പനേയും (അമ്മായി)അമ്മയേയും നോക്കാറുണ്ടോ? അവർക്ക് സമയത്തിന്  ആഹാരം നൽകാറുണ്ടോ? "

"കറിയാച്ചാ , മത്തായിച്ചാ , തോമാച്ചാ  നിങ്ങൾ കവലയിൽ ഇരുന്ന് കത്തിവച്ച് , ക്യു നിന്ന് മദ്യം വാങ്ങി സേവിച്ചതിനുശേഷം വീട്ടിൽ വഴക്കുമുണ്ടാക്കിയതിനുശേഷം ഞായറാഴ്ച പള്ളീയിലേക്ക് വന്നാൽ സ്വർഗ്ഗത്തിൽ പോകുമോ? നിങ്ങടെ (അമ്മായി)അപ്പനേയും (അമ്മായി)അമ്മയേയും നോക്കാറുണ്ടോ? അവർക്ക് സമയത്തിന്  ആഹാരം നൽകാറുണ്ടോ? "

ധ്യാനമൊക്കെ കഴിഞ്ഞ് എല്ലാവരും ഹാപ്പിയായി തിരികെപ്പോയി. പക്ഷേ പിറ്റേന്ന് ധ്യാനഗുരുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നമ്മയും ചിന്നമ്മയും പൊടിയമ്മയും മറിയാമ്മയും അച്ചനെതിരെ കേസ് കൊടുത്തു. സോഷ്യൽ മീഡിയവഴി അച്ചൻ തങ്ങളുടെ സ്ത്രിത്വത്തെ അപമാനിച്ച് സാമുദായിക കലഹം ഉണ്ടാക്കിയന്ന്. തീർന്നില്ല പരാതി. കറിയാച്ചനും മത്തായിച്ചനും തോമാച്ചന്റെയും പരാതി ഉണ്ട്  സ്റ്റേഷനിൽ. സോഷ്യൽ മീഡിയ വഴി അച്ചൻ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ആണത്വത്തെ അപമാനിക്കുകയും മതധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്തന്ന് !!!

പാവം ധ്യാനഗുരു അച്ചൻ!!! ജാമ്യത്തിനുവേണ്ടി വികാരിയച്ചനെ വിളിച്ചിട്ട്  സ്റ്റേഷനിൽ ഇരിക്കുന്നു....വികാരിയച്ചൻ ഔട്ട് ഓഫ് കവറേജ് !!! വികാരിയച്ചൻ വികാരിസ്ഥാനം രാജിവെച്ചിട്ട് മുങ്ങിയന്ന് !!!!

Friday, June 8, 2018

സങ്കടവും ഭാരവും

സങ്കടം
പഞ്ഞിമുട്ടായിക്ക് ഭയങ്കര സങ്കടം. അവൻ സങ്കടം പറയാൻ ഒരാളെ തിരക്കി. അവന്റെ സങ്കടം കേൾക്കാൻ കോൺ ഐസ്ക്രീം തയ്യാറായി. പഞ്ഞിമുട്ടായിയുടെ സങ്കടം കേട്ട് കേട്ട് ഐസ്ക്രീം ഒരുകി ഒഴുകി. ഉരുകിയ ഐസ്ക്രീമിൽ കുതിർന്ന് പഞ്ഞിമുട്ടായിയും അലിഞ്ഞു തീർന്നു.

സങ്കടഭാരം
സങ്കടഭാരം താങ്ങാനാവാതെ അയാൾക്കൊന്നു കരയണമായിരുന്നു. അയാൾ തന്റെ സങ്കടഭാരം താഴ്ത്തി വയ്ക്കാൻ കുമ്പസാരകൂട്ടിലേക്ക് ചെന്നു. അയാളുടെ സങ്കടം കേട്ടുതുടങ്ങിയപ്പോളേ കുമ്പസാരക്കൂട് പറഞ്ഞു , എനിക്ക് നിങ്ങളുടേ സങ്കടം താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. അയാൾ വീണ്ടും നടന്നു. അവസാനം അയാൾ ഒരു ചുമടുതാങ്ങി(അത്താണി) കണ്ടു .തന്റെ സങ്ക്ടം ഇറക്കി  വയ്ക്കാനായി അയാൾ ചുമടുതാങ്ങിയുടേ അടുത്തെത്തി. അയാളോട് ചുമടുതാങ്ങി പറഞ്ഞു , "പ്രയപ്പെട്ടവനേ എന്റെ ഭാരം എന്റെ കാലുകളെ തളർത്തുന്നു. എന്റെ കാലുകളിൽ നിന്ന് കുറുകെയുള്ള ഭാരം താഴ്ത്തി വയ്ക്കാമോ?" . ഒന്നും പറയാതെ അയാൾ ചുമടുതാങ്ങിയുടെ ഭാരവും കൂടി സ്വയം വഹിച്ച് നടന്നു നീങ്ങി. .....