Showing posts with label കുടുംബ കഥ. Show all posts
Showing posts with label കുടുംബ കഥ. Show all posts

Friday, October 27, 2023

താലി

 ഭർത്താവ് ജോലി കഴിഞ്ഞ് വന്ന് കുളിക്കാൻ കയറിയപ്പോൾ മേശപ്പുറത്ത് വെച്ച ഫോൺ ചായയുമായി വന്ന ഭാര്യ എടുത്തു നോക്കി. നിമിഷങ്ങൾക്കകം ഭാര്യ ചായയുമായി തിരികെപ്പോയി.... കുളികഴിഞ്ഞിറക്കിയ ഭർത്താവ് പതിവ് ചായ കാണാഞ്ഞിട്ട് ഭാര്യയെ വിളിച്ചു.. 


ഭാര്യയുടെ സൈഡിൽ നിന്ന് റസ്പോൺസൊന്നും ഉണ്ടാകാഞ്ഞിട്ട് ഭർത്താവ് ഹാളിലേക്ക് ചെന്നു. ഭാര്യ ഹാളിലുണ്ട്. ഭർത്താവിന് എന്തങ്കിലും പറയാൻ അവസരം കിട്ടുന്നതിനു മുമ്പേ ഭാര്യയുടെ ചോദ്യം


"നിങ്ങളെന്താ ഇന്ന് വന്ന ഉടനെ നേരെ കുളിക്കാൻ കയറിയത്..."


"ഭയങ്കര ക്ഷീണമായിരുന്നു... ട്രയിനിലൊക്കെ ഭയങ്കര തിരക്കാ ഇപ്പോ "


"അതു ശരിയാ, നിങ്ങൾക്കിന്ന് നല്ല ക്ഷീണം കാണുമെന്ന് എനിക്കറിയാം"


"നീ എന്താ അങ്ങനെ പറഞ്ഞത്... എന്തോ ഉള്ളിൽ വെച്ച് സംസാരിക്കുന്നതു പോലെ "


"എൻ്റെ ഉള്ളിൽ എന്തായാലെന്താ ?"


"അല്ല, നീ ചായ ഇട്ടില്ലേ?"


" ഞാൻ ചായ ഇട്ട് തന്നില്ലങ്കിൽ നിങ്ങടെ മറ്റവളെ വിളിച്ചോണ്ട് വന്ന് ചായ ഇടീക്ക് "


"ശെടാ.... നീ എന്താ ഈ പറയുന്നത് ? ഏതാ ഈ മറ്റവൾ "


"ഒന്നും അറിയാത്തതുപോലെ.. നിങ്ങളെ ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുവായിരുന്നു... കുറച്ച് നാളായി നിങ്ങടെ ഒരുക്കം കണ്ടപ്പോഴേ എനിക്ക് തോന്നിയതാ നിങ്ങൾക്കെന്നെ വേണ്ടാതായീന്ന് "


"നീ എന്തുവാ ഈ പറഞ്ഞ് വരുന്നത് "


"ഞാനിനി എന്തു പറഞ്ഞിട്ടെന്താ.. നിങ്ങളിനി അവടെ കൂടെ പോയി നിന്നോ?"


"ആരുടെ കൂടയാ"


"നിങ്ങളിന്ന് ഒരുത്തിക്ക് താലി വാങ്ങിച്ച് കൊടുത്തില്ലേ... അവടെ കൂട്"


"ഞാനാർക്ക് താലി വാങ്ങിച്ച് കൊടുത്തന്നാ നീ പറയുന്നത്?"


"നിങ്ങളു കുളിക്കാൻ കയറിയപ്പോൾ നിങ്ങടെ വാട്സാപ്പ് ഞാനൊന്ന് നോക്കി... അതു കൊണ്ട് സത്യം മനസിലാക്കാൻ പറ്റി"


"നീ വാട്സാപ്പിൽ എന്താ കണ്ടത് "


''ഒരുത്തി നിങ്ങളോട് ഉച്ചയ്ക്ക് താലി വാങ്ങാൻ മറക്കരുതന്ന് "


അയാൾ ഫോൺ എടുത്ത് ഭാര്യയുടെ കൈയ്യിൽ കൊടുത്തു..


"നീ ആ മെസേജൊന്ന് കാണിച്ചേ?"


ഭാര്യ ഫോൺ വാങ്ങി മെസേജ് കാണിച്ചു..


ഓഫീസിലെ കനകയുടെ മെസേജ്


Thaali ട് vaanggan Marakkaruthu


അതിന് അയാളുടെ മറുപടി


എൻ്റെയും കൂടി ആവിശ്യമായതുകൊണ്ട് മറക്കില്ല 


അതിന് അവളുടെ ലവ് റിയാക്ഷൻ🩷


" ഇനി നിങ്ങൾക്ക് എന്താ പറയാനുള്ളത്...?' ഭാര്യ ചോദ്യചിഹ്നത്തോടെ മറുപടിക്കായി കാത്തു....


"എൻ്റെ പൊന്നു ഭാര്യേ ഞാൻ പറയുന്നത് കേൾക്കാൻ നീ തയ്യാറാകണം"


"നിങ്ങള് പറ... "


"ഓഫീസിൽ എൻ്റെ തൊട്ടപ്പുറത്തെ സീറ്റിലാ കനക. അതിനാണങ്കിൽ തുമ്മലോട് തുമ്മലും ചുമയും തൊണ്ടവേദനയും. ഞാൻ ഉച്ചയ്ക്ക് കഴിക്കാൻ ഇറങ്ങിയപ്പോൾ മൂന്നാല് താലീസ് വാങ്ങാൻ പറഞ്ഞിരുന്നു. അത് ഓർമ്മിപ്പിക്കാൻ അയച്ച മെസേജാ അത്. നീ പറയുന്നതുപോലെ താലി എന്നല്ല താലീസ് എന്ന് പറഞ്ഞതിലെ s മലയാളത്തിലെ ട ആയി പോയതാ.... സത്യം"


"അപ്പോ നിങ്ങടയുംകൂടി ആവിശ്യമാണന്ന് പറഞ്ഞതോ?"


"അതിൻ്റെ തുമ്മലും ചുമയും അടുത്തിരിക്കുന്ന എന്നയും ബാധിക്കുമെന്ന് കണ്ട് പറഞ്ഞതാ.... "


"സത്യം ?" ഭാര്യ


"നീയാണേ സത്യം... അഞ്ചെണ്ണം വാങ്ങിയതിൽ രണ്ട് താലീസ് ബാഗിലും കിടപ്പുണ്ട്.... "


" എന്നാ ഞാനിപ്പം ചായ ചൂടാക്കി കൊണ്ടു വരാമേ... "


സമയം രാത്രി പത്തു മണി..

ഭാര്യയും ഭർത്താവും ഉറങ്ങാനായി കിടന്നു...


"ങ്ചീ..... ങ് ചീ ചീചീ... ങും. ങും... "

ഭാര്യ മൂന്നാല് ചുമ..

ഭർത്താവ് തലപൊക്കി നോക്കിയിട്ട് വീണ്ടും കിടന്നു....

" ഞാനിനി വാട്സാപ്പിൽ മെസേജ് അയച്ചാലേ നിങ്ങടെ ബാഗിൽ നിന്ന് താലീസ് എടുത്ത് തരത്തുള്ളിയിരിക്കും " ഭാര്യയുടെ ഡയലോഗ്...


അയാൾ തപ്പിപ്പിടിച്ച് എഴുന്നേറ്റ് ബാഗിൽ നിന്ന് രണ്ട് താലീസും എടുത്തു. ഒന്ന് ഭാര്യയ്ക്ക് കൊടുത്തു. മറ്റേത് അയാളും എടുത്തു....


അപ്പോ ശാന്തരാത്രി

സുഖസ്വപ്നനിദ്ര

😴😴😴❤️❤️😴😴😴

Tuesday, May 19, 2009

കുടുംബത്തിലെ അടി :

അവര്‍ക്ക് മൂന്ന് ആണ്‍‌മക്കളായിരുന്നു. ഏക്കറുകണക്കിനു റബ്ബറായിരുന്നു അവരുടെ സ്വത്ത്. സത്യക്രിസ്ത്യാനികളായ അവര്‍വേദവചനങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന വരാണന്ന് അച്ചനും പള്ളിക്കാരും വിശ്വസിച്ചിരുന്നു. അപ്പന്റേയും മക്കളുടേയുംഒരുമയില്‍ അമ്മ അഭിമാനം കൊണ്ടു. അവര്‍ അപ്പനും മക്കളും എന്നതിനെക്കാള്‍ കൂട്ടുകാരേപ്പോലെ ആണന്ന് അമ്മ എല്ലാവരോടും പറഞ്ഞു. ചില സമയങ്ങളില്‍ വീട്ടില്‍ നിന്ന് അട്ടഹാസങ്ങളും പൊട്ടിച്ചിരികളും ശബ്ദ്ദകോലാഹലങ്ങളുംഉയരുമ്പോള്‍ എന്തായിരുന്നു ഇന്നലെ അവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ “ ഓ ,അത് ബഹളമൊന്നും അല്ലന്നേ അപ്പനും മക്കളും വെള്ളമടിച്ചിട്ടാ” അമ്മ പറയും. “അപ്പനും മക്കളും ഒരുമിച്ചിരുന്നാ അടിക്കുന്നത് “ എന്ന് അമ്മ അഭിമാനത്തോടെ നാട്ടുകാരോട് പറഞ്ഞു. എല്ലാ ആഘോഷങ്ങള്‍ക്കും അടിക്കാന്‍ അപ്പന്റെയും മക്കളുടേയും കൂടെ അമ്മയും ചേരും. കാലക്രമത്തില്‍മക്കള്‍ക്ക് വിവാഹപ്രായമെത്തിയന്ന് അപ്പനുമമ്മയ്ക്കും തോന്നുകയും അവര്‍ മൂന്നുപേരേയും കെട്ടിച്ചു. വിവാഹ സല്‍ക്കാരവേളയില്‍ കര്‍ത്താവ് പച്ചവെള്ളം വീഞ്ഞാക്കി കൊടുത്തുവെങ്കില്‍ അപ്പനുമക്കളും അല്പം‌പോലും വെള്ളമൊഴിക്കാതെ വിവാഹ ‘സല്‍ക്കാരം’നടത്തിയത്. ‍ കല്യാണം കഴിഞ്ഞ് നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വീട്ടില്‍ നിന്ന് അസാധാരണമായ രീതിയില്‍ ബഹളങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
“അപ്പനും മക്കളും ഇപ്പോഴും ഒരുമിച്ചിരുന്നാണോ അടിക്കുന്നത് ?” ആരോ അമ്മയോട് ചോദിച്ചു .അവര്‍ അല്പം നേരം മിണ്ടാതെ നിന്നിട്ട് ശബ്ദ്ദം താഴ്ത്തിപ്പറഞ്ഞു. “ അപ്പനും മക്കളും കൂടെ ഒരുമിച്ചിരുന്ന് അടിക്കുന്ന ബഹളമല്ല ഇപ്പോള്‍കേള്‍ക്കുന്നത് . മക്കളും മരുമക്കളും ഒരുമിച്ച് നിന്ന് തന്തേയും തള്ളേയും അടിക്കുന്നതിന്റെ ബഹളമാ ഇപ്പോള്‍ കേള്‍ക്കുന്നത് ...” .

Thursday, February 5, 2009

കെട്ടുതാലി :

ഒറ്റമകനായ അയാളെ അപ്പനും അമ്മയും പഠിപ്പിച്ചു. പഠിച്ചു കഴിഞ്ഞ ഉടനെ ആറക്കശമ്പളത്തില്‍ ജോലിക്ക് കയറിയ അയാള്‍ തന്നെ തനിക്ക് ചേര്‍ന്ന ഒരുവളെ കണ്ടെത്തി. തന്റെ അപ്പന്റേയും അമ്മയുടേയും ‘കോലം’ തനിക്ക് നാണക്കേട് ഉണ്ടാക്കുന്നതായി അയാള്‍ക്ക് തോന്നി. പല്ലുകള്‍ ഉന്തിയ അമ്മയും എല്ലുകള്‍ തെളിഞ്ഞ അപ്പനും തന്റെ വിലക്കും നിലയ്ക്കും ചേര്‍ന്നതല്ലന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. തന്റെ മക്കള്‍ അവരുടെ കൂടെ കഴിഞ്ഞാല്‍ ‘കള്‍ച്ചര്‍‌ലസ്സ് ഇന്‍ഡീസന്റ് ‘ ആയിപ്പോകുമെന്നുള്ള ഭാര്യയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ആയപ്പോള്‍ അവരെ ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ആക്കാന്‍ അയാള്‍ തീരുമാനിച്ചു.

തന്റെ അപ്പനും അമ്മയും നിമിഷങ്ങളുടെ വെത്യാസത്തില്‍ മരിച്ചതറിഞ്ഞ് അയാള്‍ വൃദ്ധസദനത്തില്‍ എത്തി ചുളുവുകള്‍ വീണഅവരുടെ ‘ബോഡി’ ഏറ്റുവാങ്ങി. ശവമടക്ക് ചടങ്ങുകള്‍ നടത്താന്‍ കൊട്ട്വേഷന്‍ എടുത്ത ‘ഇവന്റ് മാനേജ്‌മെന്റു‘കാര്‍ അയാളുടെഅമ്മയുടെ ശരീരം കുളിപ്പിച്ചപ്പോള്‍ , അമ്മയുടെ കഴുത്തില്‍ മിന്നുമാല കണ്ടില്ല. അവരുടനെ അയാളെ അതറിയിച്ചു. ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ചെല്ലുമ്പോഴും അമ്മയുടെ കഴുത്തില്‍ മിന്നുമാല ഇല്ലായിരുന്നുവെന്ന് ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനക്കാര്‍ പറഞ്ഞു. അയാള്‍ അമ്മയുടെ മിന്നുമാല തപ്പിത്തുടങ്ങി. അതൊരിക്കലും തനിക്ക് കണ്ടെത്താനാവത്തില്ലന്ന് അയാള്‍ക്കറിയില്ലായിരുന്നു. കാരണം തന്റെ ഭാര്യയുടെ കെട്ടുതാലി വിറ്റാണ് അയാളുടെ അപ്പന്‍ ഫൈനല്‍ എക്സാമിനുള്ള ഫീസ് അയാള്‍ക്ക് അയച്ചുകൊടുത്തത് .

Sunday, October 19, 2008

മണമില്ലാത്ത മുല്ലപ്പു: കുഞ്ഞിക്കഥ

.
പൊതുമാപ്പ് കിട്ടി നാട്ടിലേക്ക് അയാള്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒന്നേ അയാളോട് ആവിശ്യപ്പെട്ടുള്ളു. “ഒരു കുപ്പി ജാസ്മിന്‍ സെന്റ് “.!!അവള്‍ക്ക് പണ്ടേ മുല്ലപ്പൂക്കളുടെ മണം ഇഷ്ടമായിരുന്നു. വിവാഹരാത്രിയില്‍ അവള്‍ അയാളോട് ഒന്നുമാത്രമാണ് സംസാരിച്ചത് . വീടിന്റെമുന്നില്‍ മുല്ലപ്പൂന്തോട്ടം ഉണ്ടാക്കണം. അയാള്‍ക്ക് അവളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആവുമായിരുന്നില്ല. അയാള്‍ എവിടെനിന്നക്കൊയോമുല്ലക്കമ്പുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.സ് അവളതിനെ വളര്‍ത്തിയതുകൊണ്ടായിരിക്കും മുല്ല പടര്‍ന്നുകയറി. കിടക്കറയില്‍ എത്തുമ്പോള്‍അവള്‍ക്കിമ്പോള്‍ മുല്ലപ്പൂക്കളുടെ മണമാണന്ന് അയാള്‍ അറിഞ്ഞു. ജീവിതത്തിലേക്ക് പടര്‍ന്ന് സുഗന്ധം പടര്‍ത്തുന്ന മുല്ലപ്പൂക്കളെ അവര്‍സ്വപ്നം കണ്ടു.

ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വിസയ്‌ക്കും മുല്ലപ്പൂക്കളുടെ മണമായിരുന്നോ എന്ന് അയാള്‍ക്കറിയില്ലായിരുന്നു. അവളുടെ നിറഞ്ഞുതുളുമ്പുന്നകണ്ണുകളിലും അയാള്‍ കണ്ടത് വിടരുന്ന മുല്ലമൊട്ടുകളെയാണ്. തനിക്ക് കിട്ടിയ വിസ കള്ളവിസയാണന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പതറി.പിടിക്കപെടാതിരുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് എവിടേക്ക് ഓടാനാണ്.???പത്തുവര്‍ഷത്തെ യാതനകള്‍ക്ക് ശേഷം പൊതുമാപ്പ് കിട്ടിയപ്പോള്‍ വീണ്ടും മുല്ലമൊട്ടുകളെ അയാള്‍ സ്വപ്‌നം കാണാന്‍ തുടങ്ങി.....മുല്ലപ്പൂക്കളുടെ മണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവള്‍ എഴുതിയപ്പോള്‍ മുല്ലപ്പൂക്കളെ അയാള്‍ വളരെയേറെ സ്നേഹിച്ചുതുടങ്ങി.

വളരെ അലഞ്ഞതിനുശേഷമാണ് അവള്‍ക്ക് വേണ്ടി ‘ജാസ്മിന്‍ സെന്റ് ‘ വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞത്. ഇനി എന്നെങ്കിലും കാണാം എന്ന് പറഞ്ഞ് തന്നെ സഹായിച്ച സുഹൃത്തൂക്കള്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു. വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ‘ജാസ്മിന്‍ സെന്റ് ‘ വച്ചു.എയിര്‍പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.അവള്‍ എന്തിനാണ് ‘ജാസ്മിന്‍ സെന്റ് ‘ മാത്രം മതിയന്ന് പറഞ്ഞത് ? തന്റെ വീടിന്റെ മുറ്റം മുഴുവന്‍ ഇപ്പോള്‍ അവള്‍ മുല്ല നട്ടിട്ടുണ്ടാവും.മുറ്റം നിറയെ മുല്ലപ്പൂക്കള്‍ ആയിരിക്കും.

ഒരു അപരിചിതനെപ്പോലെ നാട്ടില്‍ ബസ് ഇറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ മുല്ലപ്പൂക്കള്‍ ആയിരുന്നു. വീട് കടന്ന് എത്തുമ്പോള്‍ മുറ്റത്ത് മുല്ലകള്‍കരിഞ്ഞു നില്‍ക്കുന്നു. അയാളെകാത്ത് അവള്‍ വാതിക്കല്‍ തന്നെയുണ്ടായിരുന്നു. ഉണങ്ങിയ ശരീരവുമായി നില്‍ക്കുന്ന അവളെ മനസിലാക്കാന്‍അയാള്‍ നിമിഷങ്ങള്‍ എടുത്തു. “നമ്മുടെ മുല്ലകള്‍ക്ക് എന്തുപറ്റി ? “. അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന തന്റെ ഭാര്യയോട് ചോദിച്ചആദ്യ ചോദ്യമ്മായിരുന്നു ഇത് ... അവളൊന്ന് ചിരിച്ചു. കരിഞ്ഞുപോയ മുല്ലപ്പൂക്കളെപൊലെയായിരുന്നു അവളുടെ ചിരി. “വാടിത്തുടങ്ങിയമുല്ലപ്പൂവിനെ;മണമില്ലാത്ത മുല്ലപ്പുത്തേടി ആരു വരാന്‍ .....????”. അവള്‍ അയാളുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി തുറന്നു. അവള്‍ക്കറിയാമായിരുന്നു അയാള്‍എത്ര കഷ്ടപെട്ടിട്ടാണാങ്കിലും ‘ജാസ്മിന്‍ സെന്റ് ‘ കൊണ്ടുവരുമന്ന്. അവളത് എടുത്ത് ശരീരത്തിലേക്ക് സ്പ്രേ ചെയ്തു. മുല്ലപ്പൂവിന്റെ മണം അയാളുടെമൂക്കിലേക്ക് കയറി. ജീവിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ നല്‍കിയ തന്റെ മണം തന്നിലേക്ക് തിരിച്ചു വരുന്നത് അവളറിഞ്ഞു. മുല്ലക്കമ്പുകള്‍തളിര്‍ക്കാന്‍ തുടങ്ങി. വീണ്ടും മുല്ലപ്പൂക്കള്‍ വിരിയുകയാണ്. അയാള്‍ക്ക് വേണ്ടിമാത്രം സുഗന്ധം പരത്താന്‍ അവ വിടരുകയാണ്; അവളും....

.

Monday, January 28, 2008

മുലപ്പാല്‍കൊടുക്കാ‍ത്ത അമ്മ

കോട്ടയത്തുനിന്ന് വണ്ടി വിടുമ്പോള്‍ വലിയ തിരക്കില്ലായിരുന്നു.അയാള്‍ക്കും അവള്‍ക്കുംഒരേ സീറ്റില്‍ തന്നെ സ്ഥലം കിട്ടി.അയാളുടെ കയ്യില്‍ ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നു.കളിപ്പാട്ടങ്ങള്‍ നിറച്ച ബിഗ്‌ഷോപ്പര്‍ അവളുടെ കൈയ്യിലായിരുന്നു.ഒരോ സ്‌റ്റോപ്പ്കഴിയുമ്പോഴും തിരക്ക് ഏറി വന്നു. അയാളുടെ കൈയ്യിലിരുന്ന് കുഞ്ഞ് കരയാന്‍തുടങ്ങി.കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്ന മട്ടില്ല.അവന്റെ കരച്ചിലിന് ശക്തി ഏറിവന്നു.അവള്‍ കുഞ്ഞിനെ വിളിക്കാ‍ന്‍ ശ്രമിക്കുമ്പോഴെല്ലാം അവനത് കണ്ടില്ലന്ന് നടിച്ചു.അയാളുടെകൈയ്യില്‍ നിന്ന് മാറാന്‍ അവന്‍ സമ്മതിച്ചില്ല.

അവള്‍ ബാഗില്‍ നിന്ന് കുപ്പിപ്പാല്‍ എടുത്ത് അവന്റെ ചുണ്ടോട് അടിപ്പിച്ചു.അവനത് വായില്‍വെക്കാന്‍ സമ്മതിച്ചില്ല.ബസിന് വെളിയിലേക്ക് കൈചൂണ്ടി ഉച്ചത്തില്‍ കരഞ്ഞു.അവളുടെ മുഖം വിവര്‍‌ണ്ണമായി തുടങ്ങിയിരുന്നു.”കുഞ്ഞിന് വിശക്കുന്നുണ്ടാവും..അവന്മുലപ്പാല്‍ കൊടുക്ക് കൊച്ചേ ?” അവരുടെ സീറ്റിനു പുറകിലിരുന്ന അമ്മച്ചി പറഞ്ഞു.അവളത് കേട്ടതായി നടിച്ചില്ല.

വണ്ടി ചങ്ങനാശേരി വിട്ടു.കുഞ്ഞ് അപ്പോഴും അയാളുടെ കൈയ്യിലിരുന്ന് കരയുകയാണ്.അവളുടെ കൈയ്യിലേക്ക് പോകാന്‍ കുഞ്ഞ് കൂട്ടാക്കിയില്ല.”എടീ കൊച്ചേ കുഞ്ഞിനെയെടുത്ത് പാലുകൊടുക്ക്... നാണക്കേടൊന്നും വിചാരിക്കേണ്ട”അമ്മച്ചി അവളെവിടുന്ന മട്ടില്ല.എന്നിട്ടും അവള്‍ അതിന് തുനിയാതിരുന്നത് ആളുകളെ പലവഴിക്ക്ചിന്തിപ്പിച്ചു.
“ഇവരാ കുഞ്ഞിനെ തട്ടിക്കൊണ്ട് പോവാണന്നാ തോന്നുന്നത്..കുഞ്ഞ് അവളുടെഅടുത്തേക്ക് ചെല്ലുന്നുപോലുമില്ല...”ആരോ അഭിപ്രായപ്പെട്ടു.
“ബസ് നേരേ പോലീസ് സ്‌റ്റേഷനിലോട്ട് വിട്...”അടുത്ത ആള്‍ .

ആളുകള്‍ അവളോടും അയാളോടും ഒരോന്നോരോന്ന് ചോദിക്കാന്‍ തുടങ്ങി.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.ബസ് പോലീസ് സ്‌റ്റേഷനിലേക്ക് തിരിഞ്ഞു.അയാളുടെമൊബൈല്‍ ബെല്ലടിച്ചു.അവള്‍ കുഞ്ഞിനെ ബലമായി കൈയ്യിലേക്ക് വാങ്ങി.അയാള്‍ റിസീവര്‍ ചെവിയോട് അടുപ്പിച്ചു. “സര്‍ ,ഓര്‍ഫനേജില്‍ നിന്നാണ്. ദത്തെടുക്കല്‍ രേഖകളില്‍ മാഡം ഇടതുതള്ളവിരലിന്റെ തമ്പ്‌ ഇപ്രക്ഷനാണ് പതിപ്പിച്ചിരിക്കുന്നത്.വലതു തള്ളവിരലിന്റെ തമ്പ്ഇം‌പ്രക്ഷനായിരുന്നു വേണ്ടിയിരുന്നത്....”

അവളുടെ ഇടതു തള്ളവിരലിലെ മഷിശരിക്ക് ഉണങ്ങിയിരുന്നില്ല.ബസ് പോലീസ്സ്‌റ്റേഷന്റെ മുന്നില്‍ എത്തിയിരുന്നു.കുഞ്ഞ് കരച്ചില്‍ നിര്‍ത്തി അവളുടെ മാറിന്റെചൂടേറ്റ് ഉറങ്ങി തുടങ്ങിയിരുന്നു.

Saturday, December 1, 2007

വിവാഹശേഷമുള്ളയാത്രകള്‍ :

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്‍ച്ചയുള്ള ദമ്പതികള്‍ എന്ന് എല്ലാവരും പറഞ്ഞു.അത് കേട്ട് അവനും അവളും അവരുടെ വീട്ടുകാരം സന്തോഷിച്ചു.വിവാഹത്തിനു പിറ്റേന്നുമുതല്‍ അവരുടെ യാത്ര ആരംഭിച്ചു.

ആദ്യ ആഴ്ച്‌കള്‍ :
അവര്‍ ഒരുമിച്ച് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.അവളുടെ സാരിയുടെ ഞൊറു ശരിയാക്കാനും,മുന്താണി പിടിച്ചിടാനും അവന്‍ സഹായിച്ചു.അവന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അവള്‍ ഇട്ടുകൊടുത്തു.ബസില്‍ അവര്‍ ഒരേ വാതിലിലൂടെ ഒരുമിച്ച് കയറി ഒരു സീറ്റില്‍ ഇരുന്നു.അവളെ ജനല്‍ സൈഡില്‍ മാത്രമേ അവന്‍ ഇരുത്തിയിരുന്നുള്ളു.(എന്താണ് കാര്യമെന്ന് അറിയാമല്ലോ?)അവളെ ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ എന്നവണ്ണം അവന്‍ തന്റെ കൈ അവളുടെ തോളത്തുകൂടെ ഇട്ടു.അവരുടെ ഇരുപ്പ് പിള്ളാര്‍ക്ക് എന്റ്‌ര്‍‌ടെയന്റ്‌മെന്റ് ആയി.കോട്ടയത്തേക്ക് പോകുന്നത് പാസഞ്ചര്‍ ട്രയിനില്‍ ആയിരിക്കും.

ഒരുമാസത്തിന് ശേഷം:
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു.പക്ഷേ ബസില്‍ കയറുന്നത് രണ്ടു വാതിലിലൂടെ ആണ്.കയറിക്കഴിഞ്ഞാല്‍ അവര്‍ പരസ്പരം നോക്കി സാനിധ്യം അറിയിക്കും.അവനാണ് ആദ്യം ബസില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍ അവളെ കാത്തു നില്‍ക്കും; അവളാണങ്കില്‍ അവനുവേണ്ടിയും.

ആറുമാസത്തിനു ശേഷം :
അവനാദ്യം വീട്ടില്‍ നിന്ന് ഇറങ്ങും.അവള്‍ക്ക് വേണ്ടി അവന്‍ ബസ്‌സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കും.അവര്‍ ഒരേ ബസ്സിലേ യാത്ര പോകുമായിരുന്നുള്ളു.ബസ് ഇറങ്ങികഴിഞ്ഞാല്‍ അവളാദ്യം വീട്ടില്‍ പോകും.അവന്‍ കറങ്ങിതിരിഞ്ഞേ വീട്ടില്‍ എത്തിയിരുന്നുള്ളു.

ഒരു വര്‍ഷത്തിനു ശേഷം:
കുഞ്ഞിനെ അവന്‍ എടുക്കും.അവള്‍ പ്ലാസിക് കവറും പിടിച്ച് ഒപ്പം നടക്കും.അവള്‍ കുഞ്ഞിനെ എടുത്താല്‍ അവന്‍ പ്ലാസിറ്റിക് കവര്‍ പിടിക്കും.കുഞ്ഞിനും തള്ളയ്ക്കും വെയില്‍ കൊള്ളാതിരിക്കാന്‍ കുടപിടിച്ച് കൊടുക്കും.ബസില്‍ കയറിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് കിട്ടിയിട്ടേ അവന്‍ ഇരിക്കൂ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കി തുടങ്ങി.അവന്‍ കയറുന്ന ബസില്‍ അവളും അവള്‍ കയറുന്ന ബസില്‍ അവനും കയറാതായി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം :
ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്.ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റെയാള്‍ പടിഞ്ഞാറോട്ട്.

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം :
അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളു.നരച്ച കാലന്‍‌കുടകുത്തി അപ്പൂപ്പനും അല്പം കൂനി അമ്മൂമ്മയും നടക്കും.ബസ്സില്‍ കയറിയിട്ട് അമ്മൂമ്മയ്ക് സീറ്റ് കിട്ടിയാല്‍ അപ്പുപ്പനെ വിളിച്ച് അടുത്തിരുത്തും അപ്പൂപ്പന് സീറ്റ് കിട്ടിയാല്‍ അമ്മൂമ്മയെ വിളിച്ച് അടുത്തിരുത്തും.അപ്പൂപ്പന്‍ അമ്മൂമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും.പിടിവിട്ടാല്‍ താഴെപ്പോകുമെന്ന് അപ്പൂപ്പനറിയാം.പരസ്പരം താങ്ങായി അവര്‍ യാത്ര തുടര്‍ന്നു.............................

ഇപ്പോള്‍ മനസ്സിലായില്ലേ ഭൂമിമാത്രമല്ല ജീവിതയാത്രയും ഉരുണ്ടാതാണന്ന്

Tuesday, November 13, 2007

ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക്ചെയ്യുന്നവര്‍

അയാള്‍ വന്നുകയറുന്നുടന്‍ മുതല്‍ അമ്മയെക്കുറിച്ചുള്ള പരാതികള്‍ അവള്‍ പറഞ്ഞുതുടങ്ങും. വയസ്സായതള്ള അടങ്ങിയിരിക്കുന്നി ല്ലന്നാണ് അവളുടെ പരാതി.അയാളുടെ അമ്മയ്ക്ക് വയസ്സ് എണ്‍പതു കഴിഞ്ഞു. പ്രഷറും ഷുഗറും കൊളസ്ട്രോളും അവരെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. ബിസ്‌നസ്സ്കാരനായ ഒറ്റ മകന് അമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.പ്രത്യേകിച്ച് തൊഴിലൊന്നും ഇല്ലാത്ത മരുമകള്‍ക്കും അമ്മായിഅമ്മയെ നോക്കാന്‍ സമയം ഇല്ലായിരുന്നു.കെന്നല്‍ ക്ലബില്‍ കൊണ്ടുപോകുന്ന പട്ടികുട്ടിക്ക് നല്‍കുന്ന പരിചരണം പോലും മരുമകള്‍ അമ്മായിയമ്മയ്ക്ക് നല്‍കിയില്ല.

വയസ്സായതള്ളയെ വീട്ടില്‍ താമസിപ്പിക്കുന്നത് കുറച്ചിലാണന്ന് അവള്‍ അവനോട് പറഞ്ഞു.അവളുടെ ക്ലബിലെ എല്ലാവരുടേയും അമ്മായിയമ്മമാര്‍ ഓള്‍ഡേജ് ഹോമിലാണത്രെ താമസിക്കുന്നത്. അതാണത്രെ സ്റ്റാറ്റസ്.അവളുടെ കലഹം അസഹനീയമായപ്പോള്‍ അയാള്‍ അമ്മയെ ഓള്‍ഡേജ് ഹോമിലാക്കാന്‍ തീരുമാനിച്ചു.മാസം പതിനായിരം രൂപ നല്‍കേണ്ട ഓള്‍ഡേജ് ഹോമില്‍ മുറി ബുക്ക് ചെയ്യാന്‍ അയാളും ഭാര്യയും ഇറങ്ങി.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അവരുടെ മകനും അവരുടെയൊപ്പം ചെന്നു.ഓള്‍ഡേജ് ഹോമിലെ ഒരു കട്ടിലിന് രണ്ടുലക്ഷം രൂപയാണ് ഡിപ്പോസിറ്റ് എന്ന് ഡയറക്ടര്‍ പറഞ്ഞു.അയാള്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കി അമ്മയ്ക്ക് വേണ്ടി കട്ടില്‍ ബുക്ക് ചെയ്തു.
അയാളുടെ മകന്‍ അയാളോട് പറഞ്ഞു.
“ഡാഡീ,ഒരു രണ്ടുലക്ഷം രൂപയുടെ ചെക്ക് കൂടി എഴുതികൊടുത്ത് ഒരു കട്ടിലൂടെ ബുക്ക് ചെയ്യ്...”
“എന്തിനാ മോനേ..”അയാള്‍ ചോദിച്ചു.
“പത്ത് നാല്‍പ്പത് വര്‍ഷം കഴിയുമ്പോള്‍ ഡാഡിക്ക് വേണ്ടിയാ.... എനിക്കന്ന് കട്ടില്‍ ബുക്ക് ചെയ്യാന്‍ സമയം കിട്ടിയില്ലങ്കിലോ?” മകന്‍ പറഞ്ഞു.അയാളുടെ കണ്ണ് നിറഞ്ഞു.പക്ഷേ അയാള്‍ നിസഹായകനായിരുന്നു.
തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ അയാള്‍ സംസാരിച്ചില്ല.തിരിച്ചുള്ള യാത്രയില്‍ അവള്‍ മകനോട് ചോദിച്ചു.
“മോന്‍ പപ്പയോട് മുറിബുക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ മമ്മിക്കുകൂടി മുറിബുക്ക് ചെയ്യാന്‍ പറയാഞ്ഞത് മോന് മമ്മിയോട് ഒത്തിരി ഇഷ്ടമുണ്ടായിട്ടാണോ ?”
“മമ്മിയോട് ഇഷ്ടമുണ്ടായിട്ടില്ല..... മമ്മി അമ്മച്ചിയോട് ചെയ്യുന്നതിന് എനിക്ക് എനിക്ക് എണ്ണിയെണ്ണി പകരം ചോദിക്കണം.മമ്മി ഓള്‍ഡേജ് ഹോമില്‍ പോയാല്‍ ഞാനെങ്ങനെ പകരം ചോദിക്കും??”
അവന്റെ ശബ്‌ദ്ദം ഉറച്ചതായിരുന്നു.

Tuesday, October 30, 2007

കാല്‍പ്പാടുകള്‍ പിന്‍‌തുടരുന്നവര്‍

അയാളെന്നും അടിച്ച് പൂക്കുറ്റിയായിട്ടാണ് വീട്ടില്‍ ചെന്നിരുന്നത്.എത്ര പിപ്പിരിയായാലുംഅയാള്‍ മക്കള്‍ക്കുള്ള പലഹാരപ്പൊതി മറക്കില്ലായിരുന്നു.പത്തു വയസുള്ള മകനെയുംഅഞ്ചുവയസുകാരി മകളേയും അയാള്‍ക്ക് ജീവനായിരുന്നു.എല്ലാ ദിവസവും വൈകിട്ട്മക്കളുടെ തലയില്‍ തൊട്ട് നാളെ മുതല്‍ കുടിക്കത്തില്ലന്ന് ഭാര്യയോട് അയാള്‍ സത്യംചെയ്യുമായിരുന്നു.ഒരിക്കല്‍ പോലും അയാള്‍ അത് പാലിച്ചില്ല.കുടിക്കാതിരിക്കുന്ന സമയത്ത് അയാള്‍ മക്കള്‍ക്ക് മഹാന്മാരുടെ കഥകള്‍ പറഞ്ഞു കൊടുക്കും.ആ മഹാന്മാരുടെ കാല്‍പ്പാടു കള്‍പിന്‍‌തുടര്‍ന്ന് ജീവിച്ചാല്‍ വലിയ നിലയിലെത്താമെന്ന് അയാള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു.ഒരു ദിവസം അയാള്‍ വീട്ടില്‍ നിന്നിറങ്ങി ഷാപ്പിലേക്ക് നടന്നു.ഷാപ്പില്‍ചെന്നിരുന്ന് അയാള്‍ മദ്യം ഗ്ലാസിലേക്ക് ഒഴിച്ചു.ഗ്ലാസ് ചുണ്ടിനോടയാള്‍ അടുപ്പിച്ചു.തന്റെ മുന്നില്‍ വന്നുനിന്ന രൂപത്തെയയാള്‍നോക്കി.തന്റെ മകന്‍.ഞാന്‍ ഇന്നുമുതല്‍ അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്‍‌തുടരാന്‍ തീരുമാനിച്ചു.അവന്‍അയാളോട് പറഞ്ഞു.അയാളുടെ കൈയ്യില്‍ നിന്ന് ഗ്ലാസ് വഴുതി.അയാള്‍ ഷാപ്പില്‍ നിന്ന് ഇറങ്ങി.പിന്നീടൊരിക്കലും അയാള്‍ അവിടേക്ക് വന്നില്ല.

Sunday, October 14, 2007

മരം വെട്ടുകാരന്‍

വനദേവത സമ്മാനിച്ച സ്വര്‍ണ്ണ,വെള്ളി, കോടാലികളുമായി അയാള്‍ വീട്ടിലെത്തി.നടന്നതെല്ലാം ഭാര്യയോട് പറഞ്ഞു.മരം വെട്ടിക്കൊണ്ടിരുന്നപ്പോള്‍ മഴു വെള്ളത്തില്‍വീണതും വനദേവത പ്രത്യക്ഷ പ്പെട്ടതും കോടാലിയെടുത്തു തന്നതും എല്ലാം ഒരണുവിടതെറ്റാതെ പറഞ്ഞു കേള്‍പ്പിച്ചു.എല്ലാം കേട്ടിട്ട് അവള്‍ പറഞ്ഞു.”നിങ്ങളൊരുമണ്ടനാ.. വനദേവതയുടെ കയ്യില്‍ വജ്രത്തിന്റെ കോടാലിയൊക്കെ കാണുമായിരുന്നു.അതൂടെ എങ്ങനെയെങ്കിലും വാങ്ങേണ്ടതായിരുന്നു.”

രണ്ടുദിവസം കഴിഞ്ഞിട്ടും അവളുടെ കുറ്റപ്പെടുത്തല്‍ കഴിഞ്ഞില്ല.തങ്ങളുടെ വീട്ടിലെഏറ്റവും ഭാരമുള്ള വസ്തു പുഴയില്‍ കൊണ്ടിട്ട് അത് എടുത്തു തരാന്‍ വനദേവതയോട്പറയാന്‍ അവള്‍ അവനെ നിര്‍ബന്ധിച്ചു.അവരുടെ വീട്ടിലെ ഏറ്റവും ഭാരമുള്ളത്അവളായിരുന്നു.അവളും അയാളും പുഴക്കരയില്‍ എത്തി.അവള്‍ പുഴയിലേക്ക് ഒരൊറ്റചാട്ടം.അയാളുടെ കരച്ചില്‍ കേട്ട് വനദേവത പ്രത്യക്ഷപ്പെട്ടു.തന്റെ ഭാര്യ വെള്ളത്തില്‍വീണെന്ന് അയാള്‍ പറഞ്ഞു.

വനദേവത വെള്ളത്തില്‍ നിന്ന് ഒരു സ്വര്‍ണ്ണ സ്ത്രിയെ കൊണ്ടുവന്നു.അത് തന്റെ ഭാര്യഅല്ലന്ന് അയാള്‍ പറഞ്ഞു.വനദേവത പിന്നീട് ഒരു വെള്ളി സ്ത്രിയെ കൊണ്ടുവന്നുകൊടുത്തു.ഇതല്ല തന്റെ ഭാര്യയെന്ന് അയാള്‍ പറഞ്ഞു, ഇതെല്ലാം അയാളുടെ ഭാര്യ കാണുന്നുണ്ടായിരുന്നു.അവള്‍ വെള്ളത്തില്‍താഴാതെ കിടക്കുകയായിരുന്നു.അവസാനം വനദേവത അവളെ അയാളുടെ മുന്നില്‍കൊണ്ടുവന്നു.
“ഇതാണോ നിങ്ങളുടെ ഭാര്യ ?”
“അല്ല...” അയാള്‍ പറഞ്ഞു.അത് കേട്ടവള്‍ ഞെട്ടി.
“ഞാനാണ് നിങ്ങളുടെ ഭാര്യ”അവള്‍ പറഞ്ഞത് അയാള്‍ കേട്ടതായി ഭാവിച്ചില്ല.അയാള്‍ സ്വര്‍ണ്ണ സ്ത്രിയെയും,വെള്ളി സ്ത്രിയെയും വനദേവതയ്ക്ക് തിരിച്ചു നല്‍കിട്ട് പറഞ്ഞു
“വനദേവതയുടെ കയ്യിലിരിക്കുന്നതു തന്നെയാണ് എന്റെ ഭാര്യ.പക്ഷേ എനിക്കവളെവേണ്ട... എനിക്ക് സമാധാനത്തൊടെ ജീവിക്കണം”
അയാള്‍ സ്വര്‍ണ്ണ,വെള്ളി കോടാലികള്‍ തിരിച്ചു നല്‍കി ഇരുമ്പു കോടാലിയുമായി തിരിച്ചു നടന്നു.

സ്തനസൌന്ദര്യം

ഇന്നവരുടെ കല്യാണരാത്രിയാണ്. “നമുക്ക് കുട്ടികള്‍ വേണ്ട”അവള്‍ അയാളോട് പറഞ്ഞു. വിലയ്‌ ക്കെടുക്കപ്പെട്ട അയാള്‍ തിരിച്ചൊന്നും പറഞ്ഞില്ല.എപ്പോഴും ‘രോഗിഇച്ഛിക്കുന്നതും വൈദ്യന്‍ കല്പിക്കു ന്നതും പാല് ‘ ആകത്തില്ലല്ലോ?താന്‍ ഗര്‍ഭിണിയാണന്നറിഞ്ഞ അവള്‍ അയാളോട് പൊട്ടിത്തെറിച്ചു. ഭ്രൂണഹത്യ പാപമാണന്ന് അവരുടെ മതംഅനുശാസിച്ചെങ്കിലും അവളതിന് ശ്രമിച്ചു.പക്ഷേ ദൈവം കനിഞ്ഞില്ല.

കുഞ്ഞ് ജനിച്ചു.അവള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ല.കുഞ്ഞിനെ മുലയൂട്ടിയാല്‍സ്തനസൌന്ദര്യം നശിക്കുമത്രേ!!കുഞ്ഞ് വിശന്ന് കരയുമ്പോഴെല്ലാം തന്റെ മാറിടംതുടിച്ചുവെങ്കിലും അവള്‍ കുഞ്ഞിന്റെ ഇളം ചുണ്ടിലേക്ക് കുപ്പിപ്പാല്‍ കമഴ്‌ത്തി.അമ്മയുടെമാറിടത്തിന്റെ ചൂട് ഏല്‍ക്കാതെ ആ കുഞ്ഞ് വളര്‍ന്നു.

ഒരു ദിവസം അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.ഇടത്തെ മാറിടത്തിന് വല്ലാത്തഒരു വേദന. വേദനയുടെ ദിനങ്ങള്‍..ആര്‍.സി.സി.യുടെ കീമോതെറാപ്പി റൂമിനു മുന്നില്‍അവള്‍ തന്റെ ഊഴത്തിനായി കാത്തിരുന്നു.അവളുടെ ഇടത്തെ മാറിടം നീക്കം ചെയ്യാന്‍ഡോക്ടര്‍മാര്‍ തീരുമാനിച്ചു.ചികിത്സകള്‍ കഴിഞ്ഞവള്‍ വീട്ടിലെത്തി.

അവളുടെ കുഞ്ഞിന്ന് വിശന്ന് കരയാറില്ല.വിശക്കുമ്പോള്‍ അവന്‍ തനിയെ തന്റെപാല്‍ക്കുപ്പി ചുണ്ടോട് ചേര്‍ക്കും.

Monday, October 8, 2007

ഒളിച്ചോട്ടം

ഇരുട്ടിന്റെ മറപറ്റി അവര്‍ ഒളിച്ചോടി.അവളുടെ കല്യാണം ഉറച്ച മട്ടായിരുന്നു.അതുകൊണ്ടാണല്ലോ അവര്‍ ഒളിച്ചോടിയത്.ഏതായാലും പിറ്റേന്ന് രാവിലെതന്നെ അവള്‍വീട്ടിലേക്ക് ഫോണ്‍ ചെയ്തു.താന്‍ അയാളുടെകൂടെയുണ്ടന്നും വിവാഹം കഴിഞ്ഞന്നുംഅറിയിച്ചു.“ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയതില്‍ എന്താണ് തെറ്റ്”അവള്‍ എല്ലാവരോടും ചോദിച്ചു.

അവളുടെ അച്ഛന്റെയും അമ്മയുടേയും കണ്ണീര്‍ തോര്‍ന്നില്ല.അവള്‍ക്കൊരു പെണ്‍കുഞ്ഞ്ജനിച്ചന്ന റിഞ്ഞപ്പോള്‍ അവര്‍ എല്ലാം മറന്ന് ഓടിയെത്തി.കുഞ്ഞ് വളര്‍ന്നു.തന്റെമകളുടെ വിവാഹം അവള്‍ സ്വപ്നം കണ്ടു.ഒരു ദിവസം കോളേജില്‍ പോയ മകള്‍തിരിച്ചു വന്നില്ല.കണ്ണീരുമായി കാത്തിരുന്ന അവള്‍ക്ക് ഫോണ്‍ വന്നു.അതവളുടെമകള്‍ ആയിരുന്നു.”എന്റെ കല്യാണം കഴിഞ്ഞു” മകള്‍ ഫോണ്‍ വെച്ചു.അവളുടെകണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി.അപ്പോളവള്‍ക്ക് ഒരമ്മയുടെ ദു:ഖം മനസ്സിലായി.

വിവാഹ മോചനം:

കുടുംബക്കോടതിയില്‍ നിന്നറിങ്ങിയപ്പോള്‍ അവരുടെ മനസ്സ് ശാന്തമായിരുന്നു.അയാള്‍ അയാളുടെ വീട്ടിലേക്കും അവള്‍ അവളുടെ വീട്ടിലേക്കും പൊയി.ഉറങ്ങാന്‍കിടന്നിട്ടും അയാള്‍ക്കുറക്കം വന്നില്ല. അവള്‍ക്കും അങ്ങനെതന്നെ ആയിരുന്നു.അയാള്‍ഒന്നു ഫോണ്‍ ചെയ്തിരുന്നെങ്കില്‍ എന്നവളാഗ്രഹിച്ചു. അയാളുടെ ആഗ്രഹവും അതുതന്നെആയിരുന്നു.

തോറ്റുകൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു.അയാള്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.എന്‍‌ഗേജഡ് ട്യൂണ്‍.കാരണം അവളും അയാളെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു.

“അവളാരോടോ സല്ലപിക്കുകയാണ്” അയാള്‍ ചിന്തിച്ചു.
“അയാളാരോടൊ കിന്നരിക്കുകയായിരിക്കും” അവള്‍ ചിന്തിച്ചു.

അയാളെ വിളിക്കാനുള്ള ശ്രമം അവള്‍ ഉപേക്ഷിച്ചു.അവള്‍ ഫോണ്‍ നോക്കിയപ്പോള്‍ പത്തു മിസ്ഡ് കോള്‍.അതയാളുടെ നമ്പരായിരുന്നു.അയാളും ഫോണില്‍ നോക്കി.പത്തു മിസ്ഡ് കോള്‍.അതവളുടെ നമ്പരായിരുന്നു.തങ്ങള്‍ക്ക് പിരിയാന്‍ കഴിയത്തില്ലന്നവര്‍ക്ക് മനസ്സിലായി.

കണക്കുകൂട്ടല്‍:

അയാള്‍ക്ക് ജീവിതത്തെക്കുറിച്ചൊരു കണക്കുകൂട്ടലുണ്ടായിരുന്നു.അതനുസരിച്ചയാള്‍ജീവിച്ചു.വിവാഹം കഴിഞ്ഞു.ഉടനെ ഒരു കുഞ്ഞ് ജനിച്ചാല്‍ തന്റെ കണക്കുകൂട്ടല്‍തെറ്റും.രണ്ടുവര്‍ഷം കഴിഞ്ഞിട്ടു മതി കുഞ്ഞ് എന്നയാള്‍ തീരുമാനിച്ചു.അവള്‍ക്കും അത്സമ്മതിക്കേണ്ടി വന്നു.

ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണന്ന് അറിഞ്ഞപ്പോള്‍ മുതല്‍തന്നെ അയാള്‍കണക്കുകൂട്ടല്‍ തുടങ്ങി.കുഞ്ഞ് വളരുന്നതും വിദ്യാഭ്യാസവും വിവാഹവും വരെ അയാള്‍കണക്കുകൂട്ടി.ലേബര്‍ റൂമില്‍നിന്ന് നേഴ്സ് വിളിച്ചപ്പോള്‍ അയാള്‍ കയറിച്ചെന്നു.

തന്റെ ഭാര്യയ്ക്കുചുറ്റും അഞ്ചു കുഞ്ഞുങ്ങള്‍!!!! തന്റെ കണക്കുകൂട്ടല്‍ തെറ്റിയന്നയാള്‍ക്ക്മനസ്സിലായി.

കുടിയന്‍:

അയാളൊരു അംഗീകൃത കുടിയനായിരുന്നു.24 മണിക്കൂറും അയാള്‍ വെള്ളമായിരുന്നു എന്നുപറഞ്ഞാല്‍ ശരിയാവത്തതുകൊണ്ട് ;അയാള്‍ 24 മണിക്കൂറും വെള്ളത്തിലായിരുന്നു. എല്ലാദിവസവും നാലാംകാലില്‍ വീട്ടിലെത്തുന്ന അയാളുടെ പൂരപ്പാട്ട് ലോകപ്രശ്സതമാണ്. അയാളുടെ കുടി നിര്‍ത്താന്‍ ഭാര്യ പല അടവുകളും പയറ്റി.കരഞ്ഞുനോക്കി,ആത്മഹത്യ ഭീക്ഷണി മുഴക്കി, അയാളറിയാതെ ചോറില്‍ മരുന്ന് കൊടുത്തു. നോ രക്ഷ!അവസാനം അയാളെ ധ്യാനകേന്ദ്രത്തില്‍ എത്തിച്ചു.ധ്യാനകേന്ദ്രത്തിലെ ഒരച്ചനുംഅയാളും കൂടെ ധ്യാനകേന്ദ്രത്തില്‍വെച്ച് നാലാംകാലില്‍ പെര്‍ഫോര്‍മന്‍സ്നടത്തിയപ്പോള്‍ രണ്ടുപേരയും അവിടെനിന്ന് പറഞ്ഞുവിട്ടു.

ഒരു ദിവസം അയാള്‍ അന്തിക്കള്ളടിക്കാനായി വെളിയിലേക്കിറങ്ങാന്‍തുടങ്ങുമ്പോള്‍ ഭാര്യ ആടിയാടി വീട്ടിലെക്ക് കയറി വരുന്നു.വന്നപാടെ അവര്‍അയാള്‍ക്കിട്ടൊരു ചവിട്ടു കൊടുത്തു.ഫുട്ബോള്‍ തെറിക്കുന്നതുപോലെ അയാള്‍തെറിച്ചു.അയാള്‍ പേടിച്ചു പോയി.പിന്നീടവിടെ നടന്നത് സാമ്രാജത്യ അധിനിവേശംആയിരുന്നു.ഇത്രയും നാള്‍ അയാള്‍ അവള്‍ക്ക് നല്‍കിയതിന് പലിശയും കൂടുപലിശയും സഹിതം അവള്‍ അയാള്‍ക്ക് തിരിച്ചു നല്‍കി.അവളുടെ പൂരപ്പാട്ട് കെട്ടപ്പോള്‍അവളുടെ പൂരപ്പാട്ടിനു മുന്നില്‍ താനൊരുശിശുവാണന്ന് അയാള്‍ക്ക് മനസ്സിലായി.(കിട്ടേണ്ടത് കിട്ടിയാലേ ചിലര്‍ക്കൊക്കെ മനസ്സിലാവൂ എന്നത് സത്യം തന്നെയല്ലേ??)

കെട്ടിറങ്ങിയപ്പോള്‍ അവള്‍ തന്നെ അയാളുടെ ദേഹത്ത് ആവി പിടിച്ചുകൊടുത്തു.തന്റെ ഭാര്യയ്ക്ക് തന്നോട് എത്രമാത്രം സ്‌നേഹമുണ്ടന്നയാള്‍ക്ക് മനസ്സിലായി.അയാളുടെ ദേഹത്ത് കരിനീലിച്ച് കിടക്കുന്ന പാടുകളിലൂടെ അവള്‍ തലോടി. പിറ്റേന്ന് അയാള്‍ അന്തിക്കള്ളടിക്കാനായി വെളിയിലേക്കിറ ങ്ങിയപ്പോള്‍ഭാര്യ ഒരു കുപ്പി കൊണ്ടുകൊടുത്തിട്ട് പറഞ്ഞു,”ദേ മനുഷ്യാ,എനിക്കും കൂടി ഒരുകുപ്പിവാങ്ങിച്ചോ”

അയാളന്ന് വീട്ടില്‍ തിരിച്ചെത്തിയത് രണ്ടുകാലില്‍ തന്നെ ആയിരുന്നു.