Friday, November 6, 2009

നേതാവും സമരമുഖങ്ങളും

ഒന്നാം സമരമുഖം ::
തൊഴിലില്ലായ്‌മ‌യ്ക്കും നിയമന നിരോധനത്തിനും പെന്‍‌ഷന്‍പ്രായം കൂട്ടുന്നതിനെതിരേയും നേതാവ് സമരം നയിച്ചു. യുവജനങ്ങള്‍ തങ്ങളുടെ രക്ഷകനായി നേതാവിനെ കണ്ടു. നേതാവ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആരംഭിച്ചു . നേതാവ് സമരമുഖങ്ങളില്‍ അണയാത്ത അഗ്നിയായി ആളിക്കത്തി. കാരണം നേതാവിന് മറ്റ് ജോലികള്‍ ഇല്ലായിരുന്നു.

രണ്ടാം സമരമുഖം ::
പെ‌ന്‍ഷന്‍ ഏകീകരണത്തിനും പെന്‍‌ഷന്‍‌പ്രായം കൂട്ടുന്നതിനും നേതാവ് സമരം നയിച്ചു. ഗവ‌ണ്‍‌മെന്റ് തൊഴിലാളികള്‍ തങ്ങളുടെ രക്ഷകനായി നേതാവിനെ കണ്ടു. ജ്വലിക്കുന്ന സമരാവേശവുമായി നേതാവ് തൊഴിലാളികള്‍ക്ക് ഊര്‍ജ്ജം നല്‍കി. കാരണം നേതാവിന്റെ ഭാര്യയ്ക്ക് ഗവണ്‍‌മെന്റ് ജോലിയായിരുന്നു.

മൂന്നാം സമരമുഖം ::
തൊഴിലില്ലായ്‌മ‌യ്ക്കും നിയമന നിരോധനത്തിനും പെന്‍‌ഷന്‍പ്രായം കൂട്ടുന്നതിനെതിരേയും നേതാവ് സമരം നയിച്ചു. യുവജനങ്ങള്‍ പഴയതെല്ലാം മറന്ന് നേതാവിന്റെ പിന്നില്‍ അണിനിരന്നു. പോലീസിന്റെ ജലപീരങ്കികളിലും ഷെല്ലുകളിലും പതറാതെ എങ്ങനെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് എങ്ങനെയെന്ന് നേതാവ് സ്റ്റഡിക്ലാസുകള്‍ എടുത്തു. കാരണം നേതാവിന്റെ മക്കള്‍ പി.എസി.എസി. പരീക്ഷ എഴുതി തുടങ്ങിയിരുന്നു....

.

No comments: