Wednesday, June 17, 2020

പ്രണയ നക്ഷത്രങ്ങൾ

കടൽക്കരയിലെ ഒഴിഞ്ഞ കോണിലായിരുന്നു  അവർ ഇരിന്നിരുന്നത്. അവൾ അവന്റെ തോളിലേക്ക് തലചായിച്ചായിരുന്നു ഇരുന്നത്. സൂര്യൻ അസ്തമിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നല്ലേ അവടെ ചോദ്യത്തിന് അവന്റെ ഉത്തരം ഒരു പുഞ്ചിരിയായിരുന്നു. തണുത്ത കാറ്റിൽ പാറിപ്പറന്ന അവളുടെ തലമുടി അവൻ ഒതുക്കി..
നമുക്കിങ്ങനെ എത്ര നാൾ പ്രണയിച്ചു നടക്കാൻ കഴിയും അവന്റെ ചോദ്യത്തിന് അറിയില്ല എന്ന മറുപിടിയാണ് അവൾ നൽകിയത്. ഒരിക്കലും നമ്മൾ കണ്ടുമുട്ടാൻ പാടില്ലായിരുന്നല്ലേ? അവളുടെ ചോദ്യത്തിന് അവൻ ഉത്തരം പറയാതെ അവളുടെ വാ പൊത്തി. അവൾ പതിയെ അവന്റെ കൈകൾ എടുത്ത് തന്റെ ഉള്ളം കൈയ്യിൽ എടുത്ത്. തന്റെ വിരലുകൾ അവന്റെ വിരലുകളിൽ അവൾ കോർത്തുവെച്ചു....
"പ്രണയം ഒരു മായാലോകമാണല്ലേ? മായാജാലക്കാരന്റെ വിദ്യപോലെ .. ചിലപ്പോൾ കൂട്ടിലകപ്പെട്ടും ബന്ധനത്തിലായും സ്വതന്ത്ര്യനായും ഒക്കെ...." അവന്റെ സംസാരം കേട്ട് അവൾ ചിരിച്ചു. അവൾക്ക് മനസിലാകാത്ത കാര്യങ്ങൾ അവൻ പറയുമ്പോൾ അവളങ്ങനെയാണ് എപ്പോഴും ; ഒരു ചിരിയിൽ അവളുടെ ദീർഘനിശ്വാസം ഒഴിയുമ്പോൾ അവന്റെ മുഖത്തും ചിരി വിരിയും......   

നിങ്ങൾക്ക് എങ്ങനെ എന്നെ എപ്പോഴും പ്രണയിക്കാൻ കഴിയുന്നു? ഒരു ദിവസം അവൾ ചോദിച്ചു. കടൽ എപ്പോഴും കരയെ പ്രണിക്കുന്നില്ലേ? എന്നൊരു മറുചോദ്യമാണ് അയാൾ ചോദിച്ചത്. എന്നും ഇങ്ങനെ പ്രണയിച്ചാൽ മതിയോ നമുക്ക് ഒരുമിച്ച് ജീവിക്കേണ്ടേ? അയാൾ ഒരു ദിവസം ചോദിച്ചു. ദീർഘനിശ്വാസത്തോടെ അറിയില്ല എന്നുള്ള ചിലമ്പിച്ച ഒരു ശബ്ദ്ദമാണ് അയാൾ പതിവുപോലെ പ്രതീക്ഷിച്ചത്. ഒരുമിച്ച് ജീവിക്കണം അവൾ പറഞ്ഞു. അയാൾ അവിശ്വസിനീയതോടെ അവളെ നോക്കി. എന്ന്? അയാൾ ചോദിച്ചു. അവൾ ഒരു നിമിഷം നിശബ്ദ്ദയായി. അവൾ പതിയെ ആകാശത്തേക്ക് നോക്കി..."സ്വർണ്ണ മേഘങ്ങൾ നമുക്കായി അങ്ങ് ആകാശത്ത് ഒരു കൂടൊരുക്കുമ്പോൾ" അവൾ പറഞ്ഞു. അവൾ അയാളോട് ഒന്നു കൂടി ചേർന്നിരുന്നു. മിന്നിതെളിയുന്ന നക്ഷത്രങ്ങൾ ആകാശത്ത് തെളിഞ്ഞു തുടങ്ങിയപ്പോൾ അവൾ ആകാശത്തേക്ക് ചൂണ്ടി പറഞ്ഞു "നോക്കൂ അവിടെ  നമ്മൾ നക്ഷത്രങ്ങളായി ഒരുമിച്ച് ജീവിക്കും.." അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ അയാളുടെ കൈത്തണ്ടയിൽ വീണു. സ്‌ഫടിക പാത്രം വീണുടയുന്നപോലെ അവളുടെ കണ്ണുനീർ അയാളുടെ കൈത്തണ്ടയിൽ വീണ് ചിതറിത്തെറിച്ചു. "ഞാൻ ഇനി പോകട്ടെ......" അയാളുടെ മറുപിടിക്ക് കാത്തു നിൽക്കാതെ അവൾക്കായി കാത്തു കിടന്നു കാറിൽ പിടയുന്ന മനസോടെ അവൾ കയറി...

അയാൾ അവൾക്കായി ആ കടൽക്കരയിൽ കാത്തിരുന്നു. മായാജാലക്കാരന്റെ മായാവിദ്യപോലെ അവൾ അയാളുടെ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. ആകാശത്ത് നക്ഷത്രങ്ങൾ തെളിയും വരെ അയാൾ കടൽക്കരയിൽ എന്നും കാത്തിരിക്കും. അയാൾ എപ്പോഴും അവൾ പറഞ്ഞത് ഓർക്കും "നോക്കൂ അവിടെ  നമ്മൾ നക്ഷത്രങ്ങളായി ഒരുമിച്ച്  ജീവിക്കും..". പണ്ടന്നോ അവൾ പറഞ്ഞത് അയാൾ ഓർമ്മകളിൽ നിന്ന് പരതി എടുത്തു "സ്നേഹമുള്ളവർ മരിക്കുമ്പോൾ അവർ നക്ഷത്രങ്ങളായി പുനർജ്ജനിക്കും... ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ ആകാശത്ത് നിന്ന് നിങ്ങളെ നോക്കി  പുഞ്ചരിക്കും ...നിങ്ങൾക്കത് മനസിലാകുമോ" അവൾ ചോദിച്ചപ്പോൾ അയാൾ തലയാട്ടിയിരുന്നു.

മുറിയുടെ ജനാലിയിലൂടെ അയാൾ ആകാശത്തേക്ക് നോക്കി നിന്നു. നക്ഷത്രങ്ങൾ തെളിയും വരെ അയാൾ ഇപ്പോൾ ജനാലയരികിൽ നിൽക്കും. ആകാശത്ത് നിറയുന്ന നക്ഷത്രങ്ങളെ നോക്കി നിൽക്കുമ്പോൾ തന്റെ അവശതകൾ മറക്കും. അവസാനം അയാൾ വേച്ച് വേച്ച് തന്റെ കിടക്കയിലേക്ക് നടക്കും... അന്നും പതിവുപോലെ ജനാലക്കൽ നിന്ന് നക്ഷത്രങ്ങളെ നോക്കുമ്പോൾ പുതിയ ഒരു നക്ഷത്ര തിളക്കം...   ആ നക്ഷത്രം തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടോ? അയാളുടെ ചുണ്ടിൽ വർഷങ്ങൾക്ക് ശേഷം ഒരു ചെറുപുഞ്ചിരി വിടർന്നു. വേച്ച് വേച്ച് അയാൾ തന്റെ കട്ടിലിലേക്ക് നടന്നു..... പ്രയാസപ്പെട്ട് കിടക്കയിലേക്ക് കിടക്കുമ്പോളും അയാളുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല. രാത്രിയാമങ്ങളിലെപ്പോഴോ ആകാശത്ത് ഒരു നക്ഷത്രം കൂടി ഉദിച്ചു. ആകാശത്ത് നിന്ന് ഭൂമിയെ നോക്കി പുഞ്ചിരിക്കുന്ന രണ്ട് നക്ഷത്രങ്ങൾ സ്വർണ്ണമേഘങ്ങൾ ഒരുക്കിയ മറവിൽ മറയുമ്പോൾ വൃദ്ധസദനത്തിലെ എട്ടാം നമ്പർ മുറിയിൽ നിന്ന് അയാളുടെ മൃതശരീരം ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു........

No comments: