Friday, October 27, 2023

താലി

 ഭർത്താവ് ജോലി കഴിഞ്ഞ് വന്ന് കുളിക്കാൻ കയറിയപ്പോൾ മേശപ്പുറത്ത് വെച്ച ഫോൺ ചായയുമായി വന്ന ഭാര്യ എടുത്തു നോക്കി. നിമിഷങ്ങൾക്കകം ഭാര്യ ചായയുമായി തിരികെപ്പോയി.... കുളികഴിഞ്ഞിറക്കിയ ഭർത്താവ് പതിവ് ചായ കാണാഞ്ഞിട്ട് ഭാര്യയെ വിളിച്ചു.. 


ഭാര്യയുടെ സൈഡിൽ നിന്ന് റസ്പോൺസൊന്നും ഉണ്ടാകാഞ്ഞിട്ട് ഭർത്താവ് ഹാളിലേക്ക് ചെന്നു. ഭാര്യ ഹാളിലുണ്ട്. ഭർത്താവിന് എന്തങ്കിലും പറയാൻ അവസരം കിട്ടുന്നതിനു മുമ്പേ ഭാര്യയുടെ ചോദ്യം


"നിങ്ങളെന്താ ഇന്ന് വന്ന ഉടനെ നേരെ കുളിക്കാൻ കയറിയത്..."


"ഭയങ്കര ക്ഷീണമായിരുന്നു... ട്രയിനിലൊക്കെ ഭയങ്കര തിരക്കാ ഇപ്പോ "


"അതു ശരിയാ, നിങ്ങൾക്കിന്ന് നല്ല ക്ഷീണം കാണുമെന്ന് എനിക്കറിയാം"


"നീ എന്താ അങ്ങനെ പറഞ്ഞത്... എന്തോ ഉള്ളിൽ വെച്ച് സംസാരിക്കുന്നതു പോലെ "


"എൻ്റെ ഉള്ളിൽ എന്തായാലെന്താ ?"


"അല്ല, നീ ചായ ഇട്ടില്ലേ?"


" ഞാൻ ചായ ഇട്ട് തന്നില്ലങ്കിൽ നിങ്ങടെ മറ്റവളെ വിളിച്ചോണ്ട് വന്ന് ചായ ഇടീക്ക് "


"ശെടാ.... നീ എന്താ ഈ പറയുന്നത് ? ഏതാ ഈ മറ്റവൾ "


"ഒന്നും അറിയാത്തതുപോലെ.. നിങ്ങളെ ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുവായിരുന്നു... കുറച്ച് നാളായി നിങ്ങടെ ഒരുക്കം കണ്ടപ്പോഴേ എനിക്ക് തോന്നിയതാ നിങ്ങൾക്കെന്നെ വേണ്ടാതായീന്ന് "


"നീ എന്തുവാ ഈ പറഞ്ഞ് വരുന്നത് "


"ഞാനിനി എന്തു പറഞ്ഞിട്ടെന്താ.. നിങ്ങളിനി അവടെ കൂടെ പോയി നിന്നോ?"


"ആരുടെ കൂടയാ"


"നിങ്ങളിന്ന് ഒരുത്തിക്ക് താലി വാങ്ങിച്ച് കൊടുത്തില്ലേ... അവടെ കൂട്"


"ഞാനാർക്ക് താലി വാങ്ങിച്ച് കൊടുത്തന്നാ നീ പറയുന്നത്?"


"നിങ്ങളു കുളിക്കാൻ കയറിയപ്പോൾ നിങ്ങടെ വാട്സാപ്പ് ഞാനൊന്ന് നോക്കി... അതു കൊണ്ട് സത്യം മനസിലാക്കാൻ പറ്റി"


"നീ വാട്സാപ്പിൽ എന്താ കണ്ടത് "


''ഒരുത്തി നിങ്ങളോട് ഉച്ചയ്ക്ക് താലി വാങ്ങാൻ മറക്കരുതന്ന് "


അയാൾ ഫോൺ എടുത്ത് ഭാര്യയുടെ കൈയ്യിൽ കൊടുത്തു..


"നീ ആ മെസേജൊന്ന് കാണിച്ചേ?"


ഭാര്യ ഫോൺ വാങ്ങി മെസേജ് കാണിച്ചു..


ഓഫീസിലെ കനകയുടെ മെസേജ്


Thaali ട് vaanggan Marakkaruthu


അതിന് അയാളുടെ മറുപടി


എൻ്റെയും കൂടി ആവിശ്യമായതുകൊണ്ട് മറക്കില്ല 


അതിന് അവളുടെ ലവ് റിയാക്ഷൻ🩷


" ഇനി നിങ്ങൾക്ക് എന്താ പറയാനുള്ളത്...?' ഭാര്യ ചോദ്യചിഹ്നത്തോടെ മറുപടിക്കായി കാത്തു....


"എൻ്റെ പൊന്നു ഭാര്യേ ഞാൻ പറയുന്നത് കേൾക്കാൻ നീ തയ്യാറാകണം"


"നിങ്ങള് പറ... "


"ഓഫീസിൽ എൻ്റെ തൊട്ടപ്പുറത്തെ സീറ്റിലാ കനക. അതിനാണങ്കിൽ തുമ്മലോട് തുമ്മലും ചുമയും തൊണ്ടവേദനയും. ഞാൻ ഉച്ചയ്ക്ക് കഴിക്കാൻ ഇറങ്ങിയപ്പോൾ മൂന്നാല് താലീസ് വാങ്ങാൻ പറഞ്ഞിരുന്നു. അത് ഓർമ്മിപ്പിക്കാൻ അയച്ച മെസേജാ അത്. നീ പറയുന്നതുപോലെ താലി എന്നല്ല താലീസ് എന്ന് പറഞ്ഞതിലെ s മലയാളത്തിലെ ട ആയി പോയതാ.... സത്യം"


"അപ്പോ നിങ്ങടയുംകൂടി ആവിശ്യമാണന്ന് പറഞ്ഞതോ?"


"അതിൻ്റെ തുമ്മലും ചുമയും അടുത്തിരിക്കുന്ന എന്നയും ബാധിക്കുമെന്ന് കണ്ട് പറഞ്ഞതാ.... "


"സത്യം ?" ഭാര്യ


"നീയാണേ സത്യം... അഞ്ചെണ്ണം വാങ്ങിയതിൽ രണ്ട് താലീസ് ബാഗിലും കിടപ്പുണ്ട്.... "


" എന്നാ ഞാനിപ്പം ചായ ചൂടാക്കി കൊണ്ടു വരാമേ... "


സമയം രാത്രി പത്തു മണി..

ഭാര്യയും ഭർത്താവും ഉറങ്ങാനായി കിടന്നു...


"ങ്ചീ..... ങ് ചീ ചീചീ... ങും. ങും... "

ഭാര്യ മൂന്നാല് ചുമ..

ഭർത്താവ് തലപൊക്കി നോക്കിയിട്ട് വീണ്ടും കിടന്നു....

" ഞാനിനി വാട്സാപ്പിൽ മെസേജ് അയച്ചാലേ നിങ്ങടെ ബാഗിൽ നിന്ന് താലീസ് എടുത്ത് തരത്തുള്ളിയിരിക്കും " ഭാര്യയുടെ ഡയലോഗ്...


അയാൾ തപ്പിപ്പിടിച്ച് എഴുന്നേറ്റ് ബാഗിൽ നിന്ന് രണ്ട് താലീസും എടുത്തു. ഒന്ന് ഭാര്യയ്ക്ക് കൊടുത്തു. മറ്റേത് അയാളും എടുത്തു....


അപ്പോ ശാന്തരാത്രി

സുഖസ്വപ്നനിദ്ര

😴😴😴❤️❤️😴😴😴

Thursday, August 3, 2023

അലർജി

 ഭർത്താവിന് രണ്ടാഴ്ചയായി തുമ്മലും മൂക്കൊലിപ്പും. അല്ലറ ചില്ലറ പൊടിക്കൈകളും ചൂടുവെള്ളം കുടിക്കലും ഒക്കെ നോക്കിയിട്ട് തുമ്മലിന് കുറവില്ല. അവസാനം ഡോക്ടറെ കാണാനായി തീരുമാനിച്ചു.  ജോലി സ്ഥലത്ത് നിന്ന് ലീവിന് വന്ന ഭാര്യയെയും കൂട്ടി ഭർത്താവ് ആശുപത്രിയിലേക്ക് പോയി. 


ഡോക്ടറോട് തുമ്മലിൻ്റയും മുക്കൊലിപ്പിൻെറയും കാര്യം പറഞ്ഞു..


"എപ്പോഴും തുമ്മലും മൂക്കൊലിപ്പും ഉണ്ടോ?"


"ഇല്ല ഡോക്ടറെ, രാവിലെ എഴുന്നേറ്റ് രണ്ടു മണിക്കൂർ സമയമാ തുമ്മൽ "


"ചൂടോ ദേഹത്ത് വേദനയോ ഉണ്ടോ?"


"ഇല്ല.. ചിലപ്പോ വൈകിട്ടും തുമ്മലു വരും "


"സിട്രസിൻ കഴിച്ചു നോക്കാം മാറുമോന്ന് "


"ഞാൻ ഇടയ്ക്ക് സിട്രസിൻ കഴിക്കുമായിരുന്നു.. ഇന്നലെ സിട്രസിൻ കഴിച്ചിട്ടും ഫുൾ ഡേ തുമ്മലായിരുന്നു "


"മോണ്ടാഹീലും കൂടി രാത്രിയിലേക്ക് തരാം  ......"

"നേരത്തയും ഇങ്ങനെ വന്നിട്ടുണ്ട് "


"അലർജി ആകാനാ സാധ്യത... ഈ രണ്ടാഴ്ച നിങ്ങൾ എവിടെയെങ്കിലും പോവുകയോ, പുതിയ വസ്തുക്കൾ ഉപയോഗിക്കുകയോ, പ്രത്യേകിച്ച് എന്തങ്കിലുമായി സമ്പർക്കത്തിൽ വരികയോ മറ്റോ ചെയ്തതായി ഓർക്കുന്നുണ്ടോ?"


"അങ്ങനെ ഒന്നും ഓർക്കുന്നില്ല..."

"ഒന്നുകൂടിയൊന്ന് ആലോചിക്കൂ.... "

കുറച്ച് സമയം ആലോചിച്ചിട്ട്..

" ഡോക്ടറേ, ഞാനെങ്ങും പോയിട്ടില്ല... പക്ഷേ എൻ്റെ ഭാര്യ രണ്ടാഴ്ച മുമ്പാ ലീവിന് വന്നത് " !!!!


ഡോക്ടർ അയാളുടെ ഭാര്യയെ ഒന്നു നോക്കി. ഭാര്യ ഭർത്താവിനെ നോക്കി.


കഥ കഴിഞ്ഞു : ഭർത്താവിൻ്റെ !!

Wednesday, June 17, 2020

പ്രണയ നക്ഷത്രങ്ങൾ

കടൽക്കരയിലെ ഒഴിഞ്ഞ കോണിലായിരുന്നു  അവർ ഇരിന്നിരുന്നത്. അവൾ അവന്റെ തോളിലേക്ക് തലചായിച്ചായിരുന്നു ഇരുന്നത്. സൂര്യൻ അസ്തമിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നല്ലേ അവടെ ചോദ്യത്തിന് അവന്റെ ഉത്തരം ഒരു പുഞ്ചിരിയായിരുന്നു. തണുത്ത കാറ്റിൽ പാറിപ്പറന്ന അവളുടെ തലമുടി അവൻ ഒതുക്കി..
നമുക്കിങ്ങനെ എത്ര നാൾ പ്രണയിച്ചു നടക്കാൻ കഴിയും അവന്റെ ചോദ്യത്തിന് അറിയില്ല എന്ന മറുപിടിയാണ് അവൾ നൽകിയത്. ഒരിക്കലും നമ്മൾ കണ്ടുമുട്ടാൻ പാടില്ലായിരുന്നല്ലേ? അവളുടെ ചോദ്യത്തിന് അവൻ ഉത്തരം പറയാതെ അവളുടെ വാ പൊത്തി. അവൾ പതിയെ അവന്റെ കൈകൾ എടുത്ത് തന്റെ ഉള്ളം കൈയ്യിൽ എടുത്ത്. തന്റെ വിരലുകൾ അവന്റെ വിരലുകളിൽ അവൾ കോർത്തുവെച്ചു....
"പ്രണയം ഒരു മായാലോകമാണല്ലേ? മായാജാലക്കാരന്റെ വിദ്യപോലെ .. ചിലപ്പോൾ കൂട്ടിലകപ്പെട്ടും ബന്ധനത്തിലായും സ്വതന്ത്ര്യനായും ഒക്കെ...." അവന്റെ സംസാരം കേട്ട് അവൾ ചിരിച്ചു. അവൾക്ക് മനസിലാകാത്ത കാര്യങ്ങൾ അവൻ പറയുമ്പോൾ അവളങ്ങനെയാണ് എപ്പോഴും ; ഒരു ചിരിയിൽ അവളുടെ ദീർഘനിശ്വാസം ഒഴിയുമ്പോൾ അവന്റെ മുഖത്തും ചിരി വിരിയും......   

നിങ്ങൾക്ക് എങ്ങനെ എന്നെ എപ്പോഴും പ്രണയിക്കാൻ കഴിയുന്നു? ഒരു ദിവസം അവൾ ചോദിച്ചു. കടൽ എപ്പോഴും കരയെ പ്രണിക്കുന്നില്ലേ? എന്നൊരു മറുചോദ്യമാണ് അയാൾ ചോദിച്ചത്. എന്നും ഇങ്ങനെ പ്രണയിച്ചാൽ മതിയോ നമുക്ക് ഒരുമിച്ച് ജീവിക്കേണ്ടേ? അയാൾ ഒരു ദിവസം ചോദിച്ചു. ദീർഘനിശ്വാസത്തോടെ അറിയില്ല എന്നുള്ള ചിലമ്പിച്ച ഒരു ശബ്ദ്ദമാണ് അയാൾ പതിവുപോലെ പ്രതീക്ഷിച്ചത്. ഒരുമിച്ച് ജീവിക്കണം അവൾ പറഞ്ഞു. അയാൾ അവിശ്വസിനീയതോടെ അവളെ നോക്കി. എന്ന്? അയാൾ ചോദിച്ചു. അവൾ ഒരു നിമിഷം നിശബ്ദ്ദയായി. അവൾ പതിയെ ആകാശത്തേക്ക് നോക്കി..."സ്വർണ്ണ മേഘങ്ങൾ നമുക്കായി അങ്ങ് ആകാശത്ത് ഒരു കൂടൊരുക്കുമ്പോൾ" അവൾ പറഞ്ഞു. അവൾ അയാളോട് ഒന്നു കൂടി ചേർന്നിരുന്നു. മിന്നിതെളിയുന്ന നക്ഷത്രങ്ങൾ ആകാശത്ത് തെളിഞ്ഞു തുടങ്ങിയപ്പോൾ അവൾ ആകാശത്തേക്ക് ചൂണ്ടി പറഞ്ഞു "നോക്കൂ അവിടെ  നമ്മൾ നക്ഷത്രങ്ങളായി ഒരുമിച്ച് ജീവിക്കും.." അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ അയാളുടെ കൈത്തണ്ടയിൽ വീണു. സ്‌ഫടിക പാത്രം വീണുടയുന്നപോലെ അവളുടെ കണ്ണുനീർ അയാളുടെ കൈത്തണ്ടയിൽ വീണ് ചിതറിത്തെറിച്ചു. "ഞാൻ ഇനി പോകട്ടെ......" അയാളുടെ മറുപിടിക്ക് കാത്തു നിൽക്കാതെ അവൾക്കായി കാത്തു കിടന്നു കാറിൽ പിടയുന്ന മനസോടെ അവൾ കയറി...

അയാൾ അവൾക്കായി ആ കടൽക്കരയിൽ കാത്തിരുന്നു. മായാജാലക്കാരന്റെ മായാവിദ്യപോലെ അവൾ അയാളുടെ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. ആകാശത്ത് നക്ഷത്രങ്ങൾ തെളിയും വരെ അയാൾ കടൽക്കരയിൽ എന്നും കാത്തിരിക്കും. അയാൾ എപ്പോഴും അവൾ പറഞ്ഞത് ഓർക്കും "നോക്കൂ അവിടെ  നമ്മൾ നക്ഷത്രങ്ങളായി ഒരുമിച്ച്  ജീവിക്കും..". പണ്ടന്നോ അവൾ പറഞ്ഞത് അയാൾ ഓർമ്മകളിൽ നിന്ന് പരതി എടുത്തു "സ്നേഹമുള്ളവർ മരിക്കുമ്പോൾ അവർ നക്ഷത്രങ്ങളായി പുനർജ്ജനിക്കും... ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ ആകാശത്ത് നിന്ന് നിങ്ങളെ നോക്കി  പുഞ്ചരിക്കും ...നിങ്ങൾക്കത് മനസിലാകുമോ" അവൾ ചോദിച്ചപ്പോൾ അയാൾ തലയാട്ടിയിരുന്നു.

മുറിയുടെ ജനാലിയിലൂടെ അയാൾ ആകാശത്തേക്ക് നോക്കി നിന്നു. നക്ഷത്രങ്ങൾ തെളിയും വരെ അയാൾ ഇപ്പോൾ ജനാലയരികിൽ നിൽക്കും. ആകാശത്ത് നിറയുന്ന നക്ഷത്രങ്ങളെ നോക്കി നിൽക്കുമ്പോൾ തന്റെ അവശതകൾ മറക്കും. അവസാനം അയാൾ വേച്ച് വേച്ച് തന്റെ കിടക്കയിലേക്ക് നടക്കും... അന്നും പതിവുപോലെ ജനാലക്കൽ നിന്ന് നക്ഷത്രങ്ങളെ നോക്കുമ്പോൾ പുതിയ ഒരു നക്ഷത്ര തിളക്കം...   ആ നക്ഷത്രം തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടോ? അയാളുടെ ചുണ്ടിൽ വർഷങ്ങൾക്ക് ശേഷം ഒരു ചെറുപുഞ്ചിരി വിടർന്നു. വേച്ച് വേച്ച് അയാൾ തന്റെ കട്ടിലിലേക്ക് നടന്നു..... പ്രയാസപ്പെട്ട് കിടക്കയിലേക്ക് കിടക്കുമ്പോളും അയാളുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല. രാത്രിയാമങ്ങളിലെപ്പോഴോ ആകാശത്ത് ഒരു നക്ഷത്രം കൂടി ഉദിച്ചു. ആകാശത്ത് നിന്ന് ഭൂമിയെ നോക്കി പുഞ്ചിരിക്കുന്ന രണ്ട് നക്ഷത്രങ്ങൾ സ്വർണ്ണമേഘങ്ങൾ ഒരുക്കിയ മറവിൽ മറയുമ്പോൾ വൃദ്ധസദനത്തിലെ എട്ടാം നമ്പർ മുറിയിൽ നിന്ന് അയാളുടെ മൃതശരീരം ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു........

Friday, February 21, 2020

പകൽ സീരിയൽ

വല്യമ്മച്ചി 👵 തലേന്ന് സന്ധ്യയ്ക്ക് കണ്ട സീരിയൽ പിറ്റേന്ന് പകലും 📺 ഇരുന്ന് കാണുന്നത് കണ്ട് കൊച്ചുമോൻ 👨‍🦳 അമ്മച്ചിയോട് 👵 ചോദിച്ചു
"ഇന്നലെ കണ്ടതു തന്നെയല്ലേ ഇന്നും ഇരുന്ന് കാണുന്നത്?"
"അല്ലടാ" അമ്മച്ചി പറഞ്ഞു.
"ഇന്നലെ കണ്ടതിൽ നിന്ന് എന്ത് വെത്യാസമാ ഇപ്പോൾ?" കൊച്ചുമോൻ ചോദിച്ചു...
"അതേ, മോനേ ഇന്നലെ സീരിയലിന്റെ ഇടയിൽ കാണിച്ച പരസ്യമല്ലടാ മോനേ ഇന്ന് കാണിക്കുന്നത് . അതാണ് വെത്യാസം. പകലാണങ്കിൽ പരസ്യവും കുറവാ..... "
😃😀😁

Wednesday, December 26, 2018

ഞാനും കർത്താവും

ഞാനും കർത്താവും

"ഹലോ... കർത്താവല്ലേ.."

"ഹലോ.... അതെ ,കർത്താവ് തന്നയാ... "

"കർത്താവേ ഇത് ഞാനാ..."

"ഹും... മനസിലായി... എന്തിനാടാ ഇപ്പോ വിളിച്ചത്.."

"അതു ഞാൻ പിന്നെ... ബർത്തഡേ ഒക്കെ എങ്ങനെ ഉണ്ടായിരുന്നന്ന് ചോദിക്കാനാ.."

"ഹൊ.. അതൊക്കെ അങ്ങ് കഴിഞ്ഞു... നമുക്കൊക്കെ ഇപ്പോ എന്തോ ബർത്തഡേയാ..നിങ്ങക്കൊക്കെ അല്ലേ ആഘോഷം. നമ്മളിങ്ങനെ അന്നത്തെ കാലിത്തൊഴുത്തും കീറത്തുണിയും തണുപ്പുകാറ്റിൽ അമ്മയുടെ മാറിൽ ചുരുണ്ടു കൂടിയതൊക്കെ ആലോചിച്ചിരിക്കും..."

"ഹൊ! നൊസ്റ്റിയടിച്ചിരിക്കുവാണല്ലേ.."

"അല്ലാതെ നമ്മളെന്ത് ഓർക്കാനാടേ... നിനക്കൊക്കെ അങ്ങ് ചുമ്മാ ഹാപ്പി ...ഹാപ്പി എന്നൊക്കെ വിളിച്ചു പറഞ്ഞാൽ മതി/ ഇവിടെ കുറേ നാളായി സീനൊക്കെ ആകെ ശോകമാ..."

"അതൊക്കെ മാറും കർത്താവേ..."

"എനിക്കൊരു പ്രതീക്ഷയും ഇല്ല.... അന്ന് ഭൂമിയിൽ വന്ന് ജനിച്ചത് മണ്ടത്തരമായോ എന്നൊരു സംശയമുണ്ടിപ്പോൾ"

"ചുമ്മാ വേണ്ടാത്തതൊന്നും പറയാതെ കർത്താവേ... അല്ല നമ്മുടെ ഗബ്രിയേൽ എന്തിയേ? ഇന്നലെ പാട്ടൊക്കെ പാടി തകർത്തുകാണുമല്ലോ?"

"അവൻ സെന്റിയടിച്ച് കിടപ്പാ..."

"അതെന്താ..."

"നിനക്കറിയാമല്ലോ ഞങ്ങടെ ലോകത്തിൽ ഉള്ളവർ ആരെങ്കിലും കള്ളം പറഞ്ഞാൽ ഭൂമിയിലേക്ക് തള്ളപ്പെടുമെന്ന്..."

"അതറിയാം... ലൂസിഫറിന്റെ കഥയൊക്കെ മറന്നിട്ടില്ല.... നമ്മുടെ ഗബ്രിയേലിന് എന്തുപറ്റിയെന്ന് പറ കർത്താവേ.."

"അതുപിന്നെ ക്രിസ്തുമസ് ആകുമ്പോൾ ,  സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു എന്നൊക്കെ പറഞ്ഞാണല്ലോ അവർ ഭൂമിയിൽ വരുന്നത് .... ഇന്ന് ആർക്കാടാ ഞാൻ ജനിച്ചതിൽ സന്തോഷം....  ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം എന്നൊക്കെ പറയുന്നത് ആനക്കള്ളമല്ലേ എന്നാ ഗബ്രിയേൽ ചോദിക്കുന്നത്... പള്ളിയിൽ പോലും കയറി അടിയും ഇടിയും മണ്ണണ്ണ ഒഴിക്കലും തൂങ്ങിച്ചാവൽ നാടകവും ഒക്കെയല്ലേ... പിന്നെ റിയൽ എസ്റ്റേറ്റും....പിന്നെ കുറേയെണ്ണം പീഡിപ്പിക്കാനും ബലാത്സംഗം ചെയ്യാനും... എന്തോക്കയാടേ ഇത്..."

"അതൊക്കെ എന്നോട് ചോദിച്ചാൽ ഞാനെന്തോ പറയാനാ കർത്താവേ... ഞാനൊക്കെ സാദാ ഭക്തരാ... "

"ഹും... ഹും... ഞാനിനിയും ചാട്ടവാറുമായി വരേണ്ടിവരുമെന്ന് തോന്നുന്നു..."

"ഹഹഹ..ഹഹഹ.... നടന്നതു തന്നെ..."

"എന്താടാ ചിരിക്കുന്നത്?"

"അതു പിന്നെ .. കർത്താവേ... നിങ്ങളു ചാട്ടവാറുമായി വരുമെന്ന് പറയുന്നത് കേട്ട് ചിരിച്ചതാ..."

"അതിനെന്താ ഇത്ര ചിരിക്കാൻ..."

"കർത്താവ് വീണ്ടും ചിരിപ്പിക്കരുത്.... തൊലിക്ക് പാറയെക്കാൾ കട്ടിയുള്ളവരെ നിങ്ങളു ചാട്ടവാറുമായി വന്നടിച്ചാൽ എന്താകാനാ.... അവന്മാരെല്ലാം കൂടി നിങ്ങളെ വീണ്ടും ക്രൂശിൽ തറച്ച് മൂടോടെ  കോൺക്രീറ്റ് ഇട്ട് അങ്ങ് ഉറപ്പിക്കും... "

"നീ ചുമ്മാ പേടിപ്പിക്കാതടാ..."

"പേടിപ്പിച്ചതല്ല കർത്താവേ... ഉള്ളത് പറഞ്ഞതാ... ഇനി വരുവാണങ്കിൽ വല്ല എകെ 47 നോ ഹൈഡ്രജൻ ബോംബൊക്കെയായി വന്നാലോ ജീവനോടെ തിരിച്ചു പോകാൻ പറ്റൂ..."

"ഇതാകെ തൊല്ലയായിപ്പോയടാ.... ഇവിടുള്ളവന്മാർ എല്ലാം കൂടി ചുമ്മാതെന്നെ ട്രോളിക്കൊണ്ടിരിക്കുകയാ..."

"എല്ലാം സഹിക്കണം കർത്താവോ... ഒന്നും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്നൊക്കെ അങ്ങ് കരുതിയേക്ക്..."

"അതേ ഉള്ളടാ ഒരു വഴി... ഐഡിയ പറഞ്ഞതിന് താങ്ക്സ്.. എന്നാലും എങ്ങനെ സഹിക്കുമടാ?"

"അതേ ഞാൻ ഇന്നലെ രാത്രിയിൽ പള്ളിയുടെ മുന്നിൽ കൂടി വന്നപ്പോൾ പള്ളിമുകളിലെ കുരിശിൽ നോക്കിയപ്പോൾ കർത്താവിനെ കണ്ടില്ലല്ലോ..."

"നമ്മളു രാത്രി പരിപാടിയങ്ങ് നിർത്തി. പാതിരാത്രിയിൽ ഒരു കൂട്ടർ പള്ളിയുടെ താഴ് പൊളിക്കാൻ വരും മറ്റേ കൂട്ടർ അത്  പൊളിക്കാൻ വരും. ഒരു കൂട്ടർ പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് വന്നാൽ മറ്റവന്മാർ തടിയും. പിന്നെ തെറിവിളിയായി അടിയായി വെട്ടായി എല്ലാവനെയും ഓടിക്കാൻ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കും. ആ വെടിയുണ്ട എന്റെ നെഞ്ചത്തോട്ട് വന്നു കയറണം അല്ലേ? നിനക്കൊക്കെ വേണ്ടി പണ്ട് ചാട്ടയടിയും ആണിയടിയും കുന്തം കൊണ്ടുള്ള കുത്തും ഏറ്റാതാ... അതിന്റെ കണക്ക് എഴുതിയാൽ മതി... നിനക്കൊക്കെ വേണ്ടി നീയൊക്കെ കാണിക്കുന്ന പോക്രിത്തരത്തിന് വെടിയുണ്ടയും കൂടി ഏറ്റോളാമന്ന് ഞാനാർക്കും വാക്കൊന്നും കൊടുത്തിട്ടില്ല....."

"കർത്താവ് എന്നോട് ചൂടായിട്ടെന്താ കാര്യം....ഞാനീ പരിപാടിക്കൊന്നും പോകില്ലന്ന് അറിയാമല്ലോ"

"നീയാകുമ്പോൾ തിരിച്ച് തെറിയൊന്നും വിളിക്കില്ലല്ലോ എന്ന് കരുതി ചൂടായന്നേ ഉള്ളൂ.. അതൊക്കെ വിട് , കൊച്ച് എന്തിയേടാ?"

"അവളു കൊച്ചുടിവിയോ യുട്യൂബ് കിഡ്സോ കാണുന്നുണ്ട്...ഞാനവളെ വിളിക്കണോ"

"വോ.. വേണ്ട.. ഇനി കൊച്ചു കൂടി നമ്മളെ ആക്കി ബർത്തഡേ എങ്ങനെയുണ്ടന്ന് ചോദിക്കാനല്ലേ...?"

"ഇല്ല കർത്താവേ.. അവളങ്ങനെയൊന്നും ചോദിക്കില്ല..."

"നിന്റെയല്ലേ മോള് .. അവളു ചോദിക്കും.."

"ഇല്ല കർത്താവേ..."

"എടാ മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലന്ന് അറിയാൻ ബോട്ടണിയിൽ പി‌എച്ച്‌ഡി ഒന്നും വേണ്ട..."

"ഈ കർത്താവിന്റെ ഒരു കാര്യം...."

"നീ കൊച്ചിന് കഴിക്കാനൊന്നും കൊടുത്തില്ലേടാ....?"

"ഇനി പോയി എം‌സിബി യിൽ നിന്ന് ടിവിയുടെ പവർ നൈസായിട്ട് ഓഫാക്കിയിട്ട് വേണം എന്തെങ്കിലും കൊടുക്കാൻ.."

"എന്നാൽ നീ പോയി കൊച്ചിനെന്തങ്കിലും കഴിക്കാൻ കൊടുക്ക്... ഞാൻ പിന്നെ വിളിക്കാം..."

"ശരി കർത്താവേ..... കർത്താവേ വെക്കല്ലേ, ഒരു കാര്യം മറന്നു..."

"എന്തുവാടാ..."

"ഒരു ദിവസം ലേറ്റായെങ്കിലും ഹാപ്പി ബർത്തഡേ.. ഹാപ്പി ക്രിസ്തുമസ്.."

"നീ എന്നെ ആക്കിയതാണോഡാ...."

"അല്ല കർത്താവേ... ആക്കിയതല്ല..."

"നന്ദി... നന്ദി...വിളിച്ചതിന് നന്ദി...."

"അപ്പോ ശരി കർത്താവേ... ഞാൻ വിളിക്കാം..."

"നീ വിളിച്ചില്ലങ്കിൽ ഞാൻ മേളീന്ന് വിളിക്കും...."

"നിങ്ങളു ചുമ്മാ കരിനാക്കൊന്നും വളയ്ക്കാതെ... നിങ്ങളു മേളീന്നോ മേളിലേക്കോ ഒന്നും വിളിക്കേണ്ട... ഞാൻ തന്നെ വിളിച്ചോളാം...."

"നിന്റെ ഈ വളിച്ച കോമഡി ഇതുവരെ നിർത്താറായില്ലേടാ...എന്നാ ശരി"

"ശരി കർത്താവേ..."

************** ***** **************